UPDATES

ദളിതനായതിനാല്‍ കടുത്ത അവഗണന: കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ പാലക്കാട് കൌണ്‍സിലര്‍ ശരവണന്‍

ശരവണന്റെ വീട്ടില്‍ കാവൽ ഏർപ്പെടുത്തിയിരുന്നു; എന്നാൽ അർദ്ധ രാത്രിയ്ക്ക് ശേഷം ബിജെപി പിന്തുണയോടെ മുൻസിപ്പൽ സെക്രട്ടറിയുടെ വീട്ടിലെത്തിയാണ് ശരവണൻ രാജി സമർപ്പിച്ചതെന്ന് ഡി സി സി പ്രസിഡന്‍റ്

പാലക്കാട് നഗരസഭയിലെ ഭരണകക്ഷിയായ ബിജെപിക്ക് എതിരെ കൊണ്ടുവന്ന അവിശ്വാസ വോട്ടെടുപ് നടക്കുന്നതിന്റെ തലേദിവസം മുതൽ അപ്രത്യക്ഷനായ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ശരവണൻ ഇന്നലെ വൈകുന്നേരം പ്രത്യക്ഷപ്പെട്ടത് ബിജെപി ജില്ലാ ആസ്ഥാനത്താണ്. സിപിഎമ്മുമായി യോജിച്ചു പോവാനുള്ള കോൺഗ്രസ്സ് നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് താൻ രാജി വച്ചതെന്നും പണം കൈപ്പറ്റിയെന്നും മറ്റുമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ശരവണൻ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. തന്നെ കാണാനില്ലെന്ന് പറഞ്ഞു പരാതി കൊടുത്ത ഡി സി സി പ്രസിഡന്റിനെതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് ശരവണൻ. “ആരാണ് ഞാൻ മുങ്ങിനടക്കുകയാണെന്ന് പറഞ്ഞത്? നാലാം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ഞാൻ നേരിട്ട് സെക്രട്ടറിയുടെ അടുത്ത് പോയാണ് രാജി സമർപ്പിച്ചത്. അത് കഴിഞ്ഞ് കുടുംബവുമൊന്നിച്ചു ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനു പോയതായിരുന്നു. അതിനു എന്നെ കാണാനില്ലെന്ന് പറഞ്ഞു പരാതി കൊടുക്കാൻ ഡി സി സി പ്രസിഡന്റിന് എന്തവകാശം? ഞാൻ രാജി വച്ചത് വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങൾ കൊണ്ടാണ്. കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാടുകളോട് എനിക്ക് യോജിപ്പില്ല. ദളിതനായതിന്റെ പേരിൽ പല മോശം അനുഭവങ്ങളും എനിക്ക് കോൺഗ്രസ്സ് നേതൃത്വത്തിൽ നിന്നും ഉണ്ടായിട്ടുണ്ട്. അതൊക്കെ കൊണ്ടാണ് ഞാൻ രാജി വച്ചത്. ഇനി എനിക്ക് കോഴപ്പണം കിട്ടി എന്ന് പറഞ്ഞു കുറേപ്പേർ നടക്കുന്നുണ്ട്. കൃത്യം എത്ര രൂപ കിട്ടി എന്ന് കണക്കു സഹിതമാണ് അവരു പറഞ്ഞു നടക്കുന്നത്. ഇത്ര കൃത്യമായി തുക പറയണമെങ്കിൽ കോഴപ്പണം വാങ്ങിയത് അവരു തന്നെയാവും”. തന്റെ രാജി മുൻസിപ്പൽ സെക്രട്ടറി അവധി ദിവസം സ്വീകരിച്ചു എന്ന വിവാദങ്ങളെ പറ്റി ഒന്നും അറിയില്ലെന്നും ഇനി ബിജെപി യിൽ ചേർന്ന് പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ശരവണൻ കൂട്ടി ചേർക്കുന്നു.

അതേസമയം പാലക്കാട് നഗരസഭയിൽ കോൺഗ്രസിന്റെ പരാജയപ്പെട്ട അവിശ്വാസത്തെ പ്രതി ഞെട്ടാത്തവരായി തങ്ങൾ മാത്രമേ ഉള്ളു എന്ന് പറയുന്നത് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകര്‍ തന്നെയാണ്. ബിജെപിയുടെ കുതിരക്കച്ചവടത്തിൽ ആരാവും വീഴുക എന്നതിനെ കുറിച്ചു തന്നെ തങ്ങൾക്ക് ധാരണ ഉണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

“പാലക്കാട് നഗരസഭയിൽ അരങ്ങേറിയ പൊറാട്ടു നാടകമായ അവിശ്വാസത്തിന്റെ അണിയറയിലും അരങ്ങത്തും എല്ലാവരും അവരവരുടെ റോൾ ഭംഗിയാക്കി. കൽപ്പാത്തി വാർഡിലെ കൗൺസിലർ ആയ നാൾ മുതൽ തന്റെ തൊഴിലായ ആശാരി പണിയ്ക്ക് പോവാൻ കഴിയാതെ കടം വാങ്ങി മടുത്ത വി ശരവണനു ബിജെപി വഴി കിട്ടിയ ഇരുപത്തഞ്ചു ലക്ഷം ആശ്വാസവുമായി”. പറയുന്നത് കോൺഗ്രസ്സ് പ്രവർത്തകർ തന്നെ.

