UPDATES

ട്രെന്‍ഡിങ്ങ്

സര്‍ക്കാരുകള്‍ വരും പോകും; ‘നിറം മങ്ങാതെ’ തട്ടിപ്പുകള്‍ തുടരും

കേരളം ഇന്ന് വരെ കാണാത്ത ഒരു ഭരണപക്ഷ – പ്രതിപക്ഷ ഐക്യപ്പെടലിന്റെ ചിത്രം തരുന്ന അപകട സൂചനകള്‍

കെ എ ആന്റണി

കെ എ ആന്റണി

ഒരിക്കൽ ഒരു നേതാവ് വന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ആ നേതാവ് പോയി. വീണ്ടും ഒരു നേതാവ് വന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ആ നേതാവും പോയി. നേതാക്കൾ വരും. പോകും. പക്ഷെ അപ്പോഴും ഫ്ലോർ പെയിന്റ് നിറം മങ്ങാതെ അവിടെ തന്നെ നിൽക്കും എന്ന പരസ്യ വാചകം പോലെയാണ് നമ്മുടെ സർക്കാരുകളുടെ കാര്യവും. സർക്കാരുകളും അവയെ നയിക്കുന്ന നേതാക്കളും മാറിക്കൊണ്ടിരിക്കും. എന്നാൽ അഴിമതിയും വെട്ടിപ്പും തട്ടിപ്പും സ്വജന പക്ഷപാതവുമൊക്കെ മായാതെ മറയാതെ അവിടെ തന്നെ നിലനിൽക്കും. വയനാട്ടിൽ നിന്നും അടുത്തിടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഭൂമി തട്ടിപ്പു കേസുകളും തുടരുന്ന കൈക്കൂലിയും കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശന തട്ടിപ്പിന് കുടപിടിക്കാൻ ഭരണ പ്രതിപക്ഷ നേതാക്കൾ കൈകോർത്ത സംഭവവും ഒക്കെ വ്യക്തമാക്കുന്നത് ഇതു തന്നെയാണ്.

വയനാട്ടിൽ നിന്നും ഇപ്പോൾ പുറത്തുവന്നിട്ടുള്ള ഭൂമി തട്ടിപ്പു കേസുകളിൽ പ്രതിസ്ഥാനത്തുള്ളത് റവന്യൂ ഉദ്യാഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ഉൾപ്പെടുന്ന വൻ റാക്കറ്റ് തന്നെയാണ്. ഇത് വയനാട്ടിൽ മാത്രം നടക്കുന്ന കൊള്ളയല്ല. പിന്നിൽ സി പി ഐ നേതാക്കൾ മാത്രവുമല്ല. തങ്ങളുടെ സ്വാധീന മേഖലകളിൽ ഒട്ടു മിക്ക രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളും പ്രവർത്തകരുമൊക്കെ പാർട്ടി, ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഇത്തരം കൊള്ളയ്ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നുണ്ട്. അതേസമയം തന്നെ കടുത്ത രാഷ്ട്രീയ പകയുടെ പേരിൽ ചിത്രലേഖയെ പോലുള്ളവരുടെ അഞ്ചു സെന്റ്‌ ഭൂമി തിരിച്ചു പിടിക്കുന്നുമുണ്ട്.

ദാനം നല്‍കിയ ഭൂമി തിരിച്ചെടുത്തു; കൊന്ന് പച്ചയ്ക്ക് തിന്നോളാന്‍ പിണറായിയോട് ചിത്രലേഖ

ഏതൊരു സർക്കാരിനെയും പോലെ തന്നെ അഴിമതി പൂർണമായും തുടച്ചുമാറ്റും എന്ന വീരവാദവുമായാണ് പിണറായി വിജയൻ സർക്കാരും അധികാരത്തിൽ വന്നത്. എന്നാൽ ഈ കുറിപ്പിന്റെ തുടക്കത്തിൽ തന്നെ സൂചിപ്പിച്ച ഫ്ലോർ പെയിന്റിന്റെ പരസ്യത്തിൽ പറഞ്ഞതുപോലെ അഴിമതിയും കൈക്കൂലിയുമൊക്കെ മായാതെ മറയാതെ അവിടെ തന്നെ കിടക്കുന്നുണ്ട്. ആഴ്ചയിൽ ഒന്ന് അല്ലെങ്കിൽ രണ്ട് എന്ന മുറക്ക് കൈക്കൂലിക്കേസ്സുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. ഇത് കൈയ്യോടെ പിടിക്കപ്പെടുന്ന കേസ്സുകൾ മാത്രമാണ്. പിടിക്കപ്പെടാത്ത കേസ്സുകൾ വേറെ നിരവധിയുണ്ട്.

