ജാതി അധിക്ഷേപം എന്ന കാരണം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു
കല്ലേക്കാട് എആര്‍ ക്യാമ്പിലെ പൊലീസുദ്യോഗസ്ഥന്‍ കുമാര്‍ മരിച്ച് പന്ത്രണ്ടു ദിവസങ്ങള്‍ പിന്നിടുമ്പോള്‍, കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളും സംശയങ്ങളും ഉന്നയിക്കുകയാണ് കുടുംബാംഗങ്ങള്‍. ഇക്കഴിഞ്ഞ ജൂലായ് 25ന് രാത്രി പത്തുമണിയോടെയാണ് ഷൊര്‍ണ്ണൂര്‍ ലക്കിടിയ്ക്കു സമീപം കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പൊലീസുദ്യോഗസ്ഥനായ കുമാര്‍, ക്യാമ്പില്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും കടുത്ത ജാതി വിവേചനം നേരിട്ടിരുന്നെന്നും, ഇതേത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഭാര്യ സജിനിയും സഹോദരന്‍ രങ്കസ്വാമിയും മുന്നോട്ടുവന്നിരുന്നു. താന്‍ കഴിഞ്ഞ നാളുകളില്‍ അനുഭവിച്ചിരുന്ന കടുത്ത ശാരീരികവും മാനസികവുമായ പീഡനങ്ങളെക്കുറിച്ച് ഇരുവരോടും കുമാര്‍ നേരത്തേ സംസാരിച്ചിരുന്നു. തന്നെ ബുദ്ധിമുട്ടിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ രങ്കസ്വാമിക്ക് നേരിട്ടു കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ബന്ധുക്കളുടെ ആരോപണം.
ജാതിവിവേചനമടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുകയും, വിവിധ ആദിവാസി അവകാശ സംഘടനകള്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് തൃശ്ശൂര്‍ റേഞ്ച് ഡിഐജി അന്വേഷണച്ചുമതല കൈമാറിയിരുന്നു. എന്നാല്‍, നാളിത്രയായിട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു പോലും കൈയില്‍ കിട്ടാത്ത അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നു വെളിപ്പെടുത്തുകയാണ് കുമാറിന്റെ ഭാര്യ സജിനിയിപ്പോള്‍. കുമാറിന്റേത് ആത്മഹത്യയല്ല, മറിച്ച് കൊലപാതകമായിരിക്കാനാണ് സാധ്യതയെന്നും സജിനി അഴിമുഖത്തോടു പറഞ്ഞു. ‘മരിച്ച് പന്ത്രണ്ടാമത്തെ ദിവസമാണിന്ന്. ഇതുവരെ ഞങ്ങള്‍ക്ക് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. റിപ്പോര്‍ട്ട് ഇത്രയും വൈകിക്കുന്നത് എന്തെങ്കിലും തിരിമറി നടത്താനാണോ എന്ന് സംശയമുണ്ട്. റിപ്പോര്‍ട്ടിന്റെ കാര്യം രണ്ടുമൂന്നു ദിവസമായി ഞങ്ങള്‍ ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ചു ചോദിക്കുന്നുണ്ട്. അന്വേഷണം കൈമാറി, ഇനിയിപ്പോള്‍ പുതിയ ഉദ്യോഗസ്ഥരാണ് റിപ്പോര്‍ട്ട് വാങ്ങിക്കേണ്ടത് എന്നെല്ലാം പറയുന്നതല്ലാതെ കൃത്യമായ വിവരം ആരും തരുന്നില്ല. എന്നാണ് റിപ്പോര്‍ട്ട് കിട്ടുക എന്നോ റിപ്പോര്‍ട്ട് വാങ്ങിക്കാന്‍ തടസ്സമെന്താണെന്നോ വ്യക്തമായി പറയാന്‍ അവരാരും തയ്യാറാകുന്നില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇങ്ങനെ വൈകുന്നത് മനഃപൂര്‍വമാണോ എന്ന് കാര്യമായ സംശയം ഞങ്ങള്‍ക്കുണ്ട്.’
