UPDATES

ട്രെന്‍ഡിങ്ങ്

‘വെള്ളാപ്പള്ളിയും ആരിഫും ചേര്‍ന്ന് എസ്എന്‍ഡിപിയുമായി ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കളെ പര്‍ച്ചേസ് ചെയ്തു’; തോല്‍വിക്ക് കാരണം ബിജെപി വോട്ട് പിടിച്ചതല്ലെന്ന് ഷാനിമോള്‍

ഹരിപ്പാട് മണ്ഡലത്തില്‍ ഷാനിമോള്‍ക്ക് ഭൂരിപക്ഷം 5844 വോട്ടുകളിലേക്ക് ഒതുങ്ങിയതിനെ ചൊല്ലിയും പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ ഉണ്ട്

ആലപ്പുഴ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ ആരോടും ഖേദമില്ലാതെ ഷാനിമോള്‍ ഉസ്മാന്‍. ‘എനിക്ക് ആരോടും പരാതിയില്ല. പരാതിയുള്ളവരുണ്ടെങ്കില്‍ പാര്‍ട്ടി അത് അന്വേഷിക്കട്ടെ’ എന്നായിരുന്നു ഷാനിമോളുടെ പ്രതികരണം. കേരളത്തിലെ മറ്റെല്ലാ മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരിയപ്പോള്‍ ആലപ്പുഴയില്‍ മാത്രം പരാജയപ്പെട്ടു. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ നടന്ന ആസൂത്രിതമായ നീക്കമാണ് ഈ പരാജയത്തിന് കാരണമെന്ന പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. എസ്എന്‍ഡിപിയുമായി ബന്ധമുള്ള ചില കോണ്‍ഗ്രസ് നേതാക്കളാണ് ആരിഫിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്.

ശക്തമായ മത്സരം നടന്ന ആലപ്പുഴ മണ്ഡലത്തില്‍ ഷാനിമോള്‍ 10474 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ചേര്‍ത്തല, കായംകുളം മണ്ഡലങ്ങളിലൊഴികെ മറ്റെല്ലാ നിയമസഭാ മണ്ഡലങ്ങളിലും നേരിയ വോട്ടുകള്‍ക്കെങ്കിലും ലീഡ് ചെ്തത് ഷാനിമോള്‍ ആയിരുന്നു. എന്നാല്‍ ചേര്‍ത്തലയില്‍ അപ്രതീക്ഷിതമായി ആരിഫ് ലീഡ് ഉയര്‍ത്തിയതാണ് ഷാനിമോളെ അടിപതറിച്ചത്. 16,895 വോട്ടുകളുടെ ഭൂരിപക്ഷമാണ് ആരിഫിന് ചേര്‍ത്തലയില്‍ നേടാനായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി തിലോത്തമന്‍ 7196 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ നിന്ന് ആരിഫിന് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും കണക്കാക്കിയിരുന്നില്ല. അതിന് കാരണമായത് വെള്ളാപ്പള്ളി നടേശനുമായി ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലാണെന്ന പരാതിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസിയ്ക്ക് നല്‍കിയിരിക്കുന്നത്.

ആലപ്പുഴയിലെ ചേര്‍ത്തല മണ്ഡലം കമ്മറ്റി ഭാരവാഹിയായ ഒരു നേതാവ് പറഞ്ഞതിങ്ങനെ ‘ചേര്‍ത്തലയില്‍ അയ്യായിരം വോട്ട് ഭൂരിപക്ഷം കുറഞ്ഞിരുന്നു എങ്കില്‍ ഷാനിമോള്‍ ജയിക്കുമായിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയും ആരിഫും ചേര്‍ന്ന് എസ്എന്‍ഡിപിയുമായി ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കളെ പര്‍ച്ചേസ് ചെയ്ത് നടത്തിയ കളിയിലാണ് ഷാനിമോള്‍ പരാജയപ്പെട്ടത്. ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് വെള്ളാപ്പള്ളി പന്തയം വച്ചിരുന്നു. എസ്എന്‍ഡിപി ഭാരവാഹികളുമായി ബന്ധമുള്ള രണ്ട് ബ്ലോക്ക് ഭാരവാഹികളാണ് വോട്ട് മറിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇത് സംബന്ധിച്ച് മുമ്പ് തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്ക്ക് പോലും ഇവരുടെ പങ്കാളിത്തം ഉണ്ടായിരുന്നില്ല. ഈഴവ വോട്ടുകള്‍ കുറേയേറെ മറിക്കുന്നതിന് ഇവര്‍ കാരണക്കാരാവുകയും ചെയ്തു. ഇത് സംബന്ധിച്ച പരാതി ജില്ലാ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.’

