UPDATES

‘ഞങ്ങള്‍ എരന്നു കഴിക്കുന്നവരല്ല’; അട്ടപ്പാടിയിലെ കമ്യൂണിറ്റി അടുക്കളകള്‍ എന്ന ‘കഞ്ഞിവീഴ്ത്ത്’ കേന്ദ്രങ്ങള്‍

സാമൂഹ്യ അടുക്കള എന്നതില്‍ നിന്ന് വികസിച്ച് പോഷാകാഹാര പഠന കേന്ദ്രമായി വളരാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന പദ്ധതി അട്ടപ്പാടിക്ക് എന്താണ് നല്‍കിയത്? ഒരു അന്വേഷണം.

‘ഒര് പാത്രവുമെടുത്ത് ക്യൂ നില്‍ക്കാന്‍ നാങ്ക അഭയാര്‍ഥികളല്ലൈ. വലിയ അഭിമാനവും പെരുമയുമുള്ള കൂട്ടം താന്‍. നാങ്കള്‍ക്ക് കിച്ചന്‍ വേണം. ആനാ അത് സര്‍ക്കാര്‍ തരുന്ന പരിപ്പ്, ചോറ് കഴിക്കാനുള്ള കിച്ചന്‍ അല്ല. എങ്കള്‍ വീട്ട് കിച്ചന്‍. അവിടെ കുടുംബക്കാരെല്ലാം ഒന്നിച്ചിരുന്ന് കഴിക്കണം. അത് താന്‍ ഏങ്കള്‍ ആഗ്രഹം, സന്തോഷം. ഇപ്പോ ഈ അഭിമാനമെല്ലാം വഴിയേ കളഞ്ഞിട്ട് സര്‍ക്കാര്‍ തരുന്ന ചോറും പരിപ്പും സാമ്പാറും കഴിക്കാന്‍ പാത്രവമെടുത്ത് നില്‍ക്കണമെന്നാണോ? അത് വേണ്ട. നാങ്കള്‍ക്ക് അത് വേണ്ട.’  അട്ടപ്പാടി നല്ലശിങ്കം ഊരിലെ സെല്ലിനിയാണ് ഇത് പറയുന്നത്. പറഞ്ഞുവന്നത് സര്‍ക്കാര്‍ അഭിമാനത്തോടെ എടുത്തുപറയുന്ന, അട്ടപ്പാടിയെ പട്ടിണിരഹിതമാക്കാന്‍ നടത്തുന്ന സാമൂഹ്യഅടുക്കളെയെക്കുറിച്ചാണ്. എന്‍ആര്‍എല്‍എം വഴി നടപ്പാക്കുന്ന, സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ സാമൂഹ്യ അടുക്കള (കമ്മ്യൂണിറ്റി കിച്ചന്‍) പുതിയ തലങ്ങളിലേക്കും സ്ഥലങ്ങളിലേക്കും വ്യാപിക്കുവാന്‍ ഒരുങ്ങുകയാണ്. ഒരു വശത്ത് സാമൂഹ്യ അടുക്കളെയെക്കുറിച്ച് ആരോഗ്യവകുപ്പ് മന്ത്രിയും കുടുംബശ്രീ, എന്‍ആര്‍എല്‍എം പദ്ധതി പ്രവര്‍ത്തകരും വാചാലരാവുന്നു. മധുവിന്റെ മരണത്തെ തുടര്‍ന്ന് തെളിവെടുപ്പിനെത്തിയ പട്ടികവര്‍ഗ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അട്ടപ്പാടിക്ക് ഫലവത്തായ ഒന്നും നല്‍കാന്‍ ഇതുവരെ സാധിക്കാത്ത സാമൂഹ്യ അടുക്കള അടച്ചുപൂട്ടണമെന്ന് നിര്‍ദ്ദേശിക്കുന്നു. സാമൂഹ്യ അടുക്കള എന്നതില്‍ നിന്ന് വികസിച്ച് പോഷാകാഹാര പഠന കേന്ദ്രമായി വളരാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന പദ്ധതി അട്ടപ്പാടിക്ക് എന്താണ് നല്‍കിയത്? ഒരു അന്വേഷണം.