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നു എന്നത് അന്വേഷണത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യാനുള്ള ഒരു കാരണം മാത്രമാണെന്നാണ് സജിനിയുടെ പക്ഷം. പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമായ സൂചനകള്‍ ഉണ്ടായിരുന്നിട്ടും, ജാതിയധിക്ഷേപം എന്ന വാക്കില്ലാത്തതിനാല്‍ തെളിവില്ലാതെ പോകുന്ന അവസ്ഥയാണെന്ന് സജിനി പറയുന്നു. പട്ടികജാതി/പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അധികൃതര്‍ ഇന്നലെ സജിനിയുടെ മൊഴിയെടുക്കാനെത്തിയിരുന്നു. ഇരുള ഗോത്രവിഭാഗത്തില്‍ നിന്നുള്ളയാളായതിനാല്‍ അധികജോലിയും പല തരത്തിലുള്ള അധിക്ഷേപങ്ങളും കുമാറിന് ക്യാമ്പില്‍ നിന്നും ഉണ്ടായിട്ടുള്ളതായി സജിനി നല്‍കിയ വിശദീകരണത്തിന്റെ പുറത്ത്, വീണ്ടും അന്വേഷിക്കാന്‍ തീരുമാനമെടുത്താണ് കമ്മീഷന്‍ തിരികെപ്പോയതെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്. ‘മരിച്ച ദിവസം പൊലീസുകാര്‍ വീട്ടില്‍ വന്ന് മൊഴിയെടുത്തിരുന്നു. അന്വേഷണം കൈമാറുന്നതിനു മുന്നെയാണത്. പിന്നീട് എന്നോടോ സഹോദരനോടോ സംസാരിക്കാന്‍ കാര്യമായി ആരും വന്നിട്ടില്ല. എസ്സി/എസ്ടി കമ്മീഷന്റെ ആളുകള്‍ ഇന്നലെ വന്നപ്പോഴും അവരോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിലും പുള്ളിക്കാരന്‍ വ്യക്തമായി പലതും എഴുതിയിട്ടുണ്ട്. ‘ഞങ്ങള്‍ മനുഷ്യരല്ലേ, ഞങ്ങള്‍ക്കും ജീവിക്കണ്ടേ’ എന്നും എഴുതിയിരുന്നു. ജാതിയുമായി ബന്ധപ്പെട്ട അധിക്ഷേപം തന്നെയാണ് ആ വരിയില്‍ സൂചിപ്പിക്കുന്നത്. അതുദ്ദേശിച്ചു തന്നെയാണ് എഴുതിയിരിക്കുന്നത് എന്നുറപ്പാണ്. കമ്മീഷനിലെ സാറും പറയുന്നത് തെളിവില്ലെന്നാണ്. പക്ഷേ, ഇക്കാര്യം ഞാന്‍ വിശദമായി പറഞ്ഞിട്ടുള്ളതുകൊണ്ട് ഒന്നുകൂടി അന്വേഷിക്കാം എന്ന് ഉറപ്പു തന്നിട്ടാണ് പോയത്. ഒന്നു രണ്ടു പേരെക്കൂടെ ചോദ്യം ചെയ്യണം എന്നും പറഞ്ഞു. ജാതീയമായ വിവേചനം നടന്നതിന് തെളിവില്ല എന്നാണ് എല്ലാവരും പറയുന്നത്. ക്യാമ്പില്‍ കൂടെയുണ്ടായിരുന്നവരും പ്രത്യക്ഷത്തില്‍ വിവരങ്ങള്‍ തുറന്നു പറയാന്‍ തയ്യാറല്ല. പ്രശ്‌നങ്ങളുണ്ട്, ചിലര്‍ ഇപ്പോഴും ഇതേ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട് എന്നു നമ്മളോട് സൂചിപ്പിക്കുന്നതല്ലാതെ, മുന്നോട്ടു വന്നു പറയാന്‍ എല്ലാവര്‍ക്കും ധൈര്യക്കുറവുണ്ട്. ക്യാമ്പിന്റെ ഒരു അവസ്ഥ അങ്ങിനെയാണ്. പരസ്യമായി പറയാന്‍ ബുദ്ധിമുട്ടായിരിക്കും.’
