UPDATES

വാടക വീട് കിട്ടിയില്ലെന്ന വിവാദങ്ങള്‍ക്ക് വിട; നിപയെ അതിജീവിച്ച വിദ്യാര്‍ത്ഥിയുടെ വീട് വാസയോഗ്യമാക്കാനുള്ള പ്രവര്‍ത്തനം വടക്കേക്കര പഞ്ചായത്ത് ആരംഭിച്ചു

കുടുംബം ഒരാഴ്ച്ചയ്ക്കുള്ളില്‍ സ്വന്തം വീട്ടിലേക്ക് മടങ്ങും; കഴിഞ്ഞ പ്രളയത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു

നിപ രോഗബാധയില്‍ നിന്നും വിമുക്തനായ വിദ്യാര്‍ത്ഥിയും കുടുംബവും ഒരാഴ്ച്ചയ്ക്കുള്ളില്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തും. തുരുത്തിപ്പാറയിലുള്ള വീട് വാസയോഗ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടനടി തീര്‍ക്കുമെന്നും ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ ഇവിടെ താമസം ആരംഭിക്കാന്‍ സാധിക്കുമെന്നും വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ആംബ്രോസ് കെ എം അഴിമുഖത്തോട് പറഞ്ഞു. നിപ രോഗ ബാധിതനായി 53 ദിവസം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥി ഈ ചൊവ്വാഴ്ച്ചയാണ് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടത്. എന്നാല്‍ ഇവര്‍ താമസിച്ചിരുന്ന വീടും പരിസരവും ശോചനീയമായ അവസ്ഥയിലായിരുന്നതിനാല്‍ അങ്ങോട്ട് മടങ്ങേണ്ടെന്ന തീരുമാനത്താല്‍ ഒരു വാടക വീട് അന്വേഷിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ആരും വീട് നല്‍കാന്‍ തയ്യാറായില്ലെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പരാതി. ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ എത്തിയതോടെയാണ് വിദ്യാര്‍ത്ഥിയുടെ സ്വന്തം വീട് അറ്റകുറ്റപ്പണികള്‍ നടത്തി താമസയോഗ്യമാക്കാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉടനടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

നിപ രോഗത്തില്‍ നിന്നും മോചിതനായെങ്കിലും വിദ്യാര്‍ത്ഥിയേയും കുടുംബത്തേയും നാട്ടുകാര്‍ അകറ്റി നിര്‍ത്തുകയാണെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നാണ് വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. മനപൂര്‍വം ഇവര്‍ക്ക് വാടക വീട് നല്‍കാതിരുന്നതല്ല. വാടകയ്ക്ക് താമസിക്കാനായി ചില വീടുകള്‍ ഇവര്‍ തിരക്കിയിരുന്നു. എന്നാല്‍ ആ വീടുകള്‍ വില്‍ക്കാന്‍ ഇട്ടിരുന്നവയാണ്. അതുകൊണ്ട് വാടകയ്ക്ക് ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. അല്ലാതെ വിദ്യാര്‍ത്ഥിയോടും കുടുംബത്തോടും ആരും ഭ്രഷ്ട് കാണിച്ചതല്ല. അത്തരം വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും പ്രസിഡന്റ് ആംബ്രോസ് പറയുന്നു.

എന്തായാലും ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ അവരുടെ സ്വന്തം വീട് വാസയോഗ്യമാക്കും. അതിനുള്ള പണികള്‍ കഴിഞ്ഞ ദിവസം തന്നെ തുടങ്ങിയിരുന്നു. ജൂലൈ ആദ്യവാരം തന്നെ പഞ്ചായത്തംഗങ്ങളും തൊഴിലുറപ്പുകാരും ചേര്‍ന്ന് സന്നദ്ധപ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥിയുടെ വീടിന്റെ പരിസരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ആ സമയത്ത് വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നതിനാല്‍ വീട്ടുകാരാരും ഇവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വീടിനകത്ത് കയറി അറ്റകുറ്റപ്പണികളൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മഴ ശക്തമായതിനു പിന്നാലെ പരിസരങ്ങള്‍ വീണ്ടും കുറച്ച് മലിനപ്പെട്ടു. അവരുടെ വീടും മോശം അവസ്ഥയിലായിരുന്നു. പ്രളയത്തില്‍ നാശം വന്നതാണ്. പ്രളയ ദുരിതാാശ്വാസമായി ഒന്നേകാല്‍ ലക്ഷം രൂപ നല്‍കിയിരുന്നുവെങ്കിലും അതുപയോഗിച്ച് വീട് അറ്റകുറ്റപ്പണി നടത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ഡിസ്ചാര്‍ജ് ചെയ്തശേഷം അങ്ങോട്ട് പോകാന്‍ കഴിയാതെ വന്നത്. ചെറായിയില്‍ ബന്ധു വീട്ടിലാണ് അവരിപ്പോള്‍ താമസിക്കുന്നത്. വീട് കിട്ടുന്നില്ലെന്നൊക്കെയുള്ള വാര്‍ത്ത വന്നതോടെ പഞ്ചായത്ത് ഇക്കാര്യത്തില്‍ ഉടനടി ഇടപെടുകയാണ് ഉണ്ടായത്. ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സംഘടനയുമായി ഇക്കാര്യത്തില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ വീടിന്റെ അറ്റക്കുറ്റപ്പണികളൊക്കെ നടത്തി വാസയോഗ്യമാക്കി നല്‍കാമെന്ന് ഉറപ്പ് നല്‍കി. ഇന്നലെ മുതല്‍ പരിസരം വൃത്തിയാക്കിയും വീട് മെയിന്റനസിനുള്ള പ്രവര്‍ത്തികള്‍ തുടങ്ങുകയും ചെയ്തു. ചോര്‍ച്ചയൊക്കെ പരിഹരിച്ച്, പെയിന്റ് അടിക്കലൊക്കെ കഴിഞ്ഞു. ഒരാഴ്ച്ചയ്ക്കുള്ളില്‍ അവര്‍ക്ക് ഇവിടെ വന്നു താമസിക്കാം. മറ്റൊരു തരത്തിലുള്ള പ്രശ്‌നങ്ങളും ഇപ്പോള്‍ പഞ്ചായത്തില്‍ ഇല്ല. നിപ രോഗ സമയത്തും ഞങ്ങളെല്ലാവരും ഒരുമിച്ച് നില്‍ക്കുകയായിരുന്നു. പ്രളയത്തെ അതിജീവിച്ചതുപോലെ നമുക്ക് ഈ രോഗത്തേയും അതിജീവിക്കാന്‍ കഴിയുമെന്നാണ് ഞങ്ങളെല്ലാവരും പറഞ്ഞത്. അതുകൊണ്ട് ആ കുടുംബത്തെ ഒരുതരത്തിലും ഒറ്റപ്പെടുത്താനോ അകറ്റിനിര്‍ത്താനോ ആരും ശ്രമിക്കില്ല.

