UPDATES

ട്രെന്‍ഡിങ്ങ്

മൂക്കുന്ന സിപിഎം – സിപിഐ കലഹം; പ്ലാസ്റ്ററൊട്ടിച്ചാല്‍ തീരുന്നതാണോ പ്രശ്നങ്ങള്‍?

വകുപ്പിൽ കയറിയുള്ള അനാവശ്യ കളി തന്നെയാണ് പ്രശ്നം; അത് അങ്ങനെ അങ്ങ് വിട്ടു കൊടുക്കാൻ സിപിഐ തയ്യാറല്ല താനും.

കെ എ ആന്റണി

കെ എ ആന്റണി

കേരളത്തിൽ സിപിഎമ്മും സിപിഐയും തമ്മിൽ എന്തൊക്കെയോ പ്രശ്ങ്ങൾ ഉണ്ടെന്നല്ല, ഉണ്ടെന്നു തന്നെയാണ് ഇന്നലെ സമാപിച്ച ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും സംസ്ഥാന തല യോഗങ്ങളുടെ പരിസമാപ്തി സംബന്ധിയായി പുറത്തേക്കു വന്ന വാർത്തകൾ നൽകുന്ന സൂചനകള്‍. ഈ സൂചനകളെ ഏതാണ്ട് ശരിവെക്കുന്നതു തന്നെയായി ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ വാർത്താ സമ്മേളനത്തിൽ നേരിട്ടും ചോദ്യങ്ങൾക്കു മറുപടിയായും പറഞ്ഞ പല കാര്യങ്ങളും. സിപിഎമ്മും സിപിഐയും തമ്മിൽ യാതൊരു വിധ പ്രശ്നങ്ങളും ഇല്ലെന്നു പറയുമ്പോഴും ചില രാഷ്ട്രീയ നിലപാടുകളിൽ ഇരു പാർട്ടികളും വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നത് മൊത്തത്തിൽ ഗുണകരമാവില്ലെന്നും അദ്ദേഹം നൽകുന്ന മുന്നറിയിപ്പ് മൊത്തത്തിൽ ഇരു കൂട്ടരും തമ്മിൽ എത്രമേൽ അകന്നു കഴിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചന തന്നെയാണ്.

ചില്ലറ സീറ്റുതർക്കങ്ങളിൽ നിന്നും വളർന്നു വലുതായി കൊണ്ടിരിക്കുന്ന അസ്വാരസ്യം പിണറായി ഭരണത്തിന് കീഴിൽ കുറച്ചു കൂടി ശക്തി പ്രാപിക്കുന്നു എന്ന ഒരു നിഗമനത്തിലേക്ക് എത്തിച്ചേരാൻ പുതിയ കാല മാധ്യമ പ്രവർത്തകർക്ക് വളരെ എളുപ്പം തന്നെ കഴിയും. അവരെ തുണക്കാൻ ലോ അക്കാദമി, മാവോയിസ്റ്റ്, മഹിജ, മൂന്നാർ വിഷയങ്ങളിൽ ഇരു പാർട്ടികളും എടുത്ത വ്യത്യസ്ത നിലപാടുകൾ തന്നെ ധാരാളം.

എന്നാൽ കാര്യങ്ങളെ അത്ര ലാഘവ ബുദ്ധിയോടെ സമീപിക്കുന്നത് തികഞ്ഞ വിഡ്ഢിത്തം ആയിരിക്കും എന്ന് തോന്നുന്നു. അങ്ങനെയെങ്കിൽ അതൊരു പക്ഷേ ചരിത്രത്തോട് തന്നെ ചെയുന്ന വലിയൊരു നെറികേട് കൂടിയായിരിക്കും.

തുടക്കം ഡാങ്കെ കാലഘട്ടത്തിൽ നിന്ന് തന്നെയാവട്ടെ. പഴയ സോവിയറ്റ് യൂണിയനും നെഹ്രുവിന് അവരോടുള്ള അതിരുകവിഞ്ഞ സ്നേഹവും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ എത്ര കണ്ടു ക്ഷയിപ്പിച്ചു എന്നതിന് ചരിത്ര രേഖകകൾ തന്നെ സാക്ഷ്യം വഹിക്കും. സോവിയറ്റ് ചേരി വിട്ട് ചൈനയെ പിന്തുണച്ചവരെ തള്ളിപ്പറയുകയും അവരെ വേട്ടയാടാൻ സഹായകമായ നിലപാടുകൾ എടുത്തവരുടെ ചരിത്രമൊന്നും അത്ര എളുപ്പത്തിൽ മറക്കുന്നവർ ആകാൻ ഇടയില്ല പഴയ തലമുറ എന്ന വിഷയം തന്നെയാണ് സിപിഎം കൊത്തും കോളും വെച്ച് ഇപ്പോഴും ആവർത്തിക്കുന്നത്. തങ്ങൾ ജയിലിൽ കിടക്കുമ്പോൾ നെഹ്രുവിനും ഇന്ദിരക്കും കീജെയ് വിളിച്ചു സോവിയറ്റ് യൂണിയനിൽ സുഖവാസവും ഉപരിപഠനവും ഇടയ്ക്കിടെ യാത്രകളും സംഘടിപ്പ്‌ സുഖിച്ചവരെ അത്ര എളുപ്പത്തിൽ ഉൾക്കൊള്ളാൻ ആവില്ലെന്ന നിലപാട് സിപിഎമ്മിനുള്ളിൽ ഇപ്പോഴും ശക്തമാണ്. നക്സൽ വര്‍ഗ്ഗീസിന്റെ വധവും രാജന്റെയും വർക്കല വിജയന്റേയുമൊക്കെ ഇനിയും കണ്ടെത്താനാവാത്ത മൃതശരീങ്ങളുടെയും പാതി ഉത്തരവാദിത്വവും അവർ സിപിഐക്കുമേൽ ചാർത്തുന്നുണ്ട് താനും.

