UPDATES

സംഘപരിവാറുകാര്‍ അത്ര ‘മണ്ടൻമാര’ല്ല; നമ്മളെ ആസൂത്രിതമായി കുടുക്കുന്നു-ദീപ നിശാന്ത്

കത്വവ സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് ദീപക് ശങ്കരനാരായണൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സംഘപരിവാര്‍ തുടങ്ങി വെച്ച ആക്രമണമാണ് ദീപയിലേക്കും എത്തിയത്

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

ഹിന്ദുത്വ തീവ്രവാദത്തിനെതിരെ നവമാധ്യമങ്ങളിലും പൊതുമണ്ഡലത്തിലും അഭിപ്രായ പ്രകടനം നടത്തുന്നവര്‍ക്കു നേരെ സംഘപരിവാര്‍ കൊലവിളി തുടരുന്നു. ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, ഗൌരി ലങ്കേഷ് എന്നിവരെ ശാരീരികമായി ഇല്ലാതാക്കിക്കൊണ്ടാണ് നിശബ്ദരാക്കാന്‍ ശ്രമിച്ചതെങ്കില്‍ ഇവിടെ നവമാധ്യമങ്ങളിലൂടെ കൊലവിളി നടത്തിയും പോലീസിനെയും നിയമവ്യവസ്ഥയുടെ സാധ്യതയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും സ്വതന്ത്ര അഭിപ്രായ പ്രകടനങ്ങളെ തടയാനാണ് ശ്രമിക്കുന്നത്. കത്വ സംഭവത്തില്‍ പ്രതികരിച്ച ദീപക് ശങ്കരനാരായണനെതിരെ കേസ് കൊടുത്തതിന് പിന്നാലെ ദീപകിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു എന്നാരോപിച്ചു അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ വധഭീഷണിയുമായി ഇറങ്ങിയിരിക്കുകയാണ് സംഘപരിവാര്‍.

എഴുത്തിന്‍റെയും നിലപാടുകളുടേയും പേരിൽ ദീപ നിശാന്തിനെ ലക്ഷ്യമിട്ടുള്ള സംഘപരിവാര്‍ ആക്രമണങ്ങൾ ഏറെക്കാലമായി തുടരുന്നതാണ്. ഏറ്റവും ഒടുവിൽ പരസ്യമായി കൊല്ലാനുള്ള ആഹ്വാനവുമായാണ് ഹിന്ദുത്വ തീവ്രവാദികള്‍ രംഗത്തെത്തിയിരിക്കുന്നത്. അവളുടെ രക്തം കൂടി വേണമെന്നും ക്ഷമയുടെ എല്ലാ പരിധികളും ലംഘിച്ച് പോകുകയാണെന്നും രമേശ് കുമാർ നായർ എന്ന ബി.ജെ.പി പ്രവർത്തകൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. ഇതിന് താഴെ മറ്റൊരു ബി.ജെ.പി നേതാവ് ബിജു നായർ ‘ഞങ്ങൾ ശ്രമം തുടരു’മെന്നു മറുപടിയിട്ടിട്ടുമുണ്ട്. അതേസമയം ദീപ നിശാന്തിനെതിരെ സംഘപരിവാര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കാൻ ആലോചിക്കുകയാണ്.

ദീപക് ശങ്കരനാരായണൻ ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റ് ഷെയർ ചെയ്തു എന്നും അത് ഹിന്ദുക്കൾക്കെതിരെ കലാപം ആഹ്വാനം ചെയ്യലാണെന്നും ആരോപിച്ചാണ് ദീപ നിശാന്തിനെതിരെ വിവിധ സ്റ്റേഷനുകളിൽ പരാതി നൽകിയിരിക്കുന്നത്. ഇതേ പോസ്റ്റിനെ തുടർന്ന് ദീപക് ശങ്കരനാരായണനെതിരെ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചാർത്തി കേസെടുത്തിട്ടുണ്ട്.

