UPDATES

സിനിമ

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്‍ ഇന്ത്യ: റദ്ദായിപ്പോയൊരു പ്രസ്ഥാനം

ചിലരുടെ വ്യക്തി താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കാനായി സ്വേഛാധികാരത്തോടെ പ്രവര്‍ത്തിക്കുന്ന എഫ്എഫ്എസ്‌ഐ ആവശ്യമുണ്ടെന്ന് വാദിക്കുന്നവരെയാണ് കാലം റദ്ദ് ചെയ്യുക എന്ന കാര്യത്തിലും സംശയമില്ല.

ഉന്നതമായ ലക്ഷ്യങ്ങളോടെ മഹാരഥന്മാരാല്‍ രൂപീകരിക്കപ്പെട്ട ഫെഡറേഷന്‍ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യയുടെ അപചയം പൊതുസമൂഹത്തില്‍ ചര്‍ച്ചയാവണമെന്ന ഉദ്ദേശത്തോടെ അഴിമുഖം (ധൂര്‍ത്തും അഴിമതിയും കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ കൊല്ലുന്ന വിധം – ആഗസ്ത് 31, 2016) ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും ഒടുവില്‍ മാധ്യമം വാരികയിലും (എഫ് എഫ് എസ് ഐ ഇനി എന്തിനാണ്?, മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 982) ഞാന്‍ എഴുതിയിരുന്നു. വാരികക്ക് ലേഖനം അയച്ചപ്പോള്‍ വായനക്കാരുടെ പ്രതികരണങ്ങള്‍ക്ക് ശേഷം ചര്‍ച്ച ഉപസംഹരിക്കാന്‍ എനിക്ക് അവസരം നല്‍കണമെന്ന് പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തിരുവനന്തപുരത്ത് നിന്ന് എഫ്എഫ്എസ്‌ഐയുടെ മുന്‍ ഭാരവാഹികളായ ജോര്‍ജ് മാത്യുവും രാജശേഖരന്‍ പിള്ളയും അവരുടെ പ്രതികരണങ്ങള്‍ വാരികക്ക് അയച്ചിരുന്നുവെന്ന് അവര്‍ എന്നെ അറിയിക്കുകയുണ്ടായെങ്കിലും അതൊന്നും വാരിക പ്രസദ്ധീകരിക്കുകയുണ്ടായില്ല. എന്നാല്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് വര്‍ഷങ്ങളായി ആ പ്രസ്ഥാനത്തെ ഉപയോഗിച്ചുവരുന്നവര്‍ ആരേയും ബോദ്ധ്യപ്പെടുത്താന്‍ പറ്റാത്ത ന്യായീകരണങ്ങളുമായി എഫ്എഫ്എസ്‌ഐ ആവശ്യമുണ്ട് (ലക്കം 986, ജനുവരി 23, 2017) എന്ന് വാദിച്ച് എഴുതിയത് പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന് ഒരു മറുപടി എഴുതണമെന്ന് ആഗ്രഹിച്ചിരുന്നില്ലെങ്കിലും ചില കാര്യങ്ങള്‍ വിശദീകരണമെന്ന് ലേഖകന്‍ തന്നെ ആവശ്യപ്പെട്ടത് കൊണ്ടും എനിക്കും 1975ല്‍ ഞാനും ചില സുഹൃത്തുക്കളും ചേര്‍ന്ന് സ്ഥാപിച്ച പയ്യന്നൂരിലെ സര്‍ഗ ഫിലിം സൊസൈറ്റിയ്ക്കുമെതിരെ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ചില ആക്ഷേപങ്ങള്‍ ഉന്നയിക്കുകയുണ്ടായത് കൊണ്ടും ഒരു വിശദീകരണം ഉടന്‍ തന്നെ അയച്ചുകൊടുക്കുകയും ചെയ്തു. അത് വളരെ ദീര്‍ഘമായിപ്പോയത് കൊണ്ട് പ്രസിദ്ധീകരിക്കാന്‍ സാദ്ധ്യമല്ല എന്ന് ഏപ്രില്‍ മാസത്തില്‍ വാരികയില്‍ നിന്നും അറിയിക്കുകയായിരുന്നു. അത് കൊണ്ട് ഇങ്ങനെയൊരു കുറിപ്പ് പൊതുജനത്തിന് മുമ്പാകെ പ്രകാശിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് വൈകിയാണെങ്കിലും
എഴുതുന്നത്്.

‘പിടി രാമകൃഷ്ണന്‍ കേരളത്തെ പ്രതിനിധാനം ചെയ്തിരുന്ന റീജിയണല്‍ കൗണ്‍സില്‍ അംഗമായിരുന്നു എന്നത് തന്നെ പരമരഹസ്യമായി സൂക്ഷിച്ചിരുന്നു’ എന്നാണ് എഫ്എഫ്എസ്‌ഐ ആവശ്യമുണ്ട് എന്ന ലേഖനത്തിലെ ആദ്യത്തെ ആക്ഷേപം. അവിഹിതമായോ തെരഞ്ഞെടുപ്പ് കൃത്രിമത്തിലൂടെയോ നേടിയതല്ല ആ സ്ഥാനം എന്നത് കൊണ്ട് രഹസ്യമായി സൂക്ഷിക്കേണ്ട ഒരാവശ്യവും എനിക്കില്ല എന്ന ലളിതമായ മറുപടിയില്‍ നിന്നും അതിന്റെ വിശദീകരണം തുടര്‍ന്നെഴുതട്ടെ. രാഷ്ട്രീയ തലതൊട്ടപ്പന്മാരുടെയോ അധികാരദല്ലാളന്മാരുടെയോ പിന്‍ബലമില്ലാതെ പയ്യന്നൂര്‍ പോലൊരു സ്ഥലത്ത് അനന്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ച സര്‍ഗ്ഗക്കുള്ള അംഗീകാരമായിട്ടാണ് അതിന്റെ പ്രതിനിധിയെ കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടംഗങ്ങള്‍ക്ക് പുറമേ മൂന്നാമതായി നാമനിര്‍ദ്ദേശം ചെയ്തത്. എണ്‍പതുകളിലെ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കെല്ലാം ഇത് അറിവുള്ള കാര്യമാണ്.

ഇതെഴുതുന്നയാള്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മൂന്ന് ദക്ഷിണമേഖലാ കൗണ്‍സില്‍ അംഗങ്ങള്‍ 1982 ജൂണ്‍ 20ന് തൃശൂരില്‍ കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. അടുത്ത ദക്ഷിണമേഖലാ കൗണ്‍സിലിലും തുടരാന്‍ ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് നിര്‍ബ്ബന്ധിച്ചിട്ടും വഴങ്ങാതെ തൃശൂര്‍ മാസ് ഫിലിം സൊസൈറ്റിയിലെ പ്രൊഫ.പിഎന്‍ നാരായണനേയും കാസര്‍ഗോഡ് ഫിലിം സൊസൈറ്റിയിലെ പിഎം മുരളീധരനേയും ഞാന്‍ തന്നെ നിര്‍ദ്ദേശിച്ചതും ആ യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം അറിയാം. പക്ഷേ, തന്റെ രംഗപ്രവേശത്തിന് മുമ്പും തനിക്ക് ശേഷവും കേരളത്തില്‍ പ്രസ്ഥാനമില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നയാള്‍ ഇക്കാര്യമുള്‍പ്പെടെ പലതും തമസ്‌ക്കരിക്കാന്‍ ശ്രമിക്കുകയാണ്.

കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം അന്‍പതാണ്ട് പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം എഫ്എഫ്എസ്‌ഐ കേരള ഘടകം വിപുലമായി സംഘടിപ്പിക്കുമെന്നും അതിന്റെ ചരിത്രം പ്രസിദ്ധീകരിക്കുമെന്നുമൊക്കെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഒരു ഉദ്ഘാടന സമ്മേളനം നടന്നുവെന്ന് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞതല്ലാതെ മറ്റൊന്നും സംഭവിച്ചില്ലെന്നാണ് മനസിലാക്കുന്നത്. ഇരുപത്തൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവ വേളയില്‍ ഫെഡറേഷന്‍ വിതരണം ചെയ്ത ഒരു ചെറുപുസ്തകത്തിലും എഫ് എഫ്എസ്‌ഐ ന്യൂസിന്റെ 2015 മേയ്-ജൂണ്‍ ലക്കത്തിലും, പരാമര്‍ശിതമായ ലേഖനത്തിലും കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചരിത്രം 1965 ല്‍ ‘ചിത്രലേഖ’യുടെ പിറവിയില്‍ നിന്ന് ഒരു ഗൊദാര്‍ദിയന്‍ ജമ്പ് കട്ടാണ്; നേരെ 1989 ലെ തന്റെ നേതൃത്വത്തിലുള്ള ‘ജനകീയ ജനാധിപത്യ കൂട്ടായ്മ’യിലേക്ക്. അതിന് മുന്‍പും ശേഷവും ചരിത്രമില്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായി വേണം അതിനെ കാണാന്‍. വസ്തുനിഷ്ഠതയില്ലാത്ത കുറേ അവകാശവാദങ്ങളാണ് അതിന് പിന്‍ബലമായി നിരത്തിയിരിക്കുന്നത്. സ്വന്തം പ്രതിഭയും പ്രതിബദ്ധതയും കൊണ്ട് ചലച്ചിത്രരംഗത്ത് ആര് നേട്ടങ്ങളുണ്ടാക്കിയാലും അത് ഞങ്ങളുമായി ബന്ധമുള്ളത് കൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം, ചലച്ചിത്ര സംബന്ധിയായ രാജ്യത്തെ ഏത് വിജയവും സ്വന്തം കണക്കില്‍ ചേര്‍ക്കുന്ന പ്രവണത-ഒരു തരം ‘അതും ഞമ്മളാ’ കോംപ്ലക്‌സ് എഴുത്തുകളിലെല്ലാം പ്രതിഫലിക്കുന്നത് കാണാം. മേല്‍പറഞ്ഞ പുസ്തകത്തില്‍ എഫ്എഫ്എസ്‌ഐ യുടെ സംസ്ഥാനതല ഓഫീസ് അനുവദിക്കപ്പെട്ടത് 1986 ലാണെന്നും ആഴ്ച്പ്പതിപ്പിലെ ലേഖനത്തില്‍ 1985ലെന്നും രേഖപ്പെടുത്തുമ്പോള്‍ ചരിത്രരചനയിലെ സൂക്ഷ്മതയും വെളിപ്പെടുന്നുണ്ട്.