കുമാറിന്റെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസുദ്യോഗസ്ഥര്‍ മനഃപൂര്‍വം ശ്രമിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ടെന്നും സജിനി വെളിപ്പെടുത്തുന്നു. കുമാര്‍ ആത്മഹത്യ ചെയ്തു എന്നു വിശ്വസിക്കാനാകുന്നില്ലെന്നും, പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീര്‍ത്ത് തിരികെ ക്യാമ്പില്‍ പ്രവേശിച്ച ശേഷം എന്തിന് ആത്മഹത്യ ചെയ്യണമെന്നുമാണ് സജിനിയുടെയും രങ്കസ്വാമിയുടെയും ചോദ്യം. ക്യാമ്പിലെ ജാതീയ അധിക്ഷേപങ്ങളും അധിക ജോലിയും താങ്ങാനാകാതെ ഇറങ്ങിപ്പോന്ന കുമാറിനെ, എസ്പി അടക്കം ഇടപെട്ടാണ് ജൂലായ് 19ന് തിരികെ കൊണ്ടുവന്നത്. ഇനി പ്രശ്‌നങ്ങളുണ്ടാകില്ലെന്ന ഉറപ്പില്‍ ചേട്ടനോടൊപ്പം ക്യാമ്പില്‍ തിരിച്ചെത്തിയ കുമാര്‍, തൊട്ടടുത്ത ദിവസം തന്നെ സജിനിയുടെ പിഎസ്സി പരീക്ഷയ്ക്കുവേണ്ടി അവധിയില്‍ പ്രവേശിച്ചിരുന്നു. അവധി കഴിഞ്ഞ് ജോലിക്കു തിരികെ കയറിയ ദിവസമാണ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അടുത്ത ബന്ധുവും സുഹൃത്തുമായ പ്രമോദ് ചൂണ്ടിക്കാട്ടിയിരുന്നു. വീട്ടില്‍ നിന്നും എസ്പിയുടെ അടുക്കല്‍ നിന്നും എല്ലാ പിന്തുണയും കിട്ടുമെന്നുറപ്പുള്ള കുമാര്‍ എന്തിന് ആത്മഹത്യ ചെയ്യണമെന്നാണ് സജിനിക്കു ചോദിക്കാനുള്ളത്. തന്റെ സംശയത്തിന് തക്കതായ കാരണങ്ങളും സജിനി മുന്നോട്ടുവയ്ക്കുന്നുണ്ട്.
