UPDATES

വീടും പറമ്പും

ലക്ഷംവീട് കോളനികള്‍ ഇനിയില്ല; ഭവനരംഗത്ത് മാതൃകയാകാനൊരുങ്ങി കിഴക്കമ്പലം

എന്റെ വീട് പദ്ധതിയിലൂടെ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നു

എന്റെ ജീവിതത്തില്‍ സ്വപ്‌നം പോലും കാണാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടു രണ്ടര വര്‍ഷം മുമ്പ് ഈ കോളനിയില്‍ നിങ്ങള്‍ വന്നു കണ്ടിരുന്നെങ്കില്‍ ഇപ്പോഴത്തെ മാറ്റം ശരിക്കും മനസിലാകുമായിരുന്നു. ഈ ലക്ഷം വീട് കോളനിയില്‍ ഒരു വീടിന്റെ പാതിയില്‍ രണ്ടു കുടുംബങ്ങള്‍ വീതമായിരുന്നു ഞങ്ങള്‍ കഴിഞ്ഞിരുന്നത്. ഭാര്യയും മക്കളുമായി ഞങ്ങള്‍ ആറുപേരുണ്ട്. അത്രയേറെ ബുദ്ധിമുട്ടിലായിരുന്നു ഞങ്ങള്‍ കഴിഞ്ഞിരുന്നത്. സ്വന്തമായൊരു വീട് ഉണ്ടാക്കണമെന്ന് വെറും കൂലിപ്പണിക്കാരനായ എനിക്ക് ആലോചിക്കാന്‍ പോലും കഴിയില്ലായിരുന്നു. ഈ ലക്ഷം വീട് കോളനിയില്‍ കിടന്നു തന്നെ മരിക്കാനാണ് വിധിയെന്നായിരുന്നു കരുതിയത്; പണി പൂര്‍ത്തിയാകാറായ സ്വന്തം വീടിന്റെ സമീപത്തു നിന്ന് പീറ്റര്‍ പറഞ്ഞു.

കിഴക്കമ്പലം പഞ്ചായത്തിലെ ഞാറല്ലൂര്‍ ലക്ഷംവീട് കോളനിക്കാരനാണ് പീറ്റര്‍. 38 വീടുകളായിരുന്നു ഈ കോളനിയില്‍ ഉണ്ടായിരുന്നത്. അസൗകര്യങ്ങള്‍ക്കിടയില്‍ കുറെ മനുഷ്യരും. ഗതാഗതസൗകര്യത്തിന് ഒട്ടും യോജിക്കാത്ത ഒരു ഇടുങ്ങിയ റോഡ്. ടാര്‍ ചെയ്യാത്തത്. ഒരത്യാവശ്യം വന്നാല്‍ വണ്ടി പോകാന്‍ പോലും ബുദ്ധിമുട്ട്. ദിവസക്കൂലിക്കാരായ മനുഷ്യരാണ് അവിടെ താമസിക്കുന്നത്. അന്നന്നത്തേക്കുള്ളതിന് തന്നെ കഷ്ടപ്പെടുന്നവര്‍. നീക്കിയിരിപ്പായി ഒന്നും സൂക്ഷിക്കാന്‍ ഗതിയില്ലാത്തവര്‍. തങ്ങളുടെ വിധിയെന്ന് കരുതി എല്ലാം സഹിച്ച് ജീവിച്ചവര്‍.

"</p

ഞാറല്ലൂര്‍ ലക്ഷംവീട് കോളനി നിവാസിയായ ടി എ പീറ്റര്‍

ഞാറല്ലൂര്‍ കോളനി മാത്രമല്ല, കിഴക്കമ്പലം പഞ്ചായത്തിലെ വിലങ്ങ്, ഞാറല്ലൂര്‍, മാക്കിനിക്കര, കണ്ണമ്പുറം എന്നീ നാല് ലക്ഷം വീട് കോളനികളുടെയും അവസ്ഥ ഏകദേശം ഒരുപോലെയായിരുന്നു.

