UPDATES

മൂന്നാം റാങ്ക്, ദളിതന്‍, പക്ഷേ എസ്എഫ്ഐക്കാരന്‍; പ്രവേശനം നല്‍കാന്‍ പറ്റില്ലെന്ന് മാര്‍ ഇവാനിയോസ് കോളേജ്

പരാതി പറയാന്‍ ചെന്നപ്പോള്‍ വേഗം മുറിയില്‍ നിന്നിറങ്ങിപ്പോകാന്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു; തങ്ങള്‍ക്ക് സ്വയംഭരണം ഉള്ളതിനാല്‍ അഡ്മിഷന്‍ നിഷേധിക്കാന്‍ അവകാശമുണ്ടെന്നും കോളേജ്

മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തിലുള്ള ബിരുദപഠനത്തിന് ശേഷം ഒരു ബിരുദം സ്വന്തമാക്കാന്‍ കഴിയാതെ വന്നപ്പോഴാണ് വിഷ്ണു സനല്‍ കുമാര്‍ തന്റെ ഇഷ്ട വിഷയമായ ജേര്‍ണലിസം തെരഞ്ഞെടുത്തത്. എന്നാല്‍ നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദളിത് വിദ്യാര്‍ത്ഥിയായ വിഷ്ണു സനല്‍ കുമാറിന് കോളേജ് അധികൃതര്‍ പ്രവേശനം നിഷേധിക്കുകയാണ്.

താന്‍ ആദ്യ ബിരുദം ചെയ്തിരുന്ന മാര്‍ ഇവാനിയോസില്‍ നിന്ന് തന്നെ മാധ്യമപഠനത്തില്‍ ബിരുദം ചെയ്യണമെന്ന ആഗ്രഹത്താലാണ് വിഷ്ണു സനല്‍ കുമാര്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറായത്. പ്രവേശനപരീക്ഷയില്‍ എസ്.സി വിഭാഗത്തില്‍ മൂന്നാം റാങ്ക് നേടിയ വിഷ്ണുവിന് അലോട്‌മെന്റ് മെമോ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചില്ല. സാങ്കേതിക പ്രശ്‌നമാണോ എന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് വിഷ്ണുവിന് പ്രവേശനം നല്കാന്‍ കഴിയില്ല എന്ന് കോളേജ് അധികൃതര്‍ അറിയിച്ചത്. “മൂന്ന് വര്‍ഷം മാര്‍ ഇവാനിയോസില്‍ തന്നെ പഠിച്ചതിനാല്‍ പ്രവേശനം നല്‍കാന്‍ സാധിക്കില്ല എന്നാണ് കോളേജില്‍ നിന്നും അറിയിച്ചത്. പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോഴോ പരീക്ഷ എഴുതുമ്പോഴോ ഇത്തരത്തിലുള്ള തടസങ്ങള്‍ അവര്‍ പറഞ്ഞിരുന്നില്ല”, വിഷ്ണു പറഞ്ഞു.

ഒരിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന കാരണത്താല്‍ വിഷ്ണുവിന് വീണ്ടും പ്രവേശനം നല്‍കേണ്ടതില്ല എന്നാണ് കൗണ്‍സില്‍ തീരുമാനം എന്നാണ് കാരണം അന്വേഷിച്ചു ചെന്ന വിഷ്ണുവിനോട് പ്രിന്‍സിപ്പാല്‍ ഡോ. കെ.ഐ ജോര്‍ജി അറിയിച്ചത്. എന്നാല്‍ കലാലയ ജീവിതത്തോടൊപ്പം എസ്എഫ്‌ഐയിലും സജീവപ്രവര്‍ത്തകനായിരുന്ന തന്റെ രാഷ്ട്രീയപ്രവര്‍ത്തനവും പ്രവേശനം നിഷേധിക്കാനുള്ള കാരണമായി എന്നാണ് വിഷ്ണു ആരോപിക്കുന്നത്.

