UPDATES

ഭീതി പരത്തുന്ന വടക്കന്‍ കേരളത്തിലെ ബോംബ് പാടങ്ങള്‍; അസ്നയും, പൂര്‍ണ്ണചന്ദ്രനും അവസാനിക്കുന്നില്ല

2019ല്‍ രണ്ടു മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍, മൂന്നു ബോംബുസ്‌ഫോടനങ്ങളിലായി രണ്ടു കുട്ടികളടക്കം എട്ടു പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്

ശ്രീഷ്മ

ശ്രീഷ്മ

വാണിമേല്‍ എം.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ ഫാത്തിമയ്ക്കും നാദിയയ്ക്കും ബോംബുകളുടെ രാഷ്ട്രീയത്തെക്കുറിച്ച് അറിവില്ല. സഹോദരിമാരായ ഇരുവരും കഴിഞ്ഞ ഫെബ്രുവരി ഇരുപതാം തീയതിക്കു മുന്‍പ് സ്റ്റീല്‍ ബോംബുകള്‍ കണ്ടിട്ടുണ്ടായിരിക്കാനും സാധ്യതയില്ല. മദ്രസയില്‍ നിന്നും സ്‌കൂളിലേക്ക് പതിവുപോലെ നടന്നുപോകും വഴിയാണ് കോഴിക്കോട് വളയം കുയ്‌തേരിയില്‍ വച്ച് ഇവര്‍ക്കു രണ്ടുപേര്‍ക്കും ബോംബു സ്‌ഫോടനത്തില്‍ പരിക്കേല്‍ക്കുന്നത്. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന സ്റ്റീല്‍ ബോംബുകള്‍ കാലു കൊണ്ടു തട്ടിമാറ്റിയപ്പോള്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. കാലിനും നെഞ്ചിനുമേറ്റ നിസ്സാര പരിക്കുകളോടെ ഫാത്തിമയും നാദിയയും രക്ഷപ്പെട്ടു. നാദാപുരത്തു നിന്നും ഇടയ്ക്കിടെ കേള്‍ക്കാറുള്ള ബോംബുസ്‌ഫോടന വാര്‍ത്തകളിലൊന്നായി രേഖപ്പെടുത്തപ്പെട്ട്, ഈ സംഭവവും ചര്‍ച്ചകളില്‍ നിന്നും എന്നോ ഒഴിഞ്ഞുകഴിഞ്ഞു.

