UPDATES

ട്രെന്‍ഡിങ്ങ്

മൂന്നാറിലെ പാവങ്ങളോട് വേണ്ടായിരുന്നു ഈ ക്രൂരത; ‘മോദിയുടെ 15 ലക്ഷം ഉടന്‍’ എന്ന വ്യാജ സന്ദേശം പരത്തിയവരെ തിരഞ്ഞ് പോലീസും പോസ്റ്റ് ഓഫീസും

15 ലക്ഷം പോസ്റ്റ് ഓഫീസ് എക്കൌണ്ടില്‍ എന്ന സന്ദേശത്തില്‍ കുടുങ്ങിയത് തമിഴ് വംശജരായ തോട്ടം തൊഴിലാളികള്‍

മുന്നാറിലെയും ദേവികുളത്തെയും ആയിരക്കണക്കിന് തൊഴിലാളികളെ പറ്റിച്ച രണ്ടു വ്യാജ വാട്‌സ് ആപ്പ് പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ആരെന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഒപ്പം തങ്ങളുടെ ജോലിക്ക് വരെ ഭീഷണിയായേക്കാവുന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയവര്‍ ആരാണെന്ന ചോദ്യവുമായി മൂന്നാര്‍ പോസ്റ്റ് ഓഫിസിലെ ജീവനക്കാരും. മൂന്നു ദിവസങ്ങള്‍ കൊണ്ട് നിരവധി പേരെ കബളിപ്പിച്ചവര്‍ ആരാണെന്നറിയാനുള്ള ആകാംക്ഷ മൂന്നാറിലെ ജനങ്ങള്‍ക്കും ഉണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ വാഗ്ദാനമായിരുന്നു എല്ലാ പൗരന്മാരുടെയും അകൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന്. ഈ വാഗ്ദാനം ബിജെപി തന്നെ തള്ളിക്കളഞ്ഞിട്ട് കാലങ്ങളായെങ്കിലും ആ ’15 ലക്ഷമാണ്’ മൂന്നാറില്‍ വില്ലനായത്. പോസ്റ്റ് ഓഫിസില്‍ അകൗണ്ട് എടുത്താല്‍, ആ അകൗണ്ടിലേക്ക് മോദിയുടെ 15 ലക്ഷം തവണകളായി നിക്ഷേപിക്കുമെന്നായിരുന്നു വാര്‍ത്ത. ആദ്യ തവണ ഒരു ലക്ഷം, അടുത്ത തവണ രണ്ടു ലക്ഷം, പിന്നെ മൂന്ന്…എന്നിങ്ങനെ ലക്ഷങ്ങള്‍ നിങ്ങളുടെ അകൗണ്ടുകളില്‍ നിറയുമെന്നു കേട്ടതോടെ ജനം ആവേശത്തോടെ പോസ്റ്റ് ഓഫിസിലേക്ക് ഓടുകയായിരുന്നു. കേട്ട വാര്‍ത്ത ശരിയാണോ തെറ്റാണോ എന്നു പോലും ആരും തിരക്കിയില്ല.

വഞ്ചിക്കപ്പെട്ടത് എസ്റ്റേറ്റ് തൊഴിലാളികളായ തമിഴ് വംശജരായിരുന്നു. തുച്ഛമായ കൂലിക്ക് പണിയെടുക്കുന്നവരാണ് തോട്ടം തൊഴിലാളികള്‍. പഴകിപ്പൊളിഞ്ഞ ലയങ്ങളിലാണ് എല്ലാവരുടെയും താമസം. തോട്ടത്തിലെ ജോലിയില്‍ നിന്നും പിരിഞ്ഞാല്‍ ലയത്തില്‍ നിന്നും ഇറങ്ങിക്കൊടുക്കുകയും വേണം. മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെ വലിയ ഭാരങ്ങളുണ്ട് ഓരോ തൊഴിലാളിക്കുമേലും. ഇതൊക്കെ എങ്ങനെ നടത്തുമെന്നും ആര്‍ക്കും അറിയില്ല. സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്തവരാണ് ഭൂരിഭാഗവും. ഇങ്ങനെ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും കഴിയുന്നവരോട് 15 ലക്ഷം രൂപ നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നുവെന്നു പറഞ്ഞാല്‍ വെറുതെയിരിക്കുമോ? നിങ്ങള്‍ക്ക് ചിലപ്പോള്‍ തമാശയായിരിക്കാം, വെറുതെ പണം കിട്ടുമെന്നു കേട്ടപ്പോള്‍ ഓടിപ്പോയി എന്നു പറഞ്ഞ് കളിയാക്കാം, പക്ഷേ ഞങ്ങളുടെ അവസ്ഥ അങ്ങനെയാണ്. എന്തിനാണ് ഞങ്ങളീ പാവങ്ങളെ പറ്റിച്ചത്? തലയാറിലെ എസ്റ്റേറ്റ് തൊഴിലാളിയായ ഈശ്വരമൂര്‍ത്തിയാണ് സങ്കടത്തോടെ ഇതു പറയുന്നത്.