“കുടിവെള്ളം പോലും കിട്ടത്തില്ലായിരുന്നു. എന്തോരം അലഞ്ഞിട്ടുണ്ടെന്നോ? അതുപോലെ റോഡിന്‍റെ കാര്യം. റോഡ് എന്ന് പറയാന്‍ പോലും പറ്റാത്ത കണ്ടീഷനായിരുന്നു. ലക്ഷംവീട് കോളനിക്കാരായതുകൊണ്ട് രാഷ്ട്രീക്കാരും ഭരണക്കാരുമൊക്കെ ഞങ്ങളെ വേണ്ടപോലെയൊന്നും സഹായിച്ചിട്ടില്ല. ഞങ്ങടെ ബുദ്ധിമുട്ട് പലരോടും പറഞ്ഞതാണ്. വോട്ട് ചോദിക്കാന്‍ വരുമ്പോള്‍ മാത്രം മധുരം പുരട്ടി കുറെ പറയും. പിന്നെ ഈ വഴിക്ക് വരത്തില്ല,” വിലങ്ങ് കോളനിയിലെ താമസക്കാരിയായ സെറീന പറയുകയാണ്. പുതിയ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇവരിപ്പോള്‍ വാടകയ്ക്ക് കഴിയുകയാണ്. നാലു കോളനികളിലുമായി വീട് നിര്‍മാണം നടക്കുന്നവര്‍ എല്ലാം തന്നെ താത്കാലികമായി വാടകയ്ക്ക് കഴിയുകയണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെ വൈകാതെ തന്നെ പൂര്‍ത്തിയാകും. അതോടെ വാടക വീടുകളില്‍ നിന്നും ഓരോരുത്തര്‍ക്കും അവരുടേതായ, അടച്ചറപ്പുള്ള സ്വന്തം വീടുകളിലേക്ക് വരാം. തങ്ങള്‍ സ്വപ്‌നം പോലും കണ്ടിട്ടില്ലാത്ത ഒരു വീട് ആണ് അവര്‍ക്ക് സ്വന്തമാകുന്നത്.

“വിലങ്ങ് കോളനിയില്‍ 24 വീടുകള്‍, ഞാറല്ലൂരില്‍ 37 എണ്ണം, മാക്കിനിക്കരയില്‍ നാലും കണ്ണംപുറം കോളനിയില്‍ എട്ടും വീടുകളാണ് നിര്‍മിക്കുന്നത്. 14 ലക്ഷം ചെലവിലാണ് ഓരോ വീടും നിര്‍മിക്കുന്നത്. ഈ വീടുകള്‍ പൂര്‍ത്തിയാകുന്നതോടെ കിഴക്കമ്പലത്ത് ലക്ഷം വീട് കോളനികള്‍ ഇല്ലാതാകും. വീടുകള്‍ക്ക് ഒപ്പം തന്നെ കോളനികള്‍ക്കു സമീപത്തു കൂടി പോകുന്ന റോഡുകളും നന്നാക്കി സഞ്ചാരയോഗ്യമാക്കുന്നുണ്ട്. കുടിവെള്ള പ്രശ്‌നവും വൈദ്യുതി പ്രശ്‌നവും നേരത്തെ തന്നെ പരിഹരിച്ചിരുന്നു. ഇനിയവര്‍ക്ക് ലക്ഷംവീട് കോളനികളിലെ പഴയ ബുദ്ധിമുട്ടുകള്‍ സഹിച്ച് ജീവിക്കേണ്ടി വരില്ല. ഇപ്പോള്‍ കോളനികള്‍ കണ്ടാല്‍ നഗരപ്രദേശങ്ങളിലെ ഹൗസിംഗ് കോളനികള്‍ പോലെയാണ്”; പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി-ട്വന്റിയുടെ പ്രവര്‍ത്തകര്‍ പറയുന്നു.

റോഡിപ്പോള്‍ നല്ല ഹൈവേ പോലെയായി…നല്ല വീതിയും, ഒരു കുഴിപോലുമില്ല. മുന്‍പ് ഇതായിരുന്നില്ല അവസ്ഥ. ഒരു പോക്കറ്റ് റോഡ് മാത്രം. ഇവിടെ ഇപ്പം വന്ന് ആരും കണ്ടാലും ആഹാ…നല്ല സൂപ്പര്‍ സ്ഥലം എന്നല്ലേ പറയൂ; പീറ്റര്‍ ചിരിയോടെ ചോദിക്കുന്നു.

സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുണ്ട്. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയാണത്. എന്നാല്‍ വീട് ആര്‍ക്കും കൊടുക്കരുതെന്നാണ് ആ പദ്ധതികൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നേ അതിന്റെ മാനദണ്ഡങ്ങള്‍ കണ്ടാല്‍ തോന്നുകയുള്ളൂ. സ്വന്തമായി ഭൂമിയുണ്ടാകാന്‍ പാടില്ല, ഭിത്തിയുള്ള താമസസ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍ പദ്ധതിക്ക് അര്‍ഹരല്ല, തുടങ്ങിയവയാണ്. 10-16 പേര്‍ക്കാണ് ലൈഫ് പദ്ധതി പ്രകാരം കിഴക്കമ്പലത്ത് സര്‍ക്കാര്‍ സഹായത്തിന് അര്‍ഹതയുള്ളൂ. പക്ഷേ അതല്ല യഥാര്‍ത്ഥ കണക്ക്. ഈ പഞ്ചായത്തില്‍ തന്നെ അടച്ചുറപ്പുള്ള വീടില്ലാത്ത ആയിരത്തിനുമേല്‍ കുടംബങ്ങളുണ്ട്. ഏറ്റവും അത്യാവശ്യമായി വീട് ഉണ്ടാകേണ്ട 400നു മുകളില്‍ ആളുകളുണ്ട്. ചിലപ്പോള്‍ അവര്‍ ഇപ്പോള്‍ താമസിക്കുന്നിടത്ത് ഒരു ചുമരുണ്ടായിരിക്കാം, അല്ലെങ്കില്‍ ഏറെ പഴകിയതും എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴുന്ന നിലയില്‍ വീട് ഉള്ളതായിരിക്കാം. ഇവര്‍ക്കൊക്കെ പുതിയ വീട് വേണം, നിര്‍മിച്ചു നല്‍കാന്‍ പഞ്ചായത്ത് ഒരുക്കമാണ്. പക്ഷേ, സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഞങ്ങള്‍ അതിനെതിരേ ഹൈക്കോടതിയില്‍ പോവുകയാണ്. അതുപോലെയാണ് പഞ്ചായത്തിലെ ലക്ഷം വീട് കോളിനകളുടെയും അവസ്ഥ. മുമ്പ് ഭരിച്ചിരുന്നവര്‍ അവരെ തിരിഞ്ഞു നോക്കിയിരുന്നില്ല എന്നതിന്റെ തെളിവായിരുന്നു ആ കോളനികളുടെ അവസ്ഥ. സര്‍ക്കാര്‍ പറയുന്നതുപോലെ ചെയ്യാനിരുന്നാല്‍ ആ പാവങ്ങളുടെ അവസ്ഥ എന്നും പരിതാപകരമായി തന്നെ തുടരും. അതുകൊണ്ടാണ് കിറ്റെക്‌സ് തന്നെ നേരിട്ട് ഇടപെട്ടത്. എന്റെ വീട് പദ്ധതയില്‍പ്പെടുത്തി കോളനികളില്‍ പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ തീരുമാനം എടുത്തത്. ജീര്‍ണിച്ച വീടുകളിലായി നൂറുകണക്കിന് മനുഷ്യരാണ് പതിറ്റാണ്ടുകളോളമായി ഈ കോളനികളില്‍ ജീവിച്ചിരുന്നത്. പഞ്ചായത്ത് വക ഒരു വീടിന് രണ്ടു ലക്ഷം രൂപയാണ് പരമാവധി അനുവദിക്കാന്‍ പറ്റുക. ആ തുക കൊണ്ട് അടിത്തറ പോലും കെട്ടാന്‍ പറ്റില്ല. ഇപ്പോള്‍ ഞങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഒരു വീടിന്റെ നിര്‍മണ ചെലവ് 14 ലക്ഷമാണ്. എല്ലാ ചെലവും നമ്മള്‍ തന്നെയാണ് എടുക്കുന്നത്. 73 ഓളം വീടുകള്‍ നാലു കോളനികളിലായി നിര്‍മിക്കുകയാണ്. അവ പൂര്‍ത്തിയാകുന്നതോടെ ലക്ഷംവീട് കോളനികള്‍ ഇല്ലാത്ത പഞ്ചായത്ത് ആയി കിഴക്കമ്പലം മാറും. പഞ്ചായത്തിലെ എല്ലാ ജനങ്ങളും ഒരേ ജീവിത നിലവാരത്തോടെ കഴിയണം എന്നതാണ് ട്വന്റി-ട്വന്റിയുടെ ലക്ഷ്യം. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് എല്ലാവര്‍ക്കും വീടുകള്‍ എന്ന ലക്ഷ്യം ഞങ്ങള്‍ നിറവേറ്റുന്നത്; കിറ്റെക്‌സ് എംഡിയും ട്വന്റി-ട്വന്റി സാരഥിയുമായ സാബു എം ജേക്കബ് അഴിമുഖത്തോട് പറയുന്നു.

