UPDATES

ട്രെന്‍ഡിങ്ങ്

‘വെറുതേ ഒരു ഉറപ്പു പോര, നടപ്പിലാക്കുക തന്നെ വേണം’; വീണ്ടും തെരുവിലിറങ്ങാനുറച്ച് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍

വര്‍ഷങ്ങളോളം തുടര്‍ച്ചയായി സമരം ചെയ്തിട്ടും, ഒരേ വിഷയങ്ങള്‍ മുന്‍നിര്‍ത്തി വീണ്ടും വീണ്ടും സമരത്തിനിറങ്ങേണ്ട ഗതികേടിലാണ് കാസര്‍കോട്ടെ ഒരു കൂട്ടം അമ്മമാര്‍

ശ്രീഷ്മ

ശ്രീഷ്മ

വാഗ്ദാനം ചെയ്യപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാനായി വീണ്ടും തെരുവിലിറങ്ങാനുറച്ച് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍. സര്‍ക്കാര്‍ ഉറപ്പു നല്‍കിയ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്കെല്ലാം ഉടന്‍ തന്നെ ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് ദുരിത ബാധിതരായ കുട്ടികളും അമ്മമാരും അനിശ്ചിതകാല സമരത്തിന് വീണ്ടുമൊരുങ്ങുന്നത്. വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാന്‍ മേഖലകളില്‍ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന പദ്ധതികള്‍ എത്രയും പെട്ടന്ന് നടപ്പില്‍ വരുത്തണമെന്ന ആവശ്യം പല തവണ ബന്ധപ്പെട്ടവരെ കണ്ട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ദീര്‍ഘകാലത്തിനു ശേഷം വീണ്ടും അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് സെക്രട്ടേറിയേറ്റിനു മുന്നില്‍ നടന്ന സൂചനാ സമരത്തില്‍ വച്ചാണ് ജനുവരി 26 മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. അന്നു തന്നെ നടന്ന ബി.ജെ.പിയുടെ സെക്രട്ടേറിയേറ്റ് സമരം സംഘര്‍ഷഭരിതമായതിനാല്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ സൂചനാ സമരം നിര്‍ത്തിവയ്‌ക്കേണ്ടി വരികയും മാധ്യമശ്രദ്ധ നേടാതെ മുങ്ങിപ്പോകുകയുമായിരുന്നു. വര്‍ഷങ്ങളായി നടത്തുന്ന സമരമുറകള്‍ ഫലം കാണാതിരിക്കുന്ന അവസരത്തില്‍ സന്ധിയില്ലാ സമരവുമായി മുന്നോട്ടു പോകാനാണ് സമരസമിതിയുടെ ഇപ്പോഴത്തെ തീരുമാനമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ നേതാവായ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ പറയുന്നു:

‘ആദ്യം അനിശ്ചിത കാലം തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. ശബരിമലയും മറ്റു വിഷയങ്ങളും ചര്‍ച്ചയിലിരിക്കുന്ന പ്രത്യേക സമയമായതിനാല്‍ തല്‍ക്കാലം മാറ്റിവയ്ക്കുകയാണ് ചെയ്തത്. സമരപ്രഖ്യാപനം എന്ന നിലയിലാണ് ഒറ്റ ദിവസത്തെ നിയമസഭയിലേക്ക് മാര്‍ച്ചും സെക്രട്ടേറിയേറ്റിനു മുന്നില്‍ അമ്മമാരുടെ സത്യാഗ്രഹവുമായി ചുരുക്കി നടത്തിയത്. ആവശ്യങ്ങളായി മുന്നോട്ടുവയ്ക്കുന്നത് മുന്‍പ് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ്. അര്‍ഹരായവരെയെല്ലാം എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധി നടപ്പാക്കുക, കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക, പുനരധിവാസ ഗ്രാമം യാഥാര്‍ത്ഥ്യമാക്കുക, ട്രിബ്യൂണല്‍ സ്ഥാപിക്കുക എന്നിവയെല്ലാം ഉയര്‍ത്തിക്കാട്ടിയാണ് സമരം. ഇവയില്‍ ട്രിബ്യൂണല്‍ മാത്രമേ തീരുമാനമെടുക്കാത്ത വിഷയമായുള്ളൂ. ബാക്കിയെല്ലാ ആവശ്യങ്ങളും നേരത്തേ തന്നെ തീരുമാനമായവയാണ്. അവയെല്ലാം ഇനി കാലതാമസം വരാതെ നടപ്പിലാക്കണമെന്നു തന്നെയാണ് പറയാനുള്ളത്. ഇക്കാര്യങ്ങള്‍ സര്‍ക്കാരും മറ്റു ബന്ധപ്പെട്ടവരും ശ്രദ്ധിക്കാനും നടപടിയെടുക്കാനുമുള്ള സാധ്യത നന്നേ കുറവാണെന്ന് പൂര്‍ണമായ ബോധ്യമുണ്ട്. ജനുവരി 26 തൊട്ട് അനിശ്ചിതകാല സമരം തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. അമ്മമാരെയും കുട്ടികളെയും ഉള്‍പ്പെടുത്തിയിട്ടുള്ള സമരപരിപാടികള്‍ ശക്തമായിത്തന്നെ അന്ന് ആരംഭിക്കും.’