2013ലാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ സമൂഹത്തിന് മുന്നില്‍ ഒരു വിഷയമായി ഉയര്‍ന്നുവരുന്നത്. ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2013 ഏപ്രില്‍ 12നാണ്. പിന്നീടിങ്ങോട്ട് തുടര്‍ച്ചയായ മരണങ്ങള്‍. 45 കുട്ടികള്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ഥ കണക്ക് അതിലുമേറെ വരുമെന്ന് അന്ന് അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന പലരും പറഞ്ഞിരുന്നു. കുട്ടികളത്രയും മരിച്ചത് പോഷകാഹാരക്കുറവ് മൂലമാണെന്ന് തെളിഞ്ഞു. പോഷകാഹാരക്കുറവില്‍ തന്നെ ഏറ്റവും ഗൗരവത്തോടെ കണക്കിലെടുക്കേണ്ട പ്രോട്ടീന്‍ കുറവായിരുന്നു അട്ടപ്പാടിയിലെ അമ്മമാരിലും കുഞ്ഞുങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂട്ടത്തോടെയുള്ള ശിശുമരണങ്ങള്‍ ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായതോടെ അന്നത്തെ യുഡിഎഫ് സര്‍ക്കാരിന് അട്ടപ്പാടിക്കായി യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു പദ്ധതി നടപ്പാക്കേണ്ടതായി വന്നു. അങ്ങനെയാണ് കമ്മ്യൂണിറ്റി കിച്ചന്‍ അഥവാ സാമൂഹ്യ അടുക്കള എന്ന ആശയം അട്ടപ്പാടിയില്‍ പ്രയോഗത്തില്‍ വരുന്നത്. ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍, കൗമാരക്കാര്‍, അറുപത് വയസ്സിന് മുകളില്‍ പ്രായം ചെന്നവര്‍ എന്നിങ്ങനെ അതാത് ഊരുകളില്‍ നിന്നുള്ള ഗുണഭോക്താക്കളെ കണ്ടെത്തി അവര്‍ക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും നല്‍കുക എന്നതായിരുന്നു ആദ്യഘട്ടത്തില്‍ നടപ്പിലായ സാമൂഹ്യ അടുക്കള പദ്ധതി. അങ്കണവാടികള്‍ വഴി ഭക്ഷണമെത്തിച്ച് നല്‍കുകയായിരുന്നു തുടക്കത്തില്‍. പിന്നീട് 2014ല്‍ അത് കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ദാരിദ്ര്യ നിര്‍മ്മാര്‍ജന യജ്ഞ (എന്‍ആര്‍എല്‍എം)ത്തിന്‌റെ ഭാഗമായി പദ്ധതി നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിച്ചു. അട്ടപ്പാടിയില്‍ എന്‍ആര്‍എല്‍എം കോര്‍ഡിനേറ്ററായി സീമാ ഭാസ്‌ക്കറെ നിയമിക്കുകയും പദ്ധതി നടത്തിപ്പിനായി വിവിധ ഊരുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകരായ ആദിവാസി സ്ത്രീകളുടെ രണ്ടും മൂന്നും സംഘങ്ങള്‍ ഇതിനായി രൂപീകരക്കുകയും ചെയ്തു. ഒരു നേരം ഭക്ഷണം എന്നതില്‍ നിന്ന് രണ്ട് നേരം ഭക്ഷണം നല്‍കുന്നതിലേക്ക് പദ്ധതി മാറി.

പ്രവര്‍ത്തനരഹിതമായ അടുക്കളകള്‍

അട്ടപ്പാടിയില്‍ ആകെയുള്ളത് 196 ഊരുകള്‍. ഇതില്‍ 190 ഊരുകളിലും സാമൂഹ്യ അടുക്കള നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ നടപ്പാക്കിയത് 150 ഊരുകളില്‍ മാത്രം. എന്നാല്‍ ഈ ഊരുകളിലും സാമൂഹ്യ അടുക്കളകള്‍ വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെന്ന വിവരങ്ങളാണ് ഊര് നിവാസികള്‍ നല്‍കുന്നത്. ഊരുകളിലെ സ്ത്രീകളെ വിവിധ ഗ്രൂപ്പുകളാക്കിയാണ് സാമൂഹ്യ അടുക്കളയുടെ പ്രവര്‍ത്തനം നടത്തിയിരുന്നത്. സപ്ലൈകോയില്‍ നിന്നും പൊതുമാര്‍ക്കറ്റില്‍ നിന്നും അരിയും ധാന്യങ്ങളും പച്ചക്കറികളും വിറകും വാങ്ങുന്നതും ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഈ കുടുംബശ്രീ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ്. ഒരു ഊരില്‍ തന്നെ രണ്ടോ മൂന്നോ ഗ്രൂപ്പുകളുണ്ടാവും. ഒരു മാസം, രണ്ട് മാസം എന്ന കണക്കില്‍ ഓരോ ഗ്രൂപ്പുകളും മാറിമാറിയാണ് പ്രവര്‍ത്തനം. എന്നാല്‍ പദ്ധതി ഫണ്ട് ലഭിക്കാന്‍ മാസങ്ങളോളം വൈകുന്നത് പദ്ധതി നടത്തിപ്പിനെ ബാധിച്ചു. ഒരു മാസം പ്രവര്‍ത്തിച്ചാല്‍ പിന്നീടുള്ള രണ്ടും മൂന്നും മാസം വരെ മിക്ക ഊരുകളിലും അടുക്കളകള്‍ പൂട്ടിക്കിടക്കും. നക്കുപ്പതി ഊരിലെ ലക്ഷ്മി പറയുന്നത് ‘പണിചെയ്യുന്നവര്‍ക്ക് പൈസ കിട്ടാതായതോടെ ഭക്ഷണവും വെക്കാതായി. രണ്ട് മാസവും മൂന്ന് മാസവും കഴിഞ്ഞാണ് പൈസ കിട്ടുക. ചിലപ്പോള്‍ അത് നാലും അഞ്ചും മാസം വരെ നീളും. ആ സമയത്ത് ഇത് നടത്തിക്കൊണ്ട് പോവുന്നത് ബുദ്ധിമുട്ടാണ്.’ റോഡ് സൗകര്യമില്ലാത്ത, അട്ടപ്പാടിയിലെ വളരെ റിമോട്ട് ആയ സ്ഥലങ്ങളിലുള്ള ഊരുകളിലേക്ക് പദ്ധതി എത്തിക്കാനും കഴിഞ്ഞിരുന്നില്ല. എന്നാല്‍ മധുവിന്റെ മരണത്തോടെ ഇക്കാര്യത്തില്‍ ചില മാറ്റങ്ങള്‍ വന്നു എന്ന് അട്ടപ്പാടി നിവാസികള്‍ പറയുന്നു. കുടിശികയായ തുക അടിയന്തിരമായി നല്‍കുകയും കൂടുതല്‍ ഊരുകളിലേക്ക് പദ്ധതി വിപുലീകരിക്കുകയും ചെയ്തതായി നക്കുപതി ഊരിലെ രംഗനി പറയുന്നു.

