UPDATES

സംസ്കാരം തടഞ്ഞ് പോലീസ് മര്‍ദ്ദനം; അച്ഛന്റെ മൃതദേഹം ഏറ്റെടുക്കാതെ മകന്‍; തുടരുന്ന ദളിത് ശ്മശാന കയ്യേറ്റങ്ങള്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തുടര്‍ച്ചയായി കേട്ടുകൊണ്ടിരിക്കുന്ന ദളിത് ശ്മശാന കൈയേറ്റങ്ങളുടെ പട്ടികയിലെ ഏറ്റവുമൊടുവിലത്തെ സംഭവമാകുകയാണ് കുഴിമണ്ണയിലേത്

ശ്രീഷ്മ

ശ്രീഷ്മ

കുഴിമണ്ണ പുല്ലഞ്ചേരി സ്വദേശിയായ സുന്ദരന്റെ അച്ഛന്‍ കണ്ണന്‍കുട്ടി മരിച്ചിട്ട് ഒരു ദിവസം കഴിയുന്നു. വൃക്കരോഗം ബാധിച്ച് കിടപ്പിലായിരുന്ന അച്ഛന്റെ വിയോഗത്തിന്റെ ആഘാതത്തില്‍ നിന്നും സുന്ദരന്‍ മോചിതനാകുന്നതേയുള്ളൂ. പക്ഷേ, അച്ഛന്റെ മൃതദേഹം എവിടെയാണുള്ളതെന്ന് സുന്ദരന് അറിയില്ല. എവിടെയാണെങ്കിലും പോയി ഏറ്റെടുക്കാന്‍ സുന്ദരന്‍ തയ്യാറുമല്ല. അച്ഛനോടുള്ള സ്‌നേഹമില്ലായ്മയല്ല, തങ്ങള്‍ക്കു നേരെയുണ്ടായ അവകാശ നിഷേധത്തോടുള്ള പ്രതിഷേധമാണ് ഈ തീരുനമാനത്തിനു പിന്നിലെന്ന് സുന്ദരന്‍ പറയുന്നു. ദളിത് കുടുംബാംഗമായ സുന്ദരന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ് കഴിഞ്ഞ ദിവസം കോട്ടത്തടത്തു വച്ച് പൊലീസ് മര്‍ദ്ദിച്ചത്. സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള സ്ഥലത്ത് അനുവാദമില്ലാതെ മൃതദേഹം അടക്കം ചെയ്യാന്‍ ശ്രമിച്ചുവെന്ന കാരണം പറഞ്ഞാണ് പൊലീസ് സുന്ദരനടക്കമുള്ളവരെ തടഞ്ഞതും, എതിര്‍ത്തപ്പോള്‍ മര്‍ദ്ദിച്ചതും. എന്നാല്‍ സുന്ദരന്‍ ഉറപ്പിച്ചു പറയുന്നു, തങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്നേ ഉപയോഗിച്ചിരുന്ന ശ്മശാനഭൂമിയിലാണ് താന്‍ തന്റെ അച്ഛനെ മറവുചെയ്യാനെത്തിയതെന്ന്.

