UPDATES

ട്രെന്‍ഡിങ്ങ്

പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്രയെ ഒതുക്കുമോ? പിണറായി തീരുമാനിക്കും

ജാഗ്രതക്കുറവുണ്ടായി എന്നതൊഴിച്ചാല്‍ പരിശോധന നിയമപ്രകാരമായിരുന്നു എന്ന റിപ്പോര്‍ട്ടാണ് എഡിജിപി മനോജ് എബ്രഹാം ഡിജിപിക്ക് കൈമാറിയിരിക്കുന്നത്

പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞ പ്രതികളെ പിടികൂടാനായി സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ പരിശോധന നടത്തിയ യുവ ഐപിഎസ് ഓഫീസറുടെ ഭാവി ഇനി സര്‍ക്കാരിന്റെ കൈകളില്‍. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയില്‍ യുക്തമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ നല്‍കിയത്. എന്നാല്‍ ജാഗ്രതക്കുറവുണ്ടായി എന്നതൊഴിച്ചാല്‍ പരിശോധന നിയമപ്രകാരമായിരുന്നു എന്ന റിപ്പോര്‍ട്ടാണ് എഡിജിപി മനോജ് എബ്രഹാം ഡിജിപിക്ക് കൈമാറിയിരിക്കുന്നത്. ജാഗ്രതക്കുറവുണ്ടായി, പരിശോധനയ്ക്ക് തിടുക്കം കാട്ടി എന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നടപടികളിലേക്ക് വഴിവച്ചേക്കാമെന്ന സൂചനയാണ് പോലീസ് വൃത്തങ്ങളും നല്‍കുന്നത്.

നടപടിക്ക് മനോജ് എബ്രഹാം റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടില്ല. ചൈത്ര നിര്‍വ്വഹിച്ചത് അവരുടെ ജോലി മാത്രമാണെന്ന് വിശദീകരിക്കുന്നുമുണ്ട്. എന്നാല്‍ പൊതുപ്രവര്‍ത്തകരെ ബഹുമാനത്തോടെ കാണേണ്ടതാണെന്നും സാധാരണ പാര്‍ട്ടി ഓഫീസുകളില്‍ പരിശോധന നടത്താറില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി പരിശോധനയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പരാതി ഗൗരവമായി സര്‍ക്കാര്‍ എടുക്കുമെന്നും യുക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് നല്‍കിയ മറുപടിയിലായിരുന്നു ഈ പരാമര്‍ശങ്ങള്‍. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശ ചെയ്യാത്ത സാഹചര്യത്തില്‍ ഇനി മുഖ്യമന്ത്രിയായിരിക്കും എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കുക.

പോക്‌സോ കേസില്‍ അറസ്റ്റിലായവരെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന ചിലര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന് നേരെ കല്ലേറ് നടത്തിയിരുന്നു. ഈ സംഭവത്തില്‍ ഉള്‍്‌പ്പെട്ടവരെ പിടികൂടാനായാണ് അന്ന് ഡിസിപിയുടെ ചുമതലയിലുണ്ടായിരുന്ന ചൈത്ര തെരേസ ജോണ്‍ പരിശോധന നടത്തിയത്. പ്രതികളിലൊരാള്‍ ഡിസി ഓഫീസിലാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ജില്ലാ കമ്മറ്റി ഓഫീസിലെ പരിശോധന. എന്നാല്‍ പ്രതികളെ അവിടെ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സംഘം മടങ്ങി. അടുത്ത ദിവസം ഡിസിപി ആദിത്യ അവധി കഴിഞ്ഞ് മടങ്ങിയെത്തിയതോടെ ചൈത്ര വനിതാ സെല്‍ എസ് പിയുടെ ചുമതലയിലേക്ക് മടങ്ങി. എന്നാല്‍ പിന്നീടാണ് ഇതിനെച്ചുറ്റിപ്പറ്റി വിവാദങ്ങള്‍ കൊഴുക്കുന്നത്.

ഡിസി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്രയ്‌ക്കെതിരെ സ്ഥലംമാറ്റ നടപടി എടുത്തു എന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ചൈത്ര പ്രശസ്തിക്കായി കാണിച്ചുകൂട്ടിയതാണ് ഇതെന്ന് സിപിഎം നേതാക്കളും പ്രതികരിച്ചു. എന്നാല്‍ ചൈത്ര ഇക്കാര്യത്തില്‍ വിശദീകരണത്തിന് മുതിര്‍ന്നിരുന്നില്ല. വിവാദം കൊഴുത്തതോടെ ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്തതിനെതിരെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സര്‍ക്കാരില്‍ പരാതി നല്‍കി. തുടര്‍ന്ന് ഡിജിപിയോട് ഇക്കാര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എഡിജിപി മനോജ് എബ്രഹാം വകുപ്പുതലത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അന്വേഷണത്തില്‍ ചൈത്രയ്‌ക്കെതിരെ നടപടിയെടുക്കേണ്ടതായി ഒന്നും ബോധ്യപ്പെട്ടിട്ടില്ലെങ്കിലും പാര്‍ട്ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും സമ്മര്‍ദ്ദം സര്‍ക്കാരില്‍ ഉണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനാല്‍ സ്ഥലം മാറ്റമോ താക്കീതോ ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രതീക്ഷിക്കാമെന്നും അവര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