UPDATES

‘ഇരയ്‌ക്കൊപ്പം നില്‍ക്കാതെ പി കെ ശശി എന്താണോ പറയുന്നത് അത് നടപ്പാക്കുന്നു’; എം എല്‍ എയില്‍ നിന്നും ലൈംഗികാതിക്രം നേരിട്ട ഡിവൈഎഫ്ഐ നേതാവ് സൗമ്യ രാജ് തുറന്നു പറയുന്നു

പാര്‍ട്ടിക്കോ ഡിവൈഎഫ്‌ഐയ്‌ക്കോ എതിരെയല്ല മറിച്ച് ഒരു വ്യക്തിക്കും ആ വ്യക്തിയെ പിന്തുണച്ച ജില്ലാ കമ്മറ്റിക്കും എതിരായുള്ളതാണ് തന്റെ രാജി എന്ന് സൗമ്യ രാജ്

പാര്‍ട്ടിക്കോ ഡിവൈഎഫ്‌ഐയ്‌ക്കോ എതിരെയല്ല മറിച്ച് ഒരു വ്യക്തിക്കും ആ വ്യക്തിയെ പിന്തുണച്ച ജില്ലാ കമ്മറ്റിക്കും എതിരായുള്ളതാണ് തന്റെ രാജി എന്ന് സൗമ്യ രാജ്. പാലക്കാട് ഡിവൈഎഫ്‌ഐ ജില്ലാ നേതാവായിരുന്ന സൗമ്യ രാജ് ഇന്നലെ പാര്‍ട്ടി ചുമതലകളില്‍ നിന്നും രാജിവച്ചിരുന്നു. രാജി ജില്ലാ നേതൃത്വത്തെ അറിയിച്ച ശേഷം അഴിമുഖത്തോട് സംസാരിക്കുകയായിരുന്നു സൗമ്യ. കഴിഞ്ഞ രണ്ടുദിവസമായി നടന്ന ഡി.വൈ.എഫ്.ഐ ജില്ലാ പഠന ക്യാമ്പിനോട് മുന്നോടിയായി ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്ന് പുന:സംഘടന നടത്തി. നിലവിലെ ജില്ലാ സെക്രട്ടറി പ്രേംകുമാര്‍ പ്രായപരിധി കഴിഞ്ഞതിനെ തുടര്‍ന്ന് സംഘടനയില്‍ നിന്ന് ഒഴിവായിരുന്നു. പ്രസിഡന്റായിരുന്ന പി.എന്‍.ശശിയെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പ്രസിഡന്റായി സുമോദിനെയും ജില്ലാ വൈസ് പ്രസിഡന്റായി റിയാസുദ്ദീനെയും തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ പി കെ ശശിയ്‌ക്കെതിരെ സൗമ്യ നല്‍കിയ ലൈംഗികാതിക്രമണ പരാതിയില്‍ സൗമ്യയ്‌ക്കൊപ്പം നിന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. തനിക്കെതിരെ നിലപാടെടുത്തവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും പിന്തുണച്ചവരെ തരംതാഴ്ത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജി എന്ന് സൗമ്യ പറയുന്നു. സൗമ്യ അഴിമുഖത്തോട് പങ്കുവച്ച കാര്യങ്ങള്‍-

