UPDATES

നോട്ട് നിരോധനം കുഴപ്പത്തിലാക്കിയെന്ന് മാനേജ്മെന്‍റ്, 37 കോഴ്സുകള്‍ ഉണ്ടായിരുന്ന ഒരു സ്വാശ്രയ കോളേജ് അടച്ചുപൂട്ടുകയാണ്, മുന്‍ ജീവനക്കാര്‍ക്ക് കൊടുക്കാനുള്ളത് 10 കോടിയോളം രൂപ

കോലഞ്ചേരി ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ എജുക്കേഷന്‍ ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സിഇടി കോളേജ് ഓഫ് മാനേജ്‌മെന്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കെതിരെ മുന്‍ ജീവനക്കാര്‍ സമരത്തില്‍

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമായ പെരുമ്പാവൂര്‍ മഴുവന്നൂര്‍ പഞ്ചായത്തിലെ ഐരാപുരം സിഇടി കോളേജിനെതിരേ സമരം ശക്തമാക്കി മുന്‍ ജീവനക്കാര്‍. ശമ്പളക്കുടിശ്ശിക വരുത്തിയും കരുതല്‍ തുകയായി വാങ്ങിയ ലക്ഷങ്ങള്‍ തിരികെ നല്‍കാതെയും കോടികള്‍ കോളേജ് മാനേജ്‌മെന്റ തട്ടിയെടുത്തെന്നാണ് പരാതി. തങ്ങളുടെ പണം തിരികെ കിട്ടാനായി അധ്യാപകരും അനധ്യാപകരുമടക്കം നൂറോളം പേരാണ് കേളേജിന് മുന്നില്‍ സമരം നടത്തുന്നത്.

കോലഞ്ചേരി ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ എജുക്കേഷന്‍ ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സിഇടി കോളേജ് ഓഫ് മാനേജ്‌മെന്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഈ കോളേജ് ഇപ്പോള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. പുതിയ ബാച്ചുകള്‍ ഇത്തവണ ആരംഭിച്ചിട്ടില്ല. നിലവിലുള്ള വിദ്യാര്‍ത്ഥികളുടെ കോഴ്‌സുകള്‍ കൂടി പൂര്‍ത്തിയായാല്‍ കോളേജ് അടയ്ക്കുമെന്നാണ് മാനേജ്‌മെന്റ് നല്‍കുന്ന സൂചനയെങ്കിലും ഇതുമായി ബന്ധപ്പെട്ട വ്യക്തമായ സ്ഥരീകരണം നല്‍കുന്നുമില്ല. കോളേജ് പൂട്ടിയാല്‍ തങ്ങളുടെ പണം എന്നന്നേക്കുമായി നഷ്ടപ്പെടുമോ എന്നാശങ്കയിലാണ് മുന്‍ ജീവനക്കാര്‍.

മൂന്നു ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം രൂപവരെ ഡെപ്പോസിറ്റ് തുകയായി ഓരോരുത്തരില്‍ നിന്നും വാങ്ങിയിട്ടുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. രണ്ടര വര്‍ഷക്കാലത്തെ ശമ്പളക്കുടിശ്ശികയും പലര്‍ക്കും കിട്ടാനുണ്ടെന്ന് പറയുന്നു. തങ്ങളുടെ പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറാകാതെ ഒളിച്ചുകളിക്കുകയാണ് കോളേജ് ഉടമ പോള്‍ തോമസ് ചെയ്യുന്നതെന്നാണ് സമരം ചെയ്യുന്നവര്‍ ആരോപിക്കുന്നത്.

അതേസമയം സമരം ചെയ്യുന്നവരുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞാണ് കോളേജ് മാനേജര്‍ പോള്‍ തോമസ് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ പരാതി നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്ഥാപനത്തെ തകര്‍ത്തവരാണ് ഇപ്പോള്‍ സമരവുമായി രംഗത്തു വന്നിരിക്കുന്നതെന്നാണ്. താന്‍ ആരെയും ചതിച്ചിട്ടില്ലെന്നും പോള്‍ തോമസ് പറയുന്നു. പോള്‍ തോമസിന്റെ വാക്കുകള്‍; ‘ഇപ്പോള്‍ സമരം ചെയ്യുന്നവരെല്ലാവരും തന്നെ കോളേജില്‍ നിന്നും പിരിഞ്ഞുപോയവരാണ്. അവര്‍ ഉയര്‍ത്തുന്ന രണ്ടാരോപണങ്ങളിലും വാസ്തവമില്ല. ഒന്നാമതായി അവരില്‍ ഒരാള്‍ക്കുപോലും ശമ്പളക്കുടിശ്ശികയില്ല. ജോലിയില്‍ നിന്നും പിരിഞ്ഞുപോയപ്പോള്‍ തന്നെ എല്ലാവരുടെയും ശമ്പളം പൂര്‍ണമായി കൊടുത്തു തീര്‍ത്തതാണ്. അതുകൊണ്ട് തന്നെ ശമ്പളത്തിന്റെ പേരില്‍ ഇപ്പോള്‍ പറയുന്ന ആരോപണത്തില്‍ യാതൊരടിസ്ഥാനവുമില്ല.