ജൂലൈ 27 നാണ്(ശനിയാഴ്ച്ച) 15 ലക്ഷത്തിന്റെ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. ആരുടെയോ വാട്‌സ് ആപ്പ് സന്ദേശമായാണ് ഇതാദ്യം പുറത്തു വന്നത്. നിമിഷ നേരം കൊണ്ട് ഈ വാട്‌സ് ആപ്പ് സന്ദേശം പലരിലേക്കായി കൈമാറി. പിന്നീടത് തോട്ടം തൊഴിലാളികള്‍ക്കിടയില്‍ എത്തി. തൊഴിലാളികള്‍ക്കിടയില്‍ തങ്ങള്‍ക്ക് ‘ഭാഗ്യം’ വന്ന വിവരം പരക്കാന്‍ നിമിഷ നേരം മതിയായിരുന്നു. പോസ്റ്റ് ഓഫിസില്‍ പോയി ഇരുപത് രൂപയോ മറ്റോ നല്‍കി ഒരു ഫോം പൂരിപ്പിച്ച് അകൗണ്ട് ചേര്‍ന്നാല്‍ മതി, ആ അകൗണ്ടിലേക്ക് പണം വന്നോളും എന്നായിരുന്നു തൊഴിലാളികളോട് പറഞ്ഞത്. മലയാളം വായിക്കാനും എഴുതാനും അറിയാത്തവരാണ് തൊഴിലാളികളില്‍ ബഹുഭൂരിഭാഗവും. അതുകൊണ്ട് കൂടുതലൊന്നും തിരക്കാനും നില്‍ക്കാതെ മൂന്നാര്‍ ടൗണിലെ പോസ്റ്റ് ഓഫിസിലേക്ക് ആളുകള്‍ എത്തി.

തൊഴിലാളികള്‍ കൂട്ടമായി എത്തിയപ്പോള്‍ ആദ്യം സന്തോഷിച്ചെങ്കിലും പിന്നാടാണ് അപകടം തിരിച്ചറിഞ്ഞതെന്ന് പോസ്റ്റ് ഓഫിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം കൂടുതല്‍ അകൗണ്ടുകള്‍ പോസ്റ്റ് ഓഫിസുകളില്‍ ചേര്‍ക്കുന്നതിന്റെ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നതിനാല്‍ കൂടുതല്‍ പേര്‍ വന്ന് ചേരുന്നത് തങ്ങള്‍ക്ക് സഹായമായെന്നു കരുതിയിടത്ത് അകൗണ്ട് ചേര്‍ന്നവരെല്ലാം 15 ലക്ഷം കിട്ടാന്‍ വേണ്ടിയാണ് വന്നതെന്ന് അറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ ഞെട്ടി. വന്നവരോടെല്ലാം കാര്യം പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു, പക്ഷേ ആളുകള്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല, മാത്രമല്ല കൂടുതല്‍ കൂടതല്‍ പേര്‍ എത്തിച്ചേര്‍ന്നുകൊണ്ടുമിരുന്നു. അകൗണ്ട് ചേരാന്‍ വരുന്നവരോട് പറ്റില്ല എന്നു പറയാന്‍ കഴിയില്ലല്ലോ, അതുകൊണ്ട് അപേക്ഷകള്‍ സ്വീകരിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ നിയന്ത്രിക്കാനാവത്ത വിധം ആളുകള്‍ കൂടിയതോടെ ആളുകളെ പറഞ്ഞു വിടാന്‍ നോക്കി. ആരും പോയില്ല. 15 ലക്ഷം അകൗണ്ടില്‍ വരുമെന്നത് വ്യാജ പ്രചാരണമെന്നും അങ്ങനെയൊരു വാഗ്ദാനവും ഞങ്ങള്‍ നല്‍കിയിട്ടില്ലെന്നു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് തമിഴില്‍ വലിയൊരു ബോര്‍ഡ് വച്ചു. ആളുകള്‍ അതും അവഗണിച്ചു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നു മനസിലായപ്പോള്‍ പൊലീസിനെ വിളിച്ചു. അവരും വന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ നോക്കിയിട്ടും രക്ഷയില്ലായിരുന്നു. ഒടുവില്‍ ടോക്കണ്‍ നല്‍കി, നാളെ വരൂ, അകൗണ്ട് ചേര്‍ക്കാം എന്നു പറഞ്ഞാണ് ഒരുവിധത്തില്‍ ആളുകളെ പിരിച്ചു വിട്ടത്; മൂന്നാര്‍ പോസ്റ്റ് ഓഫിസിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.

