UPDATES

‘ഇനിയെന്തിനാണ് ബിജെപി? ബ്രാഹ്മണ്യത്തെ സംരക്ഷിക്കാന്‍ സിപിഎം ഉണ്ടല്ലോ, ഒപ്പം പോലീസും’; വടയമ്പാടിയുടെ ബാക്കി

സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ ഇങ്ങനെ തെരുവില്‍ സ്ത്രീകളെ അപമാനിക്കുന്നതെന്തേ കാണാത്തത്? വടയമ്പാടി ദളിത് ഭൂ സമര നേതാവ് വി സി ജെന്നി ചോദിക്കുന്നു

“സത്യത്തില്‍ എനിക്കിപ്പോ സംസാരിക്കാന്‍ പോലും വയ്യ. അത്രക്ക് ശാരീരികമായി ആക്രമിക്കപ്പെട്ടു. ശരീരമാസകലം വേദനയാണ്. നേരെ നില്‍ക്കാന്‍ പോലുമാവുന്നില്ല. വലിച്ചിഴച്ചാണ് എന്നെ പോലീസുകാര്‍ കൊണ്ടുപോയത്. ഉടുപ്പെല്ലാം കീറി. ആശുപത്രിയില്‍ അഡ്മിറ്റ് ആവണം. മുപ്പത് വര്‍ഷമായി സാമൂഹികപ്രവര്‍ത്തനം നടത്തുകയും സമരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തയാളാണ് ഞാന്‍. പക്ഷെ ഇത്തരത്തിലൊരു അനുഭവം ആദ്യമായിട്ടാണ്. പോലീസുകാര്‍ അത്ര മോശമായിട്ടാണ് പെരുമാറിയത്. പ്രത്യേകിച്ചും സിഐ സാജന്‍ സേവ്യറില്‍ നിന്ന് വളരെ മോശം പെരുമാറ്റമായിരുന്നു. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ ഇങ്ങനെ തെരുവില്‍ സ്ത്രീകളെ അപമാനിക്കുന്നതെന്തേ കാണാത്തത്?” പറയുന്നത് വി.സി ജെന്നി. പോലീസ് ബലംപ്രയാഗിച്ച് അറസ്റ്റ് ചെയ്ത വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമര സമിതി നേതാക്കളില്‍ ഒരാള്‍. കണ്‍വന്‍ഷന്‍ നടത്താനായി ചൂണ്ടിയിലെത്തിയ പ്രവര്‍ത്തകരോടും ഇക്കാലമത്രയും സമരക്കാരോടും ഭരണകൂടവും പോലീസും കാണിച്ച അതിക്രമങ്ങളാണ് ജെന്നിക്ക് പറയാനുള്ളത്.

ജാതിയും ജന്മിത്തവുമൊക്കെ അവസാനിപ്പിച്ചു എന്നും ഭൂരഹിതരായ ആളുകളെ ഭൂമിയുടെ അവകാശികളാക്കിയെന്നും ദളിതുകള്‍ക്ക് നേരെയുള്ള സാമൂഹിക മര്‍ദ്ദനവുമൊക്കെ അവസാനിപ്പിച്ചെന്ന് ഇവിടുത്തെ എല്ലാ ഭരണവര്‍ഗ പാര്‍ട്ടികളും ഭരണ വര്‍ഗ സംവിധാനങ്ങളുമൊക്കെത്തന്നെ കൊട്ടിഘോഷിക്കുമ്പോഴും ഇവിടെ ദളിതുകള്‍ എന്നും സാമൂഹികപരമായ, ജാതിപരമായ വിവേചനങ്ങള്‍ അനുഭവിക്കുന്നു എന്നുള്ളതാണ് വടയമ്പാടിയിലെ സമരം സമൂഹത്തെ കാണിച്ചുതരുന്നത്. അവിടെയുള്ള ദളിതരെ സംബന്ധിച്ച് ആ റവന്യൂ ഭൂമിയില്‍ നിന്ന് അഞ്ചോ പത്തോ സെന്റ് ഭൂമിയല്ല അവര്‍ ചോദിക്കുന്നത്. മറിച്ച് നൂറ്റാണ്ടുകളായി ആചരിച്ച് പോന്ന പലതും തുടരാനുള്ള, വിശ്വാസികളായവര്‍ക്ക് അമ്പലത്തില്‍ കയറാനുള്ള, വഴിനടക്കാനുള്ള സ്വാതന്ത്ര്യം ആണ് ചോദിച്ചത്. ഇതുവരെ മൈതാനം പൊതുവായിട്ടാണ് അവര്‍ അനുഭവിച്ചിരുന്നത്. പൊതുകിണറ്റില്‍ നിന്ന് വെള്ളം കോരാനുള്ള അവകാശം അവര്‍ക്ക് വേണം, ഇതെല്ലാമാണ് അവര്‍ ഉന്നയിക്കുന്നത്. അതിനെയാണ് ഭരണകൂടം തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്.