മലപ്പുറം കൊണ്ടോട്ടിയ്ക്കടുത്തുള്ള കോട്ടത്തടത്താണ് കഴിഞ്ഞ ദിവസം നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. മൃതദേഹം മറവു ചെയ്യാനെത്തിയ ദളിത് കുടുംബാംഗങ്ങളെ പൊലീസ് തല്ലിച്ചതച്ചതായാണ് പരാതി. അമ്പതുവര്‍ഷക്കാലം മുന്‍പു തന്നെ ദളിത് വിഭാഗക്കാര്‍ ശ്മശാനമായി ഉപയോഗിച്ചു പോന്നിരുന്ന സ്ഥലമാണിതെന്നും, പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലടക്കം ശ്മശാനഭൂമിയെന്ന് രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും ഇവിടത്തുകാര്‍ വാദിക്കുമ്പോള്‍ത്തന്നെ, സ്വകാര്യവ്യക്തിയുടെ പേരിലുള്ള ഭൂമിയാണെന്നതിന് വ്യക്തമായ രേഖകളും പൊലീസിന്റെ കൈവശമുണ്ട്. എന്നാല്‍, മൃതദേഹം അടക്കം ചെയ്യാനെത്തിയവരെ സന്ദര്‍ഭത്തിനു യോജിക്കാത്ത വിധത്തില്‍ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റിയ പൊലീസിന്റെ നീക്കം വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തുടര്‍ച്ചയായി കേട്ടുകൊണ്ടിരിക്കുന്ന ദളിത് ശ്മശാന കൈയേറ്റങ്ങളുടെ പട്ടികയിലെ ഏറ്റവുമൊടുവിലത്തെ സംഭവമാകുകയാണ് കുഴിമണ്ണയിലേത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കണ്ണന്‍കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കളും സുഹൃത്തുക്കളും കോട്ടത്തടത്തെ പത്തു സെന്റോളം വരുന്ന പറമ്പിലെത്തുന്നത്. സ്ഥലവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതിനാല്‍, സ്ഥലമുടമ വിവരമറിയിച്ചതിനനുസരിച്ച് പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. പൊലീസിന്റെ എതിര്‍പ്പ് അവഗണിച്ച് പറമ്പിലെത്തിയ കുടുംബാംഗങ്ങള്‍ മൃതദേഹം മറവു ചെയ്യാനായി കുഴിയെടുക്കാനാരംഭിച്ചതോടെയാണ് പൊലീസ് ബലപ്രയോഗം തുടങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കുഴിയെടുക്കുന്നവരെ തടഞ്ഞ് പിടിച്ചു മാറ്റാന്‍ ശ്രമിക്കുകയും, ലാത്തിയുപയോഗിച്ച് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് സുന്ദരനടക്കമുള്ളവരുടെ പരാതി. സ്ത്രീകളടക്കമുള്ളവരെ അതിക്രൂരമായി മര്‍ദ്ദിച്ചതായും, ഇരുപതോളം പേരെ ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയതായും ഇവര്‍ പറയുന്നു. തങ്ങള്‍ പണ്ടു മുതല്‍ക്കേ ഉപയോഗിച്ചു പോന്നിരുന്ന സ്ഥലത്തിനു മേല്‍ അവകാശമുന്നയിച്ചതിനാണോ ഈ നരനായാട്ട് എന്നാണ് സുന്ദരനും പ്രദേശവാസികള്‍ക്കും ചോദിക്കാനുള്ളത്. ‘മരിച്ചയാളുടെ ശരീരവുമായി ഇവര്‍ ഇന്നലെ സ്ഥലത്തെത്തിയപ്പോളേക്കും പതിനഞ്ചോളം പൊലീസ് ജീപ്പുകളും ഒരു പൊലീസ് ബസ്സും അവിടെ ഉണ്ടായിരുന്നു. മൃതദേഹം പറമ്പിലേക്കെത്തിച്ച് കുഴി വെട്ടിത്തുടങ്ങിയതോടെയാണ് പൊലീസ് ഇറങ്ങിവന്ന് സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞ് ഇവരെ മര്‍ദ്ദിക്കാനാരംഭിച്ചത്. ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുമെല്ലാം ഇതില്‍പ്പെട്ടിട്ടുണ്ട്. വൃക്കരോഗം ബാധിച്ച് നാട്ടുകാരുടെ ദയയില്‍ കുറേക്കാലം ഡയാലിസിസ് ഒക്കെ ചെയ്തു കിടന്നിട്ട് മരിച്ചയാളാണ്. ആ കുടുംബത്തിന് കാര്യമായ ആസ്തിയും സ്ഥലവുമൊന്നുമില്ല. സ്ത്രീകളെയടക്കം പൊലീസുകാര്‍ ഇങ്ങനെ മര്‍ദ്ദിച്ചതെന്തിനാണെന്നും മനസ്സിലാകുന്നില്ല.’ പ്രദേശവാസിയായ ശ്രീധരന്‍ പറയുന്നു.

