UPDATES

ട്രെന്‍ഡിങ്ങ്

നിപ ബാധിച്ച് മരിച്ച പേരാമ്പ്രയിലെ സാബിത്തിന്റെ കുടുംബത്തിന് ഒടുവില്‍ സര്‍ക്കാരിന്റെ കൈത്താങ്ങ്; 5 ലക്ഷം സഹായം ഉടന്‍

2018 മേയില്‍ കോഴിക്കോട് ജില്ലയില്‍ നിപ പനി പടര്‍ന്നു പിടിച്ചപ്പോള്‍, അതിന്റെ ആദ്യ കണ്ണിയായി മരണപ്പെട്ടത് പേരാമ്പ്ര സൂപ്പിക്കടയിലെ സാബിത്ത് ആയിരുന്നു

ശ്രീഷ്മ

ശ്രീഷ്മ

ഒരു വര്‍ഷത്തിലധികം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സാബിത്തിന്റെ കുടുംബത്തിനു നല്‍കിയ വാഗ്ദാനങ്ങളിലൊന്ന് പാലിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സാബിത്തിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ ധനസഹായമായി വകയിരുത്താനാണ് ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. 2018 മേയില്‍ കോഴിക്കോട് ജില്ലയില്‍ നിപ പനി പടര്‍ന്നു പിടിച്ചപ്പോള്‍, അതിന്റെ ആദ്യ കണ്ണിയായി മരണപ്പെട്ടത് പേരാമ്പ്ര സൂപ്പിക്കടയിലെ സാബിത്ത് ആയിരുന്നു. സാബിത്തിന്റെ മരണം നിപ ബാധിച്ചാണെന്ന് എല്ലാവര്‍ക്കും പിന്നീട് വ്യക്തമായിരുന്നെങ്കിലും, ആദ്യ മരണമായിരുന്നതിനാല്‍ ഇതു തെളിയിക്കുന്ന ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ശേഖരിക്കുവാന്‍ സാധിച്ചിരുന്നില്ല. ഇക്കാരണം ചൂണ്ടിക്കാട്ടി, മറ്റു നിപ ബാധിതരുടെ കുടുംബത്തിനു നല്‍കിയിരുന്ന അഞ്ചു ലക്ഷം രൂപയുടെ ധനസഹായം സാബിത്തിനു ലഭിച്ചിരുന്നുമില്ല. നിപയെ തുരത്തി ഒരു വര്‍ഷത്തിലധികം കടന്നുപോയിട്ടും, ഈ ധനസഹായത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു സാബിത്തിന്റെ സഹോദരനും കുടുംബത്തില്‍ അവശേഷിക്കുന്ന രണ്ടു പേരിലൊരാളുമായ മുത്തലിബ്. കുടുംബത്തിനു നേരിട്ട ദുരന്തത്തിനു ശേഷവും മതിയായ പരിഗണനകളില്ലാതെ ധനസഹായത്തിനായി ശ്രമിക്കുന്ന മുത്തലിബിന്റെ അവസ്ഥ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാഫലങ്ങളുടെ വെളിച്ചത്തിലാണ് നിപ ബാധിച്ച് മരണപ്പെട്ട മറ്റു പതിനെട്ടു പേരുടെയും ധനസഹായം വിതരണം ചെയ്തിരിക്കുന്നതെന്നും, സാബിത്തിന്റേതായി അത്തരമൊരു റിപ്പോര്‍ട്ടില്ല എന്നും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യവകുപ്പില്‍ നിന്നും ലഭിക്കേണ്ട ഈ റിപ്പോര്‍ട്ട് ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളിലേക്ക് എത്താതിരുന്നതിനാലാണ് ധനസഹായം വൈകുന്നതെന്നായിരുന്നു മുത്തലിബിനും ഉമ്മ മറിയത്തിനും അധികൃതരില്‍ നിന്നും ലഭിച്ചിരുന്ന മറുപടി. എന്നാല്‍, സാബിത്ത് മരണപ്പെട്ടത് നിപ ബാധിച്ചാണെന്നതില്‍ ആര്‍ക്കും സംശയമില്ലെന്നിരിക്കേ, സാങ്കേതികതയുടെ ഒഴിവുകഴിവുകള്‍ പറഞ്ഞ് ധനസഹായം വൈകിക്കുന്നത് ധാര്‍മികമല്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ധാരാളം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ്, പതിനാലു മാസങ്ങള്‍ക്കു ശേഷം സാബിത്തിന്റേത് പ്രത്യേക പരിഗണനയര്‍ഹിക്കുന്ന വിഷയമായി കണക്കിലെടുത്ത് റിപ്പോര്‍ട്ടിന്റെ അഭാവത്തിലും ധനസഹായം എത്തിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള ഫോണ്‍സന്ദേശം ഇന്നലെത്തന്നെ സാബിത്തിന്റെ വീട്ടിലെത്തുകയും ചെയ്തു.

