കായംകുളം കാദീശാ ഓര്‍ത്തഡോക്‌സ് പള്ളിയുടെ സെമിത്തേരിയില്‍ മറിയാമ്മയെ സംസ്‌കരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം
കായംകുളം ഭരണിക്കാവ് മഞ്ഞാടിത്തറ കോട്ടയില്‍ മറിയാമ്മ ഫിലിപ്പ് മരിച്ചിട്ട് ഏഴു ദിവസമാകുന്നു. ദിവസമിത്രയായിട്ടും സംസ്‌കരിക്കാനാകാതെ മോര്‍ച്ചറിയിലാണ് മറിയാമ്മയുടെ മൃതദേഹം. ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കത്തില്‍പ്പെട്ട് അന്ത്യകര്‍മങ്ങളടക്കം മുടങ്ങിപ്പോകുന്ന സംഭവങ്ങളുടെ നിരയില്‍ ഏറ്റവുമൊടുവിലത്തേതാണ് മറിയാമ്മയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കായംകുളം കാദീശാ ഓര്‍ത്തഡോക്‌സ് പള്ളിയുടെ സെമിത്തേരിയില്‍ മറിയാമ്മയെ സംസ്‌കരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. എന്നാല്‍, ഓര്‍ത്തഡോക്‌സ് സഭയുടെ സെമിത്തേരിയില്‍ അടക്കം ചെയ്യണമെങ്കില്‍, യാക്കോബായ വിശ്വാസപ്രകാരമുള്ള പ്രാര്‍ത്ഥനയോ ശുശ്രൂഷകളോ അനുവദിക്കാനാകില്ലെന്നും, യാക്കോബായ വൈദികന് അന്ത്യകര്‍മങ്ങള്‍ ചെയ്യാനാകില്ലെന്നുമാണ് പള്ളി വികാരികളുടെ പക്ഷം. കാദീശാ പള്ളിയുടെ പരമാധികാരം മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കാണ് എന്ന സുപ്രീം കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.
കാലങ്ങളായി ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒരേ സെമിത്തേരിയാണ് ഉപയോഗിച്ചു വരുന്നത്. കാദീശാ പള്ളിയിലെ ഈ സെമിത്തേരിയുടെ അവകാശം 1934ലെ ഭരണഘടന പ്രകാരം പൂര്‍ണമായും ഓര്‍ത്തഡോക്‌സ് സഭയ്ക്കാണെന്നിരിക്കേ, 2013 ലെ സഭാതര്‍ക്ക കേസിനു ശേഷം ഓരോ മരണം സംഭവിക്കുമ്പോഴും ഹൈക്കോടതിയുടെ പ്രത്യേക അനുമതി നേടിയാണ് യാക്കോബായ വിഭാഗക്കാര്‍ മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചിരുന്നത്. എന്നാല്‍, ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പരമാധികാരമുള്ള പള്ളിയിലെ കര്‍മങ്ങളെല്ലാം ഓര്‍ത്തഡോക്‌സ് വൈദികര്‍ തന്നെ നടത്തട്ടെ എന്ന നിലപാട് ഹൈക്കോടതിയും എടുത്തതോടെയാണ് മറിയാമ്മ ഫിലിപ്പിന്റെ സംസ്‌കാരച്ചടങ്ങുകള്‍ അനിശ്ചിതത്വത്തിലായത്. യാക്കോബായ വിശ്വാസിയായ മറിയാമ്മയുടെ അന്ത്യശുശ്രൂഷകള്‍ യാക്കോബായ പുരോഹിതര്‍ തന്നെ നടത്തണം എന്ന നിലപാടിലാണ് മക്കളും ബന്ധുക്കളും. തര്‍ക്കം മുറുകിയതോടെ കഴിഞ്ഞ ഒരാഴ്ചക്കാലമായി മോര്‍ച്ചറിയില്‍ത്തന്നെയാണ് മറിയാമ്മയുടെ മൃതദേഹം.