അട്ടപ്പാടിയിലെ പട്ടിണിക്ക് ഉത്തരവാദികളുണ്ട്

അടുക്കളയില്‍ നല്‍കുന്നത് ചോറും പരിപ്പും

പോഷാകാഹാരക്കുറവ് പരിഹരിക്കാനായി ഊരുകളില്‍ ആരംഭിച്ച സാമൂഹ്യ അടുക്കള വഴി വിതരണം ചെയ്യുന്നത് ചോറും പരിപ്പും സാമ്പാറും റാഗിപ്പൊടിയും. പ്രോട്ടീന്‍ കുറവ് പരിഹരിക്കപ്പെടാത്ത, ഇപ്പോഴും എച്ചബി ലെവല്‍ അഞ്ചിനും ഒമ്പതിനും ഇടയിലുള്ള ഗര്‍ഭിണികളുള്ള അട്ടപ്പാടിയില്‍ ആ കുറവ് നികത്തുന്നതിനുള്ള ഭക്ഷണം സാമൂഹ്യ അടുക്കളകള്‍ വഴി വിതരണം ചെയ്തിട്ടില്ല എന്ന് തന്നെയാണ് അട്ടപ്പാടിയിലെ ആദിവാസികളും സാമൂഹ്യപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്. റേഷന്‍ ലഭിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന ആദിവാസികള്‍ക്ക് ചോറും പരിപ്പും സാമ്പാറും ലഭ്യമാവാത്ത വിഭവങ്ങളല്ല. മുട്ട, പാല്‍, മാംസം എന്നിവ അടുക്കളകളിലൂടെ വിതരണം ചെയ്തിട്ടേയില്ല എന്ന് കുടുംബശ്രീ പ്രവര്‍ത്തകരും പറയുന്നു. 2013ലേതില്‍ നിന്ന് ശിശുമരണ സംഖ്യ കുറഞ്ഞു എന്നതാണ് എന്‍ആര്‍എല്‍എം അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അത് സാമൂഹ്യ അടുക്കളവഴി വിതരണം ചെയ്യുന്ന ഭക്ഷണം കഴിച്ചിട്ടാവാന്‍ സാധ്യത വളരെ കുറവാണെന്നാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ വാദം.

ആദി ഡയറക്ടര്‍ ഫാ.ജയിംസ് പറയുന്നത്,  ‘സാമൂഹ്യ അടുക്കളകള്‍ വഴി പോഷകാഹാരം കിട്ടുന്നില്ല. ചോറും പരിപ്പും സാമ്പാറുമാണ് പലപ്പോഴും വിതരണം ചെയ്യുന്നത്. കൂട്ടത്തില്‍ റാഗി പൊടിയുമുണ്ടാവും. കമ്മ്യൂണിറ്റി കിച്ചന്‍ സംവിധാനമില്ലാതെ തന്നെ ആദിവാസികള്‍ക്ക് റേഷന്‍ ലഭിക്കുന്നുണ്ട്. പച്ചക്കറികളും ലഭ്യമാണ്. ഇതിന് പുറമെ പോഷകാഹാരായി എന്ത് നല്‍കാമെന്നാണ് കമ്മ്യൂണിറ്റി കിച്ചന്‍ നടപ്പിലാക്കുമ്പോള്‍ ആലോചിച്ചത്. എന്നാല്‍ അതൊന്നും ഇവിടെ നടക്കുന്നില്ല. ചോറും പരിപ്പും എന്നാണ് പോഷകാഹാരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതെന്ന് അറിയില്ല. മുട്ടയോ പാലോ മാംസാഹാരമോ ഒരുകാലത്തും കമ്മ്യൂണിറ്റി കിച്ചന്‍ വഴി ലഭ്യമായിട്ടില്ല. പോഷകാഹാരം എന്താണെന്ന് തന്നെ പദ്ധതി നടപ്പാക്കുമ്പോള്‍ ഡിഫൈന്‍ ചെയ്തിട്ടില്ല. പിന്നെ, ശിശുമരണം കുറഞ്ഞു എന്ന് അവകാശപ്പെടുന്ന എന്‍ആര്‍എല്‍എമ്മുകാര്‍ അത് ശാസ്ത്രീയമായി തെളിയിക്കേണ്ടിയിരിക്കുന്നു. പദ്ധതി നടപ്പാക്കാത്ത ഊരുകളിലേയും പദ്ധതി നടപ്പാക്കിയ ഊരുകളിലേയും ആരോഗ്യാവസ്ഥയും, മരണനിരക്കുമെല്ലാം വ്യക്തമായി കണക്കാക്കി വേണം ഇത്തരമൊരു അവകാശവാദം ഉന്നയിക്കാന്‍.’

