ദിവസങ്ങളായി ഏറ്റുവാങ്ങാന്‍ ആരുമെത്താതെ പൊലീസിന്റെ പക്കലായിരുന്നു കണ്ണന്‍കുട്ടിയുടെ മൃതദേഹം.
നാലു ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ശേഷം മാര്‍ച്ച് 27 ബുധനാഴ്ച കണ്ണന്‍കുട്ടിയുടെ മൃതദേഹം കോഴിക്കോട് മാവൂര്‍റോഡ് ശ്മശാനത്തില്‍ സംസ്‌കരിച്ചു. ദിവസങ്ങളായി ഏറ്റുവാങ്ങാന്‍ ആരുമെത്താതെ പൊലീസിന്റെ പക്കലായിരുന്നു കണ്ണന്‍കുട്ടിയുടെ മൃതദേഹം. മകനായ സുന്ദരനടക്കമുള്ളവര്‍ അച്ഛനെ യഥാവിധി സംസ്‌കരിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ തന്നെയാണെങ്കിലും, നീതിനിഷേധത്തോടുള്ള പ്രതികരണമെന്നോണം സുന്ദരന്‍ അച്ഛനെ ഏറ്റുവാങ്ങാന്‍ എത്താതിരുന്നപ്പോള്‍ മരിച്ചിട്ടും ദിവസങ്ങളോളം കാത്തുകിടക്കേണ്ടി വന്നു കണ്ണന്‍കുട്ടിക്ക്. കഴിഞ്ഞ മാര്‍ച്ച് 23നാണ് വൃക്കരോഗബാധിതനായിരുന്ന മലപ്പുറം കുഴിമണ്ണ പുല്ലഞ്ചേരി സ്വദേശി കണ്ണന്‍കുട്ടി മരിക്കുന്നത്. ദളിത് കുടുംബാംഗമായ കണ്ണന്‍കുട്ടിയെ മറവുചെയ്യാന്‍ മക്കളടക്കമുള്ളവര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉപയോഗിച്ചിരുന്ന ശ്മശാനഭൂമിയിലെത്തിയതായിരുന്നു പ്രശ്‌നങ്ങളുടെ ആരംഭം. അമ്പതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് പുല്ലഞ്ചേരിയിലെ ദളിത് കുടുംബങ്ങള്‍ ഉപയോഗിച്ചു പോന്നിരുന്ന ശ്മശാന ഭൂമി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലായിക്കഴിഞ്ഞു എന്നറിഞ്ഞ് പ്രതിഷേധിക്കുകയും പറമ്പിലിറങ്ങി കുഴി വെട്ടുകയും ചെയ്തവരെയെല്ലാം പൊലീസെത്തി മര്‍ദ്ദിക്കുകയും ലാത്തിയും മറ്റും വച്ച് അടിച്ചോടിക്കുകയുമായിരുന്നു.
പൊലീസുകാരുടെ മര്‍ദ്ദനത്തില്‍ സ്ത്രീകളടക്കം ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ തുടര്‍ചികിത്സ നേടാന്‍ അനുവദിക്കാതെ പറഞ്ഞയച്ചതായും പരാതിയുണ്ടായിരുന്നു. എന്നാല്‍, പൊലീസുകാരില്‍ ചിലര്‍ക്കും പരിക്കേറ്റിട്ടുള്ളതിനാല്‍, പൊലീസിനെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ഇരുപതു പേരെ അറസ്റ്റു ചെയ്ത് റിമാന്‍ഡു ചെയ്യുകയും ചെയ്തിരുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അതിക്രമിച്ചു കടന്നു, പൊലീസിനെ ആക്രമിച്ചു, കൃത്യനിര്‍വഹണത്തിനു തടസ്സം നിന്നു എന്നെല്ലാമാണ് ഇവര്‍ക്കു മേലെ ചാര്‍ത്തിയിരുന്ന കുറ്റം. ഈ ഇരുപതു പേരെയും അന്യായമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്നും, ഇവരെ വിട്ടു കിട്ടാതെ അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും സുന്ദരന്‍ അറിയിക്കുകയായിരുന്നു. മരണാനന്തര കര്‍മങ്ങള്‍ ചെയ്യേണ്ടവരില്‍ പലരും കസ്റ്റഡിയിലാണുള്ളതെന്നും ഇവരെ ജാമ്യത്തില്‍ വിടാതെ അടക്കം ചെയ്യില്ലെന്നുമായിരുന്നു സുന്ദരന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ പൊലീസ് ഈ വാദത്തിനു മുന്നില്‍ വഴങ്ങാതെ തന്നെ നിരന്തരം ഫോണില്‍ വിളിച്ചിരുന്നതായി സുന്ദരന്‍ പറയുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ട് അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആവശ്യപ്പെടുകയും, വില്ലേജ് ഓഫീസര്‍ അടക്കമുള്ളവര്‍ വീട്ടില്‍ വന്നിരുന്ന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇന്നലെ കോടതിയില്‍ നിന്നും ഇരുപതു പേരെയും ജാമ്യത്തില്‍ വിടാനുള്ള ഉത്തരവ് ലഭിച്ചതിനു ശേഷമാണ് കണ്ണന്‍കുട്ടിക്ക് അന്ത്യവിശ്രമമായത്. ‘ഇന്നലെയാണ് കസ്റ്റഡിയിലുണ്ടായിരുന്നവര്‍ക്ക് ജാമ്യം കിട്ടിയത്. മൃതദേഹം മറവു ചെയ്യുകയും ചെയ്തു. ഇന്ന് കര്‍മങ്ങളും പൂര്‍ത്തിയാക്കി. ഉപാധികളോടെയുള്ള ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ സ്‌റ്റേഷനിലെത്തി ഒപ്പിടണം. ശ്മശാനം നില്‍ക്കുന്നയിടത്തേക്ക് പോകുന്നതിനും ഇവര്‍ക്ക് വിലക്കുണ്ട്. ശ്മശാനഭൂമിയുടെ പേരിലുള്ള തര്‍ക്കത്തിനു പക്ഷേ, ഇപ്പോഴും പരിഹാരമായിട്ടില്ല. അതിന്മേല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി ഒരു തീരുമാനത്തിലെത്തേണ്ടതുണ്ട്. ദളിത് സംഘടനകളെല്ലാം ഞങ്ങള്‍ക്കൊപ്പമുണ്ട്. കര്‍മങ്ങള്‍ കഴിഞ്ഞ ശേഷം ഭൂമിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്താമെന്നായിരുന്നു തീരുമാനം. ദളിത് ഐക്യ വേദിയുടെ പ്രവര്‍ത്തകര്‍ ഞങ്ങളുടെ പ്രതിനിധികളായി ചര്‍ച്ചയ്ക്കു പോകും.’ സുന്ദരന്‍ പറയുന്നു.
ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇരുപതു പേരില്‍ രണ്ടുപേര്‍ ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസിന്റെ മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ഇവര്‍ക്ക് രണ്ടുപേര്‍ക്കും ദേഹത്ത് ചവിട്ടു കൊണ്ട പാടുകളുണ്ട്. സ്‌കാനിംഗും മറ്റു പരിശോധനകളും നടന്നുകൊണ്ടിരിക്കുകയാണ്. മൃതദേഹം മറവുചെയ്യാനെത്തിയ സംഘത്തെ പൊലീസ് തുരത്തിയോടിക്കാന്‍ ശ്രമിച്ചപ്പോള്‍ പരിക്കേറ്റത് ഏറെയും സ്ത്രീകള്‍ക്കായിരുന്നു. വനിതാ പൊലീസുകാരുടെ അസാന്നിധ്യത്തിലാണ് ദളിത് സ്ത്രീകള്‍ക്ക് മര്‍ദ്ദനമേറ്റതെന്ന ഗുരുതരമായ പരാതിയും ഇവര്‍ക്ക് മുന്നോട്ടുവയ്ക്കാനുണ്ട്. ഇവരിലൊരാള്‍ക്ക് ലാത്തികൊണ്ട് തുടയില്‍ കുത്തേറ്റ് സാരമായി പരിക്കേറ്റിട്ടുമുണ്ട്. എന്നാല്‍ ഇതിനു ശേഷം ചികിത്സ തേടി ആശുപത്രിയിലെത്തിയ ഇവരെ, അല്പ സമയത്തിനു ശേഷം തിരികെ വീട്ടിലേക്ക് നിര്‍ബന്ധപൂര്‍വം പറഞ്ഞയക്കുകയായിരുന്നെന്നും പരാതിയുണ്ട്. സ്ത്രീകളെയടക്കം മര്‍ദ്ദിച്ച് അവശരാക്കിയ പൊലീസുകാര്‍ പരിക്കുകളുമായി ആശുപത്രിയില്‍ ചികിത്സ തേടിയത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും സുന്ദരന്‍ പറയുന്നു. കേസ് അട്ടിമറിച്ച് തങ്ങള്‍ക്കെതിരായി തിരിക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇവര്‍ക്ക് സംശയമുണ്ട്. തങ്ങള്‍ പൊലീസിനെ മര്‍ദ്ദിച്ചുവെന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം ആവര്‍ത്തിച്ചു പറയുന്നുണ്ടെന്നും, ജാമ്യം ലഭിക്കാതിരിക്കാനുള്ള നീക്കങ്ങള്‍ മറുഭാഗത്തുനിന്നും പരമാവധി നടന്നിട്ടുണ്ടെന്നും ഇവര്‍ പരാതിപ്പെടുന്നു.
