UPDATES

ഇ-പോസ് മെഷിനുകള്‍ കൊള്ളാം; പക്ഷേ, പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണിടുന്നതാകരുത്; ‘സിഗ്നല്‍’ കിട്ടാതെ റേഷന്‍ മേഖല

റേഷന്‍ സംവിധാനത്തിലെ തട്ടിപ്പ് തടയുന്നതിനും അര്‍ഹരായവര്‍ക്ക് മാത്രം റേഷന്‍ സാധനങ്ങള്‍ നല്‍കുന്നതിനുമാണ് സര്‍ക്കാരിന്റെ സംരംഭമായ ഇ-പോസ് അഥവാ ഇലക്ട്രോണിക് പോയിന്‍റ് ഓഫ് സെയില്‍ പദ്ധതി നടപ്പാക്കുന്നത്

റേഷന്‍ കടകളില്‍ തട്ടിപ്പും പൂഴ്ത്തിവെയ്പും തടയുന്നതിന് സ്ഥാപിച്ച ഇ പോസ് മെഷീനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് പരക്കെ പരാതി. ബിഎസ്എന്‍എല്‍ സിമ്മുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഷീനുകളില്‍ സിഗ്നല്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് റേഷന്‍ വിതരണം തടസപ്പെടുന്നു. പോരാത്തതിന് സംസ്ഥാനത്തെ 14,000-ത്തിലധികം വരുന്ന റേഷന്‍ കടകള്‍ ഈ പോസ് മെഷീന്‍ വഴി പ്രവര്‍ത്തിക്കുമ്പോള്‍ സെര്‍വർ പണിമുടക്കുന്നതായും റേഷന്‍ വ്യാപാരികള്‍ പറയുന്നു. വൈദ്യുതി ഇല്ലാത്ത സമയങ്ങളില്‍ ബാറ്ററി ബാക്കപ്പ് ലഭിക്കാത്തതും ഗ്രമീണ മേഖലകളില്‍ റേഷന്‍ വിതരണം താറുമാറാക്കുന്നു. കിടപ്പു രോഗികളും ആദിവാസി മേഖലയിലെ കാര്‍ഡുടമകളും ദീര്‍ഘനേരം കാത്തിരുന്നതിന് ശേഷമാണ് മടങ്ങുന്നത്. സംസ്ഥാനത്ത് ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായി പുതിയ രീതി കൊണ്ടു വന്നപ്പോള്‍ അതിന്റെ തുടക്ക സമയത്ത് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു വരുകയാണെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം.

റേഷന്‍ സംവിധാനത്തിലെ തട്ടിപ്പ് തടയുന്നതിനും അര്‍ഹരായവര്‍ക്ക് മാത്രം റേഷന്‍ സാധനങ്ങള്‍ നല്‍കുന്നതിനുമാണ് സര്‍ക്കാരിന്റെ സംരംഭമായ ഇ-പോസ് അഥവാ ഇലക്ട്രോണിക് പോയിന്‍റ് ഓഫ് സെയില്‍ പദ്ധതി നടപ്പാക്കുന്നത്. ഒരു കുടുംബത്തിലെ ഒരംഗം നേരിട്ടെത്തി റേഷന്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ വിരലടയാളം മെഷീനില്‍ രേഖപ്പെടുത്തു. ഇത് അനര്‍ഹര്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതത് ഒഴിവാക്കുന്നതിനും കടകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന തട്ടിപ്പുകള്‍ക്കും അവസാനമാകുമെന്നും സര്‍ക്കാര്‍ പറയുന്നു. അതേസമയം ഈ പോസ് മെഷിനിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. കടുങ്ങല്ലൂര്‍ മൂപ്പത്തടത്ത് റേഷന്‍കട നടത്തുന്ന താരനാഥ് സര്‍ക്കാരിന്റെ ഇ പോസ് മെഷീന്‍ സംവിധനത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. ഉപയോക്താവിന് മാസാമാസം ലഭിക്കേണ്ട സാധനങ്ങള്‍ കൃത്യമായി കിട്ടുന്നതിനും. പൂഴ്ത്തിവെയ്പ് തടയുന്നതിനും ഇ പോസ് മെഷീന്‍ സഹായകമാണ്. എന്നാല്‍ നെറ്റ് വര്‍ക്ക് ലഭിക്കാത്തതു മൂലം സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന പലരും മടങ്ങി പോകുന്നുണ്ട്. സാധാരണയായി വൈകുന്നേര സമയങ്ങളിലാണ് തിരക്ക് കൂടുതല്‍ ഉണ്ടാകുന്നത്. എന്നാല്‍ ദിവസേന തിരക്ക് കൂടുതലുള്ള ഈ സമയങ്ങളില്‍ നെറ്റ് വര്‍ക്ക് പോകുകയും, സെര്‍വര്‍ ഡൗണ്‍ ആകുകയും ചെയ്യുന്നുണ്ട്. ഒരു പരിധിയില്‍ കൂടുതല്‍ കറന്‍റില്ലാതെ ഇപോസ് മെഷീന്‍ ഉപയോഗിക്കാനും സാധിക്കുന്നില്ലെന്നാണ് താരനാഥ് പറയുന്നത്.

