UPDATES

ട്രെന്‍ഡിങ്ങ്

സൂക്ഷിക്കണം, ഇതൊരു വല്ലാത്ത കാലമാണ്; ആര് ആരെ എപ്പോൾ കൊല്ലുമെന്ന് പറയാൻ പറ്റാത്ത കാലം

സുരേന്ദ്രന്റെ ഇപ്പോഴത്തെ പേടി ഒരേസമയം തന്റെ നേതാവും എതിരാളിയുമായ ശ്രീധരൻ പിള്ള വക്കീലിനെ ആരോ അപായപ്പെടുത്തുമെന്നതാണ്

കെ എ ആന്റണി

കെ എ ആന്റണി

എല്ലാവരും കേട്ടതാണ്. ‘അയ്യോ വായെ അയലോക്കംകാരെ ഞങ്ങടെ വീട്ടിൽ കള്ളൻ കയറി’ എന്നല്ല ‘എല്ലാരും ഓടി വരണേ നമ്മുടെ ശ്രീധരൻ വക്കിലിനെ ആരോ കൊല്ലാൻ വരുന്നേ’ എന്ന് തന്നെയാണ് ബി ജെ പി സംസ്ഥാന ജനറൽ സെക്രെട്ടറിമാരിൽ ഒരാളായ കെ സുരേന്ദ്രൻ അലമുറയിട്ടു കരഞ്ഞത്. ഇനിയിപ്പോൾ ധീരന്മാരിൽ ധീരനായ കുന്നുമ്മൽ സുരേന്ദ്രന്റെ അലമുറ ആരെങ്കിലും കേട്ടില്ലായെന്നു വെച്ചാൽ അവർ ഭാഗ്യവാന്മാർ. അല്ലെങ്കിലും സുരേന്ദ്ര- ശോഭാദികളുടെ ഇത്തരം ലൊടുക്ക് ഞൊടുക്ക് നമ്പറുകൾക്കു കാതോർക്കുന്നവർ മണ്ടന്മാർ എന്നല്ല അവർക്കു ‘ഹാ കഷ്ട്ടം!’ എന്ന് ആർക്കാണ് അറിയാത്തത്!

പുലി വരുന്നേ പുലി വരുന്നേ എന്ന് കയറുപൊട്ടിച്ചു സുരേന്ദ്രൻ ബഹളം വെച്ചപ്പോഴൊക്കെ പലരും കരുതിയത് ഗോ ബാധ പിടികൂടിയെന്നാണ്. ബീഫ് നിരോധന വിഷയത്തിൽ സുരേന്ദ്രനിലെ പശു സ്‌നേഹി കയറുപൊട്ടിച്ചപ്പോൾ ചിലർ ബീഫ് വെട്ടി വിഴുങ്ങുന്ന ടിയാന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു വല്ലാത്തൊരു ആഘോഷം നടത്തുകയുണ്ടായി. താൻ ബീഫ് കഴിച്ചിട്ടില്ലെന്നും ഉള്ളി മാത്രമാണ് തിന്നതെന്നും സുരേന്ദ്രൻ പറഞ്ഞതോടെ ഉള്ളിയേരിക്കാരനായ സുരേന്ദ്രന് ‘ഉള്ളി സുര’ എന്നൊരു പേര് സോഷ്യല്‍ മീഡിയ ചാർത്തികൊടുത്തു. സത്യം പറയാമല്ലോ സുരേന്ദ്രൻ ബീഫ് കഴിച്ചിട്ടില്ല. ഇനിയിപ്പോൾ എന്നെങ്കിലും അറിയാതെ കഴിച്ചുവെന്നു തന്നെ കരുതുക. എന്താ നമ്മുടെ രാഷ്ട്ര പിതാവായ മഹാത്‌മജി തന്നെ ഒരിക്കൽ ബീഫ് കഴിച്ചതിനെ കുറിച്ചുള്ള കുറ്റബോധം എഴുതി ബോധ്യപ്പെടുത്തിയതല്ലേ. ആ കുറ്റബോധം പിന്നീട് ഭാര്യ കസ്തൂർബക്ക് ബീഫ് ടീ നൽകുന്നതിൽ നിന്നും ഒരു ഡോക്ടറെ വിലക്കേണ്ടി വന്ന കാര്യവും ഗാന്ധിജി തന്നെ എഴുതിയിട്ടുണ്ട്. ഗാന്ധിജിയും കെ സുരേന്ദ്രനും തമ്മിൽ ഒരു താരതമ്യം എന്ന രീതിയിൽ ദയവായി ഇതിനെ കൂട്ടി വായിക്കരുതെന്നൊരു അപേക്ഷയുണ്ട്. ബീഫിനെക്കുറിച്ചു പറഞ്ഞു വന്നപ്പോൾ സത്യപ്രസ്താവനയും അസത്യ പ്രസ്താവനയും തമ്മിലുള്ള ദൂരം എത്ര വലുതാണെന്ന് ചൂണ്ടിക്കാട്ടിയെന്നേയുള്ളു.)