നീതി നിഷേധിക്കപ്പെട്ടതിനൊപ്പം തന്നെ പ്രിന്‍സിപ്പല്‍ അപമാനിക്കുകയും ചെയ്തതായി വിഷ്ണു ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു; “നിവേദനമായി ഞാൻ ഒന്നുകൂടി പ്രിൻസിപ്പാളിനെ കാണാൻ ചെന്നു. എന്റെ നിവേദനം സ്വീകരിക്കാൻ സാധ്യമല്ല എന്നുപറഞ്ഞപ്പോൾ ആവുന്നത്ര ഞാൻ അപേക്ഷിച്ചുനോക്കി. എന്നിട്ടും സ്വീകരിക്കില്ലെന്നായപ്പോൾ ഇനി ഞാൻ നിയമപരമായി മുന്നോട്ടുപോകും എന്നദ്ദേഹത്തെ അറിയിച്ചു. അത്ര മെച്ചപ്പെട്ട സാമ്പത്തികചുറ്റുപാടുള്ള വീട്ടിൽ നിന്നൊന്നുമല്ല എന്റെ വരവ് എന്നറിയാവുന്നതുകൊണ്ടാവാം, തികഞ്ഞൊരു പരിഹാസച്ചിരിയോടെയാണ് എന്റെ മറുപടി അദ്ദേഹം കേട്ടത്. വേഗം മുറിയിൽ നിന്നും ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു.

“സ്വയംഭരണാവകാശം കിട്ടിയതിനു ശേഷം കോളേജില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിച്ചു. എസ്എഫ്‌ഐയുടെ യൂണിറ്റ് മാത്രമാണ് ഇപ്പോള്‍ കോളേജിനുള്ളത്. വിഷ്ണുവിന്റെ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ഒരു വിശദീകരണം നല്‍കാന്‍ കോളേജ് അധികൃതര്‍ തയാറായിട്ടില്ല. അതിനെ തുടര്‍ന്നാണ് സര്‍വകലാശാലയിലും കേരളാ പട്ടിക ജാതി പട്ടിക വകുപ്പ് കമ്മീഷനിലും പരാതി കൊടുക്കാന്‍ തയാറായത്”, എസ്എഫ്ഐ യൂണിയന്‍ സെക്രട്ടറി വിപിന്‍ വിശദീകരിച്ചു.

കേരളാ പട്ടിക ജാതി പട്ടിക വകുപ്പ് കമ്മീഷനില്‍ നിന്നുള്ള അന്വേഷണത്തില്‍ വിഷ്ണു സനല്‍ കുമാര്‍ മൂന്ന് വര്‍ഷ പഠനകാലത്ത് അച്ചടക്കലംഘനം നടത്തിയിരുന്നുവെന്നാണ് കോളേജ് വിശദീകരണം നല്‍കിയിരിക്കുന്നത്. എന്നാല്‍ മൂന്ന് വര്‍ഷത്തിനിടയില്‍ ഒരു പ്രാവശ്യം പോലും കോളേജില്‍ നിന്നും അച്ചടക്കലംഘന നടപടികള്‍ വിഷ്ണുവിന് നേരിടേണ്ടി വന്നിട്ടില്ല. അത് സാക്ഷ്യപ്പെടുത്തി കൊണ്ട് കോളേജില്‍ നിന്നും പ്രിന്‍സിപ്പാല്‍ നല്‍കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വിഷ്ണുവിന് നല്‍കിയിട്ടുണ്ട്.

കോളേജില്‍ ഒരു പ്രാവശ്യം ബിരുദപഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിക്ക് മറ്റൊരു കോഴ്‌സില്‍ ബിരുദപഠന പ്രവേശനത്തിന് അപേക്ഷിക്കാനാകില്ല എന്ന് കോളേജിന്റെ വെബ്‌സൈറ്റ് പ്രോസ്‌പെക്ടസിലോ കേരളാ സര്‍വകലാശാലയുടെ നിയമാവലിയിലോ പറയുന്നില്ല. “അവര്‍ പ്രവേശനപ്പരീക്ഷയ്ക്ക് മുമ്പ് തന്നെ ഇങ്ങനെ ഒരു വിവരം അറിയിച്ചിരുന്നെങ്കില്‍ മറ്റൊരു കോളേജിലേക്ക് അപേക്ഷിക്കാനാകുമായിരുന്നു. ഇപ്പോള്‍ എല്ലാ കോളേജിലും അഡ്മിഷന്‍ കഴിഞ്ഞു. പരാതിയുമായി മുന്നോട്ട് പോകാനുള്ള സാമ്പത്തികം എനിക്കില്ല. എന്റെ അച്ഛന്‍ മീന്‍ വിറ്റിട്ടാണ് എന്നെയും അനിയന്മാരെയും പഠിപ്പിക്കുന്നത്. അതിന്റെ കഷ്ടപ്പാട് അറിയാവുന്നത് കൊണ്ടു കൂടിയാണ് പ്രവേശനപ്പരീക്ഷയ്ക്കായി നന്നായി തയാറെടുത്തതും. ഒരുപാട് പേര്‍ അവിടെ തുടര്‍ന്ന് പഠിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കോളേജിന്റെ ഈ തീരുമാനം അംഗീകരിക്കാനാകില്ല”, വിഷ്ണു പറഞ്ഞു. മാര്‍ ഇവാനിയോസ് കോളേജില്‍ ജേര്‍ണലിസം വിഭാഗത്തില്‍ എസ്.സി ക്വാട്ടയില്‍ അഞ്ച് സീറ്റുകളാണ് ഉള്ളത്. അതില്‍ മൂന്നാം റാങ്കാണ് വിഷ്ണു കരസ്ഥമാക്കിയത്.

