ഇന്ത്യയുടെ ഏറ്റവും വലിയ പോളിക്ലിനിക് ശൃംഖല എന്ന അവകാശവാദവുമായാണ് മദേഴ്‌സ് ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചത്
ഇന്ത്യയുടെ ഏറ്റവും വലിയ പോളിക്ലിനിക് ശൃംഖല എന്ന അവകാശവാദവുമായി പ്രവര്‍ത്തനമാരംഭിച്ച മദേഴ്‌സ് ക്ലിനിക് ഫ്രാഞ്ചൈസി ഉടമകളില്‍ നിന്നും കോടികള്‍ തട്ടിയതായി പരാതി. ഫ്രാഞ്ചൈസി ഉടമകളാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചവരില്‍ നിന്നും അഞ്ചു ലക്ഷം രൂപ വീതം കൈപ്പറ്റുകയും, വാഗ്ദാനം ചെയ്തിരുന്ന സര്‍വ്വീസുകളൊന്നും കൃത്യമായി നല്‍കാതിരിക്കുകയും ചെയ്ത്, മദേഴ്‌സ് ക്ലിനിക് ഡയറക്ടര്‍മാര്‍ പ്രവാസികളടക്കം നൂറ്റിയമ്പതോളം പേരെ കബളിപ്പിച്ചുവെന്നാണ് വ്യാപകമായി ഉയരുന്ന പരാതി. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദേഴ്‌സ് ക്ലിനിക്കിന് മലബാറില്‍ മാത്രം നൂറ്റിയറുപതോളം ശാഖകളുണ്ടെന്നാണ് പരസ്യങ്ങളിലെ അവകാശവാദം. ആതുരസേവന രംഗത്ത് പുതിയൊരു ബിസിനസ് മോഡല്‍ തന്നെ അവതരിപ്പിച്ചുകൊണ്ട് കടന്നുവന്ന മദേഴ്‌സ് ക്ലിനിക്, പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിനകം വലിയ തുകകള്‍ ഇത്തരത്തില്‍ നിക്ഷേപകരില്‍ നിന്നും ശേഖരിച്ചിട്ടുണ്ടെന്നാണ് ഫ്രാഞ്ചൈസി ഉടമകളുടെ ആരോപണം. രോഗികള്‍ക്കും പണം മുടക്കുന്നവര്‍ക്കും ഒരു പോലെ ലാഭകരമായ ഒരു പദ്ധതിയായാണ് ക്ലിനിക്കിനെ തങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചതെന്നും, വിശ്വാസയോഗ്യമായ വാഗ്ദാനങ്ങളായിരുന്നതിനാല്‍ ഏറെപ്പേരും ആകെയുള്ള സമ്പാദ്യങ്ങള്‍ കൂട്ടിവച്ചും കടമെടുത്തും ഇവരാവശ്യപ്പെട്ട അഞ്ചു ലക്ഷം രൂപ എത്തിക്കുകയാണ് ചെയ്തതെന്നുമാണ് ഫ്രാഞ്ചൈസി ഉടമകള്‍ വിശദീകരിക്കുന്നത്.
‘തികച്ചും സാധാരണക്കാരായ ജനവിഭാഗത്തിനു ചുരുങ്ങിയ ചിലവില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഹോഷ്‌ലിന്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ഭാഗമായ ഒരു ബഡ്ജറ്റ് പോളി ക്ലിനിക് ശൃംഖലയാണ് മദേഴ്‌സ് ക്ലിനിക് നെറ്റ്‌വര്‍ക്ക്. യാതൊരുവിധ ചൂഷണങ്ങളും ഇല്ലാതെ മറ്റുള്ള ക്ലിനിക്കുകളേക്കാള്‍ പകുതിയില്‍ താഴെ നിരക്കുകളുമായി തികച്ചും ജനകീയമായി പ്രവര്‍ത്തിക്കുന്ന പദ്ധതിയാണ് മദേഴ്‌സ് ക്ലിനിക്. തുടക്കത്തില്‍ വെറും 49 രൂപയാണ് കണ്‍സള്‍ട്ടേഷന്‍ നിരക്ക്, കൂടാതെ എല്ലാ മരുന്നുകള്‍ക്കും 10% മുതല്‍ 60% വരെ ഡിസ്‌കൗണ്ടും പൊതുജനങ്ങള്‍ക്കു നല്‍കിയാണ് ഓരോ മദേഴ്‌സ് ക്ലിനിക്കും പ്രവര്‍ത്തിക്കുന്നത്. ഗവണ്‍മെന്റ് ആശുപത്രികള്‍ കഴിഞ്ഞാല്‍ ഏറ്റവും നിരക്ക് കുറഞ്ഞ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി മദേഴ്‌സ് ക്ലിനിക്കാണ്.’ സമൂഹമാധ്യമങ്ങളിലെ പേജുകളില്‍ മദേഴ്‌സ് ക്ലിനിക് സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. ബിസിനസ് എന്നതിലുപരി, സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍ ചികിത്സയെത്തിക്കുന്ന സംരംഭം എന്ന നിലയില്‍ താല്‍പര്യപ്പെട്ടാണ് ഫ്രാഞ്ചൈസിയുടമകളില്‍ പലരും മദേഴ്‌സ് ക്ലിനിക്കില്‍ നിക്ഷേപിക്കാന്‍ തീരുമാനിക്കുന്നത്.
