UPDATES

സേവ് മൂന്നാര്‍ ക്യാമ്പയിന്‍

ഈ കുരിശില്‍ സബ്കളക്ടറെ ക്രൂശിക്കരുത്

വികസനം എന്ന മാന്ത്രിക വടി നീട്ടി പാവങ്ങളുടെ കിടപ്പാടം പൊളിച്ചു നീക്കുന്നതില്‍ യാതൊരു മന:സാക്ഷി കുത്തും കാണിക്കാത്ത ഭരണകൂടങ്ങളെ നമ്മള്‍ കണ്ടതാണ്-അഴിമുഖം എഡിറ്റോറിയല്‍

മൂന്നാര്‍ പാപ്പാത്തിചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന അനധികൃതമായി ഭൂമി കയ്യേറി നാട്ടിയ കുരിശ് റവന്യൂ അധികൃതര്‍ പൊളിച്ചു മാറ്റിയത് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ തുടങ്ങിവെച്ച രണ്ടാം മൂന്നാര്‍ ഓപ്പറേഷന്റെ വിധി നിര്‍ണ്ണയിക്കുന്ന ഒന്നായി മാറുമോ എന്ന ആശങ്കയിലാണ് പൊതുസമൂഹം. ഇന്നലെ കോട്ടയത്ത് ഒരു പൊതുപരിപാടിയില്‍ മുഖ്യമന്ത്രി വീശിയ ശാസനയുടെ വാള്‍ സൂചിപ്പിക്കുന്നത് അതാണ്. കയ്യേറ്റത്തിന് സര്‍ക്കാര്‍ എതിരാണെങ്കിലും കുരിശ് പൊളിച്ചുമാറ്റിയ രീതി ശരിയായില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പൊളിക്കാന്‍ പോകുമ്പോള്‍ ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ട് എന്നാലോചിക്കേണ്ടേ എന്നു പറഞ്ഞ മുഖ്യമന്ത്രി ഇടുക്കി കളക്ടറെ പരസ്യമായി ശാസിക്കുകയും ചെയ്തു.

എന്നാല്‍ മുഖ്യമന്ത്രിക്ക് മുന്‍പ് തന്നെ സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനും എംഎല്‍എ എസ്. രാജേന്ദ്രനും വെടി പൊട്ടിച്ചിരുന്നു. ‘ജനങ്ങളെ ഭയപ്പെടുത്താനാണ് പോലീസിന്റെയും സബ്കളക്ടറിന്റെയും ശ്രമം. അതിനാലാണ് കുരിശ് പൊളിച്ചത്. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് മറ്റുള്ളവര്‍ പ്രവേശിക്കുന്നത് വിലക്കിയാല്‍ മതി. അല്ലാതെ കുരിശ് പൊളിക്കുന്നത് എന്തിനാണെന്നും മനസിലാകുന്നില്ല. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇത്തരത്തിലുള്ള സമീപനം സ്വീകരിച്ചതിനോട് താല്‍പര്യമില്ല. സ്ഥലം ഏറ്റെടുത്ത് പ്രാര്‍ത്ഥന തടഞ്ഞാല്‍ മതിയായിരുന്നു. കുരിശ് പൊളിച്ചതിലൂടെ ക്രിസ്തുമത വിശ്വാസികളെ മുഴുവന്‍ വേദനിപ്പിക്കുകയാണ് ചെയ്തത്.’ എന്നാണ് സ്ഥലം എംഎല്‍എ പറഞ്ഞത്. കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചത് മുതല്‍ പ്രത്യക്ഷമായും പരോക്ഷമായും സിപിഎം ജില്ലാ പ്രാദേശിക നേതൃത്വങ്ങള്‍ സബ്കളക്ടര്‍ക്കെതിരെ നീങ്ങിയിരുന്നു. അതെല്ലാം പരാജയപ്പെട്ടപ്പോഴുള്ള അറ്റകൈ പ്രയോഗമാണ് വര്‍ഗീയ സ്വഭാവമുള്ള ഈ പ്രസ്താവന. മതവികാരങ്ങളെ ഇളക്കി വിട്ട് ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമല്ലാതെ മറ്റെന്താണ് ഇത്? സിപിഎം പോലുള്ള പാര്‍ട്ടി ഒരു തരത്തിലും അനുവദിച്ചു കൊടുക്കാന്‍ പാടില്ലാത്ത സമീപനത്തെയാണ് തന്റെ കോട്ടയം പ്രസംഗത്തിലൂടെ മുഖ്യമന്ത്രി അംഗീകരിച്ച് കൊടുത്തിരിക്കുന്നത്. ആദ്യ ഘട്ടത്തിലൊന്നും സബ് കളക്ടറുടെ നടപടിയെ തളിപ്പറയാതിരുന്ന മുഖ്യമന്ത്രി അതിശക്തമായ എതിര്‍ നിലപാടുമായി രംഗത്തെത്തിയത് ആശങ്കയുണ്ടാക്കുന്നതാണ്.