മാര്‍ ഇവാനിയോസ് കോളേജില്‍ സ്‌പോര്‍ട്‌സിലും ആര്‍ട്‌സിലും ഉള്ള വിദ്യാര്‍ിത്ഥികള്‍ക്ക് തുടര്‍ച്ചയായി പ്രവേശനം നല്‍കാറുണ്ട്. ഒമ്പത് വര്‍ഷമായി കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉണ്ട്. മുന്‍ വിദ്യാര്‍ത്ഥിക്ക് മറ്റൊരു വിഷയത്തില്‍ പ്രവേശനം നല്‍കാന്‍ നിയമതടസം ഇല്ലാത്ത സാഹചര്യത്തില്‍ സ്വയംഭരണാവകാശമുള്ള മാര്‍ ഇവാനിയോസ് കോളേജിന് ഇഷ്ടമുള്ളവരെ എടുക്കുകയും എടുക്കാതിരിക്കുകയും ചെയ്യാമെന്നാണോ ഇതിലൂടെ മനസിലാക്കേണ്ടത് എന്നു വിഷ്ണു ചോദിക്കുന്നു.

മാര്‍ ഇവാനിയോസ് അധികൃതരുമായി അഴിമുഖം ബന്ധപ്പെട്ടപ്പോള്‍ അന്വേഷണം നടക്കുന്നതുകൊണ്ട് പ്രതികരിക്കാനില്ല എന്നാണ് അറിയിച്ചത്.

വിഷ്ണു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്

അല്പം വലിയൊരു കുറിപ്പാണിത്. നിങ്ങൾ ഇത് വായിക്കണമെന്ന് ഞാൻ നിർബന്ധം പിടിക്കുന്നില്ല. ഒരു വിഷമഘട്ടത്തിലൂടെയാണ് ഞാനിപ്പോൾ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. അത് നിങ്ങളോട് ഒന്ന് പങ്കുവയ്ക്കണമെന്ന് തോന്നി. അതുകൊണ്ടാണ് പറഞ്ഞത്. ഇത് നിങ്ങൾ വായിക്കണമെന്ന് ഒരിക്കലും എനിക്ക് നിർബന്ധം പിടിക്കാൻ സാധിക്കില്ല.

