സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള ഒരു വിഭാഗത്തിന്റെ ഭൂമി എതിരഭിപ്രായങ്ങളില്ലാതെ പൊതു ആവശ്യത്തിലേക്ക് വകയിരുത്താമെന്നത് പഞ്ചായത്തിന്റെ ധാര്‍ഷ്ട്യമെന്ന് വിമര്‍ശനം
മൊകായി കോളനിക്കടുത്ത് മണ്ണു മാറ്റി കിളച്ചുമറിച്ചിട്ട ഒന്നരയേക്കര്‍ ഭൂമിയിലൂടെ അല്പനേരം നടന്നതിനു ശേഷം ഒരിടത്തു നിന്ന് താഴേക്ക് ചൂണ്ടിക്കാട്ടി ചെറിയരാമന്‍ പറയുന്നു: “ദാ ഇവിടെയാണ് എന്റെ അനിയനെ അടക്കിയത്. അവന്റെ നെഞ്ചത്ത് ചവിട്ടിയാണ് നമ്മള് നില്‍ക്കുന്നത്”. ചെറിയരാമന്റെ സഹോദരന്‍ വേലായുധനുള്‍പ്പടെ അനവധി പേരെ അടക്കിയ സ്ഥാനങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം മണ്ണിട്ട് നിരപ്പാക്കിയിരിക്കുന്നു. പലയിടത്തും എല്ലുകളും തലയോട്ടികളും മണ്ണിനടിയില്‍ നിന്നും പുറത്തേക്കുചാടിയ അവസ്ഥയില്‍ കിടക്കുന്നു. അവ ലക്ഷ്യം വച്ചെത്തുന്ന തെരുവുനായ്ക്കളെ അകറ്റാന്‍, തങ്ങളുടെ അടുത്ത ബന്ധുക്കളെ അടക്കിയ മണ്ണിനരികെ മൊകായി കോളനിക്കാര്‍ കാവലിരിക്കുന്നു.
കോഴിക്കോട് ബാലുശ്ശേരിക്കടുത്ത ഉണ്ണികുളം പഞ്ചായത്തിലെ ഒരു ദളിത് കോളനിയിലെ കാഴ്ചയാണിത്. വര്‍ഷങ്ങളായി ദളിത് വിഭാഗത്തില്‍പ്പെട്ട ഇവിടത്തുകാര്‍ ശ്മശാനമായി ഉപയോഗിക്കുന്ന ഭൂമി മണ്ണു മാന്തിയെടുത്ത് താറുമാറാക്കിയിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍. മൊകായി കോളനിയിലെ പതിനേഴ് ദളിത് കുടുംബങ്ങളും സമീപപ്രദേശങ്ങളിലെ നിര്‍ധന ദളിത് കുടുംബങ്ങളിലെ ആളുകളും ഉപയോഗിച്ചു വരുന്ന ശ്മശാനത്തിനാണ് ഈ ദുര്‍ഗതി. അധികമാരും ദിവസേന പോകാത്ത ശ്മശാനഭൂമിയില്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാറ്റിയിട്ടിരിക്കുന്നത് ദിവസങ്ങള്‍ക്കു ശേഷമാണ് കോളനിക്കാര്‍ കണ്ടെത്തിയത്. ഏറ്റവുമടുത്ത ബന്ധുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ പോലും മണ്ണിനു പുറത്ത് നായ്ക്കള്‍ കടിച്ചുവലിക്കുന്ന അവസ്ഥയില്‍ കണ്ടതിന്റെ ആഘാതത്തില്‍ നിന്നും ഇവിടത്തുകാര്‍ ഇനിയും മുക്തരായിട്ടില്ല.
