UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെരിയാർ തീരത്ത് ആശ്വാസം; ദുരിതബാധിത മേഖലകള്‍ ഹെലികോപ്റ്ററില്‍ സന്ദശിച്ച് മുഖ്യമന്ത്രി

ഇടുക്കിയിൽ ആകാശ നിരീക്ഷണം നടത്തുന്ന മുഖ്യമന്ത്രിയും സംഘവും കട്ടപ്പന ഗവ. കോളേജിൽ അവലോകന യോഗം ചേരും.

ഇടുക്കി-ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും തുറന്നതോടെ പെരിയാർ തീരത്ത് ഉയർന്ന ആശങ്കയ്ക്ക് ആശ്വാസം. പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാതിരുന്നതാണ് ആശ്വാസത്തിന് കാരണം. ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. 2401.1 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിലേക്ക് എത്തിച്ചേരുന്നതിനേക്കാൾ കൂടുതൽ ജലം ഇപ്പോൾ പുറത്തേക്ക് ഒഴുകുന്നുണ്ട്.സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് മന്ത്രി എം എം മണി അറിയിച്ചു.

അതേ സമയം തീരത്ത് കനത്ത സുരക്ഷ തുടരണമെന്ന് കളക്ടർ അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണ ഗതിയിലാണ്. ഇന്ന് കർക്കടക വാവ് ബലിതർപ്പണം നടക്കുന്ന ആലുവയിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവാണെങ്കിലും നൂറ് കണക്കിന് ആളുകളാണ് ബലിതർപ്പണത്തിനെത്തിയിരിക്കുന്നത്. പെരിയാർ കരകവിഞ്ഞ് ഒഴുകുന്നതിനാൽ മണപ്പുറത്തിന് സമീപത്തെ റോഡിലും എതിർവശത്തെ അദ്വൈതാശ്രമത്തിലുമായി ബലിതർപ്പണത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് അഞ്ചാമത്തെ ഷട്ടറും തുറന്നതിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ചെറുതോണി ബസ് സ്റ്റാൻഡ് ഒലിച്ചുപോയി. ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്ത സ്ഥലത്ത് 6 അടി താഴ്ചയിൽ ഗർത്തം രൂപപ്പെട്ടു. ചെറുതോണി പാലത്തിന് മുകളിലൂടെയാണ് ഇപ്പോൾ വെള്ളമൊഴുകുന്നത്. പാലവും അപകടാവസ്ഥയിലാണ്.

ചെറുതോണി കഴിഞ്ഞാൽ ഏറ്റവുമധികം നാശമുണ്ടായത് വെള്ളക്കയത്താണ്. വെള്ളക്കയം, തടിയപ്പാട് പ്രദേശത്തെ പാലങ്ങൾ ഒലിച്ചുപോയി. ഈ പ്രദേശങ്ങളിൽ പെരിയാർ ഇന്നലെ കലങ്ങിയാണ് ഒഴുകിയത്. പെരിയാറിലെ ഒഴുക്ക് ഇപ്പോഴും ശക്തമാണെങ്കിലും കലങ്ങൽ കുറഞ്ഞിട്ടുണ്ട്. ഈ പ്രദേശത്തെ 4 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇന്നലെ മാറ്റിയിരുന്നു. ഇതിൽ 2 കുടുംബങ്ങളിലുള്ളവർ ബന്ധു വീടുകളിലേക്ക് മാറി. 2 കുടുംബങ്ങളിൽ നിന്നുള്ള 17 പേരാണ് ഇപ്പോൾ ക്യാമ്പുകളിലുള്ളത്.

ഇതിനിടെ മുഖ്യമന്ത്രിയും സംഘവും ഇടുക്കി സന്ദർശിക്കാൻ ഹെലികോപ്റ്ററിൽ പുറപ്പെട്ടു. പിണറായി വിജയനൊപ്പം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസഫ്, അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരും ഇടുക്കിയിലേക്ക് തിരിച്ചിട്ടുണ്ട്.

ഇടുക്കിയിൽ ആകാശ നിരീക്ഷണം നടത്തുന്ന മുഖ്യമന്ത്രിയും സംഘവും കട്ടപ്പന ഗവ. കോളേജിൽ അവലോകന യോഗം ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ ഇടുക്കി സന്ദർശനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും സന്ദർശനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