UPDATES

വിപണി/സാമ്പത്തികം

ഓണവും കൈയ്യൊഴിഞ്ഞു, സാമ്പത്തിക മാന്ദ്യത്തില്‍ തകര്‍ന്ന് കൈത്തറി വ്യവസായം; തൊഴിലാളികള്‍ പിടിച്ചുനില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ സ്കൂള്‍ യൂണിഫോം പദ്ധതിയില്‍

പത്തുവർഷം മുമ്പ് 350 കോടി രൂപയുടെ കയറ്റുമതി നടന്നിരുന്നുവെങ്കിൽ കഴിഞ്ഞവർഷം അത് 50 കോടിയായി ചുരുങ്ങി.

സാമ്പത്തിക മാന്ദ്യം കണ്ണൂരിലെ കൈത്തറി മേഖലയുടെ നട്ടെല്ലൊടിക്കുന്നു. പ്രതിസന്ധി കാലത്ത് ആശ്വാസമാകാറുള്ള ഓണ സീസണും കൈയൊഴിഞ്ഞതോടെ എങ്ങനെ അതിജീവിക്കുമെന്നറിയാതെ ആശങ്കയിലാണ് കൈത്തറി മേഖലയുമായി ബന്ധപ്പെട്ട് 2500 ഓളം കുടുംബങ്ങൾ.

തെയ്യത്തിന്റെയും തറിയുടെയും നാട് എന്നാണ് കണ്ണൂര്‍ അറിയപ്പെടുന്നത്. കണ്ണൂരിലെ കൈത്തറിയ്ക്ക് ലോക വിപണിയിൽ തനതായ സ്ഥാനവും ഉണ്ടായിരുന്നു. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഊടും പാവുമായ കൈത്തറി വ്യവസായ മേഖല ഇന്ന് അതിജീവനത്തിൻ്റെ വഴികൾ തേടുകയാണ്. കടുത്ത മൽസരം മൂലം നേരത്തെ തന്നെ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരുന്ന തറി വ്യവസായം നോട്ട് നിരോധനത്തിന്റെ രണ്ടാം വര്‍ഷമുണ്ടായ ഈ സാമ്പത്തിക മാന്ദ്യത്തില്‍ പിടിച്ചു നില്‍ക്കാനാകാത്ത വിധം പ്രതിസന്ധിയിലാണ്  ജില്ലയിലെ കൈത്തറിയും യന്ത്രത്തറിയും ഒരേ വിധത്തില്‍ പ്രതിസന്ധിയെ നേരിടുകയാണ്. സംസ്ഥാനത്തെ മറ്റ് പ്രധാന തറി വ്യവസായ ജില്ലകളായ തിരുവനന്തപുരം, പാലക്കാട്, കൊല്ലം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലും സ്ഥിതി മറ്റൊന്നല്ല.

12 ദിവസമായി ഈ സ്റ്റാളില്‍ നില്‍ക്കുന്നു, കഴിഞ്ഞ വര്‍ഷം ഇതേ സമയം നടന്ന വില്‍പനയുടെ പകുതി പോലും ഇക്കൊല്ലം നടന്നിട്ടില്ല, കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്രയും മോശം സ്ഥിതി, മൂന്നും നാലും മുണ്ടുകള്‍ ഒന്നിച്ചു വാങ്ങുന്നവര്‍ ഒന്നോ രണ്ടോ മാത്രമേ വാങ്ങുന്നുള്ളൂ.. ‘കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഓണം വില്‍പനമേളയിലെ സ്വന്തം സ്റ്റാളില്‍ നില്‍ക്കുന്ന ചെറുകിട ഗാര്‍മന്റ്‌സ് ഉടമയായ സജീവന്‍ പറയുന്നു. ജില്ലയിലെ തറി വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം സജീവന്റെ വാക്കുകളിലുണ്ട്.

കയറ്റുമതി കുത്തനെ ഇടിഞ്ഞതോടെ കൈത്തറി യൂണിറ്റുകളും യന്ത്രത്തറി യൂണിറ്റുകളും പ്രാദേശിക വിപണിയില്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമമാരംഭിച്ചു. പക്ഷേ ഇതും വിജയത്തിലെത്തിയില്ല. ഓണ വിപണിയിലുണ്ടായ തിരിച്ചടി ഈ വ്യവസായ മേഖലയെ നേരിട്ടാശ്രയിക്കുന്ന ജില്ലയിലെ രണ്ടായിരത്തി അഞ്ഞൂറോളം കുടുംബങ്ങളെ ബാധിക്കും.