അമ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ദളിത് ശ്മശാനം, ഇപ്പോള്‍ സ്വകാര്യവ്യക്തിയുടെ ചെങ്കല്‍മട

കണ്ണന്‍കുട്ടിയുടെ കുടുംബത്തിനോ, മറ്റേതെങ്കിലും ദളിത് കുടുംബത്തിനോ നിയമപരമായി അവകാശം സ്ഥാപിക്കാനാകാത്ത സ്ഥലമാണിതെന്നാണ് ഏക്കാപറമ്പ് വാര്‍ഡ് മെംബര്‍ മുസ്തഫയുടെ പക്ഷം. രേഖാമൂലം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കൊണ്ടോട്ടിയില്‍ നിന്നുള്ള സാദിഖലി എന്നയാള്‍ക്കാണെന്നും, അതു തെളിയിക്കാന്‍ വേണ്ട എല്ലാ രേഖകളും സാദിഖലിയുടെ പക്കലുണ്ടെന്നും മെംബറടക്കം പലരും വിശദീകരിക്കുന്നുണ്ട്. ‘പണ്ട് അഞ്ചേക്കര്‍ ഭൂമിയുണ്ടായിരുന്നു, ഏകദേശം അമ്പതു കൊല്ലം മുന്‍പ്. അന്നൊക്കെ ജന്മിമാരുടെ സ്ഥലത്താണല്ലോ കുടിയാന്മാരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യുക. അങ്ങനെ ആ കാലത്ത് ഒന്നോ രണ്ടോ പേരെ ഇവിടെ അടക്കം ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. എവിടെ എന്നൊന്നും ഇവര്‍ക്കറിയില്ല. കോട്ടത്തടത്തെ ഭൂമിയില്‍ എവിടെയോ ഇവരുടെ പൂര്‍വികരെ അടക്കം ചെയ്തിട്ടുണ്ടെന്ന് ആദ്യം മുതല്‍ക്കേ സംസാരമുണ്ട്. പക്ഷേ നേരിട്ടറിയാവുന്ന ആരും ഇല്ല. ശ്മശാനമായി ഉപയോഗിച്ചതിനു തെളിവുമില്ല. അമ്പതു വര്‍ഷത്തിനിടെ ഇവരുടെ കുടുംബത്തില്‍ ആരും മരിച്ചിട്ടില്ലേ എന്നു പൊലീസ് ചോദിച്ചിരുന്നു. പക്ഷേ അവര്‍ക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല.’ ആധാരം, പട്ടയം, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, നികുതി അടച്ച് രസീത് എന്നിങ്ങനെ ഉടമസ്ഥത തെളിയിക്കാനുള്ള സര്‍വ രേഖകളും സാദിഖലിയുടെ പക്കലുണ്ടു താനും. നിലവില്‍ ഈ സ്ഥലത്ത് വീടുവയ്ക്കാനുള്ള പഞ്ചായത്തിന്റെ അനുമതിയും സാദിഖലിയ്ക്കുണ്ട്.