“എന്റെ അനിയന്‍ വേലായുധന്‍ മരിച്ചിട്ട് ഒരു വര്‍ഷം തികയുന്ന ചടങ്ങ് ഈ 22ാം തീയതി നടക്കാനിരിക്കുകയാണ്. ഞങ്ങളുടെ സമുദായക്കാര്‍ മൃതദേഹം ഇവിടെ അടക്കിയതിനു ശേഷം എല്ലാ വര്‍ഷവും ആ സ്ഥാനത്തു വന്നു നിന്ന് പ്രാര്‍ത്ഥിക്കുകയും മറ്റു ചടങ്ങുകള്‍ നടത്തുകയും ചെയ്യുന്ന രീതിയുണ്ട്. ഈ നിരപ്പാക്കിയിട്ട സ്ഥലത്ത് അവന്റെ പേരിലുള്ള പ്രാര്‍ത്ഥന എവിടെവച്ചു നടത്തും? ഓര്‍മവച്ച കാലം മുതല്‍ എന്റെ എല്ലാ അടുത്ത ബന്ധുക്കളെയും അടക്കിയിരിക്കുന്നത് ഇവിടെയാണ്. എല്ലാവരെയും അവര്‍ കുഴി മാന്തിയെടുത്തു. അവരൊക്കെ കിടക്കുന്നതിന് മേലെയാണ് നമ്മള്‍ നില്‍ക്കുന്നത്. ഞങ്ങളാരും ചോദിക്കാന്‍ ചെല്ലില്ലെന്ന് അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ലേ?” ചെറിയരാമന്റെ വാക്കുകള്‍ മുറിയുന്നു.
കള്ളാടി, വള്ളുവന്‍, പുലയന്‍, പറയന്‍ എന്നീ വിഭാഗക്കാര്‍ മൃതദേഹം സംസ്‌കരിക്കാനായി വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന സ്ഥലമാണ് ഇവിടം. 1957 മുതല്‍ മൊകായി കോളനിയിലെ ദളിതര്‍ക്കും, ഒപ്പം സ്വന്തമായി സ്ഥലമില്ലാത്ത മറ്റിടങ്ങളിലെ ദളിത് വിഭാഗക്കാര്‍ക്കും ഈ ഒന്നരയേക്കറാണ് ശ്മശാനം. ആയിരക്കണക്കിന് മൃതദേഹങ്ങളാണ് ഇക്കാലയളവിനിടയില്‍ ഇവിടെ മറവു ചെയ്യപ്പെട്ടിട്ടുള്ളത്. കോളനിയില്‍ ഇപ്പോള്‍ താമസിക്കുന്നവരുടെയെല്ലാം പൂര്‍വികരെ അടക്കം ചെയ്തിട്ടുള്ള സ്ഥലത്ത് എന്തു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ടിയായാലും, കോളനിക്കാരുടെ വൈകാരികതയെ കണക്കിലെടുക്കേണ്ടതായിരുന്നു എന്ന് ഇവര്‍ പറയുന്നു.
ഡിസംബര്‍ മൂന്നിനാണ് കോളനിവാസികള്‍ ശ്മശാനത്തിലെ മണ്ണെടുത്ത് നിരപ്പാക്കിയ അവസ്ഥയില്‍ കാണുന്നത്. തങ്ങള്‍ അറിയുന്നതിനും ദിവസങ്ങള്‍ക്കു മുന്നേ തന്നെ സംഭവം നടന്നിരിക്കും എന്നാണ് ഇവരുടെ വിലയിരുത്തല്‍. കോളനിക്കും ശ്മശാനത്തിനുമിടയില്‍ ഒരു പാറക്കെട്ടുള്ളതിനാലും, എല്ലാ ദിവസവും ഈ ഭാഗത്തേക്ക് ആളുകളാരും വന്ന് അന്വേഷിക്കുന്ന ശീലമില്ലാത്തതിനാലും ജെ.സി.