UPDATES

പ്രളയം 2019

തോരാമഴ, ഉരുള്‍പൊട്ടല്‍, ശക്തമായ കാറ്റ്; ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു, മറ്റൊരു പ്രളയഭീതിയില്‍ നിലമ്പൂര്‍

കഴിഞ്ഞ പ്രളയകാലത്തെ പോലെ സ്ഥിതി ഗതികള്‍ രൂക്ഷമായിട്ടില്ലെങ്കിലും നിലവിലെ അവസ്ഥ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നു പ്രദേശവാസികള്‍

തോരാതെ തുടരുന്ന കനത്തമഴയും പുഴകളിലെ ജലനിരപ്പ് ഉയരുന്നതും ഉരുള്‍പൊട്ടലുകളും നിലമ്പൂരില്‍ വീണ്ടും ഭീതി പടര്‍ത്തുന്നു. കഴിഞ്ഞ പ്രളയകാലത്ത് മനുഷ്യജീവനുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെടുത്തി ഉണ്ടായ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും പൂര്‍ണമായി മുക്തരാകാത്ത നിലമ്പൂരിലെയും പരിസരപ്രദേശങ്ങളിലേയും ജനങ്ങള്‍ വലിയ അശങ്കയിലാണ് ഇപ്പോള്‍ ഉള്ളത്.

പലയിടങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ജാഗ്രത നിര്‍ദേശവും എല്ലായിടങ്ങളിലും നല്‍കിയിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറുന്ന അവസ്ഥയാണ് വീണ്ടും ഉണ്ടായിരിക്കുന്നത്. ചില വീടുകളുടെ ഒന്നാം നില വരെ വെള്ളം പൊങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ രാത്രിയോടെ മഴ കൂടുതല്‍ ശക്തമായതാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയിരിക്കുന്നത്. വ്യാപര സ്ഥാപനങ്ങള്‍ പലതും അടച്ചിട്ടിരിക്കുന്നതും നാടിനെ ബുദ്ധിമുട്ടിലാക്കുന്നു. വെള്ളം അനിയന്ത്രിതമായി കൂട്ടികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിലമ്പൂരിലെ ഹോട്ടലുകളും മിക്കതും അടച്ചിട്ടിരിക്കുകയാണെന്നാണ് അവിടെ നിന്നുള്ളവര്‍ നല്‍കുന്ന വിവരം.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ് വീശുന്നതിന്റെ ഫലമായി വലിയ മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. പല റോഡുകളും മരങ്ങള്‍ വീണ് തടസപ്പെട്ട നിലയിലാണ്. നിലമ്പൂരിലെ പ്രധാനപ്പെട്ട പല റോഡുകളും വെള്ളത്തിനടിയിലാണ്. വാഹന ഗതാഗാതം പലയിടങ്ങളിലും പൂര്‍ണമായി തന്നെ നിര്‍ത്തിവച്ചിരിക്കുകയാണ്. ഗതാഗതം പുനരാരംഭിക്കാനുള്ള ശ്രമങ്ങളും വേഗത്തില്‍ നടക്കുന്നുണ്ട്. പൊലീസ്, ഫയര്‍ ഫോഴ്‌സ് സംവിധാനങ്ങള്‍ സ്ഥിതിഗതികള്‍ നേരിടാന്‍ രംഗത്തുണ്ട്.