2017ലെ മെഡിക്കല്‍ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ലിസ്റ്റിനെച്ചൊല്ലിയുള്ള പ്രശ്‌നം വളരെക്കാലമായി ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുകയാണിവര്‍. നാലായിരം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ നിന്നും സഹായത്തിന് അര്‍ഹരായ 1905 എന്‍ഡോസള്‍ഫാന്‍ ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന കണക്കുകള്‍ അനൗദ്യോഗികമായി പുറത്തു വന്നിട്ടും, അവസാന പട്ടികയില്‍ 287 പേരുടെ പേരു മാത്രമാണ് ഉണ്ടായിരുന്നത്. അര്‍ഹരായ ആയിരങ്ങള്‍ പുറത്തു നില്‍ക്കുമ്പോള്‍ പട്ടികയിലുണ്ടായ വെട്ടിച്ചുരുക്കല്‍ അംഗീകരിക്കാനാവില്ലെന്ന് അന്നു തന്നെ സമരസമിതി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തിലും മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചകളിലും വരെ അനുകൂലമായ തീരുമാനമുണ്ടായിരുന്നില്ല. അര്‍ഹതയുള്ള എല്ലാവരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ഇനിയും വൈകിക്കൂടാ എന്ന് സമരസമിതി പ്രവര്‍ത്തകരും രോഗബാധിതരായ കുഞ്ഞുങ്ങളുടെ അമ്മമാരും പറയുന്നു.

ഭരണപക്ഷവുമില്ല, പ്രതിപക്ഷവുമില്ല; എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതം തുടരുന്നു

2018 ജനുവരിയില്‍ അമ്മമാരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സമരപരിപാടികള്‍ നടക്കുകയും, മന്ത്രിമാരടക്കമുള്ളവര്‍ നേരിട്ടു സംസാരിച്ച് ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഇവര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഒരു വര്‍ഷമാകാറായിട്ടും വാഗ്ദാനങ്ങളില്‍ നടപടികളുണ്ടാകാത്തതിനാലാണ് തെരുവിലിറങ്ങാന്‍ അമ്മമാര്‍ വീണ്ടുമൊരുങ്ങുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ 77 പേരെക്കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിരുന്നു. എന്നാല്‍, അനവധി അര്‍ഹര്‍ ഇപ്പോഴും പുറത്താണെന്നും ഇവര്‍ പറയുന്നു. ബാധിതര്‍ക്കെല്ലാം അഞ്ചു ലക്ഷം രൂപ ഉടനടി ധനസഹായമായി നല്‍കണമെന്ന് കോടതിവിധിയുണ്ടായിരിക്കേ, പട്ടികയിലുള്ള 6300ഓളം പേരില്‍ ഏകദേശം 2650 പേര്‍ക്കുമാത്രമാണ് തുക ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ളവര്‍ക്കും ധനസഹായമെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നതും എന്‍ഡോസള്‍ഫാന്‍ സമരസമിതിയുടെ ആവശ്യങ്ങളിലൊന്നാണ്.

എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക എന്നതും പ്രധാന ആവശ്യങ്ങളിലൊന്നായി ഇവര്‍ മുന്നോട്ടുവയ്ക്കുന്നു. മൊറട്ടോറിയം പ്രഖ്യാപനങ്ങളോ കടലാസ്സിലൊതുങ്ങുന്ന വാഗ്ദാനങ്ങളോ അല്ല, മറിച്ച് കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക എന്നതാണ് തങ്ങളുടെ ആവശ്യമെന്നാണ് ഇവരുടെ പക്ഷം. രോഗബാധയെത്തുടര്‍ന്ന് കടക്കെണിയിലായ അനേകം കുടുംബങ്ങള്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളിലുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ കാര്യമായ താല്‍പര്യം പ്രകടിപ്പിക്കാത്ത പുനരധിവാസ ഗ്രാമമാണ് സമരത്തിലേക്കു നയിച്ച മറ്റൊരാവശ്യം. അധികൃതര്‍ മുന്നോട്ടുവയ്ക്കുന്ന പോലെ ദുരിത ബാധിതരെ മാത്രം ഏറ്റെടുത്തുള്ള പദ്ധതിയല്ല, മറിച്ച് ബാധിക്കപ്പെട്ട കുടുംബങ്ങളെ ഒരുമിച്ച് പുനരധിവസിപ്പിക്കുന്ന ഗ്രാമമാണ് ഇവര്‍ക്കുവേണ്ടത്. ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ സ്വയം പര്യാപ്ത ഗ്രാമം എന്ന ആശയത്തോട് സര്‍ക്കാര്‍ പക്ഷേ, ആശാവഹമായ നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ ട്രിബ്യൂണല്‍ അടിയന്തിരമായി രൂപീകരിക്കേണ്ടതുണ്ടെന്നും കുഞ്ഞികൃഷ്ണന്‍ മാഷ് വിശദീകരിക്കുന്നുണ്ട്. ഇപ്പോഴത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍, ട്രിബ്യൂണലിനായി നിയമസഭയില്‍ സ്വകാര്യ ബില്ല് കൊണ്ടുവന്നിരുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി കാലമിത്രയായിട്ടും ട്രിബ്യൂണല്‍ എന്ന ആവശ്യത്തിനു മാത്രം തീരുമാനമായിട്ടില്ല.

വര്‍ഷങ്ങളോളം തുടര്‍ച്ചയായി സമരം ചെയ്തിട്ടും, ഒരേ വിഷയങ്ങള്‍ മുന്‍നിര്‍ത്തി വീണ്ടും വീണ്ടും സമരത്തിനിറങ്ങേണ്ട ഗതികേടിലാണ് കാസര്‍കോട്ടെ ഒരു കൂട്ടം അമ്മമാര്‍. എല്ലാ കാലത്തും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ രാഷ്ട്രീയമായി മുതലെടുക്കാവുന്ന ഒരു വിഷയമായി നിലനിന്നിട്ടുണ്ടെങ്കിലും, മാറി വരുന്ന സര്‍ക്കാരുകള്‍ തങ്ങളെ ഒരുപോലെ തഴയുകയാണെന്നാണ് ഇവരുടെ പരാതി. കാലങ്ങളായി തുടര്‍ന്നു പോരുന്ന അനുനയശ്രമങ്ങള്‍ക്കും വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് തിരിച്ചു പോരുന്ന പതിവിനും വഴങ്ങാന്‍ ഇനി സാധിക്കില്ലെന്ന് ഉറപ്പിച്ചു പറയുന്നുണ്ടിവര്‍. ‘ജനുവരി 26 തൊട്ട് തീര്‍ച്ചയായും അനിശ്ചിതകാല സമരത്തിലേക്ക് തിരിയുക തന്നെ ചെയ്യും. ആ സമയത്തിനുള്ളില്‍ ആരും കാര്യമായ നടപടിയൊന്നും സ്വീകരിക്കാനുള്ള സാധ്യതയൊന്നും കാണുന്നില്ല. എങ്കിലും 26നു മുന്‍പു തന്നെ മുഖ്യമന്ത്രിയെയടക്കം കണ്ടു സംസാരിക്കണമെന്നുണ്ട്. എന്നാല്‍പ്പോലും, ചെയ്യാം, നോക്കാമെന്നുള്ള സ്ഥിരം വാക്കുറപ്പുകള്‍ക്കൊന്നും ഇനി വഴങ്ങാനുദ്ദേശിച്ചിട്ടില്ല. വെറുതേ ഒരു ഉറപ്പു പോര, നടപ്പിലാക്കുക തന്നെ വേണം. വിട്ടുവീഴ്ചയ്‌ക്കൊന്നും തയ്യാറാകാതെ തന്നെയായിരിക്കും ഇനി മുന്നോട്ടുള്ള പോക്ക്.’ കുഞ്ഞികൃഷ്ണന്‍ മാഷ് പറയുന്നു.

