UPDATES

കളമശ്ശേരി മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടു നാല് വര്‍ഷം; ഏറ്റെടുക്കാതെ 350 ജീവനക്കാര്‍

നേരിട്ട് പിഎസ്സി വഴി പ്രവേശനം ലഭിച്ച് ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളവും മെഡിക്കല്‍ കോളജിന്റെ ആരംഭം മുതല്‍ ജോലി ചെയ്ത് സീനിയോറിറ്റിയുള്ള ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവുമാണ് നല്‍കുന്നത്

സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് നാല് വര്‍ഷം തികഞ്ഞിട്ടും നിയമപ്രകാരം ലഭിക്കേണ്ട ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ കളമശേരി മെഡിക്കല്‍ കോളേജിലെ 350 ഓളം ജീവനക്കാര്‍. 2013 ല്‍ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതായുള്ള ഉത്തരവിനെ തുടര്‍ന്ന് 350 ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി എടുത്ത് തസ്തികയും നല്‍കി. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ വേതന വ്യവസ്ഥകള്‍ അനുസരിച്ച് ശമ്പളം ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

കോ ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷണല്‍ എഡ്യൂക്കേഷന്റെ(കേപ്പ്) കീഴില്‍ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ മെഡിക്കല്‍ കോളേജ് ആരംഭിച്ച കാലം മുതല്‍ ജോലിയിലുണ്ട്. 1999ല്‍ 90 രൂപ ദിവസ വേതനത്തിലാണ് ജോലിയില്‍ പ്രവേശിച്ചത്. അന്ന് മുതല്‍ ഇന്ന് വരെ വളരെ ആത്മാര്‍ഥതയോടെയാണ് ജോലിയെടുത്തത്. മെഡിക്കല്‍ കോളേജിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും ഒപ്പം നിന്നു. താമസ സൗകര്യം ഇല്ലാതിരുന്നിട്ടും രാത്രിയിലും ഇവിടെ തന്നെയായിരുന്നു താമസം. രാത്രിയില്‍ നിലത്തു കിടന്നുറങ്ങിയും പരിമിതമായ സൗകര്യങ്ങളില്‍ കഴിച്ചു കൂട്ടി. 2013 ല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുകയണെന്ന് അറിയിച്ചു. കുറച്ചു പേര്‍ കേപ്പിന്റെ കീഴില്‍ തന്നെ ജോലിക്കു പോയി. അവര്‍ക്കിപ്പോള്‍ സര്‍വീസനുസരിച്ച് ഞങ്ങളുടേതിന് ഇരട്ടി ശമ്പളമാണ്. എന്നാല്‍ സര്‍ക്കാര്‍ ജോലിയല്ലേ എന്ന് കരുതി കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്ന തന്നെ പോലുള്ളവര്‍ക്ക് ദുരിതമാണ് ഫലമെന്ന് പേര് വെളിപ്പെടുത്തരുതെന്ന് പറഞ്ഞുകൊണ്ടു മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ അഴിമുഖത്തോട് പറഞ്ഞു.

ഇദ്ദേഹത്തെ പോലെ വിവിധ വര്‍ഷങ്ങളിലായി മെഡിക്കല്‍ കോളേജില്‍ ജോലിക്ക് പ്രവേശനം നേടിയ ജീവനക്കാര്‍ വേറെയുമുണ്ട് ഇവിടെ, ക്വാര്‍ട്ടേഴ്സില്ലാത്ത സ്ഥിരമായി എറണാകുളം ജില്ലക്ക് പുറത്ത് നിന്ന് ദീര്‍ഘദൂരം സഞ്ചരിച്ച് ജോലിക്കെത്തുന്നവരെയും ഇവിടെ കാണാം. അതേസമയം നേരിട്ട് പിഎസ്സി വഴി പ്രവേശനം ലഭിച്ച് ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളവും മെഡിക്കല്‍ കോളജിന്റെ ആരംഭം മുതല്‍ ജോലി ചെയ്ത് സീനിയോറിറ്റിയുള്ള ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവുമാണ് നല്‍കുന്നത്. തുല്യജോലിക്ക് തുല്യവേദനം നല്‍കുക, 17 ശതമാനം ക്ഷാമബത്ത അനുവദിക്കുക, പെന്‍ഷന്‍, പിഎഫ്,ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

എന്തുകൊണ്ടാണ് ഇവര്‍ക്ക് നിയമപ്രകാരം കിട്ടേണ്ട ശമ്പളവും ആനുകൂല്യവും കിട്ടാത്തത്

കളമശേരി മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് നാലു വര്‍ഷവും ഒരു മാസവും പിന്നിട്ടിട്ടും സര്‍ക്കാര്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാത്തതെന്തെന്ന് ചോദിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിക്കുമ്പോള്‍ ജോലിക്കാരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ് ഉടന്‍ ശരിയാകുമെന്നാണ് പറയുന്നത്. കേപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ തന്നെ മെഡിക്കല്‍ കോളേജിന്റെ ആരംഭം മുതല്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് നിത്യചിലവിനായി മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ട സ്ഥിതിയായിരുന്നു. തങ്ങളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി മെഡിക്കല്‍ കോളേജില്‍ യൂണിയനുകളുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ധര്‍ണ നടത്തിയിരുന്നു. മെഡിക്കല്‍ കോളേജിലെ ചില വിഭാഗങ്ങളില്‍ ജീവനക്കാരുടെ കുറവ് ജോലി ഭാരം കൂട്ടുന്നുവെന്നാണ് ചില ജീവനക്കാരുടെ പരാതി. കരാര്‍ വ്യവസ്ഥയില്‍ പല തസ്തികകളിലായി ജീവനാക്കാരുണ്ടെങ്കിലും കുറഞ്ഞ ശമ്പളവും ആനുകൂല്യങ്ങളുമാണ് ലഭിക്കുന്നതെന്ന കാരണത്താല്‍ ഇവരില്‍ പലരും ജോലി ഉപേക്ഷിച്ച് മടങ്ങുന്നു. സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ മുതല്‍ നിലവിലുള്ള മെഡിക്കല്‍ കോളേജിലെ മുഴുവന്‍ കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്നാണ് യൂണിയനുകളുടെ മറ്റൊരു ആവശ്യം. ഈ രീതിയില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ നിലവിലുള്ള ജീവനക്കാരുടെ അഭാവം നികത്തുവാന്‍ സാധിക്കും. പരിചയസമ്പന്നരായ ഇവരെ സ്ഥിരപ്പെടുത്തുന്നത് വഴി സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്നും യൂണിയനുകള്‍ പറയുന്നു.

