UPDATES

കേരളം

കേരള തീരത്തെ കപ്പലിടികളും ‘കപ്പലാക്രമണ’ങ്ങളും: മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാത്തതോ പ്രശ്നം?

12 നോട്ടിക്കല്‍ മൈലിന് അപ്പുറം പോകുന്ന ബോട്ടുകളില്‍  ആവശ്യമായ സുരക്ഷാ ഉപകരണങ്ങളോ കപ്പലുകള്‍ക്ക് അറിവ് കിട്ടുന്ന തരത്തിലുള്ള ഉപകരണങ്ങളോ ഘടിപ്പിച്ചിട്ടില്ല.

കൊല്ലം അടക്കം കേരള തീരത്ത് തുടര്‍ച്ചയായി കപ്പലുകള്‍ മത്സ്യബന്ധന ബോട്ടുകളിലിടിച്ച് അപകടമുണ്ടാകുന്നത് പതിവാകുന്നു. കൊല്ലം നീണ്ടകരയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഇത്തവണ അപകടമുണ്ടായിരിക്കുന്നത്. ആറ് മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ കഴിഞ്ഞു. സിംഗപ്പൂര്‍ ചരക്ക് കപ്പലായ കെഎല്‍എസ് അന്യാംഗാണ് ബോട്ട് തകര്‍ത്തത്. ഈ വര്‍ഷം ഇത് മൂന്നാമത്തെ അപകടമാണ്.

മത്സ്യബന്ധന തൊഴിലാളികള്‍ ഇത്തരത്തില്‍ വലിയ തോതില്‍ കപ്പലുകളില്‍ നിന്ന് അപകട ഭീഷണിയും ചിലപ്പോള്‍ ആക്രമണ ഭീഷണിയും നേരിടുന്നുണ്ട്. 2012 ഫെബ്രുവരി 15ന് കൊല്ലം തീരത്തുണ്ടായത് കപ്പല്‍ ബോട്ടിലിടിച്ച് ഉണ്ടായ അപകടമായിരുന്നില്ല. കൊലപാതകമായിരുന്നു. എന്റിക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലിലെ രണ്ട് നാവികര്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്നത്. ഈ സംഭവം വലിയ വിവാദവും അന്താരാഷ്ട്ര സമുദ്രനിയമ, നയതന്ത്ര പ്രശ്‌നവുമായി മാറി. അതേവര്‍ഷം മാര്‍ച്ച് ഒന്നിന് ആലപ്പുഴ തീരത്ത് സിംഗപ്പൂര്‍ കപ്പലായ എംവി പ്രഭു മത്സ്യബന്ധന ബോട്ടിലിടിച്ച് അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. 2017 ജനുവരി ഒമ്പതിന് കൊല്ലം – ആലപ്പുഴ തീരത്തിനടുത്ത് കണ്ടെയ്‌നര്‍ കപ്പല്‍ ബോട്ടിലിടിച്ച് ഏഴ് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജൂണ്‍ 11ന് കൊച്ചി തീരത്തിന് സമീപം ആംബര്‍ എല്‍ എന്ന പനാമ കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോട്ടുകള്‍ പരിധി ലംഘിച്ച് കപ്പല്‍ പാതയിലെത്തുന്നതിന്റെ പ്രശ്‌നങ്ങള്‍ തീര്‍ച്ചയായുമുണ്ട്.

