UPDATES

ട്രെന്‍ഡിങ്ങ്

കന്യാസ്ത്രീ പീഡനക്കേസ്: ഫോറന്‍സിക് ലാബ് പൊലീസിന് നല്‍കിയ ഫയലിലെ രണ്ട് ഡിവിഡികള്‍ എവിടെ? അബദ്ധം സംഭവിച്ചതോ, അട്ടിമറിച്ചതോ?

തെളിവുകള്‍ ഇല്ലാതാക്കി കേസില്‍ നിന്നു രക്ഷപ്പെടാനാണ് ബിഷപ്പ് നോക്കുന്നതെന്ന കന്യാസ്ത്രീകളുടെ ആരോപണത്തിനെതിരേ കടുത്ത വിമര്‍ശനവുമായി ജലന്ധര്‍ രൂപത

കന്യാസ്ത്രീ പീഡനക്കേസില്‍ കോടതിയിലും പൊലീസിനും നല്‍കിയ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വൈരുധ്യം വന്നത് പുതിയ വിവാദങ്ങള്‍ക്ക് കാരണമാകുന്നു. ഇരയായ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ ഫോണില്‍ വിളിച്ചു സംസാരിക്കുന്നതിന്റെ വിവരങ്ങള്‍ അടങ്ങിയ ഡിവിഡിയിലാണ് മാറ്റം വന്നത്. ലാബില്‍ നിന്നും കോടതിയില്‍ സമര്‍പ്പിച്ച ഡിവിഡിയില്‍ എല്ലാ ഫയലുകളും ഉണ്ടായിരുന്നുവെങ്കിലും പൊലീസിന് നല്‍കിയതില്‍ രണ്ടു ഫോള്‍ഡറുകള്‍ കാലിയായിരുന്നു. കുറ്റപത്രവുമായി ബന്ധപ്പെട്ട ലാബ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് വേണമെന്നു പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കോടതി നിര്‍ദേശ പ്രകാരം പൊലീസ് ഡിവിഡി പകര്‍പ്പ് നല്‍കിയപ്പോഴാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മുഴുവന്‍ ഫയലുകളും അടങ്ങിയ ഡിവിഡി പൊലീസിന് നല്‍കാന്‍ കോടതി ഫോറന്‍സിക് ലാബിനോട് ആവശ്യപ്പെട്ടിരുന്നു.

ലാബ് റിപ്പോര്‍ട്ടുകളില്‍ വൈരുദ്ധ്യം വന്നത് അന്വേഷിക്കാന്‍ കോട്ടയം എസ് പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏറെ നിര്‍ണായകമായ തെളിവുകളായ ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ കോടതിയിലും പൊലീസിനും നല്‍കിയപ്പോള്‍ എങ്ങനെ മാറിപ്പോയി എന്നതിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്. അബദ്ധം സംഭവിച്ചതാണോ മനഃപൂര്‍വം ചെയ്തതാണോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. പൊലീസ് ഇതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണത്തിന് തയ്യാറെടുക്കുകയാണ്. കേസ് അട്ടിമറിക്കാന്‍ നടന്നു വരുന്ന ശ്രമങ്ങളുടെ ഭാഗമായി മനഃപൂര്‍വം തന്നെയാകാം ലാബ് റിപ്പോര്‍ട്ടില്‍ മാറ്റം വന്നതെന്നാണ് പരാതിക്കാരായ കന്യാസ്ത്രീകള്‍ ആരോപിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെയാണ് കന്യാസ്ത്രികള്‍ വിരല്‍ ചൂണ്ടുന്നതും. തെളിവുകള്‍ ഇല്ലാതാക്കി കേസില്‍ നിന്നു രക്ഷപ്പെടാനാണ് ബിഷപ്പ് നോക്കുന്നതെന്നും ഇടപെടലുകളില്ലാതെ വിചാരണ നടന്നാല്‍ തനിക്ക് ജയിലില്‍ പോകേണ്ടി വരുമെന്ന് ബിഷപ്പിന് അറിയാമെന്നും കന്യാസ്ത്രീകള്‍ പറയുന്നു. ആ ഭയം ഉള്ളതുകൊണ്ടാണ് പല അട്ടിമറികള്‍ക്കും ശ്രമിക്കുന്നതെന്നുമാണ് ഇവരുടെ അഭിപ്രായം.

അതേസമയം കന്യാസ്ത്രീകളുടെ ആരോപണത്തിനെതിരേ കടുത്ത വിമര്‍ശനവുമായി ജലന്ധര്‍ രൂപത രംഗത്തു വന്നിട്ടുണ്ട്. ലാബില്‍ നിന്നുള്ള ഡിവിഡി പകര്‍പ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അതില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് പങ്കുണ്ടെന്ന് പരാതിക്കാരികളില്‍ ഒരാളായ കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ പരാതി ഉന്നയിച്ചതിനു പിന്നാലെയാണ്  ജലന്ധര്‍ രൂപത രംഗത്തു വന്നിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ ദുരുദ്ദേശപരമായി കള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് സി. അനുപമ എന്നാണ് ജലന്ധര്‍ രൂപത പിആര്‍ഒ ഫാ. പീറ്റര്‍ കാവുമ്പുറം ഇറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നത്. പൊലീസിന്റെ പക്കലുള്ള ഡിവിഡിയില്‍ ബിഷപ്പ് ഫ്രാങ്കോ കൃത്രിമം കാണിക്കുന്നതെങ്ങനെയെന്ന ചോദ്യവുമായാണ് പ്രസ്താവന ഇറങ്ങിയിരിക്കുന്നത്.

കുറ്റപത്രത്തിന്റെ ഭാഗമായി പ്രതിഭാഗത്തിന് അവകാശപ്പെട്ട രേഖകള്‍ പ്രോസിക്യൂഷന്‍ കൈമാറാന്‍ തയ്യാറാകുന്നില്ലെന്നാണ് ജലന്ധര്‍ രൂപതയുടെ ആക്ഷേപം. പ്രതിഭാഗം നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതിയാണ് ഒടുവില്‍ ആവശ്യപ്പെടുന്ന രേഖകള്‍ പ്രതിഭാഗത്തിന് നല്‍കാന്‍ നിര്‍ദേശിച്ചത്. ഇതിന്‍പ്രകാരമാണ് ജൂലൈ 26 ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പാല മജിസ്‌ട്രേറ്റ് കോടതിയില്‍ ഡിവിഡി സമര്‍പ്പിക്കുന്നത്. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച ഡിവിഡിയിലാണ് കൃത്രിമം കണ്ടെത്തിയത്. ആ കൃത്രിമം ബിഷപ്പ് ഫ്രാങ്കോയ്ക്ക് എങ്ങനെ ചെയ്യാനാകുമെന്നാണ് രൂപത വക്താവ് ചോദിക്കുന്നത്.