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം നമ്മൾ അനുഭവിക്കുന്നത് നമ്മുടെ കലാലയ കാലത്തിനാണ് എന്നാണ് പറയാറ്. എന്റെ കാര്യത്തിൽ അത് തീർത്തും സത്യമായിരുന്നു. മാർ ഇവാനിയോസ് കോളേജിൽ എത്തിപ്പെടുവാൻ സാധിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് ഞാൻ കരുതിയിരുന്നത്. ഞാൻ പഠിക്കുന്നത് ഇവനിയോസിലാണ് എന്ന് പറയുമ്പോൾ അഭിമാനത്തോടെയും തെല്ലൊരഹങ്കാരത്തോടെയും കൂടി മാത്രമേ എനിക്കതിന് കഴിഞ്ഞിരുന്നുള്ളൂ. ഏതൊരു ഇവാനിയോസുകാരനും അത് അങ്ങനെതന്നെയായിരിക്കും എന്നെനിക്ക് ഉറപ്പാണ്. ഒരുപാട് നല്ല സൗഹൃദങ്ങളും അനുഭവങ്ങളും അവസരങ്ങളും എനിക്ക് സമ്മാനിച്ച, എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ കോളേജ്. മൂന്ന് വർഷത്തെ ഗണിതശാസ്ത്രത്തിലുള്ള ബിരുദപഠനത്തിനു ശേഷം ഒരു ഡിഗ്രി സ്വന്തമാക്കാൻ കഴിയാതെ വന്നപ്പോൾ അതിനാൽ തന്നെയാണ് ഞാൻ ഏറെ പഠിക്കാൻ ആഗ്രഹിച്ച ജേർണലിസം കോഴ്സിന് ചേരണമെന്നും അത് ഇവാനിയോസിൽ തന്നെയാകണമെന്നും ആഗ്രഹിച്ചത്. അതിനായി പക്ഷെ ഒരു കുറുക്കുവഴിയും തേടാൻ എനിക്ക് താൽപര്യമില്ലായിരുന്നു. ലക്ഷങ്ങൾ നൽകിയും ഉന്നതന്മാരുടെ ശുപാർശയിലുമൊക്കെ അവിടെ പ്രവേശനം നേടാൻ ഇഷ്ടംപോലെ ആളുകൾ ഉള്ളപ്പോൾ അങ്ങനെ ഞാൻ എന്തെങ്കിലും ശ്രമങ്ങൾ നടത്തിയാൽത്തന്നെ എങ്ങനെ ഫലം കാണാനാണ്. ആ തിരിച്ചറിവിന്റെ വെളിച്ചത്തിൽ തന്നെയാണ് പ്രവേശനം നേടുന്നതിനായി ജേർണലിസം ഡിപ്പാർട്മെന്റിലെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുത്തതും പാസ്സാകാൻ സാധിച്ചതും. അലോട്മെന്റ് ലിസ്റ്റിൽ S.C വിഭാഗത്തിൽ മൂന്നാം റാങ്കുകാരനായി എന്റെ പേര് കണ്ടപ്പോൾ എന്നേക്കാൾ കൂടുതൽ സന്തോഷിച്ചത് എന്റെ അച്ഛനായിരുന്നു. തന്റെ മകന്റെ ഒരു വലിയ ആഗ്രഹം ഉടനെ തന്നെ യാഥാർഥ്യമാകും എന്നോർത്താകണം. എനിക്കും ഒരുപാട് അഭിമാനം തോന്നിയിരുന്നു. എന്റെ പ്രിയപ്പെട്ട കോളേജിലേക്ക് ഒരിക്കൽ കൂടി വിദ്യാർത്ഥിയായി, അതും ഇഷ്ടപ്പെട്ട കോഴ്സിലേക്ക് പ്രവേശനവും നേടി, ഒരിക്കൽ കൂടി.

പക്ഷെ സന്തോഷങ്ങൾക്കൊന്നും അധികം ആയുസ്സുണ്ടായിരുന്നില്ല. പ്രവേശനം നേടുന്നതിനായുള്ള അലോട്ട്മെന്റ് മെമോ ഡൗൺലോഡ് ചെയ്യാൻ സാധിക്കാത്തതിൽനിന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണമാകാമത് എന്നുകരുതി പ്രിൻസിപ്പാളിനെ വിവരമറിയിക്കാൻ ചെന്ന എനിക്ക് ഞെട്ടിക്കുന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. എനിക്ക് അഡ്മിഷൻ തരാൻ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരിക്കൽ വിദ്യാർത്ഥിയായിരുന്ന കാരണത്താൽ എനിക്ക് വീണ്ടും പ്രവേശനം നൽകേണ്ടതില്ല എന്ന് അവരൊക്കെ തീരുമാനിച്ചു എന്ന്. എന്താണ് പറയേണ്ടത് എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. ഞാൻ മൂന്ന് വർഷം സജീവമായി പ്രവർത്തിച്ച എന്റെ പ്രിയ സംഘടനയിലെ സഖാക്കളോട് പരാതിപ്പെടുകയാണ് ഞാൻ ഉടൻതന്നെ ചെയ്തത്. അവരുടെ നിർദേശപ്രകാരം, എനിക്ക് അഡ്മിഷൻ നിഷേധിക്കരുതെന്ന അപേക്ഷ, ഒരു സഖാവ് തന്നെ എഴുതിത്തന്ന നിവേദനമായി ഞാൻ ഒന്നുകൂടി പ്രിൻസിപ്പാളിനെ കാണാൻ ചെന്നു. എന്റെ നിവേദനം സ്വീകരിക്കാൻ സാധ്യമല്ല എന്നുപറഞ്ഞപ്പോൾ ആവുന്നത്ര ഞാൻ അപേക്ഷിച്ചുനോക്കി. എന്നിട്ടും സ്വീകരിക്കില്ലെന്നായപ്പോൾ ഇനി ഞാൻ നിയമപരമായി മുന്നോട്ടുപോകും എന്നദ്ദേഹത്തെ അറിയിച്ചു. അത്ര മെച്ചപ്പെട്ട സാമ്പത്തികചുറ്റുപാടുള്ള വീട്ടിൽ നിന്നൊന്നുമല്ല എന്റെ വരവ് എന്നറിയാവുന്നതുകൊണ്ടാവാം, തികഞ്ഞൊരു പരിഹാസച്ചിരിയോടെയാണ് എന്റെ മറുപടി അദ്ദേഹം കേട്ടത്. വേഗം മുറിയിൽ നിന്നും ഇറങ്ങിപോകാനും ആവശ്യപ്പെട്ടു.