‘മരണം സംഭവിച്ച സമയം മുതല്‍ക്കു തന്നെ ഇത് ആത്മഹത്യയല്ല എന്ന് ഞങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. ആത്മഹത്യ ചെയ്തു എന്ന രീതിയിലാണ് ഉദ്യോഗസ്ഥര്‍ ആദ്യം മുതല്‍ക്കേ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. കൊലപാതകമാണെന്ന സംശയം ഞങ്ങള്‍ പ്രകടിപ്പിച്ച ശേഷമാണ് അഞ്ചാം ദിവസം ആത്മഹത്യക്കുറിപ്പ് പുറത്തുവരുന്നത്. ആത്മഹത്യാക്കുറിപ്പ് കണ്ടുകിട്ടി എന്നു പറഞ്ഞ് ഞങ്ങളെ വിളിക്കുകയും, അതു കിട്ടി എന്നു പറയപ്പെടുന്ന സ്ഥലങ്ങളില്‍ ഞങ്ങളെ കൊണ്ടുപോകുകയുമാണ് ചെയ്തത്. ഈ സ്ഥലങ്ങളിലെല്ലാം ആദ്യമേ ആങ്ങളും സുഹൃത്തുക്കളുമെല്ലാം അന്വേഷിച്ചിരുന്നതായിരുന്നു. അപ്പോഴൊന്നും കാണാതിരുന്ന കത്ത് അവിടെ നിന്നും കണ്ടുകിട്ടി എന്നു പറയുമ്പോള്‍, സ്വാഭാവികമായും ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണോ നടക്കുന്നത് എന്ന് സംശയമുണ്ടാകുന്നുണ്ട്. മാത്രമല്ല, ആ കുറിപ്പിന് ഒരു മാസത്തോളം പഴക്കമുണ്ട്. ജൂണ്‍ 20ന് എഴുതിയ കുറിപ്പാണത്. ആത്മഹത്യക്കുറിപ്പ് എന്ന നിലയില്‍ അതിനെ കാണാനാകില്ല. അദ്ദേഹത്തിന്റെ ദുഃഖമാണ് അതില്‍ എഴുതിയിരിക്കുന്നത്. ഈ കുറിപ്പ് എഴുതിയതിനു ശേഷമാണ് ക്യാമ്പിലെ പ്രശ്‌നങ്ങളെല്ലാം വീട്ടില്‍ അറിയുന്നതും ഞങ്ങളുടെയെല്ലാം നല്ല പിന്തുണ കിട്ടുന്നതും. എസ്പി സാറിനെ കണ്ടതും അദ്ദേഹം എല്ലാ തരത്തിലും സഹായിക്കും എന്ന് ഉറപ്പു കൊടുത്തതുമെല്ലാം ഈ കത്ത് എഴുതിയതിനു ശേഷമാണ്. ഇത്രയും മാനസിക പിന്തുണ കിട്ടുന്നതിനു മുന്‍പേ എഴുതിയ കത്തായതിനാല്‍, ആത്മഹത്യ ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നെങ്കില്‍ അതെഴുതിയപ്പോഴേ ആകാമായിരുന്നല്ലോ. എല്ലായിടത്തു നിന്നും ഇത്രയും സപ്പോര്‍ട്ട് ലഭിച്ച ശേഷം അദ്ദേഹം ജീവനൊടുക്കും എന്നു ഞങ്ങള്‍ കരുതുന്നില്ല. ഇതൊക്കെയാണ് ആത്മഹത്യയല്ല എന്ന് പറയാനുള്ള കാരണം. ഷര്‍ട്ട് ഐഡന്റിഫൈ ചെയ്യാന്‍ കൂട്ടിക്കൊണ്ടുപോയപ്പോഴും, അത് എന്നാണ് കിട്ടിയത് എന്ന് പറഞ്ഞിരുന്നില്ല. ഞങ്ങള്‍ സംശയം ഉന്നയിക്കുന്ന കാര്യങ്ങളാണ് ഓരോ ദിവസവും അവര്‍ പുറത്തുകൊണ്ടുവരുന്നത്. ഇതൊക്കെ ആസൂത്രിതമാണോ എന്ന് സംശയമുണ്ട്.’