ബുധനാഴ്ച്ച രാത്രി നിലമ്പൂര്‍ ഫയര്‍ സ്റ്റേഷന്‍ പരിധിയിലുള്ള കരുളായി നെടുങ്കായം മുണ്ടക്കടവ് കോളനിയിലെ ആഢ്യന്‍പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. നെടുങ്കയം, മുണ്ടക്കടവ്, അളയ്ക്കല്‍, പുഞ്ചക്കല്ല്, വഴിക്കടവ് ഭാഗങ്ങളും നിലവില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ശക്തമായ മലവെള്ളപാച്ചിലും പ്രദേശങ്ങളില്‍ അപകടസാധ്യത നിലനിര്‍ത്തിയിരിക്കുകയാണ്. നിലമ്പൂര്‍ മേഖല ഏതാണ്ട് പൂര്‍ണമായും വെള്ളത്തിനടിയിലാണെന്നാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെഎന്‍ജി ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട റോഡുകള്‍ വെള്ളത്തിനടിയിലായി. നിലമ്പൂരിന്റെ പരിസര പ്രദേശങ്ങളായ കരുളായി, ചുങ്കത്തറ എന്നിവിടങ്ങളും വെള്ളത്തിനടിയിലായ അവസ്ഥയിലാണ്. മഴ തുടരുന്നതിനാല്‍ നിലമ്പൂര്‍ ടൗണിലും വെള്ളം കൂടിക്കൊണ്ടിരിക്കുകയാണ്. വ്യാപരസ്ഥാപനങ്ങള്‍ പലതും വെള്ളത്തിലായി. അരീക്കോട്, കീഴുപറമ്പ്, വാഴക്കാട്, വാഴയൂര്‍ പ്രദേശങ്ങളിലും വെള്ളം കയറാനുള്ള മുന്നറിയിപ്പ് സുരക്ഷ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതയോടെ ഇരിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നുമാണമെന്നും നിലമ്പൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ എം എ ഗഫൂര്‍ അറിയിച്ചു.

ബുധനാഴ്ച്ച രാത്രി 11 മണിയോടെ കരിമ്പുഴ കരകവിഞ്ഞ് ഒഴുകിയതോടെ കരുളായി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുണ്ടക്കടവ്, നെടുങ്കയം, വാരിക്കല്‍, പിലാക്കല്‍, പുല്ലഞ്ചേരി, കാര്‍ളിക്കോട് ഭാഗങ്ങളിലെ ചില വീടുകളില്‍ വെള്ളം കയറുകയും വലിയ നാശ നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുള്ളതായി കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അസൈനാര്‍ പറഞ്ഞു. ഈ ഭാഗങ്ങളിലെ ചില പ്രദേശത്തെ ആളുകളെ വിവിധ മേഖലകളിലേക്ക് മാറ്റി പാര്‍പ്പിച്ചു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പൊലീസ്, ഫയര്‍ ഫോഴ്‌സ്, വനം, റവന്യു തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തി വരുന്നുണ്ട്.

കരുളായി പ്രദേശങ്ങളില്‍  രണ്ടു ദിവസത്തിലേറെയായി വൈദ്യുതി ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൊബൈല്‍ നെറ്റ്വര്‍ക്കും കിട്ടാത്ത സ്ഥിതിയാണ്. ചാലിയാര്‍ പുഴ വെള്ളം പൊങ്ങി കരകവിഞ്ഞതോടെയാണ് നിലമ്പൂര്‍ ടൗണ്‍, ചെട്ടിയങ്ങാടി, ചമ്പക്കുന്ന്, ജനതപ്പടി എന്നിവടങ്ങള്‍ വെള്ളത്തിനടിയില്‍ ആകാന്‍ കാരണമെന്നു പറയുന്നു. കാളികാവ് പ്രദേശവും ഒറ്റപ്പെട്ട അവസ്ഥയിലാണെന്‌നും ഗതാഗത സൗകര്യം ഇല്ലാതായതോടെ ഇവിടെ നിന്നും നിലമ്പൂര്‍ ടൗണിലേക്ക് എത്താന്‍ കഴിയുന്നില്ലെന്നുമാണ് പ്രദേശവാസിയായ രാജമ്മ പറയുന്നത്. കഴിഞ്ഞ മൂന്നുദിവസത്തിലേറെയായി ഇവിടെ മഴ നിര്‍ത്താതെ പെയ്യുന്നുവെന്നാണ് രാജമ്മ പറയുന്നത്. ചാലിയാര്‍ പുഴ കൂടാതെ കാളികാവ് പുഴയിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇതുമൂലം കരുവാരകുണ്ട്, നെടുങ്കയം, തരിമ്പുഴ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണെന്നും രാജമ്മ വിവരം നല്‍കുന്നു.

