ഇടതുപക്ഷത്തോടൊപ്പം നില്‍ക്കേണ്ടുന്ന ഇടതു പാര്‍ട്ടികളെ കൂടെനിര്‍ത്തുന്നതില്‍ എല്ലാക്കാലത്തും സി.പി.എം. വിമുഖത കാണിച്ചിട്ടേയുള്ളൂ
കേരള കോണ്‍ഗ്രസ് ബി, ലോക്താന്ത്രിക് ജനതാദള്‍, ഐ.എന്‍.എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നിങ്ങനെ നാലു പാര്‍ട്ടികളെക്കൂടി കൂടെക്കൂട്ടിയിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. മുന്നണി വികസനത്തിലെ സൂത്രവാക്യങ്ങള്‍ ചര്‍ച്ചയാകുമ്പോഴും, എല്‍.ഡി.എഫിനൊപ്പമില്ലാത്ത ഇടതുപക്ഷ പാര്‍ട്ടികള്‍ കേരളത്തിലെ ഇടതു രാഷ്ട്രീയത്തില്‍ അതൃപ്തരാണ്. ഫോര്‍വേഡ് ബ്ലോക്കും ആര്‍.എസ്.പിയും സി.എം.പിയുമടക്കം മൂന്ന് ഇടതുപക്ഷ പാര്‍ട്ടികളാണ് യു.ഡി.എഫ് ക്യാമ്പിലുള്ളത്. ദേശീയ തലത്തില്‍ ഇടതുപക്ഷ ഐക്യത്തിനു വേണ്ടി വാദിക്കുകയും സി.പി.എമ്മിനൊപ്പം നില്‍ക്കുകയും ചെയ്തിട്ടുള്ള ഫോര്‍വേഡ് ബ്ലോക്ക് വര്‍ഷങ്ങളോളം ഇടതുപക്ഷ മുന്നണി പ്രവേശനത്തിനായി താല്‍പര്യപ്പെട്ടിരുന്നെങ്കിലും, അനുകൂല തീരുമാനമുണ്ടാകാതിരുന്നതിനാല്‍ യു.ഡി.എഫിനൊപ്പം ചേരുകയായിരുന്നു. പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിന്റെ ശക്തരായ ഘടകകക്ഷി കൂടിയായ ഫോര്‍വേഡ് ബ്ലോക്കിന്റെ ദേശീയ സെക്രട്ടറിയായ ജി. ദേവരാജന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും സംസാരിക്കുന്നു:
അഖിലേന്ത്യാ സി.പി.എമ്മല്ല കേരളത്തിലെ സി.പി.എം
കേരളത്തിലെ സി.പി.എമ്മിനെ അഖിലേന്ത്യാ സി.പി.എമ്മില്‍ നിന്നും വേറിട്ട് കാണാനാണ് ഞങ്ങളാഗ്രഹിക്കുന്നത്. നേരത്തേ കേരളാ സി.പി.എമ്മിനെക്കൂടി നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള അഖിലേന്ത്യാ നേതൃത്വമുണ്ടായിരുന്നു. ഇന്നിപ്പോള്‍ തിരിച്ചാണ് സംഭവിക്കുന്നത്. കേരളത്തിലെ സി.പി.എമ്മാണ് അഖിലേന്ത്യാ സി.പി.എമ്മിനെപ്പോലും നിയന്ത്രിക്കുന്നത്. പല അര്‍ത്ഥത്തിലും നമുക്കത് ബോധ്യപ്പെട്ടിട്ടുള്ള കാര്യവുമാണ്. കേരളാ സി.പി.എമ്മിന് അവരുടേതായ വേറെ പാര്‍മെന്ററി താല്‍പര്യങ്ങളാണുള്ളത്. അവര്‍ ഇടതുപക്ഷ രാഷ്ട്രീയസ്വഭാവത്തില്‍ നിന്നും വളരെയധികം അകന്നിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇടതു പാര്‍ട്ടികളൊക്കെ അവരുമായി ചേര്‍ന്നിട്ടുള്ള മുന്നണി സംവിധാനങ്ങളില്‍ നിന്നും പതുക്കെപ്പതുക്കെ പുറത്തു പോകുകയുമാണ്.