ഡിവിഡിയില്‍ കൃത്രിമം നടന്നതില്‍ ദുരൂഹതതയുണ്ടെന്നും ജലന്ധര്‍ രൂപത പറയുന്നുണ്ട്. കോടതി നടപടികളുടെ ഭാഗമായി വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും മുന്‍പാകെ ഡിവിഡി പരിശോധിച്ചപ്പോഴാണ് ഡിവിഡിയിലെ മൂന്നു ഫോള്‍ഡറുകളില്‍ രണ്ടെണ്ണത്തിലും ഒന്നുമുണ്ടായിരുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെടുന്നത്. നിരവധി തവണ കോടതി ചേര്‍ന്നപ്പോഴും വാദിഭാഗം പ്രതിഭാഗത്തിനു കൈമാറാന്‍ തയ്യാറാകാതിരുന്ന രേഖകളില്‍ പെട്ട ഡിവിഡിയിലാണ് ഇങ്ങനെയൊരു കൃത്രിമം നടന്നരിക്കുന്നത് എന്നത് ദുരൂഹതയുണ്ടാക്കുന്നുണ്ടെന്നാണ് വക്താവ് ചൂണ്ടിക്കാണിക്കുന്നത്. ഫയലുകള്‍ കാണാതായതിനു പിന്നില്‍ കന്യാസ്ത്രീകളെ സഹായിക്കാനുള്ള നീക്കമുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കണമെന്നാണ് ജലന്ധര്‍ രൂപതയുടെ ആവശ്യം. ഡിവിഡിയില്‍ ഉള്ള രേഖകള്‍ ഒരുപക്ഷേ വാദിക്ക് എതിരാണെന്ന ബോധ്യത്തോടെ ബോധപൂര്‍വം അത് നശിപ്പിക്കാനുള്ള ശ്രമമാണോ നടന്നിരിക്കുന്നതെന്നു സംശയിക്കുന്നതായാണ് രൂപത വക്താവ് പറയുന്നത്. അതുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുടെ കൈവശം വച്ചിരുന്ന ഡിവിഡിയില്‍ കൃത്രിമം നടത്തിയത് ആരാണെന്നു കണ്ടെത്തേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ടെന്നും അതവര്‍ അന്വേഷിക്കുകയും തങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി തരണമെന്നുമാണ് ഫാ. പീറ്റര്‍ കാവമ്പുറം പറയുന്നത്.

പരാതിക്കാരികളായ കന്യാസ്ത്രീകള്‍ക്കെതിരേ രൂക്ഷമായ ഭാഷയിലാണ് ജലന്ധര്‍ രൂപത വക്താവ് പ്രതികരിച്ചിരിക്കുന്നത്. ബലാത്സംഗ കേസ് കെട്ടിച്ചമച്ചതാണെന്നും ഫ്രാങ്കോ മുളയ്ക്കിലിനെ സമൂഹമധ്യത്തില്‍ അപമാനിക്കാനാണ് കന്യാസ്ത്രീകള്‍ ശ്രമിക്കുന്നതെന്നും നിരന്തരം പറയുന്നൊരാളാണ് ജലന്ധര്‍ രൂപത വക്താവ് ഫാ. പീറ്റര്‍ കാവുമ്പുറം. അതേ വിമര്‍ശനങ്ങള്‍ തന്നെയാണ് ഇത്തവണയും അദ്ദേഹം ഉയര്‍ത്തിയിരിക്കുന്നത്. പരാതിക്കാരികളുടെ കൂട്ടത്തില്‍പ്പെട്ട സി. അനുപമയെ പേരെടുത്ത് പറഞ്ഞാണ് ഫാ. പീറ്റര്‍ കാവുമ്പുറം കുറ്റപ്പെടുത്തുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച ഡിവൈഎസ്പി പി. സുഭാഷിനെ കേരള സര്‍ക്കാര്‍ പതിവ് സ്ഥലം മാറ്റത്തിന്റെ ഭാഗമായി കോട്ടയം ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയപ്പോള്‍ കേസ് അന്വേഷണം അട്ടിമറിക്കാനാണ് ഇതെന്നായിരുന്നു സിസ്റ്റര്‍ അനുപമ മാധ്യമങ്ങളിലൂടെ ആരോപണം ഉയര്‍ത്തിയത്. ഇതേ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ഡിവൈഎസ്പിയെ കോട്ടയത്തേക്ക് തിരിച്ചു കൊണ്ടുവന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. സി. അനുപമയുടെ ആവശ്യപ്രകാരം കോട്ടയം ജില്ലയിലേക്ക് തിരിച്ചു നിയമിക്കപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പി. സുഭാഷ് തന്നെ കോടതിയില്‍ സമര്‍പ്പിച്ച ഡിവിഡിയില്‍ ബിഷപ്പ് ഫ്രാങ്കോ കൃത്രിമം കാണിച്ചിരിക്കുന്നുവെനന്നാണ് സി. അനുപമ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്. ഇതിനു പിന്നില്‍ പതിവ് നാടകത്തിലൂടെ പൊതുസമൂഹത്തിനെ കബളിപ്പിക്കാനുള്ള തന്ത്രമാണെന്നും എല്ലാവരും ഇക്കാര്യം തിരിച്ചറിയണമെന്നുമാണ് രൂപത വക്താവ് പറയുന്നത്.

