UPDATES

43 പേരുടെ ജീവനെടുത്ത മുതലപ്പൊഴി; അശാസ്ത്രീയ പുലിമുട്ട് നിര്‍മ്മാണം തീര്‍ത്ത മരണക്കെണി

അശാസ്ത്രീയമായി കെട്ടിപ്പൊക്കിയ മുതലപ്പൊഴിയിലെ പുലിമുട്ട് മരണക്കെണിയായി മാറിയിരിക്കുകയാണ്

കടലിനെയും കടല്‍ സമ്പത്തിനെയും ആശ്രയിച്ചു കഴിയുന്ന തീരദേശത്തെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ എല്ലാ കാലാവസ്ഥയിലും കടലില്‍ പണിക്ക് പോകുന്നവരാണ്. കാലവര്‍ഷവും മാറി വരുന്ന കാറ്റും കോളും കടലിനെ പ്രക്ഷുബ്ധമാക്കുന്ന മെയ്, ജൂണ്‍, ജൂലൈ മാസങ്ങള്‍ കടലില്‍ പണിക്ക് പോകുന്നവര്‍ക്ക് പരീക്ഷണ കാലഘട്ടമാണ്. എന്നാലും പരമ്പരാഗതമായി കിട്ടിയ അറിവുകള്‍ വെച്ച് കാറ്റിന്റെ ദിശയും ഒഴുക്കും കടലൊഴുക്കും ഇവര്‍ക്ക് മനസിലാക്കാനും അതിനനുസരിച്ച് സുരക്ഷിതരായി പണിക്ക് പോയി തീരമണയാനും ഇവര്‍ക്ക് കഴിയും. എന്നാല്‍ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി മുതലപ്പൊഴി, അഞ്ചുതെങ്ങ്, മാമ്പള്ളി തീരങ്ങളില്‍ നിന്ന് കടലില്‍ പണിക്ക് പോകുന്ന പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ നേരിടുന്നത് ദുരിതമാണ്. അവരുടെ അറിവുകള്‍ക്കും അനുഭവങ്ങള്‍ക്കും തിട്ടപ്പെടുത്താനാകാത്ത വിധം കടലിന്റെ സ്വഭാവം മാറിയിരിക്കുന്നു. തീരം കുറഞ്ഞ് അടിയൊഴുക്കുകള്‍ ശക്തമാകുന്നു. അപകടങ്ങള്‍ സ്ഥിരം കാഴ്ചകളും അപകടമരണം സാധാരണവുമാകുന്നു.

പരുക്കന്‍ കാലാവസ്ഥയുള്ള ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കടലില്‍ പോകുന്നതിനായാണ് ഫിഷിങ് ഹാര്‍ബര്‍ വേണമെന്ന ആവശ്യമുന്നയിച്ച് തീരദേശവാസികള്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ നിരന്തര സമരം ചെയ്തത്. പക്ഷേ ഇന്ന് ‘സമരം നടത്തി വാങ്ങിയ വിന’ എന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പുലിമുട്ടിനെ വിശേഷിപ്പിക്കുന്നത്. വളരെ അശാസ്ത്രീയമായി കെട്ടിപ്പൊക്കിയ മുതലപ്പൊഴിയിലെ പുലിമുട്ട് മരണക്കെണിയായി മാറിയിരിക്കുകയാണ്. 2000ലാണ് തീരദേശവാസികളുടെ ആവശ്യമനുസരിച്ച് പുലിമുട്ട് നിര്‍മിക്കാന്‍ ആരംഭിക്കുന്നത്. ചെന്നൈ ഐഐടി സമര്‍പ്പിച്ച രൂപരേഖയിലാണ് പുലിമുട്ട് തീര്‍ത്തത്. ആദ്യത്തെ പുലിമുട്ട് നിര്‍മാണം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ പുലിമുട്ട് നിര്‍മിച്ചിരിക്കുന്നത് ശരിയായ രീതിയിലോ രൂപലേഖയിലോ അല്ലെന്ന് പൂനെ ഐഐടിയുടെ പഠനം ഉണ്ടാകുന്നത്. അതിനെ തുടര്‍ന്ന് പൂനെ ഐഐടി രണ്ടാമത്തെ രൂപരേഖ കൊണ്ടുവരികയായിരുന്നു. ആദ്യ പുലിമുട്ട് നിര്‍മിച്ച് കരിങ്കല്ലുകള്‍ അപ്പാടെ കടലില്‍ തന്നെ നിക്ഷേപിച്ചായിരുന്നു രണ്ടാമത്തെ രൂപരേഖയുടെ നിര്‍മാണം. എന്നാല്‍ രണ്ടാമത്തെ പുലിമുട്ട് നിര്‍മാണം അശാസ്ത്രീയമാണെന്ന് പിന്നീട് തെളിഞ്ഞു. നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം കടലിന്റെ സ്വഭാവം അപ്പാടെ മാറുകയും അപകടമരണങ്ങള്‍ പതിവാകുകയും ചെയ്തു.