കേരളത്തില്‍ നിലവിലെ പ്രബലമായ രണ്ടു മുന്നണികളും പരിശോധിച്ചാല്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലുള്ളതിനേക്കാള്‍ അധികം ഇടതുപാര്‍ട്ടികളുള്ളത് യു.ഡി.എഫിനൊപ്പമാണ്. യു.ഡി.എഫില്‍ ഫോര്‍വേഡ് ബ്ലോക്കിനൊപ്പം ആര്‍.എസ്.പിയും സി.എം.പിയുമുണ്ട്. അങ്ങനെ മൂന്ന് ഇടതുപക്ഷപാര്‍ട്ടികളാണ് ഐക്യ ജനാധിപത്യ മുന്നണിയിലുള്ളത്. അതേസമയം എല്‍.ഡി.എഫിനകത്ത് രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണുള്ളത്. അവയ്‌ക്കൊപ്പം ജനാധിപത്യ കേരള കോണ്‍ഗ്രസ്, ബാലകൃഷ്ണപിള്ള കോണ്‍ഗ്രസ്, സ്‌കറിയാ തോമസിന്റെ കേരളാ കോണ്‍ഗ്രസ് എന്നിങ്ങനെ മൂന്നു കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികള്‍, ദേവഗൗഡയുടെ ജനതാദള്‍, വീരേന്ദ്രകുമാറിന്റെ ജനതാദള്‍ എന്നിങ്ങനെ രണ്ടു ജനതാദള്‍ വിഭാഗങ്ങള്‍, ഒരു മുസ്ലിം ലീഗ്, കടന്നപ്പള്ളി രാമചന്ദ്രന്റെ കോണ്‍ഗ്രസ്, എന്‍.സി.പി എന്നിങ്ങനെ രണ്ട് കോണ്‍ഗ്രസ് പാര്‍ട്ടികള്‍ എന്നിവയാണ് എല്‍.ഡി.എഫിലുള്ളത് എന്നോര്‍ക്കണം.
ഇടതുപക്ഷത്തോടൊപ്പം നില്‍ക്കേണ്ടുന്ന ഇടതുപാര്‍ട്ടികളെ കൂടെനിര്‍ത്തുന്നതില്‍ എല്ലാക്കാലത്തും സി.പി.എം. വിമുഖത കാണിച്ചിട്ടേയുള്ളൂ. ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാര്‍ജ്ജിച്ചിട്ടുള്ള, ജനങ്ങള്‍ അംഗീകരിച്ചിട്ടുള്ള എം.പിയാണ് എന്‍.കെ പ്രേമചന്ദ്രന്‍. അദ്ദേഹത്തെപ്പോലും യു.ഡി.എഫിന്റെ ഭാഗമാകാന്‍ നിര്‍ബന്ധിതനാക്കിയത് സി.പി.എമ്മിന്റെ കടുംപിടിത്തവും ധാര്‍ഷ്ഠ്യവും തന്നെയാണ്. സ്വാഭാവികമായും കൂടെ നില്‍ക്കേണ്ടവരെ കുത്തി അപ്പുറത്താക്കുക എന്നൊരു ദൗത്യമാണ് അവര്‍ ഏറ്റെടുത്തിട്ടുള്ളത് എന്ന് പറയേണ്ടിവരും.
ഇടതുപക്ഷ മുന്നണി എന്നു പറയാന്‍ എല്‍.ഡി.എഫിന് അര്‍ഹതയില്ല
അതേസമയം, ജാതി-മത പരിഗണനകള്‍ വച്ചുകൊണ്ട് മുന്നണിയിലേക്ക് ഘടകകക്ഷികളെ തെരഞ്ഞെടുക്കുന്ന അവസ്ഥയിലേക്ക് എല്‍.ഡി.എഫ് തരംതാഴുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസിനെ എടുത്തിട്ടുള്ളത് മധ്യ തിരുവിതാംകൂറിലെ ക്രൈസ്തവ സഭകള്‍ക്കും വിശ്വാസികള്‍ക്കുമിടയില്‍ എന്തെങ്കിലും തരത്തിലുള്ള സ്വാധീനമുണ്ടാക്കാന്‍ കഴിയുമോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ്. അതുപോലെ കൊല്ലം, മാവേലിക്കര മണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്താനും, അതോടൊപ്പം ശബരിമല വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന എന്‍.എസ്.എസിന്റെ ഒരു നേതാവിനെ ഒപ്പം കിട്ടിയാല്‍ അത് പ്രയോജനം ചെയ്‌തേക്കുമോ എന്ന ചിന്തയാണ് ബാലകൃഷ്ണ പിള്ളയെ ചേര്‍ക്കാനുള്ള തീരുമാനത്തിനു പിറകില്‍. ഐ.എന്‍.