അതേസമയം, സ്ഥലത്തിന്റെ പട്ടയമടക്കമുള്ള കൃത്യമായ രേഖകള്‍ കൊണ്ടോട്ടി സ്വദേശിയായ സാദിഖലി എന്നയാളുടെ പേരിലാണെന്നും, സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് എങ്ങനെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാനാകുമെന്നുമാണ് പൊലീസ് ചോദിക്കുന്നത്. ആധാരം, പട്ടയം, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് എന്നിങ്ങനെ ഉടമസ്ഥത തെളിയിക്കാനുള്ള രേഖകളെല്ലാം സാദിഖലിയുടെ പക്കല്‍ ഉള്ളതിനാല്‍ പൊലീസിനും മറുത്തൊരു നിലപാട് എടുക്കുക സാധ്യമല്ല. എങ്കിലും, അമ്പതുവര്‍ഷക്കാലം മുന്‍പ് ദളിതര്‍ക്ക് ശ്മശാനഭൂമിയായി ഉപയോഗിക്കാന്‍ ലഭ്യമായിരുന്ന, 2010 വരെ പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ശ്മശാനഭൂമി എന്ന രേഖപ്പെടുത്തിയിരുന്ന കോട്ടത്തടത്തെ ഈ സ്ഥലം എങ്ങനെ ഇത്രയെളുപ്പത്തില്‍ സാദിഖലിയുടെ പേരിലായി എന്നതിലും വ്യക്തതയില്ല. സ്ഥലത്ത് വീടുവയ്ക്കാനുള്ള പഞ്ചായത്തിന്റെ അനുമതിയടക്കം തന്റെ പക്കലുണ്ടെന്ന് സാദിഖലി അവകാശപ്പെടുന്നുണ്ടെങ്കിലും, ഈ സ്ഥലത്തു നിന്നും ചെങ്കല്ല് വെട്ടിയിറക്കുകയാണ് ഇയാളെന്നാണ് പ്രദേശവാസികളുടെ പക്ഷം. വര്‍ഷങ്ങള്‍ക്കു മുന്‍പ് പുല്ലഞ്ചേരി പരിസരത്ത് ചാക്കിലാക്കിയ നിലയില്‍ അസ്ഥികൂടങ്ങളും തലയോട്ടിയും കണ്ടെത്തിയതിനു പിറകില്‍ ഈ ശ്മശാനത്തില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് ചെങ്കല്‍ ഖനനത്തിന് പാകപ്പെടുത്തിയ പദ്ധതിയാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. സ്വകാര്യ സ്ഥലമെന്ന് ജനപ്രതിനിധികളടക്കം ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും, ദളിത് ശ്മശാനത്തെ ജെ.സി.ബി ഉപയോഗിച്ച് മാന്തിയെടുത്ത് മൃതദേഹാവശിഷ്ടങ്ങള്‍ വഴിയരികില്‍ ഉപേക്ഷിച്ച അനാദരവ് വകവച്ചു കൊടുക്കാനാകില്ലെന്നുതന്നെയാണ് വിവിധ അവകാശപ്രവര്‍ത്തക സംഘടനകളുടെ പക്ഷം. ഇത്തരമൊരു വിവാദം ഉയര്‍ന്നുവന്നതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ് കൈമോശം വന്ന സ്ഥലം തിരികെപ്പിടിക്കാന്‍ കണ്ണന്‍കുട്ടിയുടെ മൃതദേഹവുമായി ഇവര്‍ ഇവിടെയെത്തിയതും. വര്‍ഷങ്ങളായി വീടിനടുത്തുള്ള മറ്റൊരു ശ്മശാനമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. പത്തു സെന്റ് സ്ഥലം മാത്രമുള്ള അവിടെ ഇനി മൃതദേഹങ്ങള്‍ അടക്കം ചെയ്യാനാകില്ല എന്നു സ്ഥിതി വന്നതും ഇവരെ തിരികെ കോട്ടത്തടത്തെത്തിച്ച മറ്റൊരു ഘടകമാണ്.
സ്വകാര്യ സ്ഥലമെന്ന ന്യായം പറഞ്ഞ് തങ്ങളെ തല്ലിയോടിച്ച പൊലീസിന്റെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധത്തിനും ഇവര്‍ ഒരുങ്ങുകയാണ്. സംസ്ഥാനത്തുടനീളം ദളിത് ശ്മശാനങ്ങളെ കൈയേറി പൊതു ശ്മശാനങ്ങളും സ്വകാര്യ ഭൂമികളുമാക്കിമാറ്റുന്ന പ്രവണത ഈയിടെയായി വര്‍ദ്ധിച്ചുവരികയാണ്. ദളിതരുടെ മൃതദേഹങ്ങളോടും ജീവിതസാഹചര്യങ്ങളോടും അല്പം പോലും ആദരവ് കാണിക്കാതെയുള്ള ഇത്തരം കടന്നുകയറ്റങ്ങളെ ഏതു വിധേനെയും എതിര്‍ക്കാനാണ് ഇവരുടെ തീരുമാനം. നിലവില്‍ ഭൂമിയുടെ അവകാശം സാദിഖലിയ്ക്കാണെന്നിരിക്കേ കണ്ണന്‍കുട്ടിയെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ അടക്കം ചെയ്യേണ്ടിവന്നെങ്കിലും, ഒത്തുതീര്‍പ്പിനു തയ്യാറാകാതെ പോരാട്ടം തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.