2014 ഒക്ടോബര്‍ മുതല്‍ക്ക് വീടുവയ്ക്കാനുള്ള അനുമതിയ്ക്കായി ഓഫീസുകള്‍ തോറും കയറിയിറങ്ങുകയാണ് താനെന്ന് വിശ്വനാഥന്
കോഴിക്കോട് നടുവണ്ണൂരിനടുത്ത് ഏക്കാട്ടൂരില്‍, പാരമ്പര്യമായി കിട്ടിയ നഞ്ച ഭൂമിയോടു ചേര്‍ന്നുള്ള ഷെഡില്‍ വിമുക്തഭടനായ വിശ്വനാഥന്‍ പി.എം സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു പ്ലാസ്റ്റിക് കൂടുണ്ട്. മുപ്പത്തിമൂന്നു വര്‍ഷക്കാലത്തെ സൈനിക സേവനത്തിനിടയില്‍ ലഭിച്ചിട്ടുള്ള മെഡലുകളും പ്രശസ്തി പത്രങ്ങളുമാണ് നശിച്ചുപോകാതിരിക്കാന്‍ ഒരുമിച്ചു പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞു കെട്ടിവച്ചിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തതിനു ലഭിച്ച അംഗീകാരവും, രാഷ്ട്രപതിയുടെ പ്രത്യേക പ്രശസ്തി പത്രവുമടക്കം വിശ്വനാഥന്‍ വിലപിടിപ്പുള്ളതായി കരുതുന്ന പലതും ആ കെട്ടിനകത്തുണ്ട്. ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം ഹോണററി ക്യാപ്റ്റന്‍ പദവിയിലിരിക്കേ വിരമിച്ച വിശ്വനാഥന്‍ നാട്ടില്‍ തിരിച്ചെത്തിയിട്ട് മൂന്നു വര്‍ഷത്തിലേറെയാകുന്നു. എന്നാല്‍, അഞ്ചു വര്‍ഷക്കാലമായി പരിശ്രമിച്ചിട്ടും നടക്കാതെ പോയൊരു മോഹമുണ്ട് ഈ സൈനികന്. ജീവിതത്തിന്റെ ഏറിയ പങ്കും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ ചെലവഴിച്ച ശേഷം, വിരമിച്ച് നാട്ടിലെത്തി ഒരു വീടുവച്ച് വിശ്രമിക്കണം എന്നതാണത്. സ്വന്തമായി കരഭൂമിയില്ലാത്ത തനിക്ക്, കൈവശമുള്ള നഞ്ച ഭൂമിയില്‍ വീടുവയ്ക്കാനുള്ള വഴി നിയമപരമായ മാര്‍ഗ്ഗത്തിലൂടെത്തന്നെ ഒരുങ്ങിയിട്ടും അതിനു സാധിക്കാത്തത് പ്രാദേശിക സി.പി.എം നേതാവിന്റെ പ്രതികാരനടപടികള്‍ കാരണമാണെന്നാണ് വിശ്വനാഥന്‍ ഉന്നയിക്കുന്ന പരാതി.
2014 ഒക്ടോബര്‍ മുതല്‍ക്ക് വീടുവയ്ക്കാനുള്ള അനുമതിയ്ക്കായി ഓഫീസുകള്‍ തോറും കയറിയിറങ്ങുകയാണ് താനെന്ന് വിശ്വനാഥന്‍ പറയുന്നു. കൈവശമുള്ളത് നഞ്ച ഭൂമിയായതിനാല്‍ നിയമപരമായി പല തടസ്സങ്ങളും നേരിടേണ്ടിവരും എന്നറിയാമായിരുന്നെങ്കിലും, തന്റെ പേരില്‍ മറ്റു ഭൂമിയില്ലാത്തതും പരിസരപ്രദേശത്തുള്ള മറ്റെല്ലാവരും ഇത്തരത്തില്‍ അനുമതി നേടിയെടുത്തു തന്നെയാണ് ഇതേ ഭൂമിയില്‍ വീടു പണിതിരിക്കുന്നത് എന്നതിനാലും സ്വന്തമായൊരു വീട് എന്ന സ്വപ്‌നവുമായി മുന്നോട്ടു പോകുകയായിരുന്നു വിശ്വനാഥന്‍. പ്ലാനും എസ്റ്റിമേറ്റുമെല്ലാം തയ്യാറാക്കി, പഞ്ചായത്തിലും ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മറ്റിയിലുമെല്ലാം അപേക്ഷകള്‍ സമര്‍പ്പിച്ചുകൊണ്ടിരുന്നു. വര്‍ഷങ്ങളായി നാട്ടിലില്ലാതിരുന്ന താന്‍, പഞ്ചായത്ത് ഓഫീസിലെ നടപടിക്രമങ്ങളെക്കുറിച്ചു മനസ്സിലാക്കാനും മറ്റു സഹായങ്ങള്‍ക്കുമായാണ് ബന്ധു കൂടിയായ സി.