UPDATES

രക്ഷകരായി മല്‍സ്യത്തൊളികള്‍; ഇരുന്നൂറിലധികം ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍

തിരുവനന്തപുരത്ത് നിന്ന് ശംഖുമുഖം, വിഴിഞ്ഞം, വലിയ വേളി, തുമ്പ, അഞ്ചുതെങ്ങ് എന്നിവടങ്ങളില്‍ നിന്ന് 80 ഓളം ബോട്ടുകളില്‍ ഏകദേശം 150 മല്‍സ്യത്തൊഴിലാളികള്‍ പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നീ ദുരന്തമേഖലകളിലേക്ക് ഇന്നലെ പുറപ്പെട്ടിരുന്നു

തങ്ങളുടെ ഉപജീവനമാര്‍ഗമായ മല്‍സ്യബന്ധനത്തിനു പോലും കടലില്‍ പോകാതെ ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തയാറായി നില്‍ക്കുന്ന പരമ്പരാഗത മല്‍സ്യബന്ധനത്തൊഴിലാളികള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഇന്നലെ രാത്രി മുതല്‍ വിഴിഞ്ഞം, വലിയതുറ, വേളി തുടങ്ങിയ തിരുവനന്തപുരത്തെ തീരദേശങ്ങളില്‍ മല്‍സ്യബന്ധനത്തൊഴിലാളികള്‍ അധികൃതരുടെ അറിയിപ്പിനായി ഒരുങ്ങി നില്‍ക്കുകയാണ്. ഓഖി പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ പ്രക്ഷോഭമായ കടലില്‍ ഉറ്റവരെ തേടിപ്പോയവരാണ് ഇന്ന് എല്ലാം മറന്ന് പ്രളയബാധിത മേഖലയിലേക്ക് രക്ഷകരായി എത്തുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സൈന്യത്തിനും പുറമെയാണ് തിരുവനന്തപുരത്തു നിന്നും കൊല്ലത്ത് നിന്നുമുള്ള മല്‍സ്യത്തൊളിലാളികള്‍ പത്തനംതിട്ടയിലെ റാന്നി, ആറന്‍മുള തുടങ്ങിയ പ്രളയ ദുരിത മേഖലകളിലേക്ക് ഇറങ്ങിയിട്ടുള്ളത്. തിരുവനന്തപുരത്തെ മല്‍സ്യത്തൊഴിലാളികള്‍ ദുരന്തമേഖലയിലേക്ക് രക്ഷാപ്രാവര്‍ത്തനങ്ങള്‍ക്കായി പോകാന്‍ തയാറാണെന്ന് ഇന്നലെ രാവിലെ തന്നെ ജില്ലാ അധികൃതരോട് അറിയിച്ചിരുന്നു. സന്നദ്ധത അറിയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീരദേശ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മല്‍സ്യത്തൊഴിലാളികളുടെ സഹായം തേടുകയായിരുന്നു.

തിരുവനന്തപുരത്ത് നിന്ന് ശംഖുമുഖം, വിഴിഞ്ഞം, വലിയ വേളി, തുമ്പ, അഞ്ചുതെങ്ങ് എന്നിവടങ്ങളില്‍ നിന്ന് 80 ഓളം ബോട്ടുകളില്‍ ഏകദേശം 150 മല്‍സ്യത്തൊഴിലാളികള്‍ പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നീ ദുരന്തമേഖലകളിലേക്ക് ഇന്നലെ പുറപ്പെട്ടിരുന്നു. ഇന്ന് രാവിലെ അഞ്ചുതെങ്ങ് ഭാഗത്ത് നിന്ന് 4 ബോട്ടുകള്‍ കൂടി പുറപ്പെട്ടുവെന്ന് തീരദേശവാസിയായ ഷിജു ബെയ്‌സില്‍ പറഞ്ഞു.

ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി മല്‍സ്യത്തൊഴിലാളികളുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. മല്‍സ്യത്തൊഴിലാളികളെ പോലെയുള്ളവരുടെ മനുഷ്യദ്ധ്വാനങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ ഉപയോഗിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. നിരന്തരം കടല്‍ക്ഷോഭങ്ങള്‍ പോലെയുള്ള പ്രതിഭാസങ്ങള്‍ നേരിടേണ്ടി വരുന്ന മല്‍സ്യത്തൊഴിലാളികളുടെ അറിവും കായികബലവും സ്ഥിതിഗതികളെ കൂടുതല്‍ മെച്ചമായി വരുതിയിലാക്കാന്‍ സാധിക്കും.