1990 കളിലെ സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളുടെ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ കൈത്തറിയുള്‍പ്പടെയുള്ള പരമ്പരാഗത തൊഴില്‍ മേഖലകള്‍ക്കു നല്‍കിയ സബ്‌സിഡികളെല്ലാം ഒന്നൊന്നായി എടുത്തു കളയുകയായിരുന്നു എന്ന് കൈത്തറി തൊഴിലാളി യൂണിയന്‍ ചിറക്കല്‍ താലൂക്ക് വൈസ് പ്രസിഡന്റ് കെ. മോഹനന്‍ പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഒരു സഹായവും കൈത്തറി വ്യവസായത്തെ നിലനിര്‍ത്താനായി ലഭ്യമാകുന്നില്ല.
നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണം പദ്ധതിയാണ് കൈത്തറി മേഖലയ്ക്ക് ജീവശ്വാസം നല്‍കുന്നത്. യൂണിഫോം തുണി നെയ്ത്തിന്റെ കൂലിയുടെ 60 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്, ഇതില്‍ വരുന്ന കാലതാമസവും തൊഴിലാളികളെ ബാധിക്കുന്നുണ്ട്. സര്‍ക്കാരിന്റെ സഹായമില്ലാതെ ഒരു പരമ്പരാഗത തൊഴില്‍ മേഖലയ്ക്കും പിടിച്ചു നില്‍ക്കുക സാധ്യമല്ല. ആധുനിക സാങ്കേതിക വിദ്യകളോടും യന്ത്രവല്‍ക്കരണങ്ങളോടും കായിക ശേഷികൊണ്ടും കരകൗശല മിടുക്കുകൊണ്ടും പരമ്പരാഗത അറിവുകള്‍ കൊണ്ടും മല്‍സരിച്ച് പിടിച്ചു നില്‍ക്കുന്നവയാണ് കൈത്തറി പോലുള്ള പരമ്പരാഗത വ്യവസായങ്ങള്‍. നമ്മുടെ അയല്‍ രാജ്യങ്ങളായ ചൈനയിലെയും പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയുമെല്ലാം സര്‍ക്കാരുകള്‍ വലിയ സാമ്പത്തിക സഹായങ്ങള്‍ നല്‍കി പരമ്പരാഗത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോഴാണ് ഭാരത സര്‍ക്കാരിന്റെ ഈ അവഗണന’ മോഹനന്‍ പറയുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ചൈന, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ഉത്തരകൊറിയ എന്നിവിടങ്ങളില്‍ നിന്നുമുള്ള തുണിത്തരങ്ങള്‍ വന്‍തോതില്‍ എത്താന്‍ തുടങ്ങിയതോടെ ഇന്ത്യയില്‍ നിന്നുമുള്ള കയറ്റുമതി കുത്തനെ ഇടിഞ്ഞതായി കയറ്റുമതി രംഗത്തുള്ളവര്‍ സമ്മതിക്കുന്നു.

നൂല്‍, നൂലില്‍ മുക്കാനുള്ള ചായങ്ങള്‍ എന്നിവയ്ക്ക് 30 ശതമാനം വരെയാണ് വില വര്‍ദ്ധിച്ചത്. ഉല്‍പാദനച്ചിലവിന് ആനുപാതികമായി തുണിയുടെ വില വര്‍ദ്ധിക്കുമ്പോള്‍ വിപണിയില്‍ കൈത്തറി വസ്ത്രങ്ങളിൽനിന്ന് സാധാരണക്കാർ അകന്നു

പത്ത് വര്‍ഷം മുന്‍പ് 350 കോടി രൂപയ്ക്കുള്ള തുണി പ്രതിവര്‍ഷം കണ്ണൂര്‍ ജില്ലയില്‍ നിന്നു മാത്രം കയറ്റുമതി ചെയ്തിരുന്നു എങ്കില്‍ 2018 അത് ഏകദേശം 50 കോടി രൂപയില്‍ എത്തി നില്‍ക്കുകയാണെന്ന് കേരള സ്റ്റേറ്റ് സ്മാള്‍ സ്‌കെയില്‍ പവര്‍ലൂം ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.പ്രഭാകരന്‍ പറയുന്നു. കണ്ണൂര്‍ ജില്ലയിലെ യന്ത്രത്തറി യൂണിറ്റുകളുടെ എണ്ണം വെറും പത്ത് വര്‍ഷം കൊണ്ട് 600 ല്‍ നിന്ന് 150 ആയിക്കുറഞ്ഞു. ഓരോ യൂണിറ്റിലും അഞ്ചും ആറും തറിയന്ത്രങ്ങള്‍ ഉണ്ടായിരുന്നത് ഇന്ന് കേവലം ഒന്നോ രണ്ടോ തറികള്‍ മാത്രമായി കുറഞ്ഞു. തുണിയ്ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ തറികള്‍ ഒഴിവാക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