കണ്‍സള്‍ട്ടേഷന്‍ ഫീസ്, മരുന്നുകള്‍, മറ്റു ചികിത്സകള്‍ എന്നിവയ്‌ക്കെല്ലാം ചേര്‍ത്ത് ഇരുന്നൂറു രൂപ മാത്രം ബില്ലിടുന്ന പാക്കേജായിരുന്നു ഉടമകളോട് മദേഴ്‌സ് ക്ലിനിക് ഡയറക്ടര്‍മാര്‍ ആദ്യം അവതരിപ്പിച്ചിരുന്നത്. എന്നാല്‍, ചില രോഗികള്‍ക്ക് സഹായമാകുമ്പോള്‍ത്തന്നെ, ചെറിയ പനി പോലെയുള്ള നിസ്സാര പ്രശ്‌നങ്ങളുമായെത്തുന്നവര്‍ക്ക് യഥാര്‍ത്ഥ ചെലവിലും കവിഞ്ഞ് ഇരുന്നൂറു രൂപ നല്‍കേണ്ടിവരുന്നു എന്നതായിരുന്നു ഇതിന്റെ ന്യൂനത. അതു കണക്കിലെടുത്ത്, മരുന്നിന് പത്തു മുതല്‍ അമ്പതു ശതമാനം വരെ വിലക്കിഴിവ് നല്‍കിയും, കണ്‍സള്‍ട്ടേഷന്‍ ചാര്‍ജ് നാല്‍പ്പത്തിയൊമ്പതു രൂപയായി നിജപ്പെടുത്തിയുമുള്ള മറ്റൊരു പദ്ധതിയിലേക്ക് നീങ്ങുകയായിരുന്നു. രോഗികള്‍ക്ക് കൂടുതല്‍ സൗകര്യം ഇതാണെന്നിരിക്കേ, ക്ലിനിക്കുകളില്‍ തിരക്കേറുമെന്നുതന്നെ ഫ്രാഞ്ചൈസി ഉടമകള്‍ ഉറച്ചുവിശ്വസിച്ചു. ഇരുന്നൂറു സ്‌ക്വയര്‍ഫീറ്റ് സ്ഥലവും അഞ്ചു ലക്ഷം രൂപയും നല്‍കുന്നവര്‍ക്ക്, ക്ലിനിക് നടത്താനുള്ള എല്ലാ സഹായവും മദേഴ്‌സ് ശൃംഖല നല്‍കുമെന്നായിരുന്നു വാഗ്ദാനം. ആദ്യം മൂന്നു ലക്ഷം മുതല്‍ മുടക്കിലും, പിന്നീട് അഞ്ചു ലക്ഷം മുതല്‍മുടക്കിലും ധാരാളം പേര്‍ മദേഴ്‌സിനെ സമീപിച്ച് ക്ലിനിക്കുകള്‍ തുടങ്ങി. മലബാറിലെ ഗ്രാമപ്രദേശങ്ങളിലായിരുന്നു മിക്കതും.