എല്ലിനെ എടുത്തിട്ടുള്ളതും വര്‍ഷങ്ങളായി ഒപ്പം നിന്നവര്‍ എന്ന പേരുകൊണ്ടു മാത്രമല്ല. മുസ്ലിം ലീഗിനെ ഏതെങ്കിലും തരത്തില്‍ വിഘടിപ്പിക്കാനാകുമോ എന്ന അന്വേഷണത്തിന്റെ ഭാഗമാണ്. മുസ്ലിം ലീഗില്‍ ഏതെങ്കിലും തരത്തില്‍ അഭിപ്രായവ്യത്യാസമുള്ളവരുണ്ടെങ്കില്‍, അവരെക്കൂടി ഉള്‍ക്കൊള്ളാന്‍ ഐ.എന്‍.എല്ലിന് രാഷ്ട്രീയാംഗീകാരം ലഭിക്കുന്നതോടെ സാധിക്കുമല്ലോ. ഇത്തരത്തിലുള്ള പരിഗണനകള്‍ വച്ചുകൊണ്ടാണ് എല്‍.ഡി.എഫ് മുന്നണി സംവിധാനങ്ങളുണ്ടാക്കുന്നത്. യഥാര്‍ത്ഥത്തില്‍ അതങ്ങനെയല്ല ഉണ്ടാക്കേണ്ടത്.
വ്യക്തമായ രാഷ്ട്രീയ നിലപാടുകളെടുത്ത്, അതിനെ പിന്തുണയ്ക്കാന്‍ മുന്നോട്ടു വരുന്നവരെയാണ് മുന്നണി രൂപീകരണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. അങ്ങിനെ മുന്നോട്ടുവരുന്നവരുടെ രാഷ്ട്രീയ പശ്ചാത്തലവും സ്വഭാവവും ലക്ഷ്യവുമെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. അത്തരത്തിലൊരു മുന്നണിയെ മാത്രമേ യഥാര്‍ത്ഥ രാഷ്ട്രീയ മുന്നണി സംവിധാനം എന്നു പറയാനാകൂ. പാര്‍ലമെന്ററി താല്‍പര്യങ്ങള്‍ മാത്രമുള്ള ഒരു മുന്നണിയാണ് അത്തരത്തില്‍ നോക്കുമ്പോള്‍ ഇപ്പോള്‍ എല്‍.ഡി.എഫ്. ഈ നാലു പാര്‍ട്ടികളെ എല്‍.ഡി.എഫ് കൂടെച്ചേര്‍ത്തിട്ടുണ്ടെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിന് മാറ്റമൊന്നും വന്നിട്ടുമില്ലല്ലോ. ഈപ്പറഞ്ഞ പാര്‍ട്ടികളെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനൊപ്പം നിന്നിട്ടുള്ളവരാണ്. മുന്നണിയുടെ ഭാഗമല്ലെങ്കിലും മുന്നണിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ തന്നെയാണ് എല്ലാവരും. ഇടതുപക്ഷ മുന്നണി എന്നു പറയാനുള്ള അവകാശം എല്‍.ഡി.എഫിന് നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ബാലകൃഷ്ണപിള്ളയ്ക്ക് സീറ്റു കൊടുക്കാം, ഫോര്‍വേഡ് ബ്ലോക്കിനില്ല
കേരളത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് ചെറിയൊരു പാര്‍ട്ടിയാണെങ്കില്‍പ്പോലും, മുപ്പത്തിമൂന്നു വര്‍ഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുവേണ്ടി സജീവമായി എല്ലാ ശക്തിയും പ്രയോഗിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് നേരിട്ട എല്ലാ തെരഞ്ഞെടുപ്പുകളിലും ഞങ്ങള്‍ ഞങ്ങളുടേതായ പങ്കു വഹിച്ചിട്ടുണ്ട്. ഈ മുപ്പത്തിമൂന്നു വര്‍ഷക്കാലത്തിനിടയില്‍ നിരവധി തവണ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നിട്ടുമുണ്ട്. ആ സമയത്തൊന്നും ഒരു പഞ്ചായത്ത് ബോര്‍ഡ് സ്ഥാനം ചോദിച്ചുകൊണ്ടു പോലും ഫോര്‍വേഡ് ബ്ലോക്ക് അവരുടെ മുന്നില്‍ ചെന്നിട്ടില്ല. അതായിരുന്നില്ല ഞങ്ങളുടെ ആഗ്രഹം. തെരഞ്ഞെടുപ്പു സമയത്തെല്ലാം ഞങ്ങളുടേയാത രീതിയില്‍ സ്വന്തം പണവും ശക്തിയും ഉപയോഗിച്ചാണ് അവര്‍ക്കുവേണ്ടി ഞങ്ങള്‍ ക്യാംപെയിന്‍ ചെയ്തിട്ടുള്ളത്.