‘സൊസൈറ്റികള്‍ നേരിട്ടുകൊണ്ടിരുന്ന പ്രതിസന്ധികള്‍ക്കിടയില്‍ നേതൃപരമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ച്, സ്വന്തം സൊസൈറ്റിയുടേയും തന്റേയും സങ്കുചിത താല്‍പര്യങ്ങള്‍ക്കപ്പുറത്ത് എന്താണ് ചെയ്ത് കൊണ്ടിരുന്നത് എന്ന് അറിഞ്ഞാല്‍ ഭാവിയില്‍ ഉപകാരപ്രദമാവുമെ’ന്നാണ് ലേഖകന്റെ മറ്റൊരു ആവശ്യം. അതുകൊണ്ട് എഫ്എഫ്എസ്‌ഐയെ ആവശ്യമുള്ളവര്‍ ഇനിയുള്ള വരികള്‍ ശ്രദ്ധിച്ച് വായിക്കുക. ഫിലിം സൊസൈറ്റികള്‍ക്ക് പ്രദര്‍ശനത്തിന് യോഗ്യമായ ചിത്രങ്ങള്‍ എത്തിക്കുക എന്നത് തന്നെയാണ് അനലോഗ് കാലത്തെ ഫെഡറേഷന്റെ മുഖ്യ ദൗത്യം. അങ്ങിനെ ശേഖരിച്ച് സെന്‍സര്‍ഷിപ് എക്‌സംപ്ഷന്‍ നേടി സൊസൈറ്റികള്‍ക്കിടയില്‍ വിതരണത്തിനായി ഫെഡറേഷന്‍ എത്തിക്കുന്ന ചിത്രങ്ങള്‍ സംസ്ഥാനങ്ങളില്‍ വിതരണം നടത്തേണ്ടത് അതത് സംസ്ഥാനത്തെ റീജിയണല്‍ കൗണ്‍സില്‍ അംഗങ്ങളുടെ ചുമതലയായിരുന്നു അന്ന്. അതിന് പുറമേ ഫിലിം സൊസൈറ്റി പ്രദര്‍ശനങ്ങള്‍ക്ക് യോഗ്യമായ ചിത്രങ്ങള്‍ സ്വകാര്യ വിതരണക്കാരില്‍ നിന്നുള്‍പ്പെടെ കണ്ടെത്തി സൊസൈറ്റികള്‍ക്ക് എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതും അവര്‍ തന്നെയായിരുന്നു.

എന്‍എഫ്ഡിസിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഫിലിം സൊസൈറ്റികള്‍ക്ക് വാടക കുറച്ച് നല്‍കാന്‍ ധാരണയുണ്ടാക്കിയതും നാഷണല്‍ ഫിലിം ആര്‍കൈവിന്റെ പ്രാദേശിക കേന്ദ്രം ആദ്യം ബാംഗ്‌ളൂരിലും പിന്നീട് തിരുവനന്തപുരത്തും ആരംഭിക്കാന്‍ യശ:ശരീരനായ പികെ നായരില്‍ സമ്മര്‍ദ്ദം ചെലുത്തി യാഥാര്‍ത്ഥ്യമാക്കിയതും ഇക്കാലത്ത് തന്നെ. അങ്ങനെ നല്ല ചിത്രങ്ങളുടെ ലഭ്യത പ്രസ്ഥാനത്തിന്റെ വ്യാപനത്തിന് ആക്കം കൂട്ടി. ഒരു ഫിലിം സൊസൈറ്റി നടത്തിക്കൊണ്ട് പോകുന്നത് തന്നെ വന്‍ സാഹസമായിരുന്ന കാലത്ത് സമീപ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഫിലിം സൊസൈറ്റികള്‍ രൂപീകൃതമാകാന്‍ പയ്യന്നൂരിലെ സര്‍ഗ്ഗ പ്രചോദനവും സഹായവുമായതിന്റെ സാക്ഷ്യങ്ങളാണ് കരിവെള്ളൂരിലെ ഏവണ്‍ ഫിലിം ക്‌ളബ്, തൃക്കരിപ്പൂരിലെ ദൃശ്യ, പഴയങ്ങാടിയിലെ എരിപുരം, തളിപ്പറമ്പിലെ റിത്വിക്, കുഞ്ഞിമംഗലത്തെ യില്‍മസ്, കൂത്തുപറമ്പിലെ ചേതന, കണ്ണൂരിലെ വികാസ്, കാഞ്ഞങ്ങാട്ടെ സഹൃദയ, നീലേശ്വരത്തെ ഉപാസന, ചുഴലി, ശ്രീകണ്ഠാപുരം എന്നീ സൊസൈറ്റികള്‍.

കേരളത്തില്‍ ഫെഡറേഷനില്‍ അംഗത്വമുള്ള സൊസൈറ്റികളുടെ എണ്ണം മുപ്പതില്‍ നിന്ന് അന്‍പത്തഞ്ചായി ഉയര്‍ന്നത് 1980-’82 കാലത്തായിരുന്നു. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തിന്റെ സവിശേഷതയോടൊപ്പം അതിന്റെ വ്യാപനവും കണക്കിലെടുത്ത് ഫെഡറേഷന്റെ ഒരു പ്രത്യേക ഓഫീസ് കേരളത്തിന് അനുവദിക്കണമെന്ന ആവശ്യം ശക്തമായതും ഇക്കാലത്ത് തന്നെ. 7-6-’81ല്‍ തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തില്‍ അന്നത്തെ റീജ്യണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ വിളിച്ച് ചേര്‍ത്ത കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ യോഗം അതിനായി ഒരു പ്രമേയം പാസ്സാക്കി. അതിനെ പിന്തുടര്‍ന്ന് റീജ്യണല്‍ കൌണ്‍സിലിലും സെന്‍ട്രല്‍ കൗണ്‍സിലിലും ഇക്കാര്യം ഉന്നയിച്ച് അനുകൂല തീരുമാനമുണ്ടാക്കിച്ചതും അന്നത്തെ റീജ്യണല്‍ കൌണ്‍സില്‍ അംഗങ്ങളല്ലാതെ മറ്റാരുമല്ല. അതില്‍ എനിക്കുള്ള പങ്ക് വിശദീകരിച്ചതല്ലാതെ എന്റെ കഴിവ് കൊണ്ടാണ് എഫ്എഫ്എസ്‌ഐ യുടെ സംസ്ഥാനതല ഓഫീസ് രൂപീകരിച്ചതെന്ന് അവകാശപ്പെടാന്‍ മാത്രം മൂഢത്തമെനിക്കില്ല.

ലാന്റ് ഫോണ്‍ പോലും അത്ര പ്രാപ്യമല്ലാത്ത അക്കാലത്ത് ഓഫീസോ സ്റ്റാഫോ (എഫ്എഫ്എസ്‌ഐ കേരളത്തിന് ഓഫീസുണ്ട്-നഗരമദ്ധ്യത്തില്‍ ഒരു ഫ്‌ലാറ്റ് തന്നെ, ബ്രോഡ്ബാന്റ് കണക്ഷനോട് കൂടിയ ടെലിഫോണുണ്ട്, ഓഫീസ് സ്റ്റാഫുണ്ട്,20ലധികം അംഗങ്ങളുള്ള പ്രവര്‍ത്തകസമിതിയുണ്ട്) ഒന്നുമില്ലാതെ തന്നെ എഴുത്തുകളിലൂടെ സൊസൈറ്റികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയും സൊസൈറ്റികള്‍ പരസ്പരം ആശയവിനിമയം നടത്താന്‍ പ്രോത്സാഹിപ്പിച്ചുമാണ് പ്രസ്ഥാനം സജീവമായി നിലനിര്‍ത്തിയത്. പാലക്കാട് ദര്‍ശന ഫിലിം സൊസൈറ്റിയുടെ പ്രതിമാസ ബുള്ളറ്റിനില്‍ ഇതിനായി കുറച്ചിടം അനുവദിച്ചതും പ്രയോജകമായി.

പരപ്പനങ്ങാടി ദര്‍പ്പണയുടെ ചിത്രദര്‍പ്പണം, തൃശ്ശൂര്‍ മാസിന്റെ മാസ് ഫിലിം ന്യൂസ്, കാസറഗോഡ് ഫിലിം സൊസൈറ്റിയുടെ സിനി റിതം, ചലച്ചിത്രയുടെ ക്‌ളോസ് ലുക്,സര്‍ഗയുടെ സിംക്രമി തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ഒരു പാരസ്പര്യം ഊട്ടിയുറപ്പിച്ചു (എഫ് എഫ് എസ് ഐ കേരളത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ദൃശ്യതാളം 2017 മേയ് ലക്കം മുതല്‍ മാസം തോറും പ്രസിദ്ധീകരിച്ച് അതില്‍ പ്രധാനമായും അംഗസൊസൈറ്റികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളിക്കാന്‍, വൈകിയെങ്കിലും, തീരുമാനിച്ചത് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന മാത്ര്കയുടെ സ്വീകരണം തന്നെ.)