രണ്ടാമത്തെ കാര്യം ഡിപ്പോസിറ്റ് തുക നല്‍കുന്നില്ലെന്നാണ്. ജീവനക്കാരില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് ഇന്ററസ്റ്റ് ഫ്രീ ഡെപ്പോസിറ്റ് നല്‍കി ജോലിക്കു കയറിയത്. ഭൂരിഭാഗവും ട്രസ്റ്റില്‍ ഷെയര്‍ എടുക്കുകയാണ് ചെയ്തത്. ആ ഷെയര്‍ തുകയാണ് തിരിച്ചു ചോദിക്കുന്നത്. അയ്യായിരത്തോളം കുട്ടികളുണ്ടായിരുന്ന, വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു പോയിരുന്നൊരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്. എന്നാല്‍ അധ്യാപകരും അനധ്യാപകരും ഉള്‍പ്പെട്ട ജീവനക്കാര്‍ സ്ഥാപനത്തെ പിറകോട്ടടിക്കുകയായിരുന്നു. നോട്ട് നിരോധനം വന്ന സമയത്ത് ചെറിയ സാമ്പത്തിക പ്രതിസന്ധിയില്‍ മാനേജ്‌മെന്റ് അകപ്പെട്ടിരുന്നു. ഈ സമയത്താണ് ജീവനക്കാര്‍ സമരവുമായി വന്നത്. ഇവരുടെ സമരം മൂലമാണ് സ്ഥാപനം കീഴ്‌പ്പോട്ട് പോയത്. അങ്ങനെയൊരു അവസ്ഥയിലേക്ക് വീണപ്പോള്‍ അവര്‍ ബുദ്ധിപൂര്‍വം കളിച്ചത് ഷെയര്‍ പിന്‍വലിക്കുകയെന്നതായിരുന്നു. എല്ലാവരും രാജിവച്ചിട്ട് കൂട്ടത്തോടെ തങ്ങളുടെ ഷെയര്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. ആ സമയത്ത് സ്ഥാപനത്തിന്റെ ഡിമാന്‍ഡ് കുറയുകയും ഷെയര്‍ മൂല്യം നാലില്‍ ഒന്നായി താഴുകയും ചെയ്തിരുന്നു. പക്ഷേ, ജീവനക്കാര്‍ പറഞ്ഞത് അവര്‍ക്ക് ആദ്യത്തെ അതേ മൂല്യത്തില്‍ തന്നെ ഷെയര്‍ തുക തിരികെ വേണമെന്നായിരുന്നു. ഷെയര്‍ വാല്യു ഇടിഞ്ഞത് അറിഞ്ഞുകൊണ്ടു തന്നെയാണവര്‍ ഇത്തരത്തില്‍ ആവശ്യവുമായി വന്നതും. അവര്‍ അനാവശ്യമായി സമരം ചെയ്തതുകൊണ്ട് തന്നെയാണ് മൂല്യം കുറഞ്ഞതെന്ന കാര്യം മറച്ചു വയ്ക്കുകയാണ്. എന്നിട്ടാണ് ഇപ്പോള്‍ സമരം നടത്തുന്നതും. ഞങ്ങള്‍ ആരെയും വഞ്ചിച്ചിട്ടില്ല. ഇപ്പോള്‍ ഉള്ള പ്രശ്‌നം കൊടുക്കാനുള്ള തുക എല്ലാവര്‍ക്കും മുഴുവനായി കൊടുത്തിട്ടില്ല എന്നതുമാത്രമാണ്. അതില്‍ ശമ്പളക്കുടിശ്ശിക ഇല്ലെന്നും മനസിലാക്കണം. ബാക്കി പണം എത്രയും വേഗംതന്നെ കൊടുത്തു തീര്‍ക്കാനും ഞങ്ങള്‍ ശ്രമിക്കുകയാണ്’.

പോള്‍ തോമസിന്റെ വാദങ്ങള്‍ തെറ്റാണെന്നാണ് പരാതിക്കാര്‍ പറയുന്നത്. ‘ആദ്യഘട്ടത്തില്‍ ഇന്ററസ്റ്റ് ഫ്രീ ഡെപ്പോസിറ്റ് സ്വീകരിച്ചാണ് ജീവനക്കാരെ നിയമിച്ചത്. അതിനുശേഷമാണ് എക്‌സിക്യൂട്ടീവ് മെംബര്‍ഷിപ്പ്, ഓര്‍ഡിനറി മെംബര്‍ഷിപ്പ് എന്നിങ്ങനെ പണം വാങ്ങി ജോലി നല്‍കുന്നത്. പോള്‍ തോമസ് പറയുന്നതുപോലെ ജീവനക്കാര്‍ സമരം ചെയ്ത് സ്ഥാപനം തകര്‍ക്കുകയല്ല ഉണ്ടായത്. സ്ഥാപനത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നും അതുകൊണ്ട് എല്ലാവരും രാജിവച്ച് നിങ്ങളുടെ ഷെയര്‍ പിന്‍വലിക്കുകയാണെങ്കില്‍ അതേ തുക തന്നെ തിരിച്ചു നല്‍കാമെന്നും നിര്‍ദേശം വച്ചത് പോള്‍ തോമസ് തന്നെയായിരുന്നു. ശമ്പളം തരാന്‍ കഴിയില്ലെന്നും അതുകൊണ്ട് എല്ലാവരും രാജിവച്ച് നല്‍കിയ പണവും വാങ്ങിപ്പോയ്‌ക്കോളാന്‍ പറയുമ്പോള്‍ പിന്നെ എന്താണ് ചെയ്യേണ്ടത്? അങ്ങനെയാണ് കോളേജിലുള്ള മെംബര്‍ഷിപ്പ് പിന്‍വലിക്കുകയാണെന്ന് നോട്ടറിയുടെ ഒപ്പോടുകൂടി എല്ലാരും എഴുതി നല്‍കുന്നത്. തുടര്‍ന്ന് ഞങ്ങള്‍ നല്‍കിയ തുകയ്ക്കുള്ള ചെക്ക് എല്ലാവര്‍ക്കും നല്‍കി. മൂന്നൂമാസത്തെ കാലാവധിയിലായിരുന്നു ചെക്ക് നല്‍കിയത്. പക്ഷേ ആ ചെക്ക് ബൗണ്‍സായി. അപ്പോള്‍ പറഞ്ഞത് കോളേജ് വില്‍ക്കാനുള്ള ശ്രമം നടക്കുകയാണ് അത് നടന്നാല്‍ എല്ലാവരുടെയും ഇടപാട് തീര്‍ക്കാമെന്നും അതുവരെ സഹകരിക്കണമെന്നുമായിരുന്നു. ഇതേ കാരണം തന്നെ പറഞ്ഞ് നാലോളം ചെക്കുകള്‍ കാലാവധി നീട്ടി നീട്ടി നല്‍കിയിട്ടുണ്ട്. വരുന്ന നവംബറില്‍ വരെയുള്ള ചെക്ക് പലര്‍ക്കും നല്‍കിയിട്ടുണ്ട്. വില്‍പ്പന നടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നു പറയുന്നതല്ലാതെ ഇതുവരെ അതിലൊരു നടപടിയും ഉണ്ടായിട്ടുമില്ല.

