UPDATES

കേരളം ശബരിമലകൊണ്ടാടിയ ഈ മാസം അട്ടപ്പാടിയില്‍ മരിച്ചത് 4 ശിശുക്കള്‍; 2018ല്‍ ഇതുവരെ 10 മരണം

2012 മുതൽ 2017 വരെയുള്ള കാലയളവിൽ മാത്രം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ 500 കോടിയിലധികം തുക അട്ടപ്പാടിയിൽ ചെലവഴിച്ചിട്ടുണ്ട്

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് നാല് ശിശുമരണങ്ങൾ. ഇതോടെ ഈ വർഷം മാത്രം അട്ടപ്പാടി ആദിവാസി ഊരുകളിൽ മരിച്ച ശിശുക്കളുടെ എണ്ണം പത്തായി.

ചിണ്ടക്കി സെക്കന്റ് സൈറ്റിൽ പാർവതിയുടെയും വിജയകുമാറിന്റെയും 15 ദിവസം പ്രായമായ പെൺകുഞ്ഞും കള്ളക്കര ഊരിലെ മുരുകന്റെയും രേവതിയുടെയും 17 ദിവസം പ്രായമായ പെൺകുഞ്ഞുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. മരിച്ച രണ്ടു കുട്ടികൾക്കും തൂക്കക്കുറവ് ഉണ്ടായിരുന്നു. പാർവതിയുടെ കുട്ടിക്ക് 1.12 കിലോഗ്രാമും രേവതിയുടെ കുട്ടിക്ക് 1.85 കിലോഗ്രാം വീതമാണ് തൂക്കമുണ്ടായിരുന്നത്. പാർവ്വതിയുടേത് ഇരട്ടക്കുട്ടികളായിരുന്നു.

മലപ്പുറത്തെ സഹകരണ ആസ്പത്രിയിലായിരുന്നു 28-കാരിയായ പാർവതിയുടെ രണ്ടാമത്തെ പ്രസവം. ഒക്ടോബർ ആറിന് പ്രസവത്തിനായി കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആസ്പത്രിയിലെത്തിയ പാർവ്വതിയെ ബ്ലഡ് പ്രെഷർ കൂടിയതിനെത്തുടർന്നു മലപ്പുറത്തേക്ക് റഫർ ചെയ്യുകയായിരുന്നു. 11-ന് ഓപ്പറേഷൻ കഴിഞ്ഞു. 26-നു പുലർച്ചെ തൂക്കക്കുറവുണ്ടായിരുന്ന കുഞ്ഞു മരിച്ചു. ആന്തരികാവയവങ്ങളുടെ തകരാർ മൂലമാണ് കുഞ്ഞു മരിച്ചതെന്നാണ് ആരോഗ്യവകുപ്പധികൃതരുടെ വിശദീകരണം. രണ്ടാമത്തെ കുഞ്ഞിനോടൊപ്പം പാർവതി ഇപ്പോൾ കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആസ്പത്രിയിലാണ്.

പ്രസവശേഷം വീട്ടിലെത്തിയതിന്റെ നാലാം നാളാണ് രേവതിയുടെ കുഞ്ഞ് മരിക്കുന്നത്. 30-കാരിയായ രേവതിയുടെ നാലാമത്തെ പ്രസവമായിരുന്നു. കുഞ്ഞിന് തൂക്കം കുറവായതിനാൽ 13 ദിവസം ഇവർ കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആസ്‌പത്രിയിൽ കഴിഞ്ഞിരുന്നു. കുഞ്ഞിന്റെ തൂക്കം 2.200-ലെത്തിയപ്പോഴാണ് അമ്മയെയും കുഞ്ഞിനേയും ഒക്ടോബർ 22 നു ഡിസ്ചാർജ്ജ് ചെയ്തത്.