"</p

കണ്ണമ്പറം കോളനിയിലെ പഴയ വീടും പുതുതായി നിര്‍മിക്കുന്ന വീടും

ആഹാരവും പാര്‍പ്പിടവും ഒരു മനുഷ്യന്റെ പ്രാഥമികാവശ്യമാണ്. കിഴക്കമ്പലം പഞ്ചായത്തില്‍ ഒത്തിരിപ്പേര്‍ ശോചനീയമായ അവസ്ഥയിലാണ് ജീവിച്ചു പോന്നിരുന്നത്. ടാര്‍പോളീന്‍ വലിച്ചു കെട്ടിയതും, ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന ചുമരുകള്‍ ഉള്ളതും വാതിലകളോ ജനലുകളോ ഇല്ലാതെ ഒരു വീടിന്റെ സുരക്ഷിതത്വം ഒട്ടും തന്നെയില്ലാത്ത തരം താമസ്ഥലങ്ങളില്‍ ജീവിച്ചു പോന്നിരുന്ന നിരവധി പേര്‍. ഈയൊരു സാഹചര്യത്തിലേക്കാണ് ട്വന്റി-ട്വന്റി കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണത്തിലേക്ക് വരുന്നത്. എല്ലാവര്‍ക്കും സുരക്ഷിതമായ താമസസ്ഥലം എന്ന കാഴ്ച്ചപ്പാടിലാണ് എന്റെ വീട് എന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഈ പദ്ധതിയുടെ കീഴില്‍ 1500 വീടുകള്‍ നിര്‍മിച്ചു. ഇതില്‍ 800 വീടുകള്‍ പുതുതായി നിര്‍മിച്ചവയും ബാക്കിയുള്ളവ പുനരുദ്ധാരണം ചെയ്തവുമായിരുന്നു. രണ്ട് ബെഡ് റൂമുകള്‍, ഹാള്‍, അടുക്കുള എന്നിവ ഉള്‍പ്പെടെ 750 സ്‌ക്വയര്‍ ഫീറ്റില്‍ ആയാണ് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. ഓരോ വീടുകളിലും യൂറോപ്യന്‍ ക്ലോസറ്റ്, സിങ്ക്, ലൈറ്റുകള്‍, വാട്ടര്‍ സംവിധാനങ്ങള്‍ അടക്കം അത്യാവശ്യമായ ഫര്‍ണിച്ചറുകളും അടുക്കള ഉപകരണങ്ങളും അടക്കം ഉറപ്പാക്കി. കൂടാതെ ട്വന്റി-ട്വന്റിയുടെ ആഭിമുഖ്യത്തില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ ഗൃഹോപകരണ സ്‌കീം ഉണ്ടാക്കിയിട്ടുണ്ട്. ഇതു പയോഗിച്ച് പഞ്ചായത്തിലുള്ളവര്‍ക്ക് ഫാന്‍, ഫാന്‍സി ലൈറ്റുകള്‍, ഫര്‍ണിച്ചറുകള്‍, ഡൈനിംഗ് ടേബിള്‍, മിക്‌സി, ഗ്രൈന്റര്‍, ബെഡ്, ടെലിവിഷന്‍, സോഫ സെറ്റ് എന്നിങ്ങനെയുള്ള സാധനങ്ങള്‍ അമ്പത് ശതമാനം ഡിസ്‌കൊണ്ടില്‍ വാങ്ങാന്‍ കഴിയും.

"</p

മാക്കിനിക്കര കോളനിയിലെ പഴയ വീടും പുതുതായി നിര്‍മിക്കുന്ന വീടും

മുതലാളിക്ക് കാശ് ഉള്ളതുകൊണ്ട് എല്ലാവര്‍ക്കും വീട് വച്ചു കൊടുക്കുന്നു, ഇത് കോര്‍പ്പറേറ്റ് തന്ത്രമാണ് എന്നാണ് വീട് നിര്‍മാണത്തെ കുറിച്ച് പഞ്ചായത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത്. ഒരു പഞ്ചായത്തിന് എല്ലാ കാര്യങ്ങളിലും ചട്ടങ്ങളും നിയമങ്ങളും നോക്കി മാത്രമാണ് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുക. പത്തും പതിനാലും ലക്ഷം മുടക്കി എല്ലാവര്‍ക്കും വീട് നിര്‍മിച്ചു നില്‍കാന്‍ ഇവിടെയെന്നല്ല ഒരു പഞ്ചായത്തിനും സാധിക്കില്ല. പക്ഷേ ഒരു കോര്‍പ്പറേറ്റിന് കഴിയും. അവര്‍ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അതിലൊരു ബുദ്ധി കാണും. ഈ വീട് കിട്ടിയവരൊക്കെ ജീവിതകാലം അവരുടെ അടിമയായി കഴിയേണ്ടി വരും. അതാണ് ഉണ്ടാകാന്‍ പോകുന്നത്; വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നത് ഒരേ കാര്യം തന്നെ.