എട്ടാം നൂറ്റാണ്ടില്‍ അവിഭക്ത സഭയുടെ കീഴില്‍ പണികഴിപ്പിച്ച കാദീശാ പള്ളി, സഭ പിരിഞ്ഞതോടെ കാദീശാ ഓര്‍ത്തഡോക്‌സ് കത്തീഡ്രലായി മാറുകയായിരുന്നു. തൊട്ടടുത്തുള്ള കാദീശാ സിറിയന്‍ യാക്കൊബൈറ്റ് പള്ളിയിലെ അംഗങ്ങളും വര്‍ഷങ്ങളായി കാദീശാ പള്ളിയുടെ സെമിത്തേരിയിലാണ് മൃതദേഹങ്ങള്‍ അടക്കിക്കൊണ്ടിരുന്നത്. യാക്കോബായക്കാര്‍ക്ക് പ്രത്യേക സെമിത്തേരിയില്ലെന്നും, തങ്ങളുടെ പിതാവിനെയടക്കം മറവു ചെയ്തത് ഇതേ സെമിത്തേരിയിലാണെന്നും മരിച്ച മറിയാമ്മയുടെ മകള്‍ പ്രതിഭ പറയുന്നു. ‘ഞങ്ങള്‍ യാക്കോബായ വിശ്വാസത്തില്‍ ജീവിക്കുന്നയാളുകളാണ്. കായംകുളം യാക്കോബായ പള്ളിയിലാണ് ഞങ്ങളുടെ അംഗത്വം. ഞങ്ങള്‍ ജനിച്ചതും വളര്‍ന്നതും എല്ലാം ഇവിടെത്തന്നെയാണ്. 2003ലാണ് അപ്പന്‍ മരിക്കുന്നത്. അദ്ദേഹത്തെയും ഇതേ സെമിത്തേരിയിലാണ് അടക്കിയിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിനും ഞങ്ങള്‍ക്കും ഒരേ സെമിത്തേരിയാണ്. കോമണ്‍ സെമിത്തേരിയുള്ള പള്ളികളില്‍ ഉണ്ടാകുന്ന അതേ പ്രശ്‌നമാണ് ഇവിടെയുമുള്ളത്. സുപ്രീം കോടതി വിധി പ്രകാരം പള്ളിയുടെ പരമാധികാരം ഓര്‍ത്തഡോക്‌സ് സഭയ്ക്കാണ്. അവരുടെ പ്രതിപുരുഷന്മാര്‍ വന്ന് അവരുടെ കര്‍മപ്രകാരം അന്ത്യശുശ്രൂഷ നടത്തും എന്നാണ് പറയുന്നത്. അവരുടെ സഭയിലേക്ക് ചേര്‍ത്തുന്ന പോലെയാണത്. അങ്ങനെ മാത്രമേ സാധിക്കൂ എന്നാണ് തറപ്പിച്ചു പറയുന്നത്.
വ്യാഴാഴ്ച രാവിലെ അമ്മ മരിച്ച ഉടനെത്തന്നെ പള്ളിയുമായി ബന്ധപ്പെട്ടിരുന്നു. അച്ചന്‍ വന്ന് പ്രാര്‍ത്ഥിച്ചതിനു ശേഷമാണ് മോര്‍ച്ചറിയില്‍ വച്ചത്. അമ്മയ്ക്ക് ഏഴു മക്കളാണ്. ഗള്‍ഫിലും മറ്റുമുള്ളവര്‍ എത്തിച്ചേരാന്‍ കാത്ത് സംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്ചത്തേക്കാണ് തീരുമാനിച്ചത്. എല്ലാവരും വെള്ളിയാഴ്ചയോടെ സ്ഥലത്തെത്തി. ശനിയാഴ്ചത്തെ അടക്കം കൂടിയിട്ട് അവര്‍ക്കു പോകാനുള്ള ക്രമീകരണങ്ങള്‍ പോലും ചെയ്തുവച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് വെള്ളിയാഴ്ച രാത്രിയോടെ കോടതിയുടെ അനുമതിയില്ലെന്ന വിവരം കിട്ടുന്നത്. അച്ചന്മാരുമായി ആലോചിച്ച് കേസ് ഫയല്‍ ചെയ്യാമെന്നു തീരുമാനിക്കുകയായിരുന്നു. മൃതദേഹം ഇതുവരെ മോര്‍ച്ചറിയില്‍ നിന്നും മാറ്റാന്‍ സാധിച്ചിട്ടില്ല.’
