ചാലക്കുടിപ്പുഴയോടു ചേര്‍ന്നു ജീവിക്കുന്ന കാടര്‍, കേരളത്തിലെ തന്നെ പ്രാക്തന ഗോത്ര വിഭാഗങ്ങളിലൊന്നാണ്
കേരളത്തെയാകെ തകര്‍ത്തെറിഞ്ഞ പ്രളയത്തിന് ഒരു വയസ്സാകാറാകുന്നു. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച ദുരിതപര്‍വ്വം കഴിഞ്ഞ ഒമ്പതു മാസക്കാലത്തിനിടെ ഏറിയ പങ്കും താണ്ടാന്‍ സംസ്ഥാനത്തിനായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രളയാനന്തര കേരളത്തിന്റെ അതിജീവനം അന്താരാഷ്ട്ര ഏജന്‍സികള്‍ വരെ പഠനവിധേയമാക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോഴും, പ്രളയം ഛിന്നഭിന്നമാക്കിക്കളഞ്ഞ ദളിത്-ആദിവാസി കോളനികളില്‍ പലതും ഇപ്പോഴും അതേ അവസ്ഥയില്‍ തുടരുകയാണെന്ന് പലയിടങ്ങളില്‍ നിന്നും പരാതികളുയര്‍ന്നിരുന്നു.
കേരളം പ്രളയത്തിന്റെ ആഘാതത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു കഴിഞ്ഞിരിക്കാം, എന്നാല്‍ തൃശ്ശൂരിലെ അതിരപ്പിള്ളിയിലുള്ള ആനക്കയം കോളനിയിലെ കാടര്‍ ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ നാളിതുവരെ പ്രളയം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറിയിട്ടില്ല. ജീവന്‍ മാത്രം കൈയിലെടുത്തുകൊണ്ട് കോളനിയിലെ വീടുകളില്‍ നിന്നും ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ഓടിയിറങ്ങിയ ഇവരുടെ പുനരധിവാസം മാസങ്ങള്‍ക്കു ശേഷവും തീരുമാനത്തിലെത്താതെ തുടരുകയാണ്.
പ്രളയകാലത്ത് അതിരപ്പിള്ളി മേഖലയിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ നടന്നത് ആനക്കയം കോളനിയോടു ചേര്‍ന്ന ഭാഗങ്ങളിലായിരുന്നു. അന്ന് രക്ഷാപ്രവര്‍ത്തകരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആനക്കയം കോളനിയിലെ ഗോത്രവിഭാഗക്കാരെ കാട്ടില്‍ നിന്നും പുറത്തേക്ക് സുരക്ഷിതരായി എത്തിച്ചത്. അതിതീവ്രമായ മഴയെ തുടര്‍ന്ന് കോളനിയുടെ ഇരുവശങ്ങളിലും വലിയ ഉരുള്‍പൊട്ടലുണ്ടാകുകയും, ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകള്‍ നിറഞ്ഞൊഴുകുകയും ചെയ്തിരുന്നു. ഇനിയൊരു മണ്ണിടിച്ചിലുണ്ടായാല്‍ കോളനിയിലെ ഇരുപതു കുടുംബങ്ങളും മണ്ണിനടിയില്‍പ്പെട്ടുപോകും എന്നു ബോധ്യപ്പെടുത്തിയാണ്, കൈയില്‍ക്കിട്ടിയ സാധനങ്ങളുമായി ഇവരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തേക്ക് കൊണ്ടുവന്നത്. ഇതിനിടെ പ്രകൃതിക്ഷോഭത്തില്‍ ഭയന്ന് കാടിനകത്തെ പലയിടങ്ങളിലും പാറക്കെട്ടുകളിലുമായി ഷെഡു കെട്ടി താമസമാക്കിയിരുന്ന ഗോത്രവിഭാഗക്കാരെയും തെരഞ്ഞ് കണ്ടെത്തി ഷോളയാര്‍ പവര്‍ ഹൗസിന്റെ ക്വാര്‍ട്ടേഴ്‌സുകളിലെത്തിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന ജിയോളജി വകുപ്പുകളുടെ പ്രതിനിധികളെത്തി നടത്തിയ പഠനത്തില്‍ ആനക്കയം കോളനി നിന്നിരുന്നയിടം വാസയോഗ്യമല്ലെന്നും ഇവിടെ താമസിച്ചുപോന്നിരുന്ന ഇരുപത്തിയൊന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് കെ.എസ്.ഇ.ബി. ക്വാര്‍ട്ടേഴ്‌സില്‍ ആനക്കയം കോളനിക്കാര്‍ക്ക് താമസസ്ഥലമൊരുങ്ങിയത്.