സര്‍ക്കാരേ; നിങ്ങളുടെ സൗജന്യറേഷനല്ല, സ്വന്തം ഭൂമിയാണ് ആദിവാസിക്ക് വേണ്ടത്

ഈ വാദത്തെ ശക്തിപ്പെടുത്തുന്നതാണ് അടുത്തിടെ പട്ടികവര്‍ഗ കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. ശിശുമരണത്തിന്റെ പശ്ചാത്തലത്തില്‍ അട്ടപ്പാടിയില്‍ നടപ്പാക്കിയ സാമൂഹ്യഅടുക്കള പരാജയമാണെന്ന് വിളിച്ചോതുന്നതാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്. മധുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് തെളിവെടുപ്പിനായി എത്തിയ കമ്മീഷന് മുന്നില്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ സാമൂഹ്യ അടുക്കള സംബന്ധിച്ച് നിരവധി പരാതികള്‍ കൈമാറിയിരുന്നു. ഇതേതുടര്‍ന്ന് ഇക്കാര്യം വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പദ്ധതി ആദിവാസികള്‍ക്ക് പ്രയോജനം ചെയ്തില്ലെന്നും എന്‍ജിഒകള്‍ക്കാണ് ഇതുവഴി പ്രയോജനം ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബശ്രീ എന്ന പേരില്‍ എന്‍ജിഒ ആണ് പദ്ധതി നടപ്പാക്കുന്നത്. ആദിവാസികളുടെ പരമ്പരാഗത ഭക്ഷണക്രമത്തില്‍ നിന്ന് മാറ്റുന്ന പദ്ധതി ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. എസ്ടി പ്രമോട്ടര്‍മാരുടെ യോഗത്തില്‍ ഭൂരിഭാഗം പ്രമോട്ടര്‍മാരും പോഷകാഹാരം എന്നപേരില്‍ ദോശയും പൊറോട്ടയുമാണ് നല്‍കുന്നതെന്ന് പറഞ്ഞു. ഭക്ഷണം പോലും ഉണ്ടാക്കാത്തവരായി ആദിവാസികളെ മാറ്റുന്ന പദ്ധതി പല ഊരുകളിലും നടപ്പാക്കിയിട്ടില്ലെന്നും സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച നിരവധി പരാതികള്‍ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

‘ഞങ്ങളെ ധര്‍മ്മക്കാരാക്കരുത്’

‘ജയില്‍പ്പുളളികളെപ്പോലെയാണ്. കമ്മ്യൂണിറ്റി കിച്ചന്‍ വന്നതിന് ശേഷം ജയില്‍പ്പുള്ളികളെപ്പോലെ ഒരു പാത്രവും പിടിച്ച് വരിവരിയായി നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുന്ന അവസ്ഥയാണ്’ വട്ടവളക്കി ഊരിലെ മൂപ്പന്‍ ചൊറിയ പറയുന്നതാണിത്. മൂപ്പന്‍ അസംബ്ലി വൈസ് പ്രസിഡന്റ് കൂടിയായ ചൊറിയമൂപ്പന്‍ തുടരുന്നു, ‘ഇതല്ല ഞങ്ങളുടെ ഭക്ഷണംകഴി രീതി. ഇതല്ല ഞങ്ങളുടെ സംസ്‌കാരവും. വരുന്നവര്‍ക്ക് അങ്ങോട്ട് ആഹാരം വച്ചുകൊടുക്കുന്നവരാണ് ആദിവാസികള്‍. ആ ഞങ്ങള്‍ എരന്ന് കഴിക്കട്ടേയെന്നാണ് സര്‍ക്കാരും എന്‍ആര്‍എല്‍എമ്മുകാരും കരുതുന്നത്. ഞങ്ങള്‍ക്കിതല്ല ആവശ്യം. ഞങ്ങളുടെ കയ്യില്‍ ഭൂമിയുണ്ട്. അവിടെ ഒരു പമ്പ് സെറ്റോ അല്ലെങ്കില്‍ വെള്ളം കിട്ടാനുള്ള എന്തെങ്കിലും ഒരു വഴിയോ സര്‍ക്കാര്‍ ചെയ്ത് തന്നാല്‍ മതി. ഭൂമിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ അത് കൊടുക്കുകയും വേണം. അധ്വാനിച്ച് ജീവിക്കുന്നവരാണ് ആദിവാസികള്‍. അല്ലാതെ വല്ലവരും വച്ചുനീട്ടുന്ന ആഹാരം കഴിക്കുന്നവരല്ല. ഞങ്ങള്‍ക്ക് ഒരു മാര്‍ഗം തുറന്നു തന്നാല്‍ മതി. ബാക്കി ഞങ്ങള്‍ തന്നെ ചെയ്തുകൊള്ളും. കൃഷി ചെയ്യാനും ഭക്ഷണം പാകം ചെയ്യാനും ആദിവാസികളെ ആരും പഠിപ്പിക്കണ്ട. അതിനുള്ള വഴിയൊരുക്കിത്തരണമെന്നാവശ്യപ്പെട്ട് എത്രകാലമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും സര്‍ക്കാരിന്റെയും പുറകെ നടക്കാന്‍ തുടങ്ങീട്ട്. ഈ കമ്മ്യൂണിറ്റി കിച്ചന് വേണ്ടി ചെലവാക്കുന്നതിന്റെ ഒരു ശതമാനം പണം പോലും വേണ്ട ഞങ്ങള്‍ക്ക് ഒരു പമ്പ് സെറ്റ് വച്ച് തരാന്‍. ഞങ്ങളുടെ ഊരുകൂട്ടത്തെ സര്‍ക്കാരോ ഉദ്യോഗസ്ഥരോ മാനിക്കുന്നുകൂടിയില്ല. ഊരുകൂട്ടത്തിന്റെ തീരുമാനങ്ങള്‍ക്ക് ഒരു വിലയും തരുന്നില്ല. ഓരോ ആഴ്ചകളിലും നടക്കുന്ന കമ്മ്യൂണിറ്റി കിച്ചന്‍ അവലോകനത്തില്‍ ഊരുകളിലെ മൂപ്പന്‍മാരെ വിളിക്കാറുമില്ല. ഈ കമ്മ്യൂണിറ്റി കിച്ചന്‍ കൊണ്ട് ഞങ്ങള്‍ക്ക് ഒന്നും കിട്ടാനില്ല. അത് നിര്‍ത്തിയാല്‍ തന്നെ നന്നാവും.’

