UPDATES

ട്രെന്‍ഡിങ്ങ്

“ഫ്‌ളാറ്റിന്റെ സ്‌കെച്ച് കണ്ടപ്പോള്‍ പാസാക്കി കൊടുത്തു കാണും. നല്ല കളറില്‍ ഭംഗിയില്‍ ആയിരിക്കുമല്ലോ വരച്ചിരിക്കുന്നത്”; മരട് ഫ്‌ളാറ്റ് വിവാദത്തില്‍ കൈകഴുകി ജനപ്രതിനിധികള്‍

ഒരു വന്‍ അഴിമതിയില്‍ നിന്നും നിര്‍മാതാക്കള്‍ തലയൂരുന്നതിനു സമാനമായാണ്, ഈ വിഷയത്തില്‍ ഉത്തരവാദിത്വമുള്ള മരട് പഞ്ചായത്ത്/നഗരസഭയിലെ ജനപ്രതിനിധികളും ഇപ്പോള്‍ ന്യായങ്ങള്‍ പറഞ്ഞൊഴിയുന്നത്

മരട് ഫ്‌ളാറ്റ് വിവാദത്തില്‍ നിര്‍മാതാക്കള്‍ക്കു പിന്നാലെ ജനപ്രതിനിധികളും കൈയൊഴിയുന്നു. കഴിഞ്ഞ ദിവസം മരട് നഗരസഭയ്ക്ക് നല്‍കിയ കത്തില്‍ സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നതില്‍ ഉള്‍പ്പെട്ട ആല്‍ഫ സിറേണിന്റെ നിര്‍മാതാക്കളായ ആല്‍ഫ വെഞ്ചേഴ്‌സ് തങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഇനി ഉത്തരവാദിത്വം ഒന്നും ഇല്ലെന്ന നിലപാട് അറിയിച്ചിരുന്നു. ഫ്ളാറ്റുകള്‍ നിയമാനുസൃതം തന്നെ ഉടമകള്‍ക്ക് വിറ്റതാണെന്നും പദ്ധതിയുമായി തങ്ങള്‍ക്ക് ഇപ്പോള്‍ ബന്ധമൊന്നുമില്ലെന്നുമാണ് നിര്‍മാതാക്കളുടെ വാദം. ഒരു വന്‍ അഴിമതിയില്‍ നിന്നും നിര്‍മാതാക്കള്‍ തലയൂരുന്നതിനു സമാനമായാണ്, ഈ വിഷയത്തില്‍ ഉത്തരവാദിത്വമുള്ള മരട് പഞ്ചായത്ത്/നഗരസഭയിലെ ജനപ്രതിനിധികളും ഇപ്പോള്‍ ന്യായങ്ങള്‍ പറഞ്ഞൊഴിയുന്നത്. തീരദേശ പരിപാലന നിയമവും നിര്‍മാണ ചട്ടങ്ങളും ലംഘിച്ച് നടന്നതാണെന്ന് വ്യക്തമായ ഫ്‌ളാറ്റ് നിര്‍മണത്തിനു പിന്നില്‍ ആരുമാരും കുറ്റക്കാരായിട്ടില്ലെന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ ഉള്ളത്. അതേസമയം രണ്ടു കൂട്ടരും ഫ്ലാറ്റ് ഉടമകള്‍ക്ക് അനുകൂലമായാണ് നില്‍ക്കുന്നത്. ഫ്‌ളാറ്റ് പൊളിക്കാന്‍ അനുവദിക്കില്ലെന്നും സുപ്രീം കോടതി ഉത്തരവ് തിരുത്തണമെന്നുമാണ് വാദങ്ങള്‍ ഉയര്‍ത്തുന്നത്.

2006 ല്‍ മരട് സ്‌പെഷ്യല്‍ ഗ്രേഡ് 2 പഞ്ചായത്ത് ആയിരിക്കുമ്പോഴാണ് ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ ബില്‍ഡിംഗ് പെര്‍മിറ്റ് കൊടുക്കുന്നത്. അന്ന് പഞ്ചായത്ത് ഭരിച്ചിരുന്നത് എല്‍ഡിഎഫ്. ഇന്നത്തെ നഗരസഭ പ്രതിപക്ഷ നേതാവായ സിപിഎമ്മിന്റെ കെ എ ദേവസ്യയായിരുന്നു പ്രസിഡന്റ്. 2010 ല്‍ പഞ്ചായത്തില്‍ നിന്നും നഗരസഭയായി മരട് ഉയര്‍ത്തപ്പെട്ടപ്പോള്‍ ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കം കോടതിയില്‍ എത്തിയിരുന്നു. അപ്പോള്‍ ഭരണം നടത്തിയിരുന്നത് കോണ്‍ഗ്രസ്. ഫ്‌ളാറ്റ് ഉടമകള്‍ക്ക് അനുകൂലമായി ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെയും ഡിവിഷന്‍ ബഞ്ചിന്റെയും വിധി വരുമ്പോള്‍ നഗരസഭ ചെയര്‍മാന്‍ കോണ്‍ഗ്രസിന്റെ അഡ്വ. ടി കെ ദേവരാജന്‍(ഇപ്പോള്‍ അദ്ദേഹം കൗണ്‍സിലര്‍). രണ്ട് പാര്‍ട്ടികളുടെയും ഭരണകാലങ്ങളില്‍ നടന്ന ഫ്‌ളാറ്റ് വിഷയത്തില്‍ തങ്ങള്‍ക്കല്ല മറ്റവര്‍ക്കാണ് തെറ്റ് പറ്റിയെന്നാണ് കോണ്‍ഗ്രസും സിപിഎമ്മും സ്വയം ന്യായീകരിക്കുന്നത്. എന്നാല്‍ ഇവരാരും തന്നെ ഫ്‌ളാറ്റ് നിര്‍മാതാക്കളെ പരാമര്‍ശിച്ച് പോകുന്നതല്ലാതെ, അവരെ നിയമലംഘനം നടത്തിയതിന്റെ പേരില്‍ വിമര്‍ശിക്കാനും തയ്യാറാകുന്നില്ല.