‘പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാന്‍ ഞാന്‍ ഒരു കാലത്തും ആഗ്രഹിച്ചിരുന്നില്ല, ആഗ്രഹിക്കുന്നുമില്ല. അതാണ് ഇതേവരെ ഒരു കാര്യവും ആരോടും തുറന്ന് പറയാതിരുന്നത്. എന്നാല്‍ ഈ സാഹചര്യത്തിലെങ്കിലും ഒരു പരാതി കൊടുത്തതിനാല്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പറയണമെന്നാണ് കരുതുന്നത്. കാരണം അല്ലെങ്കില്‍ എന്നോടൊപ്പം നിന്നവരോട് ഞാന്‍ ചെയ്യുന്ന നീതി കേടാവും അത്. കുറച്ച് നാളുകളായി പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട്. എന്നെ സപ്പോര്‍ട്ട് ചെയ്തവരേയും എന്നോടൊപ്പം നിന്നവരേയും സംഘടനാ രംഗത്ത് നിന്ന് തന്നെ ബഹിഷ്‌ക്കരിക്കുന്ന രീതിയായിരുന്നു ബ്ലോക്ക് ജില്ലാ നേതൃത്വങ്ങളില്‍ നിന്ന് ഉണ്ടായിരുന്നത്. എന്നെയും പിന്തുണച്ചവരേയും പൂര്‍ണമായും ഒഴിവാക്കുകയായിരുന്നു. ഏഴെട്ട് മാസമായി ബ്ലോക്ക് കമ്മറ്റികള്‍ കൂടുന്നത് അറിയിച്ചിരുന്നില്ല. ഇതെല്ലാം പറഞ്ഞിട്ടും എന്നെയോ എന്റെ കൂടെ നിന്നവരേയോ ജില്ലാ നേതൃത്വം ഒരിക്കല്‍ പോലും സപ്പോര്‍ട്ട് ചെയ്തില്ല. പി കെ ശശിയെയും ശശിയോടൊപ്പം നില്‍ക്കുന്നവര്‍ക്കുമാണ് അത് കിട്ടിക്കൊണ്ടിരുന്നത്.

ബ്ലോക്ക് ട്രഷറര്‍ ആയ സഖാവിനെപ്പോലും പഠന ക്യാമ്പില്‍ പങ്കെടുപ്പിച്ചില്ല. ഞങ്ങളെ പങ്കെടുപ്പിച്ചാല്‍ എനിക്ക് അനുകൂലമായ നിലപാട് എടുക്കണ്ടി വരുമോ എന്ന സംശയത്താലായിരിക്കും അത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പുന:സംഘടന നടത്തിയപ്പോള്‍ എന്നെ സപ്പോര്‍ട്ട് ചെയ്തിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് അഗം ജിനേഷിനെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. എന്നാല്‍ എനിക്കെതിരെ നിലപാടെടുത്ത മണ്ണാര്‍ക്കാട് റിയാസുദ്ദീനെ ജില്ലാ വൈസ് പ്രസിഡന്റാക്കി സ്ഥാനക്കയറ്റം നല്‍കി. സമൂഹമാധ്യമങ്ങളിലൂടെ എനിക്കെതിരെയുള്ള പ്രചാരണം നടത്തിയതില്‍ പ്രധാനിയാണ് റിയാസുദ്ദീന്‍. അയാളെ പ്രമോട്ട്‌ചെയ്യുന്ന നിലപാടെടുക്കുകയും എനിക്കൊപ്പം നിന്നവരെ തരംതാഴ്ത്തുകയും ചെയ്തതോടെ കാര്യങ്ങള്‍ വ്യക്തമാണല്ലോ. ജില്ലാ കമ്മറ്റി എനിക്കെതിരാണെന്ന് വ്യക്തമായി. ഇര എന്ന വാക്ക് എനിക്കിഷ്ടമല്ല. എന്നാല്‍ ഈ അവസരത്തില്‍ ലൈംഗികാതിക്രമണം നേരിട്ടവരെ ഇരെയെന്നേ പറയാനാവൂ. ലൈംഗികാതിക്രമണം നടന്നിട്ടും ഇരയ്‌ക്കൊപ്പം നില്‍ക്കാതെ പി കെ ശശി എന്താണോ പറയുന്നത് അത് അതേപടി നടപ്പാക്കുകയാണ് അവര്‍ ചെയ്തത്.