എന്നാൽ വീട്ടിലെത്തി നാലാമത്തെ ദിവസം പുലർച്ചെ നോക്കുമ്പോൾ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടതെന്ന് കുഞ്ഞിന്റെ അച്ഛൻ മുരുകൻ പറയുന്നു. തുടർന്ന് ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും കുഞ്ഞു മരിച്ചിരുന്നു. മുലപ്പാൽ ശ്വാസകോശത്തിൽ കുടുങ്ങിയതാണ് മരണത്തിനിടയാക്കിയതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഉണ്ടായ നാല് മരണങ്ങളിൽ രണ്ടിലും ഇതേ കാരണം തന്നെയാണ് ആരോഗ്യവകുപ്പ് എടുത്തു പറഞ്ഞിട്ടുള്ളത്. അമ്മമാർക്ക് പോഷകാഹാരക്കുറവുണ്ടായിരുന്നില്ലെന്നും ആരോഗ്യവകുപ്പ് പറയുന്നു. അതേസമയം മരിച്ച എല്ലാ കുഞ്ഞുങ്ങൾക്കും കാര്യമായ തൂക്കക്കുറവുണ്ടായിരുന്നു താനും. സെപ്റ്റംബർ 19-നു മരിച്ച ചിണ്ടക്കിയിലെ ശോഭനയുടെ കുഞ്ഞിനുണ്ടായിരുന്ന തൂക്കം 745 ഗ്രാം മാത്രമാണ്. താഴെ മഞ്ചിക്കണ്ടിയിൽ സെപ്റ്റംബർ 15-നു മരിച്ച കുഞ്ഞിന്റെ തൂക്കം 1.560 കിലോഗ്രാമും. പോഷകാഹാരക്കുറവില്ലെന്നു പറയുമ്പോഴും ജനിക്കുന്ന കുഞ്ഞുങ്ങളുടെ തൂക്കം ഇത്രമാത്രം കുറയാനുള്ള കാരണത്തെക്കുറിച്ച് അധികൃതർ വ്യക്തമായി ഒന്നും പറയുന്നില്ല..

“മേമ്പൊടിക്കുള്ള ആരോഗ്യപ്രവർത്തനം മാത്രമല്ല, അതിനോടൊപ്പം ഇവരുടെ ജീവിതനിലവാരം ഉയർത്തുന്ന തരത്തിൽ ഇവരെ കാർഷികസംസ്കൃതിയിലേക്കും ഭൂമിയുടെ ഉടമകളാക്കുന്ന രീതിയിലേക്കും സ്വന്തം കൃഷിയിൽ നിന്ന് ഉപജീവനം കഴിയുന്ന രീതിയിലേക്കും കൊണ്ടുവന്നെങ്കിൽ മാത്രമേ ശാശ്വത പരിഹാരം ഉണ്ടാകൂ”വെന്ന് അട്ടപ്പാടിയിലെ തമ്പിന്റെ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പറഞ്ഞു.

“2013-ൽ ഞങ്ങൾ നടത്തിയ പഠനപ്രകാരം കൗമാരപ്രായക്കാരായ കുട്ടികളാണ് ഗർഭിണികളാകുന്നത്. ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ മിനിമം 45 കിലോയെങ്കിലും തൂക്കം വേണം. എന്നാൽ നമ്മുടെ കുട്ടികളുടെ തൂക്കം പലപ്പോഴും 45 കിലോഗ്രാമിൽ താഴെയായിരിക്കും. അതുപോലെ തന്നെ ഹീമോഗ്ലോബിന്റെ അളവും വളരെ താഴെയാണ്. ഇത് രണ്ടും പരിഹരിക്കപ്പെടണം.

പെട്ടെന്ന് മാറുന്നതല്ല മരണത്തിന്റെ തോത്. രണ്ടു ഘട്ടങ്ങളായി ഇതിനെ കൈകാര്യം ചെയ്യണം. ആദ്യഘട്ടത്തിൽ മരുന്നും ഭക്ഷണവും കൊടുക്കുക. രണ്ടാം ഘട്ടത്തിൽ അവർക്ക് അവകാശപ്പെട്ട ഭൂമി തിരിച്ചുകൊടുക്കുന്നതോടൊപ്പം തന്നെ ആദിവാസികളുടെ പരമ്പരാഗത കൃഷിരീതികളിലേക്ക് അവരെ തിരിച്ചു കൊണ്ടുവരാൻ തരത്തിൽ ഫലപ്രദമായ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കണം. അവരുടെ ഭൂമി, കൃഷി അധികാരം എന്നിവയിലേക്ക് അവർ തിരിച്ചു വരേണ്ടതുണ്ട്. എങ്കിൽ മാത്രമേ ശ്വാശ്വതമായ ഒരു പരിഹാരമുണ്ടാകൂ. ന്യൂട്രീഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ, ഐ.എം.എ, ഞങ്ങൾ നടത്തിയ പഠനം, ഡോ. ഇഖ്ബാൽ നടത്തിയ പഠനം എല്ലാം പറയുന്നത് അടിസ്ഥാനപരമായ ഇവരുടെ കാര്യങ്ങൾ തന്നെയാണ്”. രാജേന്ദ്രപ്രസാദ് പറയുന്നു.