പണം അടച്ച് ഫ്രാഞ്ചൈസി നേടിക്കഴിഞ്ഞാല്‍, ക്ലിനിക് മദേഴ്‌സ് ഗ്രൂപ്പ് പൂര്‍ണ്ണമായും ഏറ്റെടുക്കുന്നതാണ് രീതി. ക്ലിനിക്കിലേക്കുള്ള ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ഇവര്‍ തന്നെ നിയമിക്കും. ജീവനക്കാരുടെ ശമ്പളം, ക്ലിനിക്കിലെ ഉപകരണങ്ങള്‍, റൂമിന്റെ ഫര്‍ണിഷിംഗ് എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളും മദേഴ്‌സ് ശൃംഖലയുടെ ഉത്തരവാദിത്തമാണ്. വരുമാനത്തിന്റെ ഇരുപതു ശതമാനമാണ് ഉടമയുടെ ഡിവിഡന്റ്. ഇക്കാര്യങ്ങള്‍ വിശ്വസിച്ച് ഫ്രാഞ്ചൈസി നേടിയ ശേഷം തനിക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് ആലത്തൂരില്‍ ക്ലിനിക്ക് നടത്തുന്ന ഷബീര്‍ അബ്ദുല്‍ വഹാബ് പറയുന്നതിങ്ങനെ: ‘ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയാണ് മദേഴ്‌സിനെക്കുറിച്ച് അറിഞ്ഞത്. ഒന്ന് രണ്ടു സുഹൃത്തുക്കളും പരസ്യം കണ്ട് ഇക്കാര്യം വന്നു പറഞ്ഞിരുന്നു. ഒരു ചാരിറ്റി എന്ന നിലയ്ക്കു കൂടി ചെയ്യാനാണ് ഉദ്ദേശം എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. പാവങ്ങള്‍ക്ക് സഹായമാകുന്ന രീതിയില്‍ നടത്തിക്കൊണ്ടുപോകാനായിരുന്നു പദ്ധതി. ആകെ കളക്ഷന്റെ ഇരുപതു ശതമാനമാണ് നമുക്കു കിട്ടുക. പത്തു പേര്‍ വന്നാല്‍പ്പോലും രണ്ടായിരം രൂപ ദിവസം കിട്ടുമല്ലോ. യാതൊരു റിസ്‌കുമില്ലാതെ നാന്നൂറു രൂപ നമ്മുടെ കൈയില്‍ വരും. അങ്ങിനെയെല്ലാമാണ് പറഞ്ഞുവിശ്വസിപ്പിച്ചത്. പക്ഷേ പിന്നീടുണ്ടായ അനുഭവങ്ങള്‍ അത്ര നല്ലതായിരുന്നില്ല. പൈസ കൊടുക്കുന്നതോടു കൂടി നമുക്ക് ഉത്തരങ്ങള്‍ കിട്ടാതെയാകുകയാണ് ചെയ്തത്. ആദ്യ ഘട്ടത്തിലെ ആശയവിനിമയം വളരെ പ്രധാനമാണല്ലോ. ഉടമസ്ഥര്‍ ഞങ്ങളാണെങ്കിലും നടത്തിപ്പ് അവരല്ലേ. അപ്പോള്‍ കാര്യങ്ങള്‍ കൃത്യമായി സംസാരിച്ച് ശരിയാക്കേണ്ടിവരുമല്ലോ. കോഴിക്കോടുള്ള അവര്‍, പാലക്കാട് ജില്ലയിലെ ഉള്‍ഗ്രാമത്തിലുള്ള ഈ ക്ലിനിക്ക് നടത്തിക്കൊണ്ടുപോണം. അതൊരു ശ്രമകരമായ ജോലിതന്നെയായിരുന്നു. ചില ദിവസങ്ങളില്‍ ഡോക്ടറുണ്ടാകില്ല, നഴ്‌സ് എത്തിയിട്ടുണ്ടാകില്ല. അങ്ങനെയുള്ള സമയത്തെല്ലാം ഇവരെ നിരന്തരം ബന്ധപ്പെടേണ്ടിവരുമല്ലോ. അതു ഫലപ്രദമായി നടന്നില്ല. അവരാണെങ്കില്‍ ദിവസേന പുതിയ ബ്രാഞ്ചുകള്‍ തുറക്കുന്ന തിരക്കിലും. ഞങ്ങള്‍ക്കാണെങ്കില്‍ തുറന്ന ബ്രാഞ്ചുകള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതിന്റെ ടെന്‍ഷന്‍. അങ്ങനെ രണ്ടുകൂട്ടരും തമ്മിലുള്ള ഒരു പ്രശ്‌നം തുടക്കം മുതല്‍ക്കേ ഉണ്ടായിരുന്നു. അത് പിന്നീട് വലുതാവുകയാണ് ചെയ്തത്.’