സൊസൈറ്റികളുടെ പ്രയാസങ്ങളും പ്രതിബന്ധങ്ങളും ഉചിതമായ വേദിയില്‍ എത്തിച്ച് അവക്ക് പരിഹാരം ഉണ്ടാക്കാന്‍ സഹായിച്ചുമാണ് പ്രസ്ഥാനത്തെ വളര്‍ത്തിയെടുത്തത്. ഡോ.ശിവരാമ കാരന്ത് അദ്ധ്യക്ഷനും കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ പിതാവ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ അംഗവുമായിരുന്ന ദേശീയ നയരൂപീകരണത്തിനായുള്ള പ്രവര്‍ത്തക ഗ്രൂപ്പിന്റെ ശുപാര്‍ശകളായ ഫിലിം സൊസൈറ്റികള്‍ക്ക് ധനസഹായം നല്കുക, സ്വന്തമായി പ്രദര്‍ശന ഇടം ഒരുക്കാന്‍ സര്‍ക്കാര്‍ ഭൂമി അനുവദിക്കുക,ഫിലിം സൊസൈറ്റി പ്രദര്‍ശനങ്ങളെ വിനോദ നികുതി, പ്രദര്‍ശന നികുതി എന്നിവയില്‍ നിന്നും ഒഴിവാക്കുക, സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിക്കുക തുടങ്ങിയവ നടപ്പാക്കാന്‍ 1981 ജൂണ്‍ ഏഴിന് അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാരെ നേരില്‍ കണ്ട് ഒരു നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചതിന്റെ തുടര്‍ച്ച മാത്രമാണ് ചിലര്‍ തങ്ങളുടേതെന്ന് ഇപ്പോള്‍ അവകാശപ്പെടുന്ന പല നേട്ടങ്ങളുമെന്നും എത്ര പേര്‍ക്കറിയാം?! സ്വന്തം കേമത്തം കാട്ടാനോ എന്തെങ്കിലും സ്ഥാനങ്ങള്‍ നേടാന്‍ ലക്ഷ്യമിട്ടോ ഇതൊന്നും കൊട്ടിഘോഷിച്ചില്ലെന്നത് കൊണ്ടാണ് അങ്ങിനെയൊക്കെ ചെയ്ത് പോരുന്നവര്‍ മറ്റുള്ളവരെ അരുതാത്തതെന്തോ ‘രഹസ്യമാക്കി വെച്ചു’ എന്ന വിധം ആക്ഷേപിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം കേരളത്തില്‍ അനുവദിച്ച് വന്നിരുന്ന വിനോദനികുതി ഇളവ് പിന്‍വലിച്ച് ഫിലിം സൊസൈറ്റികള്‍ക്ക് നികുതിയേര്‍പ്പെടുത്താന്‍ അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി വിജെ തങ്കപ്പന്‍ ഉത്തരവിറക്കി. (അതിന് കാരണമായതില്‍ ലേഖകന്‍ പ്രതിനിധീകരിക്കുന്ന ഫിലിം സൊസൈറ്റിയുടെ പങ്കെന്തായിരുന്നുവെന്ന് തിരുവനന്തപുരത്തുകാരെങ്കിലും ഓര്‍ക്കുന്നുണ്ടാവും) ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുകയും എഫ്എഫ്എസ്ഐ യുടെ പ്രസിഡണ്ട് സത്യജിത് റായി മന്ത്രിക്ക് നേരിട്ടെഴുതി പിന്‍വലിപ്പിക്കാന്‍ ഇടയാക്കിയതും അന്നത്തെ കേരള പ്രതിനിധികളുടെ ഇടപെടല്‍ കൊണ്ടായിരുന്നു എന്നും ഓര്‍മ്മിപ്പിക്കട്ടെ.

1980ല്‍ കേരള യൂണിവേഴ്‌സിറ്റി യൂണിയന്റെ ആഭിമുഖ്യത്തില്‍ ആലുവ യുസി കോളജില്‍, 1983ല്‍ കാസര്‍ഗോഡ് ഫിലിം സൊസൈറ്റി വകയായി കാസര്‍ഗോഡ്, 1984ല്‍ സര്‍ഗയുടെ നേതൃത്വത്തില്‍ പയ്യന്നൂരിലുമെല്ലാം നാഷണല്‍ ഫിലിം ആര്‍കൈവിന്റെ സഹകരണത്തോടെ നടന്ന ആസ്വാദന ക്യാമ്പുകളുടെ സംഘാടനം പൂനയിലേക്ക് യാത്ര വരെ നടത്തി സാധിച്ച് കൊടുത്തതും മറ്റാരുമല്ല. ആര്‍കൈവില്‍ നിന്നും ചിത്രങ്ങളും ക്യാമ്പിന് വേണ്ട പഠന സാഹിത്യവും പ്രൊജക്റ്റര്‍ ഓപ്പറേറ്ററേയും ഫാക്കല്‍റ്റിയേയും മറ്റും എത്തിച്ചാണ് ആ ക്യാമ്പുകള്‍ നടത്തിയിരുന്നത്. പികെ നായര്‍, സതീഷ് ബഹദൂര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, നീരദ് മൊഹപത്ര, ജോണ്‍, അനില്‍ സങ്കര്‍, ഹേമന്തി ബാനര്‍ജി, ഗായത്രി ചാറ്റര്‍ജി, ഐ ഷന്മുഖദാസ്, നീലന്‍, വിജയകൃഷ്ണന്‍ എന്നിവരൊക്കെയാണ് ഈ ക്യാമ്പുകളില്‍ ക്‌ളാസുകളെടുത്തിരുന്നത്.

ഫിലിം സൊസൈറ്റികളുടെ ബുള്ളറ്റിനുകള്‍ ഉള്‍പ്പടെയുള്ള പ്രസിദ്ധീകരണങ്ങള്‍ക്ക് പ്രസ് അക്രഡിറ്റേഷനും ഫിലിം സൊസൈറ്റി പ്രതിനിധികള്‍ക്ക് ഡെലിഗേറ്റ് പദവിയും ഇന്ത്യയിലെ രാജ്യാന്തര ചലച്ചിത്രമേളകളില്‍ നേടിയെടുത്തതും ഇക്കാലത്തെ റീജ്യണല്‍ കൗണ്‍സില്‍ പ്രവര്‍ത്തകരുടെ ശ്രമം കൊണ്ട് തന്നെ. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ പുഷ്കല കാലമായ എണ്‍പതുകളില്‍ ഇട്ട അസ്തിവാരത്തിന് മുകളില്‍ കൂടുതലൊന്നും പണിഞ്ഞിട്ടില്ലെന്ന് സമ്മതിക്കാന്‍ ഇന്നത്തെ ജനകീയര്‍ക്ക് പ്രയാസമുണ്ടാകുമെന്നറിയാം. എന്നാല്‍ നാട്ടുകാര്‍ അറിയട്ടെ എന്ന് കരുതിയാണ് ‘സ്വന്തം സൊസൈറ്റിയുടേയും തന്റേയും സങ്കുചിത താല്‍പര്യങ്ങള്‍ക്കപ്പുറത്ത് എന്താണ് ചെയ്തതെന്ന ചോദ്യത്തിന് ഇന്നും സര്‍ഗ്ഗയുടേയും എന്റേയും സൂക്ഷിപ്പിലുള്ള പഴയ രേഖകളുടെ പിന്‍ബലത്തില്‍ ഈ മറുപടി നല്‍കേണ്ടി വന്നത്.