എന്നാല്‍, കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സിലെ മാസങ്ങള്‍ നീണ്ട അനിശ്ചിതാവസ്ഥയ്‌ക്കൊടുവില്‍ കോളനിയില്‍ നിന്നുള്ള അഞ്ചോളം കുടുംബങ്ങള്‍ വീണ്ടും കാടുകയറിയിരിക്കുകയാണ്. ആനക്കയം കോളനിയില്‍ നിന്നും നാലോ അഞ്ചോ കിലോമീറ്റര്‍ മാറി, ചാലക്കുടിപ്പുഴയുടെ ഓരത്തായി പാറക്കെട്ടുകളില്‍ പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് ഷെഡ് കെട്ടി മാറിയിരിക്കുകയാണിവര്‍. ഒട്ടും സുരക്ഷിതമല്ലാത്ത, അടച്ചുറപ്പില്ലാത്ത ഈ ഷെഡുകളിലേക്ക് സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങളൊന്നായി മാറിത്താമസിച്ചിരിക്കുന്നതെന്താണെന്നു ചോദിച്ചാല്‍, പറയാനിവര്‍ക്ക് ഒരുപാട് കാരണങ്ങളുണ്ട്. ഷോളയാറിലെ കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സുകളില്‍ തിങ്ങി ഞെരുങ്ങിയാണ് ആനക്കയം കോളനി മൂപ്പന്‍ രാമനടക്കമുള്ളവര്‍ ഇത്രനാള്‍ കഴിഞ്ഞുപോന്നത്. അടുത്തടുത്തുള്ള ക്വാര്‍ട്ടേഴ്‌സ് മുറികളിലായി ഇരുപത്തിയൊന്നു കുടുംബങ്ങളിലെ നൂറില്‍ത്താഴെ എണ്ണം വരുന്നവര്‍ താമസിക്കുന്നത് ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ്. കാടിനോട് ഏറ്റവുമടുത്ത് ജീവിച്ചു പോകുന്ന കാടര്‍ വിഭാഗക്കാര്‍ക്ക്, പുറത്തുവന്നുള്ള ക്വാര്‍ട്ടേഴ്‌സ് ജീവിതം താരതമ്യേന ബുദ്ധിമുട്ടാണെന്നിരിക്കേ, ഒരു മുറിയില്‍ ഒരു കുടുംബം എന്ന നിലയ്ക്കാണ് മിക്കപേരും കഴിഞ്ഞു കൂടുന്നത്. ഒരു കുടുംബത്തിന് ഒരു ക്വാര്‍ട്ടേഴ്‌സ് എന്ന നിലയ്ക്ക് കൊടുത്തിട്ടുണ്ടെന്ന് ജനപ്രതിനിധികള്‍ പറയുന്നുണ്ടെങ്കിലും, അതില്‍ കഴമ്പില്ലെന്നാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ പക്ഷം.