നെറ്റ്‌വർക്കുണ്ടെകിലും മെഷിനിൽ സിഗ്നല്‍ കാണിക്കുന്നില്ല

ബിഎസ്എന്‍എല്‍ സിം ഉപയോഗപ്പെടുത്തിയാണ് ഇ പോസ് മെഷീന്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും പല ഇടങ്ങളിലും റേയ്ഞ്ച് ഇല്ല. അതിനാൽ കുറച്ച് ഇടങ്ങളില്‍ സ്വകാര്യ കമ്പനികളുടെ സിം ഉപയോഗിക്കുന്നുണ്ടെങ്കിലും മൊബൈല്‍ റേയ്ഞ്ച് കാണിക്കുന്നിടത്ത് മെഷീനില്‍ സിഗ്നല്‍ കാണിക്കുന്നില്ലെന്നും പരാതിയുണ്ട്. അതുകൊണ്ട് പല ഇടങ്ങളിലും ആന്റിനകള്‍ നല്‍കുന്നുണ്ട്. സപ്ലൈകോ ടെക്‌നീഷന്‍മാര്‍ പരിശോധിച്ചിട്ടും സാങ്കേതിക തകരാറുകള്‍ പരിഹാരിക്കാന്‍ സാധിക്കുന്നില്ല. കുട്ടമ്പുഴ ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകളില്‍ മെഷിന്‍ പണിമുടക്കിയതിനാല്‍ പലരും അരിയും മറ്റും വാങ്ങാതെയാണ് മടങ്ങുന്നത്. പുറത്ത് കടകളില്‍ നിന്നും അത്യാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങിയാണ് ഇവര്‍ കഴിയുന്നത്. ഏപ്രില്‍ മാസം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മെഷീനുകളുടെ തകരാറുകള്‍ പരിഹരിച്ചില്ലെങ്കില്‍ ഇവര്‍ മുഴുപട്ടിണിയിലാകും.

സംസ്ഥാനത്തെ 14,000-ത്തിലധികം റേഷന്‍ കടകളെ ബന്ധിപ്പിക്കണമെങ്കില്‍ സെര്‍വറിന്റെ ക്ഷമത കൂട്ടണം

കേരളത്തില്‍ 14,000 ത്തിലധികം റേഷന്‍ കടകളില്‍ ഇ പോസ് മെഷീന്‍ സംവിധാനത്തിലത്തിലൂടെ റേഷന്‍ വിതരണം നടത്തുമ്പോള്‍ ഇ പോസ് മെഷീനുകളുടെയും, മെഷീനുകളുടെ പ്രവര്‍ത്തനങ്ങളെ ഏകീകരിക്കുന്ന സെര്‍വര്‍ സംവിധനവും കാര്യക്ഷമമല്ലെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു. തിരക്കുള്ള വൈകുന്നേര സമയങ്ങളില്‍ ഇ പോസ് മെഷീനുകള്‍ പണിമുടക്കുന്നു. മെഷീനുകളെ ബന്ധിപ്പിക്കുന്ന സെര്‍വറുകള്‍ ഹാംഗാകുന്നാണ് ഇതിന് കാരണം. സംസ്ഥാനത്തെ റേഷന്‍കടകളിലെ മെഷീനുകളെ ബന്ധിപ്പിക്കാന്‍ കൂടുതല്‍ കപ്പാസിറ്റിയുള്ള സര്‍വറുകള്‍ കൊണ്ടുവരണമെന്നാണ് വ്യാപാരികള്‍ പറയന്നത്. നെറ്റ്‌വര്‍ക്ക് തകരാറോ അല്ലെങ്കില്‍ സെര്‍വര്‍ ഹാംഗാകുന്നതും അതുമല്ലെങ്കില്‍ കറന്റ് ഇല്ലാത്തതും മെഷീനുകളുടെ പ്രവര്‍ത്തനത്തിന് തടസമാകുന്നു. മണിക്കൂറുകള്‍ കറന്‍റില്ലാതെ പ്രവര്‍ത്തിക്കുന്നതിനുള്ള ബാറ്ററി ബാക്കപ്പ് മെഷീനില്ല. ബസ് കണ്ടക്ടര്‍മാര്‍ ഉപയോഗിക്കുന്ന വലുപ്പത്തിലുള്ള മെഷീനിന്റെ സ്‌ക്രീന്‍ ചെറുതായതിനാല്‍ വിവരങ്ങള്‍ വായിച്ചെടുക്കുക ഉപയോക്താവിനും റേഷന്‍ ഉടമയ്ക്കും ഒരേ പോലെ പ്രയാസകരമാണ്. പലപ്പോഴും ബില്ലടിച്ചതിന് ശേഷമാണ് വിവരങ്ങള്‍ ഉപയോക്താക്കള്‍ മനസിലാക്കിയെടുക്കുന്നത്. മാത്രമല്ല മെഷീനുകളെ നിയന്ത്രിക്കാന്‍ ഉയര്‍ന്ന കപ്പാസിറ്റിയുള്ള സെര്‍വറുകള്‍ ഉപയോഗിക്കണമെന്നും അസോസിയേഷന്‍ പറയുന്നു.

