UPDATES

ട്രെന്‍ഡിങ്ങ്

ഇരട്ട കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നും പുറത്തുകടക്കുന്നതിനു മുന്‍പ് കല്യോട്ട് വീണ്ടും സംഘര്‍ഷം

കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകര്‍ പരസ്പരം ആക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിക്കുന്നുണ്ടെങ്കിലും, തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കല്ല്യോട്ട് വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടാകുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്

ശ്രീഷ്മ

ശ്രീഷ്മ

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിന്റെയും ശരത്‌ലാലിന്റേയും നാടായ കല്ല്യോട്ട് സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം വീണ്ടും ഉടലെടുക്കുന്നതായി വാര്‍ത്തകള്‍. കഴിഞ്ഞ ദിവസങ്ങളിലായി ഒട്ടനവധി അക്രമസംഭവങ്ങളാണ് കല്ല്യോട്ടും പെരിയയിലുമായി അരങ്ങേറിയത്. ഞായറാഴ്ച രാത്രിയോടെ കൃപേഷിന്റെയും ശരത്‌ലാലിന്റെയും സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ദീപു കൃഷ്ണന്റെ വീടിനു നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കല്ലേറും പടക്കം പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണവും ദീപുവിന്റെ വീടിനു നേരെ ഉണ്ടായതായായിരുന്നു പരാതി. പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. അതേസമയം, കല്ല്യോട്ടെ നാലോളം സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയും സമാനമായ ആക്രമണമുണ്ടായതായി പരാതികളുയരുന്നുണ്ട്. സി.പി.എം പ്രവര്‍ത്തരായ വത്സരാജ്, ബാലകൃഷ്ണന്‍, കാര്‍ത്ത്യായനി എന്നിവരുടെ വീടുകള്‍ക്കു നേരെ ഞായറാഴ്ച രാത്രി കല്ലേറുണ്ടായതായാണ് പരാതി.

ഇതിനെത്തുടര്‍ന്ന് സി.പി.എം പ്രതിഷേധ യോഗവും കല്ല്യോട്ട് നടന്നിരുന്നു. തിങ്കളാഴ്ച നടന്ന പ്രതിഷേധ യോഗത്തിന്റെ മറവില്‍ പുറത്തുനിന്നുമെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ കൃപേഷിന്റെയും ശരത്‌ലാലിന്റെയും വാദ്യ കലാ സംഘത്തിന്റെ കെട്ടിടം തല്ലിത്തകര്‍ക്കുകയും, പെരിയ ടൗണില്‍ സ്ഥാപിച്ചിരുന്ന ഇരുവരുടെയും വലിയ കട്ടൗട്ടുകള്‍ കീറിയെറിയുകയും ചെയ്തതായി ആക്ഷേപമുണ്ട്. ‘കോണ്‍ഗ്രസിന്റെ സ്തൂപങ്ങളും കൊടിമരങ്ങളും അവര്‍ തകര്‍ത്തു. പെരിയ ടൗണിലെ സ്വകാര്യ സ്ഥലത്ത് വച്ചിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും ഇരുപതടി വലിപ്പമുള്ള കട്ടൗട്ടുകളാണ് കീറിയെറിഞ്ഞത്. കൃപേഷിന്റെ വീട്ടുവാതില്‍ക്കല്‍ ചെന്ന് അച്ഛനെ വരെ ഭീഷണിപ്പെടുത്തി. മകന്റെ അനുഭവം തന്നെ അച്ഛനുണ്ടാകുമെന്നാണ് കൃഷ്‌ണേട്ടനോട് അവര്‍ പറഞ്ഞത്. എല്ലാ അറിയാവുന്ന സി.പി.എമ്മുകാര്‍ തന്നെയാണ്. പൊലീസ് അനുമതി പോലുമില്ലാതെ ഇവര്‍ പ്രതിഷേധ യോഗം നടത്തിയതു തന്നെ ആക്രമണം അഴിച്ചുവിടാനാണ്. കല്ല്യോട്ടുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം സാധാരണ കൂലിപ്പണിക്കാരാണ്, ചെങ്കല്ലു ചെത്താനും മറ്റും പോകുന്നവര്‍. അവര്‍ക്കാര്‍ക്കും ജോലിക്കു പോകാന്‍ സാധിക്കുന്നില്ല. ഇവര്‍ ജോലി ചെയ്യുന്ന പണകള്‍ പോലും സി.പി.എമ്മുകാര്‍ പൂട്ടിച്ചു’ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നതിങ്ങനെ.