‘നേരത്തേ കിട്ടേണ്ട തുകയാണിത്. സാബിത്തല്ലേ ആദ്യം മരിക്കുന്നത്. സാങ്കേതിക ബുദ്ധിമുട്ടുകളെല്ലാം തരണം ചെയ്തിട്ടുണ്ട് എന്ന അറിയിപ്പു വന്നിട്ടുണ്ട്. മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇന്നലെ കോള്‍ വന്നിരുന്നു. മന്ത്രിസഭാ തീരുമാനം ഓര്‍ഡറായി വരാന്‍ ഇനിയും ഏകദേശം രണ്ടാഴ്ചയോളം സമയമെടുത്തേക്കും. ഒരു വര്‍ഷത്തിനു ശേഷമാണെങ്കിലും തീരുമാനമായല്ലോ.’ സാബിത്തിന്റെ അടുത്ത ബന്ധുക്കളിലൊരാളായ മുഹമ്മദ് അലി പറയുന്നു. സാബിത്ത് അടക്കം നാല് പേര്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ മരണപ്പെട്ട വളച്ചുകെട്ടില്‍ കുടുംബത്തിന്റെ സാമൂഹികവും സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ചാണ് മുഹമ്മദ് അലിക്കു പറയാനുള്ളതേറെയും. നിപ പനി ബാധിച്ചു മരിച്ച സാബിത്ത്, സ്വാലിഹ് എന്നിവരെക്കൂടാതെ, നേരത്തേ വാഹനാപകടത്തില്‍പ്പെട്ടു മരിച്ച സാലിമുമടക്കം മൂന്നു മക്കളെയാണ് മറിയത്തിന് നഷ്ടപ്പെട്ടത്. നിപ ബാധിച്ചു തന്നെ മറിയത്തിന്റെ ഭര്‍ത്താവ് മൂസ മുസലിയാരും മരണത്തിനു കീഴടങ്ങി. അടുത്ത ബന്ധുവായ മറിയവും നിപക്കാലത്ത് ജീവന്‍ നഷ്ടപ്പെട്ടവരില്‍പ്പെടുന്നു. എന്നാല്‍, നിപ ബാധയെത്തുടര്‍ന്ന് പ്രദേശത്ത് പ്രചരിച്ചിരുന്ന ഭീതിയുടെയും ആശങ്കയുടെയും പശ്ചാത്തലത്തില്‍, മറിയത്തിനെയോ മുത്തലിബിനെയോ ആശ്വസിപ്പിക്കാന്‍ പോലും വീട്ടില്‍ ആരുമെത്താത്ത അവസ്ഥയായിരുന്നു. വളച്ചുകെട്ടില്‍ കുടുംബം താമസിച്ചിരുന്നതിനടുത്ത വീട്ടുകാരെല്ലാം താല്‍ക്കാലികമായോ സ്ഥിരമായോ അക്കാലത്ത് വീടുമാറി മറ്റിടങ്ങളിലേക്ക് പോയിരുന്നു. ചങ്ങരോത്ത് പഞ്ചായത്തിന്റെ ആരോഗ്യവിഭാഗവും പഞ്ചായത്തംഗങ്ങളും നടത്തിയ കൂട്ടായ ബോധവല്‍ക്കരണത്തിനു ശേഷമാണ് സൂപ്പിക്കടയില്‍ നിന്നും വീടുമാറിപ്പോയിരുന്ന അറുപതോളം കുടുംബങ്ങളെ തിരിച്ചെത്തിച്ചത്.