കേവല ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയിൽ ബിജെപി പാലക്കാട് നഗരസഭ ഭരിക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷം. ഈ വർഷം തുടക്കത്തിൽ തങ്ങൾ അവിശ്വാസത്തിനു കോപ്പു കൂട്ടുന്നു എന്ന മട്ടിൽ കോൺഗ്രസ്സിന്റെതായി ചില പ്രതികരണങ്ങൾ മാധ്യമങ്ങളിൽ വന്നു തുടങ്ങിയിരുന്നു. അണികളുടെ നിരന്തരമായ ആവശ്യം അവഗണിക്കാൻ കഴിയാതെ വന്നപ്പോഴാണ് നേതൃത്വം അങ്ങനെ ഒരു നീക്കത്തിന് തയ്യാറായതെന്നു പറയുന്നത് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു കോൺഗ്രസ്സ് പ്രവർത്തകൻ. “മൂന്ന് വർഷമായിട്ടും എന്തെ ഒരു അവിശ്വാസം പോലും കൊണ്ടുവരാത്തത് എന്ന അണികളുടെ ചോദ്യം, ബിജെപി – കോൺഗ്രസ്സ് നേതൃത്വത്തിന്റെ അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു കാരണം എന്ന മട്ടിൽ വന്ന മാധ്യമ റിപ്പോർട്ടുകൾ, ഇതൊക്കെ കൂടെ ആയപ്പോഴാണ് എന്നാൽ ഒരു അവിശ്വാസം ആവാം എന്ന് കോൺഗ്രസ്സ് നേതൃത്വം തീരുമാനിച്ചത്. ഇങ്ങനെ കൊണ്ടുവന്ന അവിശ്വാസം പോലും നേരിട്ട് ചെയർപേഴ്സനും വൈസ് ചെയർമാനും എതിരായിട്ടായിരുന്നില്ല. ഓരോന്നോരോന്നായി അഞ്ചു സ്ഥിരം സമിതികളിലും അവിശ്വാസം കൊണ്ടുവന്നു. മാധ്യമങ്ങളിൽ കുറച്ചു ദിവസം നിറഞ്ഞു നിന്ന് ഇവിടെ എന്തൊക്കെയോ നടക്കുന്നു എന്ന ധാരണ സൃഷ്ടിക്കാനായിരുന്നു അത്തരം ഒരു നീക്കം. അഞ്ചിൽ നാല് അവിശ്വാസങ്ങളും വിജയിച്ചു. അഞ്ചാമത്തെ അവിശ്വാസത്തിൽ സിപിഎമ്മിലെ ഒരംഗം ഒപ്പ് തെറ്റായി രേഖപ്പെടുത്തി, അതിൽ ബിജെപി ജയിച്ചു. ആ വനിത അംഗത്തിന്റെ പ്രവർത്തി മനപ്പൂർവ്വമല്ല എന്ന് കരുതാൻ ന്യായമില്ല. ആദ്യ ഘട്ടത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഒപ്പം നിൽക്കാമെന്ന് പറഞ്ഞ സിപിഎം അവസാനമായപ്പോൾ സ്വന്തം സ്ഥാനാർഥിയുമായി രംഗത്ത് വന്നു. അങ്ങനെ സ്ഥിരം സമിതികളിലെ ഇലക്ഷൻ കഴിഞ്ഞ് ആറു മാസത്തോളം കഴിഞ്ഞു പോയി. ആ സമയത്ത് മാതൃഭൂമി പത്രത്തിൽ ഒരു വാർത്ത വന്നു ‘അവിശ്വാസം ആവിയായി’ എന്ന തലക്കെട്ടിൽ. ആ വാർത്തയെ തുടർന്ന് വീണ്ടും വിവാദങ്ങളും ചർച്ചകളും ഉണ്ടായതോടെയാണ് വെൽഫെയർ പാർട്ടിയുടെ കൗൺസിലറെ ഒപ്പം നിർത്തി സിപിഎം പിന്തുണയോടെ അവിശ്വാസം എന്ന നിലപാടിലേക്ക് കോൺഗ്രസ്സ് നേതൃത്വം എത്തുകയും ചെയ്തത്. അങ്ങനെ നടത്തിയ ഈ അവിശ്വാസ നീക്കം ഇതുപോലെ പരാജയപ്പെട്ടതിന്റെ പൂർണ്ണ ഉത്തരവാദിത്തം കോൺഗ്രസ്സ് ജില്ലാ നേതൃത്വത്തിനാണ്. കോൺഗ്രസിന്റെ മുൻ ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവർ ബിജെപിയിലേക്ക് പോയ പശ്ചാത്തലം നിലനിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ്സ് ജില്ലാ നേതൃത്വം ഈ അവിശ്വാസത്തെ അങ്ങേയറ്റം ലാഘവത്തോടെയാണ് കണ്ടത്. കൗൺസിലർമാരെ ഒരുമിച്ചു നിർത്താനോ അവരെ സംരക്ഷിക്കാനോ യാതൊരു നടപടികളും കൈക്കൊണ്ടുമില്ല. കേരളത്തിൽ ഭരണം കയ്യിലുള്ള ഒരേയൊരു നഗരസഭ നിലനിർത്താൻ ഉത്തരേന്ത്യയിലും കർണ്ണാടകയിലും എല്ലാം പയറ്റിത്തെളിഞ്ഞ കുതിരക്കച്ചവടം തന്നെ ബിജെപി പ്രയോഗിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ഭരണം നഷ്ടപ്പെടുന്നത് ദേശീയ തലത്തിൽ തന്നെ ബിജെപിയെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയായിരുന്നു. എന്നാൽ ഇതിന്റെ ഗൗരവം അറിയാമായിരുന്ന കോൺഗ്രസ്സ് നേതൃത്വം യാതൊരു ജാഗ്രതയും കാണിച്ചില്ല.

