UPDATES

‘കൈ കഴുകാനുള്ള സോപ്പ് കിട്ടിയിട്ട് ഒരു വര്‍ഷമായി’; നഗരം ശുചിയാക്കുന്ന തൊഴിലാളികളോട് ഒരു നഗരസഭ പെരുമാറുന്നതിങ്ങനെയാണ്

നഗരങ്ങളുടെ അഴുക്കുകള്‍ കഴുകി വൃത്തിയാക്കാനായി ഉള്‍നാട്ടിലെ ഗ്രാമങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുള്ള ഒരു ജനവിഭാഗത്തോടുള്ള അധികൃതരുടെ പെരുമാറ്റത്തില്‍ ആര്‍ക്കും അസ്വാഭാവികത തോന്നുന്നില്ല എന്നതും ഇവരെ ക്ഷുഭിതരാക്കുന്നുണ്ട്

ശ്രീഷ്മ

ശ്രീഷ്മ

‘രാവിലെ ഏഴു മണിക്കു മുന്നേ തുടങ്ങുന്ന പണിയാണ്. നഗരത്തിന്റെ എല്ലാ മുക്കും മൂലയും, അഴുക്കുചാലുകളും ഞങ്ങള്‍ ഇറങ്ങി വേണം വൃത്തിയാക്കാന്‍. മുനിസിപ്പാലിറ്റിയുടെ മറ്റ് ജീവനക്കാര്‍ ഒന്നോ രണ്ടോ ദിവസം അവധിയെടുക്കുന്നതു പോലെയല്ല, ഞങ്ങളില്‍ രണ്ടേ രണ്ടു പേര്‍ ഒരു ദിവസം ജോലിക്കിറങ്ങിയില്ലെങ്കില്‍ അപ്പോള്‍ കാണാം. അധ്വാനിച്ച് തളര്‍ന്ന് കയറിവരുമ്പോള്‍ ഒന്നു കിടന്നു വിശ്രമിക്കാന്‍ നല്ലൊരു കൂര പോലുമില്ലെങ്കിലോ? ആലോചിച്ചു നോക്കിയിട്ടുണ്ടോ?’ കാലങ്ങളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പരാതികള്‍ വീണ്ടും വീണ്ടും എടുത്തു പറയുകയാണ് കാസര്‍കോട് മുനിസിപ്പാലിറ്റിക്കു കീഴിലുള്ള ശുചീകരണത്തൊഴിലാളികള്‍. ശുചീകരണത്തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കു ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങളും സഹായങ്ങളും മാത്രമല്ല, താമസത്തിനായി അനുവദിച്ചു നല്‍കിയിട്ടുള്ള ക്വാര്‍ട്ടേഴ്‌സുകളുടെ കാര്യത്തില്‍പ്പോലും അലംഭാവം കാണിക്കുകയാണ് അധികാരികള്‍ എന്നു ചൂണ്ടിക്കാട്ടുകയാണിവര്‍. മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് താഴേക്കിടയിലെ തൊഴിലാളികളോടുള്ള വിവേചനത്തിന്റെ യഥാര്‍ത്ഥ ചിത്രം മനസ്സിലാകണമെങ്കില്‍ നഗരമധ്യത്തിലെ തങ്ങളുടെ വീടുകളിലേക്ക് വരൂ എന്ന് ഇവര്‍ ക്ഷണിക്കുന്നു.

