UPDATES

ദിലീപിലൂടെ വെളിപ്പെടുന്ന കേരളം എന്ന ക്രൈം സ്റ്റേറ്റ്

പണത്തിന്റെയും സിനിമാ ഗ്ലാമറിന്റെയും ബലത്തില്‍ എന്തു കുറ്റകൃത്യവും ചെയ്യാം എന്ന ഹൂങ്കിനാണ് അടി വീണിരിക്കുന്നത്

ഒടുവില്‍ അത് തന്നെ സംഭവിച്ചു. കഴിഞ്ഞ നാലരമാസം കേരള സമൂഹം സംശയത്തോടെ നോക്കിയ ആ മനുഷ്യന്‍ പോലീസിന്റെ പിടിയിലായിരിക്കുന്നു. സിനിമയ്ക്കുള്ളിലെ പ്രതിച്ഛായ അല്ല താരങ്ങള്‍ക്ക് എന്ന പോസ്റ്റ് മോഡേണ്‍ തിരിച്ചറിവില്‍ കേരള സമൂഹം ഞെട്ടി വീണു. ഒപ്പം വെളിപ്പെട്ടത് കേരളമെന്ന ക്രൈം സ്റ്റേറ്റിന്റെ ഭീതിജനകമായ ചിത്രവും.

2009 ഓഗസ്റ് 21ന് രാത്രി 12.15നു ചങ്ങനാശേരി-ആലപ്പുഴ റോഡില്‍ പൊങ്ങ ജംഗ്ഷനു സമീപം മുത്തൂറ്റ് എം ജോര്‍ജ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ പോള്‍ മുത്തൂറ്റ് ജോര്‍ജ് ചങ്ങനാശേരിയിലെ ക്വട്ടേഷന്‍ സംഘത്തിന്റെ കുത്തേറ്റ് മരിച്ചതായിരുന്നു ഈ അടുത്ത കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച കേസ്. റിയല്‍ എസ്റ്റേറ്റ് ബിസിനസും ക്വട്ടേഷന്‍ സംഘങ്ങളും ഒക്കെ ഉള്‍പ്പെട്ട കേസില്‍ പോലീസ് ഏറെ വിയര്‍ക്കുകയുണ്ടായി. ഒടുവില്‍ പോലീസ് കണ്ടെത്തിയ ‘എസ്’ കത്തി വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെ സംബന്ധിച്ചിടത്തോളം ഒരു അഗ്നിപരീക്ഷ ആയിരുന്നു ആ കേസ്. മകന്‍ ബിനീഷ് കൊടിയേരിയുടെയും സിനിമാ രംഗത്തുള്ള ചിലരുടെയും അടക്കം പേരുകള്‍ മാധ്യമങ്ങളില്‍ വലിച്ചഴയ്ക്കപ്പെട്ടു. ഒടുവില്‍ കേരള ഗവണ്‍മെന്റിന് കേസ് സിബിഐക്ക് കൈമാറേണ്ടിവന്നു.

കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നു വന്ന സോളാര്‍ അഴിമതി കേസ് ഒരു പറ്റം രാഷ്ട്രീയ നേതാക്കളുടെ മുഖംമൂടി പിച്ചിചീന്തുന്ന ഒന്നായിരുന്നു. എത്രത്തോളം ലൈംഗിക അരാജകത്വവും അഴിമതിയും രാഷ്ട്രീയ നേതാക്കളെ പൊതിഞ്ഞിരിക്കുന്നു എന്ന് തെളിയിച്ച കേസ് മാസങ്ങളോളം മാധ്യമങ്ങളുടെ ചര്‍ച്ചാ വിഷയമായി. ഒരു ഘട്ടത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ വരെ ലൈംഗികാരോപണം ഉന്നയിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനല്‍ ഗൂഡാലോചനയുടെ കേന്ദ്രമായി മാറി എന്ന ആരോപണം ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ പേഴ്നസണല്‍ സ്റ്റാഫായിരുന്ന ജോപ്പന്‍ ജയിലിലായി. പ്രതിപക്ഷം സെക്രട്ടറിയേറ്റ് വളയുന്നതടകമുള്ള സമരങ്ങളിലൂടെ കേരളമാകെ പ്രക്ഷ്ബ്ദമാക്കി. പിന്നീട് സോളാര്‍ അന്വേഷണ കമ്മീഷന്‍ സ്ഥാപിച്ചെങ്കിലും അന്വേഷണം എവിടേയും എത്താതെ ഇഴയുകയാണ് ഉണ്ടായത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ നിലം പൊത്തിക്കുന്നതില്‍ സോളാര്‍ കേസ് ഏറെ പങ്ക് വഹിച്ചു.

2015 ജനുവരി മാസം അര്‍ദ്ധരാത്രിയില്‍ തൃശൂര്‍ ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയ മുഹമ്മദ് നിസാം എന്ന ക്രിമിനല്‍ കോടീശ്വരന്‍റെ വാര്‍ത്തയും സമീപകാലത്ത് കേരളത്തെ ഞെട്ടിച്ച ഒന്നാണ്. ഇയാളെ രക്ഷിക്കാന്‍ വേണ്ടി രാഷ്ട്രീയ നേതാക്കള്‍ പ്രവര്‍ത്തിച്ചു എന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശബരീനാഥിന്റെ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസ്, ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായ സലീം രാജ് ഉലപ്പെട്ട കടകമ്പള്ളി, കളമശേരി ഭൂമി തട്ടിപ്പ് കേസ്, സൂര്യനെല്ലി അടക്കമുള്ള പീഡന കേസുകള്‍ രാഷ്ട്രീയവും കള്ളപ്പണവും സിനിമാ ലോകവുമൊക്കെ ഉള്‍പ്പെട്ട ക്രൈം കൂട്ടായ്മയുടെ നേര്‍ചിത്രം കാണിച്ചു തന്ന കേസുകളാണ്.

ഇപ്പോഴിതാ മലയാള സിനിമാ രംഗത്തെ പ്രമുഖന്‍ തന്നെ സഹപ്രവര്‍ത്തകയായ നടിക്കെതിരെ ലൈംഗികാക്രമണം നടത്താന്‍ ഗൂഡാലോചന നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പണത്തിന്റെയും സിനിമാ ഗ്ലാമറിന്റെയും ബലത്തില്‍ എന്തു കുറ്റകൃത്യവും ചെയ്യാം എന്ന ഹൂങ്കിനാണ് അടി വീണിരിക്കുന്നത്. അതേ,ദിലീപിലൂടെ വെളിപ്പെടുന്നത് കേരളമെന്ന ക്രിമിനല്‍വത്ക്കരിക്കപ്പെട്ട സ്റ്റേറ്റ് എന്ന യാഥാര്‍ഥ്യമാണ്.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