മറ്റൊരു പ്രധാനകാര്യം, സാധാരണ രീതിയിൽ ഈ വിധമുള്ള അവിശ്വാസത്തിലേയ്ക്ക് പോവുന്നതിനു മുൻപ് തങ്ങളുടെ ജനപ്രതിനിധികൾക്കിടയിൽ ഒരു വ്യക്തമായ രാഷ്ട്രീയ ബോധം സൃഷ്ടിക്കുക എന്നത് എല്ലാ രാഷ്ട്രീയ കക്ഷികളും കാലങ്ങളായി ചെയ്തു വരുന്ന ഒരു കാര്യമാണ്. എന്നാൽ ഇവിടെ പാർട്ടി കൗൺസിലർമാർക്ക് പോലും എന്തിനായിരുന്നു ഈ അവിശ്വാസം എന്ന കാര്യത്തിൽ യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ബിജെപി പാടി നടക്കുന്ന സിപിഎം-കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ടൊന്നും അല്ല, ഫാസിസ്റ്റു ശക്തികളെ അധികാരത്തിൽ നിന്ന് താഴെയിറക്കുക എന്നതാണ് ഈ അവിശ്വാസം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഒരിക്കൽ പോലും നേതൃത്വം പറഞ്ഞിട്ടില്ല.

അവിശ്വാസം കൊണ്ടുവരുന്നതിനു ഏതാണ്ട് രണ്ടാഴ്ച മുൻപാണ് കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവുൾപ്പെടെ അഞ്ചു പേരെ നഗരസഭയിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നത്. ഇതിൽ ജില്ലാ /ബ്ലോക്ക് കോൺഗ്രസ് നേതൃത്വങ്ങൾ പ്രതിഷേധം അറിയിക്കുകയോ എന്തിന് ഒരു പ്രസ്താവന പോലും ഇറക്കിയിട്ടില്ല. ആകെ ഒരു പ്രതികരണം ഉണ്ടായത് യൂത്ത് കോൺഗ്രസിന്റെ ഭാഗത്തു നിന്ന് മാത്രമാണ്. തുടർന്ന് അവിശ്വാസത്തിനു നോട്ടീസ് കൊടുക്കുന്ന വിവരം അറിയിക്കുന്ന പത്രസമ്മേളനത്തിലാണ് പാർട്ടിയുടെതായി ഒരു പ്രസ്താവന ഈ വിഷയത്തിൽ വരുന്നത്. അഴിമതി തുറന്നു കാണിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട കൗൺസിലർമാർക്ക് സ്വന്തം പാർട്ടിയുടെ പോലും പിന്തുണ കിട്ടാത്ത അവസ്ഥയായിരുന്നു. പാലക്കാട് നഗരസഭയിലെ ഒത്തുകളി രാഷ്ട്രീയം അവസാനിപ്പിക്കണം എന്ന ആവശ്യം യൂത്ത് കോൺഗ്രസ്സ് നേതാക്കളിൽ നിന്നും പല തവണ വന്നുകഴിഞ്ഞു.