അതേ സമയം റവന്യൂ മന്ത്രി ഈ ചന്ദ്രശേഖരനും സിപിഐയും സബ്കളക്ടര്‍ക്ക് പിന്നില്‍ ഉറച്ചു നില്‍ക്കുകയാണ്. കൈയേറ്റമൊഴിപ്പിക്കലുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ റവന്യൂ മന്ത്രി ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. മൂന്നാറില്‍ നടന്നത് സ്വാഭാവിക നടപടി മാത്രമാണ്എന്നാണെന്ന് മന്ത്രി പറഞ്ഞു. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചത് സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു വ്യക്തമാക്കിയത്. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും പ്രകാശ് ബാബു പറഞ്ഞു. ഇന്ന് വൈകുന്നേരം എല്‍ ഡി എഫ് യോഗം കഴിഞ്ഞു പുറത്തിറങ്ങിയ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ വാക്കുകളും സൂചിപ്പിക്കുന്നത് തങ്ങളുടെ നിലപാടില്‍ മാറ്റമില്ല എന്നുള്ളത് തന്നെയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ കോട്ടയം പ്രസംഗം വലിയ ആശയ കുഴപ്പമാണ് പൊതുസമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഒരു മുന്നണിയിലെ രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്നം എന്ന നിലയില്‍ നിന്നും അത് കൂട്ടുത്തരവാദിത്തമില്ലാതെ ഇരുട്ടില്‍ തപ്പുന്ന ഒരു ദുര്‍ബല സര്‍ക്കാരിനെയാണ് കാണിച്ചു തരുന്നത്. ഒപ്പം നിയമത്തിന്റെ വഴിയില്‍ നീങ്ങുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം ചോര്‍ത്തുന്ന ഒന്നുമായി ആ പ്രസംഗം മാറി. നിയമലംഘനം നടത്തുന്നത് അമ്പലമായാലും പള്ളിയായാലും പൊളിച്ചു നീക്കും എന്നായിരുന്നു യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി പറയേണ്ടിയിരുന്നത്.

വികസനം എന്ന മാന്ത്രിക വടി നീട്ടി പാവങ്ങളുടെ കിടപ്പാടം പൊളിച്ചു നീക്കുന്നതില്‍ യാതൊരു മന:സാക്ഷി കുത്തും കാണിക്കാത്ത ഭരണകൂടങ്ങളെ നമ്മള്‍ കണ്ടതാണ്. കേരളത്തിന്റെ സ്വപ്ന പദ്ധതി എന്നവകാശപ്പെടുന്ന കൊച്ചി മെട്രോയ്ക് വേണ്ടി നിരവധി ഇതുപോലെ ആരാധന കേന്ദ്രങ്ങളാണ് പൊളിച്ചു നീക്കിയത്. ഇനി ദേശീയ പാതയ്ക്ക് വേണ്ടി സ്ഥലമേറ്റെടുക്കുമ്പോഴും നിരവധി ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റേണ്ടി വരും. അപ്പോഴൊക്കെ ഈ പൊളിച്ചുമാറ്റലിന്റെ ശൈലിയെ കുറിച്ച് മുഖ്യമന്ത്രി വിമര്‍ശനമുന്നയിക്കുമോ? പിണറായി വിജയന്റെ പ്രസ്താവനയില്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനപ്പുറം ചില സ്ഥാപിത താത്പര്യക്കാരുടെ കയ്യുണ്ടോ എന്നു സംശയിക്കേണ്ടി വരുന്നത് ഇവിടെയാണ്. നീണ്ട കാലത്തെ പ്രയത്നത്തിന് ശേഷം തങ്ങളുടെ ചിറകിന്‍റടിയില്‍ എത്തിയ കുഞ്ഞാടുകളെ സന്തോഷിപ്പിക്കാനുള്ള ഒരു അടവ് തന്ത്രം മാത്രമാവാന്‍ ഒട്ടും സാധ്യതയില്ല ഇത്.

എന്നാല്‍ കുരിശ് പൊളിച്ചു നീക്കലിനെതിരെ വലിയ ബഹളമൊന്നും ക്രൈസ്തവ വിശ്വാസികളില്‍ നിന്നുണ്ടായില്ല എന്നതാണ് ആശ്വാസകരമായ കാര്യം. ഒരു പടി കൂടി കടന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ബൈബിളും കുരിശും എല്ലാം പല കാലത്തും കോളനിവൽക്കരണത്തിനും അധിനിവേശത്തിനുമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നാണ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ഈ അധിനിവേശ പാരമ്പര്യത്തിന്റെ ഏറ്റവും സമീപകാല ഉദാഹരണമാണ് മൂന്നാറിലെ കുരിശ്. ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോൾ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും എന്നു പറഞ്ഞ ബിഷപ്പ് മൂന്നാർ ദൗത്യത്തിന് അഭിവാദ്യങ്ങൾ അര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കുരിശ് പൊളിച്ച് മാറ്റിയതിനെതിരെ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ രംഗത്ത് വന്നത് സി പി എമ്മിന്റെ മത ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമം ഫലം കണ്ടു എന്നതിന്റെ സൂചനയാണ്. മൂന്നാറിലേത് കുരിശ്ശിനെ അവഹേളിക്കുന്ന നടപടിയാണ് എന്നാണ് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞത്. കുരിശ് നീക്കം ചെയ്തത് ബാബറി മസ്ജിദ് തകര്‍ത്തതിനോടാണ് കേരള കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഉപമിച്ചത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സഭ എതിരല്ലെന്നും എന്നാല്‍ മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കിയെന്നും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