സ്ഥാപനത്തില്‍ സമരം ഉണ്ടായത് ശമ്പളക്കുടിശ്ശിക വന്നതുമൂലം തന്നെയാണ്. പിരിഞ്ഞുപോകാനോ ജോലിക്കായി നല്‍കിയ തുക തിരികെ കിട്ടാനോ വേണ്ടി ഒരാളും സമരം ചെയ്തിട്ടില്ല. ജോലി ചെയ്തുകൊണ്ടിരിക്കുന്നിടത്തു നിന്നും പിരിഞ്ഞുപോകാന്‍ വേണ്ടി ആരെങ്കിലും സമരം ചെയ്യുമോ? നിര്‍ബന്ധിതമായി എല്ലാവരെയും കൊണ്ട് രാജിവയ്പ്പിക്കുകയായിരുന്നു. ശമ്പളം തരാന്‍ കഴിയില്ലെന്നു പറഞ്ഞാല്‍ പിന്നെയവിടെ തുടരാന്‍ കഴിയില്ലല്ലോ. ഡെപ്പോസിറ്റ് നല്‍കി ജോലിക്കു കയറിയവരും ഉണ്ട്. അവര്‍ക്കൊക്കെ മുദ്രപത്രത്തില്‍ എഴുതി നല്‍കിയിട്ടുള്ളതാണ് പിരിഞ്ഞു പോയാല്‍ ഒരു മാസത്തിനും മൂന്നു മാസത്തിനും ഇടയില്‍ ഡെപ്പോസിറ്റ് തുക തിരികെ നല്‍കിക്കോളാമെന്ന്. ആ എഗ്രിമെന്റ് ഞങ്ങളുടെ പലരുടെയും കൈയില്‍ ഉണ്ട്.

സ്ഥാപനത്തിന്റെ ഷെയര്‍ വാല്യു ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ല. വാല്യു ഇടിഞ്ഞപ്പോഴാണ് ഞങ്ങള്‍ ഷെയര്‍ തുക തിരികെ ചോദിച്ചതെങ്കില്‍ എന്തിനാണ് ഞങ്ങള്‍ക്ക് നല്‍കിയ അത തുകയ്ക്ക് ചെക്ക് നല്‍കിയത്? അതേ ചെക്ക് തന്നെയാണല്ലോ തീയതി നീട്ടി നല്‍കി കൊണ്ടിരിക്കുന്നതും. ചിലര്‍ ചെക്ക് ബൗണ്‍സ് ആക്കി കേസ് കൊടുത്തിട്ടുമുണ്ട്. കോടതിയില്‍ കേസ് വന്നപ്പോള്‍ താന്‍ ഇത്ര തുക എല്ലാവര്‍ക്കും കൂടി കൊടുക്കാനുണ്ടെന്നു പോള്‍ തോമസ് സമ്മതിച്ചിട്ടുമുള്ളതാണ്.

കോളേജ് വില്‍ക്കുന്നുവെന്നു പറയുന്നതിലും കള്ളത്തരം നടക്കുന്നുണ്ട്. കോളേജും സ്ഥലവും വില്‍പ്പന നടത്തി എല്ലാവരുടെയും ഇടപാടുകള്‍ തീര്‍ക്കാമെന്നായിരുന്നു തുടക്കം മുതല്‍ വിശ്വസിപ്പിച്ചിരുന്നത്. കുട്ടികളുടെ ഭാവിയോര്‍ത്ത് അധ്യായന വര്‍ഷം പൂര്‍ത്തിയാക്കിയിട്ട് വില്‍പ്പന നടത്താമെന്ന നിര്‍ദേശം അംഗീകരിക്കുകയും ചെയ്തു. നിലവില്‍ വില്‍പ്പനയ്ക്ക് എന്തെങ്കിലും തടസമുള്ളതായി കാണുന്നില്ല. പക്ഷേ ഇതുവരെ കച്ചവടം നടത്തിയിട്ടുമില്ല. നമ്മള്‍ പണം ചോദിച്ചു ചെല്ലുമ്പോഴെല്ലാം ഒരാള്‍ വാങ്ങാന്‍ തയ്യാറായി വന്നിട്ടുണ്ട്, ഉടന്‍ കച്ചവടം നടക്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് മടക്കിയയക്കും. ഓഫീസ് സ്റ്റാഫ് ആയിരുന്ന ഒരു മുന്‍ ജീവനക്കാരിയോട് പറഞ്ഞിരുന്നത് കോളേജ് ഇല്ലാതെ പത്തേക്കര്‍ സ്ഥലം വില്‍പ്പന നടത്താന്‍ എല്ലാം ശരിയായിട്ടുണ്ട്, അതു കഴിഞ്ഞാല്‍ ഉടനെ പണം നല്‍കാമെന്നായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാലേ ഫണ്ട് ട്രാന്‍സ്ഫര്‍ നടക്കൂ എന്നും പറഞ്ഞിരുന്നു. ആ ജീവനക്കാരിക്ക് ബാങ്കില്‍ നിന്നും പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് വന്നപ്പോള്‍, പോള്‍ തോമസ് തന്നെ ബാങ്കില്‍ വിളിച്ച്, ഇപ്പോള്‍ നടപടിയൊന്നും എടുക്കരുത്, പലിശ സഹിതം ഉടന്‍ തന്നെ വായ്പ്പ തിരിച്ചടയ്ക്കുമെന്ന് ഉറപ്പു കൊടുത്തതുമാണ്. പക്ഷേ ഒന്നും നടന്നില്ല. നിലവിലുള്ള ബാച്ച് കൂടി പഠനം പൂര്‍ത്തിയാക്കിയാല്‍ കോളേജ് പൂട്ടാനാണ് സാധ്യത. പുതിയ ബാച്ച് അഡ്മിഷന്‍ ഒന്നും നടന്നിട്ടില്ല. അങ്ങനെ കോളേജ് പൂട്ടിയാല്‍ ഞങ്ങള്‍ക്ക് കിട്ടാനുള്ള പണം എന്താകുമെന്ന് അറിയില്ല. കോളേജിന്റെ പേരില്‍ ബാങ്കില്‍ നിന്നും വായ്പ്പ എടുത്തിട്ടുണ്ട്. ആ തുക തിരിച്ചടിച്ചിട്ടില്ല. ബാങ്ക് കോളേജും സ്ഥലവും അറ്റാച്ച് ചെയ്താലും ഞങ്ങള്‍ക്കാണ് നഷ്ടം; പരാതിക്കാര്‍ പറയുന്നു.