അവിശ്വാസത്തിൽ വോട്ടവകാശമില്ലാതെ ഇരിക്കേണ്ടി വന്നയാളാണ് സെയ്തലവി പൂളക്കാടൻ. അദ്ദേഹത്തിനെതിരെയുള്ള നിയമ നടപടികൾ മുസ്ലിം ലീഗ് അവസാനിപ്പിച്ചിരുന്നുവെങ്കിൽ ആ ഒരു വോട്ടുകൂടി കിട്ടി അവിശ്വാസം വിജയിച്ചേനെ. എന്നാൽ പ്രസ്തുത കേസ് നിലനിർത്താൻ പണം ചിലവാക്കുന്നത് വരെ ബിജെപിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വൻതോതിലുള്ള അഴിമതി ആരോപണത്തിൽ മുങ്ങിക്കുളിക്കാറുള്ള ഒരു നഗരസഭയാണ് പാലക്കാട്. എന്നാൽ അതൊന്നും പൊതുവെ ഇവിടുത്തെ ജനം കാര്യമാക്കാറില്ല. സാമ്പത്തികമായും ജാതീയമായും ഉയർന്ന നിലയിലുള്ള ഇവിടുത്തെ വോട്ടർമാർക്ക് ആവശ്യം വീട്ടു കരം അടച്ച രസീത് വീട്ടിൽ കൊണ്ടുവന്നു തരുന്ന കൗൺസിലറിനെയാണ്. ബ്രാഹ്മണ സമൂഹം ഒക്കെ കൂടുതൽ താമസിക്കുന്ന പ്രദേശത്ത് ഒരു കിലോമീറ്ററിനുള്ളിൽ തന്നെ അഞ്ഞൂറോളം വീടുകൾ ഉണ്ടാവും. കറന്റ്, വെളിച്ചം ഇതൊന്നും ചോദിച്ചു വരാത്ത വോട്ടർമാരായതു കൊണ്ട് കൌണ്‍സിലർമാർക്കും സുഖം. ജാതിയും മതവും മാത്രം നോക്കി വോട്ടുകൾ രേഖപ്പെടുത്തുന്ന പ്രദേശത്ത് ബിജെപിക്ക് വ്യക്തമായ മേൽക്കൈയുള്ള പത്തോളം വാർഡുകളുണ്ട്.

പാർട്ടിയെ വളർത്തണമെന്നു യാതൊരു താത്പര്യവും ഇല്ലാതെ സ്വന്തം ലാഭം മാത്രം നോക്കുന്ന ഒരു നേതൃനിരയും യാതൊരു പ്രവർത്തനവും നടക്കാതെ ഏറെക്കുറെ നിശ്ചലമായ അടിത്തട്ടുമാണ് കോൺഗ്രസിന് ഇപ്പോൾ ഉള്ളത്. പ്രാദേശിക സിപിഎമ്മും ഇതിൽ നിന്നും വിഭിന്നമല്ല. ഇതുവരെ ബിജെപിക്ക് എതിരെ വ്യക്തമായ ഒരു നിലപാട് അവർ എടുത്തിട്ടില്ല. ശരവണനെ പോലെ മറുകണ്ടം ചാടാൻ തയ്യാറുള്ളവർ സിപിഎമ്മിലും ഉണ്ട്. അതിനു തെളിവാണ് സ്ഥിരം സമിതി ഇലക്ഷനിൽ തെറ്റായി ഒപ്പിട്ട സിപിഎമ്മിന്റെ വനിതാ കൗൺസിലർ. പൊതുവെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയാണ് ബിജെപി ആദ്യം നോട്ടമിടുക. അടുത്തു തന്നെ പാലക്കാട് നഗരസഭയിൽ കോൺഗ്രസിൽ നിന്ന് രണ്ട് പേരും സിപിഎമ്മിൽ നിന്ന് ഒരാളും ബിജെപിയിലേക്ക് പോകുമെന്നാണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്ന വിവരം.”

കോൺഗ്രസ്സിലെയും മുസ്ലിംലീഗിലെയും സിപിഎമ്മിലെയും യുവജന പ്രവർത്തകർ നേതൃത്വത്തിന്റെ നടപടികളിൽ പൊതുവെ അസ്വസ്ഥരാണെന്നാണ് സൂചന. കേരളത്തിലുടനീളം ബിജെപി പുറത്തെടുക്കാൻ പോവുന്ന ഇത്തരം രാഷ്ട്രീയ ചതിപ്രയോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്ന് പാലക്കാട് യൂത്ത് കോൺഗ്രസ് പ്രസിഡന്റായ ബോബൻ അഴിമുഖത്തോട് പ്രതികരിച്ചു. “കോഴപ്പണം ഉപയോഗിച്ച് ജനാധിപത്യ വ്യവസ്ഥിതിയെ എങ്ങനെ അട്ടിമറിക്കാം എന്നതിന്റെ കേരളത്തിലെ ബിജെപിയുടെ പരീക്ഷണ ശാലയായിരുന്നു പാലക്കാട്. ഇവിടെ അവർ അതിൽ വിജയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ പാലക്കാട് നഗരസഭയിൽ സംഭവിച്ചത് കേരളത്തിൽ ഇനിയും ആവർത്തിക്കപ്പെട്ടേക്കാം. കള്ളപ്പണം വാരിയെറിഞ്ഞു ജാനാധിപത്യ വ്യവസ്ഥയെ തന്നെ അട്ടിമറിയ്ക്കുന്ന ബിജെപിയുടെ ഇത്തരം പ്രവണതയ്ക്കെതിരെ കേരളത്തിലെ രാഷ്ട്രീയ സമൂഹം ജാഗ്രത പുലർത്തേണ്ട സമയമാണിത്. കോൺഗ്രസിലേയും മുസ്ലിം ലീഗിലെയും നാലു കൗൺസിലർമാർ തങ്ങൾക്ക് കോഴ വാഗ്ദാനം ലഭിച്ചു എന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിട്ടുണ്ട്. അതെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണം”