അവരവരുടെ ജീവിതകാലത്ത് സ്വന്തമായി ഒരു വീട് വച്ച് താമസിക്കാന്‍ ഗതിയില്ലാത്ത ഒരുപാടുപേര്‍ ഇവിടെയുണ്ട്. ഒരു ദിവസത്തെ ജീവിതം തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നവര്‍. അവരെ സംബന്ധിച്ചും ഏറ്റവും വലിയ സ്വപ്‌നം അടച്ചുറപ്പുള്ളൊരു വീടാണ്. ആ സ്വപ്‌നമാണ് ഞങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. എല്ലാവര്‍ക്കും വീടും വെള്ളവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുക എന്നത് എല്ലാ ഭരണകൂടത്തിന്റെയും ഉത്തരവാദിത്വമാണ്. എവിടെയാണ് ആ ഉത്തരവാദിത്വം പൂര്‍ത്തീകരിച്ചിട്ടുള്ളത്. വഴിയരികില്‍ കിടന്നു മരിക്കേണ്ടവര്‍, എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴുമെന്ന് ഭയത്തില്‍ വീടുകളില്‍ കഴിയേണ്ടവര്‍, അങ്ങനെ എത്ര മനുഷ്യരാണ്. ഇത്രനാളും പലപാര്‍ട്ടികളും മാറി മാറി ഭരിച്ചിട്ടും ഇതൊന്നും ശരിയാകാത്തതെന്താണ്? ഇപ്പോള്‍ ഞങ്ങള്‍ പാവങ്ങള്‍ക്ക് വീട് ഉണ്ടാക്കി കൊടുക്കുന്നത് വലിയ തെറ്റാണോ? മാധ്യമങ്ങള്‍ക്കു മുന്നില്‍ വിമര്‍ശനം ഉയര്‍ത്തുന്നവര്‍ പോലും രഹസ്യമായി ഞങ്ങളുടെ പ്രവര്‍ത്തികളെ അംഗീകരിക്കുകയാണ്; കിറ്റെക്‌സ് പ്രതിനിധികള്‍ മറുപടിയായി പറയുന്നു.

"</p

ഞാറല്ലൂര്‍ കോളനിയിലെ പഴയ വീടും പുതുതായി നിര്‍മിക്കുന്ന വീടും

സൗജന്യമായി വീട് നിര്‍മിച്ചു നല്‍കുന്നതില്‍ ആക്ഷേപം പറയുന്നവരുണ്ട്. എന്നാല്‍ കോളനിയില്‍ ഉള്ള എല്ലാവരോടും ഞങ്ങള്‍ ആദ്യമേ പറഞ്ഞിരുന്നു, രണ്ട് ലക്ഷം രൂപയെങ്കിലും നിങ്ങളും മുടക്കണമെന്ന്. പക്ഷേ, ആരും തന്നില്ല. പലര്‍ക്കും അത്രയും തുക നല്‍കാന്‍ ഇല്ല, ബാക്കിയുള്ളവര്‍ മനഃപൂര്‍വം തരാതിരിക്കുന്നു. പണം തന്നാലെ വീട് ഉണ്ടാക്കി തരൂ എന്ന് നിര്‍ബന്ധമൊന്നും ഞങ്ങള്‍ ആരുടെ അടുത്തും കാണിച്ചില്ല. പകരം, രണ്ട് ലക്ഷം രൂപ തരുകയാണെങ്കില്‍ അവരുടെ നിര്‍മാണം പൂര്‍ത്തിയാകുന്ന വീടില്‍ അത്യാവശ്യം അഡംബര സൗകര്യങ്ങള്‍ ഒരുക്കി നല്‍കും. ടിവി, ഫ്രിഡ്ജ്, ഗൃഹോപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍ ഇവയൊക്കെ നല്‍കും. തറ ടൈല്‍സ് പാകും. രണ്ട് ലക്ഷം രൂപ കൊണ്ട് ഇതൊന്നും ഒറ്റയ്‌ക്കൊരാള്‍ക്ക് ചെയ്യാന്‍ പറ്റില്ല. നമ്മള്‍ പകുതി വിലയ്ക്ക് ഓരോ സാധാനങ്ങളും നല്‍കുകയാണ്. ഇങ്ങനെയൊരു അവസരം ജനങ്ങള്‍ക്കു മുന്നില്‍ വച്ചിട്ടും ആരും പ്രതികരിച്ച് കണ്ടില്ല. സൗജന്യമായി നല്‍കി ആരെയും അടിമകളാക്കാനൊന്നും ഞങ്ങള്‍ ശ്രമിക്കുന്നില്ല. രാഷ്ട്രീയക്കാര്‍ ഭരിച്ചപ്പോള്‍ എല്ലാവര്‍ക്കും വീടും വെള്ളവും റോഡുമൊക്കെ കൊടുത്തിരുന്നെങ്കില്‍ ഞങ്ങള്‍ ഇതിനൊന്നും വരില്ലായിരുന്നല്ലോ?” കിറ്റെക്‌സ്-ട്വന്റി-ട്വന്റി പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