അതേ സമയം മൂന്നാറിലെ കുരിശു പൊളിക്കലിനു പിന്നില്‍ സംഘപരിവാര്‍ അജണ്ടയുണ്ടെന്നാണ് സിപിഎം മുഖപത്രമായ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത്. ഹിന്ദുത്വ അജന്‍ഡയുടെ വക്താക്കളുടെ കൈയിലെ ഉപകരണമാണ് റവന്യൂ ഉദ്യോഗസ്ഥനെന്ന ആക്ഷേപം മൂന്നാറില്‍ നിന്നു തന്നെ ഉയര്‍ന്നു വരുന്നുവെന്ന് പത്രത്തിന്റെ വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനെയോ പേരെടുത്തു പറഞ്ഞിട്ടില്ല എങ്കിലും വിമര്‍ശനത്തിന്റെ മുന നീളുന്നത് എങ്ങോട്ടാണെന്ന് വ്യക്തമാണ്. കുരിശ് പൊളിച്ചതില്‍ ക്രൈസ്തവ സഭകള്‍ക്കില്ലാത്ത വേദന മുഖ്യമന്ത്രിയ്ക്ക് എന്തിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ചോദിച്ചു കഴിഞ്ഞു. ഒരു പടി കൂടി കടന്ന് സ്പിരിറ്റ് ഇന്‍ ജീസസുമായി മുഖ്യമന്ത്രിക്കുള്ള അവിശുദ്ധ ബന്ധം അന്വേഷിക്കണം എന്നുവരെ കുമ്മനം ആവശ്യപ്പെട്ടു.

എന്നാല്‍ ഒരു ജനാധിപത്യ-മതേതര സമൂഹത്തില്‍ പുലര്‍ത്തേണ്ട മൂല്യങ്ങളെയും നിയമ വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി കൈകൊണ്ടിരിക്കുന്നത്. ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞത് പോലെ ഇത് അധിനിവേശത്തിന്റെ കുരിശാണെന്ന് തിരിച്ചറിയുമ്പോഴേ പിണറായി വിജയന്‍ ജനഹിതത്തിന് അനുസരിച്ചു പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി ആകുകയുള്ളൂ. അല്ലെങ്കില്‍ ഇടുക്കിയിലെ ഭൂമി കയ്യേറ്റക്കാരായ സിപിഎം നേതാക്കളുടെ താളത്തിനൊത്ത് തുള്ളുന്ന ഒരു സങ്കുചിത രാഷ്ട്രീയ പാവ മാത്രമായി പിണറായി വിജയന്‍ അധഃപതിച്ചതായി കരുതേണ്ടി വരും.

ശ്രീറാം വെങ്കിട്ടരാമന്‍ അഴിമുഖത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത് നിയമം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്യുന്നത് എന്നാണ്. “അതു ചെയ്യാന്‍ ഓരോരുത്തര്‍ക്കും അവരുടേതായ ശൈലിയുണ്ട്. ആര്‍ക്കും നമ്മുടെ പ്രവര്‍ത്തനരീതികള്‍ മാറ്റാന്‍ കഴിയില്ല. അത്രയൊന്നും എക്‌സ്ട്രീം ലെവലില്‍ ഞാനും കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. ആരെയും പ്രത്യേകം ടാര്‍ഗറ്റ് ചെയ്തു പ്രവര്‍ത്തിച്ചിട്ടുമില്ല. എന്റെ കണ്ണില്‍ പെടുന്ന തെറ്റുകള്‍ തിരുത്താനാണു ശ്രമിക്കുന്നത്.” താന്‍ ചെയ്യുന്നതിനെ കുറിച്ച് ഇത്രയേറെ വ്യക്തയുള്ള ഉദ്യോഗസ്ഥനെ ക്രൂശിക്കാനുള്ള ശ്രമമാണ് എന്തായാലും രാഷ്ട്രീയ ഉപശാലകളില്‍ നടക്കുന്നത് എന്നത് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ശ്രീറാം വെങ്കിട്ടരാമനെ പോലെ സത്യസന്ധതയും ആര്‍ജ്ജവവുമുള്ള ഉദ്യോഗസ്ഥന് പിന്നില്‍ പൊതുസമൂഹം ഉറച്ചു നില്‍ക്കുക തന്നെ വേണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