അവിശ്വാസത്തിനു വേണ്ടുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചു വേണ്ട മുൻകരുതലുകൾ എടുത്തിരുന്നു എന്ന് ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ പറയുന്നു, “വിശദമായ ചർച്ചകൾക്കൊടുവിൽ അംഗങ്ങളുടെയെല്ലാം അഭിപ്രായം തേടിയ ശേഷമാണ് അവിശ്വാസ നടപടികളുമായി ഞങ്ങൾ മുന്നോട്ട് പോയത്. ഞായറാഴ്ച രാത്രി പന്ത്രണ്ടര വരെ എല്ലാ കൗൺസിലർമാരുടെ വീട്ടിലും പ്രവർത്തകർ കാവലുണ്ടായിരുന്നു. ശരവണന്റെ വീട്ടിലും കാവൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ അർദ്ധ രാത്രിയ്ക്ക് ശേഷം ബിജെപി പിന്തുണയോടെ മുൻസിപ്പൽ സെക്രട്ടറിയുടെ വീട്ടിലെത്തിയാണ് ശരവണൻ രാജി സമർപ്പിച്ചത്. അങ്ങനെ ഒരു സമയത്ത് രാജി സ്വീകരിച്ച മുൻസിപ്പൽ സെക്രട്ടറി യുടെ നടപടി ഉൾപ്പെടെ ഞങ്ങൾ ചോദ്യം ചെയുന്നുണ്ട്. ഇതുകൊണ്ടൊന്നും ബിജെപിക്ക് എതിരെയുള്ള പോരാട്ടം ഞങ്ങൾ അവസാനിപ്പിക്കുകയുമില്ല.”

അവിശ്വാസത്തെ കുറിച്ചുള്ള ചർച്ചകളുടെ തുടക്കത്തിലേ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്ന വിഷയമായിരുന്നു മുസ്ലിം ലീഗിലെ അബ്ദുൽ അസീസും കൗൺസിലർ സെയ്തലവി പൂളക്കാടനും തമ്മിലുള്ള കേസ്. കോടതിയുടെ പരിഗണയിലുള്ള ഈ കേസ് മൂലം സെയ്തലവിക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തിൽ ബിജെപിക്ക് എതിരെയുള്ള അവിശ്വാസം നീണ്ടു പോവാനുള്ള കാരണമായി കോൺഗ്രസ്സ് ചൂണ്ടിക്കാണിച്ചത് ഈ കേസാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്തെ സ്ഥാനാർഥിത്വത്തെ സംബന്ധിച്ചുണ്ടായ ഈ കേസ് അവസാനിപ്പിക്കാൻ മുസ്ലിം ലീഗിന്റെ ഭാഗത്തു നിന്നും ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ലെന്ന് ആക്ഷേപം ഉയരുന്നു. എന്നാൽ കീഴ്കോടതിയിൽ അവസാനിപ്പിക്കാമായിരുന്ന കേസിൽ അപ്പീലിനു പോയത് സെയ്തലവിയാണെന്നാണ് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി അബ്ദുൾ അസീസ് അഴിമുഖത്തോട് പ്രതികരിച്ചത്. അതുകൊണ്ട് മുസ്ലിം ലീഗിന് ഇതിൽ പങ്കൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. അബ്ദുൾ അസീസിന് വേണ്ടത് തന്റെ കൗൺസിലർ സ്ഥാനമാണെന്നും അത് കൈമാറാൻ മനസ്സില്ലാത്തതുകൊണ്ടാണ് മേൽക്കോടതിയിൽ അപ്പീലിനു പോയതെന്നുമാണ് സെയ്തലവിയുടെ പ്രതികരണം. ഈ കേസിനോടുള്ള മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഉദാസീന സമീപനം കൊണ്ട് ഇപ്പോൾ നേട്ടമുണ്ടായത് ബിജെപിക്കാണ് എന്ന് പാർട്ടി പ്രവർത്തകരും സമ്മതിക്കുന്നു.