സര്‍ക്കാര്‍ ഞങ്ങളെ കൊന്നു തിന്നട്ടെ; അട്ടപ്പാടിയില്‍ നിന്നുള്ള നേര്‍സാക്ഷ്യങ്ങള്‍

ചൊറിയമൂപ്പന്റെ അഭിപ്രായത്തിന് സമാനമായ കാര്യങ്ങളാണ് അട്ടപ്പാടി ഊരുകളിലെ ആദിവാസികളില്‍ ഭൂരിഭാഗവും പങ്കുവച്ചത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സ്ത്രീകളൊഴികെ കമ്മ്യൂണിറ്റി കിച്ചനെക്കുറിച്ചുള്ള അഭിപ്രായമറിയാന്‍ ബന്ധപ്പെട്ടവരെല്ലാം അത്തരത്തിലൊരു പദ്ധതി തന്നെ ആദിവാസി ഊരുകള്‍ക്ക് ആവശ്യമില്ല എന്ന അഭിപ്രായമാണ് പങ്കുവച്ചത്. കാരറ ഊര് നിവാസി രാമു പറയുന്നത്, ‘ധര്‍മ്മം വാങ്ങാന്‍ ചെല്ലുന്ന പോലെയാണ് ആദിവാസികള്‍ കമ്മ്യൂണിറ്റി കിച്ചനില്‍ ഭക്ഷണം വാങ്ങാന്‍ നില്‍ക്കുന്നത്. ആദിവാസികളെ പിച്ചയെടുക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്തിനാണ്. സ്വന്തമായി കൃഷി ചെയ്ത് കൊയ്ത് വേവിച്ച് കഴിക്കുന്നതാണ് ആദിവാസികളുടെ രീതി. ഞങ്ങള്‍ക്ക് പാരമ്പര്യ കൃഷി ചെയ്യാനുള്ള സംവിധാനമുണ്ടാക്കാതെ സ്പൂണ്‍ ഫീഡിങ് സംവിധാനം നടപ്പാക്കി ചിന്താശേഷി പോലുമില്ലാത്ത സമൂഹമായി ആദിവാസികലെ ഇഞ്ചിഞ്ചായി കൊല്ലുന്നതാണ് ഈ പദ്ധതി. അത് ഒരു കാര്യം. മറ്റൊന്ന്, രാവിലെയും വൈകിട്ടും സൗജന്യ ഭക്ഷണം കിട്ടുമെന്നത് കൊണ്ട് ജോലിക്ക് പോലും പോവാതെ അലസന്‍മാരുടെ സമൂഹമായി ആദിവാസികളെ മാറ്റുന്നത് കൂടിയാണ് കമ്മ്യൂണിറ്റി കിച്ചന്‍.’

കേരളം കാണാതിരിക്കരുത്; അട്ടപ്പാടിയിലെ ആദിവാസിക്ക് പഠിക്കാനും പഠിപ്പിക്കാനും കഴിവില്ലെന്നാണ് ഈ സര്‍ക്കാര്‍ സ്കൂള്‍ തീരുമാനിച്ചത്