ശമ്പളക്കുടിശ്ശിക ആര്‍ക്കും ഇല്ലെന്ന പോള്‍ തോമസിന്റെ വാദവും പരാതിക്കാര്‍ തള്ളിക്കളയുകയാണ്; ‘പത്തുലക്ഷം ഡെപ്പോസിറ്റ് കൂടാതെ ആറു ലക്ഷത്തോളം രൂപ ശമ്പളക്കുടിശ്ശിക ഇനത്തിലും കിട്ടാനുള്ളവരുണ്ട്. ശമ്പളം നല്‍കുന്നത് ബാങ്ക് വഴിയാണ്. ബാങ്ക് രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകുമല്ലോ എത്ര മാസം വരെ ശമ്പളം കൊടുത്തിട്ടുണ്ടെന്ന്. എല്ലാവരുടെയും കൈയില്‍ സ്ഥാപനത്തില്‍ നിന്നും എത്ര രൂപ കിട്ടിയിട്ടുണ്ടെന്നതിന് കൃത്യമായ രേഖയുണ്ട്. എട്ടുമാസം ഗര്‍ഭണിയായ അധ്യാപികയാണ് കഴിഞ്ഞ ദിവസം അവരുടെ പണം തിരികെ കിട്ടാത്തതുകൊണ്ട് പ്രിന്‍സിപ്പാലിന്റെ മുറിയില്‍ വന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വീടും പുരയിടവും പണയപ്പെടുത്തി ബാങ്ക് ലോണ്‍ എടുത്താണ് അവര്‍ പണം നല്‍കിയത്. വായ്പ്പ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് നിയമനടപടിയിലേക്ക് കടക്കുമെന്ന് അറിയിച്ചതോടെയാണ് ആ പെണ്‍കുട്ടിയും ഭര്‍ത്താവും പ്രിന്‍സിപ്പാലിന്റെ മുറിയില്‍ കയറി ആത്മഹത്യ ചെയ്യാനൊരുങ്ങിയത്. അന്നവിടെ ഓടിക്കൂടിയ നാട്ടുകാരും പഞ്ചായത്ത് പ്രതിനിധികളുമെല്ലാം ഒരുവിധം പറഞ്ഞ് ആശ്വസിപ്പിച്ചാണ് ആ കുട്ടിയെ ആത്മഹത്യശ്രമത്തില്‍ നിന്നും പിന്തിരിപ്പിച്ചത്. തുടര്‍ന്ന് പട്ടിമറ്റം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മധ്യസ്ഥതയില്‍ രണ്ടു ലക്ഷം രൂപ പെട്ടെന്ന് നല്‍കാനും ആ തുക ബാങ്കില്‍ കൊണ്ടു പോയി അടക്കാനും തീരുമാനം ഉണ്ടാക്കി. പിറ്റേദിവസം വൈകിട്ട് സ്റ്റേഷനില്‍ വച്ച് തുക കൈമാറാമെന്നായിരുന്നു കോളേജ് മാനേജ്‌മെന്റ് സമ്മതിച്ചത്. എന്നാല്‍ ആ പെണ്‍കുട്ടിയും ഞങ്ങളും എല്ലാം സ്റ്റേഷനില്‍ എത്തിയിട്ടും കോളേജിന്റെ ഭാഗത്ത് നിന്ന് ഒരാള്‍ പോലും എത്തിയില്ല. പോള്‍ തോമസിനെ ഫോണില്‍ വിളിച്ചിട്ട് അയാള്‍ എടുത്തില്ല. പ്രിന്‍സിപ്പാലിന്റെ വിളിച്ചപ്പോള്‍ ആദ്യം പറഞ്ഞത് പതിനയ്യായിരം രൂപ നല്‍കാമെന്ന്. അത് പറ്റില്ലെന്നു പറഞ്ഞപ്പോള്‍ നാല്‍പ്പത്തിയയ്യായിരം രൂപ നല്‍കാമെന്നായി. അതും കാശായിട്ടല്ല, ചെക്ക് നല്‍കാമെന്ന്. ആ കാശ് കിട്ടിയിട്ട് ഒന്നും ചെയ്യാനില്ലെന്ന് ആ പെണ്‍കുട്ടി പറഞ്ഞു. പിന്നീട് കോളേജ് അധികൃതരുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. അതോടെ പൊലീസും കൈയൊഴിഞ്ഞു. അവര്‍ക്ക് ഇക്കാര്യത്തില്‍ ഇനിയൊന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു നിലപാട്. ഒടുവില്‍ നിരാശയായിട്ട് സ്റ്റേഷനില്‍ നിന്നും പോകേണ്ടി വന്നു ആ പെണ്‍കുട്ടിക്ക്. ഇതിനിടയില്‍ കോളേജുകാര്‍ ആ പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് അനുവാദം പോലും ചോദിക്കാതെ നാല്‍പ്പത്തിയ്യായിരം രൂപ ഇടുകയും ചെയ്തു. ഇതുപോലെയാണ് ഓരോരുത്തരുടെയും അവസ്ഥ. വീടും സ്ഥലവും വരെ ബാങ്ക് കൊണ്ടുപോകുമെന്ന ഭയത്തില്‍ തന്നെയാണ് ഞങ്ങളെല്ലാവരും’.

കേരളത്തിലെ ഏറ്റവും വലിയ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം എന്നായിരുന്നു 2009 ല്‍ സ്ഥാപിതമാകുമ്പോള്‍ സിഇടി കോളേജിന്റെ അവകാശവാദം. ആകര്‍ഷകമായ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ വാഗ്ദാനം ചെയ്താണ് വിദ്യാര്‍ത്ഥികളെ കോളേജ് ക്ഷണിച്ചത്. അധ്യാപകരടക്കമുള്ള ജീവനക്കാര്‍ക്കും ശമ്പളക്കാര്യത്തില്‍ അടക്കം മോഹനവാഗ്ദാനങ്ങളായിരുന്നു നല്‍കിയിരുന്നത്. ആരംഭകാലത്ത് ഇവിടെ 23 ബിരുദ കോഴ്‌സുകളും 14 ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഉണ്ടായിരുന്നു. ധാരാളം വിദ്യാര്‍ത്ഥികള്‍ സിഇടിയില്‍ പ്രവേശനം നേടിയെത്തുകയും ചെയ്തിരുന്നു.