2006 കാലഘട്ടത്തില്‍ വ്യാപകമായ രീതിയില്‍ മരട് പഞ്ചായത്തില്‍ ബില്‍ഡിംഗ് പെര്‍മിറ്റുകളും വീട് നമ്പറുകള്‍ നല്‍കുന്നതിലും അഴിമതി നടന്നിരുന്നു. അന്നത്തെ സെക്രട്ടറിയായിരുന്ന മുഹമ്മദ് അഷറഫ് ആയിരുന്നു ഈ അഴിമതികള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത്. ഇയാളെ വിജിലന്‍സ് പിടികൂടുകയും സര്‍വീസില്‍ നിന്നും നീക്കം ചെയ്യുകയും ഉണ്ടായി. അഷറഫ് തന്നെ കൂട്ട് നിന്നു നടത്തിയ നിയമലംഘനമായിരുന്നു അഞ്ച് ഫ്‌ളാറ്റുകളുടെ നിര്‍മാണവും. എന്നാല്‍, ഒരു പഞ്ചായത്ത് സെക്രട്ടറി ഒറ്റയ്ക്ക് ഇത്രയും അഴിമതികള്‍ കാണിക്കുകയും നിയമലംഘനങ്ങള്‍ അനുവദിക്കുകയും ചെയ്‌തോ എന്ന കാര്യത്തിലാണ് സംശയം. കോണ്‍ഗ്രസ് പറയുന്നത്, അഷറഫ് ചെയ്ത അഴിമതികള്‍ അന്നത്തെ പഞ്ചായത്ത് ഭരണസമിതി അറിഞ്ഞുകൊണ്ടാണെന്നാണ്. ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ നീക്കാന്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായ സിപിഎം നേതാവ് കെ എ ദേവസ്യയും കൂട്ടി നിന്നിട്ടുണ്ടെന്നാണ്. മുന്‍ ചെയര്‍മാന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് അഡ്വ. ടി കെ ദേവരാജന്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ ഇങ്ങനെയാണ്;

“മരട് പഞ്ചായത്തില്‍ 2006-07 കാലയളവില്‍ ഏകദേശം 36 ബില്‍ഡിംഗ് പെര്‍മിറ്റുകളാണ് നിയമവിരുദ്ധമായി നല്‍കിയത്. സീനിയര്‍ ടൗണ്‍ പ്ലാനിംഗ് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യമാണ്. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, നിയമലംഘനം കണ്ടെത്തിയ എല്ലാ ബില്‍ഡിംഗുകള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിക്കൊണ്ട് പെര്‍മിറ്റ് റദ്ദ് ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മരട് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. മുകളില്‍ നിന്നും കിട്ടിയ നിര്‍ദേശ പ്രകാരം നിയമംലഘിച്ചുവെന്ന കണ്ടെത്തിയ ബില്‍ഡിംഗുകള്‍ക്കെല്ലാം പഞ്ചായത്ത് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇക്കൂട്ടത്തില്‍ ഇപ്പോള്‍ വിവാദത്തില്‍ നില്‍ക്കുന്ന ഫ്‌ളാറ്റുകളും ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്താണ് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. ഈ ഹര്‍ജി 2012 ല്‍ ആണ് ഹൈക്കോടതി തീര്‍പ്പാക്കുന്നത്. നിര്‍മാതക്കള്‍ക്ക് അനുകൂലമായിരുന്നു കോടതി ഉത്തരവ്. ഫ്‌ളാറ്റ് നിര്‍മാണം അവസാനഘട്ടത്തില്‍ ആയി എന്നായിരുന്നു ഹൈക്കോടതി അന്ന് ചൂണ്ടിക്കാട്ടിയത്. അത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ അന്നത്തെ പഞ്ചായത്ത് ഭരണസമിതിയുടെ വീഴ്ച്ചയാണ് കാരണമായത്. കോടതിയില്‍ കാര്യങ്ങള്‍ വേണ്ടവിധം അറിയിക്കാനും പഞ്ചായത്തിന് സാധിച്ചില്ല”.