തമിഴ്‌നാട്ടിലെ ഈറോഡ് കോയമ്പത്തൂര്‍ പള്ളിപ്പാളയം എന്നിവിടങ്ങളിലെ വന്‍കിട മില്ലുകളുമായി മത്സരിക്കാന്‍ കണ്ണൂരിലെ ചെറുകിട വ്യവസായികള്‍ക്കു സാധിക്കുന്നില്ല. കണ്ണൂരിലെ ഒരു സാധാരണ യന്ത്രത്തറിയില്‍ നിന്നും ഒരു ദിവസം 15 മീറ്റര്‍ തുണി വരെ നെയ്‌തെടുക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ.

കൈത്തറിയില്‍ ഒരു തൊഴിലാളിക്ക് പരമാവധി 8 മീറ്റര്‍ തുണിയൊക്കെ മാത്രമേ നെയ്‌തെടുക്കാനാകൂ. എന്നാല്‍ തമിഴ്‌നാട്ടിലെ വന്‍കിട ഫാക്റ്ററികളിലെ ഒരൊറ്റ ആധുനിക യന്ത്രത്തറി ഉപയോഗിച്ച് ഒരു ദിവസം 40 മീറ്റര്‍ തുണി വരെ നെയ്‌തെടുക്കാനാകും. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തതുകൊണ്ടു മാത്രമാണ് അന്താരാഷ്ട്ര വിപണിയില്‍ നിന്ന് കേരള തറി വസ്ത്രങ്ങള്‍ പൂര്‍ണമായും പുറന്തള്ളപ്പെടാത്തത് എന്നും പ്രഭാകരന്‍ പറയുന്നു. വൈവിധ്യവല്‍ക്കരണത്തിലൂടെയും മറ്റും പിടിച്ചു നില്‍ക്കാനായി ശ്രമം നടത്തിയെങ്കിലും അതും കാര്യമായി ലക്ഷ്യം കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുണ്ടുകള്‍, അലങ്കാര വസ്തുക്കള്‍, ബഡ്ഷീറ്റുകള്‍, ഷര്‍ട്ടിങ്ങുകള്‍, സാരികള്‍, ലുങ്കികള്‍, എന്നിവയാണ് കൈത്തറി മേഖലയിലെ പ്രധാന ഉല്‍പന്നങ്ങള്‍.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വ്യവസായിക ഉല്‍പാദനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, കയറ്റുമതി വരുമാനം എന്നിവയുടെ സംഭാവന കണക്കിലെടുക്കുമ്പോള്‍ തുണിവ്യവസായത്തിന്റെ പങ്ക് ഏറെ വലുതാണ്. രാജ്യത്ത് 43 ലക്ഷത്തിലേറെ പേര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ തൊഴില്‍ നല്‍കുന്ന മേഖലയാണ് കൈത്തറി മേഖല. രാജ്യത്തെ തുണി ഉത്പാദനത്തിന്റെ ഏകദേശം 15 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. 2016- 17 ലെ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത് ലോകത്തിലെ കൈത്തറി തുണിത്തരങ്ങളില്‍ 95 ശതമാനവും ഉല്‍പാദിപ്പിക്കപ്പെടുന്നത് ഇന്ത്യയിലാണ് എന്നാണ്.

കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ രണ്ടാം സ്ഥാനം കൈത്തറി മേഖലയ്ക്കാണ്. സംസ്ഥാനത്തെ കൈത്തറി മേഖലയിലെ 96 ശതമാനം തറികളും സഹകരണ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.
കണ്ണൂര്‍ ജില്ലയില്‍ 36 സഹകരണ സംഘങ്ങളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. സഹകരണ സംഘങ്ങള്‍ നേരിട്ട് കയറ്റുമതി ചെയ്യുന്നില്ലെങ്കിലും സ്വകാര്യ കയറ്റുമതിക്കാര്‍ക്കു വേണ്ടി തുണി നെയ്തു നല്‍കുന്നത് പലപ്പൊഴും സഹകരണ സംഘങ്ങളാണ്. ഈ പ്രാദേശിക സഹകരണ സംഘങ്ങളിലൂടെയാണ് കൈത്തറി വ്യവസായം ഇന്ന് പിടിച്ച് നില്‍ക്കുന്നത്. ഫാക്ടറി മാതൃകയിലും കുടില്‍ മാതൃകയിലുമുള്ള സംഘങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് നിലവില്‍ സഹകരണ മേഖല. സര്‍ക്കാരില്‍ നിന്നും റിബേറ്റിനത്തില്‍ കിട്ടാനുള്ള കുടിശിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം മുട്ടിക്കുകയാണ് . മലബാര്‍ മേഖലയിലെ സഹകരണ സംഘങ്ങള്‍ക്കു മാത്രം എട്ട് കോടിയോളം രൂപയാണ് റിബേറ്റിനത്തില്‍ ലഭിക്കാനുള്ളത്. പവര്‍ലൂമിന്റെ കടന്നുകയറ്റമാണ് കൈത്തറിയുടെ പ്രതാപത്തെ തകര്‍ത്തത്. 1985 ലെ ടെക്‌സ്‌റ്റൈല്‍ നയപ്രകാരം പവര്‍ലൂം മേഖലയുടെ കടന്നുകയറ്റത്തില്‍ നിന്നും കൈത്തറിയെ രക്ഷിക്കുന്നതിന് 22 തരം ഡിസൈനുകള്‍ കൈത്തറിക്കു വേണ്ടി മാറ്റി വച്ചിരുന്നു. പിന്നീട് ഇത് നേര്‍ പകുതിയാക്കി കുറച്ചു.