ദേശീയ തലത്തില്‍ തന്നെ ഇടതുപക്ഷ ഐക്യം ശക്തമാകേണ്ട ഒരു സാഹചര്യം അന്നുണ്ടായിരുന്നു. സാമ്പത്തിക നയങ്ങളുടെ ഭാഗമായി കര്‍ഷകരും തൊഴിലാളികളും ബഹുജനങ്ങളും അനുഭവിക്കുന്ന ദുരിതങ്ങള്‍ ഇല്ലാതെയാക്കാനുള്ള നീക്കങ്ങള്‍ നടത്താന്‍ ഇടതുപക്ഷത്തിന് രാഷ്ട്രീയമായ ബാധ്യതയുണ്ടെന്ന ഒരു വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷ ഐക്യമെന്ന മുദ്രാവാക്യത്തിന് ഞങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത്. അതിനുവേണ്ടിയാണ് ഇടതുപക്ഷ മുന്നണിയുടെ ഭാഗമാകാന്‍ കേരളത്തിലും ഞങ്ങള്‍ ശ്രമങ്ങള്‍ നടത്തിയത്. ആയിക്കോട്ടേ എന്നു പറഞ്ഞ് നിര്‍ത്തുകയല്ലാതെ ഞങ്ങളെ ഉള്‍ക്കൊള്ളാന്‍ അവര്‍ ഒരിക്കലും തയ്യാറായില്ല. ഒടുവില്‍, മത്സരിക്കാന്‍ സീറ്റു പോലുമല്ല പ്രശ്‌നം, മുന്നണി സംവിധാനത്തില്‍ വരിക എന്നതാണ് ഞങ്ങളുടെ താല്‍പര്യമെന്നറിയിച്ചിട്ടു പോലും അവരതിനു തയ്യാറായില്ല എന്നതാണ് സത്യം. ആര്‍.എസ്.പിയെപ്പോലും അവര്‍ പുറത്താക്കിയിട്ടും പിന്നേയും കുറച്ചു കാലം ഞങ്ങള്‍ പിടിച്ചു നിന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാലത്ത് കെ.എം. മാണിയുടെ പാര്‍ട്ടി പിളര്‍ത്തി പുറത്തു വന്നവര്‍ക്കു പോലും നാലു സീറ്റു കൊടുത്തു. ഐ.എന്‍.എല്ലിന് മൂന്നു സീറ്റു കൊടുത്തു. സുപ്രീം കോടതി വരെ പോയി അഴിമതിക്കേസില്‍ ശിക്ഷ വാങ്ങി ജയിലിലടപ്പിച്ച ബാലകൃഷ്ണപിള്ളയ്ക്കു പോലും സീറ്റുകൊടുത്തു. എന്നിട്ടും, ദേശീയ തലത്തില്‍ കൂടെ നില്‍ക്കുന്ന, പശ്ചിമബംഗാളില്‍ ഇടതുപക്ഷ മുന്നണിയുടെ രണ്ടാമത്തെ പാര്‍ട്ടിയായ ഫോര്‍വേഡ് ബ്ലോക്കിനെ അംഗീകരിക്കാന്‍ മടി കാണിക്കുകയാണ്. ഒപ്പമുള്ള ആളുകളോടെങ്കിലും ഇത് വിശദീകരിക്കാന്‍ ഞങ്ങള്‍ക്കു സാധിക്കേണ്ടേ? അത്തരമൊരു സാഹചര്യത്തിലാണ് കേരളത്തിലെ സി.പി.എമ്മിനെ പ്രത്യേകം വിശകലനം ചെയ്യാനും അതിന്റെ അടിസ്ഥാനത്തില്‍ മുന്നണി മാറാനും തീരുമാനിച്ചത്.