ദീപകിന്‍റെ പ്രസ്തുത പോസ്റ്റ് താൻ ഷെയർ ചെയ്തിട്ട് പോലുമില്ലെന്നും തൻറെ ഒരു പോസ്റ്റിന്‍റെ താഴെയുള്ള ചർച്ചയിൽ അത് പകർത്തി ഇടുകയും മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് ദീപ നിശാന്ത് പറഞ്ഞു. “ദീപകിന്‍റെ പോസ്റ്റ് പ്രചരിപ്പിക്കുന്നതാണ് കുറ്റമെങ്കിൽ സംഘപരിവാര്‍ പ്രവർത്തകർ ചെയ്യുന്നതും ഇതേ കുറ്റമാണ്. അതേ പോസ്റ്റ് തന്നെ കാണിച്ചാണ് പലയിടത്തും ഇവർ എന്നെ തെറി വിളിച്ചു കൊണ്ടിരിക്കുന്നത്. അങ്ങനെയാകുമ്പോൾ അവരും ആ പോസ്റ്റിനെ പ്രചരിപ്പിക്കുകയല്ലേ? യഥാർത്ഥത്തിൽ ആ പോസ്റ്റും കലാപാഹ്വാനം ഒന്നുമല്ലല്ലോ. നീതിനിർവ്വഹണത്തിന് തടസം നിൽക്കുന്ന ആളുകളെ കൊല്ലണം എന്ന് പറഞ്ഞു കഴിഞ്ഞാൽ അങ്ങനെയുള്ള ആളുകൾ മാത്രമല്ലേ പേടിക്കേണ്ടതൊള്ളു. അവർ വലിയ തോതില്‍ പ്രചരണം നൽകുന്നത് ഞാൻ മുപ്പത്തൊന്ന് ശതമാനം ഹിന്ദുക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തു എന്നാണ്. മാതൃഭൂമി ഉൾപ്പെടെയുള്ള പത്രങ്ങളിൽ ആ വാർത്ത വരുമ്പോൾ, ഹിന്ദു വികാരം ഇളക്കുക എന്നൊരു ഉദ്ദേശമാണ്. ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് കരുതുന്ന ഒരുപാട് ആളുകളുണ്ട്.”

ദീപ നിശാന്ത് നിയമനടപടിക്ക്; ഇന്ത്യയും ഹിന്ദുമതവും ഇവരുടെയാരുടേയും കുത്തകയല്ല; തളര്‍ന്നിരിക്കാന്‍ ഒരുക്കവുമല്ല

എല്ലാ ഹിന്ദുക്കളുടേയും സംരക്ഷകരാണ് തങ്ങളെന്ന് അവകാശപ്പെട്ട് വരുന്ന ആളുകളാണ് ഇതൊക്കെ ചെയ്യുന്നതെന്നും, എന്നാൽ മതത്തിൽ നിന്ന് വിട്ട് പോകാൻ ഉദ്ദേശിക്കാത്ത ആളാണ് താനെന്നും ദീപ പറയുന്നു. “ഹിന്ദു മതത്തിനുള്ളിലല്ല, സംഘപരിവാറിന്‍റെ സംരക്ഷണ വലയത്തിനകത്ത് നിൽക്കേണ്ട എന്ന് കരുതുന്ന ആളാണ് ഞാൻ. ഇപ്പോഴും ആ മതത്തെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. വിശാലമായ അർത്ഥത്തിൽ ഹിന്ദു ആയി നിൽക്കാനാണ് ആഗ്രഹിക്കുന്നത്.”

