UPDATES

എടപ്പാള്‍; തിയേറ്റര്‍ ഉടമയെ പോലീസ് ചോദ്യം ചെയ്തത് പത്തിലേറെ തവണ, ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരേയും വെറുതെ വിട്ടില്ല

സംഭവം യഥാസമയം അറിയിക്കാതിരുന്നതിന് തിയേറ്റര്‍ ഉടമക്കെതിരെ കേസ് എടുക്കുകയാണെങ്കില്‍ പരാതി ലഭിച്ചിട്ടും അന്വേഷണം നടത്താതിരുന്ന പോലീസുകാരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്

എടപ്പാളിലെ ബാലികാപീഡനക്കേസ് പുറത്തെത്തിച്ച തിയേറ്റര്‍ ഉടമയെ പോലീസ് ചോദ്യം ചെയ്തത് പത്തിലേറെ തവണ. കേസിലെ പ്രതികളായ മൊയ്തീന്‍കുട്ടിയേയും പെണ്‍കുട്ടിയുടെ അമ്മയേയും ഒരു തവണ മാത്രം ചോദ്യം ചെയ്ത് കുറ്റപത്രം തയ്യാറാക്കിയ പോലീസ് കേസ് പുറത്തെത്തിച്ച ആരെയും വെറുതെ വിട്ടില്ല. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരേയും തിയേറ്റര്‍ ഉടമയേയും നിരന്തരം ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്ത പോലീസ് ഒടുവില്‍ ശാരദാ തിയേറ്റര്‍ ഉടമ സതീഷിനെതിരെ കേസ് എടുക്കുകയായിരുന്നു.

പീഡന വിവരം പോലീസില്‍ യഥാസമയം അറിയിച്ചില്ല, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് തിയേറ്റര്‍ ഉടമയില്‍ പോലീസ് ചുമത്തിയിരിക്കുന്നത്. വിവരങ്ങളറിയാന്‍ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു എന്ന് സതീഷ് പറഞ്ഞു. ‘ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുമെന്നാണ് ആദ്യം പോലീസ് പറഞ്ഞത്. പിന്നീട് ജാമ്യം അനുവദിച്ച് കിട്ടി. അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ എന്തിനാണെന്ന് പോലും മനസ്സിലായില്ല. ഇപ്പോഴും അതിന്റെ ഷോക്കില്‍ നിന്ന് പുറത്തുവന്നിട്ടില്ല. എനിക്ക് സത്യത്തില്‍ ഒന്നും അറിയില്ല. ഒന്നും പറയാന്‍ എനിക്ക് ഇപ്പോള്‍ ധൈര്യവുമില്ല.’ പോലീസ് അറസ്റ്റിനെക്കുറിച്ചുള്ള സതീഷിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവമുണ്ടാവുന്നത്. തൃത്താല സ്വദേശിയും വ്യവസായിയുമായ മൊയ്തീന്‍കുട്ടി തനിക്കൊപ്പം സിനിമ കണ്ടുകൊണ്ടിരുന്ന പത്ത് വയസ്സുകാരിയെ ലൈംഗികമായി അക്രമിക്കുന്ന ദൃശ്യങ്ങള്‍ എടപ്പാള്‍ ശാരദാ തിയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ തിയേറ്ററിലെ ഒരു ജീവനക്കാരന്റെ ശ്രദ്ധയില്‍ പെടുകയും പിന്നീട് ആ ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈനിന് കൈമാറാന്‍ തിയേറ്റര്‍ ഉടമ തീരുമാനിക്കുകയുമായിരുന്നു. സ്‌കൂള്‍ കൗണ്‍സിലറായ ധന്യ ആബിദും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനായ ശിഹാബും ആണ് ദൃശ്യങ്ങള്‍ തിയേറ്ററില്‍ നിന്ന് ഏറ്റുവാങ്ങിയത്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ചങ്ങരംകുളം പോലീസില്‍ ഇത് സംബന്ധിച്ച പരാതി നല്‍കുകയും ചെയ്തു. ദൃശ്യങ്ങളുടെ പകര്‍പ്പും പ്രതിയെക്കുറിച്ച് നടത്തിയ സമാന്തര അന്വേഷണത്തില്‍ വ്യക്തമായ കാര്യങ്ങളും സഹിതമായിരുന്നു കേസ് നല്‍കിയത്. നിയമപ്രകാരം 24 മണിക്കൂറിനുള്ളില്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട പോലീസ് എന്നാല്‍ കേസ് കണ്ടില്ലെന്ന് നടിച്ചു. ആഴ്ചകളോളം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ക്രൂരമായ പീഡനത്തെക്കുറിട്ടുള്ള വിവരങ്ങള്‍ ദൃശ്യമടക്കം മാധ്യമങ്ങള്‍ക്ക് കൈമാറിയതും ചൈല്‍ഡ്‌ലൈന്‍ തന്നെയാണ്. ഇതോടെയാണ് തിയേറ്ററിലെ ലൈംഗികാതിക്രം പുറത്തുവരുന്നത്.

