UPDATES

മുഖ്യമന്ത്രിക്കും പരാതി നല്‍കി, പക്ഷേ ഒരു നടപടിയും ഉണ്ടായില്ല; ലാത്തിത്തുമ്പ് കണ്ടാല്‍ മതില്‍ ചാടിയോടുന്നവരാണ് എന്റെ പരിക്കിന്റെ അളവെടുക്കുന്നത്-എല്‍ദോ എബ്രഹാം എം എല്‍ എ/അഭിമുഖം

പൊലീസിനെ കയറൂരി വിടരുത്. പൊലീസ് സംവിധാനം വീണുപോകരുത്, പോകാന്‍ അനുവദിക്കരുത്.

സിപി ഐ എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഐജി ഓഫിസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചത് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പൊലീസിനെതിരെ നിരന്തരം പരാതികള്‍ ഉണ്ടായിക്കൊണ്ടിരിക്കവെയാണ് ഭരണമുന്നണിയിലെ രണ്ടാമത്തെ പാര്‍ട്ടിയുടെ ഒരു ജനപ്രതിനിധിക്ക് പൊലിസിന്റെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിരിക്കുന്നത്. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കാണ് പൊലീസിന്റെ ലാത്തിയിടയില്‍ ഇടതു കൈയ്ക്ക് സാരമായി പരിക്കേറ്റത്. മുതുകിലും കഴുത്തിലും എംഎല്‍എയ്ക്ക് പരിക്കേറ്റിട്ടുണ്ട്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എല്‍ദോ എബ്രഹാം എംഎല്‍എ ഈ വിഷയത്തില്‍ അഴിമുഖവുമായി സംസാരിക്കുന്നു.

ഭരണ മുന്നണിയിലെ ഒരു പാര്‍ട്ടിയുടെ നേതാക്കള്‍ക്കും എംഎല്‍എയ്ക്കുമാണ് മര്‍ദ്ദനമേറ്റിരിക്കുന്നത്. പൊലീസ് തുടര്‍ച്ചയായി പ്രതിസ്ഥാനത്ത് വരികയാണല്ലോ?

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകാനും നാട്ടിലെ ക്രമസമാധാന നില നിലനിര്‍ത്താനുമുള്ള വലിയ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടവരാണ് പൊലീസ്. ഏറ്റവും മികച്ച രീതിയില്‍ തന്നെയായിരിക്കണം പൊലീസ് സംവിധാനം പ്രവര്‍ത്തിക്കേണ്ടതും. പൊലീസിനെ കയറൂരി വിടരുത്. പൊലീസ് സംവിധാനം വീണുപോകരുത്, പോകാന്‍ അനുവദിക്കരുത്. ജനങ്ങള്‍ അവരുടെ പരാതിയും ആവലാതികളുമായി എത്തുന്നയിടമാണത്. നീതി കിട്ടുമെന്നു പ്രതീക്ഷിച്ചു ചെല്ലുന്നിടം. ആ നീതിയവര്‍ക്ക് കിട്ടണം.

സി പി ഐയുടെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായതുകൊണ്ടാണ് പൊലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നതെന്നു പറയുന്നുണ്ടല്ലോ?

തികച്ചും തെറ്റായ കാര്യമാണ്. യാതൊരു വിധ പ്രകോപനവും ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ബാരിക്കേഡുകളില്‍ പിടിച്ചു കുലുക്കുക മാത്രമേ ചെയ്തുള്ളൂ. അതേതൊരു സമരത്തിലും ഉണ്ടാകുന്നതാണ്. അല്ലാതെ, പൊലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുകയോ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഒരു എ ഐ വൈ എഫ് പ്രവര്‍ത്തകന്‍ പാര്‍ട്ടിയുടെ കൊടി പൊലീസിനു നേരെ എറിഞ്ഞിരുന്നു. വളരെ പതുക്കെയാണ് അയാള്‍ ആ കൊടിയെറിഞ്ഞതും. ഞാന്‍ സാക്ഷിയാണ്. മറ്റൊരുതരത്തിലുമുള്ള പ്രകോപനവും ഉണ്ടായില്ല. എന്നാല്‍ പൊലീസ് അപ്രതീക്ഷിതമായാണ് ഞങ്ങള്‍ക്കെതിരേ തിരിഞ്ഞത്. അവര്‍ ജലപീരങ്കി പ്രയോഗിച്ചതുപോലും പൊടുന്നനെയായിരുന്നു. ഞാന്‍ തെറിച്ചു റോഡില്‍ വീണു. അവിടെ നിന്നും എഴുന്നേറ്റു ഞങ്ങള്‍ വീണ്ടും മുദ്രാവാക്യം വിളിച്ചുകൊണ്ട് ചെന്നപ്പോഴാണ് ലാത്തിയടി തുടങ്ങിയത്. ഒട്ടു ന്യായീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയാണ് പൊലീസ് ചെയ്തത്. ഇനിയും പൊലീസിനെ ഇങ്ങനെ കയറൂരി വിടരുത്.