സിംഗിള്‍ ബഞ്ച് വിധിക്കെതിരേ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനടുത്ത് അപ്പീല്‍ പോകുന്നത് മരട് നഗരസഭ ആയശേഷമാണ്. അങ്ങനെയൊരു അപ്പീല്‍ പോകുന്നതിനു പിന്നിലെ കാരണവും സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന പഞ്ചായത്ത് ഭരണസമതിയുടെ കൃത്യവിലോപമായിട്ടാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. “മുന്‍സിപ്പാലിറ്റി സെക്രട്ടറി നിയമബിരുദമുള്ളയാളായിരുന്നു. അദ്ദേഹമാണ് സിംഗിള്‍ ബഞ്ച് ഉത്തരവിലെ ചില പോരായ്മകള്‍ കൗണ്‍സിലിനെ ചൂണ്ടിക്കാണിക്കുന്നത്. രണ്ട് കാര്യങ്ങളായിരുന്നു പ്രധാനമായും ഉണ്ടായ പോരായ്മ. ഒന്ന്, തീരദേശ നിയന്ത്രണ മേഖല ചട്ടങ്ങളുടെ ലംഘനത്തെ കുറിച്ച് കോടതി ഉത്തരവില്‍ പറയുന്നില്ല. രണ്ടാമത്തേത്, വിജിലന്‍സ് കണ്ടെത്തലുകളെ കുറിച്ചും കോടതി പറയുന്നില്ല. എന്തുകൊണ്ട് സു്പ്രധാനമായ ഈ വസ്തുകള്‍ കോടതിയുത്തരവില്‍ ബാധകമായില്ലെന്നു ചോദിച്ചാല്‍, അക്കാര്യങ്ങള്‍ കോടതിയെ അറിയിക്കാന്‍ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും കഴിഞ്ഞില്ല എന്നതാണ് ഉത്തരം. അങ്ങനെ കഴിയാതെ പോയത് എന്തുകൊണ്ടെന്നു ചോദിച്ചാല്‍, മനഃപൂര്‍വം വേണ്ടെന്നു വച്ചതാകും എന്നാണ് കരുതാന്‍ കഴിയുക”; ദേവരാജന്‍ പറയുന്നു.

സിആര്‍ഇസഡിനെക്കുറിച്ചും വിജിലന്‍സ് കണ്ടെത്തലുകളെക്കുറിച്ചും പരാമര്‍ശങ്ങളില്ലാതെയാണ് സിംഗിള്‍ ബഞ്ച് ഉത്തരവ് വന്നതെന്നതിനാല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അപ്പീല്‍ പോകണമെന്നു സെക്രട്ടറി കൗണ്‍സിലിനോട് നിര്‍ദേശം ചോദിക്കുകയും അതിന്‍ പ്രകാരമാണ് തങ്ങള്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ പോയതെന്നുമാണ് കോണ്‍ഗ്രസ് തങ്ങളുടെ പക്ഷം ന്യായീകരിക്കുന്നത്. എന്നാല്‍ ഈ അപ്പീല്‍ ഹൈക്കോടതി തള്ളിക്കളയുകയാണുണ്ടായത്.

ഹൈക്കോടതി അപ്പീല്‍ തള്ളിയതിലും ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ തങ്ങളുടെ ലക്ഷ്യം കണ്ടതിലും സിപിഎമ്മിന് പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മുന്‍ പ്രസിഡന്റ് കെ എ ദേവസ്സി ഇക്കാര്യത്തില്‍ വ്യക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും 2012 കാലഘട്ടത്തില്‍ നഗരസഭ ചെയര്‍മായിരുന്ന അഡ്വ. ടി കെ ദേവരാജന്‍ കുറ്റപ്പെടുത്തുന്നു.