കോളേജിനെക്കുറിച്ച് പുറത്തുണ്ടാക്കിയ മതിപ്പ്, അനധ്യാപിക-അധ്യാപിക തസ്തികളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചപ്പോഴും മാനേജ്‌മെന്റിന് അനുകൂലമായി. ശമ്പളത്തിനും മറ്റാനുകൂല്യങ്ങള്‍ക്കും പിന്നാലെ, ജീവനക്കാരുടെ മക്കള്‍ക്ക് സൗജന്യ വിദ്യഭ്യാസവും മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിരുന്നു. നിരവധി പേരെ ജോലി തേടിയിവിടെ എത്തിക്കാന്‍ കഴിയുന്നതായിരുന്നു ഓരോ വാഗദാനവും.

ലക്ഷങ്ങളായിരുന്നു ജോലി കിട്ടാനായി ഡെപ്പോസിറ്റ് തുകയായി മാനേജ്‌മെന്റ് നിശ്ചയിച്ചിരുന്നത്. കൂടുതല്‍ പേര്‍ ജോലിക്കായി അപേക്ഷിക്കാന്‍ തുടങ്ങിയതോടെ മൂന്നു ലക്ഷത്തില്‍ തുടങ്ങിയ ഡെപ്പോസിറ്റ് തുക 15 ലക്ഷത്തില്‍ വരെയെത്തി. അസി. പ്രഫസര്‍ തസ്തികളിലേക്ക് ആദ്യം പത്തുലക്ഷവും പിന്നീടത് പതിനഞ്ച് ലക്ഷവുമാക്കി. അക്കൗണ്ടന്റ് മുതലായ അനധ്യാപിക തസ്തികയിലേക്ക് ആദ്യഘട്ടത്തില്‍ മൂന്നുലക്ഷമായിരുന്നു വാങ്ങിയതെങ്കില്‍ പിന്നീടത് അഞ്ചും പത്തും ലക്ഷമാക്കി ഉയര്‍ത്തി.

ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള നിരവധിപേരാണ് അധ്യാപക- അനധ്യാപിക തസ്തികളില്‍ ജോലിക്ക് കയറിയത്. പലരും ഡെപ്പോസിറ്റ് തുക നല്‍കാനായയി ബാങ്കില്‍ നിന്നും ലോണ്‍ എടുക്കയും വസ്തു പണയപ്പെടുത്തുകയും കടം വാങ്ങുകയുമൊക്കെ ചെയ്തു. മാസ ശമ്പളത്തില്‍ നിന്നും വായ്പ്പ തുക അടച്ച് കടം തീര്‍ക്കാമെന്നതായിരുന്നു കണക്കുകൂട്ടല്‍.

ആദ്യത്തെ രണ്ടു വര്‍ഷത്തോളം കാര്യങ്ങള്‍ എല്ലാം സുഗമമായി പോയെങ്കിലും പെട്ടെന്നായിരുന്നു തങ്ങളെ പ്രതിസന്ധിയിലാക്കി കൊണ്ട് ശമ്പളം മുടങ്ങുന്നതെന്നു പരാതിക്കാര്‍ പറയുന്നു. ജൂണ്‍ 2016 മുതല്‍ പലര്‍ക്കും ശമ്പളം കിട്ടാതെയായി. എംബിഎ അഫിലിയേഷനുമായി ബന്ധപ്പെട്ട് സംഭവിച്ച സാമ്പത്തിക ബാധ്യത കൊണ്ടാണ് ശമ്പളം വൈകുന്നതെന്നും താമസിയാതെ എല്ലാവരുടെയും ശമ്പള കുടിശ്ശിക തീര്‍ക്കുമെന്നുമായിരുന്നു മാനേജ്‌മെന്റ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് പറഞ്ഞത് നോട്ട് നിരോധനം ചില പ്രതിസന്ധികള്‍ ഉണ്ടാക്കിയെന്ന്. എന്നാല്‍ തങ്ങള്‍ കബളിക്കപ്പെടുകയായിരുന്നുവെന്നും, അത് തിരിച്ചറിയാന്‍ അടുത്ത ആറെട്ട് മാസങ്ങള്‍ വേണ്ടി വന്നുവെന്നുമാണ് പരാതിക്കാര്‍ പറയുന്നത്. 2017 ജനുവരിയില്‍ സിഇടി കോളേജിലെ അധ്യാപകരും അനധ്യാപകരും പരസ്യ പ്രതിഷേധവുമായി രംഗത്തു വന്നു. അപ്പോള്‍ അനുനയവുമായി പോള്‍ തോമസും മാനേജ്‌മെന്റ് പ്രതിനിധികളും രംഗത്തുവന്ന് ശമ്പളക്കുടിശ്ശിക കാലതാമസം കൂടാതെ എല്ലാവര്‍ക്കും നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കി. ഇത് വിശ്വസിച്ച് പ്രതിഷേധത്തില്‍ നിന്നും പിന്മാറി. വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങരുതെന്നും അവരുടെ ഭാവി അപകടത്തിലാകരുതെന്നുമുള്ള ചിന്ത കൂടി തങ്ങളുടെ പിന്മാറ്റത്തെ സ്വാധാനിച്ചിരുന്നുവെന്നാണ് അധ്യാപകര്‍ പറയുന്നത്.