ഞായറാഴ്ച്ച രാത്രി പത്തുമണിവരെ ആളുകളുടെ നീണ്ട നിര പോസ്റ്റ് ഓഫിസിനു മുന്നില്‍ ഉണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വന്നവരോട് തങ്ങളും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിക്കാന്‍ നോക്കിയെങ്കിലും ഞങ്ങള്‍ക്ക് പൈസ കിട്ടുന്നത് മുടക്കുവാണോ എന്ന് അവര്‍ തിരിച്ചു ചോദിക്കാന്‍ തുടങ്ങിയതോടെ പിന്‍വാങ്ങുകയാണ് ചെയ്തതെന്നു മൂന്നാര്‍ ടൗണിലുള്ളവര്‍ പറയുന്നു.

ഞായറാഴ്ച്ച രാത്രിയില്‍ പോയവര്‍ തിങ്കളാഴ്ച്ച അതിരാവിലെ തന്നെ വീണ്ടും പോസ്റ്റ് ഓഫിസിനു മുന്നില്‍ എത്തി. മഴയാണെങ്കിലും അസുഖമാണെങ്കിലും ഒരു ദിവസം പോലും തോട്ടത്തിലെ ജോലിക്ക് പോകാന്‍ മുടക്കം വരുത്താത്തവരാണ് തൊഴിലാളികള്‍. കാരണം ഒരു ദിവസത്തെ വേതനം പോയാല്‍ അത്രയും പട്ടിണി കൂടുമെന്നവര്‍ക്ക് അറിയാം. എന്നാല്‍ ആരോ പരത്തിയ വ്യാജ പ്രചരണത്തില്‍ ജോലി പോലും ഉപേക്ഷിച്ചാണ് അതിരാവിലെ തന്നെ തൊഴിലാളികള്‍ പോസ്റ്റ് ഓഫിസിലെത്തിയത്. ഞായറാഴ്ച്ച തുടങ്ങിയ തിരക്ക് ചൊവ്വാഴ്ച്ച വരെ നീണ്ടു. നിരവധി പേര്‍ അകൗണ്ട് എടുത്ത് മടങ്ങിയിട്ടുണ്ട്. ഇവരൊക്കെ നാളെ, തങ്ങളുടെ അകൗണ്ടില്‍ പണം വന്നോ എന്നു ചോദിച്ചു വന്നാല്‍ എന്തെടുക്കുമെന്ന പേടിയാണ് പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ക്ക്.

ഇത്രയും ജനങ്ങളെ ഒരുമിച്ച് വഞ്ചിച്ചവര്‍ ആരാണെന്ന ചോദ്യത്തിനാണ് എല്ലാവരും ഉത്തരം തേടുന്നത്. അതിനു പിന്നില്‍ പോസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ തന്നെയാണെന്നാണ് ഒരു ഭാഗത്തു നിന്നും ഉയരുന്നത്. പോസ്റ്റ്മാന്‍മാര്‍ ലയങ്ങളില്‍ ചെന്ന് ഈ വാര്‍ത്ത പ്രചരിപ്പിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ടൗണില്‍ ഉള്ളവര്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് നൂറു ദിവസത്തിനുള്ളില്‍ ആയിരം അകൗണ്ട് ചേര്‍ക്കണമെന്നുണ്ട്. ഇവിടെ അതിന് ആയിട്ടില്ല, ഒടുവില്‍ കണ്ടെത്തിയ വഴിയായിരിക്കണം ഇങ്ങനെയൊരു പ്രചാരണം നടത്തിയതിനു പിന്നിലെന്നും പറയുന്നു. മാട്ടുപ്പെട്ടിയിലും എല്ലപ്പെട്ടിയിലും അങ്ങനെ പല എസ്റ്റേറ്റുകള്‍ക്കടുത്തും പോസ്റ്റ് ഓഫീസുകളുണ്ട്. അവിടെയൊന്നും ഉണ്ടാകാത്തൊരു സംഭവം മൂന്നാര്‍ ടൗണിലെ പോസ്റ്റ് ഓഫിസില്‍ മാത്രം എങ്ങനെ ഉണ്ടായി എന്നതാണ് ഉദ്യോഗസ്ഥരെ സംശയിക്കാനായി ഉയര്‍ത്തുന്ന ചോദ്യം.