കുറ്റപത്രം സമര്‍പ്പിച്ചിട്ട് രണ്ടു മാസം കഴിയുമ്പോഴും കേസിന്റെ വിചാരണ തുടങ്ങാന്‍ കഴിയാതെ വരുന്ന സാഹചര്യത്തിലാണ് നിര്‍ണായകമായ തെളിവുകളുടെ പേരില്‍ പുതിയ വിവാദങ്ങള്‍ ഉണ്ടാകുന്നതും. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച ശേഷം ഒമ്പതു തവണ കേസ് മാറ്റിവച്ചിട്ടുണ്ട്. ഇനി ഓഗസ്റ്റ് ഒമ്പതിലേക്കാണ് വീണ്ടും മാറ്റിവച്ചിരിക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞും രേഖകള്‍ ആവിശ്യപ്പെട്ടുമൊക്കെ പ്രതിഭാഗം കേസ് നീട്ടിക്കൊണ്ടു പോവുകയാണെന്നാണ് കന്യാസ്ത്രീകളുടെ പരാതി. കേസ് അട്ടിമറിക്കുകയാണ് പ്രതിഭാഗത്തിന്റെ ഉദ്ദേശമെന്നും ബിഷപ്പ് ഫ്രാങ്കോ അതിനുവേണ്ടിയുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും കന്യാസ്ത്രീകള്‍ പരാതിപ്പെടുന്നുണ്ട്. ‘ഓരോ തവണയും കോടതിയില്‍ നിന്നും അവധി വാങ്ങിക്കഴിയുമ്പോള്‍ ബിഷപ്പ് ഫ്രാങ്കോടയുടെ സന്ദേശങ്ങള്‍ വരുന്നതു കാണാം. അത് ഞങ്ങളെയും ഞങ്ങളെ പിന്തുണയ്ക്കുന്നവരെയും അപമാനിക്കുന്നതാണ്. വിശ്വാസികളുടെ മനസില്‍ നിന്നും ഞങ്ങളോടുള്ള സ്‌നേഹവും പിന്തുണയും ഇല്ലാതാക്കുന്നതിനു വേണ്ടിയാണ് ഫ്രാങ്കോ ശ്രമിക്കുന്നത്. അതെല്ലാം കാണിക്കുന്നത് കേസ് എങ്ങനെയെങ്കിലും അട്ടിമറിക്കാന്‍ വേണ്ടി അവര്‍ ശ്രമിക്കുന്നുവെന്നതാണ്. കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. ഫ്രാങ്കോയുടെ അറസ്റ്റ് നീട്ടിക്കൊണ്ടു പോയത് കണ്ടതാണ്, അതിനുശേഷം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത് പരാമാവധി നീട്ടിക്കൊണ്ടു പോയി. ഇപ്പോള്‍ വിചാരണ കോടതിയില്‍ കേസ് എത്തിക്കാതിരിക്കാനുള്ള ശ്രമങ്ങളുമായി അവര്‍ മുന്നോട്ടു പോകുന്നു’; സി. അനുപമ പറയുന്നു.