ഏറ്റവുമടുത്ത ചില ബന്ധുക്കളൊഴികെ മറ്റാരും താങ്ങാകാതിരുന്ന കുടുംബത്തിന്, മരണപ്പെട്ട ഉറ്റവരുടെ മൃതദേഹങ്ങള്‍ പോലും അവസാനമായി കാണാന്‍ സാധിച്ചിരുന്നില്ല. അതിനൊപ്പം തന്നെ, അങ്ങേയറ്റം തെറ്റായ പല വാര്‍ത്തകളും സാബിത്തിനെയും കുടുംബത്തേയും കുറിച്ച് പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. നിപയ്ക്കു കാരണമായ വൈറസ് മലേഷ്യയോ അഫ്ഗാനിസ്ഥാനോ പോലുള്ള വിദേശരാജ്യങ്ങളില്‍ നിന്നും സാബിത്തിനെ ബാധിച്ചതാണെന്നും, ജൈവായുധമാണെന്നുമുള്ള നുണകള്‍ വ്യാപകമായി പ്രചരിച്ചതും കുടുംബത്തെയാകെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എല്ലാം വ്യാജപ്രചരണങ്ങള്‍ മാത്രമാണെന്ന് പിന്നീട് വ്യക്തമായെങ്കിലും, അക്കാലത്ത് കുടുംബം അനുഭവിച്ച മാനസിക സംഘര്‍ഷം ചെറുതല്ലെന്ന് ബന്ധുക്കള്‍ പറയുന്നുണ്ട്. ഇതിനിടെയാണ് അര്‍ഹമായ ധനസഹായത്തിനു വേണ്ടി വിദ്യാര്‍ത്ഥിയായ മുത്തലിബിന് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വന്നിരുന്നതും. അവസാന വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥിയായ മുത്തലിബിനും ഉമ്മ മറിയത്തിനും ഇപ്പോള്‍ പറയത്തക്ക വരുമാനങ്ങളൊന്നുമില്ല. മൂത്ത സഹോദരനായ സ്വാലിഹിന്റെ എഞ്ചിനീയറിംഗ് പഠനത്തിനായി എടുത്തിരുന്ന വിദ്യാഭ്യാസ വായ്പ, കുയ്യണ്ടം പള്ളിക്കരികെ പണിതീര്‍ന്നുകൊണ്ടിരുന്ന വീടിനായി കടമെടുത്ത തുക എന്നിങ്ങനെ വലിയ സാമ്പത്തിക ബാധ്യകള്‍ മുന്നിലുള്ളപ്പോഴാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മൂന്നു മരണങ്ങള്‍ കുടുംബത്തിലുണ്ടാകുന്നത്. മദ്രസാധ്യാപകനായിരുന്ന മൂസയുടെ വരുമാനത്തില്‍ നിന്നും അധികം നീക്കിയിരിപ്പുകളൊന്നും ഉണ്ടായിരുന്നില്ലതാനും. മൂസയുടെയും സ്വാലിഹിന്റെയും മരണത്തെത്തുടര്‍ന്ന് ലഭിച്ചിരുന്ന ധനസഹായം കൊണ്ട് ഇവരുടെ കടബാധ്യതകള്‍ വീട്ടാന്‍ പോലുമായിട്ടില്ല. നിലവില്‍ ബന്ധുക്കളുടെ സഹായത്തില്‍ ജീവിക്കുന്ന മുത്തലിബിനും മറിയത്തിനും ഏറെ അത്യാവശ്യമായിരുന്നു സര്‍ക്കാരിന്റെ ഈ ധനസഹായം.