നിലവില്‍ ചെറായിയിലുള്ള ബന്ധുവീട്ടിലാണ് വിദ്യാര്‍ത്ഥിയും കുടുംബവും കഴിയുന്നത്. വാടകയ്ക്ക് വീട് ചോദിച്ചിട്ടും ആരും തരാതിരുന്നതുകൊണ്ടാണ് ബന്ധു വീട്ടിലേക്ക് പോകേണ്ടി വന്നതെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിപ ഭയം കൊണ്ടാണ് വീടുകള്‍ ഒഴിഞ്ഞു കിടന്നിട്ടുപോലും തങ്ങള്‍ക്ക് താമസിക്കാന്‍ തരാതിരുന്നതെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പരാതി. പ്രളയത്തിലാണ് തങ്ങളുടെ വീടിന് നാശനഷ്ടങ്ങള്‍ ഉണ്ടായതെന്നാണ് പറയുന്നത്. വാര്‍ക്ക വീടാണെങ്കിലും മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ട്. ഭിത്തികളും തകര്‍ന്ന അവസ്ഥയിലാണ്. രണ്ടുമാസത്തോളം ആശുപത്രിയില്‍ ആയിരുന്നതോടെ പരിസരം കാടുകയറി. ശുചിത്വമില്ലാത്ത പരിസരമായതുകൊണ്ടാണ് മകനുമായി സ്വന്തം വീട്ടിലേക്ക് പോകാതിരുന്നതെന്നും വിദ്യാര്‍ത്ഥിയുടെ അമ്മ പറഞ്ഞു. ഒരു മാസത്തെ വിശ്രമമാണ് വിദ്യാര്‍ത്ഥിക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ആരോഗ്യകരമായ ചുറ്റുപാടില്‍ തന്നെ വിദ്യാര്‍ത്ഥിയെ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുവേണ്ടിയാണ് ഒരു വാടക വീട് അന്വേഷിച്ചതെങ്കിലും ഭയം കാരണം പല ഒഴിവു കഴിവുകള്‍ പറഞ്ഞതയാണ് ഈ കുടുംബം പരാതിപ്പെട്ടത്.

ഈ വാര്‍ത്ത പുറത്തു വന്നതോടെ ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും വിഷയത്തില്‍ ഇടപെട്ടിരുന്നു. വിദ്യാര്‍ത്ഥിയുടെ വീട് ഒരാഴ്ച്ചയ്ക്കുള്ളില്‍ വാസയോഗ്യമാക്കുമെന്ന് ഉറപ്പും കൊടുത്തിരുന്നു. തുടര്‍ന്ന് ജില്ല കളക്ടര്‍ എസ് സുഹാസ് പറവൂര്‍ തഹസില്‍ദാരെ ബന്ധപ്പെടുകയും വടക്കേക്കര പഞ്ചായത്തുമായി സഹകരിച്ച് ഉടനടി നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

2019 മേയ് 29 നാണ് വിദ്യാര്‍ത്ഥിയെ പനി ബാധിച്ചതിനെ തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് നിപയാണെന്നു സ്ഥിരീകരിക്കുന്നത്. 53 ദിവസങ്ങള്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് അസുഖം പൂര്‍ണമായി ഭേദമായി 22 കാരനായ വിദ്യാര്‍ത്ഥി ആശുപത്രി വിടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ച ആസ്റ്റര്‍ മെഡിസിറ്റില്‍ വിദ്യാര്‍ത്ഥി ഡിസ്ചാര്‍ജ് ആകുന്നതുമായി ബന്ധപ്പെട്ട് ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഈ ചടങ്ങില്‍ വച്ചായിരുന്നു എറണാകുളം നിപ വിമുക്തമായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രഖ്യാപനം നടത്തിയതും.

കേരളം വീണ്ടും നിപയെ അതിജീവിച്ചത്തിന്റെ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് തങ്ങളെ ഒറ്റപ്പെടുത്തുന്നുവെന്ന വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പരാതിയും കേരളം കേട്ടത്. ഈ വാര്‍ത്തയ്ക്ക് ഇപ്പോള്‍ സന്തോഷകരമായൊരു പരിസമാപ്തി ഉണ്ടാക്കാനുള്ള തീവ്രശ്രമങ്ങളാണ് പഞ്ചായത്തിന്റെയും സന്നദ്ധസംഘടകളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ വടക്കേക്കരയയിലെ തുരുത്തിപ്പാറയില്‍ നടന്നുക്കൊണ്ടിരിക്കുന്നത്.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