“പെര്‍മിറ്റ് കൊടുക്കുന്ന സമയത്ത് പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു കെ എ ദേവസ്സിയുടെ ഇടപെടല്‍ ഇതിലുണ്ടായിട്ടുണ്ട്. പെര്‍മിറ്റ് കൊടുത്തിരിക്കുന്നത് സെക്രട്ടറിയാണെങ്കിലും പ്രസിഡന്റിന്റെ അറിവോടെ തന്നെയാണ് നിയമലംഘനം നടന്നിരിക്കുന്നത്. ഇതിനെതിരേ അന്ന് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് നിരവധി തവണ പ്രതിഷേങ്ങള്‍ നടത്തിയിരുന്നു. നിയമലംഘനങ്ങള്‍ കൃത്യമായി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. പക്ഷേ, ആരും ചെവിക്കൊണ്ടില്ല. ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചില്‍ ഹര്‍ജി നല്‍കിയപ്പോള്‍ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും കൃത്യമായ ഇടപെടലുകള്‍ നടന്നിരുന്നില്ല. തീരദേശ പരിപാലന നിയമത്തിന്റെയോ വിജിലന്‍സ് കണ്ടെത്തലുകളെയോ കുറിച്ച് മിണ്ടിയില്ല. അന്ന് അത്തരത്തില്‍ ബില്‍ഡേഴ്‌സിന് അനുകൂലമായി നിലപാട് എടുത്തവര്‍ തന്നെയാണ് ഇന്ന് ഫ്‌ളാറ്റ് പൊളിക്കുന്നതിനെതിരേ സമരം നടത്തുന്നതിന് നേതൃത്വം കൊടുക്കുന്നതെന്നതാണ് തമാശ”.

ജനപ്രതിനിധികള്‍ ഉത്തരവാദിത്വം കാണിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സന്നിഗ്ധ സാഹചര്യം സംഭവിക്കില്ലായിരുന്നുവെന്ന വാദവും കോണ്‍ഗ്രസിനുണ്ട്. “തെറ്റ് അന്നു തന്നെ തിരുത്താമായിരുന്നു. പക്ഷേ, ദേവസ്സി പഞ്ചായത്ത് കമ്മിറ്റിയില്‍ പറഞ്ഞത് കാര്യങ്ങളൊക്കെ ഞാന്‍ നോക്കിക്കോളാം, വികസനം വരുന്ന കാര്യമാണ് ഇല്ലാതാക്കരുത് എന്നൊക്കെയായിരുന്നു. അന്നേ നിയമപരമല്ലാത്ത കാര്യങ്ങള്‍ നടക്കുന്നത് തടഞ്ഞിരുന്നെങ്കില്‍ ഇന്നിപ്പോള്‍ ആയിരക്കണക്കിനു പേര്‍ക്ക് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടേണ്ടി വരില്ലായിരുന്നു. അന്നത്തെ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ വിജിലന്‍സ് കേസ് എടുത്തപ്പോള്‍ അദ്ദേഹം പരസ്യമായി പറഞ്ഞ കാര്യമാണ്, ഇതില്‍ എനിക്ക് മാത്രമല്ല മറ്റ് പലര്‍ക്കും പങ്കുണ്ടെന്ന്. മറ്റു പലരും എന്നുദ്ദേശിച്ചത് അന്നത്തെ ഭരണക്കാരെ തന്നെയായിരുന്നു. ദേവസ്സി ഇപ്പോള്‍ പറയുന്നത് നിയമലംഘനം അറിഞ്ഞപ്പോള്‍ തന്നെ റൂള്‍ 16 പ്രകാരം ബില്‍ഡിംഗ് പെര്‍മിറ്റ് റദ്ദ് ചെയ്യാന്‍ നിര്‍ദേശം കൊടുത്തുവെന്നാണ്. ശരിക്കും പ്രസിഡന്റിന് അന്ന് പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതില്‍ താത്പര്യം ഉണ്ടായിരുന്നില്ല. മുകളില്‍ നിന്നും ഉണ്ടായ തീരുമാനം അനുസരിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നുള്ളതുകൊണ്ട് സെക്രട്ടറിയാണ് പെര്‍മിറ്റ് റദ്ദ് ചെയ്യാന്‍ തീരുമാനം എടുത്തത്. അതുകൊണ്ട് അങ്ങനെയൊരു തീരുമാനം വന്നു, അല്ലാതെ ദേവസ്സി പറയും പോലെയല്ല. ബില്‍ഡേഴ്‌സിന് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാക്കാനാണ് ദേവസ്സി ശ്രമിച്ചത്. കോണ്‍ഗ്രസ് അന്നേ ഇക്കാര്യങ്ങള്‍ വിളിച്ചു പറഞ്ഞതാണ്”; ദേവരാജന്‍ പറയുന്നു.