റോഡരികിലും ചവറുകൂനയിലും കിടന്നു പൊട്ടിത്തെറിക്കുന്ന നാടന്‍ ബോംബുകളും സ്റ്റീല്‍ ബോംബുകളും കേരളത്തിന് വലിയ വാര്‍ത്തകളല്ലാതായി മാറിയിട്ട് വര്‍ഷങ്ങളായി. വഴിയോരങ്ങളിലും വീടിനടുത്തെ പറമ്പുകളിലും കളിക്കുന്ന കുട്ടികളും, ഒഴിഞ്ഞ പ്രദേശങ്ങളില്‍ വിറകും മറ്റും ശേഖരിക്കാനെത്തുന്നവരുമടക്കം ബോംബുകള്‍ പൊട്ടിത്തെറിച്ച് പരിക്കേല്‍ക്കുന്നതായി തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്ന കാലവുമുണ്ടായിരുന്നു. പൂര്‍ണചന്ദ്രനെയും ഡോ.അസ്‌നയെയുമൊന്നും ഇപ്പോഴും ആരും മറന്നിട്ടുമില്ല. എന്നിട്ടും, കേരളത്തില്‍ പലയിടങ്ങളിലായി വീണ്ടും ചെറു ബോംബുസ്‌ഫോടനങ്ങള്‍ ഉണ്ടാകുകതന്നെ ചെയ്യുന്നു. ബോംബു നിര്‍മിക്കുന്നവരും സൂക്ഷിക്കുന്നവരും അപകടത്തില്‍പ്പെടുന്നുണ്ടെങ്കിലും, പലപ്പോഴും അതിലകപ്പെടുന്നത് നിരപരാധികളാവുകയും ചെയ്യുന്നുണ്ട്. വെടിമരുന്നുകള്‍ നിറച്ചുള്ള നാടന്‍ ബോംബുകളും, സ്റ്റീല്‍ കണ്ടെയിനറിലും കുപ്പികളിലും രാസവസ്തുക്കള്‍ നിറച്ചുണ്ടാക്കുന്ന മറ്റു തരം ബോംബുകളും മുതല്‍, പുല്‍വാമ ഭീകരാക്രമണത്തിനുപയോഗിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് ഉപയോഗപ്പെടുത്തുന്ന ബോംബുകള്‍ വരെ വടക്കന്‍ കേരളത്തില്‍ നിന്നും മുന്‍പ് കണ്ടെടുത്തിട്ടുണ്ട് എന്നതാണ് വാസ്തവം.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുള്ള വൈരവും സംഘര്‍ഷങ്ങളും തുടര്‍ക്കഥയായ വടക്കന്‍ കേരളത്തിലെ പ്രദേശങ്ങളില്‍ നിന്നാണ് ഇത്തരം ബോംബുകള്‍ കണ്ടെടുത്തതായും പൊട്ടിത്തെറിച്ചതായുമുള്ള വാര്‍ത്തകള്‍ കൂടുതലായും പുറത്തുവരുന്നത്. കൊല്ലം, തിരുവനന്തപുരം പോലുള്ളയിടങ്ങളിലും ചെറുബോംബുസ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, കണ്ണൂരിലും കോഴിക്കോട്ട് നാദാപുരം മേഖലയിലും ഇതൊരു പതിവു സംഭവമായി മാറിയിരിക്കുകയാണ്. 2019ല്‍ രണ്ടു മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍, മൂന്നു ബോംബുസ്‌ഫോടനങ്ങളിലായി രണ്ടു കുട്ടികളടക്കം എട്ടു പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതിനു പുറമേ ഹര്‍ത്താലുകളും മറ്റു സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ബോംബേറുകളും പൊലീസ് അന്വേഷണത്തില്‍ ബോംബുകള്‍ കണ്ടെടുത്ത സംഭവങ്ങളും കൂടിയാകുമ്പോള്‍, വടക്കന്‍ കേരളത്തിലെ അറിയപ്പെടാത്ത ബോംബു നിര്‍മാണശാലകളെക്കുറിച്ച് നിലനില്‍ക്കുന്ന ആശങ്കള്‍ വീണ്ടും വര്‍ദ്ധിക്കുന്നു.

കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ റോഡുവക്കത്തു നിന്നും, കോഴിക്കോട്ടെ പേരാമ്പ്രയില്‍ വീടിനു പിന്‍വശത്തുനിന്നും കഴിഞ്ഞ മാസങ്ങളില്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു. പാനൂരില്‍ ഇടവഴിയ്ക്കരികില്‍ പൈപ്പിനകത്തു സൂക്ഷിച്ച നിലയിലാണ് നാടന്‍ ബോംബുകള്‍ കണ്ടെടുത്തതെങ്കില്‍, പേരാമ്പ്രയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു പുറകില്‍ നിന്നും കണ്ടെടുത്തു എന്നായിരുന്നു ആരോപണം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനിന്നിരുന്ന പേരാമ്പ്രയില്‍ ഇരുവിഭാഗത്തിനു നേരെയും ബോംബാക്രമണങ്ങള്‍ ആരോപിക്കപ്പെട്ടിരുന്നു. പന്തിരിക്കരയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടിനു നേരെയും ചങ്ങരോത്ത് സി.പി.എം പ്രവര്‍ത്തകരുടെ വീടിനു നേരെയും ബോംബേറുണ്ടായിരുന്നു. വടക്കന്‍ കേരളത്തിലെ പ്രാദേശിക രാഷ്ട്രീയത്തില്‍ ബോംബുകളുടെ പങ്കെന്താണെന്നതിനെക്കുറിച്ച് വാദപ്രതിവാദങ്ങളുടെ ആവശ്യം പോലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കണ്ണൂരില്‍ ഇരിട്ടിയിലെ നഗരമധ്യത്തിലുള്ള മുസ്ലിം ലീഗ് ഓഫീസ് കെട്ടിടത്തിലുണ്ടായ ബോംബുസ്‌ഫോടനവും, കോഴിക്കോട് വടകരയ്ക്കടുത്ത് ചോമ്പാലയില്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കിടന്ന ബോംബു പൊട്ടിത്തെറിച്ചതുമെല്ലാം ഈ പട്ടികയിലെ ചില കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രം.