പി.എം ഈസ്റ്റ് ഏക്കാട്ടൂര്‍ ബ്രാഞ്ച് സെക്രട്ടറി പി.എം. ശശിയെ സമീപിച്ചതെന്നും വിശ്വനാഥന്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍, നിര്‍മാണപ്രവര്‍ത്തികളുമായി മുന്നോട്ടു പോകാനുള്ള അനുമതി ലഭിച്ചിട്ടും അതിനു സാധിക്കാതിരുന്നത് ഇതേ വ്യക്തിയുടെ ഇടപെടല്‍ മൂലമാണെന്നാണ് വിശ്വനാഥന്റെ ആരോപണം. വീടുവയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി താന്‍ നടന്ന വഴികളെക്കുറിച്ച് വിശ്വനാഥന്‍ പറയുന്നതിങ്ങനെ:
‘സര്‍വീസിലിരിക്കുമ്പോഴാണ് ഇവിടെ വീടുവയ്ക്കാനുള്ള നടപടികള്‍ ആദ്യമായി അന്വേഷിക്കുന്നതും അപേക്ഷ കൊടുക്കുന്നതും. ആരെ സമീപിക്കണം, എന്തു ചെയ്യണം എന്നറിയാതെ നിന്നപ്പോള്‍ സഹോദരനാണ് ശശിയെക്കുറിച്ച് പറയുന്നത്. അടുത്ത ബന്ധുവാണ്. എനിക്കിവിടെ മറ്റാരേയും പരിചയവുമില്ലായിരുന്നു. പഞ്ചായത്തിലെ ആളുകളെയെല്ലാം പരിചയപ്പെടുത്തിയത് ശശിയാണ്. പ്ലാനും എസ്റ്റിമേറ്റുമെല്ലാം വച്ച് അപേക്ഷിക്കാനും, പഞ്ചായത്ത് തള്ളിയാല്‍ ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മറ്റിയെ സമീപിച്ചാല്‍ മതിയെന്നുമെല്ലാം പറഞ്ഞുതന്നത് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റും. നാലായിരത്തിയഞ്ഞൂറു രൂപ ചെലവഴിച്ചിട്ടാണ് അന്ന് എഞ്ചിനീയറെ കണ്ട് പേപ്പറൊക്കെ ശരിയാക്കി അപേക്ഷിച്ചത്. ഇടയ്ക്ക് ബാംഗ്ലൂരില്‍ നിന്നും ലീവിനു വന്ന് ഇതന്വേഷിക്കുമായിരുന്നു. നഞ്ച ആയതു കാരണം പഞ്ചായത്ത് അപേക്ഷ നിരസിച്ചതാണ്. അതിനു ശേഷം കൃഷി ഓഫീസര്‍ക്ക് അപേക്ഷ കൊടുത്തു. എന്റെ പേരില്‍ മറ്റു ഭൂമിയില്ല എന്നു തെളിയിക്കുന്ന രേഖകളടക്കം അന്ന് കൃഷി ഓഫീസര്‍ക്ക് കൊടുത്തിരുന്നു. ഇതിനിടയിലാണ് ശശി ഒരു ലക്ഷം രൂപ എന്നോട് വായ്പയായി ചോദിക്കുന്നത്. നാട്ടിലെല്ലാവരോടും വീട്ടുകാരോടുമൊക്കെ ചോദിച്ചപ്പോള്‍, ശശിയ്ക്ക് പൈസ കൊടുത്താല്‍ തിരിച്ചു കിട്ടില്ല എന്നാണ് പറഞ്ഞത്. ഒരു ലക്ഷം രൂപയൊന്നും വെറുതേ കളയാനില്ലാത്തതുകൊണ്ട് അന്ന് അതു കൊടുത്തില്ല. അതാണ് ഞങ്ങളോട് ദേഷ്യം എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. മണ്ണിടാന്‍ അനുമതി കിട്ടിയതിനു ശേഷം ആ സ്ഥലത്ത് പില്ലര്‍ നാട്ടാനായി പണി തുടങ്ങിയിരുന്നു. അന്ന് വെള്ളം വറ്റിക്കാനുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള മണ്ണെണ്ണ വരെ ശശിയുടെ വീട്ടില്‍ നിന്നാണ് തന്നുകൊണ്ടിരുന്നത്. അന്നൊന്നുമില്ലാതിരുന്ന പ്രശ്‌നം, ഈ പൈസയുടെ സംസാരം കഴിഞ്ഞ ശേഷമാണുണ്ടായത്. പെട്ടന്ന് എതിര്‍പ്പു തോന്നാന്‍ മറ്റു പ്രശ്‌നങ്ങളൊന്നും ഞാന്‍ കാണുന്നില്ല.’