ഇനിയിപ്പോൾ സുരേന്ദ്രനിലേക്കും സുരേന്ദ്രൻ പ്രതിനിധാനം ചെയ്യുന്ന ‘ഗോ മാതാ’ പാർട്ടിയെന്ന താമര പാർട്ടിലേക്കും തിരികെ വന്നാൽ ഒരു കാര്യം ഏതാണ്ടുറപ്പാണ്. ഇത് പശുപ്പേടിയൊന്നുമല്ല; സാക്ഷാൽ അയ്യപ്പ പുലിയെ കണ്ണ് നട്ടിരുന്ന ഒരു പ്രിയ ‘അയ്യപ്പ’ ഭക്തന്റെ പുലിപ്പേടിയാണ്. അയ്യപ്പനെ വിറ്റു നാല് വോട്ടു നേടാൻ വേണ്ടി പകൽ വെളിച്ചത്തിൽ നടത്തുന്ന ഹീന പ്രചാരണങ്ങളും കൃത്യങ്ങളും രാത്രി വേളകളിൽ ഉറക്കം കെടുത്തുമ്പോൾ ഉണ്ടാക്കാവുന്ന ഒരു സാധാരണ പ്രക്രിയ. ഇതിനെ മാനസിക വിഭ്രാന്തിയെന്നോ രാപ്പിച്ചെന്നോ ഉതകും വിധം വിളിക്കാം. ഒരു കാര്യം ഉറപ്പാണ്. ഭക്തിയുടെ പേരിലാണെങ്കിൽ പോലും നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുന്നവർക്ക് ഇതിനേക്കാൾ വലിയ ഭീതി ബാധകൾ വന്നില്ലെങ്കിലേ അത്ഭുതമുള്ളുവെന്നാണ് ശാസ്ത്രജ്ഞർ പണ്ടേ പറഞ്ഞു വെച്ചിട്ടുള്ളത്.

സുരേന്ദ്രന്റെ ഇപ്പോഴത്തെ പേടി ഒരേസമയം തന്റെ നേതാവും എതിരാളിയുമായ ശ്രീധരൻ പിള്ള വക്കീലിനെ ആരോ അപായപ്പെടുത്തുമെന്നതാണ്. പിള്ളേച്ചന് വധ ഭീഷണി ഉണ്ടെന്നും ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടും ഡി ജി പി കേട്ട ഭാവം നടിച്ചില്ലെന്നുമാണ് സുരേന്ദ്രന്റെ വിലാപം. പിള്ളേച്ചനില്ലാത്ത പേടിയാണ് സുരേന്ദ്രൻ ഉന്നയിക്കുന്നത്. അങ്ങിനെ ആയിരുന്നില്ലെങ്കിൽ തനിക്കു വധ ഭീഷണി ഉണ്ടെന്നു ആദ്യമേ പറയേണ്ടിയിരുന്നത് ബി ജെ പി യുടെ ഇപ്പോഴത്തെ സാംസ്‌ഥാന അധ്യക്ഷൻ എന്ന് അറിയപ്പെടുന്ന ശ്രീമാൻ പി എസ് ശ്രീധരൻ പിള്ള തന്നെയായിരുന്നില്ലേ? ഇനിയിപ്പോൾ ഇക്കഴിഞ്ഞ പതിനെട്ടാം തിയ്യതി മാത്രം ശബരിമലയിലേക്ക് പോയ, പത്തൊൻപതാം തിയ്യതി വീട്ടിലേക്കു വിളിച്ചുവെന്ന് ഭാര്യയും മകനും സാക്ഷ്യപ്പെടുത്തുന്ന ശിവദാസൻ എന്നയാളെ പതിനേഴാം തിയ്യതി പോലീസ് തല്ലിക്കൊന്നു കൊക്കയിലെറിഞ്ഞെന്നു ആരോപിച്ചു പത്തനംതിട്ടയിൽ ഹർത്താൽ ആഹ്വാനം ചെയ്തതിന്റെ ക്ഷീണം ബാധിച്ചു പോയ പിള്ളേച്ചൻ പുലിപ്പേടി മൂത്തു കിടപ്പിലായിപ്പോയോ എന്നും പറയാൻ വയ്യല്ലോ. ഇത്തരം ഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനല്ലേ സുരേന്ദ്രനും ശോഭ സുരേന്ദ്രനും എ എൻ രാധ കൃഷ്ണനുമൊക്കെ. അല്ലെങ്കിൽ പിന്നെ ഈ താമര പാർട്ടിയുടെ ഗതിയെന്താകും?