വഴീക്കടവ് പഞ്ചായത്തിലെ പുഞ്ചക്കല്ലി ആദിവാസി കോളനി ഒറ്റപ്പെട്ടു കിടക്കുകയാണെന്നാണ് വിവരം. കോളനിയെ പുറം ലോകവുമായി ബന്ധപിക്കുന്ന പാലം വെള്ളത്തിനടിയിലായതോടെയാണ് ഇത്തരമൊരു അവസ്ഥ സംജാതമായത്. ശക്തമായ മലവെള്ളപ്പാച്ചിലിന്റെ ഭീഷണിയാണ് പുഞ്ചക്കൊല്ലി കോളനി നേരിടുന്നത്. കൂറ്റന്‍മരങ്ങള്‍ വെള്ളത്തില്‍ ഒലിച്ച് കോളനിയില്‍ അടിയുകയാണ്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊലീസ്, ട്രോമകെയര്‍ പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പുകാര്‍, റവന്യു വകുപ്പുകാര്‍ കോളനിയില്‍ എത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും സ്ഥിതി ഇപ്പോഴും ആശങ്കാജനകമാണ്. ചാലിയാറിന്റെ പോഷകനദിയായ പുന്നപ്പുഴയും കരകവിഞ്ഞ് ഒഴുകിയതും മുപ്പിനി, മുട്ടിക്കടവ് പാലങ്ങളെ വെള്ളത്തിനടിയിലാക്കി.

കഴിഞ്ഞ പ്രളയകാലത്തെ പോലെ സ്ഥിതി ഗതികള്‍ രൂക്ഷമായിട്ടില്ലെങ്കിലും നിലവിലെ അവസ്ഥ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നാണ് അരീക്കോട് സ്വദേശിയായ ആസാദ് പറയുന്നത്. ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുന്നുവെന്ന വാര്‍ത്തയാണ് കൂടുതല്‍ ഭയം ജനിപ്പിക്കുന്നതെന്നും ആസാദ് പറയുന്നു. ഇപ്പോള്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്ന ആഢ്യന്‍പാറയ്ക്ക് സമീപ പ്രദേശങ്ങളായ പ്ലാക്കല്‍ ചോല, മതിന്‍മൂലയിലുമായിരുന്നു കഴിഞ്ഞ തവണ വന്‍തോതില്‍ അപകടങ്ങള്‍ ഉണ്ടായത്. കഴിഞ്ഞ പ്രളയകാലത്ത് നിലമ്പൂരില്‍ ഉണ്ടായ പല മരണങ്ങളും ഉരുള്‍്‌പൊട്ടലിലായിരുന്നു. എരുമണ്ടയില്‍ ഒരു കുടുംബത്തിലെ ആറുപേരാണ് ഉരുള്‍പൊട്ടലില്‍ കൊല്ലപ്പെട്ടത്. അഞ്ചു വീടുകള്‍ പൂര്‍ണമായി തകരുകയും ചെയ്തു. കരുവാരുകുണ്ട്, കവളികാട്, ചോക്കാട് ഭാഗങ്ങളിലെല്ലാം തുടര്‍ച്ചയായി ഉരുള്‍പൊട്ടിയിരുന്നു. കേരളത്തില്‍ പ്രളയം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളില്‍ ഒന്നായിരുന്നു നിലമ്പൂരും. ചാലിയാര്‍ പുഴ, കരിമ്പുഴ, കല്ലാമൂലപ്പുഴ, കുതിരപ്പുഴ, കോട്ടപ്പുഴ, ചെരങ്ങാതോട്. ചെറായിതോട് എന്നീ പുഴകള്‍ കരകവിഞ്ഞതും മലപ്പുറത്തിന്റെ മലയോരമേഖലയായ നിലമ്പൂരിന്റെ നഷ്ടങ്ങള്‍ക്ക് ആക്കം കൂട്ടി. അമരമ്പലം, മാമ്പറ്റ കോട്ടക്കുളം, ചുള്ളിയോട്, കരുളായി, പൂക്കോട്ടുംപാടം എന്നിവിടങ്ങളിലെല്ലാം വെള്ളം അതിഗുരുതരമായ സാഹചര്യങ്ങളായിരുന്നു സൃഷ്ടിച്ചത്. ഇത്തവണയും ഉരുള്‍പൊട്ടലും പുഴകള്‍ കരകവിയുന്നതും ആവര്‍ത്തിക്കുന്നതാണ് നിലമ്പൂരിനെ ഭയത്തിലാഴ്ത്തുന്നത്. മഴ ശക്തമായി തുടരുകയാണെങ്കില്‍ സാഹചര്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