ഇ പോസ് മെഷീന്‍ ത്രാസുമായി ബന്ധിപ്പിക്കണം

രാജ്യത്തെ കേരളം ഒഴികെയുള്ള ഇ പോസ് മെഷീനുകള്‍ ത്രാസുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ത്രാസുമായി ബന്ധിപ്പിക്കാതെയാണ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് തട്ടിപ്പുകള്‍ നടത്തുന്നതിന് അവസരമൊരുക്കും. 25 കിലോ അരി ബില്ലടിച്ച ഉപയോക്താവിന് അത് ലഭിച്ചുവെന്ന് കൃത്യമായി വിവരങ്ങള്‍ കിട്ടണമെങ്കില്‍ മെഷീനുകള്‍ ത്രാസുമായി ബന്ധിപ്പിക്കണം. അല്ലാത്ത പക്ഷം ബില്ലില്‍ ഒന്നടിക്കുകയും ഉപയോക്താവിന് ബില്ലിലെ അളവ് അനുസരിച്ച് നല്‍കാതിരിക്കാനും സാധ്യതയുണ്ട്. കൂടാതെ കൈയ്യില്‍ കൊണ്ടു പോയി നടക്കാവുന്നവയായതുകൊണ്ട് തന്നെ പല കൃത്രിമങ്ങളും നടക്കാനിടയുണ്ട്. ഒരു പക്ഷെ റേഷന്‍ ആവശ്യമില്ലാത്തവരുടെ നമ്പര്‍ അടിച്ചും വിരലടയാളം പതിപ്പിച്ചും റേഷന്‍ കടയുടമകള്‍ കൃത്രിമം കാണിക്കാനിടെയുണ്ടെന്നും മാത്രമല്ല കാര്‍ഡുടമയുടെ നമ്പര്‍ ആധാരമാക്കി സാധനങ്ങള്‍ നല്‍കുന്നതും കൃത്രിമം നടക്കുന്നതിന് കാരണമായേക്കുമെന്ന് ഈ രംഗത്ത സാങ്കേതിക വിദഗ്ധര്‍ പറയുന്നു.

ഇ പോസ് മെഷീന്റെ പ്രവർത്തനം കാര്യക്ഷമമാക്കിയില്ലെങ്കിൽ സമരത്തിനിറങ്ങും

ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കുന്നതിന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇ പോസ് മെഷീനുകൾ വഴിയുള്ള റേഷനിങ് വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കേരള സംസ്ഥാന റേഷൻ ഡീലേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി പറഞ്ഞു. മെഷീനുകളുടേയും സെർവറുകളുടെയും തകരാർ റേഷൻ വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നു. ഉപയോക്താക്കളുടെ ഭാഗത്തു നിന്നു വളരെ മോശം പെരുമാറ്റമാണ് വ്യാപാരികൾക്ക് അനുഭവിക്കേണ്ടി വരുന്നത്. അടിയന്തിരമായി ഇ പോസ് മെഷീനുകളുടെ തകരാറുകൾ പരിഹരിക്കണം, റേഷൻ കടകളിൽ കൃത്യമായി സാധനങ്ങൾ എത്തിച്ചു തൂക്കി വ്യാപാരികൾക്കു നൽകണമെന്നും അല്ലാത്ത പക്ഷം സംസ്ഥാനത്തെ പതിനായിരത്തോളം റേഷൻ കടകൾ അടച്ചു സമരം ചെയ്യുമെന്ന് കേരള സംസ്ഥാന റേഷൻ ഡീലേസ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