എംഎല്‍എയെ ആളറിയാതെ തല്ലിയതായിരിക്കുമേ?

അടിച്ചത് ലോക്കല്‍ പൊലീസുകാരാണ്. അവര്‍ക്ക് ഒരു എംഎല്‍എയെ അറിയാതെ പോകുമോ?

മനഃപൂര്‍വം തന്നെ തല്ലിയാതാണന്നു പറയാമോ?

സെന്‍ട്രല്‍ സി ഐ വിപിന്‍ദാസാണ് എന്നെ തല്ലിയത്. അടി കിട്ടുമ്പോള്‍ എനിക്ക് ആരാണ് തല്ലിയതെന്നു മനസിലായിരുന്നില്ല. വൈകുന്നേരം വാട്‌സ് ആപ്പില്‍ കിട്ടിയ ചിത്രങ്ങളും ഇന്നത്തെ പത്രത്തിലെ ഫോട്ടോയുമൊക്കെ കണ്ടപ്പോഴാണ് വിപിന്‍ദാസാണ് അടിച്ചതെന്നു മനസിലായത്. സാധാരണ പൊലീസുകാര്‍ ഒരു കൈയില്‍ ലാത്തിപിടിച്ചാണ് സമരക്കാരെ നേരിടുന്നത്. ഇത് രണ്ടും കൈയും കൊണ്ട് ലാത്തി പിടിച്ച് ശക്തമായി എന്റെ പുറകില്‍ അടിക്കുകയായിരുന്നു. വ്യക്തിവിരോധം തീര്‍ക്കുന്നതു പോലെയാണ് അയാള്‍ അടിച്ചത്. രണ്ടു തവണ അടിച്ചു. മുതുകില്‍ നല്ല പരിക്കുണ്ട്. ഇത്തരത്തില്‍ ഒരാളെ തല്ലിയിട്ട് മര്‍ദ്ദനമൊന്നും നടന്നില്ല എന്നു പറയുന്നത് എങ്ങനെയാണ്?

പൊലീസിനെതിരേ പ്രകോപനപരമായി സംസാരിച്ചിരുന്നോ?

സമരസ്ഥലത്ത് ഞാനൊന്നും സംസാരിച്ചിരുന്നില്ല. ഞാനായിട്ട്  ഒന്നും പൊലീസിനെതിരേ പറഞ്ഞിരുന്നുമില്ല. അവരെന്നെ അടിച്ചു വീഴ്ത്തിയേഷം പിന്നെയും തല്ലാന്‍ ശ്രമിച്ചപ്പോള്‍ ലാത്തിയില്‍ കയറി പിടിച്ചു. അങ്ങനെ ചെറിയ പിടിവലികള്‍ ഉണ്ടായിട്ടുണ്ട്. അത് വീണ്ടും അടി കൊള്ളാതിരിക്കാന്‍ വേണ്ടി നിവൃത്തിക്കേട് കൊണ്ട് ചെയ്യുന്നതല്ലേ. പൊലീസിനെ തിരിച്ച് അക്രമിക്കുകയായിരുന്നുവെന്നൊക്കെ അതിനെ പറയാന്‍ കഴിയുമോ?

ഭരണകക്ഷിയില്‍പ്പെട്ട ഒരു എംഎല്‍എയ്ക്കു തന്നെ പൊലിസിനെതിരേ സമരം ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്?