എന്നാല്‍, അത്രയേറെ ലളിതമല്ല ദളിത് ശ്മശാനങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളെന്ന് പരിസരവാസികളും സാമൂഹ്യപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ദളിത് വിഭാഗത്തില്‍പ്പെട്ട പല കുടുംബങ്ങളുടെ പൂര്‍വികരെയും അടക്കിയിട്ടുള്ള സ്ഥലമാണിതെന്ന് തലമുറകളായി പ്രദേശത്ത് താമസിച്ചുവരുന്ന ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല, തര്‍ക്കത്തിലുള്ള സ്ഥലം പഞ്ചായത്ത് രജിസ്റ്ററിലും വില്ലേജ് ഓഫീസിലെ രേഖകളിലും മറ്റും 2010വരെ എഴുതിച്ചേര്‍ത്തിരിക്കുന്നത് കോട്ടത്തടം ശ്മശാനം എന്നാണ് താനും. 2012ല്‍ പത്മിനി എന്നയാളുടെ പക്കല്‍ നിന്നും സാദിഖലി രജിസ്റ്റര്‍ ചെയ്തു വാങ്ങിച്ചതാണ് ഈ സ്ഥലമെന്നതിന് വില്ലേജ് ഓഫീസില്‍ രേഖകളുണ്ടെങ്കിലും, സാങ്കേതികമായി പല പ്രശ്‌നങ്ങളും ഈ സ്ഥലവുമായി ബന്ധപ്പെട്ട് നിലവിലുണ്ടെന്ന് കൊണ്ടോട്ടിയിലെ ദളിത് ഐക്യവേദി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സാമൂഹിക പ്രവര്‍ത്തകനായ മാഴ്‌സണ്‍ അതേക്കുറിച്ചു പറയുന്നതിങ്ങനെ, ‘ഇരുപത്തിയൊന്നു സെന്റാണ് ഈ ശ്മശാനം. പത്തു സെന്റ് പുറമ്പോക്കു കൂടി ഇതിനോടു ചേര്‍ന്നിട്ടുണ്ടെന്നാണ് വില്ലേജോഫീസര്‍ ഇന്നലെ പറഞ്ഞത്. അപ്പോള്‍ മുപ്പത്തിയൊന്നു സെന്റായി. സാദിഖലി എന്നയാള്‍ സ്ഥലം കൈവശപ്പെടുത്തിയിരിക്കുന്നത് 2012ലാണ്. പത്മിനി എന്ന സ്ത്രീയില്‍ നിന്നുമാണ് സാദിഖ് സ്ഥലം വാങ്ങിച്ചിരിക്കുന്നത്. പക്ഷേ, പത്മിനിയുടെ പക്കല്‍ ഈ സ്ഥലത്തിന് മുന്നാധാരമില്ലായിരുന്നു. ഉണ്ണീട്ടിയമ്മ എന്ന ഇവിടത്തെയൊരു തമ്പുരാട്ടി 1956ല്‍ ഇരുപത്തിയഞ്ചു രൂപ കടം വാങ്ങിക്കൊണ്ട് ഈ സ്ഥലം മുണ്ടന്‍ എന്നയാള്‍ക്ക് കൊടുത്തതായി രേഖകളുണ്ട്. മുണ്ടനു നല്‍കിയ പണയച്ചീട്ടിനു ശേഷം മറ്റൊരു രേഖയും ഈ സ്ഥലത്തെക്കുറിച്ച് ലഭ്യമല്ല. ഉണ്ണീട്ടിയമ്മ ഭൂമി തിരികെ കൈപ്പറ്റിയോ, അതോ മുണ്ടന്റെ പേരിലായോ എന്നൊന്നും ആര്‍ക്കുമറിയില്ല. പിന്നീട് 2010 ആകേണ്ടിവന്നു ഈ സ്ഥലത്തിന്റെ പേരില്‍ വീണ്ടും എന്തെങ്കിലും രേഖകളുണ്ടാകാന്‍. 1956 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ഈ ഭൂമിയെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ലഭ്യമല്ല. 2010ല്‍ പത്മിനി എന്നയാളുടെ പേരില്‍ ആധാരം ചെയ്തിരിക്കുന്നതായാണ് പിന്നെയുള്ള രേഖ. മുണ്ടന്റെ മകന്‍ ഉണ്ണിക്കുട്ടിയാണ് പത്മിനിക്ക് സ്ഥലം നല്‍കിയതെന്നും പറയപ്പെടുന്നു. അതിനെ സാധൂകരിക്കുന്ന രേഖകളും ലഭ്യമല്ല. കോട്ടത്തടം ഹരിജന്‍ ശ്മശാനം എന്നുതന്നെ സ്ഥലത്തെക്കുറിച്ച് കുഴിമണ്ണ വില്ലേജ് ഓഫീസിലെ രേഖകളിലുണ്ട്. ഇതിന്റെ പകര്‍പ്പ് നമ്മുടെ കൈവശമുണ്ട്.’

സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് ഇത്തരം ചോദ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെ, തര്‍ക്കഭൂമി പോലുമല്ലാത്ത, കോടതി വ്യവഹാരങ്ങള്‍ നടപ്പിലില്ലാത്ത ഇവിടെ പണ്ടുണ്ടായിരുന്നതു പോലെ മൃതദേഹം മറവു ചെയ്യാന്‍ തീരുമാനിച്ചതാണോ തങ്ങള്‍ ചെയ്ത തെറ്റെന്ന് സുന്ദരനും ചോദിക്കുന്നു. കൊണ്ടോട്ടിയിലെ പ്രമാണിമാരിലൊരാളാണ് സാദിഖലിയെന്നും, സാദിഖിന്റെ സ്വാധീനത്തിന്റെ ശക്തിയാണ് കഴിഞ്ഞ ദിവസം പൊലീസ് ലാത്തിച്ചാര്‍ജിന്റെ രൂപത്തില്‍ കണ്ടതെന്നുമാണ് ഇവരുടെ പക്ഷം. അതേസമയം രേഖകളെല്ലാം സാദിഖിന് അനുകൂലമായതിനാല്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യുന്നുണ്ട്.