യു.ഡി.എഫിലെ ഫോര്‍വേഡ് ബ്ലോക്കും ദേശീയ തലത്തിലെ ഫോര്‍വേഡ് ബ്ലോക്കും
2016 മുതല്‍ യു.ഡി.എഫിന്റെ ഭാഗമാണ് ഫോര്‍വേഡ് ബ്ലോക്ക്. യു.ഡി.എഫിന്റെ മുന്നണി സംവിധാനത്തില്‍ ഞങ്ങള്‍ സംതൃപ്തരുമാണ്. ഫോര്‍വേഡ് ബ്ലോക്കിന് അര്‍ഹമായ പരിഗണന അവര്‍ നല്‍കുന്നുണ്ട്. ഘടകക്ഷി എന്ന നിലയില്‍ എല്ലാ തലങ്ങളിലും ഞങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നുണ്ട്. യു.ഡി.എഫ് രൂപീകരിക്കുന്ന കമ്മറ്റികളിലും സമിതികളിലുമെല്ലാം ഫോര്‍വേഡ് ബ്ലോക്കിന് പ്രാതിനിധ്യമുണ്ട്. യു.ഡി.എഫിന്റെ വിവിധ വര്‍ഗ്ഗ-ബഹുജന സംഘടനകളിലെല്ലാം ഫോര്‍വേഡ് ബ്ലോക്കിന്റെ പ്രതിനിധികളുണ്ട്. തൊഴിലാളി ബഹുജന വിഭാഗങ്ങളുടെ അജണ്ട മുന്നോട്ടുവയ്ക്കുന്ന കാര്യത്തില്‍ ഇടതുപക്ഷം വിജയിക്കുന്നുണ്ടെങ്കിലും, ആ അജണ്ട നടപ്പിലാക്കുന്നത് എല്ലാ കാലത്തും ജനാധിപത്യ പാര്‍ട്ടികള്‍ അധികാരത്തിലെത്തുമ്പോള്‍ മാത്രമാണെന്നും ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഭൂപരിഷ്‌കരണമായാലും ശരി, ക്ഷേമപെന്‍ഷനുകളായാലും ശരി. ആ അര്‍ത്ഥത്തില്‍ ഇരു മുന്നണികള്‍ തമ്മിലുള്ള അകലം വളരെ നേര്‍ത്തതുമാണ്. ഈയവസരത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. കേരളാ സി.പി.എം ഒരു ഇടതുപക്ഷ പാര്‍ട്ടിയല്ലാതായിരിക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, യഥാര്‍ത്ഥ ഇടതുപക്ഷ പാര്‍ട്ടിയായിരിക്കാനായി യു.ഡി.എഫിനൊപ്പം നില്‍ക്കണമെന്ന തിരിച്ചറിവുണ്ട്.
ദേശീയ തലത്തില്‍ ഒരു പുരോഗമന രാഷ്ട്രീയം ആവശ്യമാണ്. ദേശീയ തലത്തില്‍ ഒരു തിരുത്തല്‍ ശക്തിയായി നില്‍ക്കാന്‍ കഴിയുന്ന, ചില ഘട്ടങ്ങളില്‍ ജനാധിപത്യ പാര്‍ട്ടികളുടെ താല്‍പര്യങ്ങളില്‍ വ്യതിയാനങ്ങളുണ്ടാകുമ്പോള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു ശക്തി നമുക്കു വേണം. ആ പങ്കു വഹിക്കാന്‍ ഇടതുപക്ഷത്തിന് കഴിയണമെന്നും, ഇടതുപക്ഷത്തിനേ കഴിയൂ എന്നും വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. പല തരത്തിലുള്ള രാഷ്ട്രീയസഖ്യങ്ങള്‍ ദല്‍ഹിയിലടക്കം ഉണ്ടാകുമ്പോഴും, കോണ്‍ഗ്രസിനു പോലും പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയുന്ന പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റിയുള്ള വിഭാഗം ഇടതുപക്ഷമാണ്. ആ വിഭാഗമെന്ന നിലയില്‍ ഇടതുപക്ഷത്തിന് പ്രസക്തിയുണ്ട്. ഇന്നത്തെ കാലഘട്ടത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ പ്രതിരോധം ശക്തിപ്പെടുത്തി രാജ്യത്തെ രക്ഷിക്കുക എന്ന ഉത്തരവാദിത്തം കൂടി ഇടതുപക്ഷത്തിന് നിര്‍വഹിക്കാനുണ്ട്. ആ വിശ്വാസം ഫോര്‍വേഡ് ബ്ലോക്കിന് ഇപ്പോഴുമുണ്ട്.