കൊല്ലം തീരദേശങ്ങളായ പോര്‍ട്ട് കൊല്ലം, തങ്കശ്ശേരി, വാടി, മൂതാക്കര തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും ബോട്ടുകളുമായി പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ പുറപ്പെട്ടിട്ടുണ്ട്. നീണ്ടകരയില്‍ നിന്നും 100 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് അയച്ചിട്ടുള്ളത്. ഇന്ന് രാവിലെ പത്ത് മണിക്ക് മുമ്പ് തന്നെ ഇരുപതോളം ബോട്ടുകളാണ് കൊല്ലം തീരത്ത് നിന്ന് പോയിരിക്കുന്നത്. ഒരു ബോട്ടില്‍ നാല് പേരായാണ് രക്ഷാപ്രവര്‍ത്തനത്തിനായി പോയിരിക്കുന്നത്. ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിനായി പോയ എല്ലാ മല്‍സ്യത്തൊഴിലാളികളുടെയും ഫോണുകള്‍ പരിധിക്കു പുറത്താണ്. തീരദേശസേനയാണ് വിവരങ്ങള്‍ എത്തിക്കുന്നത്. അവരുടെ നിര്‍ദ്ദേശപ്രകാരമാണ് ബോട്ടുകള്‍ പുറപ്പെടുന്നതും. ‘രക്ഷാപ്രവര്‍ത്തനത്തിനായി പോകുന്ന മല്‍സ്യത്തൊഴിലാളികളുടെ വിവരങ്ങളെല്ലാം പോലീസ് ശേഖരിക്കുന്നുണ്ട്. ഓഖി സമയം മറ്റ് ജില്ലകളില്‍ നിന്ന് സഹായം കിട്ടിയിരുന്നു. ഇപ്പോള്‍ അത് തിരിച്ച് നല്‍കേണ്ട സമയമാണ്’ കൊല്ലത്ത് നിന്നും തീരദേശവാസിയായ സാംസണ്‍ പറഞ്ഞു.

പൊന്നാനിയിൽ നിന്നുള്ള 30 ബോട്ടുകളിൽ 15 എണ്ണം വീതം തൃശ്ശൂരിലും, എറണാകുളത്തും രക്ഷാപ്രവർത്തനം നടത്തുന്നു. കണ്ണൂർ അഴീക്കലിൽ നിന്നുള്ള 15 ബോട്ടുകളും തലശ്ശേരിയിൽ നിന്നുള്ള 33 ബോട്ടുകളും ചാലക്കുടിയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കുചേരും.

തിരുവനന്തപുരം തീരഗ്രാമങ്ങളില്‍ നിന്ന് മല്‍സ്യത്തൊഴിലാളികള്‍ ദുരന്തമേഖലകളിലേക്ക് പോകാന്‍ ഇനിയും തയാറായി നില്‍ക്കുന്നുണ്ടെന്നും തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ അനുമതിയും സഹകരണങ്ങളും ആവശ്യമാണെന്നും തീരദേശവാസിയായ വിപിന്‍ദാസ് നല്‍കിയ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്. ദുരന്ത മേഖലകളലേക്കുള്ള മല്‍സ്യത്തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നവരുടെ നമ്പരുകളും കുറിപ്പില്‍ ലഭ്യമാണ്.

വിപിന്‍ ദാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌

പ്രളയബാധിത മേഖലയിലേക്ക് പോകാന്‍ മല്‍സ്യത്തൊഴിലാളികള്‍ തയാറാണെങ്കിലും ജില്ലാ അധികൃതരില്‍ നിന്നും വേണ്ട നടപടികള്‍ ഉണ്ടാകുന്നില്ല എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ‘ചെങ്ങന്നൂര്‍, ആലുവ, പത്തനംതിട്ട എന്നിവടങ്ങളില്‍ ആവശ്യത്തിന് ബോട്ടുകള്‍ ഉണ്ടെന്നും രക്ഷാപ്രവര്‍ത്തനം നടക്കുന്നുമുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍ തുടര്‍ച്ചയായി പല സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുണ്ട്. ജില്ലാ അധികൃതരുടെ അനുമതി ഇല്ലാതെ ദുരിതബാധിത മേഖലിയിലോട്ട് പോകുന്നത് സുരക്ഷിതമല്ല. അതുകൊണ്ട് ഇവിടെ എല്ലാവരും കടലില്‍ പണിക്ക് പോകാതെ അനുമതിക്കായി കാത്ത് നില്‍ക്കുകയാണ്.’ തീരദേശവാസിയായ ജോണ്‍സണ്‍ പറഞ്ഞു.

അധികൃതരുടെ അനുമതിയില്ലാതെ സ്വന്തം ഉത്തരവാദിത്വത്തില്‍ രണ്ട് മല്‍സ്യബന്ധനബോട്ടുകള്‍ പ്രളയബാധിത മേഖലയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അനുമതിയില്ലാതെ പോകുന്നത് സുരക്ഷിതമല്ല. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അത് അറിയാതെ പോകാനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടാതെ ബോട്ടുകള്‍ കയറ്റി അയയ്ക്കാനുള്ള ലോറികള്‍ ലഭ്യമല്ല എന്ന വിവരവും വിഴിഞ്ഞത്ത് നിന്ന് ലഭിക്കുന്നുണ്ട്.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