സ്റ്റാന്‍ഡ് എലോണ്‍ പദ്ധതിയും നടപ്പായില്ല

ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കി മാറ്റുന്നതിനായി 17.12.2018 വരെ സ്റ്റാന്‍ഡ് എലോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും പദ്ധതി ഇപ്പോഴും ഇഴയുകയാണെന്നാണ് ജീവനക്കാരുടെ പരാതി. പദ്ധതി അവസാനിക്കാന്‍ എട്ട് മാസം ബാക്കി നില്‍ക്കേ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുള്‍പ്പെടെ സേവന വേതന വ്യവസ്ഥകളില്‍ വലിയ അട്ടിമിറിക്ക് സാധ്യതയുണ്ടെന്നും മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ പറയുന്നു. അതേസമയം ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കി മാറ്റുന്നതിനെതിരെ ജീവനക്കാരില്‍ തന്നെ ചെറിയ വിഭാഗത്തിന് എതിര്‍പ്പുണ്ട്. മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്കായി സ്‌പെഷന്‍ പാക്കേജ് കൊണ്ടു വരണമെന്നാണ് ഇവരുടെ ആവശ്യം. സര്‍ക്കാര്‍ ജീവനക്കാരാക്കുമ്പോള്‍ സംഭവിക്കുന്ന സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ളവ ഭയന്നാണ് ചില ജീവനക്കാര്‍ എതിര്‍പ്പറിയിക്കുന്നതെന്ന് മെഡിക്കല്‍ കോളേജ് ബിഎംഎസ് യൂണിയന്‍ സെക്രട്ടറി വിപിന്‍ദാസ് പറഞ്ഞു.

മെഡിക്കല്‍ കോളേജിന്റെ തുടക്കസമയത്ത് ജോലിയില്‍ പ്രവേശിച്ച ജീവനക്കാര്‍ ആശങ്കയില്‍

കളമശേരി മെഡിക്കല്‍ കോളേജ് കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജോലിയില്‍ പ്രവേശിച്ച 25 ഓളം ജീവനക്കാരുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ നിലവില്‍ ഓഫീസ് അസിസ്റ്റന്റ്, ലൈബ്രേറിയന്‍, പ്രൊജക്ട്
വിഭാഗം ജീവനക്കാര്‍, എന്നിവരുടെ തസ്തികള്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ കീഴില്‍ നേരിട്ടല്ലാത്തതാണ് 25 ജീവനക്കാരുടെ സര്‍ക്കാരിലേക്കുള്ള ലയനം ആശങ്കയിലാക്കിയിരിക്കുന്നത്. ഈ ജീവനക്കാരില്‍ അധികവും കോളജിന്റെ പ്രാരംഭ കാലം മുതല്‍ ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ഇതിലും ഉയര്‍ന്ന തസ്തികയില്‍ നിയമിക്കേണ്ടി വരും. എന്നാല്‍ ഇതിനെതിരെ നേരിട്ട് പിഎസ്‌സിയില്‍ കയറിയ ഉദ്യോഗാര്‍ഥികള്‍ എതിര്‍പ്പറിയിക്കാനും സാധ്യതയുണ്ട്.

ജീവനക്കാരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ അന്തിമ ഘട്ടത്തിലെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍

മെഡിക്കല്‍ കോളേജിലെ 350 ഓളം തസ്‌കകളിലെ ജീവനക്കാരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും നടപടികള്‍ പൂര്‍ത്തിയായാല്‍ സര്‍ക്കാര്‍ ശമ്പള ക്രമമനുസരിച്ച് ജീവനക്കാരുടെ വേതനവും മറ്റ് വ്യവസ്ഥകളും ലഭ്യമാക്കുമെന്ന് കശമശേരി മെഡിക്കല്‍ കോളേജ് അഡ്മിനിനിട്രേറ്റീവ് ഓഫീസര്‍ അഴിമുഖത്തോട് പറഞ്ഞു. സ്ഥിരപ്പെടുത്തിയ 350 ജീവനക്കാരുടെ ജോലിയും തസ്തികയും ജോലി സംബന്ധമായ മറ്റു വിവരങ്ങളും സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും സെക്രട്ടറിയേറ്റിലെ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഫയലുകള്‍ ഉള്ളതായാണ് വിവരമെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പറഞ്ഞു. അതേസമയം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്നാണ് സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് ലഭിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം മെഡിക്കല്‍ കോളജില്‍ നിന്ന് നല്ലൊരു ശതമാനം താത്കാലിക ജീവനക്കാരെ ജോലിയില്‍ നിന്ന് പറഞ്ഞ് വിട്ടിരുന്നതായും മെഡിക്കല്‍ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം പറഞ്ഞു.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