കത്വവ സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് ദീപക് ശങ്കരനാരായണൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സംഘപരിവാര്‍ തുടങ്ങി വെച്ച ആക്രമണമാണ് ദീപയിലേക്കും എത്തിയത്. ഈ പോസ്റ്റിനെ പിന്തുണച്ചതിനെ തുടർന്ന് ബി.ജെ.പി നേതാവ് ടി.ജി.മോഹൻദാസ് ദീപയുടേയും ദീപക്കിൻറെയും മേൽവിലാസവും ഫോൺനമ്പറും പരസ്യപ്പെടുത്തിക്കൊണ്ട് ഇവർക്കെതിരെ രംഗത്ത് വരാൻ ആഹ്വാനം നൽകി. ഇതെടുത്ത് സംഘപരിവാര്‍ ഇടങ്ങളിലും അശ്ലീല ഗ്രൂപ്പുകളിലും വരെ പ്രചരിപ്പിച്ചതിനെ തുടർന്ന് നിരവധി ഫോൺകോളുകളാണ് അവർക്ക് വരുന്നത്.

“വ്യക്തി ജീവിതത്തേയും സ്വസ്ഥതയേയും ബാധിക്കുന്ന തരത്തിൽ വധഭീഷണി ഉൾപ്പെടെ വന്ന് കൊണ്ടിരിക്കുകയാണ്. കുട്ടികൾ സ്കൂളില്‍ പോകുമ്പോൾ വരെ അറിയാത്ത നമ്പറുകളിൽ നിന്ന് ഇത്തരം കോളുകൾ വരുന്നുണ്ട്. വീട്ടുകാരൊക്കെ ഭയത്തിലാണ്. എന്‍റെ ഭയം എന്നെ ഓർത്തിട്ടോ സംഘപരിവാറിനെ നേരിടുന്നതിനെ കുറിച്ചോ അല്ല. പക്ഷേ അവരുടെ ഉദ്ദേശം, ഒരു ദിവസമെങ്കിലും ക്രിമിനല്‍ കേസിൽ പെടുത്തി ജയിലിലിട്ട് ജോലി കളയാനാണ്. സർവീസ് റൂളനുസരിച്ച് അത് സാധ്യവുമാണ്. സുപ്രീംകോടതിയിൽ കേസ് കൊടുക്കാന്‍ പോകുകയാണെന്നും സുബ്രമണ്യൻ സാമിയാണ് ഹാജരാകുന്നതെന്നും ഒക്കെ പറയുന്നു. ഞാൻ എഴുതുകയോ ഷെയർ ചെയ്യുകയോ ചെയ്യാത്ത ക്വോട്ട് ചെയ്ത ഒരു വാചകത്തിൻറെ പുറത്താണ് ഇതൊക്കെ. ദീപകിനെതിരെ കേസെടുത്ത നിലക്ക് എനിക്കെതിരെ കേസെടുക്കാതിരിക്കാനാകുമോ എന്ന ആശയക്കുഴപ്പത്തിലാണ് പോലീസെന്നാണ് അറിയാൻ കഴിഞ്ഞത്. എന്തടിസ്ഥാനത്തിലാണ് അങ്ങനെ ഒരു ആശയക്കുഴപ്പം എന്ന് പോലും മനസിലാകുന്നില്ല. ഹിംസയുടേയും വിദ്വേഷത്തിൻറെയും യാതൊരു ചരിത്രവും എന്‍റെ ഇടപെടലുകളിലില്ല. വധഭീഷണി കൂടി വന്ന, സാഹചര്യത്തിൽ മുഖ്യമന്ത്രിക്കൾപ്പെടെ പരാതി കൊടുത്തിട്ടുണ്ട്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്.” ദീപ പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി നിലപാടുകൾ പറഞ്ഞതിൻറെ പേരിൽ ദീപ നിശാന്തിനെ സംഘപരിവാര്‍ വേട്ടയാടുന്നുണ്ട്. ജോലി കളയാനുള്ള ശ്രമങ്ങള്‍ മുതല്‍ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കലും സൈബറിടങ്ങളിൽ ആക്ഷേപിക്കലും വരെ. എന്നാൽ ഇവയിലൊന്നും കൊടുത്ത പരാതികളിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നമ്പറുകൾ, സ്ക്രീൻഷോട്ടുകൾ തുടങ്ങിയ തെളിവുകളടക്കം പരാതികൾ കൊടുത്ത സംഭവങ്ങളിൽ പോലും. ദീപ എഴുതാത്ത ഒരു വാചകത്തിൻറെ പേരിൽ കേസ് വരുമെന്ന ഭീഷണി നിലനിൽക്കുമ്പോൾ തന്നെ സ്ത്രീത്വത്തെ ആക്ഷേപിക്കുന്ന പരാമർശങ്ങളും അപായ ഭീഷണികളും സംഘപരിവാര്‍ പ്രവർത്തകർ എഴുയിയത് ഇപ്പോഴും ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തിട്ട് പോലുമില്ല.