പുലിമുട്ടിലെ അപകടങ്ങളില്‍ 2000 മുതലുള്ള കണക്കനുസരിച്ച് 43 മല്‍സ്യബന്ധനത്തൊഴിലാളികളാണ് മുതലപ്പൊഴി ഭാഗത്ത് മരണമടഞ്ഞിട്ടുള്ളത്. 36 പേര്‍ പുലിമുട്ടിലും ബാക്കിയുള്ളവര്‍ മറ്റ് പ്രദേശങ്ങളില്‍ അടിയൊഴുക്കില്‍പ്പെട്ടുമാണ് മരണപ്പെട്ടത്. ‘പുലിമുട്ടില്‍ അപകടമരണം സംഭവിച്ചവരുടെ തലയില്‍ കാര്യമായ പരിക്കുണ്ടായിരുന്നതായി ശ്രദ്ധിച്ചിരുന്നു. ആദ്യ പുലിമുട്ട് നിര്‍മിക്കാനായി ഉപയേഗിച്ച കരിങ്കല്ലുകള്‍ കടലിനടയില്‍ ഇപ്പോഴുമുണ്ട്. കടലില്‍ വീണു പോകുന്ന ആള്‍ അടിയൊഴുക്കില്‍ പെട്ട് ഈ കല്ലുകളില്‍ വന്ന് ഇടിക്കുന്നതാകും ഈ പരിക്കുകള്‍ക്ക് പിന്നില്‍. ഇങ്ങനെ ശക്തമായി കരിങ്കല്ലില്‍ ഇടിക്കുന്നത് തന്നെയാകും പലപ്പോഴും മരണകാരണവും.’ അഞ്ചുതെങ്ങ് സെന്റ് ജോസഫ് സ്‌കൂളിലെ ലാബ് അസിസ്റ്റന്റും തീരദേശിയുമായ ഷിജു ബെയ്സില്‍ അഭിപ്രായപ്പെട്ടു.

പ്രകൃതിയില്‍ നടത്തുന്ന മനുഷ്യനിര്‍മിതികള്‍ അത്ര ശ്രദ്ധയോടെ നടപ്പിലാക്കേണ്ടതാണ്. പ്രകൃതിക്കുണ്ടായേക്കാവുന്ന ആഘാതങ്ങള്‍ വ്യക്തമായി പഠിച്ച് നടപ്പിലാക്കുന്ന ശാസ്ത്രീയമായ നിര്‍മാണങ്ങളാണ് സമൂഹത്തിന് വേണ്ടത്. കടല്‍ പോലെ ജൈവസമ്പന്നമായ ഒരു ആവാസവ്യവസ്ഥയെ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേകിച്ചും ശാസ്ത്രീയതയ്ക്കും സാങ്കേതികമികവിനും മുന്‍ഗണന നല്‍കേണ്ടതാണ്. എന്നാല്‍ മുതലപ്പൊഴിയില്‍ നിര്‍മിച്ച പുലിമുട്ടിലെ ശാസ്ത്രീയവശങ്ങള്‍ എത്രത്തോളം പഠിച്ചുവെന്നത് സംശയാസ്പദമാണ്. പുലിമുട്ട് നിര്‍മാണം നടന്നതിന് ശേഷമുള്ള സംഭവവികാസങ്ങള്‍ നിര്‍മാണത്തിലെ അശാസ്ത്രീയത തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. പുലിമുട്ട് നിര്‍മിക്കുന്നതിന് മുമ്പും ഇവിടെ അപകടമരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ വര്‍ഷത്തില്‍ ഒന്നോ രണ്ടോ മല്‍സ്യത്തൊഴിലാളികളാണ് അപകടത്തില്‍ മരണപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല.

‘സാധാരണഗതിയില്‍ കടലില്‍ മരണപ്പെട്ടാല്‍ മൂന്നാം പക്കം മൃതശരീരം കരയ്ക്ക് അടിയും. എന്നാല്‍ മൃതദേഹം കിട്ടാത്ത സാഹചര്യം തന്നെ ഇവിടെയുണ്ടായിട്ടുണ്ട്. ഒരാളെ കാണാതായി ഏഴ് വര്‍ഷം കഴിഞ്ഞാലേ മരിച്ചതായി കണക്കാക്കുകയുള്ളൂ. ഇത് മരിച്ചയാളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം കിട്ടാന്‍ വൈകുന്നതിന് കാരണമാകുന്നുണ്ട്.’ ഷിജു ബെയ്സില്‍ പറഞ്ഞു.