ബിയെത്തി മണ്ണെടുത്തത് ഇവര്‍ അറിഞ്ഞതേയില്ല. കോളനിയിലെ സ്ത്രീകളും പുരുഷന്മാരും പകല്‍ സമയത്ത് കൂലിപ്പണിക്കു പോകുന്നവരായതിനാല്‍ പകല്‍ നടന്ന മണ്ണെടുപ്പ് അവരുടെ ശ്രദ്ധയില്‍പ്പെടാന്‍ വളരെ വൈകി. “അവര് ഒരുദിവസം വന്ന് അങ്ങു കയ്യേറി. അറിഞ്ഞപ്പോള്‍ ഞങ്ങളൊക്കെ വന്ന് നോക്കിയിരുന്നു. തലയോടും കാലും എല്ലാം നായ്ക്കള്‍ കടിച്ചുകൊണ്ടു പോകുകയായിരുന്നു. അതൊന്നും കണ്ടാല്‍ ആരും സഹിക്കില്ല.” കോളനിയിലെ മുതിര്‍ന്ന അംഗമായ മാതയ്ക്ക് ഇതു പറയുമ്പോള്‍ കരച്ചിലടക്കാനാകുന്നുണ്ടായിരുന്നില്ല. തങ്ങള്‍ക്കെതിരെ നടന്ന വലിയ ചതി തിരിച്ചറിഞ്ഞ കോളനിക്കാര്‍ വിവരമറിയിച്ചതനുസരിച്ച് അംബേദ്കറൈറ്റ്‌സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് വിഷയത്തില്‍ ആദ്യമായി ഇടപെട്ട് അധികൃതര്‍ക്ക് പരാതികള്‍ അയയ്ക്കുന്നത്.
ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദീപുരാജ്, മൊകായി കോളനിയുള്‍പ്പെടുന്ന അഞ്ചാം വാര്‍ഡ് മെമ്പര്‍ കെ.കെ. പ്രദീപന്‍ എന്നിവരാണ് ഈ നീക്കത്തിനു പിന്നിലെന്ന് അംബേദ്കറൈറ്റ്‌സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റും പട്ടികജാതി കോളനി സംരക്ഷണ സമിതി രക്ഷാധികാരിയുമായ രമേഷ് നന്മണ്ട പറയുന്നു. പഞ്ചായത്തില്‍ പൊതുശ്മശാനം സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മൊകായി കോളനിയുടെ ദളിത് ശ്മശാനം കണ്ടെത്തിയിരിക്കുന്നത്. പഞ്ചായത്തിന്റെ പൊതുവായ ആവശ്യത്തിലേക്കായി ദളിതരുടെ ശ്മശാനം തന്നെ കണ്ടെത്തുകയും, അവരുടെ അറിവോ സമ്മതമോ ഇല്ലാതെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് അവഹേളിക്കുകയും ചെയ്തതിനെതിരെ എസ്.സി./എസ്.ടി ആക്ട് പ്രകാരം കേസെടുക്കണമെന്ന ആവശ്യമാണ് രമേഷും സംഘടനയും മുന്നോട്ടു വയ്ക്കുന്നത്. ഈ വിഷയമുന്നയിച്ച് മുഖ്യമന്ത്രി, പട്ടികജാതി/പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പുമന്ത്രി, കേരള പട്ടികജാതി/പട്ടികവര്‍ഗ്ഗ കമ്മീഷന്‍, ജില്ലാ കലക്ടര്‍, ഡി.ജി.പി, എസ്.പി, ഡി.വൈ.എസ്.പി, ബാലുശ്ശേരി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് പരാതികളും നല്‍കിയിട്ടുണ്ട്.