പ്രവര്‍ത്തനമാരംഭിച്ച് മൂന്ന് മാസം കഴിഞ്ഞാല്‍ അസോസിയേറ്റ് അംഗത്വത്തിനും അവിടുന്ന് ആറ് മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം പൂര്‍ണ അംഗത്വം അനുവദിക്കാന്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്യുന്നതിനും റീജിയണല്‍ കൗണ്‍സിലില്‍ അപേക്ഷിക്കാം എന്നാണ് ഫെഡറേഷന്‍ നിയമാവലിയിലെ വ്യവസ്ഥ. സാധാരണഗതിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ അംഗത്വം ലഭിക്കാറുണ്ട്. അംഗത്വം ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ അത് നീണ്ട് പോകാം. 1980ല്‍ റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച തിരുവനന്തപുരത്തെ സ്പാര്‍ക് ഫിലിം സൊസൈറ്റിയുടെ അപേക്ഷ 1980-’82 കാലത്തെ കൗണ്‍സില്‍ മുന്‍പാകെ വന്നിട്ടില്ലെന്ന് അക്കാലത്തെ മിനുട്‌സ് പരിശോധിച്ചതില്‍ നിന്നും വ്യക്തമാണ്. ‘സ്പാര്‍ക് ഫിലിം സൊസൈറ്റിക്ക് എഫ്എഫ്എസ്‌ഐ അഫിലിയേഷന്‍ നിഷേധിച്ചത് എന്ത് കൊണ്ടാണെന്ന് അന്നത്തെ റീജ്യണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ പറയേണ്ടതാണ്’ എന്ന ശാസനത്തിനുള്ള മറുപടിയായിട്ടാണ് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘എത്രയോ കാലമായി അപേക്ഷ നല്‍കിയിട്ടും കാരണമില്ലാതെ വൈകിക്കുകയായിരുന്നു’വെങ്കില്‍ ഫെഡറേഷനില്‍ അംഗത്വമുള്ള സൊസൈറ്റി പ്രതിനിധികളുടെ യോഗങ്ങളില്‍ സ്പാര്‍ക്കിന്റെ പ്രതിനിധികളും പങ്കെടുത്തത് മറ്റു സൊസൈറ്റികളുടെ പേരില്‍ മാറാട്ടം നടത്തുന്ന ‘കലാപരിപാടി’ അക്കാലത്തേ തുടങ്ങിയിരുന്നു എന്ന് വിശ്വസിക്കേണ്ടി വരും. കേരളത്തിലെ ഫിലിം സൊസൈറ്റികളെയെല്ലാം പ്രതിനിധീകരിക്കാന്‍ തിരുവനന്തപുരത്ത് നിന്ന് സ്വന്തം ശിങ്കിടികളേയും കൂട്ടി എഫ്എഫ്എസ്ഐയുടെ ദ്വൈവാര്‍ഷിക തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്ത് വോട്ട് ചെയ്ത് റീജ്യണല്‍ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതും മറ്റൊരു അവസരത്തില്‍ ഈ തന്ത്രം പയറ്റി പരാജയപ്പെട്ടതും 2014 ലെ കേരള സബ് റീജ്യണ്‍ തെരഞ്ഞെടുപ്പില്‍ അത് ആവര്‍ത്തിക്കുന്നത് കണ്ടപ്പോള്‍ ഓര്‍മ്മിച്ചെടുത്തത്,”ഓപറേഷന്‍ മാറാട്ട”ത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ തന്നെയായിരുന്നു.

എന്തെങ്കിലും പ്രതിഫലമോ അധികാരസ്ഥാനത്തിന്റെ ഓരം പറ്റാനുള്ള സാദ്ധ്യതയോ ഇല്ലാത്ത, വ്യക്തിപരമായ നഷ്ടങ്ങള്‍ മാത്രം സമ്മാനിക്കുന്ന ഒരു പ്രസ്ഥാനത്തെ നിലനിര്‍ത്താന്‍ പ്രതിബദ്ധത വേണം. സന്നദ്ധതയുമായി ആരും മുന്നോട്ട് വരാറില്ലെന്ന കേരളത്തിലെ ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തിലെങ്കിലും നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ച് കൊണ്ടാണ് സംഘടനയുടെ തലപ്പത്ത് ഒരാള്‍ തന്നെ നാല്‍പ്പത് വര്‍ഷം തുടരുന്നു എന്നെ കുറിച്ചുള്ള മറ്റൊരു ആക്ഷേപം. ‘സംഘം പ്രവര്‍ത്തനരഹിതമായപ്പോഴും മറ്റുള്ളവരുടെ അഭിപ്രായം അവഗണിച്ച് ഏകാധിപതിയെപ്പോലെ സ്ഥാനത്ത് തുടരുകയായിരുന്നു’ എന്ന ആരോപണം നിലനില്‍ക്കണമെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒന്ന് അവാസ്തവമായിരിക്കണം. അത് ഏകാധിപത്യമാണെങ്കില്‍ എഫ്എഫ്എസ്ഐ കേരള ഘടകത്തിന്റെ ഭരണസമിതിയില്‍ സ്ഥാനങ്ങളുടെ പേര് മാത്രം മാറിക്കൊണ്ട് ഒരാള്‍ തന്നെ പതിറ്റാണ്ടുകളോളം കടിച്ച് തൂങ്ങി സ്വകാര്യമോഹങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഉപയോഗിക്കുന്നതിനെ എന്താണ് വിളിക്കുക? അങ്ങിനെയൊന്നും മോഹിക്കാത്തത് കൊണ്ട് എനിക്ക് ഒരു ഇഛാഭംഗവും നിരാശയും ഇല്ലെന്ന് എഫ്എഫ്എസ്‌ഐ ആവശ്യമുള്ളവര്‍ മനസിലാക്കുക.

അനീതിക്കെതിരെ പ്രതികരിക്കുമ്പോള്‍ വിദ്വേഷം ആര്‍ക്കാണെന്ന് ലേഖനത്തിലെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ സാക്ഷ്യമാണ്. ഇരുപത്തഞ്ച് വര്‍ഷമായി വഹിക്കുന്ന അദ്ധ്യക്ഷപദവി വ്യക്തിപരമായ കാരണങ്ങളാല്‍ സ്വയം ഒഴിഞ്ഞത് ‘സ്വന്തം തട്ടകമായിരുന്ന സര്‍ഗ്ഗ ഫിലിം സൊസൈറ്റിയില്‍ നിന്ന് പുറത്തായി’ എന്ന ലേഖനത്തിന്റെ അവസാന ഭാഗത്തെ ദുര്‍വ്യാഖ്യാനം ലേഖകന്‍ ഇതിന് മുന്‍പും പലയിടങ്ങളില്‍ നടത്തിയിട്ടുള്ളതാണ്. ഫിലിം എന്തെന്നും സൊസൈറ്റി എന്തെന്നും അറിയാത്ത, കൃത്രിമമാര്‍ഗ്ഗങ്ങളിലൂടെ സര്‍ഗ്ഗയുടെ ഭരണസമിതിയില്‍ കടന്ന് കൂടിയ (അവരുടെ പില്‍ക്കാല ചെയ്തികളും ഈ ദുര്‍വ്യാഖ്യാനവും ചേര്‍ത്ത് വായിക്കുമ്പോള്‍ കടത്തിവിട്ടതാണെന്ന സംശയം ബലപ്പെടുകയാണ്.) ചിലരെ കൂട്ടുപിടിച്ച് ‘എന്റെ തട്ടക’ത്തില്‍ നിന്ന് പുറത്താക്കാമെന്ന് സ്വപ്നം കാണുന്നുണ്ടെങ്കില്‍ അത് നിഷ്ഫലമാകാനേ സാദ്ധ്യതയുള്ളൂ. എണ്‍പതുകളുടെ അവസാനത്തോടെ കേരളത്തിലെ പ്രസ്ഥാനവും ഫെഡറേഷന്റെ കേരള ഘടകവും നിഷ്‌ക്രിയമായപ്പോഴും പ്രവര്‍ത്തനം നിലക്കാതെ, ഇപ്പോഴും തുടരുന്ന വിരലിലെണ്ണാവുന്ന സൊസൈറ്റികളിലൊന്നാണ് പയ്യന്നൂരിലെ സര്‍ഗ്ഗ. ഇടക്കൊന്ന് തളര്‍ന്നത് ലോകരാഷ്ട്രീയത്തിലും സാമ്പത്തികനയങ്ങളിലുമൊക്കെയുണ്ടായ മാറ്റം കൊണ്ടായിരുന്നില്ല, തികച്ചും പ്രാദേശികമായ പരിമിതികള്‍ മൂലമായിരുന്നു.

നൂറ് പേര്‍ക്കെങ്കിലും ഇരിക്കാവുന്ന ഒരു പ്രദര്‍ശന ഇടത്തിന്റെ അഭാവം, 35 മില്ലീമീറ്റര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം ലഭിക്കായ്ക, നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സില്‍ വിതരണത്തിനുള്ള ചിത്രങ്ങളൊക്കെ ഒരു വട്ടം പ്രദര്‍ശനം പൂര്‍ത്തിയാക്കിയത്, എഫ്എഫ് എസ്‌ഐ നടത്തി വന്ന വിതരണം ഏതാണ്ട് നിലച്ചത് എന്നിവയൊക്കെയായിരുന്നു അന്നത്തെ പ്രതിസന്ധി. ഇതൊക്കെയായിട്ടും സര്‍ഗ്ഗ നിലനിന്നത് അതിന്റെ പ്രതിബദ്ധരായ പ്രവര്‍ത്തകരുടെ ഇഛാശക്തി കൊണ്ട് മാത്രമാണ്. 1990ല്‍ കേരളത്തിലെ പ്രസ്ഥാനത്തിന്റെ രജതജയന്തി വിപുലമായി ആഘോഷിച്ചപ്പോള്‍ അത് അറിഞ്ഞെന്ന് പോലും നടിക്കാത്ത ഫെഡറേഷന്റെ തലപ്പത്ത് 1989ല്‍ ജനാധിപത്യപരമായി പുന:സംഘടിപ്പിക്കപ്പെട്ട കെഎസ്എല്‍ഒ ഭാരവാഹികള്‍ തന്നെയായിരുന്നു.