മുതലപ്പൊഴിയിലെ കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും അനുയോജ്യമല്ലാത്ത വിധം നിര്‍മിച്ച പുലിമുട്ടില്‍ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള പരിപാലനങ്ങള്‍ നടക്കുന്നില്ല. പുലിമുട്ടിലെ മണ്ണ് മുതലപ്പൊഴിയുടെ തെക്ക് ഭാഗത്ത് അടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ അടിഞ്ഞുചേരുന്ന മണ്ണ് സാന്‍ഡ് ബൈപാസിങ് നടത്തണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ നടപ്പാക്കുന്നില്ല. ഇത് കാരണം കടപ്പുറം ഇല്ലാതാവുകയും കടല്‍ഭിത്തി താഴുകയും ചെയ്യുന്നു. ഇത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കാണ് വഴിവെക്കുന്നത്. കടലെടുക്കുന്ന തീരവും വീടും ഇന്നത്തെ സ്ഥിരം കാഴ്ചകളാകുന്നതിന്റെ പ്രധാനകാരണമാണ് ഇവ. പണ്ട് 250 മീറ്റര്‍ കടപ്പുറം ഉണ്ടായിരുന്ന ഭാഗത്ത് ഇപ്പോള്‍ ഒരു പത്ത് മീറ്റര്‍ മാത്രമാണുള്ളത്. കായലില്‍ നിന്ന് വള്ളമിറക്കുമ്പോള്‍ തിരയടിക്കുകയും അപകടമുണ്ടാകുകയുമാണ് ചെയ്യുന്നത്. പുലിമുട്ട് കടല്‍ത്തീരത്തെ നാമവശേഷമാക്കി മാറ്റി കൊണ്ടിരിക്കുകയാണ്. പാലത്തിന് സമാന്തരമായി 400 മീറ്ററോളമാണ് പുലിമുട്ട് നിലവില്‍ ഉള്ളത്. പുലിമുട്ടിന്റെ നീളം കൂടുന്തോറും കടലാക്രമണത്തിന്റെ തോത് വര്‍ദ്ധിക്കുന്നുണ്ടെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് മനസിലാകുന്നത്.

കടലിലെ അപകടങ്ങള്‍ നിരന്തര കാഴ്ചകളാകുന്ന സാഹചര്യത്തില്‍ അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി തീരങ്ങളിലെ മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു. ജൂലൈ 18ന് അഞ്ചുതെങ്ങിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ജില്ലാ കളക്ടര്‍ വാസുകി എത്തുകയും മല്‍സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും ദുരിതബാധിത മേഖല സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അഞ്ചുതെങ്ങ് ഫെറോനയിലെ മുഴുവന്‍ ഇടവകയിലെ അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് നടന്ന യോഗത്തില്‍ തിരുവനന്തപുരം ലാറ്റിന്‍ അതിരൂപത മെത്രാന്‍ ഡോ.സൂസെപാക്യം സമരത്തിനു ഐക്യദാര്‍ഢ്യവുമായി എത്തി. മഴക്കാലം കഴിയുന്നതോടെ മുതലപ്പൊഴിയിലെ നൂനതകള്‍ പരിഹരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും മരണമടഞ്ഞവരുടെയും വീട് നഷ്ടമായവരുടെയും കുടുംബങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കി സഹായങ്ങള്‍ കൈമാറുമെന്നും കളക്ടര്‍ അറിയിച്ചു.

ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പാണ് പുലിമുട്ട് നിര്‍മാണം നടപ്പിലാക്കുന്നത്. അതിന്റെ പഠനങ്ങള്‍ക്കും മറ്റുമായി വിവിധ ഏജന്‍സികളെ ഏല്‍പിക്കും. കേരളത്തില്‍ പുലിമുട്ട് കെട്ടാതെ തുറമുഖ നിര്‍മാണം സാധ്യമല്ലെന്നാണ് ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന്റെ ചീഫ് എഞ്ചിനീയര്‍ അനില്‍ കുമാര്‍ പൊഴിയൂര്‍ തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് പറഞ്ഞു. തദ്ദേശീയരായ ആളുകളുടെ അഭിപ്രായവും ശേഖരിച്ച് പഠനം നടത്തി വേണം പുലിമുട്ട് നിര്‍മിക്കാനെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്‌സിക്കുട്ടി നിര്‍ദേശം നല്കിയിട്ടുണ്ട്.

‘പുലിമുട്ടുകളിലെ അശാസ്ത്രീയത പഠിക്കാന്‍ എത്തുന്ന വിദഗ്ധ സംഘം എപ്പോഴും നിഗൂഡമായ ഒരു ഗ്രൂപ്പായാണ് കാണുക. മലയാള മനോരമ പോലുള്ള പ്രമുഖ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളിലും ഒരു വിദഗ്ദന്റെയോ പഠനത്തിന്റെയോ സൂചനകള്‍ നല്‍കാറില്ല. അതേസമയം വിദഗ്ദരുടെ അഭിപ്രായമെന്ന് പറഞ്ഞ് കൊണ്ടാണ് അവര്‍ വാര്‍ത്ത് നല്‍കാറുള്ളതും. അവര്‍ ആരൊക്കെയാണെന്ന് അറിയിക്കേണ്ടത് ജനാധിപത്യ രാജ്യത്ത് ഉള്ള പത്രമാധ്യമങ്ങളുടെ ധര്‍മ്മമല്ലേ?” യുനെസ്‌കോയുടെ ഏഷ്യ പെസഫിക് റീജിയണ്‍ കോണ്‍ട്രിബ്യൂട്ടിങ് ഓതറായ ജോണ്‍സണ്‍ ചോദിക്കുന്നു.

നീണ്ടവായന: കടലില്‍ ഒഖിയെ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