പുല്ലഞ്ചേരിയിലെ അസ്ഥികൂടങ്ങളും കൈയേറിയ ദളിത് ശ്മശാനവും

ഏക്കാപറമ്പിലെ കോട്ടത്തടം ദളിത് ശ്മശാനത്തെ ഇവര്‍ മറന്ന മട്ടായിരുന്നുവെന്നത് ഒരു പരിധിവരെയെങ്കിലും സത്യമാണ്. തൊട്ടടുത്ത് മറ്റൊരു കുടുംബ ശ്മശാനമുണ്ടായിരുന്നതിനാല്‍ ഇക്കാലയളവില്‍ മരിച്ചിട്ടുള്ളവരെയെല്ലാം അവിടെയായിരുന്നു അടക്കിയിരുന്നത്. എന്നാല്‍, കോട്ടത്തടത്ത് തങ്ങളുടെ പൂര്‍വികരെ അടക്കിയിട്ടുള്ളതായി ഇവര്‍ക്കറിയാമായിരുന്നു താനും. നിലവില്‍ ഉപയോഗിച്ചു പോന്നിരുന്ന ശ്മശാനത്തിലെ പത്തു സെന്റില്‍ കൊള്ളാവുന്നതിലധികം മൃതദേഹങ്ങള്‍ അടക്കം ചെയ്തു കഴിഞ്ഞതു മാത്രമല്ല ഇവര്‍ കോട്ടത്തടത്തേക്ക് തിരികെയെത്താനുള്ള കാരണം. പുല്ലഞ്ചേരിക്കാര്‍ ഇന്നും നടുക്കത്തോടെ മാത്രമോര്‍ക്കുന്ന മറ്റൊരു സംഭവമാണ് ശ്മശാനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലേക്ക് ഇവരുടെ ശ്രദ്ധ വീണ്ടുമെത്തിക്കുന്നത്.

2013ല്‍ കിഴിശ്ശേരി പുല്ലഞ്ചേരി ഭാഗത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ധാരാളം ചാക്കുകള്‍ കണ്ടെടുത്തത് ശ്രീധരനടക്കമുള്ള പരിസരവാസികള്‍ ഇപ്പോഴുമോര്‍ക്കുന്നുണ്ട്. തലയോട്ടിയും അസ്ഥികളുമടക്കമുള്ള മൃതദേഹാവശിഷ്ടങ്ങളായിരുന്നു ഈ ചാക്കുകള്‍ നിറയെ. ഞെട്ടിത്തെറിച്ചുപോയ നാട്ടുകാര്‍ പൊലീസിനെയും അധികൃതരയെും വിവരമറിയിച്ചു. ഫോറന്‍സിക് വിഭാഗത്തില്‍ നിന്നുള്ളവരെത്തി പഠിക്കുകയും ചെയ്തിരുന്നു. അന്നത്തെ സംഭവത്തിലെ അന്വേഷണത്തില്‍ പിന്നീട് മേല്‍ഗതിയൊന്നുമുണ്ടായില്ലെങ്കിലും, ആ ചാക്കുകളില്‍ എങ്ങനെ തലയോട്ടിയും അസ്ഥികൂടങ്ങളും എത്തി എന്നതിനെക്കുറിച്ച് ഇപ്പോള്‍ പുല്ലഞ്ചേരിക്കാര്‍ക്ക് വ്യക്തമായി അറിയാം. 2012ല്‍ സാദിഖലി ശ്മശാനത്തിന്റെ ഉടമസ്ഥാവകാശം നേടിയതിനു ശേഷം തൊട്ടടുത്ത വര്‍ഷമാണ് ഈ സംഭവമുണ്ടാകുന്നത്. ചെങ്കല്ല് വെട്ടിയെടുക്കാന്‍ സാധിക്കുന്ന ഈ പ്രദേശത്ത് അത്തരമൊരു നീക്കം നടത്തുന്നതിനു മുന്നോടിയായി സ്ഥലം നിരപ്പാക്കിയപ്പോഴാണ് ശ്മശാനത്തിലെ മൃതദേഹാവശിഷ്ടങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് മാന്തിയെടുത്ത് ചാക്കിലാക്കി പുറത്തു കടത്തി ഉപേക്ഷിച്ചതെന്ന് ഇവര്‍ പറയുന്നു. ഇപ്പോള്‍ സ്ഥലം സന്ദര്‍ശിക്കുന്നവര്‍ക്ക് ഇത് മുന്‍പ് ശ്മശാനമായിരുന്നു എന്നുതന്നെ തോന്നുകയില്ല. ‘ചെങ്കല്‍ മടയാക്കി മാറ്റിയിരിക്കുകയാണ് ഈ സ്ഥലം. ഒരു ശ്മശാനത്തോടു കാണിക്കേണ്ട യാതൊരു ആദരവും കാണിക്കാതെയാണ് അസ്ഥിയും തലയോട്ടിയും മാന്തിയെടുത്ത് ഉപേക്ഷിച്ചത്. അന്ന് ഇവിടെ ചെങ്കല്‍മട വന്നതിനു ശേഷമാണ് ആളുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു തുടങ്ങിയത്. കൊണ്ടോട്ടിയിലെ ദളിത് ഐക്യ വേദി വിഷയം ചര്‍ച്ചയാക്കി, രേഖകളന്വേഷിച്ചു പോയി. അന്ന് ചില ധര്‍ണകള്‍ നടന്നതൊഴിച്ചാല്‍ കേസോ അത്തരം നീക്കങ്ങളോ ഉണ്ടായിട്ടില്ല. അതുകൊണ്ടു കൂടിയാണ് തര്‍ക്കത്തിലിരിക്കുന്ന സ്ഥലമല്ലല്ലോ എന്ന ധൈര്യത്തില്‍ ആളുകള്‍ അങ്ങോട്ടു മൃതദേഹവുമായി ചെന്നത്.’