ഈ സംഭവം നടന്നിട്ട് ഇപ്പോൾ 4-5 ദിവസമാകുന്നു. ഇതിനിടയിൽ നമ്മുടെ സഖാക്കൾക്കൊപ്പം ഒരുപാട് ഓഫീസുകളിൽ കയറിയിറങ്ങുകയും പരാതികൾ സമർപ്പിക്കുകയും ചെയ്തു. പലതും കോളേജ് മാനേജ്‌മന്റ് തന്നെ ഇടപെട്ട് ഒതുക്കി തീർക്കുകയായിരുന്നു. സ്വയംഭരണാവകാശം സ്വന്തമായുള്ള കോളേജിന് ഒരാൾക്ക് അഡ്മിഷൻ നൽകാതിരിക്കാൻ കഴിയുമെന്നൊക്കെ പലരും പറയുന്നു. പക്ഷെ എന്റെ കാര്യത്തിൽ അതെന്തിന്റെ അടിസ്‌ഥാനത്തിലാണ്‌ എന്നാണ് എനിക്ക് ഇനിയും മനസ്സിലാകാത്തത്. കഴിഞ്ഞകൊല്ലം പോലും എന്നെപ്പോലെ മൂന്നുവർഷം അവിടെ പഠിച്ച വിദ്യാർത്ഥികൾക്ക് വീണ്ടും അവിടെത്തന്നെ പ്രവേശനം നൽകിയിരുന്നു. അപ്പോഴൊന്നും ഉയർന്നുവരാതിരുന്ന എന്ത് പ്രശ്നമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്? അങ്ങനെയുണ്ടെങ്കിൽത്തന്നെ പിന്നെയെന്തിനാണ് എന്നെ പ്രവേശനപരീക്ഷ എഴുതാൻ അനുവദിച്ചതും എന്റെ പേര് റാങ്ക് ലിസ്റ്റിൽ പ്രസിദ്ധീകരിച്ചതും? ഈ ചോദ്യങ്ങൾക്കൊന്നും തന്നെ തൃപ്തികരമായ ഒരു മറുപടി കണ്ടെത്താൻ എനിക്ക് കഴിയുന്നില്ല. അതുതന്നെയാണ് എന്നെ കുറച്ചുനാളുകളായി അലട്ടുന്നതും.

ഇന്ന് എന്റെ കോളേജിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്വീകരണമാണ്. ഞാനും അവരിലൊരാളായി അവിടെ ഇരിക്കേണ്ടതാണ്. പക്ഷെ ഇനി അതിന് കഴിയില്ല. ഇത് ആരോടുമുള്ള പരിഭവം പറച്ചിലൊന്നുമല്ല. എനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന, നാളെ ആർക്കും നേരിടേണ്ടി വന്നേക്കാവുന്ന ഒരു ദുരവസ്‌ഥ നിങ്ങളെ അറിയിക്കുന്നെന്ന് മാത്രം.

എന്റൊപ്പം ഇവാനിയോസിലെ സഖാക്കളുണ്ട്. നിയമപരമായി ശക്തമായി മുന്നോട്ട് പോകാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. സംഘടനപ്രവർത്തനത്തിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്ക് അവനവകാശപ്പെട്ട പ്രവേശനം നിഷേധിക്കാൻ പോന്നതാണ് കോളേജിന്റെ അധികാരങ്ങളെങ്കിൽ അവ എടുത്തുകളയപ്പെട്ടേ തീരു.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