പരമ്പരാഗത മേഖലയോട് പുതിയ തലമുറ കാണിക്കുന്ന താൽപര്യക്കുറവാണ് കൈത്തറി മേഖല നേരിടുന്ന മറ്റൊരു പ്രതിസന്ധി.  ഇതിൽനിന്ന് ലഭിക്കുന്ന വരുമാനവും ഇതിനൊരു കാരണമാണ്. നാളിതുവരെ കൈത്തറി വ്യവസായത്തില്‍ കൃത്യമായ ഒരു വേതന നയം എണ്ടായിട്ടില്ല എന്നത് ഈ മേഖലയെ അനാകര്‍ഷകമാക്കുന്ന ഒരു ഘടകമാണ്. ഒരു തൊഴിലാളി എത്ര മീറ്റര്‍ തുണി നെയ്‌തെടുക്കുന്നു എന്നതിനനുസരിച്ചാണ് അയാളുടെ വേതനം നിര്‍ണയിക്കപ്പെടുന്നത്. ഇതു പ്രകാരം അഞ്ചോ ആറോ മീറ്റര്‍ നെയ്യുന്ന തൊഴിലാളിക്ക് ലഭിക്കുന്നത് പരമാവധി 250 രൂപയാണ്. ദേശീയ അടിസ്ഥാനത്തില്‍ വ്യക്തമായ ഒരു വേതന നയം നടപ്പിലാക്കി മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കൂവെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടുള്ളവർ പറയുന്നത്.

സ്‌കൂള്‍ യൂനിഫോം തുണികളുടെ നിര്‍മാണം കൈത്തറി മേഖലയ്ക്ക് നേര്‍ത്ത ആശ്വാസമായി എന്ന് സമ്മതിക്കുമ്പൊഴും ഒരൊറ്റ നൂലിഴയിലെ പിഴവു കൊണ്ടു പോലും നെയ്ത തുണി ഉപേക്ഷിക്കേണ്ട സ്ഥിതി ഇതുവഴി പുതുതായി സംജാതമായതായി തൊഴിലാളികള്‍ പറയുന്നു.

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ദൗര്‍ലഭ്യവും മറ്റൊരു പ്രശ്‌നമാണ്. അസംസ്‌കൃത വസ്തുക്കള്‍ നിര്‍മിക്കുന്ന നാല് കമ്പനികള്‍ കണ്ണൂരിലുണ്ടായിരുന്നു. ഇന്ന് ഒരെണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ. നിലവില്‍ അസംസ്‌കൃത വസ്തുക്കള്‍ എത്തുന്നത് പ്രധാനമായും തമിഴ്‌നാട്ടില്‍ നിന്നുമാണ്. പരുത്തി കയറ്റുമതി നിയന്ത്രിച്ച് നൂല്‍ ഉല്‍പാദനം കൂട്ടി കൈത്തറി വ്യവസായം നടത്തുന്നവര്‍ക്ക് അത് ന്യായവിലയ്ക്ക് ലഭ്യമാക്കിയാല്‍ മാത്രമേ ലോക വിപണിയില്‍ കൈത്തറിക്ക് ഇനി നിലനില്‍പ്പുള്ളൂവെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ കാര്യക്ഷമമായ ഇടപെടലുകളുണ്ടായില്ലെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ കൈത്തറി വ്യവസായ മേഖല നിലംപരിശാകും ആശങ്കയിലാണ് ഈ വ്യവസായവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർ

നിശാന്ത് പരിയാരം

നിശാന്ത് പരിയാരം

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍, കണ്ണൂര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