ആരോഗ്യ കാര്യ സ്ഥിരം സമിതിയിലേക്ക് നടന്ന അവിശ്വാസ വോട്ടെടുപ്പിൽ തെറ്റായി ഒപ്പിട്ട് പരാജയത്തിലേക്ക് നയിച്ചു എന്ന് പഴി കേൾക്കേണ്ടി വന്ന നഗരസഭ കൗൺസിലർ സാജിത എം കെ പറയുന്നു, “പാലക്കാട് നഗരസഭയിൽ ആരോഗ്യ സ്റ്റാൻറ്റിംഗ് കമ്മിറ്റിക്കെതിരെ കൊണ്ടുവന്ന അവിശ്വാസത്തിൽ എന്റെ വോട്ട് അസാധുവായതിന് കാരണം എന്റെ പേരിലുള്ള വ്യത്യാസമായിരുന്നു. മുനിസിപ്പൽ വാർഡ് തിരെഞ്ഞടുപ്പിൽ മൽസരിക്കുന്ന സമയത്തും അതിന് ശേഷം 3 വർഷമായി എന്റെ പേര് സാജിത ഫാഹിം എന്നാണ് അറിയപ്പെട്ടിരുന്നത്. പക്ഷെ സ്കൂൾ സർട്ടിഫിക്കറ്റിലും, മറ്റ് രേഖകളിലും സാജിത എം.കെ എന്നാണ്. അവിശ്വാസത്തിൽ പേര് എഴുതി ഒപ്പിടുമ്പോൾ സാധാരണയായി ഞാൻ ഉപയോഗിച്ച് വരുന്ന സാജിത ഫഹീം എന്നാണ് എഴുതിയത്. പക്ഷെ സ്കൂൾ സർട്ടിഫിക്കറ്റിലുള്ള സാജിത എം.കെ എന്നാണ് എഴുതി ഒപ്പിടേണ്ടിയിരുന്നത്. ആ അബദ്ധത്തെ തുടര്‍ന്നാണ് അവിശ്വാസം പാസാകാതിരുന്നത്. അതിന്റെ പേരിൽ ധാരാളം കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും എനിക്ക് നേരിടേണ്ടി വന്നു. പക്ഷെ ഞാൻ അതിനെയൊക്കെ അതിജീവിച്ചു. ഇപ്പോൾ നഗരസഭ ചെയർപേഴ്സനും വൈസ് ചെയർമാനും എതിരെയുള്ള അവിശ്വാസം കോൺഗ്രസ്സ് കൊണ്ടുവന്നു. അതിൽ എന്റെ പാർട്ടി എന്നെ ഏൽപ്പിച്ച ബിജെപിയ്ക്ക് എതിരെ വോട്ട് ചെയ്യുക എന്ന ജോലി ഞാൻ ഭംഗിയായി നിറവേറ്റി. പക്ഷെ അവിശ്വാസം പാസായില്ല. ഒരു കോൺഗ്രസ് അംഗം രാജി വെച്ചത് മൂലമാണ് അത്. എനിക്ക് പറ്റിയ ഒരബദ്ധത്തിന്റെ പേരിൽ സ്ത്രീ എന്നൊരു പരിഗണന പോലും ഇല്ലാതെ എന്നെ ആക്രമിച്ചവർക്ക് സ്വന്തം പാർട്ടി അംഗത്തിന്റെ ഈ പ്രവർത്തിയെ കുറിച്ച് എന്താണ് പറയാനുള്ളത്?” സാജിത ചോദിക്കുന്നു.