ഈ ഘട്ടത്തിലാണ് അവധിക്കാലമായതോടെ ചാലക്കുടിയിലടക്കം ഹോസ്റ്റലുകളിലും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലും താമസിച്ച് പഠിച്ചിരുന്ന കോളനിയിലെ കുട്ടികള്‍ വീടുകളിലേക്ക് തിരിച്ചെത്തിയത്. ഇവര്‍ കൂടിയായതോടെ താമസിക്കാന്‍ ഒട്ടും സ്ഥലമില്ലാത്ത അവസ്ഥയിലേക്ക് എത്തുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു. എത്രയും പെട്ടന്ന് മറ്റൊരിടം കണ്ടെത്തി തങ്ങളെ പുനരധിവസിപ്പിച്ചില്ലെങ്കില്‍ തിരികെ കാടുകയറുമെന്ന് നേരത്തേയും കാടര്‍ വിഭാഗക്കാര്‍ പറഞ്ഞിരുന്നതായി ആദിവാസി അവകാശ പ്രവര്‍ത്തകയായ ചിത്രയും പറയുന്നു. ‘തങ്ങള്‍ക്കു വേണ്ട കാര്യങ്ങള്‍ ചെയ്തു തന്നില്ലെങ്കില്‍ തിരികെ കാട്ടിലേക്കു തന്നെ പോകുമെന്നാണ് അന്നേ അവര്‍ പറഞ്ഞിരുന്നത്. പ്രളയം വന്നതോടെ വീടും ഭൂമിയുമെല്ലാം പാടേ നശിച്ചിരുന്നു. അന്ന് ക്വാര്‍ട്ടേഴ്‌സിലേക്കു മാറ്റുമ്പോള്‍ത്തന്നെ, അവര്‍ക്ക് അക്കാര്യത്തില്‍ വലിയ ആശങ്കയുണ്ടായിരുന്നു. തങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭിക്കാതെ വന്നാല്‍ തിരികെപ്പോരുമെന്ന് അന്നേ പറഞ്ഞിരുന്നു.’
ചാലക്കുടിപ്പുഴയോടു ചേര്‍ന്നു ജീവിക്കുന്ന കാടര്‍, കേരളത്തിലെ തന്നെ പ്രാക്തന ഗോത്ര വിഭാഗങ്ങളിലൊന്നാണ്. വനവിഭവങ്ങള്‍ ശേഖരിച്ചും പുഴയില്‍ നിന്നും മീന്‍പിടിച്ചും ഉപജീവനം കഴിക്കുന്നവരാണിവര്‍. കാട്ടില്‍ നിന്നും പറിച്ചു മാറ്റപ്പെട്ടതോടെ, സ്വാഭാവികമായ ജീവിതപരിസരം തന്നെ നഷ്ടപ്പെട്ടുപോകുകയും വിദ്യാര്‍ത്ഥികളായ മക്കള്‍ കൂടി അവധിക്കാലത്ത് തിരിച്ചെത്തിയതോടെ സാമ്പത്തിക സ്ഥിതി അവതാളത്തിലാകുകയും ചെയ്തതാണ് ഇവര്‍ നേരിട്ട പ്രധാന പ്രശ്‌നമെന്ന് ആദിവാസി അവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു ജോലികള്‍ ചെയ്ത് ശീലമില്ലാത്ത ഇവര്‍ക്ക്, ദൈനം ദിന ജീവിതത്തിന്റെ നഷ്ടപ്പെട്ട താളം തിരിച്ചു പിടിക്കണമെങ്കില്‍ കാടിനോടു ചേര്‍ന്നുള്ള തങ്ങളുടെ സ്വാഭാവിക ജീവിത രീതിയിലേക്ക് തിരികെ പോകേണ്ടതുണ്ട് എന്നാണ് മൂപ്പന്‍ രാമനടക്കം ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇവരില്‍ ചിലര്‍ പുഴയോടു ചേര്‍ന്നുള്ള പാറക്കെട്ടുകളിലേക്ക് താമസം മാറിയതും.