എന്നാല്‍ പറഞ്ഞ വാക്ക് പാലിക്കാതെ വീണ്ടും തങ്ങളെ വഞ്ചിക്കുകയായിരുന്നു പോള്‍ തോമസ് ചെയ്തതെന്ന് അധ്യാപകര്‍ പറയുന്നു. ആറു മാസങ്ങള്‍ക്കു മുകളിലായി ശമ്പളം കിട്ടാതെയായതോടെ ജീവനക്കാര്‍ വീണ്ടും പ്രതിഷേധങ്ങള്‍ തുടങ്ങി. എന്തുകൊണ്ട് തങ്ങളുടെ ശമ്പളം തരുന്നില്ലെന്നു പലരും ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ പോള്‍ തോമസിന്റെ മറുപടി നിങ്ങള്‍ രാജിവച്ചു പോയ്‌ക്കോളൂ എന്നായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ശമ്പളം തരാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതിനാല്‍ രാജി വച്ചോളൂ എന്നുമായിരുന്നു മറുപടി. ഡെപ്പോസിറ്റ് തുക മൂന്നു മാസത്തിനുള്ളില്‍ തിരികെ നല്‍കാമെന്നും പറഞ്ഞു. അങ്ങനെ പലരേയും കൊണ്ട് നിര്‍ബന്ധപൂര്‍വം തന്നെ രാജിവയ്പ്പിച്ചു. എന്നാല്‍ രാജിവച്ച് രണ്ടര വര്‍ഷത്തോളം കഴിയുമ്പോഴും ഡെപ്പോസിറ്റി തുക ആര്‍ക്കും കൊടുത്തിട്ടില്ല; സമരക്കാര്‍ പറയുന്നു. ഒന്നും ഒന്നരയും വര്‍ഷത്തെ ശമ്പളക്കുടിശ്ശിക ഉള്ളവര്‍ക്കുപോലും ഇത്തരത്തില്‍ രാജിവച്ചു പോകേണ്ടി വന്നിട്ടുണ്ടെന്നാണ് പരാതിക്കാര്‍ അഴിമുഖത്തോട് പറയുന്നത്.

‘ആദ്യത്തെ രണ്ടു വര്‍ഷത്തോളം കാര്യങ്ങള്‍ എല്ലാം സുഗമമായി പോവുകയായിരുന്നു. അതുകഴിഞ്ഞാണ് ശമ്പളം വൈകാന്‍ തുടങ്ങിയത്. പിന്നീട് ശമ്പളമേ കിട്ടാത്ത അവസ്ഥയായി. കോളേജ് സാമ്പത്തിക പ്രതിസന്ധിയായിലായെന്നായിരുന്നു കാരണം പറഞ്ഞത്. പലരെയും നിര്‍ബന്ധിതമായി പിരിച്ചുവിട്ടു. ശമ്പളം തരാത്തതെന്തെന്നു ചോദിച്ചവരോടാണ്, കാശ് തരാന്‍ ഇല്ലെന്നും നിങ്ങള്‍ പിരിഞ്ഞുപോയ്‌ക്കോളാനും പറഞ്ഞത്. മൂന്നുമാസം കഴിഞ്ഞ് ഡെപ്പോസിറ്റ് തുക തിരിച്ചു തരാമെന്നും പറഞ്ഞതാണ്. ഒന്നും ഇതുവരെ നടന്നിട്ടില്ല’; സിഇടി കോളേജില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്തിരുന്ന മാലിനി പറയുന്നു.

രാജി വച്ചുപോയ മുന്‍ ജീവനക്കാരും നിലവില്‍ ഉള്ളവരുമായി നൂറോളം പേര്‍ സമരരംഗത്തുണ്ട്. ആകെയുണ്ടായിരുന്ന ജീവനക്കാരില്‍ ബഹുഭൂരിപക്ഷം പേരും ചതിക്കപ്പെട്ടവരാണെന്നാണ് സമരക്കാര്‍ പറയുന്നത്. രാജിവച്ചവരില്‍ ചിലര്‍ക്കു മാത്രമാണ് വേറെ ജോലി കിട്ടിയത്. ബാക്കിയുള്ളവര്‍ ജോലിയില്ലാതെ തുടരുകയാണ്. ഇവിടെ നിന്നുള്ള ഡെപ്പോസിറ്റ് കാശെങ്കിലും തിരിച്ചു കിട്ടിയാല്‍ മതിയെന്നാണ് പലരും പറയുന്നത്. മറ്റിടങ്ങളില്‍ ജോലിക്ക് അപേക്ഷിച്ചാല്‍ അവിടെയും പണം നല്‍കേണ്ടി വരും. ഇവിടെ തന്നെ ലക്ഷങ്ങള്‍ കൊടുത്തിട്ടിരിക്കുകയാണ്. അതിനു പുറമെ ഇനിയും ലക്ഷങ്ങള്‍ ഉണ്ടാക്കുകയെന്നത് നടക്കാത്ത കാര്യമാണ്. ജീവിതം തന്നെ വഴിമുട്ടി നില്‍ക്കുന്നവസ്ഥയാണ് തങ്ങളുടേതെന്നാണ് സിഇടിയില്‍ അധ്യാപകരായി ജോലി നോക്കിയിരുന്നവര്‍ പറയുന്ന സങ്കടം.

‘ഇപ്പോള്‍ സമരംഗത്തുള്ള നൂറോളം പേര്‍ക്ക് ജോലിക്കായി നല്‍കിയ അഞ്ചുലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം വരെ തിരിച്ചു കിട്ടാനുണ്ട്. കൂടാതെ കഴിഞ്ഞ രണ്ടര വര്‍ഷത്തെ ശമ്പളക്കുടിശ്ശികയും. ഇതെല്ലാം കൂടി ഏകദേശം പത്തുകോടി രൂപയെങ്കിലും കൈക്കലാക്കി വച്ചിരിക്കുകയാണ് പോള്‍ തോമസ്. അല്ലാതെയും ജീവനക്കാരെ വഞ്ചിച്ചിട്ടുണ്ട്. പതിനയ്യായിരം രൂപയ്ക്ക് താഴെ ശമ്പളമുള്ള ജീവനക്കാരുടെ പി എഫ്, ഇ എസ് ഐ എന്നിവയില്‍ സ്ഥാപനം അടയ്‌ക്കേണ്ട വിഹിതം അടച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പിഎഫ്, ഇഎസ് ഐ ഓഫീസുകളില്‍ നിന്നും പലവട്ടം നോട്ടീസ് അയച്ചെങ്കിലും അവയോട് പ്രതികരിക്കാന്‍ പോലും പോള്‍ തോമസ് തയ്യാറായില്ല’; മാലിനി പറയുന്നു. ക്രിസ്ത്യന്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ പേരിലാണ് സിഇടി കോളേജ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഈ ട്രസ്റ്റ് എന്നാല്‍ പോള്‍ തോമസും അയാളുടെ ഭാര്യയും മാതാപിതാക്കളും അടങ്ങുന്നതാണെന്നും അതുകൊണ്ട് തന്നെ എല്ലാക്കാര്യങ്ങളും തീരുമാനിക്കുന്നതും നടപ്പാക്കുന്നതും പോള്‍ തോമസ് തന്നെയാണെന്നും തങ്ങളെ ചതിക്കുന്നതയും അയാള്‍ തന്നെയാണെന്നും സമരക്കാര്‍ പറയുന്നു.