കല്ലുവെട്ടി വിറ്റാല്‍ നല്ല വില കിട്ടുന്ന സ്ഥലമാണെന്നും, ഇടക്കാലത്ത് പഞ്ചായത്ത് അധികൃതരെയും വില്ലേജ് ഓഫീസറെയും കൂട്ടുപിടിച്ച് സ്വകാര്യ വ്യക്തി ഇത് കൈവശപ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ പരാതിപ്പെടുന്നുണ്ട്. നിരവധി പേരെ ഇവിടെ അടക്കം ചെയ്തതായി തനിക്കറിയാമെന്നും, ഇവിടെ നിന്നുള്ള അവശിഷ്ടങ്ങളാണ് രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ചാക്കിലാക്കിയ നിലയില്‍ കണ്ടെടുത്തത് എന്നതില്‍ സംശയം വേണ്ടെന്നും പ്രദേശവാസികളും ഒറ്റക്കെട്ടായി പറയുന്നുണ്ട്. രേഖകളെല്ലാം അനുകൂലമായാല്‍പ്പോലും, ഇത്തരം ചോദ്യങ്ങള്‍ക്ക് സ്ഥലമുടമ മറുപടി നല്‍കേണ്ടിവരിക തന്നെ ചെയ്യും.

Read More: സര്‍ക്കാരിന്റെ കണക്കില്‍ ഈ മനുഷ്യരില്ല; കരടിപ്പാറയിലെ അടിമജീവിതങ്ങള്‍; പരമ്പര ഭാഗം-1

