കള്ളാടി, വള്ളുവന്‍, പുലയന്‍, പറയന്‍ തുടങ്ങിയ ദളിത് വിഭാഗക്കാര്‍ 1957 മുതല്‍ ശ്മശാനമായി ഉപയോഗിച്ചു വരികയാണ് ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കാനിരിക്കുന്ന ഒന്നരയേക്കര്‍ ഭൂമി
മൊകായി കോളനിയിലെ ദളിത് ശ്മശാനം പഞ്ചായത്ത് അധികൃതര്‍ ജെ.സി.ബി ഉപയോഗിച്ച് കിളച്ചു മറിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാസങ്ങള്‍ക്കു ശേഷവും തീര്‍പ്പുണ്ടാകാത്തതില്‍ പ്രതിഷേധം കനക്കുന്നു. കോളനിയോടു ചേര്‍ന്ന് ദളിത് വിഭാഗക്കാര്‍ ശ്മശാനമായി ഉപയോഗിച്ചു പോരുന്ന ഒന്നരയേക്കര്‍ സ്ഥലമാണ് ജെ.സി.ബി ഉപയോഗിച്ച് കിളച്ചു മറിച്ചത്. സ്ഥലത്തു നിന്നും മണ്ണെടുത്ത് കിളച്ചതോടെ തലയോട്ടിയടക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തു വന്നിരുന്നു. ഇവ നായ്ക്കള്‍ കടിച്ചെടുക്കാതിരിക്കാന്‍ ശ്മശാനത്തിനു കാവലിരിക്കുന്ന വൃദ്ധരടക്കമുള്ളവരുടെ കഥ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടാണ് പുറത്തു കൊണ്ടുവന്നത്.
എന്നാല്‍, ഡിസംബര്‍ മൂന്നിനു കോളനിവാസികളുടെ ശ്രദ്ധയില്‍പ്പെട്ട ഇക്കാര്യം മാസങ്ങള്‍ക്കു ശേഷവും പരിഹാരമില്ലാതെ തുടരുകയാണ്. കോളനി സ്ഥിതിചെയ്യുന്ന കോഴിക്കോട് ബാലുശ്ശേരിക്കടുത്തുള്ള ഉണ്ണികുളം പഞ്ചായത്തില്‍ പൊതു ശ്മശാനമില്ലെന്നും, അതു സ്ഥാപിക്കാനുള്ള ജനങ്ങളുടെ ആവശ്യം മാനിച്ചാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അടക്കമുള്ളവരുടെ വാദം. ആധുനിക രീതിയില്‍ മൃതദേഹം സംസ്‌കരിക്കാനുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ പദ്ധതിയാണ് അവിടെ നിലവില്‍ വരാന്‍ പോകുന്നതെന്നും പ്രസിഡന്റ് അറിയിച്ചിരുന്നു. അതേസമയം, കോളനിവാസികളുടെ അടുത്ത ബന്ധുക്കളടക്കമുള്ളവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ വലിച്ചു പുറത്തിട്ടുകൊണ്ടു തന്നെ വേണോ പദ്ധതികള്‍ നടപ്പിലാക്കാന്‍ എന്ന ചോദ്യത്തിന് ഉത്തരമില്ല താനും.
മാസങ്ങള്‍ക്കു ശേഷവും പൊതു ശ്മശാനം എന്ന ആശയത്തില്‍ നിന്നും പിന്മാറാന്‍ അധികൃതര്‍ തയ്യാറാകാഞ്ഞതോടെ, മൊകായി കോളനിയിലെ ദളിതര്‍ അംബേദ്കറൈറ്റ്‌സ് ഫോര്‍ സോഷ്യല്‍ ആക്ഷനൊപ്പം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചു ചെയ്യുകയും ധര്‍ണ നടത്തുകയും ചെയ്തു. മൊകായി കോളനി ശ്മശാനത്തില്‍ ഒത്തുകൂടി, സര്‍വതും നഷ്ടപ്പെടേണ്ടി വന്നാലും ശ്മശാനം സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത ശേഷം പ്രതീകാത്മക ശവമഞ്ചവുമായായിരുന്നു പഞ്ചായത്തോഫീസിലേക്കുള്ള ജാഥ. വൈകീട്ട് അഞ്ചുമണിവരെ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണയും നടന്നു. ശേഷം ഏകരൂല്‍ അങ്ങാടിയില്‍ നടന്ന പ്രതിഷേധയോഗത്തില്‍ വന്‍ പൊതുജനപങ്കാളിത്തവുമുണ്ടായിരുന്നു.