കാസര്‍കോട് നഗരത്തില്‍ അശോക് നഗര്‍ ട്രാഫിക് പൊലീസ് സ്റ്റേഷനോടു ചേര്‍ന്നുള്ള പന്ത്രണ്ട് വാടക ക്വാര്‍ട്ടേഴ്‌സുകളിലായാണ് നഗരത്തെ ശുചിയാക്കിവയ്ക്കുന്നവരില്‍ ഒരു വിഭാഗം താമസിക്കുന്നത്. ഈ പന്ത്രണ്ട് ക്വാര്‍ട്ടേഴ്‌സുകളിലും പൊതുവായി കാണാവുന്ന ചിലതുണ്ട്. ദ്രവിച്ചു വീഴാറായ വാതിലുകള്‍, ചോരുന്ന മേല്‍ക്കൂര, ഏതു നിമിഷവും ഇടിഞ്ഞു വീണേക്കാമെന്ന മട്ടില്‍ അടര്‍ന്നു നില്‍ക്കുന്ന കോണ്‍ക്രീറ്റു പാളികള്‍ എന്നിവ അവയില്‍ ചിലതു മാത്രമാണ്. കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, ദേലമ്പാടി, മുള്ളേരിയ എന്നിവിടങ്ങളില്‍ നിന്നും, കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന ഉള്‍ഗ്രാമങ്ങളില്‍ നിന്നും ജോലി തേടി കാസര്‍കോട് നഗരത്തിലെത്തി ഒടുവില്‍ ശുചീകരണത്തൊഴില്‍ ചെയ്യാനാരംഭിച്ച ഒരു ജനതയാണ് ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നത്. കേരള അര്‍ബന്‍ ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ കണ്ടിജന്റ് വര്‍ക്കേഴ്‌സ് റെന്റല്‍ സ്‌കീമില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ കെട്ടിടങ്ങളില്‍ താമസിക്കാന്‍ പ്രതിമാസം കൃത്യമായി വാടകയും ഇവര്‍ നല്‍കുന്നുണ്ട്. വാസയോഗ്യമല്ലെന്ന് ഉറപ്പിച്ചു തന്നെ പറയാവുന്ന ഈ കെട്ടിടങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ നടക്കണമെങ്കില്‍, മുനിസിപ്പാലിറ്റി അധികൃതര്‍ തന്നെ കനിയണം. വര്‍ഷങ്ങളായി തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പല തവണയായി അറിയിക്കുകയും പരാതികള്‍ കൊടുക്കുകയും ചെയ്തിരുന്നെങ്കിലും, കാസര്‍കോട്ടെ ശുചീകരണത്തൊഴിലാളികള്‍ ഇന്നും പാതി തകര്‍ന്ന കെട്ടിടങ്ങളില്‍ത്തന്നെ ജീവിക്കുകയാണ്.

പാമ്പും പെരുച്ചാഴികളും തെരുവുനായ്ക്കളും എല്ലാ നേരത്തും കടന്നുവരുന്ന അടുക്കളകളില്‍ പാചകം തന്നെ ഒഴിവാക്കിയവരും, തങ്ങള്‍ക്ക് അവകാശപ്പെട്ട ക്വാര്‍ട്ടേഴ്‌സുകള്‍ വിട്ട് ഉയര്‍ന്ന വാടകയ്ക്ക് മറ്റു വീടുകള്‍ തേടിപ്പോയവരും ഇക്കൂട്ടത്തിലുണ്ട്. ‘വാടകയിനത്തില്‍ ലഭിച്ച ക്വാര്‍ട്ടേഴ്‌സുകളില്‍ മെയിന്റനന്‍സ് നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 2016 മുതല്‍ക്കു തന്നെ ഹര്‍ജികള്‍ കൊടുക്കുന്നുണ്ട്. നാളിതുവരെ ഒരു ഫണ്ടിലും ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുമില്ല, ഒരു നടപടികള്‍ക്കും തുടക്കമിട്ടിട്ടുമില്ല. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പട്ടണത്തിലെ എല്ലാ അഴുക്കുചാലുകളിലും ഇറങ്ങി വൃത്തിയാക്കി വരുന്ന ഞങ്ങള്‍ക്ക്, സ്വന്തം വീട്ടില്‍ കയറിക്കിടന്ന് ഒന്ന് ഉറങ്ങാനുള്ള അവസ്ഥ പോലുമില്ല. വാതിലുകളെല്ലാം പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ബാത്ത്‌റൂമിനൊന്നും വാതിലില്ല. എല്ലാം എടുത്ത് ചാരിവയ്‌ക്കേണ്ട അവസ്ഥയിലുള്ളവയാണ്. പാമ്പുകളൊക്കെ യഥേഷ്ടം അകത്തു കയറിയിറങ്ങി നടക്കുകയാണ്. നായ്ക്കളൊക്കെ അടുക്കളയില്‍ കയറുന്നതുകൊണ്ട് ചിലര്‍ക്ക് വീടു വിട്ടു നില്‍ക്കേണ്ടിവന്നിട്ടുണ്ട്. ശുചീകരണത്തൊഴിലാളികളോട് വലിയ ക്രൂരതയാണ് നഗരസഭ കാണിച്ചുകൊണ്ടിരിക്കുന്നത്. പരിഗണിക്കാം, ശരിയാക്കിത്തരാം എന്നുള്ള വാക്കുകള്‍ തന്നെയാണ് സ്ഥിരമായി കേള്‍ക്കുന്നത്. ചെയ്തു തരില്ല എന്നൊന്നും പറയില്ല. തരില്ല എന്നുമാത്രം.’ ശുചീകരണത്തൊഴിലാളിയായ അബൂബക്കര്‍ കോയ പറയുന്നതിങ്ങനെ.