കേരളത്തിൽ നടന്നു വരുന്ന കോൺഗ്രസ്സില്‍ നിന്നുള്ള ബിജെപിയിലേക്കുള്ള ഒഴുക്കിന്റെ മറ്റൊരു ഉദാഹരമാണ് ബിജെപിയ്ക്ക് എതിരായ അവിശ്വാസത്തിനു മുങ്ങി ബിജെപിയുടെ പാലക്കാട് ജില്ലാ ഓഫിസിൽ പൊങ്ങിയ കോൺഗ്രസ്സ് കൗൺസിലർ ശരവണൻ എന്നാണ് പാലക്കാട് എംപി എം ബി രാജേഷ് പറഞ്ഞത്. “രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്ന് കോൺഗ്രസിനെ നയിച്ചത് ബിജെപി ആസ്ഥാനത്തേക്കാണ്. ഇപ്പോൾ ചെയർപേഴ്സന് എതിരെയും മുൻപ് സ്ഥിരം സമിതികളിലേക്കും നടന്ന അവിശ്വാസങ്ങളിലെല്ലാം സിപിഎം നിലപാട് വ്യക്തമായിരുന്നു. ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് താഴെയിറക്കാനുള്ള ശ്രമത്തിൽ സിപിഎമ്മിന്റെ എല്ലാ അംഗങ്ങളും പിന്തുണ നൽകി. എന്നാൽ കോൺഗ്രസ്സ് കൗൺസിലർ കാലുമാറി. ഇപ്പോൾ അതെ ആളുതന്നെ ബിജെപി സ്ഥാനാർഥി ആയി ആ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നു. കൊടിയില്ലാതെ ബിജെപിയുടെ പ്രകടനത്തിന് പൊയ്ക്കോളാനല്ലേ കോൺഗ്രസ് നേതൃത്വം അണികളോടും പ്രവർത്തകരോടും പറഞ്ഞത്? അവരത് അനുസരിക്കുന്നേയുള്ളൂ. ആദ്യം അവർ കൊടി ഉപേക്ഷിച്ചു. പിന്നെ രാഹുൽ ഗാന്ധിയെ ഉപേക്ഷിച്ചു. ഇപ്പോ ബിജെപിയുടെ കൊടി പിടിച്ചു തുടങ്ങി. എന്തുകൊണ്ട് സിപിഎം അംഗങ്ങളെ ബിജെപി സ്വാധീനിക്കാൻ നോക്കിയില്ല? അതിനു വേണ്ടി സമയം മിനക്കെടുത്തേണ്ട കാര്യമില്ല, ആവശ്യത്തിന് ആളുകളെ കോൺഗ്രസിൽ നിന്ന് കിട്ടും എന്ന് ബിജെപിയ്ക്കറിയാം എന്നത് തന്നെ. യഥാർത്ഥ കോൺഗ്രസ്സ് പ്രവർത്തകർ ഇതിലൊക്കെ വളരെ അസ്വസ്ഥരാണ്. കേരളം പിടിക്കാൻ കോൺഗ്രസിനെ പിടിച്ചാൽ മതി എന്നതാണ് ബിജെപി നയം. ബിജെപി പ്രസിഡന്റ് ശ്രീധരൻ പിള്ള പറഞ്ഞതും അതു തന്നെയാണ് ‘നമ്മൾ വച്ച കെണിയിൽ ഓരോരുത്തരായി വീണു’. ആദ്യം വീണത് ചെന്നിത്തലയും മുല്ലപ്പള്ളിയും ഒക്കെയാണ്. ഇപ്പൊ ദാ പാലക്കാട് ശരവണനും. കെണിയിൽ വീഴാൻ നടക്കുന്ന കോൺഗ്രസ്സുകാർ ഇനിയും ഒരുപാടുണ്ട്. അത് വരും ദിവസങ്ങളിൽ കാണാം.”

നഗരസഭയിലെ അവിശ്വാസത്തിൽ ബിജെപിക്ക് എതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നിരിക്കുന്ന നാലു കൗൺസിലർമാരും ഉന്നയിക്കുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണ്. കോൺഗ്രസ്സ് കൗൺസിലർമാരായ ഭാഗ്യം, മണി, ശാന്തി എന്നിവരും മുസ്ലിം ലീഗ് കൗൺസിലറായ സാജിദയുമാണ് പത്രസമ്മേളനത്തിൽ കോഴ വാഗ്ദാനം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. അവിശ്വാസത്തെ പിന്തുണയ്ക്കെരുതെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാത്രി വീട്ടിൽ വന്ന ബിജെപി പ്രവർത്തകൻ പതിനഞ്ചു ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തെന്ന് മൂന്നാം വാർഡ് കൗൺസിലർ ആയ ഭാഗ്യം ആരോപിക്കുന്നു. “ഞായറാഴ്ച വൈകുന്നേരമാണ് ബിജെപി പ്രവർത്തകർ വീട്ടിൽ വന്നത്. പിറ്റേന്ന് നടക്കുന്ന അവിശ്വാസത്തിൽ പങ്കെടുക്കരുതെന്നും എങ്ങോട്ടെങ്കിലും മാറി നിൽക്കണമെന്നും അവർ പറഞ്ഞു. തിരുവനന്തപുരത്തേയ്ക്ക് മാറുന്നതാണ് നല്ലതെന്നും അതിനുള്ള എല്ലാ സൗകര്യവും തങ്ങൾ ചെയ്തു തരാമെന്നും അവര്‍ പറയുകയുണ്ടായി. അതനുസരിച്ചാൽ മകളുടെ വിവാഹത്തിനും മകന്റെ ജോലിക്കും വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരാമെന്നായിരുന്നു പറഞ്ഞത്. എന്റെ മുത്തച്ഛന്റെ കാലം തൊട്ടേ ഞങ്ങൾ കോൺഗ്രസ്സുകാരാണ് അതുകൊണ്ട് ഇത്തരം കാര്യങ്ങളൊന്നും ഇവിടെ നടപ്പാവില്ലെന്ന് പറഞ്ഞപ്പോൾ അവരു പോയി”.