ഞാന്‍ പരാതി നല്‍കിയപ്പോള്‍ ജില്ലാ ഭാരവാഹികളായ ടി എന്‍ ശശിയും പ്രേകുമാറും എന്നോട് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞാനതിന് വഴങ്ങിയില്ല. അതിന് വഴങ്ങാത്തതിനാലാണ് പിന്നീട് ഞാനും എന്നെ സപ്പോര്‍ട്ട് ചെയ്തവരും അനുഭവിച്ചത്. പാര്‍ട്ടി കേസ് അന്വേഷിച്ചു. നടപടിയും വന്നു. പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസമാണ്. അതിനാല്‍ തന്നെ പാര്‍ട്ടി പി കെ ശശിക്കെതിരെ എടുത്ത നടപടികളും ഞാന്‍ സ്വാഗതം ചെയ്തു. ശശിയ്‌ക്കെതിരായ അന്വേഷണത്തിലും നടപടികളിലും പാര്‍ട്ടി വിരുദ്ധമായോ സംഘടനാ വിരുദ്ധമായോ ഞാനൊന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടിക്കെതിരെയോ, ഡിവൈഎഫ്‌ഐക്കെതിരെയോ അല്ല എന്റെ രാജി. അത്തരത്തില്‍ എന്തെങ്കിലുമൊന്ന് തുറന്ന് പറഞ്ഞ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുക എന്നത് ആഗ്രഹിച്ചിരുന്നില്ല. അതിനാല്‍ നടപടികള്‍ പാര്‍ട്ടിയോട് മാത്രം പരിശോധിക്കാന്‍ പറഞ്ഞു. ഇപ്പോള്‍ രാജി സമര്‍പ്പിച്ചതും നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പറയുന്നതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാന്‍ വേണ്ടിയല്ല. അത്തരം കാര്യങ്ങള്‍ ഞാന്‍ പറയില്ല. പാര്‍ട്ടിയോടോ ഡിവൈഎഫ്‌ഐയോടോ എനിക്ക് വിയോജിപ്പുകളില്ല. ഇത് ഒരു പ്രാദേശിക വിഷയമാണ്. അവിടെയുള്ള ഒരാള്‍ക്കെതിരെയാണ് എന്റെ നടപടിയും പ്രതികരണവും. അയാളുടെ പെരുമാറ്റമാണ് വിഷയവും. ഇത്തരമൊരു പ്രശ്‌നമുണ്ടായപ്പോള്‍ പോലും ഞാന്‍ പോലീസില്‍ പരാതിപ്പെട്ടില്ല. മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല. പാര്‍ട്ടിയോട് മാത്രം പറഞ്ഞു. പാര്‍ട്ടി എന്ത് നടപടിയെടുക്കുന്നോ അതാണ് അയാള്‍ക്കുള്ള വലിയ ശിക്ഷ എന്നാണ് ഞാന്‍ കരുതുന്നത്.

വ്യക്തിയുടെ ഇന്‍വോള്‍വ്‌മെന്റ് മാത്രമായിരുന്നു എന്റെ പ്രശ്‌നം. അതിനാല്‍ ആ വിഷയത്തില്‍ മാത്രമാണ് ഞാന്‍ പ്രതികരിക്കുന്നത്. പൊതുവായ വിഷയങ്ങളെക്കുറിച്ചല്ല. പാര്‍ട്ടിയും സംഘടനയും സ്ത്രീപക്ഷ നിലപാടുകള്‍ പിന്തുടരുന്നതാണ്. എന്നാല്‍ ഈ ജില്ലാ കമ്മറ്റി അങ്ങനെയല്ലാത്തതുകൊണ്ട്ാണ് എനിക്ക് രാജിവക്കേണ്ടി വന്നത്. അവരില്‍ നിന്ന് എനിക്ക് നേരിടേണ്ടി വന്ന അനീതിയുടെ ഭാഗമായുള്ള പ്രതികരണമാണത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിയംഗം, മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം എന്നീ ചുമതലകളില്‍ നിന്നാണ് രാജിവച്ചത്. രാജിക്കത്ത് വാങ്ങിവച്ചതല്ലാതെ അവര്‍ തുറന്ന് നോക്കിയിരുന്നില്ല. പിന്നീട് അത് വായിച്ച ശേഷം എന്നെ നേരില്‍ വിളിച്ചിരുന്നു. അക്കാര്യങ്ങളും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയില്‍ ഞാന്‍ പറയില്ല.’

Read More: പിളര്‍ന്ന് പിളര്‍ന്ന് പിളര്‍ന്ന് കേരള കോണ്‍ഗ്രസ് ഇങ്ങനെയൊക്കെയായി

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