എന്നാല്‍ ഈ ആരോപണങ്ങളെ പൂര്‍ണമായി തള്ളിക്കളയുകയാണ് മൂന്നാര്‍ പോസ്റ്റ് മാസ്റ്റര്‍ മുരുഗയ്യ. ഈ സംഭവം തന്നെ മാനസികമായി ആകെ തകര്‍ത്തിരിക്കുകയാണെന്നും താനൊരു ഹൃദ്രോഗിയാണെന്നും മുരുഗയ്യ പറയുന്നു. ഒരാളോടും കള്ളം പറഞ്ഞ് അകൗണ്ട് ചേര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് മുരുഗയ്യ പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ സെപ്തംബറില്‍ മുന്നോട്ടുവച്ച് ഒരു പദ്ധതിയാണ് ഐപിപിബി(ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്). 100 ദിവസത്തിനുള്ളില്‍ ഒരു കോടി അകൗണ്ട് പോസ്റ്റ് ഓഫിസില്‍ ചേര്‍ക്കുകയാണ് ഈ പദ്ധതിയില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. പോസ്റ്റ് ഓഫീസുകള്‍ ഡിജിറ്റലൈസ് നെറ്റ്‌വര്‍ക്കിംഗ് ബാങ്കിംഗ് സംവിധാനത്തിലേക്ക് മാറ്റുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു കോടി അകൗണ്ടുകള്‍ വരുമ്പോള്‍ 1300 ഗ്രാമങ്ങള്‍ ഡിജിറ്റലൈസ്ഡ് സിറ്റിയായി സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഈ പദ്ധതി പ്രകാരം മൂന്നാര്‍ പോസ്റ്റ് ഓഫീസിനും ടാര്‍ഗറ്റ് ഉണ്ടായിരുന്നു. ജനങ്ങള്‍ക്ക് വളരെ ഉപകാരപ്പെടുന്ന പദ്ധതിയാണ്. പെന്‍ഷനും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ആശ്രയിച്ചു ജീവിക്കുന്നവരാണ് തൊഴിലാളികളില്‍ കൂടുതലും. ഇപ്പോള്‍ പെന്‍ഷന്‍ ഒക്കെ ബാങ്ക് വഴിയാണല്ലോ നല്‍കുന്നത്. ഈ തൊഴിലാളികള്‍ ഒരു ദിവസം മുഴുവന്‍ ബാങ്കില്‍ പോയി നിന്നിട്ടാവും കാ്ശ് കിട്ടുക. പോസ്റ്റ് ഓഫീസുകള്‍ വഴിയാകുമ്പോള്‍ പെന്‍ഷനൊക്കെ അവരുടെ വീട്ടില്‍ കൊണ്ടു ചെന്നു കൊടുക്കും. പറഞ്ഞ ടാര്‍ഗറ്റ് തികച്ചാല്‍ മൂന്നാര്‍ ഡിജിറ്റലൈസ്ഡ് സിറ്റിയുമാകും. അതീ ജനങ്ങള്‍ക്ക് തന്നെയാണ് ഉപകാരം. ഈ വിവരങ്ങള്‍ പറഞ്ഞാണ് അകൗണ്ട് എടുക്കാന്‍ അഭ്യര്‍ത്ഥിച്ചത്. അല്ലാതെ യാതൊരു വാഗ്ദാനങ്ങളും നല്‍കിയിരുന്നില്ല. ആരോ ഉണ്ടാക്കി വിട്ട വ്യാജ വാര്‍ത്തയാണ്. ഞങ്ങളാരും ഇതിനു പിന്നില്‍ കള്ളത്തരം കാണിച്ചിട്ടില്ല. അങ്ങനെ കള്ളം പറഞ്ഞ് ആളുകളെക്കൊണ്ട് അകൗണ്ട് എടുപ്പിച്ചിട്ട് എനിക്ക് പ്രത്യേക നേട്ടം ഒന്നുമില്ല. ഞാനൊരു ഹൃദ്രോഗിയായിട്ടും ഈ പോസ്റ്റ് ഓഫീസ് മെച്ചപ്പെടുത്താനാണ് ഇതുവരെ പരിശ്രമിച്ചത്. നാട്ടുകാര്‍ക്ക് ഗുണം കിട്ടുന്ന കാര്യങ്ങളെ ഇതുവരെ ചെയ്തിട്ടുള്ളൂ. എന്റെ നിരപരാധിത്വം മേലുദ്യോഗസ്ഥര്‍ക്ക് മനസിലാകും. ആരാണ് ഇത്തരം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെങ്കിലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സെബര്‍ പൊലീസിന് പരാതി നല്‍കും. എത്രയോ പാവപ്പെട്ട തൊഴിലാളികളെയാണ് വഞ്ചിച്ചത്, എന്നപ്പോലുള്ള ജീവനക്കാരുടെ മനസമാധാനവും അവര്‍ കളഞ്ഞില്ലേ. അത്തരക്കാര്‍ എന്തായാലും ശിക്ഷിക്കപ്പെടണം; മുരുഗയ്യ പറയുന്നു.