മന്ത്രിമാരുടെയും നേതാക്കളുടെയും ചികിത്സയുടെ കാര്യം വരുമ്പോള്‍ ഈ കാശിന്റെ പ്രശ്‌നമില്ലല്ലോ?

കഴിഞ്ഞ ജനുവരിയില്‍ നടന്ന സമരത്തിനു ശേഷം സംസാരിക്കാമെന്നറിയിച്ച മന്ത്രിമാരോ ജനപ്രതിനിധികളോ ഇവരെ കാണുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല. എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചുമതലയുള്ള മന്ത്രി ചന്ദ്രശേഖരന്‍ പോലും യോഗത്തിനെത്തുന്ന അമ്മമാര്‍ക്ക് മുഖം കൊടുക്കാറില്ലെന്നാണ് സമരക്കാരുടെ പക്ഷം. സമരപ്രഖ്യാപനത്തിനായി നടത്തിയ സത്യാഗ്രഹത്തിനു ശേഷവും അധികൃതരാരും ഇവരെ ബന്ധപ്പെട്ടിട്ടില്ല. ഇത്ര കാലവും എന്‍ഡോസള്‍ഫാന്‍ ബാധിതരായ ഒരു ജനതയെ രണ്ടാം തരമാക്കി മാറ്റി നിര്‍ത്തിയ അധികാരികള്‍ ഇനി തങ്ങള്‍ക്കുവേണ്ടി ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുമെന്ന ധാരണയും ഇവര്‍ക്കില്ല. വാഗ്ദാനങ്ങള്‍ പാലിക്കുന്നത് പോയിട്ട് ഒന്നു നേരില്‍ കണ്ട് സംസാരിക്കാനെങ്കിലും തയ്യാറാകാത്ത ജനപ്രതിനിധികള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പില്‍ അര്‍ത്ഥമില്ലെന്ന് ഈ അമ്മമാര്‍ ഒന്നടങ്കം പറയുന്നുണ്ട്.

ഡിസംബര്‍ പത്തിന് മനുഷ്യാവകാശ ദിനത്തില്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നെങ്കിലും, ശബരിമല വിഷയത്തില്‍ മാധ്യമശ്രദ്ധ ലഭിക്കില്ലെന്ന് ബോധ്യമുണ്ടായിരുന്നതായും മാഷ് പറയുന്നു. പട്ടികയില്‍ നിന്നും പുറത്തായവരടക്കമുള്ള എന്‍ഡോസള്‍ഫാന്‍ ബാധിതരെ പങ്കെടുപ്പിച്ച സത്യാഗ്രഹത്തില്‍ സാമൂഹിക പ്രവര്‍ത്തക ദയാഭായിയും പങ്കെടുത്തിരുന്നു. കൂടംകുളം സമരസമിതി നേതാവ് ഉദയകുമാറും സമരപ്രഖ്യാപന സത്യാഗ്രഹത്തിന്റെ ഭാഗമായിരുന്നു. ദയാഭായി അവതരിപ്പിച്ച ഏകാംഗനാടകവും സമരത്തിന്റെ ഭാഗമായി അരങ്ങേറിയിരുന്നു.

