UPDATES

വി എസ് തുടങ്ങിയത് പിണറായി അവസാനിപ്പിക്കുന്നു; മൂന്നാര്‍ ഇനി കയ്യേറ്റക്കാരുടെ സ്വര്‍ഗ്ഗം

മൂന്നാർ ട്രൈബ്യൂണലിന്‍റെ പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ മൂന്നാറില്‍ ഭൂമി കയ്യേറ്റം വ്യാപകമാകും

മൂന്നാർ ട്രൈബ്യൂണലിന്‍റെ പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ മൂന്നാറില്‍ ഭൂമി കയ്യേറ്റം വ്യാപകമാകുമെന്ന് മുൻ ഗവൺമെന്‍റ് പ്ലീഡര്‍ അഡ്വ സുശീല ഭട്ട്. ‘സർക്കാരിന്‍റെ ഇടപെടലുകള്‍ മൂലം മൂന്നാർ ട്രൈബ്യൂണൽ ഇതിനകം തന്നെ ഫലപ്രദമല്ലാതായതാണ്. ട്രൈബ്യൂണലിന് പ്രവർത്തിക്കാനാവശ്യമായ അധികാരമോ അടിസ്ഥാന സൗകര്യങ്ങളോ വേണ്ടത്ര ജീവനക്കാരോ ഇല്ലായിരുന്നു’, എന്ന് മുൻ സർക്കാർ അഭിഭാഷക അഡ്വ സുശീല ഭട്ട് ‘അഴിമുഖ’ത്തിനോട് പറഞ്ഞു.

വിവാദമായ മൂന്നാര്‍ മേഖലയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി ഭൂമി തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2010-ല്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പ്രത്യേക നിയമത്തിലൂടെ മൂന്നാര്‍ ട്രൈബ്യൂണല്‍ രൂപവത്കരിച്ചത്. എന്നാല്‍ ട്രൈബ്യൂണല്‍ പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്നാർ ട്രൈബ്യൂണൽ ആക്ട് പ്രകാരം ചിന്നക്കനാൽ, കണ്ണൻ ദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസൺ വാലി എന്നീ പ്രദേശങ്ങള്‍ ഉൾപ്പെടുന്ന മൂന്നാറിലെ ഭൂമി തർക്കങ്ങൾ പരിഹരിക്കാനാണ് പ്രത്യേക ട്രൈബ്യൂണൽ രൂപീകരിച്ചത്.

‘മൂന്നാര്‍ മേഖലയിലുള്ള എട്ട് വില്ലേജുകളിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കലിന്‍റെ ഭാഗമായി ഉണ്ടായ ഭൂമി തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ട്രൈബ്യൂണലിലേക്ക് ഇതുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ ഉണ്ടായിരുന്ന എല്ലാ കേസുകളും കൈമാറിയിരുന്നു’ സുശീല ഭട്ട് പറഞ്ഞു. മൂന്നാര്‍ മേഖല സംരക്ഷണം ആവശ്യമുള്ള സസ്യജന്തുജാലങ്ങളാല്‍ സമ്പന്നമാണ്. എന്നിട്ടും മൂന്നാറിലെ ഭൂപ്രദേശങ്ങൾ വൻതോതിൽ കൈയ്യേറ്റം ചെയ്യപ്പെടുകയുണ്ടായി. ഭൂമി പരിവർത്തനവും പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതും വ്യാപകമായി. നിരവധി കേസുകളും തർക്കങ്ങളും കേരള ഹൈക്കോടതി ഉൾപ്പെടെയുള്ള വിവിധ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. തർക്കങ്ങളിൽ പലതും രേഖകൾ വിശദമായി പരിശോധിക്കേണ്ടതും ആവശ്യമായ തെളിവുകള്‍ കൂട്ടിച്ചേര്‍ക്കേണ്ടവയുമാണ്.

അതുകൊണ്ട് ഒരു നിശ്ചിത സമയ പരിധിക്കുള്ളില്‍ എല്ലാ കേസുകളും പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാനാണ് അന്നത്തെ സര്‍ക്കാര്‍ പ്രത്യേക ട്രൈബ്യൂണൽ രൂപീകരിച്ചത്. പക്ഷെ, തുടക്കം മുതല്‍ തന്നെ ട്രൈബ്യൂണലിന് പ്രവര്‍ത്തിക്കാന്‍ പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സുശീല ഭട്ട് പറയുന്നു. 2012-നും 13-നും ഇടയിൽ, അവര്‍ ട്രൈബ്യൂണലിൽ അംഗമായിരുന്നപ്പോള്‍, അതിനെ കൂടുതൽ ഫലപ്രദമാക്കാൻ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് അവർ നിർദ്ദേശിച്ചിരുന്നു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി കയ്യേറ്റക്കാരില്‍ നിന്നും ഭൂമി തിരിച്ചുപിടിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ആ നിർദ്ദേശം അവഗണിക്കപ്പെട്ടുവെന്ന് സുശീല ഭട്ട് പറഞ്ഞു.