ഷബീറടക്കം അനവധി പ്രവാസികളാണ് സമ്പാദ്യം മുതല്‍മുടക്കി മദേഴ്‌സ് ക്ലിനിക്കിന്റെ സംരംഭത്തില്‍ പങ്കാളികളായിരിക്കുന്നത്. ഷബീറിനെപ്പോലെ ഒന്നിലധികം ഫ്രാഞ്ചൈസികള്‍ എടുത്തു കുടുക്കിലായവരും ഇക്കൂട്ടത്തിലുണ്ട്. 2019 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത തന്റെ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ച് രണ്ടുമാസക്കാലത്തോളമായപ്പോഴാണ് പഴയ ക്ലിനിക്കുകള്‍ മദേഴ്‌സ് ഗ്രൂപ്പ് ധാരാളമായി പൂട്ടാന്‍ തുടങ്ങിയ കാര്യം ശ്രദ്ധിക്കുന്നതെന്നും ഷബീര്‍ പറയുന്നു. ആദ്യ കാലത്തുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ക്കു ശേഷം ക്ലിനിക്ക് എങ്ങനെയെങ്കിലും മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. രോഗികള്‍ എത്താത്ത ക്ലിനിക്കുകള്‍ക്കായി പണം മുടക്കിയത് തങ്ങളെ സാമ്പത്തിക ഞെരുക്കത്തിലാക്കിയെന്നും, ലാഭകരമല്ലാത്ത ക്ലിനിക്കുകള്‍ പൂട്ടേണ്ടിവന്നുവെന്നുമാണ് മദേഴ്‌സ് ക്ലിനിക്കിന്റെ ഡയറക്ടര്‍മാര്‍ ഇതിനു നല്‍കുന്ന വിശദീകരണം. എന്നാല്‍, യഥാര്‍ത്ഥത്തില്‍ നടക്കുന്നത് കരുതിക്കൂട്ടിയുള്ള തിരിമറിയാണെന്ന് ഷബീര്‍ ആരോപിക്കുന്നു. പഴയ ക്ലിനിക്കുകള്‍ പൂട്ടുന്നതിനൊപ്പം പുതിയ ഫ്രാഞ്ചൈസികള്‍ നിര്‍ബാധം വിതരണം ചെയ്യുന്നത് ഇതിന്റെ ഭാഗമാണെന്നും ഫ്രാഞ്ചൈസി ഉടമകള്‍ പറയുന്നുണ്ട്.
‘ഒരു വശത്ത് പഴയ ക്ലിനിക്കുകള്‍ പൂട്ടുന്നുണ്ട്, അതേസമയം പുതിയ ക്ലിനിക്കുകള്‍ തുറക്കുന്നുമുണ്ട്. പഴയ ക്ലിനിക്കുകള്‍ പൂട്ടുമ്പോള്‍ ഫ്രാഞ്ചൈസി ഉടമയ്ക്ക് മുഴുവന്‍ തുകയുടെ ചെക്കാണ് കൊടുക്കുന്നത്. സ്വാഭാവികമായും അയാള്‍ക്ക് സന്തോഷമാണ് ഉണ്ടാകുക. കാര്യമായ നഷ്ടം പറ്റുന്നില്ലല്ലോ. ക്ലിനിക്കിലുള്ള എല്ലാ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും ഇവര്‍ എടുത്തുകൊണ്ടുപോരുകയും ചെയ്യും. പുതിയ ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കുന്നവരില്‍ നിന്നും പണം വാങ്ങി ഈ ഉപകരണങ്ങളെല്ലാം അവിടെ കൊടുക്കുന്നു. മാസങ്ങള്‍ കഴിയുമ്പോള്‍ ഈ ക്ലിനിക്കും പൂട്ടുന്നു, പുതിയ ക്ലിനിക്കുമായി മറ്റൊരിടത്തേക്ക് പോകുന്നു. ഇങ്ങനെയൊരു പതിവാണ് മദേഴ്‌സില്‍ നടക്കുന്നത്. ക്ലിനിക്കുകള്‍ പൂട്ടുന്നത് ഇവരുടെ അശ്രദ്ധയും ഉത്തരവാദിത്തമില്ലായ്മയും കാരണമാണ്. പൂട്ടിയാലും അവര്‍ക്കതില്‍ നഷ്ടമൊന്നും വരാനുമില്ല. കാരണം പുതിയ ഫ്രാഞ്ചൈസിക്കായുള്ള അപേക്ഷകള്‍ ധാരാളം കിട്ടുന്നുണ്ടല്ലോ.’ ഈ പതിവ് രീതിയിലുള്ള അടച്ചുപൂട്ടല്‍ ഭീഷണിയാണ് തന്റെ ക്ലിനിക്കും നേരിട്ടതെന്നും, എന്തു കാര്യത്തിന്റെ പേരിലായാലും ക്ലിനിക്ക് പൂട്ടിയിടാന്‍ സാധിക്കില്ലെന്ന നിലപാടാണ് താനെടുത്തതെന്നും ഷബീര്‍ പറയുന്നു. മുടക്കിയ പണം തിരിച്ചു തരണമെന്നും, ചെക്കായാണ് തരുന്നതെങ്കില്‍ ആ ചെക്ക് സെറ്റിലാകുന്ന ദിവസം വരെ ക്ലിനിക്ക് തുറന്നു പ്രവര്‍ത്തിക്കുമെന്നും ഷബീര്‍ അറിയിച്ചിരുന്നു. ഇത്രയുമായതോടെ, താനുമായുള്ള ഇടപെടലിന്റെ സ്വഭാവം തന്നെ മദേഴ്‌സ് ഗ്രൂപ്പ് മാറ്റിയെന്നും ഷബീര്‍ വെളിപ്പെടുത്തുന്നു.
‘ഇത്രയായതോടെ അവര്‍ കളം മാറ്റി. ഫോണെടുക്കാതായി, സംസാരിക്കാതായി, ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി കൊടുക്കാതായി. ഒരുപാടു തവണ കോഴിക്കോട്ടേക്ക് വരേണ്ടിവന്നു. പിന്നെപ്പിന്നെ ശകാരങ്ങളും ഭീഷണികളും വരെ കേള്‍ക്കേണ്ടിവന്നു. എന്റെ കാലൊടിക്കുമെന്നും മര്‍ദ്ദിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മറ്റു ബ്രാഞ്ചുകളിലുള്ളവരും പതിയെ പരാതിയുമായി എത്തിത്തുടങ്ങി. ഇവര്‍ കൃത്യമായി ശമ്പളം കൊടുക്കുന്നില്ല എന്ന കാര്യം ചര്‍ച്ചയായതോടെ, മദേഴ്‌സ് എന്നു കേട്ടാല്‍ ഡോക്ടര്‍മാര്‍ പോലും വരാതെയായി. പാലക്കാട് ഭാഗത്തു മാത്രം ഏഴെട്ട് ബ്രാഞ്ചാണ് അടുത്തകാലത്ത് തുടങ്ങിയത്. നാല്‍പ്പതു ലക്ഷം രൂപയാണ് ഒറ്റയടിക്ക് വരുന്നതെന്നോര്‍ക്കണം. അതില്‍ ആകെ രണ്ടു ലക്ഷം ക്ലിനിക്കുകളുടെ ജോലികള്‍ക്കായി ചെലവായിട്ടുണ്ടെങ്കിലായി. ബാക്കിയെല്ലാം വരവാണ്. അതിന്റെ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുകയോ ഓഡിറ്റ് ചെയ്യുകയോ ചെയ്യാറില്ലെന്നാണ് പിന്നീട് അന്വേഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ചത്. മാത്രമല്ല ഡയറക്ടര്‍ ബോര്‍ഡംഗങ്ങളെല്ലാം വളരെ ആര്‍ഭാടപൂര്‍വമായ ജീവിതമാണ് നയിക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞു.’