എന്നാല്‍ താനോ തന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന പഞ്ചായത്ത് ഭരണ സമതിയോ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് കെ എ ദേവസ്സിയുടെ വാദം. അദ്ദേഹത്തിന്റെ പഴി മുഴുവന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള നഗരസഭ ഭരണസമതിക്കെതിരേയാണ്. പഞ്ചായത്ത് സെക്രട്ടറി പെര്‍മിറ്റ് കൊടുക്കുന്നതില്‍ പ്രസിഡന്റിന് എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ദേവസ്സിയുടെ ചോദ്യം. “ഞാനല്ല പെര്‍മിറ്റ് കൊടുക്കുന്നത്. സെക്രട്ടറി പെര്‍മിറ്റ് കൊടുക്കുന്നത് പഞ്ചായത്ത് ഭരണസമിതി അറിയേണ്ട ആവശ്യവുമില്ല. കേരളത്തിലെ എല്ലാ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷനുകളിലും ഇങ്ങനെ തന്നെയാണ്. ഒരു അപേക്ഷ വരുമ്പോള്‍ സെക്രട്ടറി എന്തെങ്കിലും തടസം പറയുകയാണെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി ആരെങ്കിലും പരാതി നല്‍കുകയാണെങ്കില്‍ ഭരണ സമിതി ഇടപെടാറുണ്ട്. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും പഞ്ചായത്ത് കമ്മിറ്റിക്ക് അപേക്ഷ നല്‍കിയാല്‍ ആ അപേക്ഷയിന്മേലും ചര്‍ച്ച നടത്തും. ഇവിടെ അത്തരം വിഷയങ്ങളൊന്നും നടന്നിരുന്നില്ല”; ആല്‍ഫ വെഞ്ചേഴ്‌സിനോ ജയിന്‍ കണ്‍സ്ട്രക്ഷനോ ഹോളി ഫെയ്തത്് ബില്‍ഡേഴ്‌സിനോ കെ വി ജോസ് കായലോരത്തിനോ തീരദേശ പരിപാലന നിയമം പോലും നോക്കാതെ നിര്‍മാണാനുമതി നല്‍കിയതില്‍ തങ്ങളെ പ്രതിയാക്കേണ്ടെന്നു പറയാന്‍ സിപിഎം നേതാവ് ചൂണ്ടിക്കാണിക്കുന്ന പ്രധാന വാദമിതാണ്.

തങ്ങളെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസുകാര്‍ നിലപാടുകള്‍ മാറ്റിമാറ്റി പറയുന്നവരാണെന്ന പരിഹാസവും ദേവസ്സിക്കുണ്ട്. “ഇത് പൊളിച്ചു കളയണമെന്നു പറഞ്ഞവരാണ് കോണ്‍ഗ്രസുകാര്‍. പൊതുയോഗം വിളിച്ച് ഫ്‌ളാറ്റ് പൊളിക്കണമെന്നു പ്രസംഗിച്ചവരില്‍ തൃപ്പുണിത്തുറയിലെ മുന്‍ എംഎല്‍എയും മണ്ഡലം പ്രസിഡന്റും ഇപ്പോഴത്തെ നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍മാനും എല്ലാം ഉണ്ടായിരുന്നു. ഇപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം പറഞ്ഞു നടക്കുന്നത് ഫ്‌ളാറ്റ് പൊളിക്കല്ലേ എന്നാണ്. മുന്‍പ് പൊളിക്കണമെന്നു പ്രസംഗിച്ച ചെയര്‍മാനും വൈസ് ചെയര്‍മാനും ഇപ്പോള്‍ രണ്ടു ഗ്രൂപ്പുകളാണ്. ഒരാള്‍ റിബലും മറ്റെയാള്‍ ഐ ഗ്രൂപ്പും, അവര്‍ രണ്ടുപേരും ഇപ്പോള്‍ ഓഫിസില്‍ പോലും വരാറില്ല. ഇതൊക്കെയാണ് കോണ്‍ഗ്രസിലെ അവസ്ഥ.”

പെര്‍മിറ്റ് കൊടുത്തതില്‍ സെക്രട്ടറി നടത്തിയ അഴിമതിക്ക് കൂട്ടുനിന്നുവെന്ന ആരോപണത്തെ തള്ളി സിപിഎം നേതാവ് പറയുന്നത്, “2012 ല്‍ മുന്‍സിപ്പല്‍ കമ്മിറ്റി ഹൈക്കോടതിയില്‍ അപ്പീലുമായി പോയപ്പോള്‍ പെര്‍മിറ്റ് കൊടുത്തതില്‍ നിയമപരമായ പ്രശ്‌നം ഉണ്ടെങ്കില്‍ കോടതിയെ അക്കാര്യം ബോധ്യപ്പെടുത്താന്‍ ആദ്യം പറഞ്ഞയാള്‍ ഞാനായിരുന്നു. ഞാന്‍ പ്രായോഗിക രാഷ്ട്രീയം കൈകാര്യം ചെയ്യുന്നയാളാണ്. ഒരു കാര്യത്തില്‍ എങ്ങനെയിടപെടണമെന്ന് അറിയാം. ഞാനെന്റെ പാര്‍ട്ടിയുടെ അനുവാദം പോലും വാങ്ങാതെയായിരുന്നു അന്നങ്ങനെ പറയുന്നു. ഇന്ന് ഞാന്‍ പറയുന്നു, വഞ്ചിതരായ ഫ്‌ളാറ്റ് ഉടമകകളുടെ കൂടെയാണ്.”