42 കേസുകളാണ് ഇതുവരെ തീർപ്പാക്കിയത്. അതുകൊണ്ടുതന്നെ അത്തരമൊരു ട്രൈബ്യൂണലിന്‍റെ ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം. അതേസമയം, കേരള സർക്കാരിന്റെ പാരിസ്ഥിതിക വിരുദ്ധ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ പറഞ്ഞു. ‘മൂന്നാർ ട്രിബ്യൂണലിനെ പിരിച്ചു വിടാൻ സർക്കാർ തീരുമാനിച്ചതിൽ നിരാശയുണ്ട്. മൂന്നാറിനെയും അതിന്‍റെ പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിൽ ഗവൺമെന്‍റിന് താത്പര്യമില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇനി എല്ലാ കേസുകളും ഹൈക്കോടതിയിലേക്ക് വരും. കേസുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസമുണ്ടാകും. മൂന്നാറിൽ കയ്യേറ്റം വർദ്ധിക്കും, തർക്കങ്ങൾ വർദ്ധിക്കും, ഒടുവിൽ യഥാർഥ കർഷകരും മൂന്നാറിന്‍റെ അന്തരീക്ഷവും തകരും’.

ദേവികുളം സബ്-കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച മൂന്നാറിലെ കൈയ്യേറ്റങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്ന് കേരള റവന്യൂ വകുപ്പ് വിവരാവകാശ രേഖക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നതായി അടുത്തിടെ മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സബ്-കളക്ടറുടെ ഓഫീസില്‍ നിന്ന് പല സുപ്രധാന ഫയലുകളും അപ്രത്യക്ഷമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രണ്ട് ഘട്ടങ്ങളിലായി വെങ്കിട്ടരാമൻ നൽകിയ റിപ്പോർട്ടിൽ വൻകിട കൈയേറ്റക്കാരുടെ വിശദമായ പട്ടികയും അവരെ ഒഴിപ്പിക്കാൻ കൊണ്ടുവന്ന നടപടികളും വ്യക്തമാക്കിയിരുന്നു.

സിപിഎം റിപ്പോർട്ടിനെ തള്ളിക്കളയണമെന്നും എന്നാല്‍ സഖ്യകക്ഷിയായ സിപിഐ റിപ്പോര്‍ട്ടിന്മേല്‍ നടപടിവേണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേരളത്തില്‍ ചൂടേറിയ ചർച്ചകള്‍ക്ക് വഴിവച്ചതിന്‍റെ തൊട്ടുപിറകെ വെങ്കിട്ടരാമനെ സ്ഥലംമാറ്റി. മൂന്നാറിൽ പുതിയ നിർമാണങ്ങൾ അനുവദിക്കുന്നതിന് പ്രത്യേക നിയമം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണിയാണ് നോട്ടീസ് നല്‍കിയിരുന്നത്. ആഭ്യന്തര നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നല്‍കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് അധികാരം നൽകിയ തീരുമാനം ഒരു പരാജയമായിരുന്നുവെന്നും നൂറുകണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പഞ്ചായത്തുകളില്‍ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താന്‍ റവന്യൂ വകുപ്പിന്‍റെ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാർട്ടികളുമായി ചര്‍ച്ചനടത്തിയ ശേഷം വില്ലേജ് ഓഫീസര്‍മാര്‍ക്ക് എന്‍ഒസി നല്‍കാനുള്ള അധികാരം നൽകി സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. വില്ലേജ് ഓഫീസർമാര്‍ക്ക് അധികാരം നല്‍കിയ ഉത്തരവ് പിൻവലിക്കാനാവില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ വ്യക്തമാക്കി.

ദേവികുളം സബ് കലക്ടറുടെ ‘തോന്ന്യാസങ്ങള്‍’

ശ്രീറാം വെങ്കിട്ടരാമന്‍/അഭിമുഖം: എന്നെ സ്ഥലം മാറ്റാന്‍ കഴിഞ്ഞേക്കും, പക്ഷേ പ്രവര്‍ത്തനശൈലി മാറ്റാന്‍ പറ്റില്ല

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