വിശ്വനാഥന്റെ പേരില്‍ മറ്റു സ്ഥലമില്ലെന്നു ബോധ്യപ്പെട്ടതിനു ശേഷം, കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധികള്‍ക്കകത്തു നിന്നുകൊണ്ടാണ് പാരമ്പര്യമായി കൈമാറിക്കിട്ടിയ പത്തു സെന്റു നഞ്ച നിലം വീടുവയ്ക്കുന്നതിനായി മണ്ണിട്ടു നികത്താന്‍ ആര്‍.ഡി.ഒ. 2017ല്‍ അനുമതി നല്‍കിയത്. റോഡില്‍ നിന്നും അല്പം വിട്ടു നില്‍ക്കുന്ന ഈ പത്തു സെന്റു ഭൂമിയില്‍ മണ്ണിടാന്‍ ആരംഭിച്ചതോടെയാണ് പ്രാദേശിക നേതാവിന്റെ ഇടപെടല്‍ ഉണ്ടായിത്തുടങ്ങിയതെന്ന് വിശ്വനാഥന്‍ പറയുന്നു. ഈ സ്ഥലത്ത് വീടുവയ്ക്കാനായുള്ള കോണ്‍ക്രീറ്റു തൂണുകള്‍ക്കായി കമ്പിയും നാട്ടിത്തുടങ്ങിയിരുന്നു. അതു പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ, തണ്ണീര്‍ത്തടത്തില്‍ നാല്‍പ്പത്തിയഞ്ചോളം സെന്റ് ഭൂമിയാണ് നികത്തുന്നതെന്ന് കാണിച്ച്, മുന്നൂറു പേര്‍ ഒപ്പിട്ട ഒരു നിവേദനമടക്കം പി.എം. ശശി ആര്‍.ഡി.ഒയ്ക്ക് പരാതിയും നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിച്ച വില്ലേജ് ഓഫീസര്‍ ആര്‍.ഡി.ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയും, ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സബ് കലക്ടര്‍ വിശ്വനാഥന് സ്‌റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിട്ടുണ്ട്. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ വസ്തുതാവിരുദ്ധമായ പല പരാമര്‍ശങ്ങളുമുണ്ടെന്ന് വിശ്വനാഥന്‍ പറയുന്നു. പത്തു സെന്റ് ഭൂമിയല്ലാതെ, പ്രദേശത്തുള്ള കുളം മണ്ണിട്ടു നികത്തിയതായി കണ്ടെത്തി എന്നു വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, തന്റെ സ്ഥലത്തോ പരിസരത്തോ കുളമില്ലെന്നും ഇല്ലാത്ത കുളം താന്‍ എങ്ങനെ നികത്താനാണെന്നും ഇദ്ദേഹം ചോദിക്കുന്നു. നിലവില്‍, വീടുവയ്ക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകാനാകാതെ ഒറ്റമുറി ഷെഡില്‍ താമസിക്കുകയാണ് വിശ്വനാഥനും ഭാര്യയും.
നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് വിശ്വനാഥനും സി.പി.എം പ്രാദേശിക നേതാവും തമ്മില്‍ നിലനില്‍ക്കുന്നത്. വയലില്‍ വീടുവച്ചാല്‍ പ്രദേശവാസികള്‍ക്ക് കുടിവെള്ളപ്രശ്‌നമുണ്ടാകും എന്നു ചൂണ്ടിക്കാട്ടിയാണ് മുന്നൂറു പേര്‍ ഒപ്പിട്ട പരാതി സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് പി.എം. ശശിയുടെ പക്ഷം. എന്നാല്‍, പരാതിയില്‍ ഒപ്പിട്ടതില്‍ ഒരാള്‍ പോലും തന്റെ സ്ഥലത്തിന്റെ പരിസരത്തു താമസിക്കുന്നില്ലെന്നും, പഞ്ചായത്തിന്റെ മറ്റിടങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒപ്പാണ് ശേഖരിച്ചിരിക്കുന്നതെന്നുമാണ് വിശ്വനാഥന്‍ ഉയര്‍ത്തുന്ന മറുവാദം. റോഡില്‍ നിന്നും അല്പം വിട്ട് വയലിന്റെ അകത്തായി ലഭിച്ചിട്ടുള്ള പത്തു സെന്റ് ഭൂമിയില്‍ വീടു വയ്ക്കുക എന്നത് പ്രായോഗികമല്ലെന്നും, ആര്‍.ഡി.ഒയെ തെറ്റിദ്ധരിപ്പിച്ചാണ് വിശ്വനാഥന്‍ അനുമതി നേടിയെടുത്തിട്ടുള്ളതെന്നുമാണ് ശശി ആരോപിക്കുന്ന മറ്റൊരു കാര്യം. കടുത്ത പാരിസ്ഥിതികാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന നീക്കമാണിതെന്നും, സി.പി.എമ്മിന്റെ പാരിസ്ഥിതിക നയത്തിനു തന്നെ എതിരായതിനാലാണ് പ്രദേശവാസികളുടെ പരാതിയ്‌ക്കൊപ്പം നില്‍ക്കുന്നതെന്നും ശശി വിശദീകരിക്കുന്നു. എന്നാല്‍, വിശ്വനാഥനു ലഭിച്ചിട്ടുള്ള പത്തു സെന്റ് ഭൂമിയുടെ തൊട്ടടുത്ത് ഇരുവശത്തുമായി, അതിലും എത്രയോ മീറ്റര്‍ അധികം വയലിലേക്കു കടന്നാണ് സമീപത്തുള്ള വീടുകളെല്ലാം നില്‍ക്കുന്നത് എന്നതാണ് വസ്തുത. വിശ്വനാഥന്റെ പേരിലുള്ള സ്ഥലത്തിനു തൊട്ടടുത്തു തന്നെ മറ്റൊരു വീടിന്റെ നിര്‍മാണപ്രവൃത്തികള്‍ ഇതേ നഞ്ച നിലത്ത് പുരോഗമിക്കുന്നുണ്ടു താനും. പ്രദേശത്തുള്ള മിക്ക വീടുകളുടെയും രേഖകള്‍ പരിശോധിച്ചാല്‍ നഞ്ച ഭൂമിയെന്നു തന്നെയാണ് കാണാനാവുകയെന്നും, ഇതില്‍ പലതും സി.പി.എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകളാണെന്നും വിശ്വനാഥന്‍ ആരോപിക്കുന്നുണ്ട്.
വിശ്വനാഥന്റെ മകന്റെ പേരില്‍ മറ്റൊരു പഞ്ചായത്തില്‍ പതിനാറു സെന്റ് കരഭൂമിയുണ്ട് എന്നതാണ് സ്റ്റോപ്പ് മെമ്മോ ലഭിക്കാനുള്ള പ്രധാന കാരണമെന്ന് പി.എം. ശശിയടക്കമുള്ളവര്‍ പറയുന്നു. എന്നാല്‍, ഇതിനോട് വിശ്വനാഥന്റെ പ്രതികരണം ഇങ്ങനെയാണ്. ‘എനിക്ക് വേറെ സ്ഥലമുണ്ട്, അമ്മ വഴി കിട്ടാനുണ്ട്, അച്ഛന്‍ വഴി കിട്ടാനുണ്ട് എന്നൊക്കെയാണ് പരാതിയില്‍ പറയുന്നത്. എനിക്ക് വീടുവയ്ക്കാന്‍ പറ്റുന്ന വേറെ ഭൂമി എന്റെ പേരിലുണ്ടെന്നു തെളിയിച്ചാല്‍ ഈ സ്ഥലം മുഴുവന്‍ പാര്‍ട്ടിക്ക് എഴുതിക്കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. എനിക്ക് ബാംഗ്ലൂരില്‍ വീടും സ്ഥലവുമുണ്ട്, നരയംകുളത്ത് സ്ഥലം ഈയടുത്ത് വിറ്റിട്ടുണ്ട് എന്നൊക്കെയാണ് പറഞ്ഞു നടക്കുന്നത്. ഇത്രയും കാലം കുട്ടികളെയും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടിനടന്ന് ജീവിക്കുന്നതിനിടെ ഒന്നിനും സാധിച്ചിട്ടില്ല. ഇവിടെ വെള്ളത്തിന് ബുദ്ധിമുട്ടാണ് എന്നും പറയുന്നുണ്ട്. ഇത്രകാലമായി ഇവിടെയൊന്നും വെള്ളത്തിന് ഒരു ക്ഷാമവുമില്ല. വയല്‍ നികത്തുന്നത് നല്ലതാണ് എന്നൊന്നുമല്ല പറയുന്നത്. പത്തു സെന്റില്‍ വീടു വയ്ക്കാന്‍ അനുമതി കിട്ടിയ ശേഷം പിന്നെയെന്തിനാണ് അതിനു തുരങ്കം വച്ചത്? പന്തലായനിയില്‍ നടന്ന അദാലത്തില്‍ വച്ചാണ് ഞങ്ങള്‍ക്ക് പത്തു സെന്റിനുള്ള അനുമതി ലഭിക്കുന്നത്. അനുമതിയുള്ളപ്പോള്‍പ്പോലും മണ്ണു കൊണ്ടുവരുന്ന വണ്ടികള്‍ ഇവര്‍ തടഞ്ഞിട്ടുണ്ട്. നാട്ടിലേക്കു തിരിച്ചുവന്ന ശേഷം ഈ ഷെഡില്‍ത്തന്നെയാണ് താമസം. രണ്ടു വര്‍ഷമായി ഇപ്പോള്‍ ഇവിടെ. വൈദ്യുതി കിട്ടിയിട്ട് ആറുമാസമായതേയുള്ളൂ. പാര്‍ട്ടിയില്‍ ഞങ്ങളുടെ ബന്ധുക്കളുമുണ്ട്. അവരോടു ബന്ധപ്പെടുമ്പോള്‍ പറയുന്നത് പാര്‍ട്ടിയ്ക്ക് കത്തു കൊടുക്കൂ, പാര്‍ട്ടി നേതാക്കളെ കാണൂ എന്നൊക്കെയാണ്. ഞങ്ങളെന്തിന് അങ്ങിനെ ചെയ്യണം? കുറച്ചെങ്കിലും ശരി ഞങ്ങളുടെ ഭാഗത്തുണ്ടെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇപ്പോഴും പിടിച്ചു നില്‍ക്കുന്നത്.’
തങ്ങള്‍ക്കെതിരെ പാര്‍ട്ടിയുടെ ഉന്നതതലത്തില്‍പ്പോലും ചരടുവലികള്‍ നടക്കുന്നുണ്ടോ എന്നു സംശയിക്കുന്നതായും വിശ്വനാഥന്‍ പറയുന്നുണ്ട്. ഒരു ലക്ഷം രൂപയുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് തങ്ങളെ ഈ ഷെഡിലെ ജീവിതത്തിലെത്തിച്ചിരിക്കുന്നതെന്ന് വിശ്വനാഥന്‍ പറയുമ്പോഴും, ആരോപണങ്ങളെല്ലാം പാടേ നിഷേധിക്കുകയാണ് ഈസ്റ്റ് ഏക്കാട്ടൂര്‍ ബ്രാഞ്ച് സെക്രട്ടറി പി.എം. ശശി. ‘ഒരു ലക്ഷം രൂപയുടെ കഥയൊക്കെ പച്ചക്കള്ളമാണ്. അങ്ങനെയൊരു സംസാരമേ ഞങ്ങള്‍ തമ്മിലുണ്ടായിട്ടില്ല. അവര്‍ വീടുവയ്ക്കുന്നതിനോ താമസിക്കുന്നതിനോ ഞാനോ പാര്‍ട്ടിയോ എതിരല്ല. ഇത് വ്യക്തിപരമായ പ്രശ്‌നമേയല്ല. തണ്ണീര്‍ത്തടം നികത്താന്‍ അനുവദിക്കില്ല എന്നേ ഞങ്ങള്‍ പറഞ്ഞിട്ടുള്ളൂ. വിശ്വനാഥന്‍ ഈ ഷെഡ് കെട്ടിയിരിക്കുന്നതും നഞ്ച നിലത്താണ്. ഷെഡ് കെട്ടി താമസിക്കുന്നതിനെ അന്നാരും എതിര്‍ത്തിട്ടില്ലല്ലോ. നാല്‍പ്പത്തിയഞ്ചു സെന്റോളം സ്ഥലം മണ്ണിട്ടു നികത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളും ജനപ്രതിനിധികളും എതിര്‍പ്പു രേഖപ്പെടുത്തിയതോടെയാണ് ഞാനും പാര്‍ട്ടിയും ഇതില്‍ ഇടപെടുന്നത്. അല്ലാതെ തന്നെ കുടിവെള്ള പ്രശ്‌നമുള്ള സ്ഥലമാണ്. അവിടെ ഇനിയും വയല്‍ നികത്തിയാല്‍ എന്തായിരിക്കും അവസ്ഥ. 16 സെന്റ് കരഭൂമി മകന്റെ പേരിലേക്ക് എഴുതിമാറ്റിയിട്ടുണ്ട് എന്നതാണ് സ്റ്റോപ്പ് മെമ്മോ വരാനുള്ള പ്രധാന കാരണം. രാത്രികാലങ്ങളിലാണ് ഇവര്‍ നിലം മണ്ണിട്ടു നികത്തിയിരുന്നത്. പട്ടികജാതിയില്‍പ്പെട്ടവരില്‍ വയലില്‍ മാത്രം സ്ഥലമുള്ളവര്‍ക്ക് അഞ്ചു സെന്റു വീതം അനുമതി കൊടുക്കുന്ന അദാലത്തില്‍ സ്വന്തം ഫയലും തിരുകിക്കയറ്റിയാണ് ആര്‍ഡിഒയെ തെറ്റിദ്ധരിപ്പിച്ച് അനുമതി വാങ്ങിച്ചത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് കെട്ടിടം നിര്‍മിക്കാന്‍ പില്ലറുകള്‍ നാട്ടാന്‍ തുടങ്ങിയത്. ജനങ്ങള്‍ക്ക് പ്രശ്‌നം വരുന്ന ഒരു വിഷയത്തില്‍ ഇടപെടാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല.’
നാല്‍പ്പത്തിയഞ്ചു സെന്റ് ഭൂമി നികത്തി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വാദിക്കുന്ന വിശ്വനാഥനും ഭാര്യ സജിതയും, പത്തു സെന്റ് ഇല്ലെങ്കില്‍ വേണ്ട, വീടു വയ്ക്കാനുള്ള ഏറ്റവും ചുരുങ്ങിയ അളവ് സ്ഥലം മാത്രം മണ്ണിടാനുള്ള അനുമതി മതിയെന്നാണ് ആവര്‍ത്തിക്കുന്നത്. തൊട്ടടുത്ത വീടുകളില്‍ പലതിനും പഞ്ചായത്തിന്റെ രേഖകളോ മണ്ണിടാനുള്ള അനുമതിയോ ഇല്ലാതിരുന്നിട്ടും തങ്ങളെ മാത്രം ഉന്നം വയ്ക്കുകയാണ് സി.പി.എം പ്രാദേശിക നേതൃത്വമെന്നാണ് ഇവരുടെ പരാതി. അങ്ങിനെ ഉറപ്പിക്കാനുള്ള കാരണങ്ങളും ഇവര്‍ക്കുണ്ട്. നടുവണ്ണൂര്‍-അരിക്കുളം മേഖലയില്‍ സി.പി.എമ്മിന്റെ സ്ഥാപകനേതാക്കളിലൊരാളായിരുന്നു വിശ്വനാഥന്റെ അച്ഛന്‍ പി.എം. ചാത്തുക്കുട്ടി. ഒന്നിലധികം തവണ എതിര്‍പാര്‍ട്ടിക്കാരില്‍ നിന്നും കുത്തേല്‍ക്കുകയും അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസമനുഭവിക്കുകയും ചെയ്തിട്ടുള്ള ചാത്തുക്കുട്ടിയും, ഒപ്പം നൂറ്റിയമ്പതിലധികം പേരും ചേര്‍ന്ന് 1984-85 കാലഘട്ടത്തിലാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്നത്. തന്റെ കുടുംബവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിയെടുത്ത ഒരു തെറ്റായ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഈ ഇറങ്ങിപ്പോക്ക് എന്ന് വിശ്വനാഥന്‍ പറയുന്നു. അന്നു തൊട്ടു തന്നെ, തന്റെ കുടുംബത്തോട് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് അപ്രഖ്യാപിത അയിത്തമുണ്ടെന്നാണ് വിശ്വനാഥന്റെ ആരോപണം. വിശ്വനാഥന്റെ അടുത്ത ബന്ധു കൂടിയായ കുഞ്ഞിരാമന്റെ മകനായ സുശാന്തിന്റെ ആത്മഹത്യയ്ക്ക് ഒരു തരത്തില്‍ കാരണമായതും പാര്‍ട്ടിയുടെ ഈ വൈരാഗ്യബുദ്ധിയാണെന്നും ആരോപണമുണ്ട്.