ഷബീര്‍ മാത്രമല്ല, പ്രവാസികളായ നൂറോളം പേരാണ് മദേഴ്‌സ് ക്ലിനിക്കിന്റെ പരസ്യത്തില്‍ വിശ്വസിച്ച് മുതല്‍ മുടക്കിയിരിക്കുന്നത്. സ്വന്തം നിലയ്ക്ക് പരസ്യം ചെയ്യുകയും, മദേഴ്‌സ് ഗ്രൂപ്പ് നല്‍കിയ ഫ്‌ളക്‌സും ബോര്‍ഡും സ്വയം സ്ഥാപിച്ചുമാണ് പലരും തങ്ങളുടെ സ്വന്തം നാട്ടിലെ ആദ്യ സംരംഭത്തെ അവതരിപ്പിച്ചിരുന്നത്. മുക്കിലും മൂലയിലും ഉയര്‍ന്ന പരസ്യങ്ങള്‍ കണ്ട് കൂടുതല്‍ പ്രവാസികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. പ്രാദേശികമായി നല്ല പരസ്യം വന്നതോടെ, പലരും ചിന്തിക്കുക പോലും ചെയ്യാതെ പണം മുടക്കുകയായിരുന്നുവെന്ന് സാമൂഹികപ്രവര്‍ത്തകരും പറയുന്നു. കബളിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പ്രവാസികളാണെന്നതിനാല്‍ പ്രവാസിക്ഷേമ സംഘടനകളും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. കടം വാങ്ങിച്ച് ക്ലിനിക്കിട്ട പലരും ആത്മഹത്യയുടെ വക്കിലാണെന്നും മതിയായ പരിഹാരമുണ്ടാകുന്നതു വരെ അധികൃതരെ ബന്ധപ്പെട്ടുകൊണ്ടിരിക്കാനാണ് തീരുമാനമെന്നും വിഷയത്തില്‍ ഇടപെട്ട പഴയന്നൂര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മാനേജിംഗ് ട്രസ്റ്റി ഹക്കീം പറയുന്നു. പണം മുടക്കിയവര്‍ പരാതിയുമായി സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഴയന്നൂര്‍ ചാരിറ്റബിള്‍ സൊസൈറ്റി ഇടപെടല്‍ നടത്തിയിരിക്കുന്നത്. ജില്ലാ കലക്ടറെയും പൊലീസ് കമ്മീഷണറെയും നേരില്‍ കണ്ട് പരാതി ബോധിപ്പിച്ച ഇവര്‍ക്കായി മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുകയാണിപ്പോള്‍. എല്ലാ തരത്തിലുള്ള സഹകരണവും കമ്മീഷണര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. തങ്ങള്‍ക്കു നേരിട്ട ദുരനുഭവത്തിനു പകരമായി മുതല്‍മുടക്കിയ പണം ഉടനടി തിരിച്ചു നല്‍കുകയും, എഗ്രിമെന്റ് റദ്ദു ചെയ്യുകയും ചെയ്താല്‍ മതിയെന്ന് ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. എങ്കിലും, വലിയ പ്രതീക്ഷകളോടെ ആരംഭിച്ച സ്ഥാപനം കൈവിടും എന്നതിന്റെ ദുഃഖവും കബളിപ്പിക്കപ്പെട്ടതിന്റെ വേദനയുമാണിവര്‍ക്കുള്ളത്.