2016 ഡിസംബറിലാണ് ആണ് മാലിനി ഇവിടെ അക്കൗണ്ടന്റ് തസ്തികയില്‍ ജോലിക്ക് കയറുന്നത്. പത്തുലക്ഷം രൂപയാണ് ഡെപ്പോസിറ്റ് ആയി നല്‍കിയത്. ‘20,000 രൂപയായിരുന്നു ശമ്പളം നിശ്ചയിച്ചത്. ഞാന്‍ വരുമ്പോള്‍ പ്ലേ സ്‌കൂള്‍ മുതല്‍ പിജി വരെ ഉണ്ടായിരുന്നു. പുറത്തെല്ലാം നല്ല അഭിപ്രായമായിരുന്നു സിഇടിയെക്കുറിച്ച് ഉണ്ടായിരുന്നതും. ആ ഒരു ധൈര്യത്തിലായിരുന്നു ചോദിച്ച പണം കൊടുത്ത് ജോലി വാങ്ങിച്ചത്. പക്ഷേ, ഒരുമാസം കഴിഞ്ഞപ്പോള്‍ തന്നെ പറ്റിക്കപ്പെട്ടെന്നു മനസിലായി. ആദ്യ മാസത്തെ ശമ്പളം പോലും കിട്ടിയില്ല. ചോദിക്കുമ്പോള്‍ എഴുന്നൂറ്റിയമ്പതും ആയിരവുമൊക്കെ പിച്ചക്കാശുപോലെ തരും. ആറുമാസത്തോളവും ഇതേ അവസ്ഥ തന്നെയായിരുന്നു. ഒടുവില്‍ പോള്‍ തോമസിനോട് നേരിട്ട് തന്നെ കാര്യങ്ങള്‍ ചോദിക്കാന്‍ ചെന്നപ്പോള്‍ പറഞ്ഞത് രാജിവച്ചോളാനായിരുന്നു. ഒരു മാസം കഴിഞ്ഞിട്ട് ഡെപ്പോസിറ്റായി തന്ന പത്തുലക്ഷം തിരികെ നല്‍കാമെന്നും പറഞ്ഞു. അതിനൊപ്പം കുടിശ്ശികയുള്ള ശമ്പളവും നല്‍കുമെന്ന വാഗ്ദാനവും ഉണ്ടായിരുന്നു. അങ്ങനെ ആകെ ആറുമാസം ജോലി ചെയ്തിട്ട് ഞാനവിടെ നിന്നും ഇറങ്ങി. ഒരു മാസം കഴിയുമ്പോള്‍ ഡെപ്പോസിറ്റും ശമ്പളക്കുടിശ്ശികയും കൈയില്‍ വരുമല്ലോ എന്നായിരുന്നു വിശ്വാസം. ഏപ്രില്‍ അവസാനമാണ് രാജി വയ്ക്കുന്നത്. മേയ് 30 ന് പണം നല്‍കാമെന്നായിരുന്നു വാഗ്ദാനമെങ്കിലും കിട്ടിയില്ല. ചെന്നു ചോദിപ്പോള്‍ ഒരാഴ്ച്ച കൂടി സമയം തരണമെന്നു പറഞ്ഞു. മേയ് 30 കഴിഞ്ഞ് ജൂണ്‍ 30 ആയിട്ടും പണമില്ല. പിന്നെ ചെക്ക് തരാന്‍ തുടങ്ങി. അതുംകൊണ്ട് ബങ്കില്‍ ചെന്നാല്‍ പണമില്ല. കുറെ ചെക്കുകള്‍ കൈയില്‍ കിട്ടിയതുമാത്രം മിച്ചം. ബാങ്കില്‍ നിന്നും എടുത്ത വായ്പ്പയാണ്. അടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്കുകാര്‍ നോട്ടീസ് അയക്കാന്‍ തുടങ്ങിയിട്ടുണ്ട്, എന്നൊക്കെ നമ്മുടെ അവസ്ഥയെല്ലാം പറഞ്ഞു. നിങ്ങള്‍ ഒന്നുകൊണ്ടും പേടിക്കേണ്ട, എല്ലാവരുടെയും പണം ഞാന്‍ തന്നിരിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മടക്കിയയക്കും. ഇപ്പോള്‍ രണ്ടര വര്‍ഷം കഴിഞ്ഞു. ഇതുവരെയായിട്ടും ഞങ്ങള്‍ക്ക് പണം തന്നിട്ടില്ല’.