എന്നാല്‍, വാദ്യ കലാ സംഘത്തിനു നേരെ ആക്രമണമുണ്ടായതോ, കൃപേഷിന്റെ അച്ഛനു വധഭീഷണിയുണ്ടായതോ അറിഞ്ഞിട്ടില്ല എന്നാണ് സി.പി.എം പ്രവര്‍ത്തകരുടെ നിലപാട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കിലും, തങ്ങള്‍ക്കു നേരെയാണ് ഭീഷണിയെന്നും സി.പി.എം പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നുണ്ട്. പ്രതിഷേധ യോഗം നടന്നപ്പോള്‍ പോലും, ഒരു തരത്തിലുള്ള സംഘര്‍ഷത്തിനും മുതിരരുതെന്നാണ് തങ്ങള്‍ക്ക് എംപി അടക്കമുള്ളവരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശമെന്നും, അത് പൂര്‍ണമായും പിന്തുടര്‍ന്നിട്ടുണ്ടെന്നും പ്രാദേശിക സി.പി.എം. നേതാക്കള്‍ പറയുന്നു. മൂന്നാമതൊരു ജീവന്‍ നഷ്ടപ്പെടരുത് എന്ന ചിന്തയില്‍ തങ്ങളും സംയമനം പാലിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദീപുവിന്റെ വീടിനു നേരെ ഞായറാഴ്ചയുണ്ടായ ബോംബേറിന്റെ പേരില്‍ നടപടികളിലേക്കു നീങ്ങാതിരുന്ന ബേക്കല്‍ പൊലീസ്, വത്സരാജിന്റെ വീട് ആക്രമിച്ച കേസില്‍ എട്ടോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിച്ച് അവശരാക്കുകയും ചെയ്തതായി പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. അടിസ്ഥാനമില്ലാത്ത പരാതിയിന്മേലാണ് പ്രവര്‍ത്തകരെ ബലമായി സ്റ്റേഷനിലെത്തിക്കുകയും, മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുള്ളതെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നോയല്‍ തോമസ് പറയുന്നതിങ്ങനെ ‘ദീപുവിന്റെ വീടിനു നേരെ ആക്രമണമുണ്ടായതിനു ശേഷം പൊലീസ് അറസ്റ്റു ചെയ്തുകൊണ്ടു വന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ്. സി.പി.എം പ്രവര്‍ത്തകനായ വത്സരാജിന്റെ വീടിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണിത്. ഇവരെ ലോക്കപ്പിലിട്ട് ഭീകരമായി മര്‍ദ്ദിച്ചിട്ടുണ്ട്. ഇവരിലൊരാളുടെ തലയില്‍ ആറു സ്റ്റിച്ചുണ്ട്. കല്ല്യോട്ടെ ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയാണ് വത്സരാജ്. വത്സരാജിന്റെ വീടാക്രമിച്ചെന്ന പേരില്‍, ആ പരിസരത്തുപോലുമില്ലാത്തവരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. ബോംബേറുണ്ടായ ദീപുവിന്റെ വീട് സന്ദര്‍ശിക്കാനെത്തിയവരേയും കുടുംബവുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെയും വീട്ടില്‍ ഉറങ്ങിക്കിടന്നവരേയുമെല്ലാമാണ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുവന്നത്. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ പോലും നല്‍കാതെ ലോക്കപ്പിലിട്ടിരിക്കുകയാണ്.’