‘ഞങ്ങള്‍ വികസന വിരോധികളല്ല’ എന്നും, ‘ഞങ്ങള്‍ ജാതിവാദികളല്ല, ജാതിവ്യവസ്ഥയുടെ ഇരകളാണ്’ എന്നുമുള്ള പോസ്റ്ററുകള്‍ കൈയിലേന്തിയാണ് കോളനിയിലെ പതിനേഴ് കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുത്തത്. ദളിതരുടെ വിഭവങ്ങള്‍ക്കു മേല്‍ എളുപ്പത്തില്‍ ആധിപത്യം സ്ഥാപിക്കാം എന്ന ചിന്തയുടെ പുറത്താണ് പഞ്ചായത്ത് അധികൃതര്‍ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്ന് തങ്ങള്‍ക്കു ബോധ്യമുള്ളതായും, ഇതിനു കാരണക്കാരായവര്‍ക്കെതിരെ എസ്.സി/ എസ്.ടി ആക്ട് പ്രകാരം കേസെടുക്കണമെന്ന ആവശ്യമാണ് തങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്നും ഇവര്‍ പറയുന്നു.
മൊകായി കോളനിക്കാരുടെ പ്രശ്‌നം പൊതുജനത്തിന്റെയാകെ പ്രശ്‌നമാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് പ്രതിഷേധ പരിപാടികള്‍ നടത്തിയതെന്നും അതില്‍ വിജയം കാണാന്‍ സാധിച്ചതായും അംബേദ്കറൈറ്റ്‌സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് രമേഷ് നന്മണ്ട പറയുന്നു. പഞ്ചായത്തിലെയാളുകള്‍ക്ക് രണ്ടു ഘട്ടമായി വിതരണം ചെയ്ത ലഘുലേഖകളിലൂടെയാണ് വിഷയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയത്. അതിന്റെ തുടര്‍ച്ചയായിത്തന്നെ, ജാഥയിലും പൊതു സമ്മേളനത്തിലും കോളനിക്കു പുറത്തുള്ളവരുടെ വലിയ പങ്കാളിത്തവുമുണ്ടായിരുന്നു. മുന്നൂറോളം പേര്‍ പങ്കെടുത്ത പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് ഗ്രോ വാസുവാണ്.
പൊതു ശ്മശാനമെന്ന പദ്ധതിയില്‍ നിന്നും പിന്മാറാന്‍ പഞ്ചായത്ത് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും, പരിപാടിയിലെ പൊതുജന പങ്കാളിത്തം അവരെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നു തന്നെയാണ് കോളനിവാസികളുടെ പ്രതീക്ഷ. പൊതുജനത്തിന്റെ ആവശ്യം മുന്‍നിര്‍ത്തിയാണ് പൊതുശ്മശാനം സ്ഥാപിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്ന വാദമുയര്‍ത്തിയിരുന്ന പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവര്‍ക്ക് ഇനി അതിനു സാധിക്കില്ലെന്നും ഇവര്‍ കരുതുന്നു. ദളിത് കോളനികളിലെ അവകാശ സമരം ദളിതര്‍ക്കുള്ളില്‍ ഒതുങ്ങേണ്ടതല്ലെന്ന പ്രഖ്യാപനമാണ് സമരപരിപാടികള്‍ കടുപ്പിക്കുന്നതിലൂടെ ഇവര്‍ മുന്നോട്ടു വയ്ക്കുന്നതും. അംബേദ്കറുടെയും അയ്യങ്കാളിയുടെയും ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഇത്തരം ബഹുജന സമരങ്ങള്‍ ഇനിയുമുണ്ടാകുമെന്നും ഇവര്‍ പറയുന്നു.
കള്ളാടി, വള്ളുവന്‍, പുലയന്‍, പറയന്‍ തുടങ്ങിയ ദളിത് വിഭാഗക്കാര്‍ 1957 മുതല്‍ ശ്മശാനമായി ഉപയോഗിച്ചു വരികയാണ് ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കാനിരിക്കുന്ന ഒന്നരയേക്കര്‍ ഭൂമി. മണ്ണു മാന്തി കിളച്ചിട്ടതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴെല്ലാം ഇതു നിങ്ങളുടേതാണെന്നതിന് രേഖകളുണ്ടോ എന്ന ചോദ്യമാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. തങ്ങള്‍ക്ക് വൈകാരികമായി വളരെയേറെ പ്രാധാന്യമുള്ള ഈ സ്ഥലത്ത് പൊതുശ്മശാനം കൊണ്ടുവരാനുള്ള ശ്രമങ്ങളും, അതിനു മുന്നോടിയായി നടന്ന മനുഷ്യത്വരഹിതമായ കയ്യേറ്റവും ദളിതരോടുള്ള സാമൂഹ്യവിവേചനത്തിന്റെ ഭാഗമായിത്തന്നെയാണ് ഇവര്‍ കാണുന്നതും.