ആരും ഏറ്റുവാങ്ങാതെ കണ്ണന്‍കുട്ടിയുടെ മൃതദേഹം

‘സ്വന്തം അച്ഛനല്ലേ? ഇങ്ങനെ ഇടാതെ എടുത്തുകൊണ്ടു പൊയ്ക്കൂടേ? ആത്മാവ് നിങ്ങളോടു പൊറുക്കുമോ?’ കഴിഞ്ഞ മണിക്കൂറുകളില്‍ അനവധി തവണ സുന്ദരനെ ഫോണില്‍ ബന്ധപ്പെട്ട് പൊലീസുകാര്‍ ആവര്‍ത്തിച്ചു ചോദിക്കുന്നതിതാണ്. എന്നാല്‍, അങ്ങേയറ്റം ദുഃഖമുണ്ടെങ്കില്‍ക്കൂടി, അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ സുന്ദരന്‍ തയ്യാറല്ല. അറസ്റ്റു ചെയ്ത് റിമാന്‍ഡില്‍ വിട്ട പതിനഞ്ചു പേരെ വിട്ടയയ്ക്കണമെന്നാണ് സുന്ദരന്റെ ആവശ്യം. തങ്ങള്‍ക്ക് അവകാശമുള്ള സ്ഥലത്ത് അനുവദിക്കില്ലെങ്കില്‍, പിന്നെ അച്ഛനെ എവിടെ അടക്കണമെന്നും സുന്ദരന് ചോദിക്കാനുണ്ട്. സംഘര്‍ഷത്തിനിടെ പതിനഞ്ചു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തത്. പുലര്‍ച്ചെ മൂന്നരയോടെ നിലമ്പൂര്‍ മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചായിരുന്നു റിമാന്‍ഡ് നടപടികള്‍ സ്വീകരിച്ചത്. റിമാന്‍ഡിലുള്ള പതിനഞ്ചു പേരില്‍ പലരുടെയും പൂര്‍വികരെ അടക്കിയിട്ടുള്ളത് കോട്ടത്തടത്താണ്. പൊലീസിനെ ആക്രമിച്ചു, കൃത്യനിര്‍വഹണത്തിന് തടസ്സം നിന്നു, മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നിങ്ങലെ പല കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രേഖകള്‍ സാദിഖലിയ്ക്ക് അനുകൂലമായ സാഹചര്യത്തില്‍ തടയുകയല്ലാതെ മറ്റു വഴിയില്ലെന്നാണ് പൊലീസിന്റെ ഭാഷ്യം.

ശ്മശാനത്തിലേക്കുള്ള ചെമ്മണ്‍ റോഡിന്റെ ഇരുവശത്തുമായി നിരന്നു നിന്നിരുന്ന പൊലീസുകാര്‍ക്കു മുന്‍പിലൂടെയാണ് മൃതദേഹവുമായി സംഘം കടന്നുപോന്നതെന്നും, കുഴിയെടുക്കാനാരംഭിച്ചപ്പോള്‍പ്പോലും പൊലീസ് തടഞ്ഞില്ലായിരുന്നുവെന്നും മാഴ്‌സണ്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഏകദേശം ഒരടിയോളം കുഴിയെടുത്ത ശേഷം എവിടെ നിന്നോ ഒരു ഫോണ്‍കോള്‍ വരികയും പൊടുന്നനെ പൊലീസ് പറമ്പിലിറങ്ങി മര്‍ദ്ദനമഴിച്ചു വിടുകയായിരുന്നുവെന്നും മാഴ്‌സണ്‍ പറയുന്നുണ്ട്. ‘വനിതാ പൊലീസ് പോലുമില്ലാത്തിടത്താണ് സ്ത്രീകളടക്കം മര്‍ദ്ദിക്കപ്പെട്ടതെന്ന് ഓര്‍ക്കണം. ഏകദേശം അഞ്ചരമണിവരെ മൃതദേഹം ആ പൊരിവെയിലത്തു കിടന്നു. ആര്‍.ഡി.ഓയും സ്ഥലത്തുണ്ടായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ പകരം ഭൂമി തരാമെന്നായിരുന്നു ആര്‍.ഡി.ഓ ആദ്യം പറഞ്ഞിരുന്നത്. കസ്റ്റഡിയിലെടുത്തവരെയും മൃതദേഹവും ഒന്നിച്ചു വിട്ടുതരാമെന്നും ഭൂമി പ്രശ്‌നം പിന്നെ നോക്കാമെന്നും പറഞ്ഞപ്പോള്‍ ഞങ്ങള്‍ സമ്മതിച്ചതാണ്. പിന്നീട് വാക്കു മാറ്റി, മൃതദേഹം വിട്ടു തരാമെന്നും കസ്റ്റഡിയിലെടുത്തവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കണമെന്നും ആര്‍.ഡി.ഓ പറഞ്ഞു. ഡി.വൈ.എസ്.പി സമ്മതിക്കുന്നില്ലെന്നായിരുന്നു ന്യായം. അഞ്ചരയ്ക്ക് സ്റ്റേഷനിലെത്തിച്ച്, പതിനൊന്നരയ്ക്കാണ് മലപ്പുറത്ത് മജിസ്‌ട്രേറ്റിനടുത്തെത്തിക്കുന്നത്. അവിടെ മജിസ്ര്‌ടേറ്റില്ലെന്നറിഞ്ഞ് നിലമ്പൂര്‍ക്കു പോയി പുലര്‍ച്ചെ മൂന്നരയോടെയാണ് റിമാന്‍ഡ് രേഖപ്പെടുത്തുന്നത്.’