1991ലെ ‘അരവിന്ദന്റെ ലോകം’ 1992 ലെ ‘സോളിഡാരിറ്റി ടു ക്യൂബ’ ചലച്ചിത്രമേള, ’95ലെ ‘സെലക്റ്റഡ് ഫ്രം ഐവി ഫെസ്റ്റ്’, ’95-’96 ലെ ലോകസിനിമയുടെ ശതാബ്ദിയാഘോഷമായി ഒരു വര്‍ഷത്തെ ചലച്ചിത്രമേള തുടങ്ങിയ അനന്യമായ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത് അതിനകം ‘ഒരു സാംസ്‌കാരിക പ്രസ്ഥാനമായി വളര്‍ത്തപ്പെട്ട ഫെഡറേഷന്റെ’യൊന്നും സഹായമില്ലാതെ തന്നെയാണെന്ന് പറയുന്നതില്‍ അനല്‍പ്പമായ അഭിമാനമുണ്ട്. 2000ത്തില്‍ രജത ജയന്തി ആഘോഷിച്ചുകൊണ്ടാണ് സര്‍ഗ വീണ്ടും ഊര്‍ജ്ജസ്വലമായത്. തന്റെ എല്‍സിഡി പ്രൊജക്റ്ററും സ്വന്തം വീഡിയോ ശേഖരത്തിലെ ചിത്രങ്ങളുമായി യശ:ശരീരനായ ശരത്ചന്ദ്രന്‍ അതിനകം തന്റെ ‘ഭ്രാന്തന്‍’ യാത്രകള്‍ ആരംഭിച്ച് കഴിഞ്ഞിരുന്നു. ശരത്തിന്റെ സഹായത്തോടെ നടത്തിയ മൂന്ന് ദിവസത്തെ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തത് എംപി സുകുമാരന്‍ നായരായിരുന്നു. തുടര്‍ന്ന് വാര്‍ഷിക ചലച്ചിത്രമേളയുള്‍പ്പെടെ വിവിധ പരിപാടികളുമായി സജീവമായി നിലകൊള്ളുന്നത് മൂന്ന് പതിറ്റാണ്ടോളമായി എഫ്എഫ്എസ്‌ഐ കേരളഘടകത്തിന്റെ ഭാരവാഹികളായി തുടരുന്നവര്‍ അറിഞ്ഞില്ലെന്ന് നടിക്കുന്നത് ദുരുദ്ദേശത്തോടെയാണെന്ന് പറയാതെ വയ്യ. സര്‍ഗ്ഗയുടെ ഓഫീസിലേക്ക് അവരെ ക്ഷണിക്കുകയാണ്; 1975 മുതല്‍ ഇന്ന് വരെ സര്‍ഗ്ഗ പ്രവര്‍ത്തിച്ചു വന്നതിന്റെ രേഖകള്‍ കണ്ട് ബോദ്ധ്യപ്പെടാന്‍.

1992 ലെ നിര്‍വാഹകസമിതി തെരഞ്ഞെടുപ്പില്‍ മൂന്ന് വോട്ട് മാത്രം നേടി പരാജയപ്പെട്ടപ്പോള്‍ വിട്ടുപോയി ഫിലിം സൊസൈറ്റികളുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് ഘോഷിച്ച് നടന്നവര്‍ 2005ല്‍ മറ്റൊരു സംഘം രൂപികരിക്കാനുള്ള ന്യായീകരണമായി പ്രചരിപ്പിച്ച നുണയാണ് ‘സര്‍ഗ പ്രവര്‍ത്തന രഹിതമായി’ എന്ന്. 1990ല്‍ സര്‍ഗ്ഗയുടെ പ്രൊജക്റ്റര്‍ മോഷ്ടിച്ചവരും ലൈബ്രറിയില്‍ നിന്നും പുസ്തകം കടമെടുത്ത് തിരിച്ച് നല്‍കാതെ സ്വന്തമാക്കിയവരും മഴ കൊള്ളാതിരിക്കാനെങ്കിലും സര്‍ഗ്ഗയുടെ പ്രദര്‍ശനം നടക്കുന്ന സ്‌കൂള്‍ ഹാളിന്റെ വരാന്തയില്‍ പോലും കയറി നില്‍ക്കാത്തവരുമൊക്കെ ചേര്‍ന്നാണ് പുതിയ സംഘമുണ്ടാക്കിയതെന്ന് അറിയുമ്പോള്‍ അതിന്റെ ഉദ്ദേശമെന്തായിരുന്നുവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ഫെഡറേഷന്റെ ഏകാധിപത്യപരമായ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്ത സര്‍ഗ്ഗയെ എതിരിടാന്‍, പേരില്‍ പോലും മൗലികതയില്ലാത്ത (പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റിന്റെ വാര്‍ഷിക ചലച്ചിത്രമേളയുടെ പേരാണ് അപഹരിച്ചിട്ടുള്ളത്.) ഒരു സംഘത്തെ രൂപീകരണം കഴിഞ്ഞ് പത്തുവര്‍ഷത്തിന് ശേഷം അംഗത്വം നല്‍കിയും, കേരളത്തിലെ പ്രസ്ഥാനത്തിന്റെ സുവര്‍ണ്ണജയന്തി ആഘോഷവേളയില്‍, നാല്‍്പ്പത് വര്‍ഷം നിലനിന്ന സര്‍ഗ്ഗക്ക് അര്‍ഹതപ്പെട്ട, ആദരം നല്‍കിയും കൂടെ ചേര്‍ത്ത് എഫ്എഫ്എസ് ഐ കേരള ഘടകം ആ നുണ ഏറ്റ് പാടുകയാണ്. സ്ഥാപനം തൊട്ട് നാല് ദശാബ്ദക്കാലം സര്‍ഗയെ നയിച്ചവരെ വ്യക്തിഹത്യയിലൂടെ ആത്മവീര്യം കെടുത്തി സംഘടനയെ തന്നെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആ സംഘം, രൂപീകരണനാള്‍ തൊട്ട് അപവാദങ്ങള്‍ പ്രചരിപ്പിച്ചും വ്യക്തിപരമായി ആക്രമിച്ചും അതിന്റെ ജനാധിപത്യബോധവും ആര്‍ജ്ജവവുമെല്ലാം തെളിയിച്ച് കൊണ്ടിരിക്കുന്നുണ്ട്. ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ യുക്തമായ അധികാരികളേയും വേണ്ടിടത്ത് കോടതിയേയും സമീപിക്കുകയല്ലാതെ നിര്‍വ്വാഹമില്ലെന്ന സാഹചര്യത്തില്‍ അങ്ങിനെ ചെയ്തത് വലിയ അപരാധമായി പ്രചരിപ്പിക്കുന്നുമുണ്ട്.

മാന്യന്മാര്‍ എന്ന് നടിക്കുന്ന പലരും ചെയ്യുന്നത് പോലെ ഊമക്കത്തോ നാടാകെ പരത്തുന്ന കിംവദന്തിയോ സ്വകാര്യവെടിവെട്ടത്തിലെ പരദൂഷണമോ ആയല്ല, സ്വന്തം പേരില്‍ പരസ്യമായിത്തന്നെയാണ് എല്ലാം ചെയ്തിട്ടുള്ളതെന്ന് പറയുന്നതില്‍ എനിക്ക് ഒരു സങ്കോചവുമില്ല. ലേഖനത്തിലെ വ്യക്തിപരമായ ആക്ഷേപങ്ങളും പരാതികളില്‍ നടപടികള്‍ ഉണ്ടാകുമ്പോള്‍ എതൃകക്ഷികള്‍ പരാതിക്കാരനെ മാപ്പപേക്ഷയുമായി സമീപിച്ചതും തെളിയിക്കുന്നത് പ്രതിരോധം ഫലിച്ചു എന്ന് തന്നെയാണല്ലോ. 2000 ല്‍ സ്വയം പ്രഖ്യാപിത സൗത്ത് വെസ്റ്റ് റീജ്യണല്‍ ഭാരവാഹികളായി ഫെഡറേഷന്റെ കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ അത് അംഗീകരിക്കാതെ യോഗത്തില്‍ നിന്ന് പുറത്താക്കിയപ്പോള്‍, കേന്ദ്ര നേതൃത്വത്തിനെതിരെ പരാതികളും പിന്നീട് കോടതിക്കേസുമായി നടക്കുകയും 2008ല്‍ സബ് റീജ്യണ്‍ അനുവദിക്കുന്നത് വരെ കേന്ദ്ര നേതൃത്വവുമായി നിസ്സഹകരിച്ച് ‘സ്വതന്ത്രമായി’ പ്രവര്‍ത്തിച്ചതും നീതിക്കു വേണ്ടിയുള്ള പോരാട്ടം! സ്വയം പ്രതിരോധം വ്യവഹാര ജ്വരവും!

കേരള സബ് റീജ്യണില്‍ രണ്ട് വര്‍ഷത്തില്‍ നടക്കുന്ന ഭാരവാഹി തെരഞ്ഞെടുപ്പില്‍ ഏതാനും ചിലരെ സ്ഥിരമായി മത്സരമില്ലാതെ തെരഞ്ഞെടുക്കുന്നതിനുള്ള തന്ത്രമാണ് 18 മുതല്‍ 21 വരെ അംഗങ്ങളെ കൌണ്‍സിലില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലേഖനത്തിലെ ‘നിയമത്തെപ്പോലും അപ്രസക്തമാക്കുന്ന ജനാധിപത്യവത്ക്കരണം’. സ്ഥിരം ഏഴ് പേര്‍ക്ക് പുറമേ, നാമനിര്‍ദ്ദേശം സമര്‍പ്പിച്ചവരെയെല്ലാം കൗണ്‍സിലിലുള്‍പ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് പിന്‍വലിപ്പിച്ച് പിന്നീട് എല്ലാവരേയും നിയമവിരുദ്ധമായി ഉള്‍പ്പെടുത്തുന്നതാണ് അതിന്റെ പ്രയോഗം. 2010 ല്‍ എന്റെ നാമനിര്‍ദ്ദേശ പത്രിക, യോഗത്തില്‍ പങ്കെടുത്തിട്ടില്ലാത്ത എന്നെ ഫോണില്‍ വിളിച്ച് പിന്‍വലിപ്പിക്കുകയും പിന്നീട് കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയതും വഴി എഫ്എഫ്എസ്‌ഐ കേരളത്തിന്റെ ഉള്ളുകള്ളികള്‍ മനസ്സിലാക്കാന്‍ അവസരം കിട്ടി. ജനാധിപത്യപരമായും ഔപചാരികതയുമില്ലാതെ തുറന്ന പുസ്തകം പോലെ പ്രവര്‍ത്തിക്കുന്നുവെന്നും എല്ലാ തീരുമാനങ്ങളും തുറന്ന ചര്‍ച്ചയിലൂടെയാണെടുക്കുന്നതെന്നും അവകാശപ്പെടുന്നുണ്ടെങ്കിലും സത്യം മറിച്ചാണ്. ചര്‍ച്ചയൊക്കെ നടക്കും; പക്ഷേ തീരുമാനങ്ങളൊക്കെ ചിലരുടേത് മാത്രം.