കൂത്തുപറമ്പ് സമരത്തിലെ മുദ്രാവാക്യത്തെ വ്യാഖ്യാനിച്ച് രക്തസാക്ഷികളെ വീണ്ടും കൊല്ലുന്നെന്ന് രക്തസാക്ഷി കെവി റോഷന്റെ പിതാവ് കെവി വാസു

കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് വിഷയത്തിലേക്കു വന്നാൽ കേരളം ഇന്ന് വരെ കാണാത്ത ഒരു ഭരണപക്ഷ – പ്രതിപക്ഷ ഐക്യപ്പെടലിന്റെ ചിത്രം കാണാൻ കഴിയും. നിയമവിരുദ്ധമായാണ് കോളേജ് മാനേജുമെന്റുകൾ അഡ്‌മിഷൻ നടത്തിയതെന്ന കാര്യം വിസ്‌മരിച്ചുകൊണ്ടാണ് സുപ്രീം കോടതി എതിർത്തിട്ടും നെറികെട്ട വിദ്യാഭ്യാസ കച്ചവടക്കാർക്ക് കുടപിടിക്കുന്നതിനുവേണ്ടി സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നതും യാതൊരു ഉളുപ്പുമില്ലാതെ പ്രതിപക്ഷം അതിനെ പിന്തുണച്ചതും. എന്നാൽ ഗവർണർ ഓർഡിനൻസ് മടക്കിയതോടുകൂടി സർക്കാരിന് മാത്രമല്ല പ്രതിപക്ഷ നേതാവിനും ഇപ്പോൾ മിണ്ടാട്ടമില്ലാതായിരിക്കുന്നു. കണ്ണൂർ, കരുണ വിഷയം ഇനിയിപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് ഇന്നലെ ഈ വിഷയത്തെക്കുറിച്ചു രമേശ് ചെന്നിത്തല പറഞ്ഞത്.

കരുണ, കണ്ണൂര്‍; സ്വാശ്രയ കച്ചവടത്തിന് ചൂട്ടുപിടിക്കാന്‍ ശ്രമിച്ചതെന്തിനെന്ന് സര്‍ക്കാര്‍ ജനങ്ങളോടു വിശദീകരിക്കണം

മെഡിക്കൽ ബില്ലിനെ നിയമ സഭയിൽ പരസ്യമായി എതിർത്ത തൃത്താല എം എൽ എ വി ടി ബൽറാം ആണ് ഇപ്പോൾ താരം. ബൽറാമിന്റെ ചുവടുപിടിച്ചെത്തിയ ബെന്നി ബെഹ്‌നാനും കൂട്ടരും ഒരു ഭാഗത്തും പന്തളം സുധാകരനെപ്പോലുള്ളവർ മറുഭാഗത്തും അണിനിരന്നു ഇതിനെ കോൺഗ്രസ്സിനുള്ളിലെ ഒരു ആഭ്യന്തര പ്രശ്‌നമാക്കി മാറ്റിയിരിക്കുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പിൽ സീറ്റു നിഷേധിച്ചതിലുള്ള ചൊരുക്കാണ് ബെന്നിക്കെന്നു കരുതുന്നവരുണ്ടാകാം. അങ്ങനെയെങ്കിൽ കേരളത്തിൽ സ്വാശ്രയ കോളേജുകൾക്ക് ചുവപ്പു പരവതാനി വിരിക്കാനുള്ള ആദ്യ തീരുമാനം എടുത്ത മഹാനായ എ കെ ആന്റണി ആരോടുള്ള ചൊരുക്കു തീർക്കാനാണ് ശ്രമിക്കുന്നതെന്ന ചോദ്യം സ്വാഭാവികമായും ഉയരാം.

കണ്ണൂർ, കരുണ പ്രശ്നത്തെ ചൊല്ലിയുള്ള കലഹം കോൺഗ്രസിൽ കനക്കുമ്പോഴും ഈ വിഷയത്തിൽ ഇടതു സർക്കാർ സ്വീകരിച്ച നിലപാടിനെ ന്യായീകരിക്കാൻ വേണ്ടി ഡി വൈ എഫ് ഐയുടെയും എസ എഫ് ഐയുടെയും നേതാക്കൾ പെടാപ്പാടു പെടുന്നത് കാണുമ്പോൾ സത്യത്തിൽ സഹതാപം തോന്നുന്നു.

താടിയുള്ള മുസ്ലീം തൊപ്പിക്കാരന്‍; സംഘപരിവാര്‍ യുക്തിക്ക് ഏഷ്യാനെറ്റിന്റെ പ്രച്ഛന്ന വേഷം

സ്വാശ്രയ ബില്ലിനെതിരെ നിയമസഭയില്‍ ഒറ്റപ്പെട്ട ശബ്ദമായി വിടി ബല്‍റാം; വീഡിയോ വൈറല്‍

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