ഒരു വര്‍ഷത്തോളമായി സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. സമരം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് കഴിഞ്ഞ ഏപ്രില്‍ 14ന് ജാതിമതില്‍ തകര്‍ത്തത്. വടയമ്പാടി മൈതാനം പൊതുമൈതാനമാക്കി മാറ്റണമെന്നും, റവന്യൂ പുറമ്പോക്ക് ഭൂമിക്ക് നല്‍കിയ പട്ടയം റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നത്. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം അംഗീകരിച്ചെന്ന് കളക്ടര്‍ വന്ന് പറഞ്ഞപ്പോഴാണ് പ്രത്യക്ഷ സമരം അവസാനിപ്പിച്ചത്. സര്‍ക്കാരിന്റെ താത്ക്കാലിക ഉറപ്പോടെയാണ് അത് ചെയ്തത്. അമ്പലത്തില്‍ ഉത്സവം വന്നപ്പോള്‍, സമരപ്പന്തലില്‍ നിരാഹാരം തുടര്‍ന്നുകൊണ്ടിരുന്ന സമരക്കാരെ ബലമായി അറസ്റ്റ് ചെയ്യുകയും പന്തല്‍ പൊളിക്കുകയും ചെയ്തത്. പോലീസ് തന്നെയാണ് സമരപ്പന്തല്‍ നിന്ന സ്ഥലത്ത് ഇടിവണ്ടിയിട്ടുകൊണ്ട് അമ്പലത്തിന് കമാനവും കവാടവും സ്ഥാപിക്കാന്‍ കൂട്ടുനിന്നത്. അതിനുള്ള കല്ല് വരെ പോലീസ് എടുത്തുകൊടുത്തിരുന്നു. അപ്പോള്‍ സവര്‍ണ ഫാസിസ്റ്റ് ശക്തികളുടെ എല്ലാ താത്പര്യത്തിനും ഭരണകൂടം കൂട്ടുനിന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

വടയമ്പാടിയില്‍ ആര്‍എസ്എസ്, പോലീസ് വിളയാട്ടം

ആ പന്തല്‍ പൊളിച്ചുമാറ്റിയപ്പോള്‍ ഞങ്ങള്‍ കെപിഎംഎസ് ഓഫീസിനോട് ചേര്‍ന്ന് പന്തല്‍ നിര്‍മ്മിച്ച് സമരം തുടര്‍ന്നു. പോലീസുകാരാണ് കെപിഎംഎസ് ഭാരവാഹികളെ വീട്ടില്‍ ചെന്നുകണ്ട് സമരപ്പന്തല്‍ പൊളിച്ചുമാറ്റണമെന്ന് പരാതിയെഴുതി വാങ്ങിച്ചത്. സമരപ്പന്തല്‍ പൊളിക്കുമെന്ന് പുത്തന്‍കുരിശ് സിഐ സാജന്‍ സേവ്യര്‍ അവിടെ വന്ന് ഞങ്ങളോട് പറയുകയായിരുന്നു. കെപിഎംഎസുകാര്‍ പന്തല്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് വന്നപ്പോഴാണ്, പന്തല്‍ പൊളിച്ചാല്‍ നിന്റെയൊന്നും കാല്‍മുട്ടുണ്ടാവില്ല എന്ന സമരസമിതി നേതാവ് ജോയ് പറയുന്നത്. അത് പറഞ്ഞത് സത്യം തന്നെയാണ്. പക്ഷെ അത് ഒരു വര്‍ഷമായി സമരം തുടരുന്ന ഒരാളുടെ വൈകാരികതയില്‍ നിന്നുള്ള വാക്കുകളായിരുന്നു. അപ്പോള്‍ തന്നെ സിഐ അങ്ങോട്ട് കടന്നുവന്നു. അവര്‍ നേരത്തെ പ്ലാന്‍ ചെയ്ത് തന്നെയുള്ള വരവായിരുന്നു. സിഐ സാജന്‍ അവിടെയുണ്ടായിരുന്ന എന്നെയടക്കം എല്ലാ സ്ത്രീകളേയും അപമാനിക്കുന്ന തരത്തില്‍ വളരെ മോശം പരാമര്‍ശങ്ങളായിരുന്നു നടത്തിയത്. ബ്രാഹ്മണ്യ ബോധത്തിലുള്ള ഇടപെടലായിരുന്നു പോലീസിന്റേത്. പിറ്റേന്ന് പന്തല്‍ കെപിഎംഎസുകാരെക്കൊണ്ട് പോലീസ് പൊളിപ്പിച്ചു. അപ്പോഴാണ് സമരക്കാര്‍ അവിടെ തെരുവില്‍ നില്‍പ്പുസമരം തുടങ്ങിയത്. തെരുവില്‍ നിന്ന് പ്ലക്കാര്‍ഡ് പിടിച്ച് സമരം ചെയ്ത അവര്‍ക്ക് പ്ലക്കാര്‍ഡിനായി ഒരു കുറ്റിപോലുമിടാന്‍ പോലീസുകാര്‍ സമ്മതിച്ചില്ല. ജാതിക്കെതിരായ സമരത്തെ എത്രമാത്രം പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു എന്നതാണ് വടയമ്പാടിയില്‍ കണ്ടത്.