മണ്ണെടുത്ത് നിരപ്പാക്കുന്നതിനോടൊപ്പം പ്രാര്‍ത്ഥനയ്ക്കായി കോളനിക്കാര്‍ കെട്ടിയിരുന്ന തറയും പൊളിച്ച് നീക്കിയിട്ടുണ്ട്. മണ്ണെടുക്കാന്‍ വന്ന ജെ.സി.ബിയുടെ ഓപ്പറേറ്റര്‍ മൃതദേഹാവശിഷ്ടങ്ങളുടെ കാഴ്ചകണ്ട് മടങ്ങിപ്പോയെന്നും, തുടര്‍ന്ന് മറ്റൊരാളെത്തി ജോലി തുടരുകയായിരുന്നെന്നും പലരും പറഞ്ഞു കേട്ടതായി പ്രദേശവാസിയായ ബാബു പറയുന്നു. ആറു മാസങ്ങള്‍ക്കു മുന്‍പ് അടക്കിയ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ബാബു പറയുന്നതിങ്ങനെ: “അസ്ഥികളും തലയോട്ടികളും മാന്തി പുറത്തെടുത്തത് ഒന്നരമീറ്ററോളം ഉയരത്തില്‍ മണ്ണിട്ട് മൂടി വച്ചിരിക്കുകയാണിപ്പോള്‍. ഞങ്ങളുടെ പൂര്‍വീകര്‍ ഉറങ്ങുന്ന മണ്ണാണ്. ഞങ്ങള്‍ക്കും മരിച്ചാല്‍ ഇങ്ങോട്ടാണ് വരാനുള്ളത്. അത്രയേറെ വിഷമമുണ്ട് ഇതൊക്കെ കാണുമ്പോള്‍. സ്വന്തമായിട്ട് സ്ഥലമില്ലാത്തവരായിരുന്നു ഞങ്ങള്‍. ദാനം കിട്ടിയ സ്ഥലമാണിതൊക്കെ. പഞ്ചായത്തിന് ഈ സ്ഥലം കൊണ്ട് എന്തോ ലാഭമുണ്ടായിരിക്കും. ‘അവരൊക്കെ ഞങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ആള്‍ക്കാരാണ്, കുഴപ്പമില്ല’ എന്നാണ് ഞങ്ങളെപ്പറ്റി പഞ്ചായത്ത് പ്രസിഡന്റ് തന്നെ എല്ലാവരോടും പറഞ്ഞിട്ടുള്ളത്. ഞങ്ങള്‍ക്കാര്‍ക്കും ചോദിക്കാരുമില്ല എന്ന ചിന്തയാണ് അവര്‍ക്കൊക്കെ. ഒരു പൊതുശ്മശാനം സര്‍ക്കാര്‍ ഏജന്‍സി തന്നെ വന്ന് കുത്തിപ്പൊളിക്കുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമായിരിക്കും. മറ്റെവിടെയെങ്കിലുമാണെങ്കില്‍ ഇതിങ്ങനെ ആരും ശ്രദ്ധിക്കാതെ പോകുമോ? വര്‍ഗ്ഗീയ പ്രശ്‌നമാകില്ലേ?”
1957ല്‍ ആചാര്യ വിനോഭ ഭാവെ ഇവിടം സന്ദര്‍ശിച്ചപ്പോള്‍ ഇവിടെയുണ്ടായിരുന്ന ദളിത് കുടുംബങ്ങള്‍ക്കായി ജന്മികളില്‍ നിന്നും വാങ്ങിച്ച് തീറെഴുതിക്കൊടുത്ത സ്ഥലമാണിതെന്ന് അന്നു തൊട്ട് ഇവിടെയുള്ള ചിരുത ഓര്‍ക്കുന്നു. “ഞങ്ങള്‍ക്ക് വീടു വയ്ക്കാന്‍ അവിടേം, ശ്മശാനമായിട്ട് ഇവിടേം തന്നിട്ടുണ്ട് സ്ഥലം. ഒന്നരയേക്കര്‍ വീതം. കാലം ചെറുപ്പം തൊട്ട് ഞാന്‍ കാണുന്നതാണ് ഈ സ്ഥലം. അന്ന് ഞങ്ങള്‍ക്ക് അളന്ന് തന്നതാണ്. എന്തിനായാലും, അതു ഞങ്ങള്‍ വിട്ടു കൊടുക്കൂല. ഇനി ഇവിടെ എന്തെങ്കിലും ചെയ്യണെങ്കില്‍, ഞങ്ങളെയെല്ലാരേം കൊല്ലേണ്ടിവരും.”
പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഈ നീക്കമുണ്ടായത് എന്നറിഞ്ഞതിനെത്തുടര്‍ന്ന് പലരോടും ഇവര്‍ കാര്യമന്വേഷിച്ചെങ്കിലും, പല തരത്തിലുള്ള പ്രതികരണങ്ങളാണ് എല്ലാവര്‍ക്കും ലഭിച്ചത്. വിവരമന്വേഷിച്ചു ചെന്ന കോളനിക്കാരോട് തങ്ങളൊന്നുമറിഞ്ഞിട്ടില്ല എന്നാവര്‍ത്തിച്ചു പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു പ്രസിഡന്റും മെമ്പറുമെന്ന് ബാബു ആരോപിക്കുന്നു. അതേ സമയം, ശ്മശാനത്തിന്റെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന തര്‍ക്കവും ഉയരുന്നുണ്ട്. വിനോഭ ഭാവെ ഇടപെട്ടു തന്ന ദാനമാണെന്ന് തെളിയിക്കാനുള്ള രേഖകളും, സ്ഥലത്തിന്റെ ആധാരവുമായി ബന്ധപ്പെട്ട മറ്റു രേഖകളും ഹാജരാക്കി ഉടമസ്ഥാവകാശം തെളിയിക്കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നുണ്ട്.
എന്നാല്‍, ശ്മശാനത്തിന്റെ ഉടമസ്ഥാവകാശമല്ല തങ്ങളുടെ വിഷയമെന്നും ഇവര്‍ അടിവരയിട്ടു തന്നെ പറയുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള ഒരു വിഭാഗത്തിന്റെ കൈവശമുള്ള ഭൂമി എളുപ്പത്തില്‍ എതിരഭിപ്രായങ്ങളില്ലാതെ പൊതു ആവശ്യത്തിലേക്ക് വകയിരുത്താമെന്ന പഞ്ചായത്തിന്റെ ധാര്‍ഷ്ഠ്യത്തെ ചോദ്യം ചെയ്യുകയാണ് വേണ്ടതെന്നാണ് രമേഷിന്റെയും സംരക്ഷണ സമിതി സെക്രട്ടറി ബേബി ഏകരൂലിന്റെയും പക്ഷം. തങ്ങളോട് ഒരു വാക്ക് സംസാരിക്കുന്നതില്‍ എന്തായിരുന്നു പഞ്ചായത്തിന് തടസ്സമെന്ന് കോളനിക്കാരും ചോദിക്കുന്നു. “പഞ്ചായത്തില്‍ ഒരു സൂചി കുത്തണമെങ്കില്‍പ്പോലും മെമ്പര്‍ അറിയണമെന്നിരിക്കേ, ഇത്ര വലിയൊരു നീക്കം അവരുടെ നേതൃത്വത്തില്‍ നടന്നിട്ട് പഞ്ചായത്ത് മെമ്പര്‍ അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ അതെങ്ങനെ വിശ്വസിക്കാന്‍ സാധിക്കും? തിരിച്ചെന്തെങ്കിലും ചോദിക്കാനോ, അല്ലെങ്കില്‍ പറഞ്ഞ് എതിര്‍ത്തു നില്‍ക്കാനോ കഴിവില്ലാത്തവരാണ് കോളനിയിലുള്ളത് എന്ന ബോധ്യത്തിന്റെ പുറത്ത് ചെയ്യുന്നതാണിതൊക്കെ. കൂലിപ്പണിക്ക് പോകുന്ന, കാര്യമായ വിദ്യാഭ്യാസമില്ലാത്ത ഇവിടത്തുകാര്‍ക്ക് എന്തെങ്കിലും പരാതി പറയാനോ സഹായം ചോദിക്കാനോ ഉള്ളത് പഞ്ചായത്തംഗങ്ങളാണ്. അവര്‍ തന്നെ ഇങ്ങിനെ ചെയ്യാന്‍ തുടങ്ങിയാലോ? ഇനി എന്തായാലും മിണ്ടാതിരിക്കാന്‍ ആരും ഉദ്ദേശിച്ചിട്ടില്ല. പഞ്ചായത്ത് ഈ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നാണറിഞ്ഞത്. ഇനി അവര്‍ ജെ.സി.ബിയും കൊണ്ടു വന്നാല്‍ ആയിരങ്ങള്‍ ഈ വഴിയില്‍ നിരന്നു നില്‍ക്കും. പട്ടികജാതിക്കാരുടെ നെഞ്ചത്ത് അവര്‍ പൊതു ശ്മശാനം കെട്ടണ്ട”, ചെറിയരാമന്റെ മകള്‍ ദേവിയടക്കമുള്ള പുതിയ തലമുറ പ്രതിരോധിക്കാനുള്ള ഒരുക്കത്തില്‍ത്തന്നെയാണ്.