ഇനിയിപ്പോൾ സത്യത്തിൽ പി എസ് ശ്രീധരൻ പിള്ള അദ്ദേഹത്തിന് വധ ഭീഷണി ഉണ്ടെങ്കിൽ പോലീസ് അക്കാര്യം കൃത്യമായും അന്വേഷിക്കേണ്ടതുണ്ട്. പിള്ളേച്ചൻ കേമനായ ക്രിമിനൽ വക്കീലാണെന്നും കാഞ്ഞ ബുദ്ധിയുള്ളയാളാന്നതുമൊക്കെ സത്യം തന്നെ. പക്ഷെ പിളേച്ഛനും ശത്രുക്കൾ ധാരാളമുണ്ട്. രണ്ടാം മാറാട് കലാപം സംബന്ധിച്ച കേസ് ഒതുക്കി എന്ന ആക്ഷേപം പണ്ടേ ഉണ്ട് . തമ്മിലടിച്ചു മുടിഞ്ഞു തുടങ്ങിയ കേരളത്തിലെ താമര പാർട്ടിയെ ചെളിയും മലിന ജലവും നൽകി കരുത്തേകാൻ പിള്ളേച്ചൻ നിയോഗിക്കപ്പെട്ടതിനു പിന്നിലെ കൊതിക്കെറുവുകൾ വേറെയും. സൂക്ഷിക്കണം. ഇതൊരു വല്ലാത്ത കാലമാണ്. ആര് ആരെ എപ്പോൾ കൊല്ലുമെന്ന് പറയാൻ പറ്റാത്ത കാലം.

ശ്രീധരന്‍ പിള്ള ബുദ്ധിമാനായ ‘ക്രിമിനല്‍’ അഭിഭാഷകനാണോ? പൊളിഞ്ഞ ബലിദാനി കഥയും ഹര്‍ത്താല്‍ എന്ന ദുരാചാരവും

അഡ്വ. ഗോപാലകൃഷ്ണന്റെ തെറി പ്രസംഗവും അഗളി സ്കൂളിന് മുന്നിലെ ‘തെറിജപ’ പ്രതിഷേധവും; ഇതെന്ത് രാഷ്ട്രീയം? ഭക്തി?

എംടിയുടെ കൂടെയോ രാമന്‍നായരുടെ കൂടെയോ? ഈ ചോദ്യത്തിന് മലയാളി ഉത്തരം പറഞ്ഞേ പറ്റൂ

‘കളി’ തുടങ്ങിക്കഴിഞ്ഞു; ആദ്യ ‘ഇര’ സ്വാമി സന്ദീപാനന്ദ ഗിരി

‘ചാവേറുകളാ’യി ഇരുമുടിക്കെട്ടുമായി ആര്‍എസ്എസ് ശബരിമലയിലേക്ക്; ഭക്തര്‍ സന്നിധാനത്തുണ്ടാവുമെന്ന് കര്‍മ്മസമിതി

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