വടയമ്പാടി; മറ്റ് പാർട്ടിക്കാർക്കെല്ലാം സമരം നടത്താൻ അനുമതിയുള്ളപ്പോൾ ദളിതർക്ക് കൺവൻഷൻ പോലും നടത്തിക്കൂടെന്നാണോ?

സിപിഎം എന്ന പാര്‍ട്ടി ഒരു വര്‍ഷമായ സമരത്തിന് വേണ്ടി ഒന്നും ചെയ്തിരുന്നില്ല. വടയമ്പാടി സംവരണ വാര്‍ഡാണ്. എന്നിട്ടുപോലും സര്‍ക്കാരോ പാര്‍ട്ടിയോ എന്താണ് വിഷയമെന്ന് പോലും ചോദിച്ചില്ല. മതില്‍ ഇത്തിരി പൊങ്ങിപ്പോയി, ദേവിയെ കാണാന്‍ ദളിതര്‍ക്ക് കഴിയില്ല എന്നൊരു പരാതി മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. അവിടെയുണ്ടായിരുന്നത് ജാതിമതിലാണെന്നും ജാതിയെന്ന് സംഭവം അവിടെയുണ്ടെന്നതും കാണാന്‍ അവര്‍ക്കായിരുന്നില്ല. അതിനിടെയാണ് കഴിഞ്ഞ 29-ാം തീയതി ഭജനമഠം മൈതാനം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുക എന്ന് പറഞ്ഞ് സിപിഎം മാര്‍ച്ച് നടത്തുന്നത്. ഭജനമഠം മൈതാനം എന്ന് പറഞ്ഞാല്‍ അത് എന്‍എസ്എസിന്റെയാണല്ലോ. വടയമ്പാടി കോളനി മൈതാനം എന്ന് അപ്പോഴും അവര്‍ പറഞ്ഞില്ല. പട്ടയത്തിന്റെ പ്രശ്‌നമവിടെ നില്‍ക്കട്ടെ, ഇവിടെ അങ്ങനെ ജാതിമതിലോ ജാതിയോ നിലനില്‍ക്കുന്നില്ല, ഒരു മതില്‍ കെട്ടിയെന്നത് ശരിയാണ് എന്നുള്ള നിലയ്ക്കാണ് സിപിഎം നേതാവ് പി. രാജീവ് വിഷയത്തെ അവതരിപ്പിച്ചത്. അത്തരത്തില്‍ ബ്രാഹ്മണ്യത്തെ സംരക്ഷിക്കാന്‍ തന്നെയാണ് സിപിഎമ്മും അവിടെ വന്നത്. അതുകൊണ്ട് തന്നെ ഇവിടെ ഇനി ബിജെപിയുടെ ആവശ്യമില്ല എന്ന് പറഞ്ഞാല്‍ അത് ശരിയാണ്. അത്രമാത്രം സിപിഎം ബ്രാഹ്മണ്യത്തെ സംരക്ഷിച്ചുകൊണ്ട് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുന്നുണ്ട്.