കാസര്‍കോട് നഗരത്തില്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നത് ഇരുപത് ശുചീകരണത്തൊഴിലാളികളാണ്. ഇതില്‍ പന്ത്രണ്ടു പേര്‍ വാടക ക്വാര്‍ട്ടേഴ്‌സുകളിലാണെങ്കില്‍, ബാക്കി എട്ടു പേര്‍ താമസിക്കുന്നത് അല്പം മാറിയുള്ള കെട്ടിടങ്ങളിലാണ്. സ്വന്തമായി ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചു കിട്ടിയിട്ടുള്ളവരാണ് ഈ എട്ടു പേരും. ക്വാര്‍ട്ടേഴ്‌സിന്റെ മൂല്യത്തിനുള്ള തുക ഘട്ടം ഘട്ടമായി ശമ്പളത്തില്‍ നിന്നും ഈടാക്കിയാണ് ഇവര്‍ക്ക് കെട്ടിടം സ്വന്തമായി അനുവദിച്ചു കൊടുത്തിരിക്കുന്നത്. സ്വന്തം വീട് എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമായി എന്നതൊഴിച്ചാല്‍, വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തൊഴിലാളികളും, ഈ എട്ടു പേരും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളില്ല എന്നതാണ് വാസ്തവം. പലരും വര്‍ഷങ്ങള്‍ കൊണ്ട് തുക അടച്ചു തീര്‍ത്തു കഴിഞ്ഞിട്ടുണ്ടെങ്കിലും, ഇനിയും ഈ വീടുകള്‍ ഇവര്‍ക്ക് സ്വന്തം പേരിലേക്ക് മാറ്റി രേഖപ്പെടുത്തിക്കിട്ടിയിട്ടില്ല. വീട് സ്വന്തം പേരിലാണെന്ന രേഖകള്‍ കൈയില്‍ കിട്ടാത്തിടത്തോളം കാലം, ഇവര്‍ക്കും പൊളിഞ്ഞ വീടുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിക്കില്ല. വീടിനു നിശ്ചയിച്ച തുക പൂര്‍ണമായും അബൂബക്കര്‍ തിരിച്ചടച്ചിട്ട് മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍, അബൂബക്കര്‍ താമസിക്കുന്ന വീട് ഇപ്പോഴും രേഖകളില്‍ മുനിസിപ്പാലിറ്റിയുടേതാണ്.