“ഫ്‌ളാറ്റ് നിര്‍മാതാക്കളും ഇപ്പോഴത്തെ ഉടമകളും പ്രധാനമായി ഉയര്‍ത്തുന്നൊരു വാദം മരട് ഇപ്പോള്‍ സിആര്‍ഇസഡ് കാറ്റഗ് രണ്ടില്‍ ആണുള്ളതെന്നാണ് (കാറ്റഗറി രണ്ടില്‍ നിര്‍മാണങ്ങള്‍ നിബന്ധനകളോടെ അനുവദനീയമാണ്) വളരെ വേഗം വികസിക്കുന്ന പ്രദേശമായി പരിഗണിച്ചാണ് കാറ്റഗറി ഒന്നിലും മൂന്നിലും ഉള്‍പ്പെട്ടിരുന്ന മരടിനെ സിആര്‍ഇസഡ് രണ്ട് ആക്കി റീ ക്ലാസിഫിക്കേഷന്‍ ചെയ്തത്. എന്നാല്‍ കേരളത്തിന്റെ ആ ആവശ്യം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇതുവരെയും അംഗീകരിച്ചിട്ടില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. നിയമപരമായി സാധുത വന്നിട്ടില്ലാത്ത സഹാചര്യത്തിലും കാറ്റഗറി രണ്ടില്‍ ആണ് പ്രസ്തുത ഫ്‌ളാറ്റുകള്‍ നില്‍ക്കുന്നതെന്ന സത്യാവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കിയവരാണ് മരട് നഗരസഭ. എന്നാല്‍ ഈ കാര്യത്തിലും കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം പഴിചാരുകയാണ്. പഞ്ചായത്ത് ആയിരുന്നപ്പോഴാണ് കാറ്റഗറി രണ്ട് ആണെന്ന സത്യവാങ്മൂലം നല്‍കുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ സിപിഎം ഇതിനെ എതിര്‍ക്കുകയാണ്. 2012 ല്‍ മുന്‍സിപ്പാലിറ്റി സെക്രട്ടറിയാണ് കാറ്റഗറി രണ്ട് ആണെന്നു കാണിച്ച് സത്യവാങ്മൂലം നല്‍കുന്നത്. ആ സത്യവാങ്മൂലത്തില്‍ സംശയം ഉള്ളതുകൊണ്ട് ഹൈക്കോടതി കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അഥോറിറ്റി (കെസിഇസഡ്എംഎ)യെ വിളിച്ചു വരുത്തി. കെസിഇസഡ്എംഎ ആകട്ടെ അക്കാര്യത്തില്‍ തര്‍ക്കമൊന്നും പറഞ്ഞുമില്ല. അങ്ങനെയാണ് ഞാന്‍ പ്രസിഡന്റായിരുന്നപ്പോള്‍ കൊടുത്ത സ്‌റ്റോപ്പ് മെമ്മോ ഹൈക്കോടതി റദ്ദ് ചെയ്യുന്നത്. പിന്നീട് സുപ്രീം കോടതിയില്‍ കേസ് എത്തിയപ്പോഴും ഇപ്പോഴത്തെ മുന്‍സിപ്പാലിറ്റി ഭരണക്കാര്‍ വായും പൊളിച്ച് ഇരിക്കുകയായിരുന്നു. എന്തുകൊണ്ട് ഈ കേസ് വീണ്ടും കോടതിയുടെ പരിഗണനയില്‍ വന്നുവെന്നു ചോദിക്കാനോ ഹൈക്കോടതി ഫ്‌ളാറ്റ് പണിയാന്‍ അനുമതി കൊടുത്തിട്ടുള്ളതാണെന്നും ബോധ്യപ്പെടത്താനോ കൗണ്‍സില്‍ തയ്യാറായില്ല. അത് ചെയ്യാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം”; ദേവസ്സി വിമര്‍ശനം ഉന്നയിക്കുന്നു.