എന്റെ പാര്‍ട്ടി നടത്തുന്ന ഒരു സമരത്തില്‍ എനിക്ക് പങ്കെടുക്കാതിരിക്കാന്‍ കഴിയില്ല. എംഎല്‍എ ആണെന്നു പറഞ്ഞു മാറി നില്‍ക്കാന്‍ കഴിയില്ല. സിപി ഐയുടെ ജില്ല സെക്രട്ടറിയെയാണ് സഘം ചേര്‍ന്നു വന്നവര്‍ തടഞ്ഞത്. ഈ സംഭവം നടക്കുമ്പോള്‍ ഞാറയ്ക്കല്‍ സി ഐ ഒരു കാഴ്ച്ചക്കാരനെപോലെ അവിടെ നില്‍പ്പുണ്ടായിരുന്നു. അദ്ദേഹം ഒരു ഇടപെടല്‍ പോലും നടത്തിയില്ല. കാഴ്ച്ചക്കാരനായി മാറിനില്‍ക്കുകയെന്നു പറഞ്ഞാല്‍ അക്രമികളെ സഹായിക്കുന്നതിനു തുല്യമാണ്. ഇങ്ങനെയൊരു കൃത്യവിലോപം കാണിച്ചയാള്‍ക്കെതിരേ നടപടി ഉണ്ടാകേണ്ടത് ന്യായമായ ആവശ്യം മാത്രമാണ്. ഇതേ സി ഐയെക്കുറിച്ച് പല പരാതികളുമുണ്ട്. അദ്ദേഹത്തിന്റെ അധികാരപരിധിയില്‍ ഉള്ള ക്രിമിനല്‍-മാഫിയ സംഘങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നയാളാണ് സി ഐ എന്നുള്ള ആക്ഷേപം സിപിഐക്ക് മാത്രമല്ല ഉള്ളത്. അങ്ങനെയുള്ളൊരാള്‍ക്കെതിരേ വകുപ്പ് തല നടപടിയെടുക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല. ഇത്തരമൊരു കാര്യത്തിന് സിപിഐ സമരത്തിന് ഇറങ്ങുന്നത് ഒഴിവാക്കാന്‍ വേണ്ടി ആ പൊലീസ് ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതുണ്ടാകാത്ത സാഹചര്യത്തിലാണ് ഞങ്ങള്‍ക്ക് സമരം ചെയ്യേണ്ടി വന്നത്. ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സമരത്തില്‍ എനിക്ക് പങ്കെടുത്തേ മതിയാകൂ. അതുകൊണ്ട് ഞാന്‍ പങ്കെടുത്തു.

സ്വന്തം സര്‍ക്കാരിനെതിരേ തന്നെ സിപിഐ സമരം ചെയ്യുന്നുവെന്ന ആക്ഷേപം ഉണ്ടല്ലോ?

ഭരണം ഉള്ളപ്പോഴും ഇല്ലാത്തപ്പോളും സമരരംഗത്ത് ഇറങ്ങുന്നവരാണ് ഞങ്ങള്‍. കൊടിയുടെ നിറം നോക്കി ഞങ്ങള്‍ മൗനം പാലിക്കാറില്ല. തെറ്റുകള്‍ കണ്ടാല്‍, നമ്മള്‍ ഭരണകക്ഷിയല്ലേ ഒന്നിനും പോകേണ്ടെന്നു സിപിഐ ഒരുകാലത്തും വിചാരിച്ചിട്ടില്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടും, പ്രതിഷേധിക്കും പ്രതിരോധിക്കും, സമരം ചെയ്യും. അതാണ് ഈ പാര്‍ട്ടിയുടെ പാരമ്പര്യം. ഞങ്ങള്‍ പുതിയ തലമുറയും ആ രീതി തന്നെയാണ് പിന്തുടരുന്നത്.

പക്ഷേ, ഇത്തരം സമരങ്ങള്‍ സിപിഎം-സിപിഐ ബന്ധം വഷളാക്കില്ലേ?

ഈ സംഭവം തന്നെ മുതലെടുത്ത് അങ്ങനെയൊരു ആഗ്രഹം നടക്കുന്നതിന് പലരും ശ്രമിക്കുന്നുണ്ട്. രണ്ടു പാര്‍ട്ടികള്‍ക്കിടയിലും അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. പക്ഷേ, അതൊന്നും മുന്നണി ബന്ധത്തെ ഒരുതരത്തിലും ബാധിക്കില്ല. സി പി ഐയും സി പി എമ്മും പിരിയും എന്നൊക്കെ ആഗ്രഹിക്കുന്നവര്‍ പരാജയപ്പെടുകയേയുള്ളൂ.