ഇടുക്കി ഡിവിഷന്‍ പോസ്റ്റ് ഓഫിസ് സൂപ്രണ്ട് വി. പരമശിവം പറയുന്നതും യാതൊരു വാ്ഗ്ദാനങ്ങളും തങ്ങള്‍ ആളുകള്‍ക്ക് നല്‍കിയിരുന്നില്ലെന്നാണ്. അകൗണ്ടില്‍ പണം വരുമെന്നു പറഞ്ഞ് ആളുകള്‍ കൂടാന്‍ തുടങ്ങിയതോടെ ഇക്കാര്യം വ്യക്തമാക്കി ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. ഈ വിവരം പിന്നീട് സോഷ്യല്‍ മീഡിയ വഴിയും മാധ്യമങ്ങള്‍ വഴിയും ജനങ്ങളെ അറിയാക്കാനും ശ്രമിച്ചതായി സൂപ്രണ്ട് വ്യക്തമാക്കുന്നു.

പോസ്റ്റ് ഓഫിസില്‍ 15 ലക്ഷത്തിന് ആളു കൂടിയതുപോലെ തന്നെയായിരുന്നു ദേവികുളം റവന്യു ഡിവിഷണല്‍ ഓഫിസിലും സംഭവിച്ചത്. ഇതിനു പിന്നിലും ഒരു വാട്‌സ് ആപ്പ് വ്യാജ പ്രചാരണം ആയിരുന്നു. ഇപ്പോള്‍ അപേക്ഷ വച്ചാല്‍ പട്ടയവും ഭൂമിയും കിട്ടുമെന്നതായിരുന്നു ആ് പ്രചാരണം. മൂന്നാറിലും ദേവികുളത്തും ലയങ്ങളില്‍ താമസിക്കുന്ന, സ്വന്തമായി ഭൂമിയില്ലാത്ത തൊഴിലാളികള്‍ ഈ വാര്‍ത്തയും വിശ്വസിച്ചു. നേരെ ആര്‍ഡിഒ ഓഫിസില്‍ എത്തി. ഇങ്ങനെയൊരു നിര്‍ദേശം സര്‍ക്കാരില്‍ നിന്നും വന്നിട്ടില്ലെന്ന് സബ് കളക്ടര്‍ രേണു രാജ് പറഞ്ഞിട്ടും ആളുകള്‍ വിശ്വസിച്ചില്ല. പിന്നാലെ വ്യാജ വാര്‍ത്തയാണെന്നു വ്യക്തമാക്കി പത്രക്കുറിപ്പ് ഇറക്കി. എന്നിട്ടും ആളുകള്‍ വന്നുകൊണ്ടേയിരുന്നു. തോട്ടത്തിലെയും മറ്റും ജോലി കളഞ്ഞാണ് ഓരോരുത്തരും വന്നത്. ജനങ്ങളുടെ ദയനീയാവസ്ഥ മനസിലാക്കിയ ആര്‍ഡിഒ ഓഫിസിലെ ഉദ്യോഗസ്ഥര്‍ വന്നവരെ നിരാശരാക്കാതെ അവരുടെ കൈയില്‍ നിന്നും അപേക്ഷ വാങ്ങാന്‍ തയ്യാറായി. അതോടെ പലരും പിരിഞ്ഞുപോയത് സര്‍ക്കാര്‍ സൗജന്യമായി തങ്ങള്‍ക്ക് ഭൂമി കിട്ടുമെന്ന പ്രതീക്ഷയോടെയാണ്.