താന്‍ ഈഴവരോട് ആരിഫിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്നും ചേര്‍ത്തലയില്‍ ഈഴവര്‍ ചെയ്ത വോട്ടുകളാണ് ആരിഫിനെ ജയിപ്പിച്ചതെന്നും വെള്ളാപ്പള്ളി നടേശനും പരസ്യമായി പ്രതികരിച്ചിരുന്നു. ഇതും തങ്ങളുടെ പരാതിയുമായി കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതാണ് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഹരിപ്പാട് മണ്ഡലത്തില്‍ ഷാനിമോള്‍ക്ക് ഭൂരിപക്ഷം 5844 വോട്ടുകളിലേക്ക് ഒതുങ്ങിയതിനെ ചൊല്ലിയും പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ ഉണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ എസ് രാധാകൃഷ്ണന് മികച്ച് നേട്ടമുണ്ടാക്കാനായത് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പോരായ്മയും പാര്‍ട്ടിയില്‍ നിന്ന് വോട്ട് ചോര്‍ന്നതുമാണെന്ന വിലയിരുത്തലിലാണ് ഒരു വിഭാഗം നേതാക്കള്‍.

എന്നാല്‍ ഇത്തരം വിവാദങ്ങളിലേക്ക് പോവാന്‍ തനിക്ക് താത്പര്യമില്ലെന്നായിരുന്നു ഷാനിമോളുടെ പ്രതികരണം. ‘അത്തരം കാര്യങ്ങള്‍ ഞാന്‍ വിലയിരുത്തിയിട്ടില്ല. അമ്മാതിരി കാര്യങ്ങള്‍ പറയുവാനും ഞാനില്ല. പ്രവര്‍ത്തകരെല്ലാം നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചത്. തോറ്റെങ്കിലും ഞാന്‍ റിസള്‍ട്ടില്‍ സംതൃപ്തയാണ്. ബിജെപി പിടിച്ച വോട്ടുകളല്ല പരാജയത്തിന് കാരണമായത്. ബിജെപിക്ക് കിട്ടിയത് എല്‍ഡിഎഫ് വോട്ടുകളാണ്. തിരഞ്ഞെടുപ്പ് ആവുമ്പോള്‍ ജയവും തോല്‍വിയും ഉണ്ടാവും. എനിക്കതില്‍ ഒന്നും തോന്നുന്നില്ല. രാഷ്ട്രീയ പോരാട്ടമാണ് തിരഞ്ഞെടുപ്പ്. അതിനാല്‍ തന്നെ ആരോടും പരാതിയും ഇല്ല. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അത് പാര്‍ട്ടി അന്വേഷിക്കട്ടെ.’

ഇതിനിടെ അരൂര്‍ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും എന്ന തരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരമുണ്ട്. എന്നാല്‍ അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘അക്കാര്യം എനിക്ക് പറയാന്‍ കഴിയില്ല. നാളെ എന്ത് എന്നതിനെക്കുറിച്ച്, വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും ഞാന്‍ ചിന്തിക്കാറില്ല. ഇന്നത്തെ കാര്യം ഇന്ന്. മറ്റെല്ലാം പിന്നീട്.’ എന്നായിരുന്നു ഷാനിമോളുടെ പ്രതികരണം.

Read More: ഷാനിമോള്‍ ഉസ്മാനോട് ആലപ്പുഴ ചെയ്തത് ചതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