ഇതിന്റെ ഒക്കെ വെളിച്ചത്തിൽ കൂടിയാണ് സിപിഐയുടെ പുതിയ ആശാന്റെ (കേരള സിപിഐ പണ്ടു മുതൽ ആശാന്മാരുടെ പാർട്ടിയാണ്. തുടക്കം സുരേന്ദ്രനാഥിൽ നിന്ന്. അദ്ദേഹം പാർട്ടിയോട് ഇടഞ്ഞു മാറി നിന്നപ്പോൾ ആശാൻ പട്ടം വെളിയത്തിനു പതിച്ചു കിട്ടി. ചന്ദ്രപ്പൻ സഖാവ് ആശാൻ വിളിയോട് അത്ര കമ്പം കാട്ടിയില്ല. കാനത്തെ ചിലരൊക്കെ ആശാൻ എന്ന് വിളിക്കുന്നുണ്ടാത്രെ) പല നീക്കങ്ങളെയും തങ്ങൾ വിമർശിക്കുന്നത് എന്നാണ് സിപിഎം പക്ഷം.

ഇത് കഥയുടെ ഒരു ഭാഗം മാത്രം. ഇതിന്റെ രണ്ടാം ഭാഗം ഒരു പക്ഷെ ചുരുങ്ങിയ പക്ഷം മൂന്നാർ വിഷയത്തിലെങ്കിലും പ്രതിക്കൂട്ടിൽ നിര്‍ത്താന്‍ പോന്നതാണ്. മൂന്നാറിലെ മുഴുവൻ കയ്യേറ്റങ്ങൾക്കും പിന്നിൽ സിപിഎം, സിപിഐ എന്നുവേണ്ട കോൺഗ്രസിന്റെയും പ്രാദേശിക നേതാക്കൾക്ക് കൈയുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്തു നടന്ന മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കൽ ദൗത്യം അവസാനിപ്പിച്ചത് സിപിഐ ആണെന്ന് ഈ അടുത്ത കാലത്തും അന്ന് ദൗത്യ സേന തലവനായിരുന്ന കെ സുരേഷ് കുമാർ ആവർത്തിച്ച കാര്യമാണ്. ഇതേ ഗുസ്‌തി തന്നെ സിപിഎം നേതാക്കളായ എംഎം മണിയും കെകെ ജയചന്ദ്രനും കോൺഗ്രസ് നേതാവ് മണിയുമൊക്കെ നടത്തിയ കാര്യങ്ങളും മൂന്നാറുകാർക്കെന്നപോലെ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്ന കേരളത്തിലെ മുഴുവൻ മനുഷ്യർക്കും അറിയുന്ന കാര്യവുമാണ്. ഇന്നിപ്പോൾ മൂന്നാർ പ്രശ്നത്തിൽ ഒളിഞ്ഞു നിന്ന് കൊടി പിടിക്കുന്ന പന്ന്യൻ രവീന്ദ്രന്റെ ‘കോട്ടിട്ട ആളും അതിനു മുകളിൽ ഉള്ള ആളും’ പ്രയോഗവും എല്ലാവരും കേട്ടതാണ്.

പ്രശ്നം വളരെ ലളിതമായിരുന്നു എന്നാണ് വെയ്പ്പ്. സുരേഷ്‌കുമാറിന്റെ ജെസിബി ഉരുണ്ടുരുണ്ടു സിപിഐ ഓഫീസിന്‍റെ കടക്കൽ വരെ എത്തി. സത്യത്തിൽ അത് മാത്രമായിരുന്നോ പ്രശ്നമെന്ന് മുതിർന്ന സിപിഐ നേതാവും പഴയ ഡെപ്യൂട്ടി സ്പീക്കറും സർവോപരി ഇടുക്കിക്കാരനുമായ സഖാവ് സിഎ കുര്യനോട്‌ ചോദിക്കുന്നതാവും നന്ന്.

ഇനി മൂന്നാമത് ഒരു കാര്യം. എന്തുകൊണ്ട് സിപിഐ മുഖ്യമന്ത്രി പിണറായി വിജയനെ ലക്‌ഷ്യം വെക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട്. ഈ ചോദ്യം മാധ്യമ സൃഷ്ടിയല്ല. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും താഴെക്കിടയിൽ പ്രവർത്തിക്കുന്നവർ പോലും പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമാണ്. ചിലർ ഇതിനെ സിപിഐ പഴയ കോൺഗ്രസ് ബാന്ധവം പുതുക്കാൻ ആലോചിക്കുന്നു എന്നുവരെ വ്യാഖ്യാനിക്കുന്നുമുണ്ട്. സത്യത്തിൽ പ്രശ്നം ഇതൊന്നുമല്ല; വകുപ്പിൽ കയറിയുള്ള അനാവശ്യ കളി തന്നെയാണ്. അത് അങ്ങനെ അങ്ങ് വിട്ടു കൊടുക്കാൻ സിപിഐ തയ്യാറല്ല താനും.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