വകുപ്പുതല നടപടി എന്ന നിലയില്‍ കല്ലേക്കാട് ക്യാമ്പിലെ ഏഴ് ഉദ്യോഗസ്ഥരെ കേസുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍, ഇതിലും തങ്ങള്‍ക്ക് തൃപ്തിയില്ലെന്ന് അറിയിക്കുകയാണ് കുമാറിന്റെ കുടുംബം. സസ്‌പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രമല്ല, പുറത്തുള്ള മറ്റു ചില ഉന്നതര്‍ കൂടി കുമാറിന്റെ മരണത്തില്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്നാണ് ഇവരുടെ വാദം. ‘കണ്ടെടുത്തിട്ടുള്ള കുറിപ്പില്‍ പേരെഴുതിയിരുന്ന മുഹമ്മദ് ആസാദ് എന്നയാള്‍ സസ്‌പെന്‍ഷന്‍ കിട്ടിയ ഏഴു പേരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പിന്നെ ഒരു ഡ്യൂട്ടി ഓഫീസറേയും റൈറ്ററെയും കുറിച്ചും പരാമര്‍ശമുണ്ട്. പേരൊന്നും സൂചിപ്പിച്ചിട്ടില്ല. അവരും ഈ ഏഴു പേരില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും എന്നു കരുതാം. പക്ഷേ, ഈ സസ്‌പെന്‍ഷന്‍ കിട്ടിയവര്‍ എന്നു പറഞ്ഞാല്‍, ക്വാര്‍ട്ടേഴ്‌സ് പൂട്ടിയിട്ടവരും പുതിയ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും സാധനങ്ങള്‍ വലിച്ചെറിഞ്ഞവരും മൊബൈല്‍ പിടിച്ചുവച്ചവരുമെല്ലാമാണ്. ശരിക്കുമുള്ള പ്രതികള്‍ ഇതില്‍പ്പെട്ടിട്ടില്ല. ആളെ മുറിയിലിട്ട് നഗ്നനാക്കി മര്‍ദ്ദിച്ചു എന്നു പറയുന്ന ഡെപ്യൂട്ടി കമാന്റന്റ് സുരേന്ദ്രനെക്കുറിച്ച് കത്തില്‍ വിശദമായി സൂചിപ്പിക്കുന്നുണ്ട്. ഇതേ ആളെക്കുറിച്ച് എന്നോടും ആങ്ങളയോടും പറഞ്ഞിട്ടുമുണ്ട്. ഇയാളൊന്നും നടപടിയില്‍പ്പെട്ടിട്ടില്ല.’
ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളായതിന്റെ പേരിലാണ് കുമാറിന് ക്യാമ്പില്‍ ദുരനുഭവങ്ങളുണ്ടായതെന്നും, സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കുന്ന എല്ലാ ആദിവാസി യുവാക്കള്‍ക്കും നേരിടേണ്ടിവരുന്ന പ്രതിസന്ധി തന്നെയാണിതെന്നും ആദിവാസി സംഘടനാ പ്രതിനിധികളും പറയുന്നുണ്ട്. ജോലി നഷ്ടപ്പെടുമോ എന്ന ഭയത്തില്‍ ആരും ഒന്നും തുറന്നുപറയാന്‍ തയ്യാറല്ലെന്നും ഇവര്‍ വിശദീകരിക്കുന്നു. കുമാറിനെപ്പോലെയോ അതിലുമേറെയോ വിവേചനങ്ങള്‍ നേരിടേണ്ടിവരുന്ന പൊലീസുദ്യോഗസ്ഥര്‍ ആദിവാസികള്‍ക്കിടയില്‍ ഇനിയുമുണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍. അതു തിരിച്ചറിയുകയും സാധ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നതിനോടൊപ്പം, കുമാറിന്റെ മരണത്തിലുള്ള അന്വേഷണവും കൃത്യമായി മുന്നോട്ടു പോകേണ്ടതുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. കുമാറിന്റേത് ആത്മഹത്യയല്ല, മറിച്ച് കൊലപാതകമാണെന്ന സംശയം ഭാര്യ സജിനി തന്നെ ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍, ആവശ്യമായ തുടരന്വേഷണങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടാകുക തന്നെ വേണം. പൊലീസിനെ മാറ്റി നിര്‍ത്തി, വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം കൊണ്ടുവരണം എന്നാണ് അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സിലും ആദിവാസി ഉദ്യോഗസ്ഥ സംഘടനയും അടക്കമുള്ളവരുടെ നിലപാട്. പൊലീസ് ഉള്‍പ്പെടുന്ന കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് അട്ടിമറി സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് ഇവരുടെ ആശങ്ക.