അതേസമയം, ദളിതര്‍ക്കെതിരെയുള്ള പഞ്ചായത്തിന്റെ നടപടിയായി ഈ നീക്കത്തെ കാണരുതെന്നും, പഞ്ചായത്ത് എത്രയോ വര്‍ഷങ്ങളായി പരിഗണിക്കുന്ന പൊതു ശ്മശാനം എന്ന ആശയം നടപ്പില്‍ വരുത്താനുള്ള ജോലികളാണ് അവിടെ നടക്കുന്നതെന്നുമാണ് ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ബിനോയിയുടെ വാദം. “ശ്മശാനഭൂമിയെ ഒന്നും ചെയ്യാനല്ല പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. അവിടെ മൃതദേഹങ്ങള്‍ മണ്ണില്‍ കുഴിച്ചിടുന്നതിനു പകരം ആധുനിക രീതിയില്‍ സംസ്‌കരിക്കാനുള്ള നടപടികളാണ് നോക്കുന്നത്. ആധുനിക ശ്മശാനം വേണമെന്നത് എഴുപതുകള്‍ മുതല്‍ക്കു തന്നെ പഞ്ചായത്തിലെ ആളുകളുടെ ആവശ്യമാണ്. നിലവില്‍ കോരങ്ങാട്ടോ കോഴിക്കോടോ പോകേണ്ട അവസ്ഥയാണ്. ശ്മശാനം വേണമെന്ന പ്രതിഷേധങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രണ്ടു വട്ടമുണ്ടായി. ജനങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഇപ്പോള്‍ ശ്മശാനം നിര്‍മിക്കാനുള്ള വഴികള്‍ നോക്കുന്നത്. രണ്ട് ഓര്‍ഡിനറി ചേംബറുകളും ഒരു ഗ്യാസ് ചേംബറുമുള്ള ആധുനിക ശ്മശാനമാണ് അവിടെ വരിക. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള എന്ന സര്‍ക്കാര്‍ ഏജന്‍സിക്കാണ് അതിന്റെ ചുമതല. എത്രയോ വര്‍ഷങ്ങളായി ചര്‍ച്ചയിലുള്ള കാര്യമാണ്, അല്ലാതെ ആരെയും അറിയിക്കാതെ നടത്തിയതൊന്നുമല്ല. ജനങ്ങളുമായി ഇപ്പോഴും പഞ്ചായത്തിന് തുറന്ന മനഃസ്ഥിതിയാണ്. ചര്‍ച്ചകള്‍ക്കും തയ്യാറാണ്. എന്നാല്‍, ശ്മശാനം വേണമെന്നുള്ളത് സമൂഹത്തിന്റെ ആവശ്യമാണ് താനും.