പാറക്കെട്ടുകളില്‍ ഷീറ്റു വലിച്ചുകെട്ടിയുള്ള താമസം തുടരാനാകില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ അറിയിച്ചിട്ടുണ്ടെങ്കിലും, നിര്‍ബന്ധപൂര്‍വം മാറ്റരുതെന്ന് വനപാലകരോട് ആവശ്യപ്പെട്ടിട്ടുള്ളതായി സാമൂഹ്യ പ്രവര്‍ത്തകനും പഞ്ചായത്തംഗവുമായ റിജേഷ് പറയുന്നു. ഇവര്‍ക്കായി ഭൂമിയേറ്റെടുക്കാനുള്ള നടപടികളിലേക്ക് എത്രയും പെട്ടെന്ന് കടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, സ്വാഭാവികമായ കാലതാമസം എടുത്തേക്കുമെന്നാണ് റിജേഷ് നല്‍കുന്ന വിശദീകരണം. ‘പ്രളയത്തിനു ശേഷം എം.എല്‍.എയടക്കം ഇടപെട്ടിട്ടാണ് ആനക്കയം കോളനിയിലുള്ളവരെ കെ.എസ്.ഇ.ബിയുടെ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ഷോളയാര്‍ പവര്‍ഹൗസിന്റെ ക്വാര്‍ട്ടേഴ്‌സുകളാണ്. പക്ഷേ, കാടുമായി ഏറ്റവുമടുത്ത് ബന്ധപ്പെട്ടുകൊണ്ട് ജീവിച്ചു പോരുന്ന ഒരു വിഭാഗമാണ് കാടര്‍ സമൂഹം. അവരുടെ ദൈനംദിന ജീവിതം തന്നെ കാടുമായി ബന്ധപ്പെട്ടാണുള്ളത്. വെള്ളത്തിനായും മീന്‍പിടിക്കാനും ആശ്രയിച്ചുകൊണ്ടിരുന്ന പുഴയൊന്നും അടുത്തില്ലാത്തതിനാല്‍ ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അവര്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഭൂമി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനുള്ള ചില തടസ്സങ്ങളുണ്ടല്ലോ. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇക്കാര്യം അറിയിക്കാനായി കഴിഞ്ഞ ദിവസം കലക്ടറെ കണ്ടിരുന്നു. ഭൂമി സന്ദര്‍ശിക്കാന്‍ കലക്ടര്‍ എത്താമെന്നും പൂരവും മറ്റു കാര്യങ്ങളുമുള്ളതിനാല്‍ തിരക്കിലാണ് എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. കോളനിക്ക് പകരമായി അവര്‍ ആവശ്യപ്പെടുന്ന ഭൂമി വിട്ടുകൊടുക്കാം എന്നൊരു തീരുമാനമാണ് പ്രാഥമികമായി ഉണ്ടായിരുന്നത്. ഇന്ന സ്ഥലം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഔദ്യോഗികമായി സ്ഥലം കണ്ടെത്തുകയോ വിട്ടു കൊടുക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയോ ചെയ്തിട്ടില്ല. കൃത്യമായ ഇടവേളകളില്‍ ബന്ധപ്പെട്ടവരോട് ആവശ്യം ഉന്നയിക്കുന്നുണ്ട്. സ്ഥലം കൊടുക്കുന്നതിന് തടസ്സമില്ലെന്ന് വനം വകുപ്പ് അടക്കമുള്ളവരോട് ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രളയകാലത്ത് താല്‍ക്കാലികമായി മാറിത്താമസിച്ചിരുന്നയിടത്തേക്കു തന്നെ വീണ്ടും മാറുമെന്ന് ഇവര്‍ നേരത്തേ തന്നെ പറയുന്നുണ്ടായിരുന്നു. നിങ്ങളിവിടെ നില്‍ക്ക്, നാളെ ഭൂമി തരാം എന്നു പറയാന്‍ ഞങ്ങള്‍ക്കും സാധിക്കില്ലല്ലോ. ഞങ്ങളും നിസ്സഹായാവസ്ഥയിലാണ്.’