നിയമത്തിന്റേതായ എല്ലാ മാര്‍ഗ്ഗങ്ങളും പരിശോധിച്ച്, തങ്ങളുടെ വിശ്വാസപ്രകാരം അടക്കം ചെയ്യുന്ന തരത്തില്‍ മുന്നോട്ടു പോകുമെന്നാണ് പ്രതിഭയുടെ തീരുമാനം. മരണം നടന്ന് ഒരാഴ്ചയായ സാഹചര്യത്തില്‍, സംസ്‌കാരം ഇനിയും ഏറെ വൈകിപ്പിക്കാനാകില്ലെന്നതിന്റെ ആശങ്കയും പ്രതിഭയ്ക്കുണ്ട്. അതേസമയം, അധികാരത്തര്‍ക്കങ്ങള്‍ മരണപ്പെട്ടവരുടെ കാര്യത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നാണ് കാദീശ യാക്കോബായ പള്ളിയിലെ വൈദികനായ ഫാദര്‍ സാബു സെബാസ്റ്റ്യന്റെ പക്ഷം. തങ്ങളുടേതായ ശുശ്രൂഷകളും പ്രാര്‍ത്ഥനകളുമൊന്നും ഇല്ലെങ്കിലും, വൈദികരെ അകത്തു കയറ്റി മരിച്ചയാളെ അടക്കാനുള്ള അനുവാദം മാത്രം മതിയെന്നും ഫാ. സാബു പറയുന്നു. ‘സെമിത്തേരി അവരുടേതാണ് എന്നാണ് വാദിക്കുന്നത്. സെമിത്തേരി എങ്ങനെയാണ് അവരുടേതാകുന്നത് എന്നറിയില്ല. കോടതിവിധിയില്‍ എവിടെയെങ്കിലും മൃതദേഹം അടക്കേണ്ട എന്നു പറഞ്ഞിട്ടുണ്ടോ? ജീവിച്ചിരിക്കുന്നവരുടെ കാര്യത്തില്‍ വിശ്വാസവും തര്‍ക്കങ്ങളും വരുന്നത് മനസ്സിലാക്കാം. മരിച്ചയാളുടെ കാര്യത്തില്‍ എന്തിനാണ് തര്‍ക്കം? രണ്ടു കൂട്ടരും ഉപയോഗിച്ചു കൊണ്ടിരുന്ന സെമിത്തേരിയാണ്. രണ്ടുകൂട്ടരുടെയും പിതാക്കന്മാര്‍ പണം മുടക്കി പണിതതുമാണ്. അതിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തിനൊന്നും ഞങ്ങള്‍ ഇപ്പോള്‍ മുതിരുന്നില്ല. ഉടമസ്ഥാവകാശം അവരെടുത്തോട്ടെ. താക്കോല്‍ അവരുടെ കൈയിലിരിക്കട്ടെ.
ക്രിസ്ത്യാനികളെ സംബന്ധിച്ച് ജനിച്ച് കൂദാശകള്‍ സ്വീകരിച്ച സഭയിലെ വിശ്വാസപ്രകാരം തന്നെ മരണശേഷം അടക്കപ്പെടണം എന്നത് മനുഷ്യാവകാശം തന്നെയാണ്. സഭയെയും സഭയിലെ തര്‍ക്കങ്ങളെയും ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ഒട്ടും ശരിയല്ല. ക്രൂരതയാണിത്. കോടിക്കണക്കിനു സ്വത്തുള്ള പള്ളിയാണിത്. അതിലെ പങ്കൊന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. ചെറിയ സ്ഥലത്ത് ചെറിയ പള്ളിയുമായി മുന്നോട്ടു പോകുന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് സെമിത്തേരിയുമില്ല. മരിച്ചവരെ റോഡില്‍ കളയാനൊക്കുമോ? അവിടെ അടക്കാന്‍ പറ്റില്ലെങ്കില്‍പ്പിന്നെ എവിടെ അടക്കണമെന്ന് ഭരണകൂടം പറയട്ടെ. മരിച്ചുപോയവരെ ഞങ്ങള്‍ എന്തു ചെയ്യണം? അന്യദേശക്കാരന്‍ ഇവിടെ വന്നു മരിച്ചാല്‍പ്പോലും മാന്യമായി അടക്കില്ലേ? ഇവിടെ എന്താണ് സംഭവിക്കുന്നത്? മറ്റുള്ളവര്‍ക്കു മുന്നില്‍ മലയാളികളുടെ മാനം കളയാനും ക്രിസ്ത്യാനികളുടെ പേരു നശിപ്പിക്കാനുമുള്ള ഒരു ശ്രമം മാത്രം. കോടതി അനുവദിച്ചുകൊടുത്ത അധികാരം അവര്‍ നടപ്പിലാക്കട്ടെ. എതിര്‍ക്കുന്നില്ല. അതിന് മനുഷ്യത്വരാഹിത്യം കാണിക്കേണ്ടതുണ്ടോ എന്നാണ് ചോദ്യം. സംസ്‌കാരം ഇനിയും വൈകരുത് എന്നാണ് ശുശ്രൂഷകള്‍ നടത്തുന്ന വൈദികന്‍ എന്ന നിലയില്‍ എനിക്കു പറയാനുള്ളത്. അടിയന്തരമായ നടപടികളിലേക്ക് നീങ്ങേണ്ടതുണ്ട്. നാളെത്തന്നെ അടക്കാനാനുള്ള വഴികളാണ് നോക്കുന്നത്. സഭാതലത്തിലും ഭരണതലത്തിലുമെല്ലാം സംസാരിച്ചു നോക്കുന്നുണ്ട്.’