എന്നാല്‍, അത്ര നിസ്സാരമായി കാണാന്‍ സാധിക്കാത്ത സ്‌ഫോടനങ്ങളാണ് 2019ല്‍ വടക്കന്‍ കേരളത്തില്‍ പലയിടത്തായി നടന്നിട്ടുള്ളത്. ജനുവരി ഒന്ന് പുലര്‍ന്നതു തന്നെ കോഴിക്കോട് കുറ്റ്യാടിയില്‍ നിന്നുള്ള ബോംബ് സ്‌ഫോടന വാര്‍ത്തയുമായായിരുന്നു. കുറ്റ്യാടി കാക്കുനിയിലെ വീടിനോടു ചേര്‍ന്നുള്ള പറമ്പില്‍ വച്ചുണ്ടായ സ്‌ഫോടനത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതെന്നാണ് പൊലീസ് ഭാഷ്യം. പൊലീസ് നല്‍കുന്ന വിശദീകരണം ശരിയാണെങ്കില്‍, പരസ്യമായ രഹസ്യമായി മാറിക്കഴിഞ്ഞിരിക്കുന്ന വടക്കന്‍ കേരളത്തിന്റെ ബോംബു രാഷ്ട്രീയത്തിന്റെ പുതിയ ദൃഷ്ടാന്തങ്ങളിലൊന്നാണ് കുറ്റ്യാടിയിലുണ്ടായത്. പൊലീസില്‍ വിവരമറിയിക്കാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതും, പൊലീസ് എത്തുന്നതിനു മുന്നേ സ്‌ഫോടനം നടന്ന സ്ഥലം വൃത്തിയാക്കിയതും സംശയമുണ്ടാക്കുന്ന പ്രവൃത്തികളാണെന്ന് പൊലീസ് നിരീക്ഷിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം കടന്നുകളയാന്‍ ശ്രമിച്ചിരുന്നെങ്കിലും, ഷംസീര്‍, മുനീര്‍, സാലിം എന്നീ ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ സാലിമിന് ഇരുകൈപ്പത്തികളും നഷ്ടമായിരുന്നു.