കഴിഞ്ഞ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ദേവികുളം മൂന്നാര്‍ ഭാഗത്ത് അയ്യായിരം പേര്‍ക്ക് പട്ടയ ഭൂമി നല്‍കാന്‍ തീരുമാനം എടുത്തിരുന്നു. ഇതില്‍ 700 പേര്‍ക്ക് പട്ടയവും ഭൂമിയും നല്‍കി. ബാക്കിയുള്ളവര്‍ക്ക് ഭൂമി നല്‍കുന്നതിനു മുന്നേ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞു. പിണറായി സര്‍ക്കാര്‍ നേരത്തെ പട്ടയം കിട്ടിയിട്ടുള്ളവര്‍ക്ക് കൊടുക്കാനായി അളന്നു തിരിച്ചിട്ടിരിക്കുന്ന ഭൂമി നൂറു പേര്‍ക്ക് വീതം കൊടുക്കാനായി ഉത്തരവ് ഇറക്കിയിരുന്നു. ഓഗസ്‌റ്റോടെ ഈ ഭൂമി കിട്ടുമെന്നാണ് വിവരം. ഇതിനിടയിലാണ് നേരത്തെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവരോട് വേഗം പോയി അപേക്ഷ കൊടുത്താല്‍ പട്ടയം കിട്ടാനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുമെന്ന് ആരോ പറഞ്ഞുകൊടുത്തത്. ഇതു കേട്ടാണ് ഭൂമി കിട്ടുമെന്ന പ്രതീക്ഷയില്‍ ആര്‍ഡിഒ ഓഫിസില്‍ ആളു കൂടിയത്.

വ്യാജ വാര്‍ത്തയുടെ പേരില്‍ കോളടിച്ച മറ്റു ചിലര്‍ ഉണ്ടായിരുന്നു. റവന്യു ഡിവിഷണല്‍ ഓഫിസനു മുന്നില്‍ അപേക്ഷകള്‍ പൂരിപ്പിച്ച് കൊടുക്കാനിരിക്കുന്നവരായിരുന്നു ആ ‘ഭാഗ്യവന്മാര്‍’. എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് മലയാളം അറിയാത്തതുകൊണ്ട് അപേക്ഷ എഴുതി നല്‍കുന്നത് ഇവരാണ്. സാധാരണ ഇരുപതോ മുപ്പതോ രൂപയാണ് ഫീസ് ആയി വാങ്ങുന്നത്. എന്നാല്‍ ഭൂമി കിട്ടാന്‍ വേണ്ടി ആളു കൂടിയപ്പോള്‍ സാഹചര്യം മുതലെടുത്ത് അപേക്ഷ എഴുതി നല്‍കാനുള്ള ഫീസ് 150 ഉം 200 ആക്കി. ആ വഴിയില്‍ കുറെ കാശ് അവര്‍ ഉണ്ടാക്കുകയും ചെയ്തു. പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഒരു ദിവസത്തെ കൂലിയും പോയി അതിനൊപ്പം അപേക്ഷ എഴുതി കിട്ടാനായി വേറെയും പണം പോയി. ആ പണം അവരുടെ ഒരു ദിവസത്തെ കൂലിയുടെ പകുതിയോളം വരും എന്നറിയുമ്പോഴാണ് ഈ ചതിയുടെ ക്രൂരത വ്യക്തമാകുന്നത്.

Read More: ആത്മീയ വ്യവസായത്തിലേക്കുള്ള ചവിട്ടുനാടകങ്ങള്‍; എന്താണ് കൃപാസനം, അവിടെ നടക്കുന്നതെന്ത്? ആ കഥ

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