അറസ്റ്റു ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി ബേക്കല്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തിങ്കളാഴ്ച കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. കസ്റ്റഡി മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാമെന്ന് എസ്പി രാജ്‌മോഹന്‍ ഉണ്ണിത്താനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വീടാക്രമിച്ച കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ചും അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കസ്റ്റഡിയിലിരിക്കേ മര്‍ദ്ദനമേറ്റുവെന്ന ആരോപണത്തെക്കുറിച്ചും പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ബേക്കല്‍ പൊലീസിന്റെ പക്ഷം. ദീപുവിന്റെ വീടിനു നേരെ ആക്രമണമുണ്ടായ വാര്‍ത്തകള്‍ നേരത്തേ തന്നെ പുറത്തുവന്നിരുന്നുവെങ്കിലും, ഇത് തെറ്റാണെന്നാണ് കല്ല്യോട്ടെ സി.പി.എം പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായിട്ടില്ലെന്നും, മറിച്ച് പ്രദേശത്തെ സി.പി.എം പ്രവര്‍ത്തരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടതെന്നും പുല്ലൂര്‍ പെരിയ പഞ്ചായത്ത് മെംബറും സി.പി.എം നേതാവുമായ വേലായുധന്‍ ബി.വി പറയുന്നു. ‘വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുന്നതാണ് പ്രശ്‌നം. ഈ പറയുന്നതുപോലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ സി.പി.എം ആക്രമണമുണ്ടായിട്ടില്ല. നാല് സി.പി.എം പ്രവര്‍ത്തകരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടിട്ടുള്ളത്. കൊലപാതകങ്ങള്‍ക്കു ശേഷം തൊട്ടടുത്ത ദിവസങ്ങളില്‍ സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ ഇതുപോലെ ആക്രമിക്കപ്പെട്ടിരുന്നതാണ്. അതിനുശേഷം തെരഞ്ഞെടുപ്പു കഴിയാന്‍ അവര്‍ കാത്തു നില്‍ക്കുകയായിരുന്നു. അല്ലെങ്കില്‍ അന്നേ ഇതില്‍ക്കൂടുതല്‍ തിരിച്ചടികളുണ്ടാകുമായിരുന്നു. രണ്ടു പേര്‍ മരിച്ചുവെന്നത് ദുഃഖകരം തന്നെയാണ്. പക്ഷേ, അതിന്റെ പേരില്‍ അവര്‍ ഒരുപാട് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. കടയില്‍ നിന്നും സാധനം വാങ്ങി പോകുന്നവരെ ആക്രമിക്കുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.’

കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകര്‍ പരസ്പരം ആക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിക്കുന്നുണ്ടെങ്കിലും, തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കല്ല്യോട്ട് വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടാകുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം ചെറിയ തോതിലുണ്ടായിരുന്നെങ്കിലും, പൊലീസ് ഇടപെട്ട് ഇരുപക്ഷത്തേയും പിരിച്ചുവിടുകയായിരുന്നു. അതിനു ശേഷമാണ് വത്സരാജും ദീപുവുമടക്കമുള്ളവര്‍ വീടുകള്‍ ആക്രമിക്കപ്പെട്ടുവെന്ന പരാതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. പുറത്തു നിന്നുള്ള സി.പി.എം പ്രവര്‍ത്തകര്‍ കല്ല്യോട്ടെത്തി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുമ്പോള്‍, യാതൊരു പ്രകോപനവുമില്ലാതെ സി.പി.എം അനുഭാവികള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതായാണ് മറുപക്ഷത്തിന്റെ പരാതി. എന്നാല്‍, രണ്ടു കൊലപാതകങ്ങള്‍ നടന്നതിന്റെ ഞെട്ടലില്‍ നിന്നും പുറത്തെത്തുന്നതിനു മുന്നേ തന്നെ കല്ല്യോട്ട് വീണ്ടും സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നതില്‍ പ്രദേശവാസികള്‍ക്ക് വലിയ ആശങ്കയുണ്ട്. തെരഞ്ഞെടുപ്പിനു മുന്നെയുണ്ടായ നിശ്ശബ്ദതയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇല്ലാതായി എന്നു കരുതി ആശ്വസിച്ച കല്ല്യോട്ടുകാര്‍ക്ക് വീണ്ടും ഭീതിയുണ്ടാക്കുകയാണ് ഈ സംഭവങ്ങള്‍.

Read More: എച്ചിപ്പാറ മലയ കോളനിയില്‍ നിന്നും ഫുള്‍ എ പ്ലസുമായി ഒരു കൊച്ചുമിടുക്കി; വൈഷ്ണവി ഇനി ചരിത്രത്തിന്റെ ഭാഗം

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