ഷബീറിലെപ്പോലെ ചിലര്‍ ഇപ്പോഴും ക്ലിനിക്ക് അതേപടി നടത്തിക്കൊണ്ടുപോകുകയാണ്. മദേഴ്‌സ് ക്ലിനിക്ക് സഹകരിക്കുന്നില്ലെങ്കിലും, സ്വന്തം കൈയില്‍ നിന്നും ശമ്പളം കൊടുത്ത് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിലനിര്‍ത്തുകയാണിവര്‍. ‘ഡോക്ടര്‍മാര്‍ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുന്നതും മറ്റും രോഗികളെ ക്ലിനിക്കില്‍ നിന്നും അകറ്റിയിട്ടുണ്ടെന്നത് ശരിയാണ്. പദ്ധതിയുടെ ഓപ്പറേഷനിലും ആശയവിനിമയത്തിലും വലിയ പാളിച്ചകളുണ്ടായിട്ടുണ്ട്. മദേഴ്‌സ് ഗ്രൂപ്പിന്റെ സ്റ്റാഫിന്റെ പെരുമാറ്റവും ശരിയല്ല. രോഗികള്‍ പലപ്പോഴും മടങ്ങിപ്പോകുക വരെ ചെയ്തിട്ടുണ്ട്. നാല്‍പ്പത്തിയഞ്ചും അമ്പതും രോഗികള്‍ വന്നിരുന്ന ബ്രാഞ്ചായിരുന്നു എന്റേത്. അതുപോലും കൃത്യമായി നോക്കിനടത്താന്‍ അവര്‍ക്കു സാധിച്ചില്ല. എന്റെ ക്ലിനിക് ഞാനിതുവരെ പൂട്ടിയിട്ടില്ല. ഡോക്ടര്‍ക്കും നഴ്‌സിനും ഞാന്‍ ശമ്പളം കൈയില്‍ നിന്നും എടുത്തു കൊടുക്കുകയാണ്. ഇത് പൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ വിഷമമുള്ളതുകൊണ്ടാണ്. പ്രവാസിയായി ഉണ്ടാക്കിയ പണമെല്ലാം മുടക്കി തുടങ്ങിയ സംരംഭമാണ്. നാട്ടുകാര്‍ക്കും കളിയാക്കാനൊരു വഴിയാകും. അതൊന്നും സഹിക്കാനാകില്ല.’
പാലക്കാട് ജില്ലയില്‍ മാത്രം പത്തു കിലോമീറ്റര്‍ ചുറ്റളവിനകത്ത് ആറു ക്ലിനിക്കുകളാണ് തുടരെത്തുടരെ സ്ഥാപിച്ചിരുന്നത്. അതില്‍ രണ്ടെണ്ണം ഉടനെ പൂട്ടിപ്പോകുകയും ചെയ്തു. വലിയൊരു സാമ്പത്തിക തിരിമറി ചെയിനാണ് ഇതിനു പിന്നിലുള്ളതെന്ന് തിരിച്ചറിയാന്‍ വൈകിപ്പോയെന്ന് ഫ്രാഞ്ചൈസി ഉടമകള്‍ ഒന്നടങ്കം പറയുന്നു. വിഷയം കമ്മീഷണറും കലക്ടറും ഇടപെട്ട ചര്‍ച്ചയായി മാറിയതോടെ, വിശദീകരണവുമായി മദേഴ്‌സ് ക്ലിനിക് ഡയറക്ടര്‍മാരും രംഗത്തെത്തിയിട്ടുണ്ട്.
രോഗികള്‍ എണ്ണത്തില്‍ കുറവായതിനാല്‍ നഷ്ടം പറ്റിയ ചില ക്ലിനിക്കുകളാണ് അടച്ചുപൂട്ടിയിതെന്നാണ് അധികൃതരുടെ പക്ഷം. സാമ്പത്തിക തട്ടിപ്പ് ആരോപണത്തിലെ ഔദ്യോഗിക നിലപാടറിയാന്‍ മദേഴ്‌സ് ക്ലിനിക്ക് അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭ്യമായിട്ടില്ല. ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്ന പ്രതികരണക്കുറിപ്പുകളും ഇവര്‍ പിന്നീട് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, ജില്ലാ പൊലീസ് കമ്മീഷണറും പ്രവാസി ക്ഷേമ സംഘടനകളും അടക്കമുള്ളവരോട്, ആവശ്യമായ നഷ്ടപരിഹാരം നല്‍കി പരാതികള്‍ തീര്‍ക്കാമെന്ന് ഇവര്‍ അറിയിച്ചിട്ടുള്ളതായാണ് വിവരം.
നിലവില്‍ ചര്‍ച്ചകള്‍ പ്രതീക്ഷാവഹമായാണ് മുന്നോട്ടു പോകുന്നതെങ്കിലും, പണം ഉടനെ തിരികെ നല്‍കുക എന്നതടക്കമുള്ള നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ വലിയ തോതിലുള്ള പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്ന് ഈ പ്രവാസികളും ഒപ്പം ഹക്കീമും മുന്നറിയിപ്പു നല്‍കുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ത്തന്നെ അക്കാര്യത്തില്‍ തീരുമാനമുണ്ടാകും എന്നാണ് ഇവര്‍ പ്രത്യാശിക്കുന്നത്.