ജലന്ധര്‍ രൂപത ബിഷപ്പ് ആയിരുന്ന സമയത്ത് ഫ്രാങ്കോ മുളയ്ക്കല്‍ മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്റെ കോട്ടയം കുറവിലങ്ങാട് സെന്റ്. ഫ്രാന്‍സീസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതി പോലീസിന് നല്‍കിയിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും വിചാരണ തുടങ്ങാനായിട്ടില്ലെന്നതാണ് പരാതിക്കാര്‍ പറയുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ട് തന്നെ രണ്ടു മാസങ്ങളായി. ഇതുവരെ വിചാരണ തുടങ്ങാന്‍ കഴിഞ്ഞില്ലെന്നത് പ്രതിയുടെ സ്വാധീനമാണ് കാണിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഇത്തരത്തില്‍ പോയാല്‍ കേസ് അട്ടിമറിക്കപ്പെടുമോയെന്നും അവര്‍ ആശങ്കപ്പെടുന്നു. ലാബ് റിപ്പോര്‍ട്ടില്‍ തന്നെ തിരിമറികള്‍ നടക്കുന്നതായുള്ള സംശയങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇനിയും ഇത്തരം അട്ടിമറികള്‍ നടന്നാല്‍ തങ്ങള്‍ക്ക് നീതി ലഭിക്കാതെ പോകുമോയെന്നും കന്യാസ്ത്രീകള്‍ ചോദിക്കുന്നു.

മേയ് നാലിനായിരുന്നു പാല സെഷന്‍സ് കോടതിയില്‍ കന്യാസ്ത്രീ പീഡനക്കേസിലെ കുറ്റപത്രം സമര്‍പ്പിക്കുന്നത്. വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയ കന്യാസ്ത്രീ പീഡനക്കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്. അഡ്വക്കേറ്റ് ജിതേഷ് ബാബുവാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 342,376(2) (K),376(2)(N), 376 (c)(a),377, 506(1) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ ചുമത്തിയിട്ടുള്ളത്. അന്യായമായി തടഞ്ഞുവയ്ക്കുക, അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി ദുരുപയോഗം നടത്തുക, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം നടത്തുക, ഭീഷണിപ്പെടുത്തുക, മേലധികാരി എന്ന നിലയ്ക്ക് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യുക, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുക എന്ന കുറ്റങ്ങളാണ് യഥാക്രമമുള്ള വകുപ്പുകള്‍ പ്രകാരം ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഈ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് ജീവപര്യന്തമോ പത്തുവര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയോ ലഭിക്കേണ്ടതാണ്. 83 പേരാണ് കേസില്‍ സാക്ഷികളായിട്ടുള്ളത്. ഇതില്‍ ഒരു കര്‍ദ്ദിനാളും മൂന്നു മെത്രാന്മാരും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ 27 കന്യാസ്ത്രീകള്‍, 11 വൈദികര്‍, ഒരു ഡോക്ടര്‍, ഏഴു മജിസ്‌ട്രേട്ടുമാര്‍ എന്നിവരും സാക്ഷികളായുണ്ട്. ആയിരത്തിലേറെ പേജുകള്‍ വരുന്നതാണ് കുറ്റപത്രം. തുടര്‍ന്ന് പ്രതിയായ ബിഷപ്പ് ഫ്രാങ്കോയോട് കോടതിയില്‍ നേരിട്ട് ഹാജരായി കുറ്റപത്രം സ്വീകരിക്കാന്‍ പാല സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ബിഷപ്പ് കോടതിയില്‍ എത്തി കുറ്റപത്രം സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രതി കുറ്റപത്രം സ്വീകരിച്ച സാഹചര്യത്തില്‍ കേസിന്റെ വിചാരണ കോട്ടയം സെഷന്‍സ് കോടതിയില്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ അതിന് ആയിട്ടില്ല.

Read More: നിരപരാധികളെ ബലിയാടാക്കി യൂണിവേഴ്സിറ്റി കോളേജില്‍ സര്‍ക്കാരിന്റെ മുഖം മിനുക്കല്‍; ഭരണപാര്‍ട്ടിയുടെ പ്രമുഖരെ തൊടാതെയുള്ള അധ്യാപക സ്ഥലം മാറ്റത്തിനെതിരെ ഇടതുപാളയത്തില്‍ പൊട്ടിത്തെറി

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