ബോംബു നിര്‍മാണത്തിനിടെ അപകടം സംഭവിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പിടിക്കപ്പെട്ടുവെന്ന വാര്‍ത്തകള്‍ കെട്ടടങ്ങും മുന്നേയാണ് വളയത്തും പൊട്ടിത്തെറിയുണ്ടായത്. മദ്രസയില്‍ നിന്നും മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍പ്പിച്ചുകൊണ്ട് പൊട്ടിത്തെറിച്ച സ്റ്റീല്‍ ബോംബുകളും മുസ്ലിം ലീഗ് പ്രവര്‍ത്തകരുടേതാണെന്നാണ് സി.പി.എം പ്രാദേശിക നേതൃത്വമടക്കമുള്ളവരുടെ ആരോപണം. ലീഗിന്റെ ശക്തികേന്ദ്രമായ കുയ്‌തേരിയിലാണ് ബോംബുകള്‍ വഴിയരികില്‍ കിടന്നതെന്നും, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ് ഇതിനു പിന്നിലെന്നും മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ പറയുന്നു. ബോംബുകള്‍ നിര്‍മിച്ചതിനു ശേഷം മറ്റിടങ്ങളിലേക്കു മാറ്റുന്നതിനിടെ റോഡരികില്‍ വച്ചുപോയതാണെന്നും, സ്റ്റീല്‍ ബോംബാണെന്ന് തിരിച്ചറിയാതെ കുട്ടികള്‍ കാലുകൊണ്ട് തട്ടിയപ്പോള്‍ പൊട്ടുകയായിരുന്നെന്നുമാണ് ആരോപണം. പ്രദേശത്തെ ഒഴിഞ്ഞ പറമ്പുകള്‍ കേന്ദ്രീകരിച്ച് ബോംബുനിര്‍മാണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും ആക്ഷേപമുണ്ട്. ബോംബു സ്‌ഫോടനത്തിന്റെ കഥകള്‍ പുറത്തുവന്നതോടെ ഏറെ ഭീതിയിലായിരുന്നു ഇവിടത്തുകാര്‍.

ഇക്കൂട്ടത്തിലെ മൂന്നാമത്തെ സംഭവമുണ്ടാകുന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. ഇത്തവണ അപകടത്തില്‍പ്പെട്ടത് പഴയ വസ്തുക്കളും പച്ചമരുന്നുകളുമെല്ലാം ശേഖരിച്ച് ഉപജീവനം കഴിക്കുന്ന യുവാക്കളും. തലശ്ശേരിയില്‍ ജൂബിലി റോഡിലുള്ള ബി.ജെ.പി മണ്ഡലം കമ്മറ്റി ഓഫീസിനോടു ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ അരയാല്‍ മൊട്ട് ശേഖരിക്കുന്നതിനിടെയാണ് പ്രവീണ്‍, റഫീഖ്, സക്കീര്‍ എന്നിവര്‍ക്ക് പൈപ്പു ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റത്. പ്രവീണിന്റേയും സക്കീറിന്റേയും പരിക്കുകള്‍ സാരമുള്ളതാണ്. ബോംബുകള്‍ പറമ്പില്‍ ഒളിപ്പിച്ചതാകാമെന്ന് സംശയിക്കുന്ന പൊലീസ്, കേസില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബോംബുകളുടെ ഉത്തരവാദിത്തം ബി.ജെ.പിയും സി.പി.എമ്മും പരസ്പരം ആരോപിക്കുന്നുമുണ്ട്. തലശ്ശേരിയിലെ സംഭവം കൂടിയായതോടെ, വീണ്ടും തുടര്‍ച്ചയായ ചെറുകിട പൊട്ടിത്തെറികളുടെ കാലത്തിലൂടെയാണ് വടക്കന്‍ കേരളം കടന്നു പോകുന്നത്. തെരഞ്ഞെടുപ്പിനോടടുക്കുമ്പോഴെല്ലാം ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയായി മാറുന്ന രീതിയുണ്ടെങ്കിലും, കണ്ണൂര്‍-കോഴിക്കോട് ഭാഗങ്ങളില്‍ ഇത്തരം സ്‌ഫോടനങ്ങള്‍ എല്ലാ കാലത്തും സജീവമായിത്തന്നെ ഉണ്ടാകാറുണ്ടെന്നതാണ് വാസ്തവം.