വടയമ്പാടി; ഈ മൈതാനം മാക്കോത പാപ്പുവിന്റെയും ചോതി വെളിച്ചപ്പാടിന്റെയും

ഇന്നലെയുണ്ടായത് അതിലും വലിയ പ്രശ്‌നങ്ങളുള്ള കാര്യങ്ങളാണ്. അതിന് തലേദിവസമാണ് സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. ഇതുവരെയുണ്ടായ അനുഭവങ്ങള്‍ വച്ച് സമരക്കാര്‍ക്ക് നീതി ലഭ്യമാക്കുന്ന കാര്യങ്ങളല്ല ഉണ്ടായിരുന്നത്. ഒരാഴ്ച മുമ്പ് ഇത്‌പോലെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. അന്ന് സമരപ്പന്തല്‍ പൊളിച്ച് നീക്കുന്ന കാര്യമാണ് പറഞ്ഞത്. അപ്പോള്‍ അത്തരത്തിലൊരു ചര്‍ച്ചയിലേക്ക് പോവേണ്ടെന്ന് ബോധപൂര്‍വം തീരുമാനമെടുത്തതാണ്. പട്ടയം റദ്ദാക്കുന്ന കാര്യം കോടതിയുടെ പരിഗണനയിലാണെന്നാണ് കളക്ടര്‍ അന്നും പറഞ്ഞത്. കോടതിയില്‍ നിന്ന് മതില്‍ കെട്ടാനുള്ള അനുവാദം വാങ്ങിച്ചിട്ടുണ്ട്. അതവര്‍ കെട്ടുകയും ചെയ്യും. എന്നിട്ട് വിഷയത്തില്‍ നിന്ന് മാറിക്കൊണ്ട് ക്ഷേത്രത്തിന്റെ കമാനം പൊളിച്ചുനീക്കുമെന്നാണ് പറഞ്ഞത്. കമാനം സമരക്കാരെ സംബന്ധിച്ച് വലിയ പ്രശ്‌നമേയല്ല. എന്‍എസ്എസിന് നല്‍കിയ പട്ടയം റദ്ദാക്കുക എന്നത് തന്നെയാണ് ആവശ്യം. ആ സ്ഥലം അടിയന്തിരമായി അളക്കുക, മൈതാനം പൂര്‍വസ്ഥിതിയിലേക്കാക്കുക എന്നീ ആവശ്യങ്ങളാണ് ഞങ്ങള്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ അതിന് തയ്യാറാവാതെ വന്നതുകൊണ്ടാണ് ആത്മാഭിമാന കണ്‍വന്‍ഷന്‍ അവിടെ നടത്താന്‍ തീരുമാനിച്ചത്. ഒരു കണ്‍വന്‍ഷന്‍ മാത്രമായിരുന്നു ഉദ്ദേശിച്ചിരുന്നത്. അല്ലാതെ സമരപ്രഖ്യാപനമോ പ്രക്ഷോഭമോ അല്ല.

വടയമ്പാടി: ആത്മാഭിമാന കണ്‍വന്‍ഷനായാലും ആഹ്ളാദമായാലും അനുവദിക്കില്ലെന്ന് പോലീസ്; നടത്തുമെന്ന് സമരക്കാര്‍

ഈ കണ്‍വന്‍ഷനെയാണ് ബോധപൂര്‍വം അടിച്ചമര്‍ത്തിയത്. സംഘപരിവാറുകാര്‍ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തുകൊടുത്തിട്ട് ദളിതരായ ഞങ്ങളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പലരേയും കഠിനമായി ദേഹോപദ്രവം ഏല്‍പ്പിച്ചു. വലിച്ചിഴച്ചിട്ടും പിടിച്ചുവലിച്ചിട്ടും ഇട്ട ഉടുപ്പ് വരെ കീറിപ്പോയിട്ട് കീറിയ ഉടുപ്പുമിട്ടാണ് ദിവസം മുഴുവന്‍ നിന്നത്. എന്നെ മാത്രമല്ല പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ അടക്കം ശാരീരികോപദ്രവം ഏല്‍പ്പിച്ചു. സിഐ വളരെ മോശമായാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ എല്ലാ സ്ത്രീകളോടും പെരുമാറിയത്. പൊതുമധ്യത്തില്‍ സ്ത്രീകളെ അപമാനിക്കുകയായിരുന്നു. ഭരണകൂടം ദലിതുകള്‍ക്ക് വിരുദ്ധമായിത്തന്നെയാണ് നിലകൊള്ളുന്നതെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തേയും അതിന് മുമ്പുമുള്ള അനുഭവങ്ങള്‍.’

ഇടത് സർക്കാരും ഹിന്ദുത്വ ഫാസിസ്റ്റുകളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പറയാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുന്നു: ജിഗ്നേഷ് മേവാനി

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