‘പണ്ട് ഇവിടത്തെ ജന്മി മമ്മദാലി ഹാജിയെന്നയാളായിരുന്നു. ഇവിടത്തെ ദളിതരുടെയും തിയ്യന്മാരുടെയും മക്കളെ വിവാഹം കഴിപ്പിച്ചയയ്ക്കണമെങ്കില്‍ അവിടെപ്പോയി വെറ്റിലയും പാക്കും വച്ച് അനുമതി വാങ്ങണമായിരുന്നു. ആ വ്യവസ്ഥയ്‌ക്കെതിരെ പോരാടാനാണ് ഞങ്ങളുടെ കാര്‍ന്നോമ്മാരെല്ലാം കമ്മ്യൂണിസ്റ്റായത്. ഇപ്പോള്‍ ഇവിടത്തെ സി.പി.എം കാര്‍ പറയുന്നത് വീടു വയ്ക്കണമെങ്കില്‍ പാര്‍ട്ടിയിലെ നേതാക്കന്മാരെ കണ്ട് കത്തു കൊടുക്കൂ, അനുമതി വാങ്ങിക്കൂ എന്നൊക്കെയാണ്. അപ്പോള്‍ സത്യത്തില്‍ ഇവിടെ എന്തെങ്കിലും മാറിയിട്ടുണ്ടോ? പാര്‍ട്ടി വിട്ട് പുറത്തു വന്ന് കോണ്‍ഗ്രസുകാരനായ ആളാണ് ഞാന്‍. ഈ ദേഷ്യമൊക്കെ മനസ്സില്‍ വച്ചിട്ടാണ് എന്റെ മകന്‍ ഒരു വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ അനുമതി ചോദിച്ചപ്പോള്‍ ഈ പാര്‍ട്ടിക്കാര്‍ പ്രശ്‌നമുണ്ടാക്കിയത്. എത്രയോ ദിവസം അവന്‍ പഞ്ചായത്തില്‍ പോയി ചുമരില്‍ തലയിടിച്ച് കരഞ്ഞിട്ടുണ്ട്. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് വലിയ പ്രശ്‌നമാക്കി അനുമതി വാങ്ങിയെടുത്തെങ്കിലും, അന്നത്തെ ഭീഷണികളിയും കഷ്ടപ്പെടുത്തലിലും തളര്‍ന്നുപോയ എന്റെ മകനെ മാത്രം തിരികെ കിട്ടിയില്ല. നടുവണ്ണൂരില്‍ നിന്നും ആരോ അവനെ തല്ലാന്‍ വരുന്നു എന്ന തോന്നലായിരുന്നു അവന്. രാത്രിയൊക്കെ വാതിലിനടുത്തുവന്ന് പുറത്തേക്കു നോക്കി നില്‍ക്കും. അവസാനം മനസ്സു തെറ്റിയപ്പോള്‍ അവന്‍ അതേ വര്‍ക്ക്‌ഷോപ്പില്‍ തൂങ്ങിമരിച്ചു. എന്റെ മോനെ കൊന്നതും ഇതേ പാര്‍ട്ടി തന്നെയാണ്.’ സുശാന്തിനെക്കുറിച്ച് പറയുമ്പോള്‍ കുഞ്ഞിരാമന് കണ്ണീരടക്കാനാകുന്നില്ല.