‘വീടിന്റെ മൂല്യത്തിനൊപ്പിച്ച ഒരു സംഖ്യ തീരുമാനിച്ച്, അത് ശമ്പളത്തില്‍ നിന്നും പിടിച്ച് ഈ വീട് ഞങ്ങള്‍ക്ക് സ്വന്തമായി അനുവദിച്ചു തന്നിട്ടുള്ളതാണ്. അതിന്റെ പലിശയടക്കം എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് അടയ്‌ക്കേണ്ട സംഖ്യ പോലും തീരുമാനിക്കുന്നത്. മൂന്നു വര്‍ഷമായി ഈ പിടിത്തം കഴിഞ്ഞിട്ട്. ഈ എട്ടു പേരില്‍ നാലോ അഞ്ചോ തൊഴിലാളികള്‍ ജോലിയില്‍ നിന്നും വിരമിച്ചു കഴിഞ്ഞു. ഒരു തൊഴിലാളി മരിച്ചു. ക്വാര്‍ട്ടേഴ്‌സിന്റെ രേഖകള്‍ ഇന്നേവരെ നമ്മുടെ കൈയില്‍ കിട്ടിയില്ല. വീടുകള്‍ ഇപ്പോഴും സെക്രട്ടറിയുടെ പേരിലാണ്. അതുകൊണ്ട് റിപ്പയര്‍ ചെയ്യാനും പറ്റുന്നില്ല. രേഖകള്‍ കൈയില്‍ കിട്ടിയാല്‍ എന്തെങ്കിലും ലോണെടുത്തിട്ടെങ്കിലും വീടുകള്‍ സുരക്ഷിതമാക്കാമായിരുന്നു. പെട്ടന്നു തന്നെ ഈ രേഖകള്‍ ശരിയാക്കാകില്ലെന്ന വസ്തുത ഞങ്ങള്‍ക്കുമറിയാം. പക്ഷേ, ഇത് വലിയൊരു കാലതാമസം തന്നെയാണ്. ഒരു നടപടിയും ഇന്നേവരെ തുടങ്ങിയിട്ടില്ല. ശുചീകരത്തൊഴിലാളികളോടു മാത്രം കാണിക്കുന്ന ക്രൂരതയല്ലേ ഇത്?’

വാസയോഗ്യമല്ലാത്ത ക്വാര്‍ട്ടേഴ്‌സുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ മാത്രമല്ല ജില്ലയിലെ ശുചീകരണത്തൊഴിലാളികള്‍ നേരിടുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാതെ കഷ്ടപ്പെടുന്ന സഹപ്രവര്‍ത്തകരെക്കുറിച്ചു പറയുമ്പോള്‍ത്തന്നെ, തങ്ങളെല്ലാവരെയും പൊതുവായി ബാധിക്കുന്ന ചില പ്രതിസന്ധികളെക്കുറിച്ചാണ് പീതാംബരയ്ക്ക് ചൂണ്ടിക്കാട്ടാനുള്ളത്. നഗരപരിധിയില്‍ത്തന്നെ വീടുള്ള പീതാംബരയക്കമുള്ളവര്‍ ഗുരുതരമായിക്കാണുന്ന പ്രശ്‌നങ്ങളില്‍ ചിലത് ഒരുപക്ഷേ, കാര്യമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കു പോലും നയിച്ചേക്കാവുന്നവയാണ്. ശുചീകരണത്തൊഴിലാളികള്‍ക്ക് അനുവദിച്ചിട്ടുള്ള യൂണിഫോം കിറ്റുകള്‍, പാദരക്ഷകള്‍, സോപ്പുകള്‍ എന്നിവ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇവര്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടിട്ടില്ല. തൊഴിലിലേര്‍പ്പെടുമ്പോള്‍ ധരിക്കേണ്ട കൈയുറകള്‍, മാസ്‌കുകള്‍, മഴക്കോട്ടുകള്‍, പ്രത്യേകതരം വസ്ത്രങ്ങള്‍ എന്നിവയടങ്ങുന്ന യൂണിഫോം കിറ്റുകള്‍ അവസാനമായി ഇവര്‍ക്കു ലഭിച്ചത് 2016-17 വര്‍ഷക്കാലത്താണ്. ശരീരം ശുചിയായി സൂക്ഷിക്കുന്നതിനായി വിതരണം ചെയ്യപ്പെടുന്ന സോപ്പുകള്‍ ഏറ്റവുമൊടുവില്‍ ലഭിച്ചത് 2017-18 ലും. പഴക്കം ചെന്ന യൂണിഫോമുകള്‍ ധരിച്ചും, കൈയുറകള്‍ ഉപയോഗിക്കാതെയുമാണ് പീതാംബരയടക്കം പലരും അഴുക്കുചാലുകളിലിറങ്ങി ജോലി ചെയ്യുന്നത്.