ഞങ്ങളുടെ പണം തിരികെ ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുകയാണ് പോള്‍ തോമസ് എന്നാണ് സമരക്കാര്‍ പറയുന്നത്. ‘രണ്ടര വര്‍ഷത്തോളമായി ഞങ്ങളെ പറ്റിക്കുന്നു. നേരില്‍ കാണാന്‍ അനുവദിക്കില്ല, വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. നൂറു കണക്കിനുപേരെയാണ് പറ്റിച്ചിരിക്കുന്നത്. ഇപ്പോഴയാള്‍ പറയുന്നത്, നിങ്ങള്‍ എന്താണെന്നു വച്ചാല്‍ ചെയ്‌തോളൂ, ഞാന്‍ കാണേണ്ടവരെയൊക്കെ കണ്ടിട്ടുണ്ട്, കൊടുക്കേണ്ടതെല്ലാം കൊടുത്തിട്ടുണ്ട് എന്നാണ്. ഭീഷണിയുടെ സ്വരമാണ്. കോളേജില്‍ ജോലി ചെയ്തിരുന്ന സമയത്ത് ശമ്പളം മുടങ്ങുന്നതിനെക്കുറിച്ച് ചോദിക്കുമ്പോഴും ഭീഷണിപ്പെടുത്തുമായിരുന്നു. ഞങ്ങള്‍ സ്ത്രീകളല്ലേ. ഒറ്റയ്ക്കായിരിക്കും പോകുന്നത്. പിന്നീടാണ് എല്ലാവരും സംഘടിക്കുന്നത്. ഒറ്റയ്ക്ക് ചെന്നു നമ്മള്‍ ശമ്പളം കിട്ടുന്നില്ലല്ലോ, എന്താണ് കാരണം എന്നു ചോദിച്ചാല്‍, നമ്മളെ പേടിപ്പിക്കും. അന്നൊക്കെ ഒന്നും മിണ്ടാതെ പോരേണ്ടി വന്നിട്ടുണ്ട് ‘: സിഇടിയില്‍ അധ്യാപികയായി ജോലി ചെയ്തിരുന്ന ലിഷ പറയുന്നു.

2015 ജൂലൈയില്‍ ആയിരുന്നു ലിഷ ഇവിടെ ജോലിയില്‍ പ്രവേശിക്കുന്നത്. ‘പത്തുലക്ഷം രൂപ ഡെപ്പോസിറ്റ് തുകയായി നല്‍കി. 27,000 രൂപയായിരുന്നു ശമ്പളം പറഞ്ഞത്. വീടിനടത്ത് നിന്നും കോളേജ് വരെ അവരുടെ ബസില്‍ കൊണ്ടുവരുന്നതിന്റെ ചാര്‍ജ് ആയി മാസം അഞ്ഞൂറു രൂപ പിടിക്കും. അതും കിഴിച്ച് 26,500 രൂപ മാസം കിട്ടുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഞാനവിടെ നാല് വര്‍ഷമാണ് ജോലി ചെയ്തത്. ആദ്യത്തെ ഒന്നരവര്‍ഷമാണ് കൃത്യമായി ശമ്പളം കിട്ടിയത്. അടുത്ത ആറുമാസത്തെ ശമ്പളം കുടിശ്ശിക തീര്‍ത്ത് കിട്ടിയത് കഴിഞ്ഞ നവംബറില്‍ ആയിരുന്നു. അപ്പോഴേക്കും അവിടെ നിന്നും രാജിവച്ചു. രണ്ടു വര്‍ഷത്തെ ശമ്പളം ഒരു രൂപ പോലും കിട്ടാതെയാണ് രാജി വയ്ക്കുന്നത്. ശമ്പളം കിട്ടാതെ വന്നതുകൊണ്ടാണ് രാജിവയ്ക്കുന്നതും. ശമ്പളം ചോദിക്കാന്‍ ചെന്നപ്പോഴൊക്കെ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയായിരുന്നു. രാജി വയ്ക്കാന്‍ തീരുമാനിക്കുമ്പോള്‍ കാരണം വിശദീകരിച്ച് നമ്മള്‍ എഴുതുന്ന രാജിക്കത്താണ് കൊണ്ടു പോകുന്നത്. എന്നാല്‍ അത് സ്വീകരിക്കില്ല. പകരം അവര്‍ തരുന്നൊൊരു ഫോര്‍മാറ്റില്‍ നമ്മള്‍ എഴുതി നല്‍കണം. ഒരു വര്‍ഷം കഴിഞ്ഞ് ഡെപ്പോസിറ്റ് തുക തിരികെ നല്‍കുമെന്നൊക്കെയാണ് അവര്‍ എഴുതിവച്ചിരിക്കുന്നത്. അതിലാണ് നമ്മളെക്കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പ് വയ്പ്പിക്കുന്നത്. അപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ക്ക് വഴങ്ങേണ്ടി വന്നിട്ടുണ്ട്. അതിന്റെ പുറത്താണ് ഇപ്പോഴും ഞങ്ങളെ കബളിപ്പിച്ച് കൊണ്ടിരിക്കുന്നത്’; ലിഷ പറയുന്നു.

നൂറുകണക്കിന് പേരെ ഒരുമിച്ച് വഞ്ചിക്കുന്ന മാനേജ്‌മെന്റിന്റെ ചെയ്തികളെ ചോദ്യം ചെയ്യാന്‍ വേണ്ടിയാണ് എല്ലാവരും ഒരുമിച്ച് കൂടി സമരം ചെയ്യുന്നതെന്നാണ് പരാതിക്കാര്‍ പറയുന്നത്. പലതവണ മധ്യസ്ഥശ്രമങ്ങളില്‍ക്കൂടി പണം തിരികെ കിട്ടാന്‍ ശ്രമിച്ചുവെങ്കിലും അവിടെയെല്ലാം തങ്ങള്‍ക്ക് തിരിച്ചടി കിട്ടുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. രാഷ്ട്രീയക്കാരോട് പരാതി പറഞ്ഞിട്ടും കാര്യമുണ്ടായില്ല. വ്യക്തിപരമായി പലരും പൊലീസില്‍ പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ല. അതുകൊണ്ട് സംഘടതിമായി നിയമസഹായം തേടാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഡിജിപിക്ക് പരാതി നല്‍കി. കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്; സമരക്കാര്‍ പറയുന്നു. പണം കിട്ടുന്നതുവരെ ശക്തമായ സമരത്തിനാണ് ഇപ്പോള്‍ പരാതിക്കാര്‍ തയ്യാറെടുത്തിരിക്കുന്നത്. ഒന്നുകില്‍ ഞങ്ങളുടെ പൈസ കിട്ടണം, അല്ലെങ്കില്‍ മരിക്കുകയാണ് മുന്നിലുള്ള വഴി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണം എന്നും പരാതിക്കാര്‍ പറയുന്നു.

Read : ബഹിരാകാശത്ത് ഇന്ത്യക്കാരനോ ചൈനക്കാരനോ ഇല്ല, ഭൂമിയില്‍ നിന്നുള്ള മനുഷ്യന്‍ മാത്രം: ആദ്യ ഇന്ത്യന്‍ യാത്രികന്‍ രാകേഷ് ശര്‍മ്മ

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