നിലപാടിലുറച്ച് ദീപ നിശാന്ത്; ഫാസിസത്തെ പ്രതിരോധിക്കേണ്ടത് ഏവരുടെയും കടമ

സംഘപരിവാറിനെ തമാശയും ട്രോളുകളും കൊണ്ട് മറ്റുള്ളവർ നേരിടുമ്പോൾ, കൃത്യമായി അവസരം കാത്തിരുന്ന് ഒരു സന്ദര്‍ഭമെടുത്ത് നിയമപരമായ മുഴുവന്‍ സാധ്യതകളും ഉപയോഗിച്ച് കുരുക്കാൻ പാകത്തില്‍ പരാതികളും കൊണ്ട് അവർ പോലീസ് സ്റ്റേഷൻ കയറിയിറങ്ങുന്നതാണ് അവരുടെ പരാതികളിൽ കേസുകൾ കാര്യക്ഷമമായി വരാൻ കാരണമെന്നും ദീപ നിരീക്ഷിക്കുന്നുണ്ട്. “പലരും ഫേസ്ബുക്കിലുള്ള യഥാർത്ഥ ഐഡികളിൽ നിന്ന് വന്ന് കൊല്ലും എന്ന തരത്തിലൊക്കെ കമൻറുകൾ ഇടുമ്പോ തമാശയോടെ തള്ളിയിട്ടുണ്ടെന്നു അന്നൊക്കെ കേസ് കൊടുക്കാത്തതിൽ കുറ്റബോധമാണ് ഇപ്പോള്‍ തോന്നുന്നത്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന ബി.ജെ.പിയുടെ ഐ.ടി സെല്ലൊക്കെ നിരന്തര നിരീക്ഷണത്തിലൂടെ ആളുകളെ കുടുക്കുമ്പോൾ, പലതരം പരിമിതികൾ കൊണ്ട് ഇടക്കെപ്പോഴോ നമ്മളൊക്കെ വഴുതിപ്പോകും. സംഘപരിവാറിനെതിരെ കുറേക്കൂടി ജാഗ്രത കേരള സമൂഹം പുലർത്തേണ്ടതുണ്ട്. തങ്ങൾക്കെതിരെ യാതൊരു നടപടിയും വരുന്നില്ലെന്ന അവരുടെ ധൈര്യം അപകടകരമാണ്. അവരെ മണ്ടൻമാരും തമാശക്കാരും ആക്കി നിസാരവൽക്കരിക്കുന്നതും ശരിയല്ല. അതല്ലെങ്കിൽ സുരക്ഷിത മേഖലയാണെന്ന് നമ്മൾ വിശ്വസിക്കുന്ന ഒരിടത്ത് അത്തരമൊരു സുരക്ഷിതത്വം ഇനിയും ഉണ്ടാകുമെന്ന് കരുതുന്നില്ല.’ ദീപ പറയുന്നു.

‘അവളുടെ ചോര വേണം..’: ദീപാ നിശാന്തിനെതിരെ കൊലവിളിയുമായി സംഘപരിവാര്‍ വീണ്ടും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