പരാതി ലഭിച്ചിട്ടും അന്വേഷിക്കാതിരുന്ന പോലീസിന്റെ നടപടിയെ മുഖ്യമന്ത്രിയുള്‍പ്പെടെ പലരും ചോദ്യം ചെയ്യുകയും കൃത്യവിലോപത്തിന് ചങ്ങരംകുളം എസ്‌ഐയെ അന്വേഷണവിധേയമായി സസ്പന്‍ഡ് ചെയ്യുകയും ചെയ്തു. എസ്‌ഐയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് ചുമത്തിയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നിയമപരമായി നോക്കിയാല്‍ തങ്ങള്‍ ചെയ്തതില്‍ ചെറിയതോതില്‍ നിയമലംഘനമുണ്ടെങ്കിലും മനുഷ്യത്വപരമായി നോക്കിയാല്‍ അതില്‍ തെറ്റുകളില്ലെന്ന് നിലപാടാണ് ചൈല്‍ഡ്‌ലൈന്‍ തുടക്കം മുതല്‍ സ്വീകരിച്ചത്. ഇത്രയും ക്രൂരമായി ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടിട്ട് നടപടിയെടുക്കാതെ ഒഴിഞ്ഞ് മാറിയ പോലീസിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് ചൈല്‍ഡ്‌ലൈന്‍ ദൃശ്യങ്ങളുടെ പകര്‍പ്പും വിവരങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

എടപ്പാള്‍ തിയേറ്റര്‍ പീഡനം; ആരുമറിയാതെ പോകുമായിരുന്ന ആ ക്രൂരത പുറത്തു കൊണ്ടുവന്നതിന് ധന്യയോടും ശിഹാബിനോടും നന്ദി പറയാം

ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നതിങ്ങനെ ‘അതിന് പിന്നില്‍ സത്യം പുറത്തെത്തിക്കുക എന്ന ഒറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അന്ന് മുതല്‍ പോലീസ് ഞങ്ങളുടേയും പിന്നാലെയാണ്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യില്ലെന്ന് ജില്ലാ പോലീസ് മേധാവി പത്രസമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാലും ഭയമില്ലാതില്ല’. പോലീസിന്റെ ഭാഗത്തുനിന്ന് നല്ല സമീപനമല്ല ഉണ്ടാവുന്നതെന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ തുറന്ന് പറയാനുള്ള ഭയം അവര്‍ മറച്ചുവക്കുന്നില്ല. ‘ഏത് സമയവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. ഇന്ന് തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് അതാണ് സൂചിപ്പിക്കുന്നത്. ആ അറസ്റ്റ് അനാവശ്യമാണ്. പോലീസുകാര്‍ക്ക് പറ്റിയ വീഴ്ച പുറത്തുവന്നതോടെ അതില്‍ നിന്ന് പുറത്തുകടക്കാന്‍ അവര്‍ മറ്റുള്ളവരില്‍ കുറ്റം ചാരുകയാണ്. പരാതി കിട്ടിയാല്‍ 24 മണിക്കൂറിനുള്ളില്‍ വേണ്ട നടപടിയെടുക്കേണ്ടത് പോലീസാണ്. എന്നാല്‍ ഈ കേസില്‍ അവര്‍ അത് ചെയ്തില്ല. പകരം ഇത് പുറത്തെത്തിക്കാന്‍ കൊണ്ടുവന്നവരുടെ പിന്നാലെയാണ് ‘. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കും പല തവണ ചോദ്യം ചെയ്യലിന് വിധേയരാവേണ്ടി വന്നു. പോലീസുകാര്‍ പ്രതികാര നടപടിയെന്ന നിലക്കാണ് ഇത് ചെയ്യുന്നതെന്നും ചൈല്‍ഡ്‌ലൈന്‍ ്അധികൃതര്‍ അഭിപ്രായപ്പെടുന്നു.

ഓരോ തവണയും പോലീസില്‍ നിന്ന് വളരെ മോശമായ പ്രതികരണങ്ങളാണ് തനിക്ക് ഉണ്ടായതെന്ന് തിയേറ്റര്‍ ഉടമ സതീഷ് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ നല്ല കാര്യത്തിന് വേണ്ടിയായതിനാല്‍ താന്‍ പരമാവധി സഹകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുമ്പ് ദൃശ്യങ്ങള്‍ ചാനലിലൂടെ പുറത്തുവിടുകയും എല്ലാ മാധ്യമങ്ങളും വാര്‍ത്ത നല്‍കുകയും ചെയ്തപ്പോള്‍ തിയേറ്റര്‍ ഉടമ ദൃശ്യങ്ങള്‍ നേരിട്ട് കൈമാറുകയായിരുന്നു എന്ന് എഴുതിവാങ്ങാനുള്ള ശ്രമം പോലീസില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍ അതും മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മേലുദ്യോഗസ്ഥര്‍ ഇടപെടുകയും പോലീസ് ആ ശ്രമം ഒഴിവാക്കുകയുമായിരുന്നു.

സംഭവം യഥാസമയം അറിയിക്കാതിരുന്നതിന് തിയേറ്റര്‍ ഉടമക്കെതിരെ കേസ് എടുക്കുകയാണെങ്കില്‍ പരാതി ലഭിച്ചിട്ടും അന്വേഷണം നടത്താതിരുന്ന പോലീസുകാരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ആടിനെ പട്ടിയാക്കുന്ന പിണറായി പോലീസ്; എടപ്പാള്‍ തിയേറ്റര്‍ ഉടമയ്ക്ക് മേല്‍ പോക്‌സോ; അപ്പോള്‍ അന്വേഷണം വൈകിപ്പിച്ച പൊലീസുകാര്‍ക്കെതിരെയോ?

എടപ്പാളിലെ തീയറ്റര്‍ ഉടമയുടെ അറസ്റ്റ്; മുഖ്യമന്ത്രിക്ക് അതൃപ്തി

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