UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല നിയമയുദ്ധത്തില്‍ ‘കോണ്‍ഗ്രസും ബിജെപിയും ഒന്നിക്കും’; നാല് റിവ്യൂ ഹര്‍ജികള്‍ നല്‍കാന്‍ തീരുമാനമായി

വിധിയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നാണ് നിയമവിദഗ്ധരുടെ ഏകാഭിപ്രായം

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജികള്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് ഹര്‍ജികളാണ് നിലവില്‍ തയ്യാറെടുക്കുന്നത്. കോണ്‍ഗ്രസും ബിജെപിയുമാണ് ഇതില്‍ രണ്ട് ഹര്‍ജികള്‍ നല്‍കുന്നത്. എന്‍എസ്എസ്, തന്ത്രി കുടുംബം എന്നിവരും പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് കോണ്‍ഗ്രസിന് വേണ്ടി ഹര്‍ജി നല്‍കുക. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരും അംഗങ്ങളുമായിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോടതി വിധി മൂലം വിശ്വാസം വ്രണപ്പെട്ട എല്ലാ വിശ്വാസികള്‍ക്കുമൊപ്പമാണ് തങ്ങളെന്നാണ് ചെന്നിത്തല പറയുന്നത്. എല്ലാ മതവിഭാഗങ്ങളുടെയും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് ബദ്ധശ്രദ്ധരായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ജനകീയ വികാരം പരിഗണിക്കാതെ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാണിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തുന്നു. സ്ത്രീകളായ വിശ്വാസികള്‍ പോലും കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. ഈ യോഗത്തിലാണ് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കാനും അതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാനുമുള്ള ചുമതല പ്രയാര്‍ ഗോപാലകൃഷ്ണന് നല്‍കിയത്. കോടതി വിധിയെ മറികടക്കണമെന്ന് ആര്‍എസ്എസും ബിജെപിയും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ കേന്ദ്രസര്‍ക്കാരിനോട് ഇതിനെതിരെ നിയമനിര്‍മ്മാണത്തിന് ആവശ്യപ്പെടണമെന്നാണ് പ്രയാര്‍ പറയുന്നത്. എഐസിസി പിന്തുണച്ച കോടതി വിധിയെയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, കെ മുരളീധരന്‍ എംഎല്‍എ, മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള എന്നിവര്‍ പങ്കെടുത്ത യോഗം പരസ്യമായി തള്ളിപ്പറഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്ന വിശ്വാസികള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുന്നതായാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള പറയുന്നത്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കടുംപിടിത്തത്തിലാണെന്ന് ആരോപിക്കുന്ന പിള്ള കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്നും പറയുന്നു. ശബരിമല മുഖ്യതന്ത്രിയുടെ കുടുംബാംഗങ്ങളും പന്തളം രാജകുടുംബാംഗങ്ങളും വിവിധ ഹിന്ദു സംഘടനകളുമായും ബിജെപി ഈ വിഷയം ചര്‍ച്ച ചെയ്യും.

എന്‍എസ്എസ് ആണ് സുപ്രിംകോടതി വിധിക്കെതിരെ സുപ്രിംകോടതിയെ തന്നെ സമീപിക്കുന്ന മറ്റൊരു കൂട്ടര്‍. പുനഃപരിശോധന ഹര്‍ജിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം വേദനിപ്പിക്കുന്നതാണെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഇത്തരമൊരു തീരുമാനമെടുത്താലും ശബരിമല ഉള്‍പ്പെടെയുള്ള 1200 ക്ഷേത്രങ്ങളിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ സ്വതന്ത്ര സ്ഥാപനമായ ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്വമില്ലേയെന്നാണ് സുകുമാരന്‍ നായര്‍ ചോദിക്കുന്നത്.

പന്തളം രാജകുടുംബത്തിന്റെ പിന്തുണയോടെയാണ് തന്ത്രി കുടുംബം പുനഃപരിശോധനാ ഹര്‍ജി നല്‍കുക. ശബരിമലയിലെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും തട്ടുകേടുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ കോടതി വിധിയില്‍ നിന്നും നീക്കം ചെയ്യണമെന്നും അവര് ഹര്‍ജിയില്‍ ആവശ്യപ്പെടും.

അതേസമയം വിധിയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നാണ് നിയമവിദഗ്ധരുടെ ഏകാഭിപ്രായം. ചില രേഖകള്‍ പരിഗണിച്ചില്ല, എല്ലാ വശവും വേണ്ടത്ര അപഗ്രഥിച്ചില്ല തുടങ്ങീ സാങ്കേതികതയില്‍ ഊന്നിയ ഹര്‍ജി ആണെങ്കില്‍ മാത്രമേ പരിഗണിക്കൂവെന്നാണ് മുതിര്‍ന്ന അഭിഭാഷകരായ അഡ്വ. കാളീശ്വരം രാജ്, അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ പറയുന്നത്. അതും വിധി വന്ന അതേ ബഞ്ചിന് ബോധ്യപ്പെട്ടാല്‍ മാത്രം. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട, രേഖകളുടെ ഇഴകീറി പരിശോധന നടന്ന ഈ കേസില്‍ അതിനുള്ള സാധ്യത കുറവാണ്. പുനഃപരിശോധനാ ഹര്‍ജി വന്നാല്‍ അത് ചേംബറില്‍ വച്ചുതന്നെ തള്ളാനാണ് സാധ്യതയെന്നാണ് അഡ്വ. ഡി ബി ബിനു പറയുന്നത്.

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതിഭായി ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

‘സ്ത്രീകളെ കണ്ടാൽ അയ്യപ്പന‌് ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അപകീർത്തിപ്പെടുത്തലാണ‌്’ : എം ലീലാവതി

ബ്രാഹ്മണ്യ ഹുങ്ക് വീണ്ടും വെല്ലുവിളിക്കുമ്പോൾ അതിന്റെ നെഞ്ചിൽച്ചവിട്ടിപ്പോകാനുള്ള ചരിത്രപരമായ കടമ മലയാളിക്കുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