“ശ്മശാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചുമതല കൈമാറിക്കഴിഞ്ഞാല്‍, ജോലി പൂര്‍ത്തിയാക്കി ശ്മശാനം പഞ്ചായത്തിന് കൈമാറുക എന്നതാണ് ഏജന്‍സിയുടെ രീതി. അതിനിടയില്‍ ഇങ്ങനെ ചില സംഭവങ്ങളുണ്ടായതായി കേട്ടു. അതെക്കുറിച്ച് ഞാനുമറിഞ്ഞിരുന്നില്ല. ഈയടുത്ത കാലത്ത് ശവസംസ്‌കാരം നടത്തിയയിടങ്ങളിലേക്ക് പോയിട്ടില്ലെന്നും, അവിടെയുള്ളവര്‍ തന്നെയാണ് സ്ഥലം കൃത്യമായി കാണിച്ചു കൊടുത്തതെന്നുമാണ് ജെ.സി.ബി ഓപ്പറേറ്റര്‍മാര്‍ ഞങ്ങളോടു പറഞ്ഞത്. ദളിത് വിഭാഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന സംസ്ഥാനത്തെ ആദ്യത്തെ പ്രൊജക്ട് ഏറ്റെടുത്ത പഞ്ചായത്ത് ഞങ്ങളുടേതാണ്. ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ സര്‍ക്കാര്‍ ജോലികളിലെത്തിക്കാനും, വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ മുന്നോട്ടു കൊണ്ടുവരാനുമുള്ള പദ്ധതികള്‍ക്ക് പഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് ദളിത് വിരുദ്ധമാണെന്ന് പറയുന്നവര്‍ അതുകൂടി ഓര്‍ക്കണം.”
എങ്കിലും, ദളിത് ശ്മശാനത്തിലെ മൃതദേഹങ്ങളോട് കാണിച്ച അനാദരവിന് അധികൃതര്‍ക്കാര്‍ക്കും കൃത്യമായ ഒരു വിശദീകരണം നല്‍കാനാകുന്നില്ലെന്നതാണ് വാസ്തവം. ജനവാസസ്ഥലങ്ങളുടെ തൊട്ടരികില്‍ പൊതുശ്മശാനം വരുന്നതിനോട് പൊതുവേ പ്രദേശവാസികള്‍ ഉയര്‍ത്താറുള്ള എതിര്‍പ്പു പോലും ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നുള്ള ഉറപ്പു തന്നെയാണ് പഞ്ചായത്ത് അധികൃതരെ ഇത്രയെളുപ്പത്തില്‍ പദ്ധതി നടപ്പില്‍ വരുത്താന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ഒരു ജനവിഭാഗത്തിന്റെ വൈകാരികത പോലും കാര്യമാക്കേണ്ടതില്ല എന്നു തോന്നിക്കുന്ന തരം പഞ്ചായത്ത് വികസനം എല്ലാവരേയും ഉള്‍ക്കൊള്ളിക്കുന്നതല്ല എന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ മൊകായി കോളനിക്കാര്‍.
തങ്ങളുടെ കുടുംബത്തില്‍ മരിച്ച ഓരോരുത്തരേയും അടക്കിയിരിക്കുന്ന സ്ഥാനങ്ങള്‍ മൊകായിക്കാര്‍ക്ക് കൃത്യമായും അറിയാം. ഇടയ്ക്കിടെ അവിടെ വളരുന്ന പുല്ലു നീക്കിയും, പ്രാര്‍ത്ഥനയ്ക്കായെത്തിയും നഷ്ടപ്പെട്ട ഉറ്റവരെക്കുറിച്ചുള്ള ഓര്‍മ പുതുക്കിയിരുന്ന ഇവര്‍, പരന്നു കിടക്കുന്ന മണ്‍കൂനയ്ക്കു മേല്‍ ആശങ്കയോടെ നില്‍ക്കുകയാണിപ്പോള്‍. തങ്ങളുടെ മാനസിക സംഘര്‍ഷത്തിനും വൈകാരികതയ്ക്കും അധികൃതര്‍ വില കല്‍പ്പിക്കുന്നില്ലേ എന്നവര്‍ ചോദിക്കുമ്പോള്‍ ആര്‍ക്കും ഉത്തരമില്ല.