മിനുറ്റ്‌സിലെ രേഖപ്പെടുത്തലും അങ്ങിനെ തന്നെയായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങളോ വിയോജിപ്പുകളോ അതില്‍ ഇടം നേടില്ല. 12-1-’13 ലേയും 27-7-’13ലേയും മിനുട്‌സിലെ ചില ഭാഗങ്ങള്‍ ഇതിന് തെളിവായി ഉദ്ധരിക്കാം. (എഫ്എഫ്എസ്‌ഐ കേരള സബ് റീജ്യണല്‍ കൗണ്‍സിലില്‍ വര്‍ഷങ്ങളായി അംഗമായിട്ടുള്ള, ഇപ്പോഴും തുടരുകയും ചെയ്യുന്ന, ഒരാളുടെ വിയോജിപ്പുകളും അതിനുള്ള മറുപടിയുമൊക്കെ കാണാം അതില്‍.)

12-1-’13:’ ഫെഡറേഷന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം വിഭാഗീയമാണെന്നും അതിനാല്‍ തനിക്ക് യോജിച്ച് പ്രവര്‍ത്തിക്കാന്‍ പ്രയാസമാണെന്നും റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയില്‍ പറഞ്ഞു. കാരണങ്ങള്‍ വിശദമാക്കുന്ന കുറിപ്പ് മീറ്റിങ്ങില്‍ വെക്കുകയാണെന്ന് പറഞ്ഞുകൊണ്ട് അതിലെ ഉള്ളടക്കം അവതരിപ്പിച്ചു.

ഫെഡറേഷന്‍ വിഭാഗീയമായി പ്രവര്‍ത്തിക്കുന്നു. ചിലര്‍ കൂടി കാര്യങ്ങള്‍ തീരുമാനിക്കുന്നു. ”അനാവശ്യമായ വിവാദം ഉണ്ടാക്കുകയാണെന്നും കൂട്ടായി പ്രവര്‍ത്തിക്കേണ്ട ഫെഡറേഷനില്‍ വിഭാഗീയമായി കാര്യങ്ങള്‍ കാണുകയാണെന്നും അത് നമ്മുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും വികെ ജോസഫ് അഭിപ്രായപ്പെട്ടു. പറയുന്നത് പോലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കാം, എന്നല്‍ അനൗപചാരികമായ ചര്‍ച്ചയിലൂടെയും ആശയവിനിമയത്തിലൂടെയും മാത്രമേ ഫെഡറേഷനെപ്പോലുള്ള സാംസ്‌ക്കാരിക കൂട്ടായ്മക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

27-07-13: ’12-1-’13ലെ മീറ്റിംഗിന്റെ മിനുട്ട്‌സില്‍ നല്‍കിയ കുറിപ്പിലുള്ള കാര്യങ്ങളല്ല കുറിപ്പില്‍ ഉള്ളതെന്നും അത് തിരുത്തണമെന്നും ആവശ്യപ്പെടുകയും ചര്‍ച്ചകള്‍ക്ക് ശേഷം മൂന്നാം പേജിലെ മൂന്നാം ഖണ്ഡിക മാറ്റുവാനും കുറിപ്പ് കൂട്ടിച്ചേര്‍ക്കുവാനും തീരുമാനിച്ചു.

ഇനി 30-3-’14ല്‍ എഫ്എഫ്എസ്ഐ കേരളത്തിന്റെ സെക്രട്ടറിക്ക് അയച്ച ഇ മെയില്‍. 2012 ജനുവരി 12ന് ചേര്‍ന്ന യോഗത്തില്‍ ഞാന്‍ എഴുതി അവതരിപ്പിച്ച കാര്യങ്ങളും അതിന്മേല്‍ മറ്റംഗങ്ങള്‍ നടത്തിയ ചര്‍ച്ചയും തീര്‍ത്തും തെറ്റായാണ് മിനുട്‌സില്‍ രേഖപ്പെടുത്തിയത് എന്ന കാര്യം ഞാന്‍ ജൂലൈയിലെ യോഗത്തില്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ജൂലൈയിലെ യോഗത്തില്‍ തെറ്റായ പരാമര്‍ശങ്ങള്‍ നീക്കാനും എന്റെ കുറിപ്പ് മിനിട്‌സിന്റെ ഭാഗമാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ജൂലൈയിലെ യോഗത്തിന്റേതായി അയച്ചുകിട്ടിയ മിനിട്‌സില്‍ രണ്ടാമത്തെ ഖണ്ഡിക നീക്കം ചെയ്യുന്നതായും എന്റെ കുറിപ്പ് മിനിട്‌സിന്റെ ഭാഗമാക്കുന്നതായും പരാമര്‍ശിച്ചുകണ്ടു. ”സൈന്‍സ് 2012ലെ ഓരോ വര്‍ക്കിനും എത്ര ചെലവായിട്ടുണ്ടെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു” എന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ മിനിട്‌സില്‍ നില നില്ക്കുന്നതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ സാഹചര്യത്തില്‍ ഭാവിയില്‍ റീജ്യണല്‍ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാനോ ചര്‍ച്ച ചെയ്യാനോ ഞാന്‍ ഭയപ്പെടുന്നു.

ഏറ്റവും ചുരുങ്ങിയത് 10 മാസത്തെ എങ്കിലും മുന്നൊരുക്കത്തോടെയേ സൈന്‍സ് നടത്താനാവൂ എന്ന് എനിക്ക് 2012ല്‍ ബോധ്യപ്പെടുകയും വിശദമായ ഒരു കുറിപ്പ് എഴുതിത്തയ്യാറാക്കി നല്‍കുകയും ചെയ്തിരുന്നു. വെറും 49 ദിവസത്തെ സമയത്തില്‍ ഒരു സൈന്‍സ് ആലോച്ചിക്കുന്നത്, പരിപാടി നടത്തി എന്ന് വരുന്ന ജനറല്‍ മീറ്റിങ്ങില്‍ പറയാന്‍ മാത്രമാണ് എന്ന് വ്യക്തമാണ്. ഇതിനായി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന 6 ലക്ഷം രൂപ വ്യക്തമായും ധൂര്‍ത്താണ്. സമൂഹത്തോട് ഉത്തരവാദിത്തം പുലര്‍ത്തുന്ന ഒരു പ്രസ്ഥാനത്തിന് ഇത് യോജിച്ചതല്ല. ഇക്കാര്യത്തിലെ സാമ്പത്തികം അടക്കമുള്ള ഉത്തരവാദിത്തം റീജ്യണല്‍ കൗണ്‍സില്‍ അംഗമെന്ന നിലയില്‍ പങ്കിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.”(ഇത്രയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ആള്‍ വല്യേട്ടന്റെ കണ്ണുരുട്ടലില്‍ മെരുങ്ങിയാണോ ഇപ്പോഴും സമിതിയില്‍ തുടരുന്നതെന്ന് ആരും സംശയിക്കരുത്!)

2010-’11 വര്‍ഷത്തില്‍ കേരള സര്‍ക്കാര്‍ എഫ്എഫ്എസ്‌ഐക്ക് 50 ലക്ഷം രൂപ ഗ്രാന്റ് അനുവദിച്ചു. 2011-’12 ല്‍, മാറിയ ഭരണത്തില്‍ അത് അഞ്ച് ലക്ഷം രൂപ മാത്രമാക്കുകയുണ്ടായി. പത്ത് ശതമാനം കമ്മീഷന്‍ നല്‍കിയാല്‍ ധനകാര്യവകുപ്പ് അടച്ച ഫയല്‍ തുറപ്പിച്ച് ഗ്രാന്റ് പഴയത് പോലെയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്തത് പ്രകാരം ഗ്രാന്റ് മുപ്പത് ലക്ഷമാക്കിയിട്ടുണ്ടെന്നും കമ്മീഷന് വേണ്ടി ഇടനിലക്കാരന്‍ വിളിച്ച് പൊറുതി മുട്ടിക്കുന്നുവെന്നും 8-5-’12 ലെ കൗണ്‍സില്‍ യോഗത്തില്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ അറിയിക്കുകയുണ്ടായി. ഇപ്പോഴും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തില്‍ സജീവമായിരിക്കുന്ന ഒരാളാണ് ഇടനിലയെന്നും ഭരണമുന്നണിയിലെ ഒരു കക്ഷി നേതാവിന് വേണ്ടിയാണ് കമ്മീഷനെന്നും അറിയിക്കുകയുണ്ടായി. സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കാന്‍ ഓരോ വര്‍ഷവും നല്‍കിയ കമ്മീഷന്‍ ഏത് കണക്കിലായിരിക്കും പെടുത്തിയിരിക്കുക?!