2019ല്‍ ചൂണ്ടിക്കാണിക്കാനുള്ള ഈ മൂന്നു സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, വടക്കന്‍ കേരളത്തിലെ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയില്‍ ബോംബുണ്ടാക്കലും വിതരണം ചെയ്യലും എത്രമാത്രം നടക്കുന്നുണ്ടെന്നും ചിന്തിക്കേണ്ടതുണ്ട്. കുക്കര്‍ ബോംബും ഐസ്‌ക്രീം ബോംബും പോലെ പലതരത്തിലുള്ള സ്‌ഫോടകവസ്തുക്കളുപയോഗിച്ച് പോയവര്‍ഷങ്ങളിലും അപകടങ്ങള്‍ ധാരാളമുണ്ടാകുകയും ആളപായം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. പലപ്പോഴും പ്രതിസ്ഥാനം ചാര്‍ത്തിക്കൊടുക്കപ്പെടുന്നത് സി.പി.എമ്മിനാണെങ്കിലും, ബോംബുകള്‍ ഉണ്ടാക്കുന്നതിലും ഉപയോഗിക്കുന്നതിലും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും പങ്കാളികളാണെന്നതാണ് സത്യം. അടുത്തിടെയുണ്ടായ പല കേസുകളിലും പ്രതിയാക്കപ്പെട്ടത് മുസ്ലിം ലീഗ് പ്രവര്‍ത്തകരായിരുന്നുതാനും.

ക്വാറികളിലുപയോഗിക്കുന്ന തരത്തിലുള്ള വെടിമരുന്നുകള്‍ ഉപയോഗപ്പെടുത്തിയുള്ള നാടന്‍ ബോംബുകളായിരുന്നു ഒരുകാലത്ത് പ്രധാനമായും ഇത്തരം ചെറു ബോംബുകളുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നതെങ്കില്‍, പതിയെ സ്റ്റീല്‍ ബോംബുകള്‍ ഇപ്പോള്‍ കളം നിറഞ്ഞിട്ടുണ്ട്. വരിഞ്ഞുകെട്ടിയുണ്ടാക്കുന്ന നാടന്‍ ബോംബുകള്‍ ഇത്തരത്തില്‍ പൊട്ടിത്തെറിക്കുന്നവയുടെ കൂട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും, കൂടുതലായും കാണുന്നത് സ്റ്റീല്‍ ബോംബുകളും പൈപ്പ് ബോംബുകളും തന്നെ. കണ്ണൂര്‍-കോഴിക്കോട് മേഖലയിലെ അസംഖ്യം ക്വാറികളുടെ ഉടമസ്ഥതയിലും നടത്തിപ്പിലും വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ക്ക് കൈയുണ്ടെന്നതും യാദൃശ്ചികമല്ല. ക്വാറി ലൈസന്‍സുപയോഗിച്ചെത്തിക്കുന്ന, പാറപൊട്ടിക്കാനുള്ള സ്‌ഫോടകവസ്തുക്കള്‍ വ്യാപകമായാണ് ഇത്തരം ബോംബുകളില്‍ ഉപയോഗപ്പെടുത്തുന്നത്.

ഗുരുതര പരിക്കുകളോ ആളപായമോ ഇല്ലാത്ത സ്‌ഫോടനങ്ങളാണെങ്കില്‍ക്കൂടി, ഇവയെ ഗൗരവമായിത്തന്നെ കാണേണ്ടതിന്റെ ആവശ്യവുമിതു തന്നെ. കൊലപാതക രാഷ്ട്രീയവും രാഷ്ട്രീയത്തിലെ അധോലോകവും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നതിനിടയില്‍, മറ്റൊരു തട്ടില്‍ ബോംബുരാഷ്ട്രീയത്തെയും സമാനമായി നേരിടേണ്ടതുണ്ട്. തെരുവില്‍ പാത്രങ്ങള്‍ പെറുക്കി നടക്കുമ്പോള്‍ ബോംബു പൊട്ടിത്തെറിച്ച് കൈപ്പത്തി നഷ്ടപ്പെട്ട പൂര്‍ണചന്ദ്രനും, വീട്ടുമുറ്റത്തുവന്നുവീണ ബോംബിന്റെ ശക്തിയില്‍ കാല്‍പാദം നഷ്ടമായ ഡോ.അസ്‌നയും കാണിച്ചു തന്ന പാഠങ്ങള്‍ നമുക്കുമുന്നിലുള്ളപ്പോള്‍ പ്രത്യേകിച്ചും.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