                                                    പ്രതിനിധാന ചിത്രം
സമുദ്ര പരിധിയില്‍ 12 നോട്ടിക്കല്‍ മൈലിന് അപ്പുറം വിദേശ കപ്പലുകള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി രാജ്യാന്തര സമുദ്ര നിയമങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഓഷ്യന്‍ ഗവണന്‍സ് വിദഗ്ധനായ ജോസഫ് വിജയന്‍ പറഞ്ഞു: നീണ്ടകരയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഇപ്പോള്‍ അപകടമുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ നിയമവിരുദ്ധമായാണ് അവര്‍ സ്ഞ്ചരിച്ചത് എന്ന് പറയാനാവില്ല. അതേസമയം മത്സ്യത്തൊഴിലാളികള്‍ കൂടുതല്‍ ദൂരത്തേയ്ക്ക് സഞ്ചരിക്കുന്ന പ്രവണത കൂടിയിട്ടുണ്ട്. ഇതിന് പല കാരണങ്ങളുണ്ട്. ഒന്ന് തീരക്കടലിലെ മത്സ്യസമ്പത്തിന്റെ കുറവ് ഇതിന് കാരണമാകുന്നുണ്ട്. രണ്ട് പരമ്പരാഗത മീന്‍പിടിത്ത ബോട്ടുകളില്‍ യന്ത്രങ്ങള്‍ ഘടിപ്പിക്കാന്‍ തുടങ്ങുന്നതോടെ ശേഷി കൂടുതല്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ 12 നോട്ടിക്കല്‍ മൈലിന് അപ്പുറം പോകുന്ന ബോട്ടുകളില്‍  ആവശ്യമായ സുരക്ഷാ ഉപകരണങ്ങളോ കപ്പലുകള്‍ക്ക് അറിവ് കിട്ടുന്ന തരത്തിലുള്ള ഉപകരണങ്ങളോ ഘടിപ്പിച്ചിട്ടില്ല. വില കൂടിയ ഉപകരണങ്ങള്‍ വാങ്ങാനുള്ള ശേഷി മത്സ്യത്തൊഴിലാളികള്‍ക്കില്ലെന്ന കാരണമുണ്ട്. ഇത്തരം ഉപകരണങ്ങള്‍ സൗജന്യമായോ സബ്‌സിഡി നിരക്കിലോ ഗവണ്‍മെന്റ് നല്‍കേണ്ടതാണ്. ഇത്തരത്തില്‍ ഉപകരണങ്ങള്‍ നല്‍കിയാല്‍ ഈ ദുരന്തങ്ങള്‍ ഒഴിവാക്കാം.

കൊല്ലം, കൊച്ചി തീരങ്ങളിലുണ്ടായ പല അപകടങ്ങളിലു പെട്ടവര്‍ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളല്ല. കൊല്ലത്ത് ഇപ്പോ അപകടത്തില്‍ പെട്ടത് കന്യാകുമാരി ജില്ലയില്‍ നിന്നുള്ളവരാണ്. ഈ ബോട്ടുകളൊന്നും കേരള സര്‍ക്കാരിന്റെ കണക്കില്‍ പെടുന്നവരോ ഇവിടെ രജിസ്റ്റര്‍ ചെയ്തവരോ ആയിരിക്കില്ല. കന്യാകുമാരി മേഖലയില്‍ മത്സ്യബന്ധ സാധ്യതകള്‍ കുറയുന്നുണ്ട്. അവിടെ ധാരാളം ബോട്ടുകളുള്ളതും മത്സ്യ ലഭ്യതയുടെ സാധ്യത കുറക്കുന്നുണ്ട്. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ പൊതുവെ ഇത്ര ദൂരെ പോയി മീന്‍ പിടിക്കാറില്ല. കേരളത്തില്‍ വരുമ്പോള്‍ ഇവര്‍ക്ക് മത്സരം കുറവാണ്. അതുകൊണ്ട് കൂടുതല്‍ മീന്‍ കിട്ടാന്‍ സാധ്യതയുണ്ട്. കൊല്ലത്ത് മാത്രമല്ല, ചാവക്കാടും ഇത്തരത്തില്‍ മത്സ്യബന്ധ ബോട്ടുകള്‍ എത്തുന്നുണ്ട. കോസ്റ്റ് ഗാര്‍ഡിന് ഇവര്‍ എവിടെ മീന്‍ പിടിക്കുന്നു എന്ന് അറിയണമെങ്കില്‍ അതിന് ആവശ്യമായ ഉപകരണങ്ങള്‍ വേണം. കപ്പലുകള്‍ വരുന്നത് പോലെ ഇത്തരം ബോട്ടുകള്‍ കോസ്റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍ വരാത്തതിന്റെ പ്രശ്‌നമുണ്ട്.