ഒരു കുടുബത്തോടു മുഴുവന്‍ പ്രാദേശിക നേതൃത്വം കാണിച്ചു പോരുന്ന വിവേചനത്തെക്കുറിച്ച് വിശ്വനാഥനും കുഞ്ഞിരാമനും പറയുമ്പോള്‍, അതും നിഷേധിക്കുകയാണ് ബ്രാഞ്ച് സെക്രട്ടറി. മുന്‍പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവരാണ് ഇവരെന്നും മറ്റാരോപണങ്ങളൊന്നും ശരിയല്ലെന്നും സി.പി.എം പ്രാദേശിക നേതൃത്വം വിശദീകരിക്കുന്നു. സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ ജില്ലാ കലക്ടര്‍ക്ക് വിശ്വനാഥന്‍ അപ്പീല്‍ കൊടുത്തിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. ഒരു മാസത്തിനകം തീര്‍പ്പാക്കണമെന്നു വ്യവസ്ഥ ചെയ്തിട്ടുള്ള വിഷയം, ഒരു വര്‍ഷം നീട്ടിക്കൊണ്ടു പോയ ശേഷം അടുത്ത ദിവസങ്ങളില്‍ പരിഗണിക്കുമെന്നാണറിവ്. നിലം മണ്ണിട്ടു നികത്തിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടന്നിട്ടും തങ്ങളുടെ ഭാഗത്ത് തെറ്റു കണ്ടെത്താനായിട്ടില്ല എന്ന ആശ്വാസത്തിലാണ് വിശ്വനാഥനും സജിതയും. ‘നായ്ക്കളെ ആട്ടുന്ന പോലെ ഓരോ ഓഫീസില്‍ നിന്നും ഇറക്കിവിട്ടപ്പോഴും. വിമുക്തഭടന്‍ എന്ന സ്ഥാനം ഞങ്ങള്‍ ദുരുപയോഗം ചെയ്തിട്ടില്ല. എന്നെപ്പറ്റി ഇവര്‍ പറഞ്ഞുപരത്തിയിട്ടുള്ള കാര്യങ്ങള്‍ കേട്ടാല്‍ സഹിക്കില്ല. ഇവിടെ തൊട്ടടുത്ത് എന്തോ സമ്മേളനം നടന്നപ്പോള്‍ എന്നെക്കുറിച്ച് കേട്ടാലറയ്ക്കുന്ന വാക്കുകള്‍ മൈക്കില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. വീടിനകത്തിരുന്ന് അതു കേട്ട് അനങ്ങാന്‍ പറ്റാതെ ഇരുന്നുപോയി. മാനസികമായി വലിയ സംഘര്‍ഷത്തിലായി. ആത്മഹത്യ ചെയ്താലോ എന്നു പോലും ആലോചിച്ചു. ഭര്‍ത്താവിന്റെ വാക്കുകളാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പൊലീസിലും വനിതാ കമ്മീഷനിലുമൊക്കെ പരാതി കൊടുത്തു, ഒരു കാര്യവുമുണ്ടായില്ല. ഇപ്പോള്‍ വീടില്ലെങ്കിലും മനസ്സമാധാനം മതി എന്ന അവസ്ഥയാണ്. പിടിച്ചു നില്‍ക്കാനുള്ള ധൈര്യമുണ്ടായതുകൊണ്ട് മറ്റൊരു സാജനായില്ല.’ വിശ്വനാഥന്റെ ഭാര്യ സജിത പറയുന്നു.
കട്ടിലും ഷെല്‍ഫും തകരപ്പെട്ടികളും അടുക്കിവച്ച ഒറ്റമുറി ഷെഡില്‍ത്തന്നെ തുടര്‍ന്നും ജീവിക്കാനാണ് ഇവരുടെ തീരുമാനം. മുറിയുടെ ഒരു വശത്തായി ചെറിയ അടുക്കള ഒരുക്കിയിട്ടുണ്ട്. ഓലമേഞ്ഞ മേല്‍ക്കൂര ചോരാതിരിക്കാന്‍ തുണികൊണ്ട് ഒരു തട്ടും കെട്ടിയിട്ടുണ്ട്. ഏതു സാഹചര്യത്തിലും ജീവിക്കാന്‍ പരിശീലിച്ചിട്ടുള്ള പട്ടാളക്കാരനാണ് താനെന്നും, സ്ഥലത്തിന്റെ പേരിലുള്ള കുരുക്കഴിയുംവരെ ഇങ്ങനെ കഴിയാന്‍ തനിക്കു മടിയില്ലെന്നുമാണ് ഡി.വൈ.എസ്.പിക്ക് തത്തുല്യമായ റാങ്കില്‍ നിന്നും വിരമിച്ച ഈ സൈനികന്റെ പക്ഷം. ‘എന്റെ ഇവിടത്തെ അവസ്ഥ അറിഞ്ഞ് സൈനിക മേധാവികളും അരവിന്ദ് കെജ്രിവാളും അടക്കമുള്ളവര്‍ വിളിച്ചന്വേഷിച്ചിരുന്നു. തിരിച്ചു ചെന്നാല്‍ വീടും സൗകര്യങ്ങളും ചെയ്തു തരാമെന്നാണ് വാഗ്ദാനം. വിശ്രമജീവിതം നാട്ടില്‍ മതിയെന്നു തീരുമാനിച്ചുവന്നയാളാണ് ഞാന്‍. എന്റെ ഭാഗത്ത് ശരിയുണ്ടെന്നു തോന്നുന്നവരെ ഞാന്‍ പരിശ്രമിക്കും. ഈ നാട്ടില്‍ത്തന്നെ ജീവിക്കും.’