UPDATES

ട്രെന്‍ഡിങ്ങ്

ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു; സരസ്വതി പൂജ അനുവദിക്കില്ലെന്ന സര്‍ക്കുലര്‍ ഇറക്കിയത് പോലെ തിരിച്ചെടുത്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല

സരസ്വതി പൂജ കാമ്പസിനുള്ളില്‍ നടത്തുന്നതിന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും എതിര്‍പ്പുണ്ട്

സരസ്വതി പൂജ അനുവദിക്കില്ലെന്ന സര്‍ക്കുലര്‍ ഇറക്കിയത് പോലെ തിരിച്ചെടുത്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല. കാമ്പസ് മതേതര സ്ഥാപനമായതിനാല്‍ സരസ്വതി പൂജ നടത്താന്‍ അനുമതി നല്‍കില്ലെന്നായിരുന്നു ആദ്യ സര്‍ക്കുലര്‍. എന്നാല്‍ സര്‍ക്കുലര്‍ വന്നതിന് പിന്നാലെ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ഉപാധികളോടെ സരസ്വതി പൂജ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കൊച്ചി, കുട്ടനാട് കേന്ദ്രങ്ങളിലെ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ സരസ്വതി പൂജ നടത്താന്‍ അനുമതി ചോദിച്ചിരുന്നു. അനുമതി നിഷേധിച്ചുകൊണ്ട് വൈസ്ചാന്‍സലര്‍ ഫെബ്രുവരി ഒന്നിന് സര്‍ക്കുലര്‍ ഇറക്കി. സര്‍വകലാശാല ഒരു മതേതര സ്ഥാപനമാണ്. അതിനാല്‍ കാമ്പസില്‍ സരസ്വതി പൂജ നടത്താന്‍ വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷയില്‍ അനുമതി നല്‍കാന്‍ കഴിയില്ല. ഒരു മതത്തിന്റെയും പരിപാടികളും മത അനുഷ്ഠാനങ്ങളും കാമ്പസിന്റെ അകത്ത് നടത്താന്‍ അനുമതി നല്‍കാനാവില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

ഞായര്‍, തിങ്കള്‍(10,11) ദിവസങ്ങളില്‍ കോളേജില്‍ സരസ്വതി പൂജക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പാളിന് ജനുവരി 25 ന് കത്ത് നല്‍കിയിരുന്നു. പ്രിന്‍സിപ്പല്‍ അനുമതി നല്‍കുകയോ നിഷേധിക്കുകയോ ചെയ്യാതെ വിഷയം അന്നു തന്നെ വൈസ് ചാന്‍സിലര്‍ക്ക് വിട്ടു. പോയവര്‍ഷം സരസ്വതീപൂജയ്ക്ക് അനുമതി നല്‍കിയതില്‍ ഒരു കൂട്ടം വിദ്യാര്‍ഥികളില്‍ തന്നെ എതിര്‍പ്പുണ്ടായിരുന്നു. പിന്നീട് ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സെമിനാറിനിടെ ബീഫ് കട്‌ലറ്റ് വിതരണം ചെയ്തതും കോളേജില്‍ വിവാദമായി. സരസ്വതി പൂജയ്ക്ക് അുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ചില വിദ്യാര്‍ഥികള്‍ മനപ്പൂര്‍വം ചെയ്ത പ്രവര്‍ത്തിയായാണ് ഇത് ആരോപിക്കപ്പെട്ടത്. വിദ്യാര്‍ഥികള്‍ രണ്ട് വിഭാഗമായി തിരിഞ്ഞ് ഏറ്റുമുട്ടുകയും കോളേജ് ഒരാഴ്ചയോളം അടച്ചിടേണ്ടി വരികയും ചെയ്തു. എന്നാല്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ സരസ്വതീപുജക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് കോളേജില്‍ ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് ഇന്നലെ യുണിവേഴ്‌സിറ്റി ഉപാധികളോടെ സരസ്വതി പൂജക്ക് അനുമതി നല്‍കിയത്. ക്ലാസ് തടസപ്പെടാത്ത വിധത്തില്‍ സരസ്വതീപൂജ ആഘോഷങ്ങള്‍ നടത്തതണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് വൈസ് ചാന്‍സിലര്‍ നല്‍കിയിരിക്കുന്നത്.

‘കഴിഞ്ഞ വര്‍ഷം സരസ്വതി പൂജയുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ട സംഭവം ദിവസങ്ങളോളം കോളേജിന്റെ സമാധാന അന്തരീക്ഷം തകരുന്നതിന് കാരണമായിരുന്നു. പിന്നീട് യൂണിവേഴ്‌സിറ്റി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. അതുകൊണ്ടാണ് അത്തരമൊരു സാഹചര്യം വീണ്ടും ഉണ്ടായപ്പോള്‍ യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തിന് വിട്ടത്. ഇപ്പോള്‍ പ്രശ്‌നം രമ്യമായി പരിഹരിച്ചു. കോളേജിന്റെ പഠനാന്തരീക്ഷം തടസ്സപെടാതെ സരസ്വതീപൂജ നടത്താനാണ് യൂണിവേഴ്‌സിറ്റി അനുമതി നല്‍കിയിരിക്കുന്നത്.’ കുസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എന്‍. സുനില്‍ കുമാര്‍ പറയുന്നു.

എന്നാല്‍ സരസ്വതി പൂജ കാമ്പസിനുള്ളില്‍ നടത്തുന്നതിന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും എതിര്‍പ്പുണ്ട്. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ കോളേജിലെ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുക്കാറുണ്ടെന്നും ഇത് കാമ്പസിന്റെ മതേതര സ്വഭാവത്തിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍ ക്രിസ്മസ് പോലുള്ള ആഘോഷങ്ങളില്‍ കാമ്പസ് ഒന്നടങ്കം പങ്കെടുക്കുമ്പോള്‍ സരസ്വതീപൂജയോട് മാത്രം എന്തിനാണ് അതൃപ്തി എന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