വേണ്ടത്ര പഠനമില്ലാതെ തുടങ്ങിയ പദ്ധതി

കൃഷി ചെയ്ത് ലഭിക്കുന്ന ധാന്യങ്ങളും പച്ചക്കറികളും, വനവിഭവങ്ങളായ കിഴങ്ങുകളും ഇലക്കറികളും കഴിച്ച് ജീവിക്കുന്നതായിരുന്നു അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിന്റെ പരമ്പരാഗത ഭക്ഷണരീതി. അട്ടപ്പാടിയിലെ ആദിവാസി ജനതയില്‍ ഭൂരിഭാഗം പേര്‍ക്കും സ്വന്തമായി ഏക്കറ് കണക്കിന് ഭൂമിയുണ്ട്. എന്നാല്‍ ആ ഭൂമിയില്‍ കൃഷി ചെയ്യാനാവുന്നില്ല എന്നതാണ് അടിസ്ഥാന പ്രശ്‌നം. അട്ടപ്പാടിയിലെ ആദിവാസികളില്‍ അരി കഴിക്കുന്നവര്‍ നന്നേ കുറവായിരുന്നു. ചാമ, റാഗി, തുമര, ചോളം, കമ്പം, ചാമ തുടങ്ങിയ ധാന്യങ്ങള്‍ കൃഷി ചെയ്ത്, അത് കഴിച്ച് ശീലിച്ചവരാണ് അവര്‍. പുഴയരികിലും, റോഡിനോട് ചേര്‍ന്നുള്ള ജലലഭ്യതയുള്ള പ്രദേശങ്ങളിലും നിരപ്പായ നിലങ്ങളിലുമെല്ലാം ഇപ്പോഴും കൃഷി കാണാം. എന്നാല്‍ അത്തരത്തില്‍ ജലലഭ്യതയുള്ള എല്ലാ പ്രദേശങ്ങളും ആദിവാസികളുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ട് പോയിരിക്കുന്നു. അവിടങ്ങളില്‍ ഇപ്പോള്‍ കൃഷി ചെയ്യുന്നത് കുടിയേറ്റക്കാരാണ്. ആദിവാസികള്‍ക്ക് ശേഷിക്കുന്ന ഭൂമിയുള്ളത് കുന്നിന്‍ മുകളിലും പാറക്കെട്ടിലുമെല്ലാമാണ്. ആ പ്രദേശങ്ങളിലൊന്നും തന്നെ കൃഷിക്കായി ഉപയോഗിക്കാന്‍ ഒരിറ്റു ജലം കിട്ടാനുമില്ല. എന്നാല്‍ ഇതേവരെ ഒരു പമ്പ് സെറ്റ് സ്ഥാപിക്കാനോ, കിണറ് കുത്തി നല്‍കാനോ സര്‍ക്കാരോ, വിവിധ വകുപ്പുകളോ തയ്യാറായിട്ടില്ല. അങ്ങനെ ഭൂമിയുടെ അവകാശികളായിരുന്ന, കര്‍ഷകരായിരുന്ന അട്ടപ്പാടിയിലെ ആദിവാസികള്‍ മറ്റുള്ളവരുടെ കൃഷിസ്ഥലങ്ങളിലെ തൊഴിലാളികള്‍ മാത്രമായി മാറി. മുത്തങ്ങ സമരത്തിന് ശേഷം ആദിവാസി പുനരുദ്ധാരണ മിഷന്‍ പ്രകാരം ആദിവാസികള്‍ക്ക് സര്‍ക്കാര്‍ അഞ്ചേക്കര്‍ ഭൂമി വീതം നല്‍കി. എന്നാല്‍ ഈ ഭൂമി നല്‍കിയത് പോലെ തന്നെ ഫാം സിസ്റ്റത്തിനായി സര്‍ക്കാര്‍ തിരിച്ചെടുത്തു. ഇത്തരത്തില്‍ ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയില്‍ സര്‍ക്കാര്‍ തുടങ്ങിയ ഫാമില്‍ പണിയെടുക്കുന്ന ആദിവാകള്‍ക്ക് കൂലിയും ഉടമയ്ക്ക് ലാഭവും എന്ന മാതൃകാപരമെന്ന് വാഴ്ത്തിയ പദ്ധതിയാണ് അട്ടപ്പാടിയിലും നടപ്പാക്കിയത്. എന്നാല്‍ സ്വന്തം ഭൂമിയില്‍ കൂലിക്കാരായി പണിയെടുക്കുകയല്ലാതെ ഒരു തവണപോലും ലാഭം ലഭിച്ചതായി ആദിവാസികള്‍ക്ക് അറിവില്ല. കൃഷി നഷ്ടമെന്ന് കണക്കില്‍ പറഞ്ഞുകൊണ്ട് ലാഭം നല്‍കാനിടയാകാത്ത വിധം ആദിവാസികളെ തൊഴിലാളികളായി മാത്രം മാറ്റുകയായിരുന്നു പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.

അട്ടപ്പാടിയില്‍ അവസാന ആദിവാസിയും മരിച്ചു വീഴുന്ന ഒരു കാലത്തിനായാണോ നമ്മള്‍ കാത്തിരിക്കുന്നത്?

