UPDATES

കീഴാറ്റൂരിന് പിന്നാലെ പാപ്പിനിശേരി തുരുത്തി; ദേശീയ പാത പുറന്തള്ളുന്നത് 29 ദളിത് കുടുംബങ്ങളെ

ദേശീയപാത വികസനവുമായി സംഘർഷം, പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു; ഇന്ന് വൈകുന്നേരം 4 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത് പരിസരത്ത് പ്രകടനവും പ്രതിഷേധവും

കണ്ണൂര്‍ പാപ്പിനിശ്ശേരിയിലും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സംഘർഷം. വളപട്ടണം പുഴയുടെ തീരത്തുള്ള തുരുത്തി ദളിത് കോളനിയിൽ ഉള്ള 29 കുടുംബങ്ങളാണ് ദേശീയ പാതാവികസനത്തിന് എതിരായി കഴിഞ്ഞ 12 ദിവസമായി സമര രംഗത്തുള്ളത്. ഇന്ന് പോലീസ് മേൽനോട്ടത്തിൽ സർവ്വേ നടത്താനുള്ള ശ്രമത്തെ എതിർത്തവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത് എന്ന് സമര രംഗത്തുള്ളവർ അഴിമുഖത്തോടു പറഞ്ഞു.

കണ്ടൽക്കാടുകൾ നിറഞ്ഞ പ്രകൃതിലോല പ്രദേശം ആണ് തുരുത്തി. കണ്ടൽ പൊക്കുടൻ മുന്നോട്ടു വെച്ച പ്രകൃതി സംരക്ഷണ പദ്ധതികൾ അട്ടിമറിച്ചു കൊണ്ടാണ് ദേശീയ പാത വികസനം നടപ്പിലാക്കാക്കുന്നത് എന്ന് സാമൂഹ്യ പ്രവര്‍ത്തകനായ രാജീവ് സി പറഞ്ഞു.

കണ്ടൽക്കാടുകൾ, തണ്ണീർത്തടം എന്നിവയുമായി ബന്ധപ്പെട്ടാണ് ഇവിടത്തെ ദളിത് കുടുംബങ്ങള്‍ ജീവിക്കുന്നത്. കിടപ്പാടം നഷ്ട്ടപെടുന്നതോടൊപ്പം അവരുടെ ജീവിത മാർഗവും ആണ് നഷ്ടപ്പെടുന്നത് എന്ന് രാജീവ് കൂട്ടി ചേർത്തു.

ഒരു സർക്കാർ പ്രതിനിധിയും ജനപ്രതിനിധിയും അവരെ ചർച്ചയ്ക്കു വിളിച്ചിട്ടില്ല എന്നും ദേശീയപാത അവരുടെ കോളനിയിലൂടെ വരുന്നത് പോലും അവരെ അറിയിച്ചില്ല എന്നും സമരക്കാര്‍ ആരോപിച്ചു. ദേശീയപാത അതോറിറ്റിയുടെ വെബ്സൈറ്റിൽ നിന്നാണ് കാര്യങ്ങള്‍ അറിഞ്ഞത്.

ദേശീയ പാതയുടെ അലൈന്മെന്റിൽ ഒരു മാറ്റവും വരുത്താൻ സാധിക്കില്ല എന്ന് കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വരുന്ന അഞ്ചു മാസത്തിനുള്ളിൽ ദേശീയപാത നിർമാണത്തിനുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കണം എന്ന് കേന്ദ്രം കേരളത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തുരുത്തി സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത് പരിസരത്ത് പ്രകടനവും പ്രതിഷേധവും സംഘടിപ്പിക്കുമെന്ന് സമരസമിതി പറഞ്ഞു.

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