ആദിവാസി മേഖലകളുടെ അടിസ്ഥാനസൗകര്യ വികസനം, സമഗ്ര ആരോഗ്യ വികസനം എന്നിവ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾക്കായി കോടികളുടെ പാക്കേജാണ്‌ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കൊണ്ടുവന്നത്. ഫീൽഡ് തല പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും മേഖലയിലെ മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളിലൂടെയും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും വേണ്ട നടപടികൾ പാക്കേജുകളിൽ നിർദ്ദേശിച്ചിരുന്നു. ആദിവാസി അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള പോഷകാഹാര പദ്ധതി, ഓരോ ആദിവാസി ഊരുകളിലും ആഹാരം പാകം ചെയ്ത് ഗർഭിണികൾക്കും കുട്ടികൾക്കും വിതരണം ചെയ്യുന്ന സമൂഹ അടുക്കള പദ്ധതി, റോഡ്, ആരോഗ്യം, കുടിവെള്ളം എന്നിവയ്ക്കായുള്ള പദ്ധതി എന്നിവയ്ക്കായി കോടികൾ അട്ടപ്പാടിയിലേക്ക് ഒഴുകി. 2012 മുതൽ 2017 വരെയുള്ള കാലയളവിൽ മാത്രം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ 500 കോടിയിലധികം തുക അട്ടപ്പാടിയിൽ ചെലവഴിച്ചിട്ടുമുണ്ട്. എന്നിട്ടും ഇപ്പോഴും തൂക്കക്കുറവുള്ള കുട്ടികൾ ജനിക്കുന്നുവെങ്കിൽ പദ്ധതി നടത്തിപ്പിൽ എവിടെയൊക്കെയോ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കരുതേണ്ടിവരും.

“ആദിവാസികളെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്ന രീതിയാണ് കുടിയേറ്റക്കാർ സ്വീകരിച്ചിട്ടുള്ളത്. മദ്യം, കഞ്ചാവ്, പുകയില തുടങ്ങിയവ ഇവർക്ക് എത്തിച്ചുകൊടുക്കുന്നവരുണ്ട്. ഗർഭിണികളായവർ ഇത്തരം ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്നുള്ളത് കൂടി കണ്ടെത്തി ശരിയായ ബോധവത്ക്കരണ പ്രവർത്തനങ്ങൾ കൂടി നടത്തേണ്ടതുണ്ട്. അത്തരക്കാർക്കെതിരെ കർശന നടപടികളുമെടുക്കണം”, പ്രദേശവാസികൾ പറയുന്നു.

നിലവിൽ 105 ബെഡ് ഓട് കൂടിയ മൂന്നു നിലക്കെട്ടിടമാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രി. എന്നാൽ ഇവിടെ വരുന്ന കേസുകൾ തൃശൂർ, കോയമ്പത്തൂർ, മലപ്പുറം ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടി വരുന്നുണ്ട്. മാത്രവുമല്ല, ബ്ലഡ് ബാങ്ക്, അൾട്രാ സൗണ്ട് സ്കാനിംഗ് എന്നിവയും നിലവിൽ ഇവിടെയില്ല. എല്ലാവിധ ആധുനികവും മെച്ചപ്പെട്ടതുമായ സൗകര്യങ്ങളൊരുക്കി ആശുപത്രിയെ മെഡിക്കൽ കോളേജ് ആയി ഉയർത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

അതേസമയം നവജാത ശിശുക്കൾ മരിച്ചത് പോഷകാഹാരക്കുറവ് കൊണ്ടല്ലെന്നാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആസ്പത്രിയിലെ സൂപ്രണ്ട് ഡോ. പ്രഭുദാസ് പറയുന്നത്. സമൂഹ അടുക്കള പദ്ധതി ഇപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും മറച്ചുവച്ചിട്ട് കാര്യമില്ല; ഒരു കുഞ്ഞ് കൂടി മരിച്ചു; ജയ അരി കൊടുത്താല്‍ തീരുന്നതല്ല അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍

പട്ടിണിയിലൂടെ തുടരുന്ന വംശഹത്യകള്‍; ഉത്തരവാദികള്‍ ഇവിടെത്തന്നെയുണ്ട്

അട്ടപ്പാടിയിലേത് വംശഹത്യ: അഴിമുഖം അന്വേഷണം

അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ അവസാനിക്കുന്നില്ല; ഒടുവില്‍ മരണപ്പെട്ടത് ഇരട്ടക്കുഞ്ഞുങ്ങള്‍

അട്ടപ്പാടി: സ്വന്തം ഭൂമിയില്‍ നിന്നു തുടച്ചു നീക്കപ്പെടുന്നവര്‍ – അഴിമുഖം അന്വേഷണം

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