‘ആഴ്ചയില്‍ നൂറ്റിയമ്പതു ഗ്രാം സോപ്പ് അനുവദിച്ചിട്ടുണ്ട്. 2018 മാര്‍ച്ച് മുതല്‍ 2019 വരെയുള്ള കാലയളവില്‍ അത് ഒരു തവണ പോലും മുനിസിപ്പാലിറ്റി വിതരണം ചെയ്തിട്ടില്ല. യൂണിഫോം കിറ്റുകളുടെ അവസ്ഥയും അതു തന്നെ. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ വിതരണം ചെയ്യേണ്ട യൂണിഫോം അന്ന് ലാപ്‌സായിപ്പോയിരുന്നു. ശേഷം 2016-17 വര്‍ഷത്തില്‍ മൂന്നു സെറ്റ് കിട്ടിയിരുന്നു. അതിനു ശേഷം ഇന്നേവരെ ഒരിക്കല്‍പ്പോലും കിറ്റും ലഭിച്ചിട്ടില്ല. പഴയ യൂണിഫോം ഉപയോഗിക്കുന്നവരാണ് അധികവും. ചിലര്‍ അതും ഉപയോഗിക്കുന്നില്ല. യൂണിഫോമിനൊപ്പം ലഭിക്കേണ്ട പാദരക്ഷകളും മൂന്നാലു കൊല്ലമായി കിട്ടിയിട്ടില്ല. 950 രൂപയുടെ കൂപ്പണ്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും തരികയും, അതുപയോഗിച്ച് ഞങ്ങള്‍ പുറത്തു നിന്നും വാങ്ങാറാണ് പതിവ്. പുതിയ പദ്ധതിയില്‍ പാദരക്ഷകള്‍ ഉള്‍പ്പെട്ടിട്ടില്ല എന്നൊക്കെയാണ് പറയുന്നത്. ഗ്ലൗസും മാസ്‌കുമൊക്കെ 2017ലാണ് അവസാനമായി കിട്ടിയത്. 22 വര്‍ഷമായി ഞാനിവിടെ ജോലി ചെയ്യുന്നു. 1998 മുതല്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി നോക്കിയിട്ട്, 2012 മുതല്‍ക്കാണ് സ്ഥിരപ്പെടുത്തിയത്. ഗ്ലൗസും മാസ്‌കും ഉപയോഗിക്കാതെ ജോലി ചെയ്ത് ശീലമായി. ഞാനിപ്പോള്‍ അതൊന്നും ഉപയോഗിക്കാറുതന്നെയില്ല. താല്‍ക്കാലിക ജീവനക്കാരായി നാലഞ്ചു പേര്‍ പുതിയതായി വന്നിട്ടുണ്ട്. അവര്‍ക്ക് ജോലിയില്‍ വലിയ പരിചയമില്ലാത്തതിനാല്‍ രോഗം വരുമോ എന്ന ഭയമാണ്. അതുകൊണ്ട് അവര്‍ സ്വന്തം കൈയില്‍ നിന്നും കാശെടുത്ത് ഗ്ലൗസും മാസ്‌കും വാങ്ങി ഉപയോഗിക്കുന്നുണ്ട്.’ പീതാംബര പറയുന്നു. ശുചീകരണജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതിനെക്കുറിച്ച് അറിവുണ്ടെങ്കിലും, ‘ശീലമായിപ്പോയി’ എന്ന വാക്കുപയോഗിച്ചാണ് പീതാംബര ഗ്ലൗസ് ഉപയോഗിക്കാത്ത തന്റെ രീതി വിശദീകരിക്കുന്നത്. ആരോഗ്യം നോക്കണ്ടേ എന്ന ചോദ്യത്തിനും ചിരി മാത്രമാണുത്തരം.