പ്രസിഡന്റും പഞ്ചായത്ത് ഭരണ സമതിയും അറിയാതെ സെക്രട്ടറിയുടെ തീരുമാനങ്ങള്‍ നടപ്പാകില്ലെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെ ഖണ്ഡിക്കാനും സിആര്‍ഇസഡ് കാറ്റഗറിയുമായി ബന്ധപ്പെട്ട തര്‍ക്കവും സിപിഎം മുന്നില്‍ വയ്ക്കുന്നുണ്ട്. “അഡ്വ. ദേവരാജന്‍ ചെയര്‍മാനായി ഇരിക്കുമ്പോഴാണ് അന്നത്തെ സെക്രട്ടറി അഡ്വ. അനില്‍ കുമാര്‍ ഹൈക്കോടതിയില്‍ സിആര്‍ഇസഡ് രണ്ട് എന്നു എഴുതി കൊടുക്കുന്നത്. ആ തീരുമാനം തങ്ങള്‍ അറിഞ്ഞില്ലെന്നാണ് പിന്നീട് ചെയര്‍മാനും ഭരണസമിതിക്കാരും പറഞ്ഞത്. സിആര്‍ഇസഡ് രണ്ടാണെന്നും മൂന്നാണെന്നും പറഞ്ഞ് മുന്‍സിപ്പല്‍ സെക്രട്ടറി കത്തു കൊടുത്തത് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ അനുവാദത്തോടെയായിരുന്നില്ല. എന്നിട്ടും എന്തുകൊണ്ട് ചെയര്‍മാന്‍ സെക്രട്ടറിയുടെ നടപടിയെ എതിര്‍ത്തില്ല. അദ്ദേഹം ഒരു അഡ്വക്കേറ്റ് കൂടിയായിരുന്നല്ലോ? മേയ് എട്ടിന് സുപ്രിം കോടതി വിധി വന്നശേഷം കഴിഞ്ഞ ശനിയാഴ്ച്ച സെക്രട്ടറി അടിയന്തര മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം വിളിച്ചിരുന്നു. ഭരണസമിതി ഒന്നും മിണ്ടിയില്ല. ഞാനാണ് സെക്രട്ടറിയുടെ തീരുമാനത്തെ ചലഞ്ച് ചെയ്തത്. പക്ഷേ, സെക്രട്ടറിക്ക് അവിടെ ന്യായം പറയാം. സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ ബാധ്യതയുണ്ട് അതുകൊണ്ട് യോഗം വിളിച്ചു എന്നു പറഞ്ഞാല്‍ മതി. അതുകൊണ്ടാണ് പറഞ്ഞത്, സെക്രട്ടറി ചെയ്യുന്നതെല്ലാം ഭരണസമതി അറിഞ്ഞുകൊണ്ടാവണമെന്നില്ല, അറിയിക്കണമെന്നു നിയമവുമില്ല”; ദേവസ്സിയുടെ വാക്കുകള്‍.

സിആര്‍ഇസഡ് ലംഘനം നടത്തിക്കൊണ്ട് ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കിയിതില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന ചോദ്യത്തോട് സിപിഎം നേതാവ് കെ എ ദേവസ്സി പ്രതികരിച്ചത്, “അഴിമതി നടന്നോ എന്നു പറയുന്നത് ശരിയല്ല. എന്റെ ഭരണകാലത്ത് അഴിമതി നടന്നു എന്നു പറയാന്‍ കഴിയമോ?” എന്നായിരുന്നു. മുഹമ്മദ് അഷറഫ് അഴിമതി നടത്തിയോ എന്ന ചോദ്യത്തിനുള്ള വിശദീകരണം ഇങ്ങനെ; “ഫ്‌ളാറ്റിന്റെ സ്‌കെച്ച് കണ്ടപ്പോള്‍ പാസാക്കി കൊടുത്തു കാണും. നല്ല കളറില്‍ ഭംഗിയില്‍ ആയിരിക്കുമല്ലോ വരച്ചിരിക്കുന്നത്”. അന്ന് എഞ്ചിനീയറോ മറ്റ് സംവിധാനങ്ങളോ പഞ്ചായത്തിന് ഇല്ല. മരട്, കുമ്പളം പഞ്ചായത്തുകള്‍ കൂടുന്ന ബ്ലോക്ക് പഞ്ചായത്തിലെ എ ഇ മാര്‍ ആയിരുന്നു, ഈ രണ്ടു പഞ്ചായത്തുകളിലെയും സെക്രട്ടറിമാര്‍ ആവിശ്യപ്പെടുന്ന കാര്യങ്ങളില്‍ പരിശോധന നടത്തിയിരുന്നത്. ബില്‍ഡിംഗ് പെര്‍മിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവര്‍ ഇടപെട്ടിരുന്നുമില്ല എന്ന കാര്യം കൂടി ദേവസ്സി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതായത് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന മുഹമ്മദ് അഷറഫ് സ്വന്തം നിലയ്ക്കാണ് കാര്യങ്ങളെല്ലാം തീരുമാനിച്ച് നടപ്പാക്കി കൊണ്ടിരുന്നതെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് ദേവസ്സി. അതേസമയം തന്നെ ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി കൊടുത്തതിനു പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്നു പറയാനും ദേവസ് തയ്യാറായിട്ടില്ല. അദ്ദേഹം പറയുന്നത്, “അഴിമതിയുടെ വിഷയത്തില്‍ അല്ല നിര്‍മാണത്തിനു സ്റ്റോപ്പ് മെമ്മോ കൊടുക്കുന്നത്. ഐഎന്‍ടിയുസി ജംഗ്ഷനില്‍ ഒരു വീട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക അഴിമതി നടന്നെന്നു കാണിച്ച് സെക്രട്ടറിക്കെതിരേ വിജിലന്‍സ് കേസ് എടുക്കുകയും അദ്ദേഹത്തിന്റെ മേശപ്പുറത്തുണ്ടായിരുന്ന ഫയലുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ചില നിര്‍ദേശങ്ങളോടെ ആ ഫയലുകള്‍ തിരിച്ചു തന്നു” എന്നുമാണ്.

ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ സമര്‍പ്പിച്ച സെക്ച്ചില്‍ സൈറ്റ് സന്ദര്‍ശനം നടത്താതെ പോലും അനുമതി നല്‍കുകയായിരുന്നു സെക്രട്ടറി മുഹമ്മദ് അഷറഫ് ചെയ്തത്. എന്നാല്‍ സെക്രട്ടറിക്ക് ഒറ്റയ്ക്ക് ഇത്തരം നിയമലംഘനങ്ങള്‍ നടത്താന്‍ കഴിയുമോ എന്ന ചോദ്യത്തിന് ദേവസ്സിക്കുള്ള മറുപടി ഇതാണ്; “സൈറ്റ് വിസിറ്റ് ചെയ്യേണ്ട ഉത്തരവാദിത്വം പഞ്ചായത്ത് ഭരണ സമിതിക്കല്ല. എഞ്ചിനീയര്‍മാരുടെ ജോലിയാണത്. എ ഇ ഇല്ലാത്ത സ്ഥലത്ത് സെക്രട്ടറിമാര്‍ ചെയ്യണം. അത് ചെയ്യാത്തതിന്റെ ഉത്തരവാദിത്വം സെക്രട്ടറിക്കാണ്. ഇതേ സെക്രട്ടറിയുടെ മേശപ്പുറത്തു നിന്നും വിജിലന്‍സ് പിടിച്ചെടുത്തു കൊണ്ടുപോയ ഫയലുകള്‍ അവര്‍ നിര്‍ദേശങ്ങളോടെ തിരിച്ചു നല്‍കിയപ്പോള്‍ ഞാനത് പഞ്ചായത്ത് കമ്മിറ്റിയില്‍ വച്ചു പരിശോധിച്ചിരുന്നു. അതിന്‍പ്രകാരമാണ് റൂള്‍ 16 ന് അനുസരിച്ച് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് നോട്ടീസ് നല്‍കാന്‍ അന്നത്തെ സെക്രട്ടറിയോട് ഉത്തരവ് ഇട്ടത്. അവിടെ എന്റെ ജോലി ക്ലിയര്‍ ആയി. അപ്പുറത്ത് എന്തു നടന്നു എന്ന് അന്വേഷിക്കുന്നതല്ല എന്റെ ജോലി. വിജിലന്‍സ് പറഞ്ഞ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് തീരുമാനം എടുക്കുക, അത് ഞാന്‍ ചെയ്തു. ഞാന്‍ നല്‍കിയ നോട്ടീസ് നടപ്പായിരുന്നുവെങ്കിലോ, പിന്നീട് മുന്‍സിപ്പാലിറ്റി ആയപ്പോള്‍ അപ്പോഴത്തെ സെക്രട്ടറിയോ കൗണ്‍സിലോ അക്കാര്യങ്ങള്‍ വേണ്ടവിധത്തില്‍ ശ്രദ്ധിച്ചിരുന്നുവെങ്കിലോ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലായിരുന്നു. കാരണം, ഞാന്‍ സ്റ്റോപ്പ് മെമ്മോ കൊടുക്കുമ്പോള്‍ ഫ്‌ളാറ്റുകളില്‍ ചിലത് ഫയലിംഗ് അവസ്ഥയിലും മറ്റുള്ളവ ഒരു നില മാത്രം പൂര്‍ത്തിയാക്കിയ അവസ്ഥയിലും ആയിരുന്നു”.

നിര്‍മാതാക്കളും രാഷ്ട്രീയക്കാരും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിയുമ്പോള്‍ വിജിലന്‍സ് കണ്ടെത്തലുകള്‍ ഉള്ള അഴിമതിയാണ് ഫ്‌ളാറ്റ് നിര്‍മാണത്തില്‍ ഉണ്ടായിട്ടുള്ളതെന്നു കണ്ടെത്തിയിട്ടും ഇതുവരെ അതിന് ഉത്തരവാദികളായവരില്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. നിയമലംഘനം നടത്തിയവരെയും അതിനു കൂട്ടു നിന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള പ്രതിഷേധങ്ങളോ സമരങ്ങളോ ഇതുവരെ ഉണ്ടായിട്ടുമില്ല. എന്നാല്‍, സുപ്രീം കോടതി ഉത്തരവിന്റെ കാലാവധി പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ഇന്നു നടക്കുന്ന സര്‍ക്കാര്‍ നേതൃത്വത്തിലുള്ള സര്‍വകക്ഷിയോഗത്തില്‍ അനുകൂലമായ എന്തെങ്കിലും ഉണ്ടായില്ലെങ്കില്‍ താമസമൊഴിഞ്ഞുപോകേണ്ട അവസ്ഥയില്‍ ആയിരത്തി നാന്നൂറിനടുത്ത് മനുഷ്യര്‍ നില്‍ക്കുന്നുമുണ്ട്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