പട്ടിണിയും, ഭൂമിയില്ലായ്മയുമല്ല യഥാര്‍ഥത്തില്‍ അട്ടപ്പാടിയിലെ പ്രശ്‌നമെന്ന് അവിടുത്തെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസ്സിലാകും. എന്നാല്‍ അവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ കോടികളുടെ പദ്ധതികള്‍ മാത്രം ആവിഷ്‌ക്കരിക്കാനാണ് കാലാകാലങ്ങളായി സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. എക്കാലത്തും ആശ്രിത സമൂഹങ്ങളായി ആദിവാസികളെ മാറ്റുന്ന പദ്ധതികള്‍ വിഭാവനം ചെയ്യുന്ന സര്‍ക്കാരുകളുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ചിന്തയില്‍ നിന്നുദിച്ച ഒട്ടുംതന്നെ പഠനം നടത്താതെ നടപ്പാക്കിയ പദ്ധതിയാണ് സാമൂഹ്യ അടുക്കളയും. സാമൂഹ്യ നിരീക്ഷകനും ആക്ടിവിസ്റ്റുമായ എസ്.അജയകുമാര്‍ പറയുന്നു, ‘വിശക്കുന്നു എന്ന് പറയുമ്പോള്‍ കഞ്ഞിവച്ചുകൊടുക്കുക എന്ന് പറയുന്ന സംഗതിയാണ് ഏറ്റവും വിഡ്ഢിത്തം. ഭൂമിയുള്ളവരാണ് അട്ടപ്പാടിയിലെ ആദിവാസികള്‍. അവര്‍ക്ക് കൃഷി ചെയ്യുന്നതിനും സ്വന്തം നിലക്ക് ജീവിക്കുന്നതിനുമുള്ള പദ്ധതികള്‍ ഒരുക്കുന്നതിന് പകരം ഒരു ജനതക്ക് വിശക്കുമ്പോള്‍ അവര്‍ക്ക് ധര്‍മ്മക്കഞ്ഞി കൊടുക്കലല്ല പോംവഴി. ഈ ‘കഞ്ഞിവീഴ്ത്ത്’ നടത്തിയതിന് ശേഷം എന്താണ് അട്ടപ്പാടിയിലെ ജനങ്ങളുടെ പോഷകാഹാര നില എന്ന് കഞ്ഞിവീഴ്ത്ത് കമ്പനി തന്നെ പരിശോധിക്കുന്നത് നന്നായിരിക്കും. പരിപ്പും ചോറും നല്‍കിയാല്‍ മാത്രം ലഭിക്കുന്നതാണോ അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ഏറ്റവും കുറവുള്ള പ്രോട്ടീന്‍. റാഗി നല്‍കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ എത്ര ദിവസം റാഗി കുറുക്കിക്കഴിക്കാന്‍ ആളുകള്‍ക്കാവും. 2013ല്‍ ഒരു വര്‍ഷത്തേക്ക് തുടങ്ങിയതാണ് ഈ പദ്ധതി. സാധാരണ ഗതിയില്‍ ലോകത്ത് യുദ്ധം, പ്രകൃതിദുരന്തം പോലുള്ള അടിയന്തിര സാഹചര്യങ്ങളുണ്ടാവുമ്പോള്‍ താല്‍ക്കാലികമായി ഒരുക്കുന്നതാണ് കമ്മ്യൂണിറ്റി കിച്ചന്‍. എന്നാല്‍ അട്ടപ്പാടിയില്‍ ഇന്‍സ്റ്റിറ്റ്യൂഷണലായി ആളുകളെ അപമാനിക്കാന്‍ ചെയ്ത പദ്ധതിയാണിത്. മറ്റൊന്ന്, ഇതിലെ ഫണ്ടിന്റെ കൈകാര്യം ചെയ്യലാണ്. കുടുംബശ്രീ യൂണിറ്റ് വഴി ആദിവാസി സ്ത്രീകളാണ് എല്ലാം ചെയ്യുന്നതെന്നാണ് എന്‍ആര്‍എല്‍എം പ്രോജക്ട് ഓഫീസര്‍മാര്‍ പറയുന്നത്. അത് വലിയ കുരുക്കാണെന്നാണ് തോന്നിയിട്ടുള്ളത്. ഫണ്ട് കൈകാര്യം ചെയ്യുന്നതും ചെലവാക്കുന്നതുമെല്ലാം ആദിവാസി സ്ത്രീകള്‍ തന്നെയാണെന്ന് പറഞ്ഞ് ഒഴിയുമ്പോള്‍ പിന്നീട് ഇക്കാര്യത്തില്‍ എന്തെങ്കിും ചോദ്യം വന്നാല്‍ എല്ലാ ആദിവാസികളുടെ തലയിലിട്ട് ഒഴിയാനുള്ള മാര്‍ഗം കൂടിയാണ് ഇവര്‍ തിരയുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.’

ഇതുവരെ കമ്മ്യൂണിറ്റി കിച്ചന്റെ ഭാഗമായി അട്ടപ്പാടിയില്‍ 28 കോടി രൂപ ചെലവാക്കിയെന്നാണ് കണക്ക്. ഇത്രയും വലിയ തുക ചെലവഴിച്ചപ്പോള്‍ ഇനിയും കോടികള്‍ ചെലവഴിക്കുമ്പോള്‍ അട്ടപ്പാടിക്ക് എന്ത് മാറ്റം വന്നു എന്നത് തന്നെയാണ് പ്രശ്‌നം. കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം കൊടുക്കുന്നുണ്ടോ ഇല്ലയോ എന്നത് ഒരു ചോദ്യം. ഭക്ഷണം കൊടുക്കുന്നില്ലെങ്കില്‍ അനുവദിക്കപ്പെടുന്ന ഫണ്ടിന് പ്രോജക്ട് നടത്തിപ്പുകാര്‍ തന്നെ മറുപടി നല്‍കേണ്ടതായി വരും. വലിയ കോടികളുടെ കണക്ക് നിരത്താതെ തന്നെ പരിഹരിക്കാവുന്ന നിരവധി വിഷയങ്ങളാണ് അട്ടപ്പാടി ജനതയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍. എന്നാല്‍ അതിന് ശ്രമിക്കാതെ ആദിവാസികളെ എക്കാലവും സര്‍ക്കാരിന്റെ ആശ്രിതരും അഭയാര്‍ഥികളുമായി തന്നെ നിലനിര്‍ത്തണമെന്ന ബോധപൂര്‍വമായ ശ്രമങ്ങളുടെ തെളിവാണ് അട്ടപ്പാടിയിലെ കമ്മ്യൂണിറ്റി കിച്ചന്‍ പോലെ കോടികള്‍ മുടക്കിയുള്ള പല പദ്ധതികളും.