ധനസഹായം പാസ്സായതിന്റെ ആശ്വാസം പങ്കുവയ്ക്കുമ്പോഴും, മുത്തലിബിന് പറയാനുള്ളത് മറ്റൊന്നാണ്. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ തനിക്ക്, കോഴ്‌സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഒരു ജോലി ഏര്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് മുത്തലിബ് വിശദീകരിക്കുന്നു. പ്രത്യേകിച്ച് വരുമാനമാര്‍ഗ്ഗമൊന്നുമില്ലാത്ത തങ്ങള്‍ക്ക് ജീവിതച്ചെലവ് കണ്ടെത്താനും കടങ്ങള്‍ വീട്ടാനും അത്യാവശ്യമായി വേണ്ടത് ഒരു ജോലിയാണെന്ന് പറയുന്ന മുത്തലിബ്, അക്കാര്യത്തില്‍ ഒരുറപ്പു കിട്ടിയാല്‍ വലിയ സഹായമാകുമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. കുടുംബത്തില്‍ ബാക്കിയുള്ള അംഗങ്ങളായ തനിക്കും ഉമ്മയ്ക്കും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനാകണമെന്നാണ് മുത്തലിബിന്റെ ആഗ്രഹം. ധനസഹായത്തിനുള്ള തടസ്സങ്ങള്‍ നീങ്ങിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ അക്കാര്യവും പരിഗണിക്കുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്. നേരത്തെ ലഭിച്ചിരുന്ന വാഗ്ദാനങ്ങള്‍ പ്രകാരം, മുത്തലിബ് വിദ്യാര്‍ത്ഥിയായതിനാല്‍ ഇക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ബിരുദം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ അനുഭാവപൂര്‍വം വിഷയം പരിഗണിക്കാമെന്നുമായിരുന്നു അറിയിച്ചിരുന്നത്.

ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ബന്ധപ്പെട്ടപ്പോള്‍, ഇക്കാര്യം താന്‍ സൂചിപ്പിച്ചിരുന്നുവെന്നും, മുത്തലിബിന്റെ കോഴ്‌സ് കഴിയുന്ന മുറയ്ക്ക് പരിഗണിക്കാമെന്ന മറുപടിതന്നെയാണ് ലഭിച്ചതെന്നും മുഹമ്മദ് അലി പറയുന്നു. വാഗ്ദാനത്തില്‍ പ്രതീക്ഷയുണ്ടെന്നാണ് മുഹമ്മദ് അലിയുടെ പക്ഷം. ‘ആ കുടുംബത്തിലെ മൂന്നു കുട്ടികളും ബാപ്പയും മരിച്ചുപോയി. അവശേഷിക്കുന്നത് മുത്തലിബ് മാത്രമാണ്. കുടുംബത്തിന്റെ സംരക്ഷണത്തിനു വേണ്ടി അവനൊരു ജോലി കൊടുക്കും എന്ന വാഗ്ദാനത്തിലാണ് ഇനി തീരുമാനം വേണ്ടത്. നേരിട്ടും അല്ലാതെയും പല സര്‍ക്കാര്‍ പ്രതിനിധികളും അറിയിച്ചിട്ടുള്ളതാണ് ജോലിക്കാര്യം. അതിനെക്കുറിച്ചുള്ള തീരുമാനം ഇനിയും എടുക്കാന്‍ അവശേഷിക്കുന്നുണ്ട്. ഇന്നലെ ചോദിച്ചപ്പോഴും പഠിത്തം കഴിയട്ടെ എന്നാണ് പറഞ്ഞത്. വളരെ കഷ്ടമാണ് ആ കുടുംബത്തിന്റെ കാര്യം.’ നിപ പ്രതിരോധത്തിന്റെ പേരില്‍ ലോകമാകെ ശ്രദ്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം ഇടപെടലുകളുടെ ഭാഗമായിത്തന്നെ, മുത്തലിബിന്റെ ജോലിയുടെ വിഷയവും പരിഗണിക്കപ്പെടും എന്ന പ്രതീക്ഷയിലാണിവര്‍.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