 

നിലവിലെ നിയമം അനുസരിച്ച് 200 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിയിലുള്ള ഇന്ത്യന്‍ സമുദ്ര മേഖലയില്‍ തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ കഴിഞ്ഞാല്‍ അത് കേന്ദ്രസര്‍ക്കാരിന്റെ മാത്രം അധികാര പരിധിയാണ്. ഇവിടെ മീന്‍പിടുത്തത്തിനുള്ള അനുമതി നല്‍കുന്നതും ചട്ടങ്ങളും നിയമങ്ങളുമെല്ലാം കേന്ദ്രസര്‍ക്കാരിന്റെ മാത്രം നിയന്ത്രണത്തിനുള്ള കാര്യമാണ്. സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല. കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രത്യേക ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ മീന്‍ പിടിക്കാനാവൂ. അങ്ങനെ നോക്കുമ്പോള്‍ ഈ ബോട്ടുകളെല്ലാം നിയമവിരുദ്ധമായാണ് ഇവിടെ മത്സ്യബന്ധനം നടത്തുന്നത്. പലപ്പോഴും ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടക്കുകയും അന്താരാഷ്ട്ര പരിധി കഴിഞ്ഞ് മറ്റ് രാജ്യങ്ങളുടെ സമുദ്രാതിര്‍ത്തിയിലേയ്ക്ക് വരെ ബോട്ടുകള്‍ പോവുകയും ചെയ്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. മനുഷ്യത്വപരമായ കാരണങ്ങള്‍ വച്ച് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ സാധാരണ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാറുള്ളത്.

എല്ലായിടത്തും ഈ 200 നോട്ടിക്കല്‍ മൈല്‍ സമുദ്ര പരിധി ഇല്ല. ശ്രീലങ്കയുമായുള്ള സമുദ്രാതിര്‍ത്തിയില്‍ 200 നോട്ടിക്കല്‍ മൈല്‍ പരിധിയൊന്നും വരുന്നില്ല. 25 മൈലൊക്കെയേ ഇവിടെ കാണൂ. അത്ര അടുത്താണ്. എന്നാല്‍ പശ്ചിമതീരത്ത്, പ്രത്യേകിച്ച് കേരള തീരത്ത് ലിമിറ്റ് വളരെ കൂടുതലാണ്. ലക്ഷദ്വീപ് കഴിഞ്ഞ് 200 നോട്ടിക്കല്‍ മൈല്‍ വരുന്ന കടലും ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. ആന്‍ഡമാന്‍ ഉള്ളതുകൊണ്ട് ആന്ധ്ര, ഒറീസ മേഖലകള്‍ക്കും ഈ ആനുകൂല്യമുണ്ട്. കന്യാകുമാരി ജില്ലയിലെ മീന്‍പിടുത്തക്കാര്‍ക്ക് കോസ്റ്റ് ഗാര്‍ഡ് പ്രത്യേക പരിശീലനമൊക്കെ പലപ്പോഴും നല്‍കാറുണ്ട്. പിന്നെ മത്സ്യത്തൊഴിലാളികള്‍ ഇക്കാര്യത്തില്‍ സ്വന്തം സുരക്ഷയില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ഒരു കപ്പല്‍ ഇത്തരത്തില്‍ അപകടമുണ്ടാക്കി നിര്‍ത്താതെ ഓടിച്ച് പോയാല്‍ അത് തെറ്റ് തന്നെയാണ് മത്സ്യത്തൊഴിലാകളെ രക്ഷിക്കാനുള്ള ബാദ്ധ്യത അവര്‍ക്കുണ്ട്. ഇക്കാര്യത്തില്‍ കപ്പലുകളും ബോട്ടുകളും ശ്രദ്ധിക്കേണ്ടതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