ഡിസിസി പ്രസിഡന്റ് പറഞ്ഞതു പോലെ വീടിനു പാർട്ടി പ്രവർത്തകരുടെ കാവൽ ഉണ്ടായിരുന്നോ എന്നു ചോദിച്ചപ്പോൾ അതൊന്നും ഉണ്ടായിരുന്നില്ല എന്നായിരുന്നു കൗൺസിലർ ഭാഗ്യത്തിന്റെ മറുപടി. തങ്ങൾക്കും പല രീതിയിൽ ഇത്തരം വാഗ്ദാനങ്ങളും അവിശ്വാസത്തിൽ നിന്ന് പിന്മാറാനുള്ള ഫോൺ കോളുകളും ലഭിച്ചെന്ന് മറ്റു മൂന്ന് കൗൺസിലർമാരും വെളിപ്പെടുത്തി.

ബിജെപിക്ക് നേരെ ഉയരുന്ന ആരോപണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നു പാലക്കാട് നഗരസഭ ചെയർപേഴ്സൺ ആയ പ്രമീള കുമാരി അഴിമുഖത്തോട് പ്രതികരിച്ചു. “ബിജെപി കോഴ കൊടുത്ത് കോൺഗ്രസ്സ് കൗൺസിലറെ വിലയ്ക്ക് വാങ്ങി എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. വല്ല എം എല്‍ എയോ എം പിയെയോ ഒക്കെ ആണെങ്കിൽ കേൾക്കാനെങ്കിലും കൊള്ളാം. ഒരു മുൻസിപ്പൽ കൗൺസിലർക്ക് വേണ്ടി ലക്ഷങ്ങൾ ചിലവാക്കേണ്ട ആവശ്യമൊന്നും ബിജെപിക്കില്ല. ശരവണനെ സംബന്ധിച്ച് പറഞ്ഞാൽ വളരെ മുൻപ് തന്നെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ സമീപനത്തിൽ അയാൾ അസ്വസ്ഥനായിരുന്നു. ദളിതൻ എന്ന രീതിയിൽ പല വിവേചനങ്ങളും പാർട്ടിയിൽ സഹിക്കേണ്ടി വരുന്നു എന്ന് എന്നോട് പല തവണ അയാൾ വിഷമം പറഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിൽ സിപിഎമ്മുമായി യോജിച്ചു പോവാൻ കോൺഗ്രസ്സ് നേതൃത്വം തീരുമാനിച്ചത് തനിക്ക് സഹിക്കാൻ കഴിഞ്ഞില്ല എന്നാണയാൾ പറഞ്ഞത്. ശരവണൻ മാത്രമല്ല മറ്റു പല കോൺഗ്രസ്സ് കൗൺസിലർമാരും എന്നോട് ചോദിച്ചിട്ടുണ്ട് ‘എന്തിനാണ് മേഡം ഇപ്പോൾ ഈ അവിശ്വാസം’ എന്ന്. ഇവിടെ കാര്യങ്ങളൊക്കെ നല്ല രീതിയിൽ പോവുമ്പോ ആവശ്യമില്ലാത്ത ഒരു അവിശ്വാസം കൊണ്ടുവന്നു എല്ലാവരെയും ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ല എന്ന അഭിപ്രായമായിരുന്നു ഭൂരിപക്ഷം കോൺഗ്രസ്സുകാർക്കും”.

വരാൻ പോകുന്ന കൽപ്പാത്തി വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ ശരവണൻ തന്നെയാവും തങ്ങളുടെ സ്ഥാനാർഥി എന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.

പിള്ളയുടെ രഥ യാത്രയും ശരവണന്‍മാരുടെ പദയാത്രയും; ഒറ്റ വേദിയില്‍ അവസാനിക്കുമോ എന്ന് കാത്ത് കേരളം

പാലക്കാട്: അവിശ്വാസ സമയത്ത് കോണ്‍ഗ്രസില്‍ നിന്ന് മുങ്ങിയ ശരവണന്‍ പൊങ്ങിയത് ബിജെപി ആസ്ഥാനത്ത്

പാലക്കാട് നഗരസഭയില്‍ അവിശ്വാസം പ്രമേയം അട്ടിമറിച്ച കോണ്‍ഗ്രസ്സ് കൌണ്‍സിലര്‍ നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ട് മുൻപ് മാത്രം പാർട്ടിയിൽ അംഗത്വം എടുത്തയാള്‍

പാലക്കാട്ടെ ഇന്ത്യയിലെ ഏക കൈപ്പത്തി പ്രതിഷ്ഠ ക്ഷേത്രവും ഇന്ദിരാ ഗാന്ധിയും തമ്മിലെന്ത്? മതേതര കോണ്‍ഗ്രസ് എന്ന മിത്ത്

രഥയാത്ര അവസാനിക്കുമ്പോള്‍ കേരളം ബിജെപിക്ക് പാകമായ മണ്ണായി മാറും: പിഎസ് ശ്രീധരന്‍ പിള്ള

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