എന്നാല്‍, തൊട്ടടുത്ത് ബി.ജെ.പിയുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടക്കുകയും സംഘര്‍ഷത്തിലെത്തുകയും ചെയ്തതോടെ സത്യാഗ്രഹമവസാനിപ്പിച്ച് മടങ്ങാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. എ.എന്‍. രാധാകൃഷ്ണന്റെ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായെത്തിയ ബി.ജെ.പി മാര്‍ച്ചിനിടെ കല്ലേറും പൊലീസിന്റെ കണ്ണീര്‍വാതക പ്രയോഗവുമുണ്ടായിരുന്നു. കുട്ടികള്‍ക്കടക്കം ബുദ്ധിമുട്ടുണ്ടായതോടെ എന്‍ഡോസള്‍ഫാന്‍ ജനകീയ മുന്നണിയുടെ സമരം പാതിയില്‍ നിര്‍ത്തേണ്ടിവന്നു. എന്‍ഡോസള്‍ഫാന്‍ സത്യാഗ്രഹത്തിന് തൊട്ടരികിലായിരുന്നു സംഘര്‍ഷം. കണ്ണീര്‍ വാതക പ്രയോഗത്തില്‍ സമരസമിതിയംഗത്തിന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ‘ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എല്ലാ ദിവസവും നടക്കുന്നുണ്ടല്ലോ. അതിനിടെ ഇത് ആരു ശ്രദ്ധിക്കാനാണെന്ന് ആദ്യമേ ഓര്‍ത്തിരുന്നു. ബി.ജെ.പിയുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചും സംഘര്‍ഷവും നടക്കുന്നതിനിടയിലാണ് ഞങ്ങളുടെ സമരമെന്നതിനാല്‍ വലിയ ശ്രദ്ധയും അതിനു കിട്ടിയില്ല. ഞങ്ങള്‍ സത്യാഗ്രഹം നടത്തുന്നതിനിടെ തന്നെയാണ് ഗ്രനേഡ് പൊട്ടിക്കലും അടിയുമെല്ലാമുണ്ടായത്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് സമരം നിര്‍ത്തി മടങ്ങേണ്ടിയും വന്നു. കുട്ടികളൊക്കെ ഒപ്പമുള്ളതാണല്ലോ.’ മാഷ് പറയുന്നു.

സര്‍ക്കാര്‍ ഇടപെട്ട് തീര്‍പ്പുണ്ടാക്കുമെന്ന പ്രതീക്ഷ എന്നേ മങ്ങിക്കഴിഞ്ഞതിനാല്‍ ഇനി ഉപാധികളില്ലാത്ത സമരം മാത്രമേ തങ്ങളുടെ മുന്നിലുള്ളൂ എന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ട്. വാഗ്ദാനങ്ങള്‍ കൊണ്ട് തങ്ങളെ അടക്കാനാകില്ലെന്ന് തെളിയിക്കാനായി ജനുവരി 26 മുതല്‍ സന്ധിയില്ലാ സമരം ആരംഭിക്കാന്‍ തന്നെയാണ് ഇവരുടെ തീരുമാനവും. രോഗബാധിതരായ കുഞ്ഞുങ്ങളെയും അവരുടെ അമ്മമാരെയും വര്‍ഷാവര്‍ഷം തെരുവിലിറക്കുകയും സമരപ്പന്തലിലെത്തിക്കുകയും ചെയ്യുന്ന പതിവ് ഇതോടെ നിര്‍ത്തലാക്കാനാകും എന്നാണ് സമരസമിതിയുടെ പ്രതീക്ഷ.

ശീലാവതി ഇന്നില്ല, പക്ഷേ, ആ അമ്മയുടെ ചോദ്യം ഇപ്പൊഴും മുഴങ്ങുന്നുണ്ട്; “ഞാന്‍ മരിച്ചാല്‍ അവളെന്തു ചെയ്യും?”

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