"</p

വിലങ്ങ് കോളനിയിലെ പഴയ വീടും പുതുതായി നിര്‍മിക്കുന്ന വീടും

കൊടുക്കാന്‍ പണം ഇല്ലാത്തതുകൊണ്ടാണ് ഒന്നും കൊടുക്കാന്‍ കഴിയാതെ വന്നതെന്നും ഇപ്പോള്‍ കിട്ടുന്നത് തന്നെ വലിയൊരു കാര്യമാണെന്നുമാണ് പീറ്ററിനെ പോലെ ഞാലൂര്‍ കോളനിയിലെ മറ്റു ചിലരും പറയുന്നു. തങ്ങളെ സംബന്ധിച്ച് ഇപ്പോഴത്തെ പഞ്ചായത്ത് ഭരണം അനുഗ്രമാണെന്നും ഞങ്ങളുടെ കുടുംബങ്ങളെല്ലാം കഷ്ടപ്പാടും പട്ടിണിയുമില്ലാതെ കഴിയുന്നുണ്ടെന്നുമാണ് ഈ നാട്ടുകാര്‍ പറയുന്നത്. മൂവായിരം രൂപയുണ്ടെങ്കില്‍ ഒരു കുടുംബത്തിന് ഒരു മാസം സുന്ദരമായി കഴിഞ്ഞുപോകാം. ഇപ്പോഴിതാ നല്ലൊന്നാന്തരം ഒരു വീടും. അടുത്തുകൂടി നല്ല റോഡും. ഈ പഞ്ചായത്തിലെ എല്ലാ റോഡും ഇങ്ങനെയാണ്. പിന്നെ എന്താവശ്യം വന്നാലും ഓടി ചെല്ലാനും ആവശ്യം പറഞ്ഞാല്‍ സഹായിക്കാനും ആളുണ്ട്. ഇതൊന്നും നേരത്തെ ഞങ്ങള്‍ക്ക് രാഷ്ട്രീയക്കാരാരും തന്നില്ലല്ലോ… ഞങ്ങളെ കണ്ടാല്‍ പോലും മുഖം തിരിഞ്ഞു നടന്നു കളയുകയാണ് പഴയ മെംബര്‍മാരൊക്കെ. ഞങ്ങളെന്താണ് ചെയ്തത്. സഹായിക്കുന്നവന്റെ കൂടയല്ലേ നിക്കേണ്ടത്. അടുത്ത ഭരണത്തിലും ട്വന്റി-ട്വന്റി തന്നെ വരും. ഞങ്ങളൊക്കെ അവര്‍ക്കേ വോട്ട് ചെയ്യത്തുള്ളൂ; പീറ്ററിന്റെ ഈ വാക്കുകളോട് തലയാട്ടി പിന്തുണയറിക്കുകയാണ് മറ്റുള്ളവരും.

രാഷ്ട്രീയക്കാര്‍ മലിനമാക്കിയ കിഴക്കമ്പലം ഞങ്ങള്‍ ശുദ്ധമാക്കുകയാണ്; ട്വന്റി-ട്വന്റിയുടേത് സിംഗപ്പൂര്‍ മാതൃക: സാബു എം ജേക്കബ്- അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