സ്ഥലമില്ലായ്മയും സാമ്പത്തികസ്ഥിതി താറുമാറായതുമാണ് പ്രധാന പ്രശ്‌നമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നതെങ്കിലും, മറ്റു ചില കാരണങ്ങളും ഇവരുടെ ആവശ്യങ്ങള്‍ക്കു പിന്നിലുണ്ടെന്നാണ് റിജേഷിന്റെ പക്ഷം. മാസമുറക്കാലത്ത് വീട്ടില്‍ നിന്നും അകന്നുമാറി, പുരുഷന്മാര്‍ കാണാത്ത വാലായ്മപ്പുരകളില്‍ ഏഴുദിവസം സ്ത്രീകള്‍ താമസിക്കുന്ന രീതി പിന്തുടരുന്നവരാണ് കാടര്‍ സമുദായം. ക്വാര്‍ട്ടേഴ്‌സുകളിലെ പരിമിതികളില്‍ നിന്നുകൊണ്ട് അത്തരം ആചാരങ്ങള്‍ പിന്‍പറ്റാനാകാത്തതും അവരെ മാറ്റി ചിന്തിപ്പിച്ചുവെന്നാണ് റിജേഷ് നിരീക്ഷിക്കുന്നത്. ‘സ്ത്രീകള്‍ക്ക് ഇക്കാലത്ത് താമസിക്കാന്‍ ആനക്കയം കോളനിയില്‍ സര്‍ക്കാര്‍ തന്നെ പണിതുകൊടുത്ത ഇടങ്ങളുണ്ടായിരുന്നു. അത്തരത്തിലുള്ള രീതികള്‍ ഇപ്പോള്‍ അവര്‍ക്ക് നടപ്പില്‍ വരുത്താന്‍ സാധ്യമല്ല. ഇടുങ്ങിയ ക്വാര്‍ട്ടേഴ്‌സ് മുറികളില്‍ അത്തരത്തില്‍ വിട്ടു താമസിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. ആ ആവശ്യം അവര്‍ ഇടയ്ക്കിടെ ഉന്നയിക്കുന്നുണ്ട്. പൊതുസമൂഹത്തോട് അവരത് അങ്ങനെ പറഞ്ഞാല്‍ മനസ്സിലാക്കണമെന്നില്ലല്ലോ.’
അതിനിടെ കോളനിയില്‍ ഇവര്‍ താമസിച്ചിരുന്ന വീടുകള്‍ മണ്ണിടിഞ്ഞും കാട്ടാനക്കൂട്ടം കയറിയും പാടേ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിരപ്പള്ളി പ്രദേശത്തെ വിവിധ അണക്കെട്ടു പദ്ധതികളും പ്ലാന്റേഷന്‍ പദ്ധതികളും കാരണം വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ കൂട്ടമായി കുടിയൊഴിപ്പിക്കപ്പെട്ടിട്ടുള്ള ജനവിഭാഗമാണ് കാടര്‍ സമുദായം. എത്രയോ കാലങ്ങളായി ഭൂമിയ്ക്കു മേലുള്ള അവകാശവുമായി ബന്ധപ്പെട്ട് പല പ്രശ്‌നങ്ങളും ഇവര്‍ അനുഭവിച്ചുപോരുന്നതായി അവകാശപ്രവര്‍ത്തകനായ അജീഷും, സാമൂഹികപ്രവര്‍ത്തകനായ റിജേഷും ചൂണ്ടിക്കാട്ടുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗോത്രവിഭാഗക്കാര്‍ക്ക് പതിച്ചു നല്‍കപ്പെട്ട നാലു സെന്റ് ഭൂമിയില്‍ ഇപ്പോള്‍ കുടുംബത്തിലെ മക്കളും അവരുടെ മക്കളുമായി അനവധി പേരുണ്ട്. അവര്‍ക്കാര്‍ക്കും ചെറിയ കുടുംബങ്ങളായി മാറിത്താമസിക്കാനുള്ള ഭൂമി ഇവരുടെ പക്കലില്ല. ഉള്ള സ്ഥലത്ത് ഞെരുങ്ങി ജീവിക്കുക, രോഗം വന്നാല്‍ പെട്ടെന്ന് പടര്‍ന്നു പിടിക്കുക തുടങ്ങി ഒരുപാട് വെല്ലുവിളികള്‍ അതിജീവിച്ചാണ് കാടര്‍ സമുദായം അതിരപ്പിള്ളി മേഖലയില്‍ കഴിഞ്ഞുപോരുന്നത്. വര്‍ഷങ്ങളായി ഭൂമി പ്രശ്‌നം നിലനില്‍ക്കുന്ന ഇവര്‍ക്ക് ഇനിയും അതു തരണം ചെയ്യാനാകുമോ എന്നതിലും വ്യക്തതയില്ല. കാടിന്റെ പല ഭാഗങ്ങളായി കടുവസങ്കേതമായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കടുവ സങ്കേതമാക്കിക്കഴിഞ്ഞാല്‍ അതിനടുത്ത് ആദിവാസികള്‍ക്ക് ഭൂമി കൊടുക്കാനാകില്ല എന്ന് പറയാന്‍ എളുപ്പമാണല്ലോ. കേരളത്തിലെ ആദിവാസികളെല്ലാം ജണ്ട തിരിച്ച് കോളനികളുണ്ടാക്കി, കാടും കോളനിയുമായി വേര്‍തിരിച്ച് താമസിക്കുന്നവരാണ്. വനാവകാശ നിയമം ഇവരെ സഹായിച്ചേക്കില്ല. ട്രൈബല്‍ വകുപ്പില്‍ നിന്നുള്ള ലാഭം സ്വീകരിച്ച് ജീവിക്കുന്ന ചില എന്‍.ജി.ഓകള്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്നല്ലാതെ, ഇങ്ങനെ കാടിനെ കോളനിയില്‍ നിന്നും വേര്‍തിരിച്ച് കഴിയുന്നവര്‍ക്ക് വനാവകാശ നിയമം ബാധകമല്ല എന്നതാണ് വാസ്തവം. നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍പ്പോലും എങ്ങനെ ആദിവാസികളെ കുടുക്കിലാക്കാം എന്നു ചിന്തിച്ചുകൊണ്ട് ചെയ്യുന്നതു പോലെയുണ്ട്. കേരളത്തില്‍ ചോലനായ്ക്കര്‍ മാത്രമേ ഇത്തരത്തില്‍ ജണ്ട കെട്ടി കോളനിയുണ്ടാക്കാത്തവരുള്ളൂ. കാടര്‍ വിഭാഗത്തില്‍പ്പെട്ട ഏകദേശം നൂറ്റമ്പതു പേര്‍ നിലവില്‍ ഈ ഭൂമിപ്രശ്‌നം അനുഭവിക്കുന്നുണ്ടിവിടെ.
കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുകൊണ്ടിരുന്ന കരാര്‍ തൊഴിലാളികള്‍ സ്ഥലമൊഴിയാന്‍ ആവശ്യപ്പെട്ടതായും ആനക്കയം കോളനിക്കാര്‍ക്ക് പരാതിയുണ്ട്. കെ.എസ്.ഇ.ബിയുടെ ക്വാര്‍ട്ടേഴ്‌സാണ്, അവിടെ പുറത്തുനിന്നുള്ളവര്‍ക്ക് അധികകാലം താമസിക്കാനാകില്ലെന്ന് പ്രദേശവാസിയായ സരസ്വതിയും പറയുന്നു. നിലവില്‍ അഞ്ചു കുടുംബങ്ങള്‍ മാത്രമാണ് കാടുകയറിയിട്ടുള്ളതെങ്കില്‍, അടുത്ത മഴക്കാലത്തിനു മുന്‍പായി തങ്ങളെല്ലാം കാടുകയറേണ്ട അവസ്ഥയുണ്ടാക്കരുതെന്ന് കോളനിക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ, ഉടന്‍ തന്നെ സ്ഥലം സന്ദര്‍ശിക്കാം എന്ന് കലക്ടര്‍ നല്‍കിയ ഉറപ്പിന്മേലാണ് ഇനി ഇവരുടെ പ്രതീക്ഷ.
* Representation Image