പൊലീസ് മര്‍ദ്ദനത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുണ്ടേ? പരാതി നല്‍കിയിട്ടുണ്ടോ?

സ്പീക്കര്‍ക്ക് ഇന്ന് പരാതി നല്‍കാനാണ് തീരുമാനം. മുഖ്യമന്ത്രി കളക്ടറോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. കളക്ടര്‍ ഇന്നലെ ആശുപത്രിയില്‍ വരികയും ചെയ്തിരുന്നു. എല്ലാ കാര്യങ്ങളും വ്യക്തമാക്കി തന്നെ കളക്ടര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു തന്നെയാണ് കരുതുന്നത്. ആ റിപ്പോര്‍ട്ടിന്മേല്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും കരുതാം. ഒരു സമരത്തില്‍ പങ്കെടുത്തിട്ട് പൊലീസിന്റെ നാലടി കൊണ്ടൂവെന്നത് എന്നെ സംബന്ധിച്ചൊരു പ്രശ്‌നമല്ല. പക്ഷേ, ഇവിടെ മനഃപൂര്‍വമായ കൈയേറ്റമാണോ നടന്നിരിക്കുന്നതെന്ന് അറിയണം.

സോഷ്യല്‍ മീഡിയയാല്‍ സിപിഎം സൈബര്‍ പോരാളികള്‍ അടക്കം എംഎല്‍എയെ പരിഹസിച്ചുകൊണ്ട് പലതരം പോസ്റ്റുകളും പ്രചരിപ്പിക്കുന്നുണ്ട്. ഒരു ചിത്രത്തി്ല്‍ ഇടതുകൈകൊണ്ട് മുണ്ട് പിടിച്ചു നില്‍ക്കുന്ന എംഎല്‍എ മറ്റൊരു ചിത്രത്തില്‍ കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടു കിടക്കുന്നു എന്നൊക്കെയാണ് പരിഹാസങ്ങള്‍?

ആ ചിത്രം ജനറല്‍ ആശുപത്രിയിലേതാണ്. കഴുത്തിനും കൈയ്ക്കും എല്ലാം പരിക്കേറ്റ് ഞങ്ങളുടെ പല സഖാക്കളും അവിടെ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. എനിക്ക് അവരെ കാണാതിരിക്കാന്‍ പറ്റുമോ? വളരെ വികാരപരമായൊരു അന്തരീക്ഷമായിരുന്നു അവിടെ. ഞാനപ്പോള്‍ എന്റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്ന കാര്യം പോലും മറന്നാണ് അവരെയോരുത്തരേയും കണ്ടത്. എന്റെ പരിക്കിന്റെ അളവ് എടുക്കാന്‍ നടക്കുന്നവരുണ്ടാകാം. അവരൊക്കെ ഏതു ലോകത്താണ്. ലാത്തിയുടെ തുമ്പ് കണ്ടാല്‍ മതില്‍ ചാടിയോടുന്നവരാണ് എല്‍ദോ എബ്രഹാമിന്റെ പരിക്കിന്റെ അളവെടുക്കാന്‍ നടക്കുന്നതെന്നാണ് തമാശ. അവര്‍ക്കൊന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം അറിയില്ല. ഏറെ സമരങ്ങളില്‍ പങ്കെടുത്തിട്ടുള്ളവനാണ് ഞാന്‍. നിരവധി തവണ മര്‍ദ്ദനവും ഏറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളിലുടെ വന്നു കഴിഞ്ഞ 25 വര്‍ഷത്തോളമായി ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നൊരാളാണ് ഞാന്‍. സത്യസന്ധതയും നീതിപൂര്‍വകമായ പ്രവര്‍ത്തനമേ ഇതുവരെ നടത്തിയിട്ടുള്ളൂ. പൊതുപ്രവര്‍ത്തനത്തിന്റ പരിശുദ്ധി ഞാന്‍ കാത്തു സൂക്ഷിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉത്തരവാദിത്വപ്പെട്ട ഒരു സഖാവ് എന്ന നിലയിലും ജില്ല കമ്മിറ്റി സംഘടിപ്പിച്ച സമരത്തില്‍ ന്യായമായും ഞാന്‍ പങ്കെടുക്കേണ്ടതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും എനിക്ക് നല്‍കിയ അവസരം മാത്രമാണ് എംഎല്‍എ സ്ഥാനം. എംഎല്‍എ ആയെന്നു കരുതി, സിപിഐയുടെ ഐഡന്റിറ്റി ആരെങ്കിലും ചോദ്യം ചെയ്താല്‍, എന്റെ പ്രസ്ഥാനമൊരു സമരരംഗത്തിറങ്ങിക്കഴിഞ്ഞാല്‍ എനിക്ക് മാറിനില്‍ക്കാനോ നിശബ്ദനാകാനോ കഴിയില്ല. അതില്‍ എന്താണ് തെറ്റ്? ഒരു പൊലീസുകാരനോടും യാതൊരു പ്രകോപനവും ഉണ്ടാക്കിയില്ല. എന്നിട്ടും പൊലീസ് അടിച്ചു. ദൃശ്യങ്ങള്‍ സൈബര്‍ പോരാളികള്‍ കണ്ടുകാണുമല്ലോ.

സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സ്വന്തം പാര്‍ട്ടിയുടെ എംഎല്‍എയ്ക്ക് തന്നെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഉടനടി പ്രതികരണവുമായി രംഗത്തു വന്നില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉണ്ടല്ലോ?

അദ്ദേഹം പ്രതികരിച്ചില്ലെന്നൊക്കെ പറയുന്നത് അവാസ്തവമായ ആരോപണങ്ങളാണ്. ഞങ്ങളെല്ലാം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവാണ് കാനം. സിപി ഐയുടെ ചൈതന്യമാണ് അദ്ദേഹം. ഏറ്റവും അനുയോജ്യമായ സമയത്ത് ഏതു കാര്യത്തിലും അദ്ദേഹം പ്രതികരിക്കാറുണ്ട്. ഇക്കാര്യത്തിലും പ്രതികരിച്ചിട്ടുണ്ട്.

ഒരു എംഎല്‍എയ്ക്ക്, അതും ഇടതുപക്ഷ മുന്നണി അധികാരത്തില്‍ ഇരിക്കുമ്പോള്‍ പൊലീസിന്റെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതില്‍ ഇപ്പോഴുണ്ടായിരിക്കുന്ന രീതിയിലുള്ള പ്രതികരണം മതിയോ? എറണാകുളത്തെ പ്രശ്‌നങ്ങളിലും സംസ്ഥാന നേതൃത്വം വേണ്ടപോലെ ഇടപെടുന്നില്ലെന്ന പരാതിയുമുണ്ട്.

സഖാവ് കാനവും എല്‍ദോ എബ്രഹാം എംഎല്‍എയും എല്ലാം കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗങ്ങളാണ്. ഓരോരോ സ്ഥാനങ്ങളില്‍ ഇരിക്കന്നുവെന്നതില്‍ കവിഞ്ഞ് ആര്‍ക്കും പ്രത്യേകം പരിഗണനയൊന്നും ഇല്ല. ഞാന്‍  എംഎല്‍എ ആയതുകൊണ്ട് എന്റെ കാര്യത്തില്‍ പാര്‍ട്ടി പ്രത്യേക പരിഗണന കാണിക്കണം എന്നു പറയാന്‍ കഴിയില്ല. എംഎല്‍എയ്ക്ക് ആണെങ്കിലും പാര്‍ട്ടിയിലെ ഒരു സാധാരണ അംഗത്തിനാണെങ്കിലും പാര്‍ട്ടി അനുഭാവിക്കാണെങ്കിലും, ഒരു പ്രശ്‌നം നേരിട്ടാല്‍ പാര്‍ട്ടി നേതൃത്വം ഒരുപോലെയാണ് കാണുന്നത്. വ്യക്തിപരമായി എന്റെ  രീതിയും അതാണ്. ഈ സംഭവത്തെക്കുറിച്ച് പറയാനുള്ളതിതാണ്. ജില്ലയിലെ പ്രശ്‌നങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും പ്രതികരണത്തിന് എനിക്കാവില്ല. അത് സംസ്ഥാന നേതൃത്വത്തോടാണ് ചോദിക്കേണ്ടത്.

Read More: ‘പുറത്തുവരുന്ന ഫോട്ടോ എഡിറ്റ് ചെയ്തത്’; എല്‍ദോ എംഎല്‍എയുടെ കൈ തല്ലിയൊടിച്ചത് താനല്ലെന്ന് സെന്‍ട്രല്‍ എസ്‌ഐ

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