ഇതിനിടെയാണ് ബന്ധുക്കള്‍ മൃതദേഹം ഉപേക്ഷിച്ചു പോയി എന്നടക്കമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ദളിതര്‍ പരമ്പരാഗതമായി ഉപയോഗിച്ചു പോന്ന സ്ഥലമില്ലെങ്കില്‍ പിന്നെവിടെ സംസ്‌കരിക്കുമെന്ന് ഇവര്‍ ചോദിക്കുന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല. അതേസമയം, ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീകളടക്കമുള്ളവര്‍ക്കും മോശം അനുഭവമുണ്ടായതായും പരാതിയുണ്ട്. പൊലീസിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ശനിയാഴ്ച മഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയ മൂന്നു പേരെ രാവിലത്തന്നെ വീട്ടിലേക്ക് തിരിച്ചു പറഞ്ഞയയ്ക്കുകയായിരുന്നു. പൊലീസ് മൊഴിയെടുക്കാന്‍ വരില്ലേ എന്നന്വേഷിച്ചപ്പോള്‍, വീട്ടില്‍ വരും എന്നായിരുന്നു മറുപടി. രാവിലെ പരിക്കുകളുമായി ആശുപത്രിയിലെത്തിയ രണ്ടു പേരെ ഓ.പിയില്‍ നിന്നു തന്നെ തിരിച്ചയച്ചതായും പരാതിയുണ്ട്. അതേസമയം, പത്തോളം പൊലീസുകാര്‍ മര്‍ദ്ദനമേറ്റ് ചികിത്സയിലുണ്ട് താനും. കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കുന്നതായും മാഴ്‌സണ്‍ അടക്കമുള്ളവര്‍ സൂചിപ്പിക്കുന്നുണ്ട്. പൊലീസിനെ ഇവര്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് മലപ്പുറം എസ്.പി അടക്കം ഉറപ്പിച്ചുപറയുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. എന്നാല്‍, അറസ്റ്റിലായവരെ വിട്ടയയ്ക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറല്ല. എത്ര നിര്‍ബന്ധിച്ചാലും ഇനി നീതി നേടാതെ പിറകോട്ടില്ലെന്ന് തറപ്പിച്ചു പറയുകയാണിവര്‍.

ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് ഉണ്ണികുളത്ത് സമാനമായ ഒരു സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നത്. ദളിതര്‍ വര്‍ഷങ്ങളായി ഉപയോഗിച്ചു പോന്നിരുന്ന ശ്മശാനഭൂമി പഞ്ചായത്ത് കൈയേറി ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കിയ സംഭവം പൊതുസമൂഹത്തില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. പുല്ലഞ്ചേരിയില്‍ തലയോട്ടിയും അസ്ഥികൂടവും ചാക്കില്‍ക്കെട്ടി ഉപേക്ഷിക്കപ്പെട്ടെങ്കില്‍, ഉണ്ണികുളത്ത് മാസങ്ങള്‍ക്കു മുന്‍പ് അടക്കം ചെയ്ത മൃതദേഹാവശിഷ്ടങ്ങള്‍ പോലും പുറത്തു ചാടി നായ്ക്കള്‍ കടിച്ചുവലിക്കുന്ന അവസ്ഥയായിരുന്നു. ദളിത് വിഭാഗങ്ങളുടെ ശ്മശാനഭൂമികള്‍ കൈയേറി, വര്‍ഷങ്ങള്‍ പഴക്കമുള്ള അവരുടെ പിതാമഹരുടെ ഭൗതികാവശിഷ്ടങ്ങള്‍ക്ക് കൊടുക്കേണ്ട ആദരവ് പോലും കൊടുക്കാതെ നിശ്ശബ്ദരാക്കുന്ന ഇത്തരം സംഭവങ്ങളുടെ നിരയില്‍ ഏറ്റവും അവസാനത്തേതായിരിക്കണം പുല്ലഞ്ചേരിയിലേതെന്നാണ് സുന്ദരനും സുഹൃത്തുക്കള്‍ക്കും പറയാനുള്ളത്.

©

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