ഗുരുതരമായ രോഗങ്ങള്‍ക്ക് അടിമപ്പെടാവുന്ന സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ശുചീകരണത്തൊഴിലാളികളെന്നും, അവരുടെ ആരോഗ്യസംരക്ഷണം ഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും മനസ്സിലാക്കി അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കേണ്ടിടത്താണ് കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ തികഞ്ഞ അനാസ്ഥ നിലനില്‍ക്കുന്നത്. താഴേത്തട്ടിയുള്ള ജോലിക്കാരാണ് തങ്ങള്‍ എന്ന പൊതുബോധം അധികാരികളെയും അടിമപ്പെടുത്തിയതിന്റെ ഫലമായാണ് തങ്ങള്‍ ഇത്തരം വിവേചനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതെന്നും ഇവര്‍ പറയുന്നു. ‘കൈ കഴുകാനുള്ള സോപ്പ് കിട്ടിയിട്ട് ഒരു വര്‍ഷമായെന്നു പറയുമ്പോള്‍ത്തന്നെ അവസ്ഥ മനസ്സിലാകില്ലേ. ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും ആദ്യത്തില്‍ ആവശ്യപ്പെടുന്നതിനനുസരിച്ചാണ് ഇതെല്ലാം വിതരണം ചെയ്യുക. മുടങ്ങാതെ എല്ലാ വര്‍ഷവും ആവശ്യപ്പെടാറുണ്ട്. പല വര്‍ഷങ്ങളിലും ഒട്ടും ലഭിക്കാതെ പോകാറുമുണ്ട്. ഇതിനു പകരം പണവും ആവശ്യപ്പെടാനാകില്ല.’ നഗരങ്ങളുടെ അഴുക്കുകള്‍ കഴുകി വൃത്തിയാക്കാനായി ഉള്‍നാട്ടിലെ ഗ്രാമങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുള്ള ഒരു ജനവിഭാഗത്തോടുള്ള അധികൃതരുടെ പെരുമാറ്റത്തില്‍ ആര്‍ക്കും അസ്വാഭാവികത തോന്നുന്നില്ല എന്നതും ഇവരെ ക്ഷുഭിതരാക്കുന്നുണ്ട്.

വര്‍ഷങ്ങളായുള്ള അതൃപ്തി അറിയിക്കാനും അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താനുമായി മാര്‍ച്ച് 27ന് മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ ധര്‍ണയിരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കാസര്‍കോട്ടെ ശുചീകരണത്തൊഴിലാളികള്‍. സി.ഐ.ടി.യു വിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണയില്‍, മറ്റു വിവിധ തൊഴിലാളി സംഘടനകളും പങ്കാളികളാകുമെന്നും നേതാക്കള്‍ പറയുന്നു. ഒരു കിടപ്പുമുറിയും ഹാളും ഇടുങ്ങിയ അടുക്കളയും മാത്രമുള്ള വീടുകളില്‍ തൃപ്തരായിട്ടുപോലും, അവിടെ തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ആവര്‍ത്തിച്ചു പറയുകയാണിവര്‍. ശുചീകരണത്തൊഴിലാളികളുടെ ആരോഗ്യകാര്യത്തിലുള്ള അശ്രദ്ധയും പാടേ ഒഴിവാക്കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.

©

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

Representation Image

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