നിയമപരമായി മുന്നോട്ടുപോകുന്നു എന്നതല്ലാതെ, ഓര്‍ത്തഡോക്‌സ് സഭയുമായി നേരിട്ടുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് പ്രതിഭയും ഫാ. സാബുവും പറയുന്നുണ്ട്. എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ തയ്യാറായിട്ടില്ല. മറിയാമ്മ ഫിലിപ്പിന്റെ മൃതദേഹം അര്‍ഹിക്കുന്ന എല്ലാ ആദരവുകളോടും കൂടി സംസ്‌കരിക്കാമെന്നും വിശ്വാസികളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പള്ളിയും സെമിത്തേരിയും തയ്യാറാണെന്നും ഓര്‍ത്തഡോക്‌സ് പള്ളി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം, മലങ്കര സഭയുടെ വിശ്വാസിയല്ലാത്ത വ്യക്തിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പള്ളി സെമിത്തേരി പൊതുശ്മശാനമല്ലെന്നും കുറിപ്പില്‍ പരാമര്‍ശിക്കുന്നു. സഭയുടെ ഭാഗമായിത്തീര്‍ന്നാല്‍ മൃതദേഹം സംസ്‌കരിക്കാമെന്നും, അല്ലാത്ത പക്ഷം കോടതിയലക്ഷ്യമായിത്തീരുമെന്നും കുറിപ്പില്‍ മുന്നറിയിപ്പുണ്ട്. ഓര്‍ത്തഡോക്‌സ് സഭയുടെ വിശ്വാസങ്ങളനുസരിച്ച് മൃതദേഹം സംസ്‌കരിക്കാന്‍ വൈദികനായ ഫാ. ഡി. ഗീവര്‍ഗ്ഗീസ് തയ്യാറാണെന്നും വ്യക്തമാക്കുന്നുണ്ട്. എങ്കിലും, തന്റെ അമ്മ ജീവിച്ചിരുന്നപ്പോള്‍ വിശ്വസിച്ചുപോന്ന സഭയുടെ രീതിയില്‍ത്തന്നെ വേണം സംസ്‌കാരമെന്ന വാദത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ലെന്ന് പ്രതിഭ ആവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, യാക്കോബായ സഭ വിട്ട് ഓര്‍ത്തഡോക്‌സ് സഭയ്‌ക്കൊപ്പം ചേരണമെന്ന ആവശ്യത്തിന്റെ പുറത്താണ് ഇത്തരമൊരു നിര്‍ദ്ദേശം സഭ മുന്നോട്ടുവയ്ക്കുന്നതെന്നും പ്രതിഭ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ക്കൊപ്പം ചേരാന്‍ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ പലതവണ ആവശ്യപ്പെട്ടതായും പ്രതിഭ പറയുന്നുണ്ട്. ‘അവരുടെ സഭയില്‍ ചേരാന്‍ അവര്‍ ഫോണ്‍വഴിയും മറ്റും ആവശ്യപ്പെടുന്നുണ്ട്. സഭയില്‍ ചേര്‍ന്നാല്‍ അടക്കിത്തരാം എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അല്ലാതെ അടക്കാന്‍ സമ്മതിക്കില്ലെന്നും തറപ്പിച്ചു പറയുന്നുണ്ട്. സെമിത്തേരി പൊതു ശ്മശാനമല്ല എന്നാണ് അവരുടെ വാദം. വിശ്വാസികള്‍ക്കുള്ളതാണ് സെമിത്തേരി എന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. അപ്പോള്‍ ഞങ്ങള്‍ വിശ്വാസ ലംഘകരാണോ? മനുഷ്യാവകാശ ലംഘനമാണ് ഈ നടക്കുന്നത്. ജീവിച്ചിരുന്ന കാലത്തെ വിശ്വാസങ്ങള്‍ക്കനുസരിച്ച് അടക്കം ചെയ്യപ്പെടുക എന്നത് ഒരു വ്യക്തിയുടെ അവകാശങ്ങളില്‍പ്പെട്ടതല്ലേ? മതേതര രാജ്യത്തല്ലേ നമ്മള്‍ ജീവിക്കുന്നത്. ഇത് എങ്ങനെ അംഗീകരിക്കും? ഇതുവരെ അവരോട് സംസാരിച്ച് ഒത്തുതീര്‍പ്പിലെത്താനും സാധിച്ചിട്ടില്ല. കോടതി എന്തു പറയും എന്നു നോക്കാം ഇനി.’