അട്ടപ്പാടിയില്‍ സോഷ്യല്‍ ഓഡിറ്റിംഗ് വേണം: അമിക്കസ് ക്യൂറിയുടെ ഇടക്കാല റിപ്പോര്‍ട്ട്

എന്‍ആര്‍എല്‍എം അധികൃതര്‍ക്ക് പറയാനുള്ളത്

എന്‍ആര്‍എല്‍എം സോഷ്യല്‍ ഡവലപ്‌മെന്റ് കോര്‍ഡിനേറ്റര്‍ വി.സിന്ധു പ്രതികരിക്കുന്നു, ‘ആദിവാസികളുടെ ഭക്ഷണരീതിയില്‍ വന്ന മാറ്റമാണ് പോഷകാഹാരക്കുറവിന് പ്രധാനകാരണമാവുന്നത്. പരമ്പരാഗത ഭക്ഷണം ഇന്നവര്‍ക്ക് ലഭിക്കാറില്ല. എന്നാല്‍ 2013ലെ അവസ്ഥയേക്കാള്‍ പോഷകാഹാരം അവര്‍ക്ക് ലഭിക്കുന്നുണ്ട്. അതിന് കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതാത് ഊരുകളിലെ ആദിവാസി സ്ത്രീകളുടെ ഗ്രൂപ്പുകള്‍ക്കാണ് കമ്മ്യൂണിറ്റി കിച്ചന്‍ നടത്തിപ്പു ചുമതല. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് മുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതും പാചകം ചെയ്ത് ഭക്ഷണം നല്‍കുകയും ചെലവായ തുകയ്ക്കുള്ള ഫണ്ട് എഴുതി വാങ്ങുകയും ചെയ്യുന്നത് അവര്‍ തന്നെയാണ്. അത്തരത്തില്‍ സ്ത്രീകളെ ശാക്തീകരിക്കാനും, ഇത്തരം കാര്യങ്ങള്‍ സ്വന്തം നിലക്ക് നടത്തുന്നതിന് സ്ത്രീകളെ സന്നദ്ധരാക്കാനും ഈ പദ്ധതിക്ക് കഴിഞ്ഞു എന്നതാണ് വലിയ ഒരു കാര്യം. മറ്റ് ജോലികളില്ലാത്തവര്‍, രോഗബാധിതര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരക്കാര്‍, ആറ് വയസ്സിന് കീഴെയുള്ള കുട്ടികള്‍, പ്രായമായവര്‍ അങ്ങനെ വിവിധയാളുകളുടെ ലിസ്റ്റ് ആണ് അതാത് ഊരുകളിലെ സമിതി തീരുമാനിക്കുന്നത്. എല്ലാക്കാലവും ഇങ്ങനെതന്നെ പദ്ധതി കൊണ്ടുപോവാനല്ല ഉദ്ദേശിക്കുന്നത്. കുട്ടികളുടെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ മെച്ചപ്പെടല്‍ ഉണ്ടാവുന്നത് വരെയേ ഈ പദ്ധതി ഈ രൂപത്തില്‍ പോവുകയുള്ളൂ. പോഷകാഹാരങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. ധാന്യങ്ങളും അരിയും, റാഗിയും എല്ലാം അതില്‍പ്പെടും. പക്ഷെ ചെറുധാന്യങ്ങളില്‍പ്പെട്ട റാഗി കൊടുത്താലും കുട്ടികള്‍ കഴിക്കുന്നില്ല. റാഗി കഴിച്ചാല്‍ കറുത്തുപോവും തുടങ്ങിയ മിഥ്യാ ധാരണകള്‍ ഇവര്‍ക്കിടയിലുണ്ട്. സംസ്ഥാന സര്‍ക്കാരാണ് ഫണ്ട് അനുവദിക്കേണ്ടത്. ചിലപ്പോള്‍ പണ്ട് ലഭിക്കാന്‍ വൈകുന്നത് പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കാറുണ്ട്. എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ എന്‍ആര്‍എല്‍എമ്മില്‍ നിന്നുള്ള മറ്റ് ഫണ്ടുകള്‍ ഇതിനായി നല്‍കുകയും സര്‍ക്കാര്‍ ഫണ്ട് ലഭിക്കുമ്പോള്‍ അത് നികത്തുകയുമാണ് ചെയ്യാറുണ്ട്. കമ്മ്യൂണിറ്റി കിച്ചനെ പോഷകാഹാര പഠന കേന്ദ്രമായി ഉയര്‍ത്തുന്നതോടെ പദ്ധതി വിപുലപ്പെടുത്താനാവും. ചെറുധാന്യകൃഷിയും, പച്ചക്കറി കൃഷിയുമടക്കം ആദിവാസികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് കൂടി ഉതകുന്നതായിരിക്കും പദ്ധതി.’

അട്ടപ്പാടിയില്‍ കുഞ്ഞുങ്ങളുടെ നിലവിളികള്‍ ഒടുങ്ങിയിട്ടില്ല

അട്ടപ്പാടി: സ്വന്തം ഭൂമിയില്‍ നിന്നു തുടച്ചു നീക്കപ്പെടുന്നവര്‍ – അഴിമുഖം അന്വേഷണം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