ഇക്കാര്യങ്ങളൊക്കെ കേരളത്തിലെ ഫിലിം സൊസൈറ്റികള്‍ക്ക് മുന്‍പാകെ പരസ്യപ്പെടുത്തിയതോടെയാണ് ഞാന്‍ ‘സ്വയം റദ്ദാക്കപ്പെട്ടത്’. ചരിത്രത്തിലാദ്യമായി, 2014ല്‍ എഫ്എഫ്എസ്ഐ കേരളത്തിന്റെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരം നടന്നു. സര്‍ഗ ഫിലിം സൊസൈറ്റി എന്നെ നാമനിര്‍ദ്ദേശം ചെയ്ത പത്രിക കിട്ടിയില്ലെന്ന് പറഞ്ഞ് മത്സരത്തില്‍ നിന്ന് ഒഴിവാക്കിയാണ് സ്ഥാനമൊഴിയുന്ന ഭാരവാഹികള്‍ ആദ്യവിജയം നേടുന്നത്. കടലാസ് സംഘടനകളുണ്ടാക്കി വോട്ടവകാശം നേടിയും ഹാജരാകാത്ത സൊസൈറ്റികള്‍ക്ക് പകരം മാറാട്ടം നടത്തി വോട്ട് ചെയ്തും 13 നെതിരെ 21 വോട്ടിനേ ഔദ്യോഗിക പാനലിന് വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. തെരഞ്ഞെടുപ്പില്‍ നടന്ന ക്രമക്കേടുള്‍പ്പെടെ എഫ്എഫ് എസ്ഐ കേരളത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് സര്‍ഗ്ഗ ഫിലിം സൊസൈറ്റി നല്കിയ പരാതിയില്‍ കേന്ദ്ര ഓഫീസ് ഒരു അന്വേഷണ പ്രഹസനം നടത്തി തങ്ങളുടെ സഹപ്രവര്‍ത്തകരെ രക്ഷിച്ച കാര്യമൊന്നും ആവര്‍ത്തിക്കുന്നില്ലെങ്കിലും എഫ്എഫ്എസ്ഐയുടെ പ്രസിഡണ്ട് ഗൗതം കൗളിന്റെ ഉത്തരവിലെ ചില നിരീക്ഷണങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നത് പ്രസക്തമായിരിക്കും.

Federation of Film Societies of India
CENTRAL OFFICE
C-7 Bharat Bhawan; 3 Chittaranjan Avenue, Kolkata 700072
Registration No. S/4382 of 1960-61 under WBSR Act. PAN No. AAAAF2510M
Phone No. +91 33 2236 3624. Mail: [email protected]
Founder President: Satyajit Ray # President: Gautam Kaul # General Secretary: Premendra Mazumder

Order, on Inquiry Conducted by Mr. Premendra Mazumder, General Secretary FFSI and Mr. Sankar Pal, Regional Secretary (FFSI, ER).
…………………………………………………………………………………………………………………………………………………………..
This being the first ever such occasion for the Central Office of the FFSI, it was discovered that the existing Constitutional document of the organisation had no standing instruction on how to conduct such an investigation. It was decided by the President FFSI to fall back upon the standard practice of any inquiry carried out in a government department as it sought fair play to all concerned.
………………………………………………………………………………………………………………………………………………………………
The complaint was held against Mr. V. K. Joseph who was the Hony. Secretary of the Sub Region. Mr. Joseph tendered his evidence but refused to face any cross examination by the complainant. By refusing to be cross examined, the defended placed himself in a position to reduce his level of innocence.
…………………………………………………………………………………………………………………………………………………………….
The IO’s own lack of experience in undertaking such matters is also apparent. He has not discussed the exhibits which were shown to him nor mentioned the specific evidence collected of other persons whom he questioned in his inquiry while in Trivandrum. …………………………………………………………………………………………………………………………………………………………………
The complainant has also charged irregularities in the use of the funds, which is a matter for the chartered accountant of the organisation to first point out as part of his official duties. This inquiry will not go into them unless officially indicated. ……………………………………………………………………………………………………………………………………………………….

പ്രസിഡണ്ടിന്റെ ഉത്തരവില്‍ പ്രസ്താവിച്ചത് പോലെ ഒരു സര്‍ക്കാര്‍ വകുപ്പില്‍ നടത്തുന്ന അന്വേഷണ നടപടികളാണ് സ്വീകരിച്ചതെങ്കില്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് ആരോപിതരായവര്‍ അന്വേഷണത്തില്‍ ഇടപെടാതിരിക്കാന്‍ അവരെ മാറ്റി നിര്‍ത്തുകയാണ്. എന്നാല്‍ അന്വേഷണം ഉത്തരവിടാന്‍ അധികാരമുള്ള സമിതിയിലും ഭരണഘടനാ പരിഷ്‌ക്കരണ സമിതിയിലും ഫെഡറേഷന്റെ ഭരണഘടന ലംഘിച്ചുവെന്ന് ആരോപിക്കപ്പെട്ടവരെ ഉള്‍പ്പെടുത്തി ആദരിച്ചത് തന്നെ അന്വേഷണത്തിന്റെ പക്ഷപാതിത്തം വെളിപ്പെടുത്തുന്നുണ്ട്. വിശദമായ അന്വേഷണവേളയില്‍ പരാതിക്കാരനെ പ്രോസിക്യൂഷന്‍ സാക്ഷിയായി ഹാജരാക്കേണ്ടതും ആരോപിതരായവര്‍ക്ക് ക്രോസ് വിസ്താരത്തിന് അവസരം നല്‍കേണ്ടതും നടപടിക്രമം മാത്രം. അല്ലാതെ ആരോപണകര്‍ത്താവിനെ മുഖാമുഖം കേള്‍ക്കാന്‍ അനുവദിക്കുന്ന സൗജന്യമൊന്നുമല്ല അത്.

ആരോപണവിധേയമായ സംഘത്തെ പ്രതിനിധീകരിച്ച് അന്വേഷണസമിതി മുന്‍പാകെ ഹാജരാകണമെന്ന് താനുള്‍പ്പെടെയുള്ള സമിതി നിയോഗിച്ച അന്വേഷണസംഘത്തിന്റെ അറിയിപ്പുണ്ടായിട്ടും ‘പുതിയ സെക്രട്ടറി എന്ന നിലയില്‍ അന്വേഷണ കമ്മീഷന്‍ ആവശ്യപ്പെടുന്ന ഓഫീസ് രേഖകളും കണക്കുകളും തെരഞ്ഞെടുപ്പ് രേഖകളും പരിശോധനക്കായി ഹാജരാക്കുക മാത്രമേ എന്റെ ചുമതലയിലുള്ളൂ’ എന്ന് സ്വയം പ്രഖ്യാപിച്ച് അന്വേഷണത്തിന് ഹാജരാകാതിരുന്നത് ആരോപണങ്ങള്‍ തെളിയിക്കപ്പെടുമെന്ന് ഭയന്നിട്ടായിരുന്നുവെന്ന് മേലുദ്ധരിച്ച ഉത്തരവില്‍ സൂചിപ്പിച്ചിരുന്നു. എന്നിട്ടും നിഷ്‌കളങ്കത നടിക്കുന്നത് പരിഹാസ്യമാണ്.

പരാതിയോടൊപ്പം സമര്‍പ്പിച്ച തെളിവുകളും, ആരോപണകര്‍ത്താവ് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന, ആരോപിതരായവരുടെ സൂക്ഷിപ്പിലുള്ള, രേഖകളുമെല്ലാം വിലയിരുത്തേണ്ടത് അന്വേഷണം നടക്കുന്ന ഇടത്ത് ആരോപണമുന്നയിച്ചയാളുടെ സാന്നിദ്ധ്യത്തിലായിരിക്കണമെന്നത് നടപടിക്രമം. അത് ഉണ്ടാകാഞ്ഞത് അന്വേഷണസമിതിയും അവര്‍ക്ക് തിരുവനന്തപുരത്ത് ആതിഥ്യമരുളിയ എഫ്എഫ്എസ്‌ഐ കേരളഘടകവും നടത്തിയ ഒത്തുകളിയായിരുന്നുവെന്ന് പകല്‍ പോലെ വ്യക്തമാണ്. ഇങ്ങനെ എല്ലാ നടപടിക്രമങ്ങളും തെറ്റിച്ച് കൊണ്ട് പക്ഷപാതപരമായി നടത്തിയ അന്വേഷണം പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും വെറും സാങ്കല്‍പ്പിക കഥകളാണെന്നും പറഞ്ഞ് തള്ളിയതില്‍ അത്ഭുതമില്ല. തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പരാതികള്‍ ഇങ്ങനെ തള്ളിയെങ്കില്‍ മറ്റ് ആരോപണങ്ങളിലേക്ക് കടക്കുവാന്‍ വിസ്സമ്മതിച്ചത് ബാലിശമായ വാദങ്ങളിലൂടെയായിരുന്നുവെന്നും പ്രസിഡന്റിന്റെ ഉത്തരവില്‍ കാണാം.

ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സൗജന്യമായി ഓഫീസ് അനുവദിക്കപ്പെട്ടിട്ടും അതുപയോഗിക്കാതെ ഭീമമായ വാടക കൊടുത്ത് ഫ്‌ളാറ്റെടുത്തതും, എന്ത് ജോലി ചെയ്യാനാണ്, ആരാണ് ജീവനക്കാരെ നിയമിച്ചതും ശമ്പളം നിശ്ചയിച്ചതും, വര്‍ഷത്തില്‍ അഞ്ചാറ് അറിയിപ്പുകള്‍ സൊസൈറ്റികള്‍ക്ക് നല്‍കുകയെന്നതല്ലാതെ എന്ത് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയിട്ടാണ് ലക്ഷക്കണക്കിന് രൂപയുടെ ബാദ്ധ്യതയുണ്ടായതെന്ന് തുടങ്ങിയ കാര്യങ്ങള്‍ ഓഡിറ്റ് ചെയ്ത കണക്കുകള്‍ വേണം. അത് നിശ്ചിത സമയത്തിനകം അംഗങ്ങള്‍ക്ക് ലഭ്യമാക്കി എഫ്എഫ്എസ്‌ഐയുടെ വേദിയിലെങ്കിലും ചര്‍ച്ച ചെയ്യാനുള്ള അവസരം നിഷേധിച്ച് ഇതൊക്കെ എന്തെന്ന് ഒരു പിടിയുമില്ലാത്ത പൊതുജനത്തിന് മുന്‍പില്‍ ലക്ഷങ്ങളുടെ കണക്ക് നിരത്തുന്നത് നിഷ്‌ക്കളങ്കമാണെന്ന് പറഞ്ഞുകൂടാ. ‘സൈന്‍സ് ചലച്ചിത്രമേള, ജോണ്‍ എബ്രഹാം അവാര്‍ഡ് എന്നിവക്ക് 13 ലക്ഷം രൂപയോളം ചെലവ് വരുമെങ്കിലും അത്രയും തുക ഗ്രാന്റില്‍ നിന്ന് എടുക്കാതെ ആറ് ലക്ഷമാണ് എടുക്കുന്നത്. ബാക്കി തുക പരസ്യങ്ങള്‍ കൊണ്ടും സ്‌പോണ്‍സര്‍ഷിപ്പ് കൊണ്ടുമാണ് കണ്ടെത്തിയിരുന്നത്’ എന്ന പ്രസ്താവം ഫെഡറേഷന് ഏഴ് ലക്ഷം ആ വഴിക്ക് കിട്ടിയെന്ന് ഏതെങ്കിലും വര്‍ഷത്തെ കണക്കില്‍ കാ ണിച്ചിരുന്നുവെങ്കില്‍ സത്യമാകുമായിരുന്നു.

ഡിജിറ്റല്‍ വിസ്‌ഫോടനത്തോടെ സിനിമയും സമൂഹവും അടിസ്ഥാനപരമായിത്തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യജീവിത വ്യവഹാരങ്ങളെല്ലാം വ്യക്തിവത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലം കൂടിയാണിത്. ഇന്ന് ഫിലിം സൊസൈറ്റികള്‍ അഭിമുഖീകരിക്കുന്നത് നവ മാദ്ധ്യമങ്ങളുടെ സാന്ദ്രതയില്‍ മുഴുകിയ മനുഷ്യസമൂഹത്തെയാണ്. പഴയ കാലത്തിന് വിപരീതമായി , താല്‍പര്യമുള്ളവര്‍ക്ക് സിനിമകള്‍ കാണാനും പഠിക്കാനും നിര്‍മ്മിക്കാനും സിനിമയെക്കുറിച്ച് വായിക്കാനും എഴുതാനും അപാരമായ സാദ്ധ്യതയുള്ള ഈ ഡിജിറ്റല്‍ യുഗത്തില്‍ പരമ്പരാഗത രീതിയിലുള്ള ഫിലിം സൊസൈറ്റി പ്രവര്‍ത്തനം അപ്രസക്തമായിരിക്കയാണ്. ഒരു പ്രസ്ഥാനത്തിന്റെയും പിന്തുണയില്ലാതെ തന്നെ കേരളത്തില്‍ സ്വതന്ത്രമായ അത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നുമുണ്ട്.

പരസ്പരം കാണാതേയും ഒരു സംഘടനാരൂപമില്ലാതേയും ആരും ഏകോപിപ്പിക്കാതേയും മലയാളം ഉപശീര്‍ഷകങ്ങളുണ്ടാക്കുന്ന (ഉപശീര്‍ഷകങ്ങള്‍ എന്ന സംവിധാനത്തോട് വ്യക്തിപരമായുള്ള അനിഷ്ടം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ) ദൗത്യം എംസോണ്‍ എന്ന കൂട്ടായ്മ വിപുലവും വിജയകരവുമായി നടത്തിവരുന്നത് ഒരു ഉദാഹരണം. അത്തരം ഉദ്യമങ്ങളെയെല്ലാം ‘ഏകോപിപ്പിക്കാനും വിപുലീകരിക്കാനു’മെന്ന പേരില്‍ നടത്തുന്ന കൈകടത്തലുകളെല്ലാം അവയെ തനിക്കാക്കി വെടക്കാക്കുകയേ ഉള്ളൂ. ഫിലിം സൊസൈറ്റികളുടെ കഴിഞ്ഞ കാല പ്രവര്‍ത്തനത്തിന്റെ സവിശേഷതയായ കൂട്ടായ്മയാണ് സാങ്കേതിക വികാസം കൊണ്ട് ഇല്ലാതായിരിക്കുന്നത്. ചലച്ചിത്രം ഗൗരവമായി കാണേണ്ടതാണെന്നും മറ്റേത് കലാരൂപത്തോടുമൊപ്പം അല്ലെങ്കില്‍ അതിലുമുപരിയായി പഠനവിശകലനങ്ങള്‍ക്ക് വിധേയമാക്കപ്പെടേണ്ടതാണെന്നുമുള്ള ബോധം സമൂഹത്തിലുണ്ടാക്കിയെടുക്കുന്നതിനും ചലച്ചിത്രത്തിന്റെ രൂപഭാവങ്ങള്‍ക്ക് സാമൂഹ്യോന്മുഖത അനിവാര്യമാണെന്ന് ഉറപ്പിക്കാനും ഫിലിം സൊസൈറ്റി പ്രവര്‍ത്തനം കളമൊരുക്കിയെന്നത് വാസ്തവമാണെങ്കിലും കാലത്തിനൊത്ത് നവീകരിച്ചില്ലെങ്കില്‍ ഇനി അവയ്ക്ക് നിലനില്ക്കാനാവില്ല.

എഫ്എഫ്എസ്‌ഐ കേരളഘടകത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലും അതിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലും വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്ന അവകാശവാദങ്ങള്‍ കൊണ്ടോ വര്‍ഷങ്ങളായി പ്രയോഗിച്ച് വിജയം കാണാത്ത പദ്ധതികള്‍ തന്നെ ആവര്‍ത്തിക്കുകയും ചെയ്തത് കൊണ്ടോ ഈ പ്രസ്ഥാനത്തിന് മുന്നോട്ട് പോകാന്‍ കഴിയുകയില്ല. തങ്ങളുടെ കേമത്തം കാട്ടാന്‍ ജനങ്ങളുടെ മേല്‍ അവരാഗ്രഹിക്കാത്ത ചിത്രങ്ങള്‍ അടിച്ചേല്‍പ്പിച്ചും അവര്‍ക്ക് അന്യമായ വാഗ്പ്രയോഗങ്ങള്‍ കൊണ്ട് അമ്പരപ്പിച്ചും ജനകീയത നടിക്കുന്നതിന്റെ ഫലമായാണ് സാധാരണജനങ്ങള്‍ ഈ പ്രസ്ഥാനത്തില്‍ നിന്നും അകലുന്നത്. പ്രസ്ഥാനത്തെ നവീകരിക്കാനുള്ള വഴികള്‍ ആരായുന്നതിന് പകരം നിന്നേടത്ത് നിന്ന് തിരിയുന്ന പ്രവര്‍ത്തന രീതിയോടുള്ള വിമര്‍ശനങ്ങള്‍ കലഹചിന്തയായി വ്യാഖാനിച്ച് തള്ളുന്നത് പ്രസ്ഥാനത്തിന് ഒരു ഗുണവും ചെയ്യില്ല.

ചിലരുടെ വ്യക്തി താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കാനായി സ്വേഛാധികാരത്തോടെ പ്രവര്‍ത്തിക്കുന്ന എഫ്എഫ്എസ്‌ഐ ആവശ്യമുണ്ടെന്ന് വാദിക്കുന്നവരെയാണ് കാലം റദ്ദ് ചെയ്യുക എന്ന കാര്യത്തിലും സംശയമില്ല. എന്റെ ആരോപണങ്ങളും പരാതികളും കൊണ്ട് എന്ത് തടസമാണ് പ്രസ്ഥാനത്തിന് ഉണ്ടായതെന്നോ എന്ത് വൈരുദ്ധ്യങ്ങളാണ് എന്റെ ലേഖനത്തില്‍ നിറഞ്ഞിരിക്കുന്നതെന്നോ വിശദമാക്കാതെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയാണ് എഫ്എഫ്എസ്‌ഐ ആവശ്യമുണ്ട് എന്ന് വാദിക്കുന്നത്. ‘വ്യത്യസ്തമായ നിരവധി പരിപാടികള്‍ നടത്തുകയും ഭാവിയിലെ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുകയും ചെയ്യുമ്പോഴാണ് ‘ഇനിയെന്തിന് എഫ്എഫ്എസ്‌ഐ എന്ന് ചോദിച്ച് (ബഹുജന)പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്’ എന്നൊക്കെ എഴുതി, ആ ചോദ്യത്തിന്റെ ശക്തിയില്‍ എന്നെ അഹങ്കരിപ്പിക്കല്ലേ എന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് അവസാനിപ്പിക്കുന്നു.

Avatar

പി ടി രാമകൃഷ്ണന്‍

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്‍ ഇന്‍ഡ്യയുടെ റീജിയണല്‍ കൗണ്‍സില്‍ അംഗം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